ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ സൗന്ദര്യവും സാധ്യതയും

ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ സൗന്ദര്യവും സാധ്യതയും

വാസ്തുകലയിലുള്ള തെഹ്റാനിയുടെ താല്‍പര്യം കുട്ടിക്കാലത്തേ ഉണ്ടായിരുന്നു. എന്നാല്‍ താങ്കളുടെ മുഴുവന്‍ നേട്ടങ്ങളുടെയും ക്രെഡിറ്റ് നോച്കിസ് ആര്‍ട് അധ്യാപികയായ ബ്ലാന്‍ഡ് ഹോറിനാണ് താങ്കള്‍ നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ ആര്‍ക്കിടെക്ചര്‍ രംഗത്തേക്ക് വരാന്‍ താങ്കളെ പ്രചോദിപ്പിച്ചതെന്താണ്?

ബ്ലാന്‍ഡ് ഹോര്‍ എന്ന ഗുരു ചരിത്രപരവും സാംസ്കാരികവുമായ ഒരു നിദാനമാണെന്ന് പറയാം. അവര്‍ തികച്ചും വ്യത്യസ്തമായി ചിന്തിച്ചിരുന്ന ഒരാളായിരുന്നു. നമ്മള്‍ ഈ കാണുന്ന പടിഞ്ഞാറന്‍ ലോകത്തിനപ്പുറത്തായിരുന്നു ഹോറിന്‍റെ ചിന്ത. കലയും വാസ്തു ശില്പവുമെല്ലാം പടിഞ്ഞാറന്‍ ലോകത്തിനപ്പുറവും ഉണ്ടെന്ന് അവര്‍ എപ്പോഴും ഉണര്‍ത്തുമായിരുന്നു. ഹോറിന്‍റെ ഈയൊരു ആഗോള വീക്ഷണം തന്നെയാണ് ഒരു സാധാരണ പശ്ചാത്തലത്തില്‍ നിന്നുള്ള എന്നെ പോലും ആര്‍ക്കിടെക്ചര്‍ രംഗത്തെ അനന്ത സാധ്യതകളിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. അക്കാലത്ത് ഞാന്‍ ധാരാളം യാത്ര ചെയ്യാറുണ്ടായിരുന്നു. പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ഇറാന്‍, സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ ചെയ്ത യാത്രകള്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് അമേരിക്ക, ഇറ്റലി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ജീവിതാനുഭവങ്ങളും ആര്‍ക്കിടെക്ചര്‍ മേഖലയെ ഗൗരവത്തോടെ സമീപിക്കാന്‍ എന്നെ പ്രാപ്തനാക്കുകയായിരുന്നു. ഞാന്‍ സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ നിന്നൊക്കെ വാസ്തുകലയുടെ എന്തെങ്കിലും എന്നോടൊപ്പം ചേരും. ഓരോ അനുഭവവും വ്യത്യസ്ത രീതിയിലാണ് സ്വാധീനിച്ചത്. ചിലയിടങ്ങളില്‍ നിര്‍മാണത്തിനുള്ള മെറ്റീരിയലുകളാണ് സ്വാധീനിക്കുന്നതെങ്കില്‍ മറ്റിടങ്ങളില്‍ വാസ്തുകലാ വൈവിധ്യമാണ് ശ്രദ്ധ കവരുന്നത്.

ആര്‍ക്കിടെക്ചര്‍ ഡിസൈനിന്‍റെ സൈദ്ധാന്തിക, അക്കാദമിക, തത്വചിന്താ പശ്ചാത്തലത്തിലുള്ള നിരവധി പഠനങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഒരു സംസ്കാരം, അല്ലെങ്കില്‍ ഇസ്ലാം പോലെയുള്ള ഒരു വിശ്വാസം ആര്‍കിടെക്ചര്‍ ഡിസൈനിംഗിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

തീര്‍ച്ചയായും. ആര്‍കിടെക്ചര്‍ ഡിസൈനിംഗിനെ ഇസ്ലാം വിവിധ രൂപങ്ങളില്‍ സ്വാധീനിച്ചിട്ടുണ്ട്. “വിശ്വാസം” ഉണ്ടാകുമ്പോഴാണ് സമര്‍പ്പണം പൂര്‍ണമാവുന്നത്. ഏതൊരു ആര്‍കിടെക്ചര്‍ വര്‍ക്കും ഈ സമര്‍പ്പണം ആവശ്യപ്പെടുന്നുണ്ട്. ആ അര്‍ത്ഥത്തില്‍, ഒരു വിശ്വാസ ധാര എന്ന നിലക്ക് ഇസ്ലാം ആര്‍കിടെക്ചര്‍ ഡിസൈനിംഗ് വികസനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വാസ്തുവിദ്യയുടെ മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാവുന്ന കാഴ്ചയാണ് വിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ ജീവിക്കുന്ന ജനസമൂഹങ്ങള്‍ക്കിടയില്‍ കാണാനാവുന്നത്. ഉന്നതമായ സംസ്കാരത്തിലൂടെ Geometry, Structure, Space, Materiality  തുടങ്ങി വാസ്തുകലയുടെ വിവിധ ഭാഷ്യങ്ങളെയും ഇസ്ലാം പോലെയുള്ള വിശ്വാസ ധാരകള്‍ സ്വാധീനിച്ചിട്ടുണ്ട്. ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ എന്ന സംജ്ഞ തന്നെ അങ്ങനെയാണ് രൂപപ്പെടുന്നത്.

ഇസ്ലാമിക് ആര്‍ക്കിടെക്ചറിനെക്കുറിച്ച് പറയാമോ? അറേബ്യയില്‍ ഇസ്ലാം ആഗതമായതു മുതല്‍ ഇന്നു വരെയുള്ള മതമതേതര സ്റ്റൈലുകള്‍ നിര്‍മാണ കലയില്‍ കോര്‍ത്തിണങ്ങുന്ന ഒന്നാണ് ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍. നിര്‍മാണത്തിലെ ഈ മതമതേതര രീതിയെ എങ്ങനെ വിലയിരുത്തുന്നു?

വിശുദ്ധമായതും അല്ലാത്തതും തമ്മിലുള്ള ചില കൊടുക്കല്‍ വാങ്ങലുകള്‍ നിര്‍മാണ രീതിയിലും കാണാം. ഇസ്ലാമിക് ആര്‍ക്കിടെക്ചറിലെ ചില പ്രത്യേക നിര്‍മിതികള്‍ ഈയൊരു കൊടുക്കല്‍ വാങ്ങല്‍ മനോഹരമായി സ്വാംശീകരിച്ചവയാണ്. പ്രാദേശികമായി നിലനില്‍ക്കുന്ന നിര്‍മാണ രീതികളിലേക്ക് വിശുദ്ധമായ ഇസ്ലാമിക നിര്‍മാണ രീതി സമന്വയിപ്പിക്കുന്ന വിശാലമായ ഒരു ലോകമാണത്. മതമായാലും മതേതരമായാലും ബില്‍ഡിംഗുകളുടെ നിര്‍മിതി സാംസ്കാരികാചാരങ്ങളെ പ്രതിനിധീകരിക്കാതിരിക്കുക എന്നതാണ് ഇസ്ലാമിക് ആര്‍കിടെക്ചറിന്‍റെ ഒരു പ്രത്യേകത.

ചരിത്ര സ്മാരകങ്ങളെയും വസ്തുകലാവിഷ്കാരങ്ങളെയും സംരക്ഷിക്കുന്ന ഒരു രീതിയാണ് ലോകത്തെവിടെയുമുള്ള പരന്പരാഗത മുസ്ലിംകള്‍ക്കുള്ളത്. ആര്‍ക്കിടെക്ചര്‍ ഡിസൈനുകളോടുള്ള മുസ്ലിംകളുടെ മനോഭാവം നിര്‍ണയിക്കുന്നതില്‍ അവരുടെ വിശ്വാസത്തിന് ചെറുതല്ലാത്ത പങ്കില്ലേ?

തീര്‍ച്ചയായും. ആഗോള തലത്തില്‍ തന്നെ മുസ്ലിം സമൂഹങ്ങള്‍ക്കിടയില്‍ ആര്‍ക്കിടെക്ചര്‍ ഡിസൈനുകളോടും കെട്ടിടങ്ങളോടും ഒരു പ്രത്യേക താല്‍പര്യം പ്രകടമായി കാണുന്നുണ്ട്. അവ സംരക്ഷിക്കേണ്ടവയാണെന്നും പരിപാലിച്ച് സൂക്ഷിക്കേണ്ടവയാണെന്നും അവര്‍ക്ക് നല്ല ബോധ്യമുണ്ട്. സംസ്കാരികാതിര്‍ത്തികള്‍ ഭേദിച്ച് ഈയൊരു അനുകൂല സമീപനം ഓരോ നാട്ടിലും കാണാം. ചില പ്രകൃതിദുരന്തങ്ങളും കലാപങ്ങളും ചില രാഷ്ട്രങ്ങളിലെ വാസ്തുശില്പ മാതൃകകളെയും സാംസ്കാരിക ചിഹ്നങ്ങളായ കെട്ടിടങ്ങളെയും നശിപ്പിച്ചുവെങ്കിലും ആര്‍ക്കിടെക്ചര്‍ മാതൃകകള്‍ സംരക്ഷിക്കേണ്ടത് വിശ്വാസത്തിന്‍റെ ഭാഗമായി ഒരു സമൂഹം ഏറ്റെടുക്കുന്പോഴാണ് പുതിയ നിര്‍മാണ രീതികള്‍ പിറവി കൊള്ളുന്നത്. ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നത് ഒരു സംസ്കാരത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ആര്‍ക്കിടെക്ചറിനോടുള്ള ഈ സാംസ്കാരിക താല്‍പര്യവും സമര്‍പ്പണവും ആശാവഹമാണെങ്കിലും ഈ മേഖലയില്‍ ഇനിയും പഠനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സന്പന്നമായ ആര്‍ക്കിടെക്ചര്‍ പാരന്പര്യം മുസ്ലിംകള്‍ക്ക് ഉണ്ടെങ്കില്‍ പോലും സര്‍വ്വകലാശാലകള്‍ ഇസ്ലാമിക് ആര്‍കിടെക്ചര്‍ ഇനിയും വേണ്ട വിധത്തില്‍ പഠനങ്ങള്‍ക്ക് വിധേയമായിട്ടില്ല.

പല ഇസ്ലാമിക രാജ്യങ്ങളും ആര്‍കിടെക്ചര്‍ വിസ്മയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. മസ്ജിദുകള്‍, മിനാരങ്ങള്‍, കൊട്ടാരങ്ങള്‍, കോട്ടകള്‍, മഖ്ബറകള്‍ തുടങ്ങിയ ഇസ്ലാമിക വാസ്തുകലാ രൂപങ്ങള്‍ മറ്റുള്ള ആര്‍കിടെക്ചര്‍ നിര്‍മിതികളില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

‘ടൈപ്പോളജി’യെക്കുറിച്ചുള്ള പഠനം എനിക്ക് വലിയ താല്‍പര്യമുള്ള ഒന്നാണ്. സാംസ്കാരിക നിലനില്‍പ്പിന്‍റെയും വൈവിധ്യങ്ങളുടെയും നിലവിലുള്ള അവസ്ഥകളിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും മെറ്റീരിയലൈസ് ചെയ്യാനുള്ള കഴിവിനെക്കുറിച്ച് ആര്‍ക്കിടെക്ചറിലെ വര്‍ഗീകരണ പഠനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇവിടെയാണ് ഇസ്ലാമിക് ആര്‍കിടെക്ചര്‍ വ്യത്യസ്തമാവുന്നത്. മറ്റുള്ള സംസ്കാരങ്ങളെ സ്വാധീനിക്കാനും അവയോട് സംവദിക്കാനുമുള്ള സംവേദനശക്തിയാണ് ഇസ്ലാമിക് വാസ്തുകലയുടെ മറ്റൊരു പ്രത്യേകത. സാമൂഹിക രീതികളോടും ആചാരാനുഷ്ഠാനങ്ങളോടും നീതി പുലര്‍ത്തുന്ന നിര്‍മിതികളാണ് യഥാര്‍ത്ഥത്തില്‍ നിര്‍മാണ വ്യവസായത്തില്‍ ഒരു സംസ്കാരം രൂപപ്പെടുത്തുന്നത്.

അങ്ങനെയാണെങ്കില്‍ ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ ‘പ്രമോട്ട് ‘ ചെയ്യാനും അത് പരിചയപ്പെടുത്താനുമുള്ള മാര്‍ഗ്ഗങ്ങള്‍?

നമ്മുടെ പാരമ്പര്യത്തിനുള്ളില്‍ കൂടുതല്‍ വിമര്‍ശനാത്മക സംവാദങ്ങള്‍ ഉണ്ടാവണം. നമ്മുടെ ആര്‍ക്കിടെക്ചര്‍ രൂപങ്ങളെക്കുറിച്ച് അതെത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും സ്വകേന്ദ്രീകൃതമായിട്ടുള്ള ചിന്തകള്‍ ഉയര്‍ന്നു വരണം. സര്‍വ്വോപരി, ഇസ്ലാമിക് ആര്‍ക്കിടെക്ചറിനെക്കുറിച്ച് മുസ്ലിംകള്‍ പഠനം നടത്തണം. അതിന്‍റെ സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും പരിശോധന നടത്തണം. അതിന് കൂടുതല്‍ വിശാലമായ സംഭാഷണങ്ങള്‍ക്കും ആനുകാലിക ചര്‍ച്ചകള്‍ക്കും വേദികള്‍ ഉണ്ടാവണം. കിഴക്കും പടിഞ്ഞാറും എന്ന വ്യത്യാസമില്ലാതെ ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ പ്രചരിപ്പിക്കണം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നമ്മുടെ സാന്പ്രദായിക ബൗദ്ധിക പ്രശ്നങ്ങള്‍ ഇസ്ലാമിക് ആര്‍ക്കിടെക്ചറിന്‍റെ കാര്യത്തില്‍ ആവശ്യമുണ്ടോ?

ക്ലാസ് മുറികള്‍ക്ക് പുറത്തു വച്ചാണ് പഠനം നടത്തേണ്ടതെന്ന് താങ്കള്‍ എപ്പോഴും ഉണര്‍ത്താറുണ്ട്. വാസ്തുകലയിലെ പുതുതലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കാമോ?

എന്‍റെ അഭിപ്രായത്തില്‍ പുതിയ തലമുറയിലെ കുട്ടികള്‍ കൂടുതല്‍ കഴിവുള്ളവരും മുന്പില്ലാത്ത വിധത്തില്‍ ഗ്ലോബലുമാണ്. നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ എപ്പോഴും വിമര്‍ശനാത്മക സംവാദങ്ങളില്‍ മുഴുകിക്കൊണ്ടിരിക്കണം എന്ന ശാഠ്യം വേണ്ട എന്നതാണ്. ചില പ്രശ്നങ്ങളില്‍ ഇടപെടുന്പോള്‍ പുതുതലമുറ അവരുടെ സ്വതസിദ്ധമായ രീതിയില്‍ ലോകവുമായി സംവദിക്കട്ടെ. നമ്മള്‍ എപ്പോഴും’ആഴം’തേടിപ്പോകുന്നവരാണ്. എന്നാല്‍ ഒരു പ്രത്യേക പ്രശ്നം ചിലപ്പോള്‍ വളരെ വ്യത്യസ്തമായി പരിഹരിക്കാന്‍ നമുക്കാവും. ടെക്നോളജി വിദഗ്ധരായ പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ചിലപ്പോള്‍ അത് എളുപ്പം സാധിച്ചേക്കാം. അതേ സമയം, ബൗദ്ധികമായ അടിത്തറയോടൊപ്പം സൈദ്ധാന്തിക വശങ്ങളെക്കുറിച്ചുള്ള വ്യക്തത ഉണ്ടായിരിക്കുകയും വേണം.

താങ്കളുടെ നീണ്ട ആര്‍ക്കിടെക്ചര്‍ കരിയറില്‍ ഉണ്ടായ മറക്കാനാവാത്ത ചില അനുഭവങ്ങള്‍ രിസാല വായനക്കാരോട് പങ്കുവെക്കാമോ?

ഞാന്‍ നടത്തിയ യാത്രകളിലും ചെയ്ത പ്രൊജക്ടുകളിലും മറക്കാനാവാത്ത നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വാനുഭവങ്ങളിലൂടെ നടത്തുന്ന ഒരു തിരിച്ചു നടത്തം എന്തുകൊണ്ടും നല്ലതാണല്ലോ. പക്ഷേ, ഏതൊക്കെ അനുഭവങ്ങളാണ് ഇപ്പോള്‍ തിരഞ്ഞെടുക്കേണ്ടത് എന്നൊരു ആകാംക്ഷയുണ്ട്. എന്‍റെ ഏറ്റവും നല്ല അനുഭവങ്ങള്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് അക്കാദമിക പശ്ചാത്തലത്തില്‍ നടന്ന സംവാദങ്ങള്‍, ചര്‍ച്ചകള്‍, വിമര്‍ശനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഒരു വര്‍ഷം മുന്പ് ഹാര്‍വഡ് യൂണിവേഴ്സിറ്റിയില്‍ വച്ച് നടത്തിയ ഒരു സംവാദം ഏറെ രസകരമായിരുന്നു. ഹാര്‍വഡിലെ ആ സംവാദ വേദിയില്‍ രണ്ട് വ്യത്യസ്ത മേഖലകളില്‍ അതികായരായ രണ്ട് പേരാണ് ഉണ്ടായിരുന്നത്; ഡാനിയും കുല്‍ഹാസും. അതിശക്തമായ ഏറ്റുമുട്ടല്‍. സംവാദത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തില്‍ ഡാനി വാചാലനായിരുന്നു. എന്നാല്‍ കുല്‍ഹാസ് ശാന്തനായി കാണപ്പെട്ടു. ചിന്താമഗ്നനായി ചാരിയിരിക്കുന്ന കുല്‍ഹാസിനെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്; ഒരു ലിസണിംഗ് മോഡല്‍. ഡാനി പറയാന്‍ ശ്രമിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമം നടത്തുന്നതിലാണ് കുല്‍ഹാസിന്‍റെ ശ്രദ്ധ. ആര്‍ക്കിടെക്ചറിന്‍റെ ആനുകാലിക രൂപപരിണാമങ്ങളെക്കുറിച്ച് ഡാനി തുറന്നടിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെ കാണികള്‍ അതേറ്റെടുത്തു. ആ സമയം കുല്‍ഹാസ് വളരെ ലളിതമായ ഒരു ചോദ്യമുയര്‍ത്തി. “നിങ്ങള്‍ വഹിക്കുന്ന സ്ഥാനം എങ്ങനെയാണ് മറ്റുള്ള എല്ലാ സാധ്യതകളെയും ഇല്ലാതാക്കുന്നത് മിസ്റ്റര്‍ ഡാനി? അത് മറ്റുള്ള എല്ലാ പരീക്ഷണങ്ങളെയും സാധ്യതകളെയും ഇല്ലാതാക്കുന്നുവെന്നാണോ താങ്കള്‍ പറയുന്നത്?” ഈ വെല്ലുവിളി ഡാനിയെ പരിപൂര്‍ണമായി നിശബ്ദനാക്കിക്കളഞ്ഞു. നമ്മള്‍ വഹിക്കുന്ന സ്ഥാനമാനങ്ങളും നമ്മള്‍ നേടിയ നേട്ടങ്ങളും നമ്മുടെ പഠനമേഖലയെ ചെറുതാക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കരുത്.

ലോകത്തെ ഏറ്റവും നിലവാരമുള്ള സര്‍വ്വകലാശാലകളിലൊന്നാണ് എംഐടി. 2010ല്‍ ഇവിടുത്തെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിന്‍റെ തലവനായി ചുമതലയേറ്റതു മുതല്‍ ആര്‍ക്കിടെക്ചര്‍ കോഴ്സുകളുടെ കരിക്കുലത്തില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതില്‍ താങ്കളാണ് മുഖ്യ പങ്ക് വഹിച്ചത്. താങ്കളുടെ മുന്‍ഗണനകള്‍ എന്തെല്ലാമായിരുന്നു?

ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്‍റ് എന്ന നിലക്ക് എനിക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടല്ലോ. എംഐടിയുടെ നിലവാരത്തിനനുസരിച്ചുള്ള ഗവേഷണങ്ങള്‍ക്കും പ്രായോഗിക പഠനരീതിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പരിഷ്കരണത്തിനാണ് ഞാന്‍ മുന്‍ഗണന കൊടുത്തത്. ക്ലാസ് മുറിയിലിരുന്നല്ല ആര്‍ക്കിടെക്ചര്‍ പഠിക്കേണ്ടത് എന്നതു കൊണ്ട് ആദ്യമൂന്ന് സെമസ്റ്ററുകളില്‍ പ്രാക്ടീസിന് പ്രാധാന്യം കൊടുക്കുന്ന കണിശമായ മാറ്റങ്ങളാണ് ഞാന്‍ കൊണ്ടു വന്നത്. അതില്‍ സാങ്കേതികം, വിമര്‍ശനം, സമഗ്രപരിശീലനം തുടങ്ങിയവയാണ് ഫോക്കസ് ചെയ്യുന്നത്. കോഴ്സിന്‍റെ രണ്ടാം പകുതിയില്‍ ഫൗണ്ടേഷന്‍ ക്ലിയറാക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള കാര്യങ്ങളാണ് പഠിക്കാനുള്ളത്. അതില്‍ ആര്‍ക്കിടെക്ചര്‍ സബ്ജക്ട് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരന്പരാഗതമായി ചെയ്തുവരുന്ന അടിസ്ഥാന ഭാഗങ്ങള്‍ക്ക് പുറമെ ഗവേഷണത്തിലൂടെയും വര്‍ക്ക് ഷോപ്പുകളിലൂടെയും പുറം ലോകത്ത് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിക്കുന്നു എന്നതാണ് കവര്‍ ചെയ്യുന്നത്. ഇതിനായി എംഐടി മീഡിയ ലാബും ഇന്‍റര്‍ പിഡിപ്ലിനറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്കൂളിനുള്ളില്‍ തന്നെ സാധ്യമായിട്ടുള്ള ക്വാളിറ്റേറ്റീവ് ആയ കൂട്ടിക്കല്‍ ഡിസൈനിംഗിനും കരിക്കുലത്തില്‍ ഒരിടം കൊടുത്തു.

നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളോടൊപ്പം 14 ‘പ്രോഗ്രസീവ് അവാര്‍ഡുകള്‍’നേടിയ താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് ആനുകാലിക വാസ്തുശാസ്ത്രം? കല?

എനിക്ക് ലഭിച്ച പുരസ്കാരങ്ങള്‍ ഞാന്‍ ആനുകാലിക ചര്‍ച്ചയുടെ ഭാഗമാണ് എന്ന് നിരന്തരം ഓര്‍മപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്പ് ഞാന്‍ ആര്‍ക്കിടെക്ചര്‍ രംഗത്തേക്ക് കടന്ന് വരുന്പോഴുള്ള കണ്ടംപാറി സങ്കല്‍പങ്ങളല്ല ഇപ്പോള്‍ നിലവിലുള്ളത്. എങ്കിലും ആനുകാലിക തച്ചുശാസ്ത്രത്തിന്‍റെ അടിസ്ഥാനം ‘അതിജീവനം’ ആണ് എന്നത് എക്കാലത്തും ശരിയാണ്. അതേസമയം, ക്വാളിറ്റിയുണ്ടാക്കുന്നത് എന്താണ് എന്ന ചോദ്യം വരുന്പോഴാണ് ആനുകാലിക ആര്‍ക്കിടെക്ചറിന്‍റെ വിശദീകരണങ്ങളില്‍ വൈവിധ്യം കടന്നു വരുന്നത്. അടുത്തിടെയായി സാന്പത്തിക, സാമൂഹിക, ബൗദ്ധിക പരികല്പനകളൊക്കെയും തീര്‍ത്തും പുതിയ അര്‍ത്ഥതലങ്ങളിലേക്ക് വഴിമാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചില പ്രത്യേക സാഹചര്യങ്ങളോട്, പ്രത്യേകിച്ച് ഇപ്പോള്‍ നിലവിലുള്ള അവസ്ഥകളോട് ക്രിയാത്മകമായി പ്രതികരിക്കാനും ‘ഫീലിംഗ്’ സൃഷ്ടിക്കാനും ഒരു ആര്‍ക്കി ടെക്ചര്‍ വര്‍ക്കിന് സാധിക്കുന്നുവെങ്കില്‍ അത് ആനുകാലികമാണെന്ന് പറയാം. പുതിയ അറിവ് രൂപീകരിക്കാനും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മാത്രം ശക്തമായിരിക്കണം ആനുകാലിക ആര്‍ക്കിടെക്ചര്‍. നമ്മുടെ നഗരങ്ങളുമായി നേരിട്ട് സംവദിക്കുകയും സിറ്റികളുടെ സൗന്ദര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാവണം ആര്‍ക്കിടെക്ചര്‍ പഠനങ്ങള്‍. സൈദ്ധാന്തിക വശത്തു നിന്ന് അക്കാദമിക സ്വഭാവത്തോടെ നിര്‍വ്വഹിക്കേണ്ട ഇത്തരം ചില ആനുകാലിക പ്രശ്നങ്ങളെ നമ്മള്‍ എങ്ങനെ സമീപിക്കുന്നു എന്നതും ഒരു പ്രധാന കാര്യമാണ്.

നിര്‍മാണ മേഖലയിലെ ഗൗരവമുള്ള സംവിധാനങ്ങളെക്കറിച്ച് താങ്കള്‍ ഒരു പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നിര്‍മാണ രീതിയെക്കുറിച്ചും ആര്‍ക്കിടെക്ചര്‍ പ്രാക്ടീസിനെക്കുറിച്ചും ഉള്ള ഏറ്റവും പുതിയ ഗവേഷണങ്ങളെക്കുറിച്ച് പറയാമോ?

ഫ്രാന്‍സില്‍ ഒരു കോണ്‍ക്രീറ്റ് ബില്‍ഡിംഗ് പ്രൊജക്ട് ഞങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്‍റെ ഘടന, പ്രായോഗിക ശൈലി എന്നിവയെക്കുറിച്ചുള്ള വിവിധ വീക്ഷണ കോണുകളില്‍ നിന്നുള്ള ഗവേഷണ പഠനവും അതോടൊപ്പം പുരോഗമിക്കുകയാണ്. കോണ്‍ക്രീറ്റ് എന്ന് പറയുന്നത് ഒരു ദ്രവ്യമാധ്യമമാണല്ലോ. അതൊഴിക്കുന്ന സമയത്ത് അതിന് ഒരു രൂപവുമില്ല. എന്നാല്‍ കോണ്‍ക്രീറ്റ് നിര്‍മാണ രീതിയികളെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണ പഠനങ്ങള്‍ പുതിയ നിര്‍മാണ രൂപങ്ങളെക്കുറിച്ചും ആവിഷ്കാര രീതികളെക്കുറിച്ചും നമുക്ക് പറഞ്ഞുതരും. ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്പോള്‍ പരുക്കന്‍ കല്ലുകള്‍ പോലും വാസ്തുകലാ വൈഭവത്തിന്‍റെ മകുടോദാഹരണങ്ങളാക്കി മാറ്റാന്‍ കഴിയും. ഏതൊരു കെട്ടിടമായാലും അതിന്‍റെ ഇന്‍റീരിയറും എക്സ്റ്റീരിയറും ലാന്‍റ്സ്കേപുമെല്ലാം വളരെ പ്രധാനപ്പെട്ടതാണ്. ഇവയൊക്കെയും നിരന്തര ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോഴും ആവേശകരമായ കെട്ടിടങ്ങള്‍ നമുക്കുണ്ടാവുന്നത്.

ഒരു കെട്ടിടത്തിന്‍റെ ഓരോ ഭാഗവും എങ്ങനെയൊക്കെയാണ് മൊത്തം ബില്‍ഡിംഗിന്‍റെ സൗന്ദര്യത്തെ നിര്‍ണയിക്കുന്നത് എന്നതിനെ ആസ്പദമാക്കിയാണ് ഇപ്പോള്‍ പഠനങ്ങള്‍ ഏറെ നടക്കുന്നത്. യാഥാസ്ഥിതിക തച്ചുശാസ്ത്ര നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുന്ന ചിന്തകളും അക്കാദമിക തലത്തില്‍ ഇപ്പോള്‍ സജീവമാണ്. ബൗദ്ധിക ചിന്തയും യഥാര്‍ത്ഥത്തില്‍ പുറത്തുവരുന്ന ഔട്ട്പുട്ടും തമ്മിലുള്ള സംവാദങ്ങളും ആര്‍ക്കിടെക്ചര്‍ പഠനങ്ങളിലെ നൂതന മാറ്റങ്ങളെ സ്വാധീനിക്കുന്നുണ്ട്. ബില്‍ഡിംഗ് ടെക്നോളജിയിലും പുതിയ പഠനങ്ങള്‍ നടക്കുന്നുണ്ട്.

അപ്പോള്‍ എന്താണ് ആര്‍കിടെക്ചറിന്‍റെ ധാര്‍മികത?

ധാര്‍മികത ഓരോ ആര്‍ക്കിടെക്ടിനും വ്യത്യസ്തമായിരിക്കും. എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വ്യാഖ്യാനം നിര്‍മാണത്തിനുപയോഗിക്കുന്ന മെറ്റീരിയലുകളുടെ സത്യത്തെക്കുറിച്ചുള്ളതാണ്. വാസ്തുകലയുടെ ധാര്‍മികത കെട്ടിടത്തിന്‍റെയും ആ കെട്ടിട നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുള്ള മെറ്റീരിയലുകള്‍ പ്രകടിപ്പിക്കുന്ന ഭാവങ്ങളുടെയും ഇടയില്‍ ആണ് പ്രകടമാവുന്നത്. ആ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്പോഴാണ് ഒരു കെട്ടിട നിര്‍മാണം കഴിയുന്പോഴേക്കും അത് നിര്‍വഹിക്കുന്ന ധാര്‍മികത പ്രകടമാവുന്നത്. ഇതൊരു സൈദ്ധാന്തിക വശമാണ്. ഒരു വ്യക്തിയുടെ ധാര്‍മികത അയാളുടെ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ആര്‍ക്കിടെക്ചറിന്‍റെ ധാര്‍മികത ഓരോ ബില്‍ഡിംഗും അതില്‍ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകളും തമ്മിലുള്ള അച്ചടക്കവുമായി ബന്ധപ്പെട്ടതാണ്.

ഇറാനിലെ നിര്‍മാണ രീതിയിലെ വ്യത്യസ്തതകളെക്കുറിച്ച് താങ്കള്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. അവിടുത്തെ ബ്രിക് പാറ്റേണ്‍ വികസനത്തെ താങ്കള്‍ വിശേഷിപ്പിക്കുന്നത് Idea of Modularity എന്നാണ്. അങ്ങനെ വരുമ്പോള്‍ ഒരു ജനസമൂഹം പിന്തുടരുന്ന പാരമ്പര്യവും അവര്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പാരമ്പര്യം എക്കാലത്തും ചലനാത്മകമാണ്. അത് ഒരു സമൂഹത്തെ ആത്യന്തികമായി സ്വാധീനിക്കുകയും സ്വന്തമായൊരു ഐഡന്‍റിറ്റി നിലനിര്‍ത്തി സമൂഹത്തിനുള്ളില്‍ തന്നെ അവരെ ‘എന്‍ഗേജ്’ ചെയ്ത് നിലനിര്‍ത്തുകയും ചെയ്യുന്ന സവിശേഷമായ അനുഭവമാണ്. ഇറാനിലെ ബ്രിക് പാറ്റേണിലേക്ക് വരുന്പോള്‍, സെല്‍ബുക് കാലഘട്ടത്തില്‍ അവിടുത്തെ കെട്ടിടങ്ങളുടെ പ്രത്യേകത, ഘടനയിലും അലങ്കാരത്തിലും നിലനിന്നിരുന്ന ഏകത്വമായിരുന്നു. അതായത്, നിര്‍മാണഘടനയും സൗന്ദര്യത്തിന് വേണ്ടി ഉപയോഗിക്കുന്ന അലങ്കാരപ്പണികളും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സഫാവിദ് പിരീഡ് ആയപ്പോള്‍ ബ്രിക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു തുടങ്ങി. മൊത്തം കെട്ടിടത്തിന്‍റെ ആകാര പ്രകൃതിയോട് ഇണങ്ങുന്നതായിരുന്നുവെങ്കിലും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കെട്ടിട നിര്‍മാണ രീതിയെ നന്നായി സ്വാധീനിക്കുന്നുണ്ട്. ഇറാനിലെ പൗരാണിക കെട്ടിടങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈയൊരു യാഥാര്‍ത്ഥ്യം മനസ്സിലാവും. അവിടുത്തെ ആധുനിക കെട്ടിടങ്ങളില്‍ പോലും അത് വ്യക്തമായി കാണാനാവും. ഏതൊരു സമൂഹത്തിലും ഇത് ശരിയാണ്.

പ്രൊഫ. നാദിര്‍ തെഹ്റാനി/ യാസര്‍ അറഫാത്ത്

അമേരിക്കയിലെ മസാച്യു സെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യിലെ ആര്‍കിടെക്ചര്‍ വകുപ്പ് മേധാവിയാണ് പ്രൊഫ. നാദിര്‍ തെഹ്റാനി. ഇംഗ്ലണ്ടില്‍ ജനിച്ച തെഹ്റാനി ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ആര്‍ക്കി ടെക്ചര്‍ ആന്‍റ് അര്‍ബണ്‍ ഡിസൈനിംഗില്‍ ബിരുദാനന്തര ബിരുദം നേടി. റോഡ് ഐലന്‍റ് സ്കൂള്‍ ഓഫ് ഡിസൈന്‍ ആന്‍റ് നോര്‍തേണ്‍ യൂണിവേഴ്സിറ്റി, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാര്‍വര്‍ഡ് ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ഡിസൈന്‍, യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍ എന്നിവിടങ്ങളില്‍ അക്കാദമിക ജീവിതം നയിച്ച നാദിര്‍ തെഹ്റാനി ലോകത്തെ ഏറ്റവും പ്രശസ്തരായ ആര്‍ക്കിടെക്റ്റുകളില്‍ ഒരാളാണ്. നിരവധി അക്കാദമിക പഠനങ്ങള്‍ എഴുതിയ ഇദ്ദേഹത്തിന് ആര്‍ക്കിടെക്ചര്‍ ലീഗ് ഓഫ് ന്യൂയോര്‍ക്ക് ഏര്‍പ്പെടുത്തിയ ‘യങ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് 1997’ ഉള്‍പ്പെടെ ഇരുപത്തിരണ്ട് അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. ടെഹ്റാനിയുമായി ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍….

You must be logged in to post a comment Login