സകാതില്ലാത്ത മുതലാളിയോ?

സകാതില്ലാത്ത മുതലാളിയോ?

സകാതിന്‍റെ അടിസ്ഥാന ലക്ഷ്യം ദാരിദ്ര്യനിര്‍മാര്‍ജനമല്ല എന്ന് മുന്‍ ലക്കത്തില്‍ (1049) ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ മനുഷ്യയുക്തിക്ക് പങ്കാളിത്തമൊന്നുമില്ലെന്നും വന്നു. അതിന്‍റെ തുടര്‍ച്ചയായി തന്നെ ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. അതിന്നാണ് ചില സകാത്ത് മുതലാളിമാരെ എടുത്തു വെക്കുന്നത്. 

എമ്പാടും രത്നങ്ങളും വലിയ മണിമാളികയും നൂറ് കുതിരകളുമൊക്കെയുള്ള ഒരു മുസ്ലിം മുതലാളി നാട്ടുകാരോടൊന്നും ബാധ്യതകളില്ലാത്ത, നിര്‍ബന്ധമായ സാന്പത്തിക ദാനങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കേണ്ടവനല്ലാത്ത ഒരു നിരുത്തരവാദിയായിരിക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നൊന്നുമില്ല. സകാത്ത് എന്ന മേല്‍വിലാസത്തില്‍ അയാള്‍ക്ക് സാന്പത്തിക ബാധ്യതകള്‍ ഇല്ലെങ്കില്‍ പോലും നാട്ടിലെ അശരണരുടെ വേദനകളില്‍ പങ്കുചേരേണ്ടത് അയാളുടെ നിര്‍ബന്ധ ബാധ്യതയാണ്. തന്‍റെ നാട്ടില്‍ അന്നംകിട്ടാതെ, ശുദ്ധജലം കുടിക്കാന്‍ സൗകര്യങ്ങളില്ലാതെ, വിശ്രമിക്കാന്‍ കിടപ്പാടമില്ലാതെ ചികിത്സക്കാവശ്യമായ പണമില്ലാതെ, മയ്യിത്ത് സംസ്കരണത്തിന് ശേഷിയില്ലാതെ ആരെങ്കിലും കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് ദിമ്മിയ്യായ കാഫിറാണെങ്കില്‍പോലും പ്രസ്തുത സാന്പത്തിക സഹായങ്ങള്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ നാട്ടിലെ സന്പന്നരായ മുസ്ലിംകളുടെ മേല്‍ നിര്‍ബന്ധ ബാധ്യതയാണ്. അപ്പോള്‍ നാട്ടില്‍ ഒരാള്‍ അവശതയനുഭവിക്കുന്പോള്‍ അദ്ദേഹത്തിന്‍റെ അവശത തീര്‍ക്കാനാവശ്യമായ പണം കൈയ്യിലുള്ള വ്യക്തി അതിന് മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍ ആ അവശത തീര്‍ക്കുകയാണ് വേണ്ടത്. അതിനുള്ള പണം നീക്കിവച്ചാല്‍ അയാള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവശ്യമായ പണം തികയുകയില്ലെങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല! ബദ്രീനാഥില്‍ കുടുങ്ങിക്കിടന്ന ഹൈന്ദവ സന്യാസിമാരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഒരു ഹെലികോപ്റ്റര്‍ സര്‍വ്വീസ് നടത്താന്‍ തൊട്ടടുത്ത പ്രദേശങ്ങളിലെ/ അതിനടുത്ത പ്രദേശങ്ങളിലെ മുസ്ലിം മുതലാളിമാര്‍ക്ക് സാന്പത്തിക ശേഷിയുണ്ടെങ്കില്‍ അതിനുവേണ്ടി തങ്ങളുടെ രത്നം/ പറന്പ്/ ലക്ഷ്വറി കാറ് വില്‍ക്കല്‍ നിര്‍ബന്ധമാണ് (അതിന് മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍). എത്ര മാനവികം! അപ്പോള്‍ ഹജ്ജിന് തികയില്ലെങ്കില്‍ ഹജ്ജ് നിര്‍ബന്ധമില്ല!(തുഹ്ഫ ശര്‍വാനി സഹിതം നോക്കുക) ഇസ്ലാമിലെ സകാത് വ്യവസ്ഥയുടെ അശാസ്ത്രീയതയെക്കുറിച്ച് ചോദിച്ചവര്‍ ഈ മറുപടിയൊക്കെ കേട്ടുവോ ആവോ….

സകാത് ഖുര്‍ആനില്‍

വളര്‍ച്ച, അഭിവൃദ്ധി, ശുദ്ധീകരണം എന്നൊക്കെയാണ് സകാത് എന്ന വാക്കിന്‍റെ ഭാഷാര്‍ത്ഥം. നിശ്ചിത തോതനുസരിച്ച് നിശ്ചിത വിഭാഗങ്ങള്‍ക്ക് നിര്‍ബന്ധമായി നല്കേണ്ട ധനമാണ് സാങ്കേതികമായി സകാത്. ഈ അര്‍ത്ഥത്തില്‍ മുപ്പതു തവണ സകാത് എന്ന പദം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതില്‍ ഇരുപത്തൊന്പത് സ്ഥലങ്ങളിലും നിസ്കാരത്തോട് ചേര്‍ത്താണ് സകാതിനെ പരാമര്‍ശിച്ചിട്ടുള്ളത്. ശരീരത്തിന്‍റെ/സന്പത്തിന്‍റെ ശുദ്ധീകരണത്തിനാണ് സകാത് നിര്‍ബന്ധമായത്. സന്പത്തില്‍ നിന്ന് നിശ്ചിത വിഹിതം എടുത്തു മാറ്റുന്പോള്‍ ബാഹ്യതലത്തില്‍ ധനത്തില്‍ കുറവ് അനുഭവപ്പെടുകയാണ് ചെയ്യുന്നത്. ഈ സാന്പത്തിക ഇടിവിനാണ് ഇസ്ലാം അഭിവൃദ്ധി എന്നു പറയുന്നത്. ബാധ്യത കൊടുത്തുവീട്ടുക വഴി ഉണ്ടാകുന്ന ആത്മീയ പുരോഗതിയും പരലോക സുരക്ഷയുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്; ഒപ്പം മിച്ചധനത്തില്‍ ഉണ്ടാകുന്ന സവിശേഷമായ ബറകതും. ചുരുക്കത്തില്‍ സകാത് എന്ന നാമകരണം തന്നെ അതുവഴിയുണ്ടാകുന്ന ആത്മീയ ഭൗതിക അഭിവൃദ്ധിയിലേക്ക് സൂചന നല്‍കുന്നുണ്ട്. മാത്രവുമല്ല സകാത് നല്‍കിയവനു വേണ്ടി പ്രാര്‍ത്ഥിച്ചുകൊടുക്കല്‍ സ്വീകര്‍ത്താവിന് സുന്നത്താണ്. നീ നല്‍കിയതില്‍ അല്ലാഹു നിനക്ക് കൂലി നല്‍കട്ടെ,അതിനെ നിനക്ക് ശുദ്ധീകരണമാക്കട്ടേ, നീ മിച്ചം വച്ചതില്‍ അല്ലാഹു അഭിവൃദ്ധി കനിയട്ടേ എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്.

സകാതിനെ നിര്‍ബന്ധമാക്കുന്നതും പ്രേരിപ്പിക്കുന്നതുമായ ഖുര്‍ആനിക സൂക്തങ്ങള്‍ നിരവധിയാണ്. ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക: 
“ജനങ്ങളോട് നിങ്ങള്‍ നല്ലത് പറയുക, നിസ്കാരം നിലനിര്‍ത്തുക,സകാത് കൊടുക്കുക”. (അല്‍ബഖറ:82). ഈസാ നബി (അ) തൊട്ടിലില്‍ കിടക്കുന്പോള്‍ തന്നെ സകാതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

“ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം നിസ്കരിക്കുവാനും സകാത് കൊടുക്കുവാനും അല്ലാഹു എന്നോട് വസ്വിയ്യത് ചെയ്തിരിക്കുന്നു.””(മര്‍യം:13). മുന്‍കഴിഞ്ഞ പ്രവാചകന്മാര്‍ക്ക് നല്‍കിയ സന്ദേശങ്ങളിലും സകാത് കടന്നുവരുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു:

“നന്‍മകള്‍ പ്രവര്‍ത്തിക്കാനും, നിസ്കാരം നിലനിര്‍ത്താനും, സകാത്ത് നല്‍കാനും നാമവര്‍ക്ക് സന്ദേശം നല്‍കി.” പുരുഷന്മാരോടു മാത്രമല്ല, സ്ത്രീകളോടും സകാതിന്‍റെ കാര്യം ഖുര്‍ആന്‍ പ്രത്യേകമായി കല്‍പിക്കുന്നു.
“സ്ത്രീകളേ, നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുക, സകാത് നല്‍കുകയും ചെയ്യുക.” (അഹ്സാബ്:33)

സകാത് നല്‍കാത്തവര്‍ക്ക് ശക്തമായ ശിക്ഷയുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
“സ്വര്‍ണ്ണവും വെള്ളിയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വ്യയം ചെയ്യാതെ ശേഖരിക്കുന്നവര്‍ക്ക് വേദനാ പൂര്‍ണ്ണമായ ശിക്ഷയെക്കുറിച്ച് സുവിശേഷമറിയിക്കുക! നരകത്തിന്‍റെ അഗ്നിയില്‍ അവ ചൂടാക്കപ്പെടുകയും അതുകൊണ്ടവരുടെ നെറ്റിത്തടങ്ങളും പാര്‍ശ്വങ്ങളും മുതുകുകളും പൊള്ളിക്കുകയും ചെയ്യുന്ന ദിവസം അവരോട് പറയപ്പെടും : ഇതാണു നിങ്ങള്‍ നിങ്ങള്‍ക്കായി സൂക്ഷിച്ചുവച്ചത്. നിങ്ങള്‍ നിക്ഷേപിച്ച് വെച്ചത് നിങ്ങള്‍ രുചിച്ചേക്കുക.” (അത്തൗബ 3435).

സകാതിന്‍റെ കര്‍മശാസ്ത്രം
ശാഫിഈ മദ്ഹബ് പ്രകാരം, സ്വര്‍ണം,വെള്ളി,ധാന്യങ്ങള്‍,പഴങ്ങള്‍, ആട് മാട് ഒട്ടകം, കച്ചവടച്ചരക്കുകള്‍, ഖനി എന്നിവയിലാണ് സകാത് നിര്‍ബന്ധമാകുന്നത്. വിശദമായ ഒരു പഠനത്തിന് ഈ കൊച്ചു ലേഖനം പര്യാപ്തമല്ല. സുപ്രധാനമായ ചില ഇനങ്ങളെക്കുറിച്ച് മാത്രം ഹ്രസ്വമായി ചര്‍ച്ച ചെയ്യാം.

കച്ചവടത്തിന്‍റെ സകാത്
കച്ചവടം ആരംഭിച്ചതുമുതല്‍ ഒരുവര്‍ഷം തികയുന്ന അവസരത്തില്‍ സ്റ്റോക്കുള്ള ചരക്കും വിറ്റുപിരിഞ്ഞു കിട്ടിയ പണവും ചേര്‍ത്തിട്ട് 595ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. കച്ചവടം ആരംഭിക്കുന്പോഴോ വര്‍ഷത്തിന്‍റെ മധ്യത്തിലോ ഈ തുകയില്ലെങ്കിലും, വര്‍ഷാവസാനം നിശ്ചിത തുകയുണ്ടെങ്കില്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.

കച്ചവടം ആരംഭിച്ചതുമുതല്‍ എപ്പോഴാണോ കൊല്ലം പൂര്‍ത്തിയാവുന്നത് അപ്പോള്‍ സകാത്ത് കൊടുക്കണം.റമളാന്‍ മാസം വരെ പിന്തിക്കുന്നത് ശരിയല്ല. സകാത്ത് നിര്‍ബന്ധമാവുകയും നല്‍കാന്‍ സൗകര്യമാവുകയും ചെയ്ത ശേഷം റമളാന്‍ വരെ പിന്തിക്കല്‍ ഹറാമാണ്.

കച്ചവടത്തിനായി വാങ്ങിയ ഒരു ചരക്കിന് മാര്‍ക്കറ്റില്‍ ഡിമാന്‍റ് ഇല്ലാതാവുകയും തുടര്‍ന്ന് ആ സാധനം കച്ചവടത്തില്‍ നിന്ന് മാറ്റിവെക്കുകയും ചെയ്താല്‍ അതിനു സകാത്ത് നല്‍കേണ്ടതില്ല.

ഒരാള്‍ അന്യനാട്ടില്‍ പോയി കച്ചവടം ചെയ്യുകയാണെങ്കില്‍ സകാത്തിന്‍റെ സംഖ്യ നാട്ടിലുള്ള കുടുംബങ്ങള്‍ക്കും മറ്റും അയച്ചുകൊടുത്താല്‍ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായമനുസരിച്ചു സകാതു വീടുകയില്ല.വീടുമെന്ന് പറഞ്ഞവരുമുണ്ട്. കറാഹത്തോടെ സകാത് സാധുവാകുമെന്നാണ് അബൂഹനീഫ ഇമാമിന്‍റെ പക്ഷം.

സ്വര്‍ണ്ണം, വെള്ളി
ഒരുവര്‍ഷം പൂര്‍ണ്ണമായും 85 ഗ്രാമോ അതിലധികമോ സ്വര്‍ണ്ണമോ 595 ഗ്രാമോ അതിലധികമോ വെള്ളിയോ അതിന്‍റെ വിലക്ക് തുല്യമാകുന്ന നാണയങ്ങളോ കറന്‍സിയോ ഉടമയിലുള്ളവര്‍ അതിന്‍റെ രണ്ടരശതമാനം വീതം സകാത്തു നല്‍കേണ്ടതാണ്. സ്വര്‍ണ്ണവും വെള്ളിയും നാണയമാക്കപ്പെട്ടതോ, ഉരുക്കിക്കട്ടിയാക്കിയതോ, സൂക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ട ആഭരണങ്ങളോ ആയാലേ സകാത് നിര്‍ബന്ധമാകൂ. അനുവദനീയ ഉപയോഗത്തിനു വേണ്ടിയുള്ള ആഭരണങ്ങള്‍ക്കു സകാത്തില്ല.

കറന്‍സിയുടെ സകാത്ത്
സ്വര്‍ണ്ണം, വെള്ളി നാണയങ്ങളില്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള കാരണങ്ങള്‍ കര്‍മ്മശാസ്ത്രം വ്യക്തമാക്കിയിട്ടുണ്ട്. ജമല്‍ പറയുന്നു: ലോകത്തിന്‍റെ നിലനില്‍പ്പും സൃഷ്ടികളുടെ സ്ഥിതിഗതികള്‍ ശരിപ്പെടലും അവ (സ്വര്‍ണ്ണം, വെള്ളിനാണയങ്ങള്‍) കൊണ്ടാണ്. കാരണം മനുഷ്യാവശ്യങ്ങള്‍ വളരെയേറെയാണ്. ഈ ആവശ്യങ്ങളെല്ലാം തന്നെ അവകൊണ്ടു പൂര്‍ത്തിയാക്കപ്പെടും. ബാക്കിയുള്ള സന്പത്തുകളൊന്നും അങ്ങനെയല്ല.(ജമല്‍ 2/252). ഇക്കാര്യം ഇതേരൂപത്തില്‍ തന്നെ ശര്‍വാനിയും (3/263) വ്യക്തമാക്കിയിട്ടുണ്ട്. ലോഹങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവക്കുമാത്രം സകാത്ത് നിര്‍ബന്ധമാകാനുള്ള കാരണം അവ മറ്റു വസ്തുക്കളുടെ വിലയായതുകൊണ്ടാണെന്ന് അമീറ (2/2) വ്യക്തമാക്കുന്നു.

വസ്തുക്കളുടെ വിലയാവുക, അവ നല്‍കി ലോകത്തുള്ള എല്ലാ വസ്തുക്കളും വാങ്ങാന്‍ കഴിയുക എന്ന കാരണം കറന്‍സിയിലുമുണ്ടല്ലോ. അപ്പോള്‍ കറന്‍സിയിലും സകാത്തുണ്ടെന്ന് വ്യക്തമാണ്.

സ്വതന്ത്ര മാര്‍ക്കറ്റില്‍ നിന്ന് 595 ഗ്രാം വെള്ളി വാങ്ങാന്‍ എത്ര കറന്‍സി നല്‍കണമോ അത്രയും തുക ഒരാള്‍ ഒരു കൊല്ലം സൂക്ഷിച്ചാല്‍ അതിന്‍റെ രണ്ടരശതമാനമാണ് സകാത് നല്‍കേണ്ടത്. നോട്ടിന്‍റെ മൂല്യം സ്വര്‍ണ്ണം മാത്രമാണെന്ന് പറയുന്നതിന് വലിയ അര്‍ത്ഥമൊന്നുമില്ല. രണ്ട് സാധ്യതകളുണ്ടാവുന്പോള്‍ സാധുക്കള്‍ക്ക് ഏറ്റവും ഉപകാരമുള്ളതാണ് ഗൗനിക്കേണ്ടതെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നോട്ടിന്‍റെ മൂല്യം വെള്ളിയായി ഗണിക്കലാണ് ഉത്തമമെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.

കടം, പ്രോവിഡണ്ട് ഫണ്ട്, ബോണസ്,കുറി
കിട്ടാനുള്ള കടത്തിനു കൊല്ലം തികയുന്പോള്‍ സകാത് നല്‍കേണ്ടതാണ്. എപ്പോള്‍ വേണമെങ്കിലും കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ കടം തിരിച്ചുവാങ്ങിയിട്ടില്ലെങ്കിലും സകാത് നല്‍കേണ്ടതാണ്. അവധി നിശ്ചയിച്ചതോ എളുപ്പം കിട്ടാന്‍ സാധ്യതയില്ലാത്തതോ ആണെങ്കില്‍ കിട്ടുന്പോള്‍ സകാതു നല്‍കിയാല്‍ മതി. കടക്കാരന്‍ സാന്പത്തിക പരാധീനത അനുഭവിക്കുക, നാടുവിടുക, മനഃപൂര്‍വ്വം കടം വീട്ടാതിരിക്കുക, കടം നിഷേധിക്കുക തുടങ്ങിയ കാരണങ്ങളാല്‍ എളുപ്പം കിട്ടാന്‍ സാധ്യതയില്ലാതാവുന്നതാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം കിട്ടുന്പോള്‍ സകാത് നല്‍കിയാല്‍ മതിയെങ്കിലും കഴിഞ്ഞകാലങ്ങള്‍ക്കെല്ലാം ഒന്നിച്ചു സകാത് നല്‍കേണ്ടതാണ്.

ഉദ്യോഗസ്ഥന്മാരുടെ മാസാന്തശന്പളങ്ങളില്‍നിന്നു നിശ്ചിതതുക സര്‍ക്കാറും മാനേജ്മെന്‍റും പിടിച്ചു ഫണ്ടായി സൂക്ഷിക്കുന്നു. ജോലിയില്‍ നിന്നു പിരിയുന്പോള്‍ മാത്രമേ ആ ഫണ്ട് ഉദ്യോഗസ്ഥര്‍ക്കു നല്‍കുന്നുള്ളൂ. വേണമെങ്കില്‍ ആവശ്യാനുസരണം ലോണെടുക്കാന്‍ തൊഴിലാളികള്‍ക്കവകാശമുണ്ട്. ഇതാണ് പ്രോവിഡണ്ട്ഫണ്ട്. ഈ സംഖ്യ തൊഴിലാളിയുടേതാണ്.

പ്രോവിഡണ്ട് ഫണ്ടിന്‍റെ വിഹിതം കൂടിയടങ്ങുന്ന മുഴുവന്‍ ശന്പളവും ലഭിച്ചതായി തൊഴിലാളി വൗച്ചറില്‍ ഒപ്പിട്ടുകൊടുക്കുകയും തുടര്‍ന്നു ഫണ്ടിന്‍റെ വിഹിതം പിടിച്ചതിനു ശേഷം ബന്ധപ്പെട്ടവര്‍ തൊഴിലാളിക്ക് അവ നല്‍കുകയുമാണ് ചെയ്യുന്നത്. ഇക്കാരണത്താല്‍ കൈവശത്തില്‍ വന്നു ബേങ്കില്‍ സൂക്ഷിക്കുന്ന സംഖ്യ പോലെയാണിത്. യാതൊരുകാരണവശാലും തൊഴിലാളിക്കത് കിട്ടാതിരിക്കുകയില്ല. മാസാന്തം ബേങ്കില്‍ സൂക്ഷിക്കുന്ന സംഖ്യപോലെ ഈ ഫണ്ട് സകാതിന്‍റെ തുകയെത്തിയിട്ടുണ്ടെങ്കില്‍ അതിനു സകാത് കൊടുക്കേണ്ടതാണ്. കൈവശം കിട്ടിയതിനുശേഷം നല്‍കിയാലും മതി. അപ്പോള്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കെല്ലാം അതാതുവര്‍ഷത്തെ സംഖ്യയുടെ സ്ഥിതിയനുസരിച്ചു സകാതു കൊടുക്കേണ്ടിവരും.

എന്നാല്‍ ബോണസ് ഇങ്ങനെയല്ല. തൊഴിലാളികള്‍ക്ക് കന്പനികള്‍ നല്‍കുന്ന ഓഫറാണിത്. കയ്യില്‍ ലഭിക്കുന്പോള്‍ മാത്രമേ അതവരുടെ ഉടമയില്‍ വരികയുള്ളൂ. അതിനാല്‍ അതിന് സകാതില്ല.

ഒരു വര്‍ഷത്തിലധികം ദൈര്‍ഘ്യമുള്ള കുറികളില്‍ സകാത് വരാന്‍ സാധ്യതയുണ്ട്. ഒരു നറുക്ക് തന്നെ സകാതിന്‍റെ നിസാബ് ഉണ്ടെങ്കില്‍ (595 ഗ്രാം വെള്ളിയുടെ വില) ഒരു വര്‍ഷം മുഴുവനും തുക അടക്കുകയും നറുക്ക് ലഭിക്കാതിരിക്കുകയും ചെയ്താല്‍ വര്‍ഷം പൂര്‍ത്തിയാകുന്പോള്‍ ഒന്നാം ഗഡുവിന്‍റെ സകാത് കൊടുക്കണം. തൊട്ടടുത്ത മാസം രണ്ടാം ഗഡുവിന്‍റേതും…. സകാതിന്‍റെ അളവില്ലാത്ത സംഖ്യയാണ് നറുക്ക് എങ്കില്‍ നിസാബ് തികയുന്നതു മുതലാണ് വര്‍ഷാരംഭം കണക്കാക്കുക.

ധാന്യവും മറ്റിനങ്ങളും
കൃഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങളില്‍ ആഹാരമായി ഉപയോഗിക്കുന്നതും ഉണക്കിസൂക്ഷിക്കുന്നതുമായ ഗോതന്പ്, നെല്ല്, യവം, ചോളം മുതലായവയിലും കാരക്ക, മുന്തിരി എന്നീ പഴങ്ങളിലുമാണ് ശാഫിഈ മദ്ഹബില്‍ സകാതുള്ളത്.
960 ലിറ്റര്‍ ധാന്യം ഉടമയില്‍വരികയും കാരക്ക, മുന്തിരി എന്നിവ മൂത്തു പാകമാവുകയും ചെയ്താല്‍ മാത്രമേ അതില്‍ സകാത് നിര്‍ബന്ധമാവുകയുള്ളൂ. അതിനു മുന്പു നിര്‍ബന്ധമാവുകയില്ല. വൈക്കോല്‍, തൊലി മുതലായവ നീക്കി ശുദ്ധമാക്കിയ ശേഷം ഉണങ്ങിയ സ്ഥിതിയില്‍ പ്രസ്തുത കണക്കുണ്ടായിരിക്കണം. അതില്‍ തന്നെ നെല്ലുപോലെയുള്ള തൊലിയില്‍ സൂക്ഷിക്കുന്നവ 1920 ലിറ്റര്‍ ഉണ്ടായെങ്കിലേ സകാത് നല്‍കേണ്ടതുള്ളൂ.

ഒരു വര്‍ഷത്തില്‍ത്തന്നെ പലതവണയായി ലഭിക്കുന്ന പഴങ്ങളും ധാന്യങ്ങളും മൊത്തം കൂട്ടണം. ഒരു തവണയില്‍ കണക്കു തികയണമെന്നില്ല. വര്‍ഷത്തില്‍ ഒന്നോ അതിലധികമോ തവണ ഉണ്ടാകുന്ന കൃഷിയില്‍ എല്ലാം കൂടി മേല്‍ അളവു തികഞ്ഞാല്‍ സകാത് നിര്‍ബന്ധമാവും.

ചെലവുകൂടാതെ മഴ വര്‍ഷിച്ചോ മറ്റോ വെള്ളം ലഭിച്ചാണു വിളവുണ്ടായതെങ്കില്‍ മേല്‍പറഞ്ഞ അളവുതികഞ്ഞാല്‍ അതിന്‍റെ പത്തിലൊന്നും (1/10) ചെലവുചെയ്ത് നനച്ചുണ്ടാക്കിയതെങ്കില്‍ ഇരുപതിലൊരു ഭാഗവും (1/20) ആണു സകാതു നല്‍കേണ്ടത്. ഇനി ചിലപ്പോള്‍ ചെലവുചെയ്തും മറ്റും ചിലപ്പോള്‍ ചെലവില്ലാതെയും ഉണ്ടാക്കിയതാണെങ്കില്‍ രണ്ടിന്‍റെയും വിഹിതം പ്രത്യേകം നോക്കി അതാതിന്‍റെ തോതനുസരിച്ചു സകാതു നല്‍കണം.

ഫിത്‌റ്‌ സകാത്
തന്‍റെയും താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമായവരുടെയും പെരുന്നാള്‍ രാത്രിയിലേക്കും പകലിലേക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം, ഭവനം എന്നീ ആവശ്യങ്ങള്‍ കഴിച്ചു വല്ലതും മിച്ചമുള്ള എല്ലാ മുസ്ലിമും ഫിഥ്ര്‍സകാതു നല്‍കേണ്ടതാണ്. പലപ്പോഴും ഈ സകാത് വാങ്ങാന്‍ അര്‍ഹരായവന്‍ തന്നെ സകാതുകൊടുക്കാനും കടപ്പെട്ടവരാണ്. ഇവയെല്ലാം നിര്‍വ്വഹിച്ചതിനുശേഷം ബാക്കിയുള്ളതു ഫിഥ്ര്‍സകാത്തു കൊടുക്കാന്‍ തികയുകയില്ലെങ്കില്‍ ഉള്ളതുകൊടുക്കല്‍ നിര്‍ബന്ധമാണ്. തന്‍റെ സകാത് കൊടുക്കുന്നതോടൊപ്പം താന്‍ ചെലവുകൊടുക്കല്‍ നിര്‍ബന്ധമായ ഭാര്യ, മാതാപിതാക്കള്‍, മക്കള്‍ മുതലായവരുടെയും ഫിഥ്ര്‍സകാത് കൊടുക്കേണ്ടതാണ്. ഫിഥ്ര്‍സകാത് നിര്‍ബന്ധമായവന് അതിന് ആവശ്യമായ ധാന്യം അല്‍പ്പം മാത്രമേ ഉള്ളുവെങ്കില്‍ അവന്‍ ആദ്യം തനിക്കുവേണ്ടി സകാത് കൊടുക്കണം. തന്‍റെ സകാതു കഴിച്ചു ബാക്കിയുണ്ടെങ്കിലേ മറ്റുള്ളവര്‍ക്കുവേണ്ടി കൊടുക്കേണ്ടതുള്ളൂ.

സകാത് നിര്‍ബന്ധമുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്നു നാട്ടില്‍ പൊതുവെ ഭക്ഷണമായി ഉപയോഗിക്കുന്നതാണ് ഫിഥ്ര്‍സകാത് കൊടുക്കേണ്ടത്. ഓരോ വ്യക്തിക്കും ഓരോ സാഅ് (3.200 ലിറ്റര്‍) എന്ന തോതിലാണു ഫിഥ്ര്‍സകാത് കൊടുക്കേണ്ടത്.

റമളാന്‍ അവസാനത്തെ പകലില്‍ സൂര്യന്‍ അസ്തമിക്കുന്നതോടു കൂടി ഫിത്വ്റ് സകാത് നിര്‍ബന്ധമാവും. സൂര്യാസ്തമയത്തിനു മുന്പ് ജനിച്ച കുഞ്ഞിനും അസ്തമയ ശേഷം മരണപ്പെട്ട വ്യക്തിക്കും വേണ്ടി ഫിത്വ്റ് സകാത് കൊടുക്കേണ്ടതുണ്ട്.പെരുന്നാള്‍ ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു മുന്പ് കൊടുത്തുവീട്ടല്‍ നിര്‍ബന്ധമാണ്. മതിയായ കാരണങ്ങളില്ലാതെ പെരുന്നാള്‍ ദിവസം വിട്ടുപിന്തിച്ചാല്‍ കുറ്റക്കാരനാകും. അവര്‍ പിന്നീട് ഖളാഅ് വീട്ടുകയും ചെയ്യേണ്ടതാണ്. പെരുന്നാള്‍ നിസ്കാരത്തിനു പുറപ്പെടുന്നതിനു മുന്പ് തന്നെ കൊടുക്കലാണ് ഏറ്റവും ഉത്തമം.

സകാത് കമ്മിറ്റി
ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം ബാക്കിയുള്ളവര്‍ അംഗീകരിക്കല്‍ നിര്‍ബന്ധമായതും പ്രസിഡന്‍റിന് കാസ്റ്റിംഗ് വോട്ട് അനുവദിക്കപ്പെട്ടിട്ടുള്ളതുമായ സംവിധാനമാണ് കമ്മിറ്റി. ഇത്തരമൊരു കൂട്ടായ്മക്ക് തന്‍റെ നിര്‍ബന്ധ ദാനം ഏല്‍പിച്ചുകൊടുക്കുക എന്നത് പ്രമാണങ്ങളില്‍ തെളിവില്ലാത്ത പുത്തനാചാരമാണ്. സകാത് കമ്മിറ്റികള്‍ക്ക് നല്‍കണമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. ഹദീസിലും അങ്ങനെയൊരു പരാമര്‍ശമില്ല. പൂര്‍വ സൂരികളായ പണ്ഢിതരുടെ ഗ്രന്ഥങ്ങളില്‍ അത്തരമൊരു പരാമര്‍ശമേ നാം കാണുന്നില്ല. മതകാര്യങ്ങളെ പ്രമാണങ്ങളിലൂടെ മനസ്സിലാക്കണമെന്ന് ശഠിക്കുന്ന മത നവീകരണ പ്രസ്ഥാനങ്ങള്‍ ഈ അടുത്ത കാലത്തായി കൊണ്ടുവന്ന സകാത്കമ്മിറ്റിക്ക് പ്രമാണങ്ങളുടെ പിന്‍ബലമില്ല. ഏതുകാര്യത്തിനും തിരുനബിയുടെ മാതൃക ആവശ്യപ്പെടുന്നവര്‍ക്ക് നോന്പും പെരുന്നാളും സകാത്തും നിര്‍വഹിക്കാന്‍ കമ്മിറ്റികളുണ്ടാക്കുന്നതിന് തിരുനബിയുടെയോ സ്വഹാബത്തിന്‍റെയോ ഒരു മാതൃകയും ചൂണ്ടിക്കാണിക്കാന്‍ സാധ്യമല്ല. അല്ലെങ്കിലും അല്ലാഹുവിന്‍റെയും സൃഷ്ടികളുടെയും ഇടയില്‍ മധ്യവര്‍ത്തികളുടെ ആവശ്യമില്ലെന്ന് അഥവാ, അത് അനാവശ്യമാണെന്ന്, അപരാധമാണെന്ന് പ്രസംഗിക്കുന്നവര്‍ സകാത് എന്ന ആരാധന നിര്‍വഹിക്കാന്‍ സ്വയം മധ്യവര്‍ത്തികളായി വേഷം കെട്ടുന്നതില്‍ ദുരൂഹതകളുണ്ട്. ഫഖീര്‍, മിസ്കീന്‍, കടക്കാരന്‍, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ എന്നീ വകുപ്പുകളിലൊക്കെ തന്‍റെ പത്രസ്ഥാപനത്തിന് സകാത് വാങ്ങാന്‍ അര്‍ഹതയുണ്ടെന്ന് പത്ര നടത്തിപ്പുകാരനായ ഒരാള്‍ മുന്പ് എഴുതിയത് ഇതിനോട് ചേര്‍ത്തുവായിക്കണം.

ഇസ്ലാമില്‍ സകാത് വിതരണത്തിന് മൂന്ന് മാര്‍ഗങ്ങളാണുള്ളത്: ഉടമസ്ഥന്‍ അവകാശിക്ക് നേരിട്ടു നല്കുകയാണ് ഒന്ന്. മറ്റൊരാളെ വക്കാലത്താക്കി (ഏല്‍പിച്ച്) വക്കീല്‍ (ഏല്‍പിക്കപ്പെട്ടയാള്‍) വിതരണം ചെയ്യുകയാണ് രണ്ടാമത്തെ മാര്‍ഗം. മുസ്ലിം ഭരണാധിപനെ ഏല്‍പിക്കുകയാണ് മൂന്നാമത്തേത്. ഈ മൂന്നിലും കമ്മിറ്റി പെടുന്നില്ല.

ഉടമസ്ഥരില്‍ നിന്നു സകാതു പിരിച്ചെടുത്തു വിതരണം ചെയ്യുന്നതിന് ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ ഖലീഫക്ക് അധികാരമുണ്ട്. ഉടമസ്ഥര്‍ സകാത് നല്‍കാന്‍ വിസമ്മതിക്കുന്നപക്ഷം ബലപ്രയോഗത്തിലൂടെ വാങ്ങി വിതരണം നടത്തുകയും ചെയ്യാം. പക്ഷേ പരസ്യ സന്പത്തില്‍ (കാലികള്‍, പഴങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവ ) ഖലീഫക്കു മാത്രമേ ഈ അധികാരമുള്ളൂ. സ്വര്‍ണ്ണം, വെള്ളി, കച്ചവടച്ചരക്ക് എന്നീ രഹസ്യ സന്പത്തുകളില്‍ ഉടമസ്ഥരില്‍ നിന്ന് ചോദിച്ചുവാങ്ങി വിതരണം നടത്താന്‍ ഖലീഫക്ക് അനുവാദമില്ല (ശറഹുല്‍ മുഹദ്ദബ്6/164).

എന്നാല്‍ ഒരു നാട്ടിലെ ഫിത്‌റ്‌ വിതരണം ചെയ്യാന്‍ സകാത് നിര്‍ബന്ധമായവര്‍ ഒരാളെയോ ഒന്നിലധികം ആളുകളെയോ വക്കാലത്താക്കിയാല്‍ കുഴപ്പമൊന്നുമില്ല. എങ്കിലും സ്വന്തം ശരീരത്തിന്‍റെ ശുദ്ധീകരണമായ സകാത് അവകാശിയെ തേടിപ്പിടിച്ച് നല്‍കുന്പോള്‍ മനുഷ്യര്‍ പരസ്പരം അടുക്കുകയും അറിയുകയും ഹൃദയബന്ധം സുദൃഢമാവുകയും ചെയ്യും.

ഫൈസല്‍ അഹ്സനി രണ്ടത്താണി

You must be logged in to post a comment Login