ഹലോ, സൂക്ഷിക്കുക

ഹലോ,  സൂക്ഷിക്കുക

ആളറിയാത്തൊരു കോള്‍ വന്നോ ഫോണില്‍? ഒരു മിസ്കോള്‍? എന്നാല്‍ ശ്രദ്ധിക്കൂ, അതു നാശത്തിന്‍റെ റിങ്ടോണായിരുന്നു. തിരിച്ചു വിളിക്കാത്ത നിന്‍റെ വിവേകത്തിന് സോദരീ, അഭിനന്ദനം.

ഫോണ്‍ അലങ്കാരമല്ലിന്ന്. അവശ്യവസ്തുക്കളുടെ പട്ടികയിലാണ് മൊബൈലിന് സ്ഥാനം. അതുകൊണ്ട് ഫോണ്‍ വിരുദ്ധരാവുക വയ്യ. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ അപായം.

വിവേകമില്ലാത്ത പ്രായത്തില്‍ ഫോണ്‍ ഇല്ലാതിരിക്കലാണ് നല്ലത്, ആണിനും പെണ്ണിനും. കാരണം ഫോണിനുമില്ല വിവേകം. വിവേകമില്ലാത്ത രണ്ടെണ്ണം ചേര്‍ന്നാല്‍ ഫലം ഭീമമായ അവിവേകം.

ഖുര്‍ആന്‍ മുന്തിരിക്കള്ളിനെക്കുറിച്ചു പറഞ്ഞത് മൊബൈലിനും ചേരും; അതില്‍ ഉപകാരവും ഉപദ്രവവമുണ്ടെന്ന്. എന്നാല്‍ ഉപകാരത്തെക്കാള്‍ വലുതാണ് ഉപദ്രവം.

വീടുവിട്ട് നാശത്തിലെത്തിയ പെണ്‍കുട്ടികളുടെ കുട്ടികള്‍ മാത്രമല്ല കുട്ടികളുള്ള യുവതികളുടെയും കഥകള്‍ ഒരു രണ്ടുമൂന്നു വര്‍ഷത്തിനിടെ കുറച്ചൊന്നുമല്ല നാം കണ്ടതും കേട്ടതും. എല്ലാറ്റിലും നാശത്തിന്‍റെ കണക്ഷന്‍ ഫോണായിരുന്നു.

ഒരു മിസ്കാള്‍. ആദ്യം അവഗണിച്ചെന്നിരിക്കും. പിന്നെ കൗതുകത്തില്‍ ഒരു തിരിച്ചുവിളി. പിന്നെ അതൊരു ബന്ധമായി, ബന്ധനമായി. അവസാനം എല്ലാം നഷ്ടപ്പെട്ട ശേഷമാണ് പീഡന വാര്‍ത്തയായി വരുന്നത്. അപ്പോഴേക്കും കൈവിട്ടത് ഒരു പെണ്‍ജീവിതം, ഒരു കുടുംബജീവിതം! ഇഹലോകത്ത് ഈ നാശം. ഇനി പരലോകത്തോ?

ശബ്ദം ഔറത്തല്ല എന്നാണ് ഫിഖ്ഹീ വിധി. എന്നാല്‍ ആസ്വാദനം ഹറാം എന്നും കര്‍മശാസ്ത്രജ്ഞര്‍ ബോധ്യപ്പെടുത്തുന്നു. പുരുഷന്‍ പെണ്‍ശബ്ദം കേട്ടാസ്വദിക്കരുത്; തിരിച്ചും. അപ്പോള്‍ ഫോണിലെ ശൃംഗാരം കാതിന്‍റെ തിന്മയാണ്.

കേട്ടു കേട്ടു കാണാന്‍ കൊതിയായി. പിന്നെ വീടു വിട്ടിറങ്ങുകയായി. ബസ്സ്റ്റാന്‍റും റെയില്‍വെ സ്റ്റേഷനും മൊബൈല്‍ കമിതാക്കളുടെ സംഗമ വേദിയായി. കാമുകനെ നേരില്‍ കണ്ടപ്പോള്‍ കാമുകി ബോധം കെട്ടുവീണ രസകരമായ കാഴ്ചയും ഒരു ബസ്സ്സ്റ്റാന്‍റിലുണ്ടായി. കാരണം ശബ്ദം പോലെയല്ല കണ്ടപ്പോള്‍ കാമുകന്‍. തൈക്കിളവന്‍.! പെണ്‍കുട്ടികള്‍ ഇങ്ങനെ നാണം കെടണോ?

ഇഹജീവിതം ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. നിസ്സാര വികാരത്തില്‍ ഹോമിക്കേണ്ടതല്ല അത്. തിന്മ വരുന്ന വഴികള്‍ കൊട്ടിയടക്കാന്‍ സ്ത്രീക്കു കഴിയണം. ആര്‍ക്കും വീഴ്ത്താവുന്ന അബലയാവരുത് സ്ത്രീ.

ഫോണ്‍ കാര്യത്തിലും നമുക്കൊരു വേലിയും വ്യവസ്ഥയും വേണം. മിസ്കോളുകള്‍ അവഗണിക്കണം. അജ്ഞാത കോളുകള്‍ വീട്ടിലെ ആണുങ്ങളെ ഏല്‍പിക്കണം.

അന്യരോട് സംസാരിക്കേണ്ടിവരുന്പോള്‍ ഫോണിലായാലും വളരെ സൂക്ഷിച്ചുവേണം. മറുതലക്കലെ ആണിനു താല്‍പര്യം ജനിക്കും വിധം സ്വരത്തില്‍ മയം വേണ്ട. പിന്നെയും പിന്നെയും വിളിക്കാന്‍ തോന്നിക്കേണ്ട.

നോക്കൂ, നബി പത്നിമാരാണല്ലോ ഉത്തമരായ മാതൃകാ മഹിളകള്‍; അവിവേകം കാട്ടാത്ത ഉത്തമ കുടുംബിനികള്‍. അവരോട് അല്ലാഹുവിന്‍റെ നിര്‍ദേശം കാണുക: നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളില്‍പെട്ട ആരെയും പോലെയല്ല. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നുവെങ്കില്‍. അതിനാല്‍ നിങ്ങള്‍ (അന്യരോടു സംസാരിക്കുന്പോള്‍) സംസാരത്തില്‍ സൗമ്യത കാട്ടരുത്. കാരണം ഹൃദയത്തില്‍ രോഗമുള്ളവന് താല്‍പര്യം തോന്നും. നിങ്ങള്‍ മാന്യമായ വാക്കു പറഞ്ഞു കൊള്ളുക. (അഹ്സാബ് 32)

മനസ്സില്‍ ചെറിയ രോഗമൊന്നുമല്ല, കുഷ്ഠവും കാന്‍സറും തന്നെയുള്ളവരാണ് സമൂഹത്തില്‍ ഇന്നേറെ. അതിനാല്‍ സംസാരിക്കുന്നത് ഫോണിലായാലും സൂക്ഷിച്ചു വേണം. ഇല്ലെങ്കില്‍ നഷ്ടമാവുന്നത് മാനവും ഈമാനും!

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login