ഈജിപ്ത്: ജമാഅത്ത് വാദങ്ങളുടെ ഉള്‍പൊരുളുകള്‍

ഈജിപ്ത്: ജമാഅത്ത് വാദങ്ങളുടെ ഉള്‍പൊരുളുകള്‍

അന്തര്‍ദേശീയ തലത്തില്‍ എന്നും ശ്രദ്ധാകേന്ദ്രമാണ് മധ്യപൗരസ്ത്യ ദേശവും അവിടുത്തെ രാഷ്ട്രീയവും. അവിടം അശാന്തി വിതയ്ക്കുന്നതിലും കൊയ്യുന്നതിലും പലര്‍ക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്. മറ്റൊരു പരിപ്രേക്ഷ്യത്തിലാണെങ്കില്‍ പോലും ഈജിപ്തിനെ കൊണ്ടു നടക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലും ജമാഅത്തിന് അവരുടേതായ ചില താല്‍പര്യങ്ങളുണ്ട്. പൊതുവില്‍ വിലയിരുത്തുന്പോള്‍ രാഷ്ട്രീയമായോ മതപരമായോ കൃത്യമായൊരു നിലപാട് പുലര്‍ത്താനാവാത്ത വിഭാഗമാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. ആഗോളതലത്തിലുള്ള വിഭിന്നങ്ങളായ ജമാഅത്ത് രൂപാന്തരങ്ങളിലെല്ലാം ഇത് കാണാമെങ്കിലും കേരളജമാഅത്തില്‍ ഇത് ഏറെ സ്പഷ്ടമാണ്. ജമാഅത്തിന്‍റെ ഈ നിലപാടില്ലായ്മ ഈജിപ്ത് വിഷയത്തിലെ നിലപാടിലും കാണാം.

ടുണീഷ്യയില്‍ തുടക്കമിട്ട അറബ് വസന്തം വലിയ പ്രതീക്ഷകളായിരുന്നു പകര്‍ന്നത്. എന്നാല്‍ വിപ്ലവം ലക്ഷ്യത്തിലെത്തും മുന്പേ തന്നെ അപകടങ്ങളും മണത്തു തുടങ്ങി. സാഹചര്യങ്ങളെ കൃത്യമായി അവലോകനം നടത്തി അതിമസമര്‍ത്ഥമായി കരുനീക്കം നടത്തുന്ന സാമ്രാജ്യത്വമാണ് ഇന്നു പക്ഷേ കൊയ്യുന്നത്, കൊയ്യാനിരിക്കുന്നത്.

വിപ്ലവം എളുപ്പം ലക്ഷ്യം കണ്ടത് ഈജിപ്തിലായിരുന്നെന്നു പറയാം. അതില്‍ സൈന്യം വഹിച്ച പങ്ക് ഏറെ നിര്‍ണായകമായിരുന്നു. മുബാറകിന്‍റെ ഏകാധിപത്യ വാഴ്ചക്കെതിരെ ഈജിപ്ഷ്യന്‍ ജനത തെരുവിലിറങ്ങി, തുടക്കത്തില്‍ സംഘടിത രൂപമില്ലാതിരുന്ന ഏതെങ്കിലുമൊരു സംഘടനക്കു കീഴില്‍ അണിനിരക്കാതെയുള്ള പ്രക്ഷോഭം വിജയം നേടുമെന്നുറപ്പായതോടെ ബ്രദര്‍ഹുഡും രംഗപ്രവേശം ചെയ്തു. വിപ്ലവം ജയം കണ്ടപ്പോള്‍ കേരളത്തില്‍ അതിന്‍റെ മൊത്തക്കുത്തക ഏറ്റെടുത്ത് ജമാഅത്തും രംഗത്തെത്തി. അപ്പേരില്‍ ക്യാന്പയിനും നടത്തി…!

ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഏകാധിപത്യത്തിലേക്ക് ചുവടുമാറിയ മാറ്റിയ മുര്‍സിയെ നേരത്തെ ജനാധിപത്യത്തിനായി തെരുവിലിറങ്ങി പ്രക്ഷോഭം നയിച്ച ജനതക്കെങ്ങനെ വച്ചു പൊറുപ്പിക്കാനാവും? അവര്‍ വീണ്ടും തെരുവിലിറങ്ങുക തന്നെ ചെയ്തു. മുബാറകിനെതിരെ നടന്ന പ്രക്ഷോഭം പോലെ തന്നെ ഇതും ഒരു വ്യവസ്ഥാപിത സംഘടനക്കു കീഴിലായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. മുന്പ് മുബാറകിന് നല്‍കിയപോലെ മുര്‍സിക്കും സൈന്യത്തിന്‍റെ 48 മണിക്കൂര്‍ അന്ത്യശാസനം. അന്ത്യശാസനം തള്ളിയ മുര്‍സി ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഭരണം സൈന്യം പിടിച്ചെടുക്കുന്നു. ചരിത്രം എത്ര കൃത്യമായാണ് ആവര്‍ത്തിക്കപ്പെട്ടത്! ഇതില്‍ ആദ്യത്തേത് മാത്രം സ്വാഗതാര്‍ഹവും രണ്ടാമത്തേത് അപലപനീയവുമാകുന്നുവെന്നിടത്താണ് ജമാഅത്തിന്‍റെ പൊയ്മുഖം കെട്ടഴിഞ്ഞു വീഴുന്നത്.

ജനകീയ വിപ്ലവത്തിലൂടെ സാധിച്ചെടുത്ത സാഹചര്യങ്ങള്‍ മുതലെടുത്ത് അധികാരത്തിലേറിയ മുര്‍സി രൂക്ഷമായ തൊഴിലില്ലായ്മയിലും ഭീതിമായ വിലക്കയറ്റത്തിലും വിഭിന്നങ്ങളായ സാന്പത്തിക പ്രതിസന്ധികളിലും കിടന്നുഴലുന്ന സന്പദ്വ്യവസ്ഥയെ ആശാവഹമായ രീതിയില്‍ പുനര്‍നിര്‍മിക്കാന്‍ ഏറെ പണിപ്പെടണമെന്നിരിക്കെ തന്‍റെ ഇരിപ്പിടമുറപ്പിക്കുന്നതില്‍ മാത്രം ബദ്ധശ്രദ്ധനായപ്പോള്‍, എവ്വിധമാണോ മുര്‍സിക്ക് അധികാരത്തിലേറാന്‍ സാഹചര്യമൊരുക്കിയത് അവ്വിധം തന്നെ അദ്ദേഹത്തെ പടിയിറക്കാന്‍ ഈജിപ്ഷ്യന്‍ ജനത തുനിഞ്ഞതിനെ തന്‍റേടം കാട്ടിയതിനെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് ജനായത്ത രീതിയിലായിരുന്നെന്ന ന്യായം വച്ച് വിമര്‍ശിക്കാനൊക്കുമോ? ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തന്നെ ഈജിപ്ഷ്യന്‍ ജനത സംതൃപ്തരായിരുന്നില്ലെന്നാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ടാവണമല്ലോ ഇത്രയും ജനകീയമായ ഒരു വിപ്ലവത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പായിട്ടു പോലും ജനസംഖ്യയുടെ പകുതിയും പോളിംഗ് ബൂത്തിലെത്താതിരുന്നത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മുര്‍സി നേടിയ വോട്ടുകളും ഒട്ടും ആശാവഹമായിരുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ യോജിപ്പില്ലാതിരുന്നതും ഈജിപ്തുകാര്‍ക്കു മുന്നില്‍ മറ്റൊരു ബദല്‍ ഇല്ലായിതിരുന്നതുമാണ് ബ്രദര്‍ഹുഡിനെ അധികാരത്തിലെത്തിച്ചത്.

സര്‍ക്കാറിനു താങ്ങാനാവുന്നതിലുമെത്രയോ അപ്പുറത്തുള്ള മോഹനവാഗ്ദാനങ്ങളുമായാണ് മുര്‍സി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുബാറകിനെതിരെ അടിസ്ഥാനപരമായി എന്തിനായിരുന്നോ ജനം തെരുവിലിറങ്ങിയത് അതില്‍ നിന്നു സമൂലമായ എന്ത് മാറ്റമാണ് മുര്‍സി സാധ്യമാക്കിയത്? ചെറു പ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം ഉടലെടുത്തപ്പോഴും രോഗമറിഞ്ഞ് ചികിത്സിക്കാന്‍ മുര്‍സിക്കായില്ല. ജനങ്ങളുടെ ആധി തീര്‍ക്കാനുള്ള തിരക്കിലായിരുന്നില്ല, നീതിന്യായ വ്യവസ്ഥിതിക്കു മുകളിലും തന്നെ പ്രതിഷ്ഠിക്കാനുള്ള വ്യഗ്രതയിലായിരുന്നു അപ്പോഴും മുര്‍സി. ക്രൂരമായ സാന്പത്തിക പരിഷ്കാരങ്ങള്‍ തുടര്‍ന്നപ്പോള്‍ ആയിരക്കണക്കിന് കന്പനികളാണ് അടച്ചുപൂട്ടിയത്. ഉദ്പാദനക്ഷമമല്ലാത്ത സന്പദ്വ്യവസ്ഥയില്‍ ഇവ വീണ്ടും സൃഷ്ടിക്കുന്ന സാന്പത്തിക പ്രതിസന്ധികള്‍ എത്രമാത്രം ഭീതിദമായിരിക്കും. ഇസ്രയേലുമായുള്ള ചങ്ങാത്തമുള്‍പ്പെടെ പലകാര്യങ്ങളിലും ജനങ്ങള്‍ അസംതൃപരായിരുന്നെങ്കിലും സാന്പത്തിക കാരണങ്ങള്‍ തന്നെയാണ് മുബാറകിനെതിരെയെന്ന പോലെ മുര്‍സിക്കെതിരെയും ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്.

ഇതോടെ മുര്‍സിക്കുവേണ്ടി ബ്രദര്‍ഹുഡും തെരുവിലിറങ്ങി. മുബാറകിന്‍റെ ഏകാധിപത്യ വാഴ്ചക്കെതിരെ നടന്ന വിപ്ലവത്തെ പിന്തുണച്ച അതേ ജമാഅത്തിന് പക്ഷേ, ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ഏകാധിപത്യത്തിലേക്ക് വഴുതിക്കൊണ്ടിരിക്കുന്ന മുര്‍സിക്കെതിരെ നടന്ന ജനകീയ വിപ്ലവത്തെ പിന്തുണക്കാനാവാതെ പോയെന്നു മാത്രമല്ല, സൈന്യം മുര്‍സി അനുകൂലികളെ നേരിടാന്‍ ബലം പ്രയോഗിക്കുന്ന നടപടികളെ ശക്തമായി അപലപിക്കുന്പോഴും ഇഖ്വാനുല്‍ മുസ്ലിമീന്‍ തെരുവില്‍ നടത്തുന്ന അനേകം ചര്‍ച്ചുകള്‍ തകര്‍ത്തതടക്കമുള്ള അഴിഞ്ഞാട്ടത്തെ വിമര്‍ശിക്കാന്‍ പോലുമാവാതെ പോകുന്നുവെന്നതാണ് തമാശ.

ബഷീര്‍ ഓമാനൂര്‍

4 Responses to "ഈജിപ്ത്: ജമാഅത്ത് വാദങ്ങളുടെ ഉള്‍പൊരുളുകള്‍"

  1. Abdu Rasheed  September 6, 2013 at 10:47 am

    ഈജിപ്ത് :ഒരു പത്രം റിപ്പോർട്ട് ച്ചെയ്യുന്ന വിധം

    ഈജിപ്തിലെ സംഭവ വികാസങ്ങൾ വായനക്കാരിലെത്തികുന്നതിൽ ഇതരപത്രങ്ങളെ അപേക്ഷിച്ച്’ മാധ്യമം ‘ഒരു പടി മുന്നിലാണ് ..പക്ഷെ മിസ്‌റിൽ നിന്നുള്ളവാർത്തകളെ ഏകപക്ഷിയമായി അവതരിപിക്കാനാണ് ‘ മാധ്യമം ‘ശ്രമിക്കുന്നത് വാർത്തകളുടെ മറുപുറം വായനക്കാരിലെത്തികുന്നതിൽ വഴി തിരിവ് പത്രം വഴി തിരിഞ്ഞുതന്നെയാണ് പോകുന്നത് .ബ്രദർഹുഡുംഅവരുടെ രാഷ്ട്രീയ മുഖമായ ജസ്റ്റിസ് ആൻറ് ഫ്രീഡം പാർട്ടിയും മാത്രമാണ് ശരിയെന്ന’മാധ്യമ’വിലയിരുത്തൽ തെറ്റാണ് .മുർസിക്കെതിരെ സൈന്യം ഇടപെട്ടത് രാജ്യം രക്ത രൂക്ഷിതകലാപത്തിന് വേദിയാകുമെന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് .ഏകാതിപതി ഹുസ്നിമുബാറക്കിനെ പുറത്താക്കാൻ തെരുവിലിറങ്ങിയ യുവ സഞ്ചയം തന്നെയാണ് മുർസിയോട്പുറത്ത്പോകാൻ ആക്രോശിച്ച് തെരുവിലിറങ്ങിയത് .ഈജിപ്ത് ജനതയെ ഇതിന് പ്രേരിപിച്ചകാരണങ്ങളെ ‘ മാധ്യമം ‘ഒളിച്ചു വെക്കുന്നു .ഭരണമേറ്റെടുത്ത് ഒരു വർഷമായിട്ടും ജനങ്ങളുടെഅടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പോലും മുർസി പരാജയമായിരുന്നു .

    ‘ബ്രദർഹുഡ് വൽക്കരണമായിരുന്നു ‘മുർസിയുടെ പ്രധാന അജണ്ട.ഉദാഹരണത്തിന് ഭരണഘടനാ പരിഷ്കരണത്തിന് മുർസി ചുമതലപെടുത്തിയ 81 അംഗങ്ങളിൽ മഹാഭൂരിപക്ഷവും ബ്രദർഹുഡ് ആശയക്കാരായിരുന്നു . ജാനങ്ങളാൽ തിരഞ്ഞെടുക്കപെട്ട മുർസിജനാഭിലാഷം പൂർത്തിയാക്കുന്നതിൽ പരാജയപെട്ടപ്പോൾ ഹുസ്നി മുബാറക്കിനെതിരെയുള്ള ജനമുന്നേറ്റതേക്കാൾ വലിയ ബഹുജന പ്രക്ഷോപം മുർസിക്കെതിരെ ഉണ്ടായി .നിരവധിവിശേഷാധികാരമുള്ള ഈജിപ്തിലെ സൈന്യത്തിന് ഇത് നോക്കിനിൽകാനാവില്ലായിരുന്നു .സൈന്യംമുർസിക്ക് അന്ത്യശാസനം നൽകി ,അത് നിരാകരിച്ചപ്പോൾ മുർസിയെ പുറത്താക്കി . ഇനിഏതായാലും ഒരു ശാന്തത നിലവിൽ വരുവോളം ഈജിപ്തിന്റെ കാര്യം സൈന്യംനോക്കട്ടെ .പിന്നിട്തിരഞ്ഞെടുപ്പും ആവാമല്ലോ ?പിന്നെ എല്ലാറ്റിനു പിന്നിലും അമേരിക്കയാണെന്ന വാദവും തെറ്റാണ്.”ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളോടുള്ള അമേരിക്കയുടെ സമീപനം കൂടുതൽ കൂടുതൽമൃദുവായികൊണ്ടിരിക്കുകയാണ് താലിബാനോടുള്ള ശത്രുതാ പരമായ നിലപാട് മാറുന്നത് നാം കാണുന്നു .അങ്ങേനെയൊരു കാലത്ത് ബ്രതർഹുഡിനെ എതിർകേണ്ട ഒരാവിശ്യം അമേരിക്കകില്ല”ഇങ്ങിനെ നിരീക്ഷിച ത് പ്രമുഖ സാമ്രജത്യ വിരുദ്ധ പോരാളിയും ,അമേരിക്കയുടെ വിദേശനയങ്ങളെ പലപ്പോഴും നിശിദമായി വിമർശിക്കാറുമുള്ള ആക്ടിവിസ്റ്റ് ഡോ ഷരീഫ സുഹൂറാണ്.സൗദി യുടെ അബ്ദുല്ലാ രാജാവും യു എ ഇ ,ബഹ്‌റൈൻ തുടങ്ങിയ അറേബ്യൻ രാഷ്ട്രങ്ങളുംഈജിപ്തിലെ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. അവസാനമായി ,ആഗസ്റ്റ് 18 ലെ എഡിറ്റോറിയം കോളത്തിൽ അൽബറാദിയെ കണക്കറ്റ് പരിഹസിച്ച ശേഷം അദേഹത്തിന് ലഭിച്ച നോബൽ പുരസ്ക്കാരം പാശ്ചാത്യ -സാമ്രാജ്യത്യ കൂട്ടിനുള്ള സമ്മാനമായി വിലയിരുത്തുന്നുണ്ട് .മാധ്യമം പലപ്പോഴും പുകഴ്ത്താറുള്ള തവക്കുൽ കർമാനിക്കും നോബൽ പുരസ്ക്കാരം കൊടുത്തത് അൽബറാദിക്ക് കൊടുത്ത അതെ അക്കാദമി തന്നെയാണല്ലോ ?.കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമം നിലപാട് പേജിൽ വന്ന ഇബ്രാഹിം ടോറാന്റ ,ടി ആരിഫലി ,മൻസൂർ തുടങ്ങിയവരുടെ ലേഖനങ്ങൾ ഏകപക്ഷിയമാണെന്ന് പറയാതെ വയ്യ .

    റഷീദ് തെന്നല ,മലപ്പുറം

    • subair  September 7, 2013 at 8:10 pm

      ഇപ്പോഴെങ്കിലും രിസാലാക്ക് കാര്യം മനസ്സിലായി കാണുമല്ലോ. അല്ലെങ്കിലും നിങ്ങള്ക്ക് വലുത് ജമാ’അത്ത് വിരോധമാണല്ലോ

  2. muhammed ashraf  September 6, 2013 at 3:42 pm

    മാധ്യമം മാത്രമല്ല. തേജസ്സും ബ്രതെര്‍ ഹുഡിനെ മഹത്വ വല്ക്കരിക്കാന്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. ആഗോള ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആശയപരമായ ഇന്ത്യന്‍ പതിപ്പ് തന്നെയാണ് ഈ രണ്ടു പത്രങ്ങളും അവയെ പോറ്റുന്ന സംഘടനകളും.

  3. Abu Muzammil  September 8, 2013 at 9:25 am

    മുര്‍സി ഭരണത്തില്‍ വ്യാവസായിക രംഗത്ത് വന്‍നേട്ടമെന്ന് പത്രങ്ങള്‍

    03. Sep, 2013 – 15:48

    By:

    Islam Onlive

    EGYPT

    WORLD WIDE

    കൈറോ : ഈജിപ്തില്‍ മുര്‍സി ഭരണകൂടത്തെ അട്ടിമറിച്ച സൈനിക നടപടി രണ്ട് മാസം പിന്നിടുന്ന വേളയില്‍ ഈജിപ്തിലെ സര്‍ക്കാര്‍ പത്രങ്ങളില്‍ മുര്‍സി ഭരണകൂടത്തിന് പ്രശംസ. രാജ്യത്ത് സാമ്പത്തിക വര്‍ദ്ധനവ് ഉണ്ടാക്കുന്നതില്‍ മുര്‍സി ഭരണകൂടം നടത്തിയ പരിശ്രമങ്ങളെയാണ് സര്‍ക്കാര്‍ പത്രങ്ങള്‍ പ്രശംസിച്ചത്. കഴിഞ്ഞ അമ്പത് വര്‍ഷത്തിനടിയില്‍ ആദ്യമായി 2013 ന്റെ അദ്യ പകുതിയില്‍ ഈജിപ്ത് വ്യാവസായിക മിച്ചം കൈവരിച്ചതായി അല്‍ അഹ്‌റാം പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ വ്യാവസായിക രംഗത്ത് 15 ബില്യണ്‍ പൗണ്ട് ലാഭം കൈവരിക്കാന്‍ ഈജിപ്തിനായതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. കയറ്റു മതി രംഗത്ത് 90.5 ബില്യണ്‍ പൗണ്ടായി ഉയര്‍ന്നപ്പോള്‍ 75 ബില്യണ്‍ പൗണ്ടിന്റെ ഇറക്കുമതിയാണ് രാജ്യത്ത് നടന്നത്. വ്യാവസായിക മേഖലയിലെ ലാഭ വിഹിതം 15 ബില്യണ്‍ പൗണ്ടായി ഉയര്‍ത്താന്‍ സാധിച്ചത് പ്രസിഡന്റ് മുര്‍സിയുടെയും പ്രധാനമന്ത്രിയായിരുന്ന ഹിശാം ഖന്‍ദിലിന്റെയും പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് മുന്‍ വ്യവാസായ മന്ത്രി ഹാത്തിം സ്വാലിഹ് അഭിപ്രായപ്പെട്ടു. അമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് വ്യാവസായിക രംഗത്ത് രാജ്യം ഇത്രയും വലിയ നേട്ടം ഉണ്ടാക്കുന്നതെന്നും, കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയിലും വ്യാവസായിക ലാഭം നേടാന്‍ സാധിച്ചത് മന്ത്രി സഭയുടെ കൂട്ടായ പ്രയത്‌നം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login