ചുവന്നൊഴുകുന്ന നൈല്‍

ചുവന്നൊഴുകുന്ന നൈല്‍

അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഒരു രഹസ്യം പുറത്ത്വിടുന്നുണ്ടെങ്കില്‍ അതിന്‍റെ പിന്നില്‍ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരിക്കും. ആഗസ്റ്റ് മധ്യത്തോടെ ചരിത്ര പ്രധാനമാകുന്ന ഒരു രഹസ്യം പുറത്തുവിട്ടത് ഈജിപ്ത് ലോകമീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്പോഴാണ്. 1953ല്‍ ഇറാനിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുസദ്ദിഖിന് എതിരെ അരങ്ങേറിയ സൈനിക അട്ടിമറിക്ക് പിന്നില്‍ സിഐഎ ആണെന്നായിരുന്നു വെളിപ്പെടുത്തല്‍. മുസദ്ദിഖ് ചെയ്ത അപരാധം, ബ്രിട്ടീഷ് ആംഗ്ലോ ഇറാനിയന്‍ കന്പനി ദേശസാല്‍ക്കരിച്ചതാണ്. 1979ലെ ഇസ്ലാമിക വിപ്ലവം വരെ പടിഞ്ഞാറന്‍ പാവ ഷാ പഹ്ലവി ഇറാന്‍ വാഴുന്ന പശ്ചാത്തലം ഇതാണ്. അതോടെ നാന്ദി കുറിച്ച ശത്രുതതയാണ് ഇപ്പോഴും പശ്ചിമേഷ്യയുടെ ചക്രവാളത്തില്‍ യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍ ഘനീഭവിപ്പിക്കുന്നത് എന്ന യാഥാര്‍ത്ഥ്യമല്ല നമ്മുടെ ചര്‍ച്ചാ വിഷയം.

ഈജിപ്തില്‍ ഇഖ്വാനുല്‍ മുസ്ലിമീന്‍റെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ ജൂലൈയില്‍ പട്ടാളത്തെ കൊണ്ട് അട്ടിമറിപ്പിച്ചതിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അമേരിക്ക പ്രചരിപ്പിക്കുന്നതിനിടയിലാണ് അറുപത് വര്‍ഷം മുന്പ് നടന്ന മറ്റൊരു അട്ടിമറിയുടെ കുറ്റസമ്മതം. സിഐഎയുടെ ഈ നടപടി നിഷ്കളങ്കമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് കരുതുന്നില്ല. ഒരു പക്ഷേ, അര നൂറ്റാണ്ടുകഴിഞ്ഞായിരിക്കും മുര്‍സി സര്‍ക്കാറിനെ താഴെയിറക്കിയത് തങ്ങള്‍ രചിച്ച തിരക്കഥക്കനുസൃതമായിരുന്നെന്ന് സിഐഎ വരുംതലമുറയോട് വിളിച്ചു പറയുക.

മുസ്ലിം ബ്രദര്‍ഹുഡ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ അതിനെ ഗളച്ഛേദം നടത്താന്‍ അമേരിക്ക അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടായിരുന്നുവെന്നത് പകല്‍പോലെ പരസ്യമാണ്. എന്നിട്ടും ഈജിപ്തിലെ പട്ടാള അട്ടിമറിയുടെ പാപഭാരത്തില്‍ നിന്ന് കൈകഴുകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഒബാമ ഭരണകൂടം. പട്ടാളം കൈറോവില്‍ പ്രതിഷ്ഠിച്ച ഭരണകൂടത്തോട് തങ്ങള്‍ക്ക് അശേഷം മമതയില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള വിലകുറഞ്ഞ അടവിന്‍റെ ഭാഗമായി ഈജിപ്തിന്‍റെ ദാസ്യമനോഭാവത്തിന് 1973 തൊട്ട് നല്‍കിവരുന്ന 1.5 ബില്യന്‍ ഡോളറിന്‍റെ പ്രതിവര്‍ഷ സഹായം റദ്ദാക്കുമെന്ന കിംവദന്തി പരത്തുകയാണിപ്പോഴവര്‍. അമേരിക്കക്ക് ഈജിപ്തിന്‍റെ മേലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെടുകയാണോ എന്ന് രാഷ്ട്രീയ നിരീക്ഷകരെ കൊണ്ട് ചോദിപ്പിക്കുന്ന കാപട്യം സാമാന്യ ബുദ്ധിയുള്ളവര്‍ തിരിച്ചറിയാതെ പോകില്ലെന്നുറപ്പാണ്. അറബ്ഇസ്ലാമിക ലോകത്തിന്‍റെ ധൈഷണിക ഭൂമികയായി വാഴ്ത്തപ്പെടാറുള്ള ഈജിപ്ത് ഇന്നകപ്പെട്ട പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി എന്ന് ചോദിച്ചാല്‍ ഉത്തരം വ്യത്യസ്തമാവാം. മുസ്ലിം ബ്രദര്‍ഹുഡിന്‍റെ ദീര്‍ഘവീക്ഷണമില്ലാത്ത കാല്‍വെപ്പുകള്‍ ജനരോഷം ക്ഷണിച്ചുവരുത്തി എന്നത് അവിതര്‍ക്കിതമായ സംഗതിയാണ്. അധികാരത്തോടുള്ള ആക്രാന്തം കൊണ്ടാവാം, ഭരണച്ചെങ്കോല്‍ കൈയില്‍ കിട്ടിയതോടെ പരിസരം മറന്ന് ഇസ്ലാമിസത്തെ നിഖില മേഖലകളിലും പ്രതിഷ്ഠിക്കാന്‍ ആവേശം കാണിച്ചു. ടുണീഷ്യന്‍ നേതാവ് റാഷിദ് ഗനൂഷി മുല്ലപ്പൂവിപ്ലവം വിരിഞ്ഞു തുടങ്ങിയ കാലത്ത് തന്നെ ഓര്‍മിപ്പിച്ച ഒരു മുന്നറിയിപ്പുണ്ടായിരുന്നു. ഇഖ്വാനുല്‍ മുസ്ലിമീന് മാറിയ കാലത്തോട് ഫലപ്രദമായി സംവദിക്കാന്‍ കഴിയണമെങ്കില്‍ പ്രസ്ഥാനത്തിന്‍റെ ചിന്താഗതിയില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന്. എണ്‍പത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കൈവന്ന അധികാരം ശതാവധാനതയോടെ കൈകാര്യം ചെയ്യുന്നതിന് പകരം, ഭിന്ന അഭിരുചിക്കാരെ ഞൊടിയിടയില്‍ പ്രകോപിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചതെന്ന വിമര്‍ശനം തള്ളിക്കളയാനാവില്ല. സലഫികളുടെ രാഷ്ട്രീയ വേദിയായ അല്‍നൂര്‍ പാര്‍ട്ടി, തിരഞ്ഞെടുപ്പ് ഗോദയില്‍ മുഖാമുഖം ഏറ്റുമുട്ടിയെങ്കിലും ബ്രദര്‍ഹുഡ് മന്ത്രിസഭയില്‍ പങ്കാളിയാവാന്‍ മുന്നോട്ടുവന്നത് ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരം പോഷിപ്പിക്കുന്നതിന് ഉതകുന്ന ഒരു നീക്കമായിരുന്നു. പക്ഷേ, വളരെ പെട്ടെന്ന് തന്നെ, അവരെ ശത്രുപക്ഷത്തേക്ക് തള്ളിവിടുന്ന സമീപനങ്ങളാണ് പ്രസിഡന്‍റ് മുര്‍സിയുടെ ഭാഗത്തു നിന്നുണ്ടായത്. വിദ്യാഭ്യാസം, സാന്പത്തികം തുടങ്ങിയ പ്രധാന വകുപ്പുകള്‍ ചോദിച്ചപ്പോള്‍ അപ്രധാനമെന്ന് അവര്‍ക്ക് തോന്നിയ പരിസ്ഥിതി വകുപ്പ് നല്‍കി അവരെ വേദനിപ്പിച്ചു. അല്‍നൂറിന്‍റെ തലമുതിര്‍ന്ന നേതാവായ ഖാലിദ് ആലംദീനിനെ ഉപദേശക പദവിയില്‍ നിന്ന് മുര്‍സി നിഷ്കാസിതനാക്കിയത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കി. ഒടുവില്‍ മുര്‍സിക്കെതിരെ തെരുവുകള്‍ ആളിക്കത്തിയപ്പോള്‍ പ്രക്ഷോഭകരോടൊപ്പം അല്‍നൂറിന്‍റെ പ്രവര്‍ത്തകരും അണിനിരന്നു എന്നത് മൊത്തം നാണക്കേടായി. ഇഖ്വാനും അല്‍നൂറും തമ്മില്‍ മതകീയ വിഷയങ്ങളില്‍ വേര്‍തിരിയുന്ന രേഖ അതിലോലമാണെങ്കിലും, കര്‍മപഥത്തില്‍ ഭിന്നധ്രുവങ്ങളിലാണെന്ന് വരുത്തിത്തീര്‍ത്തത് വിനയായത് ഇഖ്വാനു തന്നെയാണ്.

ഇസ്ലാമികാശയങ്ങള്‍ കൊണ്ട് രാഷ്ട്രീയ കര്‍മപഥം രൂപപ്പെടുത്തിയവര്‍ക്കെല്ലാം ആധുനിക കാലത്ത് മാതൃക തുര്‍ക്കിയായിരുന്നു. സെക്കുലര്‍ കമാലിസ്റ്റ് തുര്‍ക്കിയില്‍ അര്‍ബകാന്‍ എന്ന പ്രായോഗിക വാദിയായ ഇസ്ലാമിക രാഷ്ട്രീയക്കാരന്‍ പരീക്ഷിച്ചു ജയിച്ച രാഷ്ട്രീയ തന്ത്രങ്ങളുടെ മുഖമുദ്ര സംയമനവും ക്ഷമയുമായിരുന്നു. ഒരു പ്രഭാതത്തില്‍ കമാലിസ്റ്റ് സെക്കുലര്‍ ജീര്‍ണതകളുടെ മേല്‍ ഇസ്ലാമിനെ അടിച്ചേല്‍പിക്കാന്‍ മെനക്കെടാതെ കൃത്യമായ ചുവടുവെപ്പിലൂടെ, സമാധാനപരമായി നീങ്ങിയപ്പോള്‍ കാലം അദ്ദേഹത്തിന് മുന്നില്‍ സാധ്യതകളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കുകയായിരുന്നു. അങ്ങനെയാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍റെയും അബ്ദുല്ലാ ഗുല്ലിന്‍റെയും രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്നില്‍ അങ്കാറയുടെ രാഷ്ട്രീയം കീഴടങ്ങുന്നത്. സാന്പത്തികമായ കുതിച്ചുചാട്ടം നടത്തുകയും യൂറോപ്പിലെ ഏറ്റവും ചടുലതയുള്ള രാജ്യമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്പോഴും, അന്തരാത്മാവില്‍ ഇസ്ലാമികാവേശം സന്നിവേശിപ്പിക്കാന്‍ ഉര്‍ദുഗാന്‍ കാണിച്ച കൗശലത്തിന്‍റെ നാലയലത്ത് പോലും മുര്‍സിക്ക് എത്താന്‍ കഴിഞ്ഞില്ല എന്നത് വലിയൊരു ദുരന്തം തന്നെയായിരുന്നു.

ക്രമാനുഗതമായ ചുവടുവെപ്പിലൂടെയല്ല, പ്രത്യുത ഒരു വിപ്ലവത്തിന്‍റെ വിസ്ഫോടനങ്ങളിലൂടെയാണ് തങ്ങള്‍ക്ക് അധികാരം കൈയാളാന്‍ അവസരം ലഭിച്ചതെന്ന പരമാര്‍ത്ഥം മറന്നിടത്താണ്, പടിഞ്ഞാറന്‍ കുതന്ത്രങ്ങള്‍ വിജയിക്കുന്നത്. തഹ്രീക് സ്ക്വയറില്‍ നിന്ന് വിജയാഹ്ലാദത്തോടെ തിരിച്ചുപോയ ജനലക്ഷങ്ങളെ വീണ്ടും തെരുവിലിറക്കാന്‍, വന്‍ ശക്തികളുടെ കുബുദ്ധിയും പണവും വല്ലാതെ സ്വാധീനിച്ചിട്ടുണ്ടാവാമെങ്കിലും, പല കാര്യങ്ങളിലും മുര്‍സി ഭരണകൂടം വടികൊടുത്തു അടിവാങ്ങുകയായിരുന്നു. മുബാറകിന്‍റെ സ്വേഛാധിപത്യത്തിന് എതിരെ മുഷ്ടിചുരുട്ടിയ അതേ കലാകാരന്മാരും ബുദ്ധിജീവികളും എന്തുകൊണ്ട് ഇന്ന് പട്ടാളത്തിന്‍റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ അനുകൂലിക്കുന്നുവെന്ന ചോദ്യത്തിന് ഇഖ്വാന്‍റെ നേതാക്കള്‍ തന്നെയാണ് മറുപടി പറയേണ്ടത്. അറബ് ലോകത്തിന്‍റെ മസ്തിഷ്കം സ്ഥിതി ചെയ്യുന്നത് നൈലിന്‍റെ തീരങ്ങളിലാണ്. അന്‍വര്‍ സാദത്തും ഹുസ്നി മുബാറക്കും വളര്‍ത്തിയെടുത്ത മതവിരുദ്ധ, ധൈഷണിക ചേരിയാണ് ഇന്നും കലയുടെയും സംസ്കാരത്തിന്‍റെയും പതാകവാഹകരായി ഈജിപ്ഷ്യന്‍ ജനതയുടെ ഹൃദയ താളങ്ങളെ നിയന്ത്രിക്കുന്നത്. ആ വിഭാഗത്തെ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നതിന് പകരം മുര്‍സി ഭരണകൂടം വേദനിപ്പിച്ചു വിട്ടു. മുബാറക്കിന്‍റെ പത്നി സൂസന്നിയുടെ പിണിയാളായി വര്‍ത്തിച്ച മന്ത്രി ഫാറൂഖ് ഹുസ്നിയെ മാറ്റി, തല്‍സ്ഥാനത്ത് അലി അബ്ദുല്‍ അസീസിനെ പ്രതിഷ്ഠിച്ചത് കലാ സാംസ്കാരിക രംഗത്തുണ്ടാക്കിയ അതൃപ്തി ചെറുതായിരുന്നില്ല.

ഒരു വര്‍ഷം കൊണ്ട് ഇഖ്വാന്‍ സാരഥികള്‍ പല വിഭാഗങ്ങളുടെയും വിദ്വേഷം ഇരന്നു വാങ്ങി. ജനാധിപത്യമെന്നാല്‍ കേവലം തെരഞ്ഞെടുപ്പു വിജയമല്ല എന്ന വലിയ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ മതാവേശ പ്രോക്തരായ നേതാക്കള്‍ക്ക് ചുവടുപിഴച്ചു. ആ പിഴവ് ചെറുതാവാമെങ്കിലും മുതലെടുക്കാന്‍ യുഎസ് സയണിസ്റ്റ് ലോബി പിറകില്‍ തന്നെയുണ്ടെന്ന യാഥാര്‍ത്ഥ്യം ഇവര്‍ മറന്നു. ആ മറവിക്കാണ് രക്തം കൊണ്ടും കബന്ധങ്ങള്‍ കൊണ്ടും ഇവര്‍ കണക്ക് തീര്‍ക്കുന്നത്. പല തവണ ചുവന്ന നൈല്‍ വീണ്ടും ചുവന്നിരിക്കുന്നു. ഫറോവയുടെ ഭൂമിക്ക് ഇനിയും കുറെ ദുരന്തകഥകളും വഞ്ചനയുടെ ചരിത്രവും വിരചിക്കാനാണ് വിധിയെന്ന് വിചാരിക്കുകയേ നിര്‍വാഹമുള്ളൂ.

ശാഹിദ്

You must be logged in to post a comment Login