ഒരു നവലിബറല്‍വാദി ആദരിക്കപ്പെടുമ്പോള്‍

ഒരു നവലിബറല്‍വാദി  ആദരിക്കപ്പെടുമ്പോള്‍

ആസൂത്രണകമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. മൊണ്ടക്സിങ് അലുവാലിയക്ക് ഡിലിറ്റ് നല്‍കി ആദരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും അക്കാദമിക രംഗത്തെ ദേശീയ താല്‍പര്യങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.

തിരഞ്ഞെടുക്കപ്പെട്ട സെനറ്റ് രൂപീകരിക്കാതെ സര്‍വകലാശാല വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും സെനറ്റിന്‍റെ അധികാരമുപയോഗിച്ചാണ് പട്ടിണി വിളയിക്കുന്ന സാന്പത്തികനയങ്ങളുടെ സൂത്രധാരനും പ്രയോക്താവുമായ അലുവാലിയക്ക് ഡിലിറ്റ് നല്‍കുവാന്‍ തീരുമാമെടുത്തത്. നവലിബറല്‍ നയങ്ങളുടെ ഇന്ത്യയിലെ നടത്തിപ്പുകാരനായ ഈ ആസൂത്രണ വിദഗ്ധന്‍ ആഗോള ഫിനാന്‍സ് മൂലധനത്തിന്‍റെ ഭ്രമണപഥങ്ങളിലേക്ക് ഇന്ത്യന്‍ സന്പദ്ഘടനയെ വിക്ഷേപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സാന്പത്തിക ശാസ്ത്രജ്ഞനാണ്.

സാമ്രാജ്യത്വ മൂലധനത്തിന്‍റെ വ്യാപനതാല്‍പര്യങ്ങളെ സ്വകാര്യവത്കരണ, ഉദാരവല്‍കരണ നയങ്ങളിലൂടെ സേവിക്കുന്ന നവലിബറല്‍ പണ്ഡിതന്മാരും ഭരണകൂടങ്ങളും വളര്‍ച്ചയും സമൃദ്ധിയും ദാരിദ്ര്യത്തിന്‍റെ തുരുത്തുകളെ ഇല്ലാതാക്കുമെന്നാണ് എല്ലാകാലത്തും വാദിച്ചുപോന്നിട്ടുള്ളത്.

അലുവാലിയമാര്‍ ഇത്തരം വാദങ്ങളിലൂടെയാണ് സാമ്രാജ്യത്വ ആശയങ്ങളില്‍ വലിയൊരു വിഭാഗം ബുദ്ധിജീവികളെയും അക്കാദമിക് സമൂഹത്തെയും വ്യാമുഗ്ധരാക്കിത്തീര്‍ക്കുന്നത്. ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങളെ ഉല്‍പാദന വിപണനരംഗത്ത് സ്വാംശീകരിച്ചെടുത്തുകൊണ്ടാണ് ആഗോള ഫൈനാന്‍സ് മൂലധന വ്യവസ്ഥയും അതിന്‍റെ നായകനായ അമേരിക്കന്‍ കോര്‍പറേറ്റ് കുത്തകളും സ്വതന്ത്ര മത്സരത്തെയും സ്വതന്ത്ര വിപണിയെയും കുറിച്ച് വാചകമടിക്കുന്നത്.

സ്വതന്ത്ര വിപണി വാദത്തിന്‍റെ മൗലിക വാദവാക്താക്കളായ അലുവാലിയയെപ്പോലുള്ളവര്‍ മറച്ചുപിടിക്കുന്നത് ഉല്‍പാദനക്രമത്തിനകത്തെ സാങ്കേതിക സാന്ദ്രമായ ഒരു വ്യവസ്ഥയും ആപേക്ഷികമായി സാങ്കേതിക സാന്ദ്രത കുറഞ്ഞ തരത്തിലുള്ള ഒരു വ്യവസ്ഥയും തമ്മിലുള്ള സ്വതന്ത്ര മത്സരം ഇന്ത്യപോലുള്ള മൂന്നാം ലോക ദേശീയ സമൂഹങ്ങളില്‍ നിന്നുള്ള മൂല്യം സാന്ദ്രത കൂടിയ സാമ്രാജ്യത്വ രാജ്യങ്ങളിലേക്ക് വലിച്ചെടുക്കുന്നുവെന്ന സാന്പത്തിക ശാസ്ത്ര യാഥാര്‍ത്ഥ്യത്തെയാണ്. നവലിബറല്‍ ആഗോളവത്കരണമെന്നത് ഇന്ത്യപോലുള്ള ദേശീയ രാഷ്ട്രീയ സമൂഹങ്ങളുടെ അപദേശീയവത്കരണവും നവകോളനിവത്കരണവും മാത്രമാണ്.

ലോകബാങ്കും ഐഎംഎഫും മുന്നോട്ടുവെക്കുന്ന ഘടനാപരിഷ്കാരങ്ങള്‍ ലോക വാണിജ്യ സംഘടന മുന്നോട്ടുവെക്കുന്ന ട്രിപ്സും ട്രിമ്സും എല്ലാം സ്വതന്ത്രവിപണി വാദത്തിന്‍റെയും സ്വതന്ത്ര മത്സരത്തിന്‍റെയും വീണ്‍വാക്കുകള്‍ക്ക് പിറകില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കുത്തകാധിപത്യത്തിന്‍റെയും ദേശീയ അടിമത്വത്തിന്‍റെയും ദ്രംഷ്ടകളാണ്. കഴുത്തറപ്പന്‍ മത്സരത്തിന്‍റെ നീതിശാസ്ത്രമാണ് നവലിബറല്‍ മുതലാളിത്തത്തിന്‍റേത്.

അലുവാലിയയെപ്പോലുള്ള സാന്പത്തിക ശാസ്ത്രജ്ഞരും നയരൂപീകരണ കര്‍ത്താക്കളും ആഗോള ഫൈനാന്‍സ് മൂലധനത്തിന്‍റെ പേ റോളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാംലോക ദേശീയതയുടെയും മുതലാളിത്തേതര വികസനപാതയുടെയും ഘാതകന്മാരാണ്.

1980കളില്‍ താച്ചറിസമെന്നപേരിലും റീഗണോമിക്സ് എന്ന പേരിലും ഉദ്ഘാടനം ചെയ്യപ്പെട്ട നവലിബറല്‍ നയങ്ങളുടെ ചിന്താപരമായ ഉപജ്ഞാതാക്കള്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ പോലുള്ള അമേരിക്കന്‍ സര്‍വകലാശാലകളായിരുന്നു.

അമേരിക്കന്‍ മൂലധന ഭീമന്മാര്‍ തങ്ങളുടെ നവകൊളോണിയല്‍ നയങ്ങള്‍ പരീക്ഷിച്ചെടുത്തത് ലാറ്റിനമേരിക്കന്‍ നാടുകളിലായിരുന്നല്ലോ. ചിലിയില്‍ പ്രകൃതിവിഭവങ്ങളും അവിടുത്തെ ദേശീയ സന്പദ്ഘടനയും കൈയടക്കാനുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളും സിഐഎയും ചേര്‍ന്ന് നടത്തിയ സാന്പത്തിക രാഷട്രീയ സൈനിക നടപടികള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ചത് മില്‍ട്ടന്‍ ഫീഡ്മാന്‍റെ ആശയങ്ങളായിരുന്നു.

അലന്‍റെയുടെയും പാബ്ലൊ നെരൂദയുടെയും നിഷ്ഠൂരമായ കൊലപാതകത്തിനും പട്ടാള അട്ടിമറിക്കും നേതൃത്വം കൊടുത്ത ഈ നവലിബറല്‍ രാഷ്ട്രീയ സന്പദ്ശാസ്ത്ര വക്താക്കളെ ചിക്കാഗോ ബോയ്സ് എന്നു വിളിച്ചു തുടങ്ങി.

സോവിയറ്റ് യൂണിയനേയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെയും അസ്ഥിരീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മില്‍ട്ടന്‍ ഫ്രീഡ്മാന്‍റെ ശിഷ്യന്മാരായ ജഫ്രി സാക്സ്, ജോര്‍ജ് സൊറോസ് തുടങ്ങിയവരുടെ സംഘത്തിലാണ് ഡോ. മൊണ്ടാക്സിങ് അലുവാലിയ പെടുന്നത്.

രക്തപങ്കിലമായ കൂട്ടക്കൊലകളിലൂടെയും പട്ടിണി വിതക്കുന്ന സാന്പത്തിക പരിഷ്കരണങ്ങളിലൂടെയും ലോകത്തെ ശവപ്പറന്പാക്കുന്ന നവലിബറല്‍ നയരൂപീകരണ വിദഗ്ധന്മാര്‍ മാനവികതയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്ന യുദ്ധങ്ങളും വംശീയകലാപങ്ങളും ഇളക്കിവിടുന്ന അന്തര്‍ദേശീയ കുറ്റവാളികള്‍ കൂടിയാണ്. 

യൂഗോസ്ലോവ്യയുടെ തകര്‍ച്ചക്ക് ശേഷം യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഗ്രസില്‍ പ്രഫസര്‍ മറേക്ക് ഗ്ലോക്കോവ്സ്കി നടത്തിയ പ്രസംഗത്തില്‍ ലോകബാങ്ക് വിദഗ്ധനായ ജഫ്രി സാക്സിന്‍റെ അപരാധപൂര്‍ണമായ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്.
ബില്‍ഗേറ്റ്സിന്‍റെ മൈക്രോസോഫ്റ്റും റൂപ്പര്‍ട്ട് മര്‍ഡോക്കിന്‍റെ മാധ്യമശൃംഖലകളും ജഫ്രിസാക്സിനെപ്പോലുള്ള നവലിബറല്‍ പണ്ഡിതന്മാരും ചേര്‍ന്നാണ് യൂഗോ സ്ലാവ്യയയെ കല്ലോട് കല്ല് ചേരാതെ ശിഥിലീകരിച്ച് കളഞ്ഞത്.
ഗാട്ട് കരാറിന്‍റെ മുഖ്യശില്പികളില്‍ ഒരാളായ ജഗദീഷ് ഭഗവതി ഒരിക്കലും പശ്ചാത്തപിക്കാത്ത നവലിബറല്‍ വാദിയായിരുന്നു. ഉറുഗ്വവട്ടം ചര്‍ച്ചകള്‍ ഡങ്കല്‍ നിര്‍ദ്ദേശങ്ങളെ കേന്ദ്രീകരിച്ച് ആരംഭിച്ച കാലം മുതല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദേശാഭിമാനിയായ സി പി ശുക്ലയെ അമേരിക്ക സമ്മര്‍ദ്ദം മൂലം മാറ്റുകയായിരുന്നല്ലോ.

ഇന്ത്യന്‍ പാറ്റന്‍റ് നിയമത്തിന്‍റെ രൂപീകരണ സമിതിയുടെ സ്ഥിരം അധ്യക്ഷനായത് ലോകബാങ്കിന്‍റെ ബൗദ്ധിക കുത്തവകാശ സമിതിയുടെ സ്ഥിരം പ്രതിനിധിയായിരുന്ന ആര്‍ എ മശേലക്കര്‍ ആയിരുന്നു.

കോണ്‍ഗ്രസും ബിജെപിയും നേതൃത്വം കൊടുത്ത സര്‍ക്കാറുകളില്‍ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായി ഐഎംഎഫ് നോമിനി അശോക് ലാഹ്രിയെപ്പോലുള്ളവര്‍ പ്രവര്‍ത്തിച്ചിരുന്നു.

ഐഎംഎഫ് ലോകബാങ്ക് ഡബ്ലിയുടിഒ വാഴ്ചയിലേക്ക് ഇന്ത്യയെ തള്ളിവിടുന്ന നവലിബറല്‍ വാദികളാണ് നയരൂപീകരണത്തിന്‍റെയും ഭരണനിര്‍വഹണത്തിന്‍റെയും സമസ്തതലങ്ങളും കൈയടക്കിയിരിക്കുന്നത്. അഡ്വ. പ്രശാന്തഭൂഷണ്‍ വിവരാവകാശ നിയമമനുസരിച്ച് ശേഖരിച്ച വിവരങ്ങള്‍ ഇത് ഔദ്യോഗികമായിതന്നെ സ്ഥിരീകരിക്കുന്നു.

ഡോ. മന്‍മോഹന്‍സിങ്ങും അലുവാലിയയും സാമ്രാജ്യത്വത്തിന്‍റെ ഏജന്‍സികളും ചേര്‍ന്ന് ഇന്ത്യയെ അമേരിക്കന്‍ മൂലധനവ്യവസ്ഥയുടെ കോളനിയായി അധപതിപ്പിക്കുകയാണ്.

പട്ടിണിയും തൊഴിലില്ലായ്മയും കര്‍ഷകാത്മഹത്യയും പോഷകാഹാരക്കുറവും വ്യോവൃത്തിയും വര്‍ദ്ധിതമാകുന്ന അഴിമതിയും രാജ്യത്തിന്‍റെ വര്‍ത്തമാനത്തെയും ഭാവിയെയും തുറിച്ചുനോക്കുകയാണ്.

മൂലധനത്തിന്‍റെ സ്വകാര്യതാല്‍പര്യങ്ങളെ സ്വതന്ത്രവിപണി സിദ്ധാന്തങ്ങളിലൂടെ കാല്പനികവത്കരിക്കുന്ന അലുവാലിയമാര്‍ ബൂര്‍ഷ്വ സാന്പത്തിക ശാസ്ത്രത്തിന്‍റെ ഹിംസാത്മകതയ്ക്ക് വളര്‍ച്ചയുടെയും സമൃദ്ധിയുടെയും പ്രയോജകവാദ നിലപാടുകളിലൂടെ സമ്മതി നിര്‍മിക്കുകയാണ്.

അക്കാദമിക് സമൂഹത്തെയും ബുദ്ധിജീവികളെയും നവലിബറലിസത്തിന്‍റെ മായക്കാഴ്ചകളിലേക്ക് പ്രലോഭിപ്പിച്ചടുപ്പിക്കുകയാണ്. ഹാര്‍വാഡ് മാതൃകയില്‍ കാലിക്കറ്റ് സര്‍വകലാശാലയെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താമെന്ന വ്യാമോഹം സൃഷ്ടിക്കുന്നവര്‍ ഹാര്‍വാഡ് ഒരു സ്വകാര്യ സര്‍വകലാശാലയാണെന്ന യാഥാര്‍ത്ഥ്യം മറക്കുകയോ മറച്ചുപിടിക്കുകയോ ആണ്.

ആഗോളവത്കരണ നയങ്ങളുടെ സ്തുതിപാഠകരെല്ലാം 2007ല്‍ ആരംഭിച്ച സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അങ്ങേയറ്റം നിരാശരും പലരും പശ്ചാത്താപ വിവശരുമാണ്.

തൊണ്ണൂറുകളില്‍ താച്ചറിസത്തിനും റിഗണോമിക്സിനും സ്തുതിഗീതങ്ങളെഴുതി ലോകത്തിന്‍റെ വിജ്ഞാനഭണ്ഡാരത്തെ സന്പന്നമാക്കിയ ധനശാസ്ത്രജ്ഞന്മാര്‍ കുന്പസാരക്കൂട്ടിലാണ്.

പോള്‍ സാമുവല്‍സിനെപ്പോലുള്ള ധനശാസ്ത്രജ്ഞര്‍ ആഗോളവത്കരണം അസമത്വങ്ങളുടെ ധാരാളിത്തമാണ് സൃഷ്ടിച്ചതെന്ന് കുറ്റസമ്മതം നടത്തുന്നു.

ജോസഫ് സ്റ്റിഗ്ലിറ്റ്സ് അസമത്വങ്ങളുടെ വിളനിലമാക്കി ഈ ഭൂമിയെ നവലിബറല്‍ നയങ്ങള്‍ അധഃപതിപ്പിച്ചു കഴിഞ്ഞു എന്നാണ് സാന്പത്തിക പ്രതിസന്ധിയെ വിശകലനം ചെയ്തുകൊണ്ട് രോഷപൂര്‍വം എഴുതിയത്.

ചാള്‍സ് ബര്‍ബര്‍ ധനമൂലധനത്തിന്‍റെ അമിത വളര്‍ച്ച സാന്പത്തിക വ്യവസ്ഥയെതന്നെ ഊഹവ്യാപാരമായി മാറ്റുകയാണെന്നും കോര്‍പറേറ്റുകളുടെ ധനാര്‍ത്തിക്കുമുന്പില്‍ മാനവികതയുടേതായ എല്ലാം ഭരണകൂടങ്ങള്‍ കൈയൊഴിയുകയാണെന്നുമാണ് നവലിബറല്‍ ഭരണകൂടങ്ങളെ വിചാരണചെയ്തു കൊണ്ട് പ്രസ്താവിച്ചത്.

നവലിബറല്‍ നയങ്ങളുടെ മുന്‍നിര വക്താവായ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്‍റെ മേധാവിയായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ സ്വതന്ത്രവിപണി വ്യവസ്ഥയെന്നത് സ്വന്തം ഓഹരിക്കാരെയും കന്പനികളെപ്പോലും സംരക്ഷിക്കാന്‍ കഴിയാത്ത അബദ്ധപൂര്‍ണമായൊരു സാന്പത്തിക ക്രമമാണെന്നാണ് കുറ്റബോധത്തോടെ സമ്മതിച്ചത്.

നോം ചോംസ്കി ആഗോളവത്കരണ നയങ്ങള്‍ അതിന്‍റെ പറുദീസയായ അമേരിക്കയില്‍ പോലും പരാജയപ്പെട്ടതായി എഴുതിയിട്ടുണ്ട്. നവലിബറലിസം മുതലാളിത്തത്തെപോലും സംരക്ഷിക്കാനാവാത്തവിധം പരാജയപ്പെട്ട വ്യവസ്ഥയാണ്.

അതിന്‍റെ പ്രത്യയശാസ്ത്രകാരന്മാര്‍ ആഗോള ചിന്താമണ്ഡലങ്ങളില്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്കും വിചാരണക്കും വിധേയമാക്കപ്പെടുന്ന കാലത്ത് കാലിക്കറ്റ് സര്‍വകലാശാല ഒരു നവലിബറല്‍ പണ്ഡിതന് ഡോക്ടറേറ്റ് നല്‍കുക വഴി സ്വയം അപമാനിക്കപ്പെടുകയാണ്. (അപൂര്‍ണം)

കെ ടി കുഞ്ഞിക്കണ്ണന്‍

You must be logged in to post a comment Login