നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍; വിളക്കണഞ്ഞിട്ട് ആറാണ്ട്

നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍; വിളക്കണഞ്ഞിട്ട് ആറാണ്ട്

ജ്ഞാനാന്വേഷണത്തിന്‍റെ വഴിക്കിറങ്ങിയ ആള്‍ക്ക് മാലാഖമാര്‍ ചിറക് താഴ്ത്തിക്കൊടുക്കുമെന്ന് റസൂലിന്‍റെ സുവാര്‍ത്തയുണ്ട്. ആ സുവാര്‍ത്ത കേട്ടിറങ്ങിയ ഉത്സുകനായ പണ്ഡിതനായിരുന്നു നെല്ലിക്കുത്ത് മുഹമ്മദലി മുസ്ലിയാര്‍. അന്വേഷണ ഫലങ്ങളുടെ വലിയൊരു നിധികുംഭം തന്നെ നമുക്കായി വിട്ടേച്ച് മുസ്ലിയാര്‍ വിടവാങ്ങിയിട്ട് ആറുവര്‍ഷം. 2007 ഓഗസ്റ്റ് ഏഴിനായിരുന്നു മുസ്ലിയാരുടെ അന്ത്യം.

മാപ്പിള ചരിത്രത്തിലെ വെള്ളിനക്ഷത്രം ശഹീദ് ആലിമുസ്ലിയാരുടെ പൗത്രനാണ് മുഹമ്മദലി മുസ്ലിയാര്‍. പിതാവ് അബ്ദുല്ലക്കുട്ടി മുസ്ലിയാരും പണ്ഡിതനായിരുന്നു; കൂട്ടത്തില്‍ അറബിയില്‍ അച്ചടിയെ വെല്ലുന്ന മനോഹരമായ കയ്യക്ഷരത്തിന്നുടമയും. ബാപ്പയുടെ കയ്യെഴുത്ത് ഗ്രന്ഥങ്ങളില്‍ പലതും മുഹമ്മദലി മുസ്ലിയാരുടെ ശേഖരത്തിലുണ്ടായിരുന്നു. അബ്ദുല്ലക്കുട്ടി മുസ്ലിയാരെക്കുറിച്ചുള്ള വിവരണങ്ങള്‍ ചരിത്ര പണ്ഡിതനായിരുന്ന ഡോ. സി കെ കരീമിന്‍റെ കേരള മുസ്ലിം ചരിത്രം, സ്ഥിതി വിവരണക്കണക്കി(മൂന്ന് ഭാഗങ്ങള്‍)ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏരിക്കുന്നന്‍ പാലത്തുമ്മൂലയിലാണ് മുഹമ്മദലി മുസ്ലിയാരുടെ തറവാട്. അവിടെയായിരുന്നു ജനനം. ചരിത്രവുമായും ഭാഷയുമായുമൊക്കെ കുടുംബത്തിനുള്ള ബന്ധമാവാം മുസ്ലിയാര്‍ക്കും വേരുകള്‍ തേടിയിറങ്ങാനുള്ള ആവേശം നല്‍കിയത്. ജീവിതകാലത്ത് പിതാമഹനായ ആലി മുസ്ലിയാര്‍ സമകാലിക ചരിത്രത്തില്‍ നടത്തിയിട്ടുള്ള ജീവത്തായ ഇടപെടല്‍ മുസ്ലിയാരെയും ഉത്സുകനാക്കി. പുരാതന മുസ്ലിം പള്ളികള്‍, മഖ്ബറകള്‍, ഖുതുബ് ഖാനകള്‍ (മുസ്ലിം ഗ്രന്ഥശാല), മുസ്ലിം തറവാടുകള്‍, മുസ്ലിം പണ്ഡിതര്‍, കേരളത്തിലെ ഇസ്ലാമിന്‍റെ ആഗമനം, വൈദേശികാധിപത്യത്തിനെതിരെയുള്ള ചെറുത്തു നില്‍പുകള്‍, ചരിത്രകാരന്മാര്‍, ഗ്രന്ഥങ്ങള്‍ തുടങ്ങിയ കാര്യങ്ങളൊക്കെ മുഹമ്മദലി മുസ്ലിയാരുടെ പരിധിയില്‍ വന്നു. കൃത്യമായ ഓര്‍മയുടെ പിന്‍ബലം കൂടിയായപ്പോള്‍ മുഹമ്മദലി മുസ്ലിയാര്‍ക്ക് വാള്യവും പേജുനന്പറും തിരഞ്ഞ് സമയം കളയേണ്ടി വന്നില്ല. മുഹമ്മദലി മുസ്ലിയാര്‍ പറഞ്ഞുവെന്ന് പറഞ്ഞാല്‍ വിസമ്മതിക്കാന്‍ ആരും ധ്യൈപ്പെട്ടില്ല. പരിധിയില്‍ വരുന്ന എന്തും അന്വേഷിച്ചാല്‍ അതുമായി ബന്ധപ്പെട്ട എല്ലാം, വര്‍ഷവും മാസവും ദിവസവും സമയവുമടക്കം പറഞ്ഞുതരും. അധിക വായനക്കും ഉറപ്പുവരുത്തുന്നതിനും എവിടെ നോക്കണമെന്നും പറയും. ഏതുനാടിനെക്കുറിച്ചും പണ്ഡിതനെക്കുറിച്ചും തറവാടിനെക്കുറിച്ചും ചോദിക്കാം. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ മുസ്ലിയാര്‍ക്ക് പറയാനുണ്ടാവും. പഴയകാല പണ്ഡിതന്മാരെപ്പോലെ കറക്കത്തിലായിരുന്നു മുസ്ലിയാര്‍. ഓരോ സ്ഥലത്തും ദിവസങ്ങള്‍ കഴിഞ്ഞുകൂടിയാണ് മുസ്ലിയാര്‍ ചരിത്രത്തിന്‍റെ ആഴങ്ങളിലേക്കിറങ്ങിയത്. ചാലിയത്തെ അസ്ഹരിയ്യ ഖുതുബുഖാന, കക്കോവ് പള്ളിയിലെയും തട്ടാങ്ങര കുട്ട്യാമു മുസ്ലിയാരുടെയും ഗ്രന്ഥശാലകള്‍ തുടങ്ങി, മുസ്ലിയാര്‍ കടന്നു ചെല്ലാത്ത ഗ്രന്ഥപ്പുരകളും ആ കരസ്പര്‍ശമേല്‍ക്കാത്ത കിതാബുകളും ഇല്ലെന്ന് പറയാം. അല്ലാമാ അഹ്മദ് കോയ ശാലിയാത്തിയുടെ അസ്ഹരിയ്യ ഗ്രന്ഥശാലയില്‍ മാത്രം മുഹമ്മദലി മുസ്ലിയാര്‍ പതിനെട്ട് ദിവസം തങ്ങിയിട്ടുണ്ട്.

അറബിയിലായിരുന്നു മുസ്ലിയാരുടെ നോട്ടുകള്‍. അതുകൊണ്ടു തന്നെ മുസ്ലിയാരുടെ കുറിപ്പുകള്‍ നോക്കാനാളില്ലാതെ കിടക്കുകയാണ്. അവയെ അര്‍ഹിക്കും വിധം സംരക്ഷിക്കുന്നതിനെപ്പറ്റി ഗൗരവതരമായ ആലോചനകള്‍ നടന്നില്ലെങ്കില്‍ ആ വിലപ്പെട്ട പുരുഷായുസ്സിന്‍റെ വലിയൊരു ദൗത്യം വൃഥാവിലായിപ്പോയതിന് സമയവും സൗകര്യവും ധനവും ഉള്ളവരൊക്കെയും ഉത്തരവാദികളാവും. മാത്രമല്ല, അതു വലിയൊരു നഷ്ടവുമായിരിക്കും. ഇക്കാര്യം പറയുന്പോള്‍ മുഹമ്മദലി മുസ്ലിയാരുടേത് മാത്രമല്ല, പല പണ്ഡിതന്മാരുടെയും വിലപ്പെട്ട നിരീക്ഷണങ്ങള്‍ ഇങ്ങനെ അവഗണിക്കപ്പെട്ടു കിടക്കുന്നുണ്ട്. ഒരു പക്ഷേ, അവരുടെ കിതാബുകളുടെ വക്കുകളില്‍, അല്ലെങ്കില്‍ പല സ്ഥലത്തും കുറിപ്പുകളായി. ഇവ സംരക്ഷിക്കാന്‍ പില്‍ക്കാലക്കാര്‍ക്ക് ബാധ്യതയുണ്ട്.

മുസ്ലിയാരുടെ കൃതികള്‍ പുറത്തുവരികയാണെങ്കില്‍ അത് കേരളമുസ്ലിം ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളിലേക്കുള്ള ഒരു വലിയ തീര്‍ത്ഥയാത്രയാവും. മുസ്ലിയാരുടെ രചനകളില്‍ കിടയറ്റത് തുഹ്ഫതുല്‍ അഖ്യാര്‍ ഫീ താരീഖി മലൈബാര്‍ തന്നെ. ഇത് പൗരാണികരും ആധുനികരുമായ രണ്ടായിരത്തി മുന്നൂറോളം കേരളീയ പണ്ഡിതന്മാരുടെ ചരിത്രം വിവരിക്കുന്നു. കൂടാതെ, തുഹ്ഫത്തുല്‍ അഖ്ലാഖ് ഫീ മുഖ്തസരി താരീഖില്‍ ഖുലഫാഅ്, ഹദിയതുല്‍ ആരിഫീന്‍, തുഹ്ഫതുല്‍ ഇഖ്വാന്‍, അശ്ശംസുല്‍ മുളീഅ; അല്‍ അശ്ആരുവശ്ശുഅറാ തുടങ്ങിയവ പ്രബല രചനകളത്രെ. ഇതില്‍ മുസ്ലിയാരുടേതായി മലയാളത്തില്‍ വന്നത് ഒരേയൊരു ഗ്രന്ഥം മാത്രമാണ്; മലയാളത്തിലെ മഹാരഥന്മാര്‍ എന്ന പേരില്‍ 1997ല്‍ പുറത്തിറങ്ങിയ പുസ്തകം; അന്തരിച്ച പി എം കെ ഫൈസിയുടെ ശ്രമഫലമായിട്ടാണ് അത് വെളിച്ചം കണ്ടത്.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏതാനും വര്‍ഷങ്ങള്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നപ്പോള്‍ പോലും അദ്ദേഹത്തിന് തിരക്കായിരുന്നു. പഠിക്കാനും പകര്‍ത്താനും വേണ്ടി ആരു വന്നാലും അവര്‍ക്കുവേണ്ടതെല്ലാം മുസ്ലിയാര്‍ പറഞ്ഞു കൊടുക്കും. അതോടൊപ്പം തന്‍റെ സാന്പത്തിക പരിമിതികള്‍ക്കകത്തു നിന്ന് നല്ല സല്‍ക്കാരവും കിട്ടും. അവശതകള്‍ പരിഗണിക്കാതെ ദൗത്യം നിര്‍വഹിച്ച നിഷ്കളങ്കനായിരുന്നു മുസ്ലിയാര്‍. തുളുന്പാത്ത നിറകുടം എന്നാണ് അന്തരിച്ച ചരിത്രകാരന്‍ കെ കെ മുഹമ്മദ് അബ്ദുല്‍കരീം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആധുനിക മാപ്പിള ചരിത്രകാരന്‍മാരില്‍ അധികപേരും അദ്ദേഹത്തോട് പലവിധേനയും കടപ്പെട്ടവരാണ്. അത് പല പുസ്തകങ്ങളുടെയും ആമുഖത്തില്‍ കാണാവുന്നതാണ്. കേരളത്തിലെ വായിക്കപ്പെടേണ്ട പല പൗരാണിക അറബി ഗ്രന്ഥകാരന്മാരെയും കുറിച്ച് മുസ്ലിയാരാണ് നമുക്ക് പറഞ്ഞു തന്നത്.

ചരിത്ര പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും വരികള്‍ക്കിടയില്‍ ഒടുക്കിത്തീര്‍ക്കേണ്ടതല്ല മുസ്ലിയാരോടുള്ള കടപ്പാട് എന്നു മാത്രം. മുസ്ലിയാരെയും അദ്ദേഹത്തിന്‍റെ ദൗത്യത്തെയും കുറിച്ചുള്ളവരുടെ അറിവിന്നായി ഓര്‍മിപ്പിച്ച് കൊള്ളട്ടെ.

എന്‍ കെ ശമീര്‍ കരിപ്പൂര്‍

You must be logged in to post a comment Login