കഅ്ബയുടെ ചൈതന്യത്തില്‍

കഅ്ബയുടെ ചൈതന്യത്തില്‍

ഖത്തറില്‍ നിന്ന് ഇഹ്റാം ചെയ്തിട്ടുണ്ട്. ഇനി ത്വവാഫും സഅ്യും കഴിഞ്ഞ് മുടി മുറിച്ചാല്‍ ഉംറ കഴിഞ്ഞു. ത്വവാഫ് ചെയ്യാനാണ് മത്വാഫില്‍ ഇറങ്ങിയത്. ത്വവാഫിന് വുളൂഅ് നിബന്ധനയാണ്. നാല് മദ്ഹബ് പ്രകാരവും സ്വഹീഹാകുന്ന വുളൂഅ് നേരത്തേ എടുത്തിട്ടുണ്ട്. തിരക്കിനിടയില്‍ ഏതെങ്കിലും സ്ത്രീയെ സ്പര്‍ശിച്ചു പോയാലോ. ഹനഫീ മദ്ഹബ് പ്രകാരം ത്വവാഫ് പൂര്‍ത്തിയാക്കാമല്ലോ. പക്ഷേ മനസ്സ് നിറയെ അല്ലാഹുവും കണ്ണ് നിറയെ കഅ്ബയും ചുണ്ടുകളില്‍ ദിക്ര്‍ ദുആകളുമാണെങ്കില്‍ പിന്നെ പുറം ലോകത്ത് നടക്കുന്ന കാര്യങ്ങളെങ്ങനെ അറിയാന്‍? ഇങ്ങോട്ട് സ്പര്‍ശനമുണ്ടായാല്‍ വുളൂഅ് മുറിയില്ലെന്ന ഒരു അഭിപ്രായം ശാഫിഈ മദ്ഹബില്‍ ഉണ്ട് താനും. തൊട്ടു എന്ന് ഉറപ്പില്ലെങ്കില്‍സംശയം മാത്രമേ ഉള്ളൂവെങ്കില്‍ ഏതായാലും വുളൂഅ് മുറിയില്ല, ശാഫിഈ മദ്ഹബ് പ്രകാരം തന്നെ.

ത്വവാഫ് തുടങ്ങണം.എങ്ങനെ? ഫത്ഹുല്‍ മുഈനിലെ ഉദ്ധരണിയാണ് മനസ്സിലേക്ക് പാഞ്ഞെത്തിയത്.

ഹജറുല്‍ അസ്വദിന്‍റെ അടുത്ത് റുക്നുല്‍ യമാനിയിലേക്കുള്ള ഭാഗത്തു നിന്ന് ഖിബ്ലയുടെ നേരെ തിരിഞ്ഞു നിന്ന് ഹജറുല്‍ അസ്വദിന്ന് നേരെ തോള്‍ വരുന്നതു വരെ നടക്കുക. തോള്‍ ഹജറിനോട് നേരെയാകുന്ന സമയത്ത് ഇടതു ഭാഗം കഅ്ബയുടെ ഭാഗത്തേക്കാക്കുക.

റുക്നുല്‍ യമാനി കണ്ടു; റുക്നുല്‍ അസ്വദും. പക്ഷേ പാരാവാരം കണക്കേ ഒഴുകിക്കൊണ്ടിരിക്കുന്ന ഈ ജനസഞ്ചയത്തിനു നടുവില്‍ കഅ്ബക്കു നേരെ തിരിഞ്ഞ് ഇങ്ങനെ ഒരു നടത്തം സാധ്യമാണോ? തിരക്കില്ലാത്ത അവസരങ്ങളില്‍ സാധ്യമായിരിക്കാം. പക്ഷേ ചില കാര്യങ്ങളൊക്കെ അവിടെ ചെന്ന് ശീലിക്കണം എന്ന് മുതിര്‍ന്നവര്‍ പറയുന്നതിന്‍റെ വസ്തുത എനിക്ക് അപ്പോഴാണ് മനസ്സിലായത്. എങ്കിലും ഒരു വിഫല ശ്രമം നടത്തി നോക്കി. പക്ഷേ കഴിയുന്നില്ല.
ഫത്ഹുല്‍ മുഈന്‍ പറഞ്ഞത് പരിപൂര്‍ണ്ണ രൂപമാണ്. പരമാവധി പൂര്‍ണ്ണമായി ചെയ്യാനേ ആവൂ, ഏത് അനുഷ്ഠാനവും. ജനങ്ങളെ, നിയമപാലകരെ, സ്ത്രീകളെ, രോഗികളെ, വൃദ്ധരെ, നിസ്കരിക്കുന്നവരെ, വീല്‍ചെയറുകാരെ എല്ലാം പരിഗണിക്കേണ്ടതുണ്ട്.

ഏതായാലും നിയ്യത് ചെയ്തു:
നവൈതു ത്വവാഫല്‍ ഉംറതി സബ്അന്‍ ലില്ലാഹി തആലാ…
റുക്നുല്‍ അസ്വദില്‍ നിന്നാണ് ത്വവാഫ് തുടങ്ങേണ്ടത്. അപ്പോള്‍ നിയ്യതുണ്ടായിരിക്കുകയും വേണം. റുക്നിന്‍റെ നേരെ ഒരു പച്ച ലൈറ്റ് കാണാം. അതിന്‍റെ നേരെയെത്തി എന്നാല്‍ റുക്നിന്‍റെ നേരെയാണ് എന്നാണര്‍ത്ഥം. നിയ്യത് വിട്ടിട്ടില്ല. മെല്ലെ നടന്നു. അതെ, ഇപ്പോള്‍ റുക്നുല്‍ അസ്വദിന്‍റെ നേരെയാണ്.ഇനി?
ഹജറുല്‍ അസ്വദ് തൊട്ട് മുത്തണം! ത്വവാഫിന്‍റെ തുടക്കത്തില്‍ ഇത് സുന്നത്താണ്. ഓരോ ത്വവാഫിന്‍റെ തുടക്കത്തിലും…! പക്ഷേ!

മുന്നോട്ട് നടക്കുന്പോഴൊക്കെയും കഅ്ബ തന്‍റെ ഇടതു ഭാഗത്തായിരിക്കല്‍ നിര്‍ബന്ധമാണ്. ഹജറിനെ ചുംബിക്കുന്നവന്‍ വിരമിക്കുന്നതു വരെ കാല് നിലത്തുറപ്പിച്ച് നിര്‍ത്തിയിരിക്കണം. ഒരിഞ്ച് അനങ്ങിയാല്‍ കഅ്ബ ഇടതു ഭാഗമാകാതെ പോവും. ദുആക്കോ മറ്റോ കഅ്ബയുടെ നേരെ തിരിഞ്ഞാലും ഇതാണവസ്ഥ. അതേ അവസ്ഥയില്‍ ഒരിത്തിരി മുന്നോട്ട് പോയാല്‍ ആ ത്വവാഫ് പരിഗണിക്കില്ല! അതേ സ്ഥലത്തേക്ക് തിരിച്ചു വന്ന് കഅ്ബയെ ഇടഭാഗത്തേക്കാക്കി ത്വവാഫ് തുടരുകയേ പരിഹാരമുള്ളൂ.

ഇതൊക്കെ നടക്കുമായിരുന്നു. ഞാനും അഞ്ചാറാളും മാത്രമേ കഅ്ബയെ ത്വവാഫ് ചെയ്യുന്നുള്ളൂ എങ്കില്‍! പക്ഷേ നിറഞ്ഞ് തിരിയുന്ന ഈ ജനാവലിയുടെ നടുവില്‍ ഇതൊക്കെ എങ്ങനെ നടക്കാന്‍! ഹജറുല്‍ അസ്വദിന്‍റെ ഭാഗത്തേക്ക് തന്നെ അടുക്കാന്‍ വയ്യ. അവിടെ തിരക്കോട് തിരക്ക്!

ഹജറുല്‍ അസ്വദിന്‍റെ നേരെയെത്തുന്പോള്‍ വലതു കൈ ഉയര്‍ത്തി ബിസ്മില്ലാഹി അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ ചൊല്ലാം..എന്നിട്ട് കൈ മുത്താം.അത്ര തന്നെ. കഅ്ബയെ ഇടതു ഭാഗത്താക്കി ഏഴു പ്രാവശ്യം ചുറ്റിയതിന് ശേഷം തൊടലും മുത്തലുമൊക്കെ ആലോചിക്കാം…..

അങ്ങനെ ഇടതു ഭാഗം കഅ്ബയില്‍നിന്ന് തെറ്റാതെ ഞാനും അവരില്‍ കണ്ണി ചേര്‍ന്നു…ഒരു ഏട് കയ്യിലുണ്ട്. ഓരോ ത്വവാഫിലും ചൊല്ലേണ്ടുന്ന ദിക്റുകള്‍ അതിലുണ്ട്. കഅ്ബയുടെ വാതില്‍ക്കല്‍ ചൊല്ലാന്‍ , മുല്‍തസമിനടുത്ത്, സ്വര്‍ണ്ണപ്പാത്തിക്ക് കീഴെ. ഭക്തിയോടെ ഓരോന്നോരോന്നായി ചൊല്ലിക്കൊണ്ടിരുന്നു. ചിലപ്പോള്‍ തോന്നും പുസ്തകത്തിലേക്ക് നോക്കേണ്ട. നമുക്കറിയാവുന്ന ദിക്റുകളും ദുആകളുമുണ്ടല്ലോ. അത് ചൊല്ലാം. ഏട് പിടിക്കലും അതിലേക്ക് നോക്കലും അത് ചൊല്ലലും എല്ലാം കൂടി മനസ്സിലേക്ക് കണക്ഷന്‍ കിട്ടുന്നില്ല?!

അങ്ങനെ ദൂരെ നിന്ന് അതൊക്കെയും കണ്ടു. കഅ്ബയുടെ വാതില്‍, മുല്‍തസം, സ്വര്‍ണ്ണപ്പാത്തി, ഹിജ്റ് ഇസ്മാഈല്‍, റുക്നുല്‍ ഇറാഖി, ശാമി, യമാനി, അസ്വദ്..
കഅ്ബയെ ചുറ്റിക്കൊണ്ടിരിക്കുന്പോള്‍ ഒരു പണ്ഡിത ശ്രേഷ്ഠന്‍റെ വാക്കുകള്‍ എന്‍റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. കിഴക്കേപുറത്തേക്ക് തിരിയുന്ന റോഡില്‍ വച്ചാണ് ഞാനദ്ദേഹത്തെ കണ്ടുമുട്ടിയത്. മകളുടെ കല്യാണത്തിന് നേരിട്ടു ക്ഷണിക്കാന്‍ വേണ്ടി കോളേജിലെത്തി തിരിച്ചു പോവുകയായിരുന്നു. കല്യാണത്തിനു വരാന്‍ കഴിയില്ലെന്നും ഉംറക്ക് പോകുകയാണെന്നും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് പെരുത്ത് സന്തോഷമായി. എന്നെ അന്വേഷിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അല്‍ കഅ്ബതു ഹയ്യതുന്‍ ബിത്തിഫാഖി അഹ്ലില്‍ കശ്ഫി.
അകക്കാഴ്ചയുള്ള പണ്ഡിതരുടെ ഏകോപിതമായ അഭിപ്രായ പ്രകാരം കഅ്ബക്ക് ജീവനുണ്ട്. കഅ്ബ ഇങ്ങോട്ട് സലാം ചൊല്ലിയവരും കഅ്ബയില്‍ നിന്ന് വിജ്ഞാനങ്ങള്‍ പകര്‍ന്നു കിട്ടിയവരുമുണ്ട്. അചേതന വസ്തുക്കള്‍ എന്ന് നാം പറയുന്ന എല്ലാ വസ്തുക്കള്‍ക്കും ജീവനുണ്ടെന്ന് ശഅ്റാവി തന്‍റെ തഫ്സീറില്‍ സമര്‍ത്ഥിക്കുന്നുണ്ട്. സൂര്യന്‍റെ സുജൂദിനെക്കുറിച്ചും പ്രാപഞ്ചിക വസ്തുക്കളുടെ തസ്ബീഹിനെക്കുറിച്ചുമൊക്കെ ഖുര്‍ആനും പറയുന്നുണ്ടല്ലോ…അപ്പോള്‍ കഅ്ബയുടെ കാര്യത്തില്‍ അത്ഭുതപ്പെടാനൊന്നുമില്ല…

കഅ്ബ എന്നെ തൃപ്തിപ്പെടുമോ? ഹജറുല്‍ അസ്വദ് എന്നോട് കനിയുമോ? മുല്‍തസം എനിക്ക് കിട്ടുമോ? വാതിലില്‍ തൊടാമോ? ഹിജ്റില്‍ നിസ്കരിക്കാമോ? ത്വവാഫിനിടയില്‍ അതൊന്നും പ്രായോഗികമല്ല. ശേഷം സഅ്യുള്ള ത്വവാഫാണെങ്കിലും, ആദ്യത്തെ മൂന്ന് ത്വവാഫുകളില്‍ റംല് നടത്തം പ്രത്യേകം സുന്നത്താണ്. ആ ത്വവാഫുകളില്‍ മേല്‍തട്ടത്തിന്‍റെ മധ്യഭാഗം വലത്തെ കയ്യിന്‍റെ തോളിന്‍റെ അടിയിലാക്കുകയും രണ്ടഗ്രങ്ങള്‍ ഇടത്തെ തോളിന്‍റെ മുകളിലാക്കുകയും ചെയ്യല്‍ പ്രത്യേകം സുന്നത്താണ്.
ത്വവാഫ് പൂര്‍ത്തിയാക്കി…മഖാമ് ഇബ്റാഹീമിന്‍റെ പിറകില്‍ രണ്ട് റക്അത് സുന്നത് നിസ്കരിച്ചു..
സഅ്യ് ചെയ്യാന്‍ ‘മസ്ആയിലേക്ക് നീങ്ങി…

ഫൈസല്‍ അഹ്സനി രണ്ടത്താണി

You must be logged in to post a comment Login