റിപ്പര്‍ ജയാനന്ദന്‍; കേരളം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ്

റിപ്പര്‍ ജയാനന്ദന്‍; കേരളം കണ്ട മഹാനായ സാമൂഹ്യ പരിഷ്കര്‍ത്താവ്

റിപ്പര്‍ ജയാനന്ദന്‍ ജയിലുചാടിയ വാര്‍ത്തയറിഞ്ഞതില്‍ പിന്നെ വായനശാലയിലെ വൈകുന്നേരവായനയും കാരംസുകളിയും നിറുത്തലാക്കി. മെഴുകുതിരിവെട്ടത്തില്‍ വീടുപിടിക്കുന്ന പഴയശീലമെല്ലാം ഉരുകിത്തീര്‍ന്നു. ഇരുട്ടുവീഴുന്നതിനുമുന്പേ വീടുപിടിക്കും. ഇരുട്ടുവീണാല്‍ ചുറ്റിലും നാലാളുടെ അകന്പടിവേണം. അല്ലെങ്കില്‍ ഓട്ടോ കൂട്ടിയേ സഞ്ചരിക്കൂ. ധ്യൈം വളരെ കൂടുതലായതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. വീടിനു പുറത്തുവച്ചിരുന്ന കന്പിപ്പാര, കൂടം, ചുറ്റിക, കൊടുവാള്‍ എന്നിങ്ങനെയുള്ള എല്ലാ ഇരുന്പുസാമാനങ്ങളും വീട്ടിനകത്തേക്ക് മാറ്റി. ഫ്യൂസടിച്ചുപോയ എല്ലാ ബള്‍ബുകളും മാറ്റി പുതിയത് പിടിപ്പിച്ചു. രാത്രിയില്‍ കിടപ്പ് കൊച്ചുപിച്ചടക്കമെല്ലാം ഒരു മുറിയിലേക്ക് മാറ്റി. രണ്ടു എമര്‍ജന്‍സി ലൈറ്റുകള്‍ ഫുള്‍ ചാര്‍ജില്‍.. ഒന്നു കട്ടിലിനടിയില്‍, മറ്റൊന്ന് മേശപ്പുറത്തും സദാനേരവും പ്രവര്‍ത്തന ക്ഷമമായി തന്നെ സ്ഥാപിച്ചു. ബെഡ്സ്വിച്ചിന്‍റെ കേബിള്‍. കൃത്യം തലയ്ക്കുനേരെ തന്നെ തൂക്കിയിട്ടു. ഇതിനൊക്കെ പുറമെ തലയണക്കടിയില്‍, രമണിയും കുട്ടികളുമറിയാതെ നല്ലൊരു വെട്ടുകത്തിയും സൂക്ഷിച്ചിരുന്നു. ഒരു കുടുംബം നടത്തിക്കൊണ്ടു പോകാന്‍ എന്തൊക്കെ ബുദ്ധിമുട്ട് സഹിക്കണം ഭഗവാനേ… റിപ്പറെ പിടിച്ചുവെന്ന വാര്‍ത്ത കേട്ടപ്പോഴാണ് ആശ്വാസമായത്. ദീര്‍ഘയാത്രകഴിഞ്ഞു മൂത്രമൊഴിക്കാന്‍ നോക്കുന്പോള്‍ മൂത്രം പോകാനുള്ള വിഷമം കുറേനേരം തട്ടിയും മുട്ടിയും തീര്‍ക്കുന്പോള്‍ സുഖകരമായ ഒരു പോക്കുണ്ട്. എന്തൊരു സുഖം! അതേ സുഖമാണ് ഈ വാര്‍ത്ത കേട്ടപ്പോഴും തോന്നിയത്. നന്നായി ഉറങ്ങിയിട്ട് കുറച്ചായി. ഇടക്കിടെ ഞെട്ടിയെണീക്കല്‍… തെങ്ങേന്നു മച്ചിങ്ങാ വീണാലും കമുകേന്നു പാളവീണാലും മച്ചിലൂടെ എലി ഓടിയാലും. എല്ലാം നമ്മുടെ നെഞ്ചിനകത്താണ് വിഷമം. അതിപ്പോ തീര്‍ന്നു കിട്ടി. പ്രമേഹത്തിന്‍റെ ആക്രമണം അസാരമുണ്ടായിട്ടും രണ്ടുലഡുവും ഒരു കഷ്ണം ഹലുവയും കഴിച്ചാണ് ആ സുഖം ആഘോഷിച്ചത്.

എന്നാല്‍ റിപ്പറദ്ദേഹം. ഒളിവിലെ ഓര്‍മകള്‍ പോലീസിനോട് പറയുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി. അയ്യോ പാവം..! കാറ്റുപോയ സൈക്കളുമായി പഞ്ചറൊട്ടിക്കാന്‍ പോയപ്പോള്‍ പോലീസ് അദ്ദേഹത്തെ വേട്ടയാടിപ്പിച്ചു കളഞ്ഞു. അദ്ദേഹം ജയിലുചാടിയത് മറ്റൊന്നും കൊണ്ടല്ല, തന്‍റെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കാനായിരുന്നു. പുറത്ത് എന്തെല്ലാം സമരങ്ങള്‍ നടക്കുന്നു. അകത്തിരുന്ന് അതിലൊന്നും പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള വിഷമം നിമിത്തമാമ് അദ്ദേഹം വാഴക്ക് കൊടുത്തിരുന്ന ഊന്നുകാലിളക്കി മതിലേല്‍ചാരി പുറത്തു ചാടിയത്. അതിന്‍റെ പ്രതികരണമെന്നോണം അധികൃതര്‍ ജയില്‍വളപ്പിലെ കുലച്ചതും അല്ലാത്തതുമായ സകല വാഴകളും വെട്ടിനിരത്തി… ശാന്തം. പാവം.

മതിലുചാടിയ റിപ്പറുസ്വാമിയെത്തേടി പോലീസ് കാശിക്കും മധുരയ്ക്കും പളനിക്കും വാരാണസിക്കുമൊക്കെയാണ് പോയത്. അവരുകരുതി അങ്ങേര് മനംമാറ്റം വന്നു ഭജനയിരിക്കാനും മറ്റും വല്ല പുണ്യസ്ഥലങ്ങളിലേക്കും പോയിക്കാണുമെന്ന്. എന്നാല്‍ അദ്ദേഹമിവിടെ പൊതുജനസമരങ്ങളില്‍ കര്‍മ്മനിരതനാവുകയാണ് ചെയ്തത്. സിപിഎമ്മിന്‍റെ രാപകല്‍ സമരത്തില്‍ പങ്കെടുത്തു. ബിജെപിയുടെ ടോള്‍പിരിവ്വിരുദ്ധ സമരത്തില്‍ പങ്കെടുത്തു… തൃശൂരുനടന്ന സകല സാംസ്കാരിക പരിപാടികളിലും അങ്ങേര് പങ്കെടുത്തു. ചില മന്ത്രിമാരുടെ സ്വീകരണ പരിപാടിയിലും പങ്കെടുത്തുവെന്നു പറയുന്നു. അതിനിടെ സമയം കണ്ടെത്തി ഏതൊക്കെയോ സിനിമകളിലും മുഖം കാണിച്ചു. ഏതോ വന്പന്‍ ക്ലബ്ബിന്‍റെ പരിപാടിയിലും ഇദ്ദേഹം പങ്കെടുത്തുവത്രെ! ഇങ്ങനെ സന്നദ്ധ സാംസ്കാരിക സേവനവുമായി ശിഷ്ടകാലം കഴിക്കാമെന്ന് കരുതിയപ്പോഴാണ് പോലീസ് പിടിച്ചത്. ഇനിയിപ്പോ കോടതി വെറുതെവിട്ടാലും പണിയെടുത്തു ജീവിക്കാമെന്ന് തോന്നുന്നില്ല. മര്‍മ്മവും മര്‍മ്മാണിയുമെല്ലാം പോലീസുകാര് പൂരാടമാക്കിയിട്ടുണ്ടാവും. ഏതൊക്കെ ഇന്ദ്രിയങ്ങള്‍ ഇനി ബാക്കിയുണ്ടെന്ന് പരിശോധനവേണ്ടിവരും. അപ്പോപ്പിന്നെ നാലഞ്ചു സമരങ്ങളില്‍ പങ്കെടുത്ത രേഖയുണ്ടേല്‍ ധ്യൈമായി സ്വാതന്ത്ര്യസമരപ്പെന്‍ഷന് അപേക്ഷിക്കാമെന്ന് മൂപ്പര്‍ കരുതിക്കാണും.

ഇപ്പോള്‍ മാനസാന്തരം വരുന്നവരെയൊക്കെ വെറുതെവിടുന്ന കാലമാണ്. ഓടുന്ന ട്രെയിനില്‍ വച്ച് ഒരു യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ദിവ്യന് ഈ അടുത്ത കാലത്ത് മാനസാന്ദരം വന്നിരുന്നു. അദ്ദേഹത്തെ വിട്ടയക്കാന്‍ ധാരണയായിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാര്‍ക്ക് ഇതില്‍ എതിര്‍പ്പില്ലായെന്നതാണ് ഈ വിടുതലിന് ഒരു കാരണം. ഇവിടെ ജയാനന്ദന്‍സാര്‍ കുറെ മുന്പ് ചില ദുര്‍ബലനിമിഷങ്ങളില്‍ ചില്ലറ ആള്‍ക്കാരെ കൊന്നതൊഴിച്ചാല്‍ അല്ലറ ചില്ലറ മോഷണം മാത്രമേ നടത്തിയിട്ടുള്ളൂ. അതൊരു തെറ്റാണോ? കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കളാരും പരാതിപറയാന്‍ ഇടയില്ല. കാരണം എല്ലാവരെയും അടച്ചാണ് തീര്‍ത്തിരിക്കുന്നത്… സമയമാകുന്പോള്‍ എല്ലാവരും മരിക്കും; അതാണല്ലോ പരമമായ സത്യം. അതിനൊരു നിമിത്തം വേണം. ഓണം വരാനൊരു മൂലം വേണമെന്ന് പറഞ്ഞപോലെ… ഒരു നിമിത്തം… അങ്ങനെ സമയമായ ആളുകളുടെ അടുക്കലേക്ക് ദൈവനിശ്ചയപ്രകാരം വിസയും റെഡിയാക്കി കാലന്‍ എത്തുന്നു. പക്ഷേ, അവരൊന്നും കൂടെപ്പോകാന്‍ തയ്യാറല്ല. കാലന്‍ എന്തു ചെയ്യും. അപ്പോഴാണ് ആ വഴി തേങ്ങാപൊതിക്കാന്‍ പാരയുമായി പോയ ജയാനന്ദനെ കാണുന്നത്. ഇവരെയൊന്നു കൊന്നുതരാമോയെന്ന കാലന്‍റെ അപേക്ഷമാനിച്ചാണ് ജയാനന്ദന്‍ കൃത്യങ്ങള്‍ നടത്തിയത്. അങ്ങനെ കാലന്‍ ആത്മാക്കളെയും കൊണ്ടു പോയി. തേങ്ങാപൊതിക്കാന്‍ പാരയുമായിപ്പോയ ജയാനന്ദന്‍ കുറ്റക്കാരനുമായി. ഇതല്ലേ സത്യം! ഇവിടെ ആരാണ് യഥാര്‍ത്ഥ കുറ്റവാളി..? ഈ കേസുകളില്‍ കാലനെ ഹാജരാക്കാന്‍ പോലീസിനു കഴിയാത്ത സാഹചര്യത്തില്‍ വെറുമൊരു നിമിത്തംമാത്രമായ റിപ്പറിനെ വെറുതെവിടണ്ടേ… ഇതിനിടയില്‍ അദ്ദേഹത്തിന് മാനസാന്തരം വന്നുവെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. സംശയം ഉണ്ടെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചു നോക്കൂ; പറഞ്ഞു തരും. ഒരിക്കല്‍ മാനസാന്തരം വന്നാല്‍ പിന്നെ പേടിക്കാനേയില്ല. അതുകൊണ്ട് ജയാനന്ദനെയും ഉടനെ മോചിപ്പിക്കണം.. ഇതിപ്പോ ചാട്ടം പിടുത്തം, വാഴവെട്ട്, സസ്പെന്‍ഷന്‍, അന്വേഷണം, പുനരന്വേഷണം, കോടതി, കേസ്, ജയില്‍… എന്തൊരു തൊന്തരവാണ്. നാട്ടുകാര്‍ക്ക് കിടന്നുറങ്ങാനും കഴിയുന്നില്ല. എപ്പോഴാ തലക്കടിവീഴുന്നതെന്ന് എങ്ങനെ പറയാന്‍ കഴിയും. അതുകൊണ്ട് റിപ്പര്‍ ജയാനന്ദനെ പൊതുജനസമക്ഷത്തിലോ മാധ്യമങ്ങള്‍ക്കു മുന്നിലോ കൊണ്ടുവന്ന്… മാനസാന്തരം വന്നതായി ഒരു സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങണം. അതിന്‍റെ അടിസ്ഥാനത്തില്‍ ടിയാനെ വെറുതെ വിടണം. ഒന്നു രണ്ടു സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലൊക്കെ പങ്കെടുത്ത സ്ഥിതിക്ക് ഏതെങ്കിലും പെന്‍ഷനും തരപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. വെറുതെ കള്ളനും പോലീസും കളിച്ചു സമയം കളയണ്ടല്ലോയെന്നു കരുതി പറഞ്ഞതാണ്. അതിലും ഭേദം ടോം ആന്‍റ് ജെറി കാണുന്നതാണ്.

ഇരട്ടക്കൊലപാതക്കേസ് ഉള്‍പ്പെടെ ഏഴു കൊലക്കേസിലും 14 കവര്‍ച്ചാ കേസുകളിലും പ്രതിയാണ് റിപ്പര്‍ ജയാനന്ദന്‍ എന്ന് അറിയപ്പെടുന്ന കെ പി ജയാനന്ദന്‍. 2003 സപ്തംബറില്‍ തൃശൂര്‍ മാളയിലുള്ള ജോസിന്‍റെ വീട്ടില്‍ മോഷണം നടത്തുകയും അയാളെ തലയ്ക്കടിക്കുകയും ചെയ്തിരുന്നു. 2004 മാര്‍ച്ചില്‍ മാളയില്‍തന്നെയുള്ള അന്പത്തിയൊന്നുകാരി നബീസ, ഇരുപത്തിമൂന്നുകാരി ഫൗസിയ എന്നിവരെ ജയാനന്ദന്‍ കൊലപ്പെടുത്തിയിരുന്നു. 2004 ഒക്ടോബറില്‍ സഹദേവന്‍ (64), ഭാര്യ നിര്‍മല (68) എന്നിവരെ മതിലകം പെരിഞ്ഞനത്തു വച്ച് കൊല ചെയ്യുകയും പതിനൊന്ന് പവന്‍ സ്വര്‍ണ്ണാഭരണം മോഷ്ടിക്കുകയും ചെയ്തിരുന്നു. 2006 മെയ് അഞ്ചിനു രാത്രി 2.30ന് വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന അറുപതു വയസ്സുകാരിയായ ഏലിക്കുട്ടിയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ചു കൊന്നു. 2006 ഓഗസ്റ്റില്‍ വടക്കന്‍ പറവൂരിലെ ബിവറേജ് കോര്‍പ്പറേഷന്‍ കടയുടെ വാച്ച്മാനായ സുഭാഷകനെ കൊലപ്പെടുത്തുകയുണ്ടായി. 2006 ഒക്ടോബര്‍ 2നു പുത്തന്‍വേരിക്കര ബേബി എന്നയാളെ കൊലപ്പെടുത്തി. കൊലയ്ക്കുശേഷം ജയാനന്ദന്‍ ബേബിയുടെ ഇടതുകൈപ്പത്തി വെട്ടിമാറ്റുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഇത്രയുമാണ് ജയാനന്ദന്‍ നടത്തിയ കൊലപാതങ്ങള്‍. മോഷണങ്ങളും കവര്‍ച്ചകളും വേറെ കിടക്കുന്നു. ഇപ്പോള്‍ നടത്തിയതടക്കം മൂന്നുപ്രാവശ്യം ജയില്‍ ചാടിയിട്ടുണ്ട്. എങ്ങനുണ്ട്; ആള് മിടുക്കനല്ലേ, ജയിലില്‍ ജയാനന്ദന് ശക്തമായ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടുണ്ട്. വേണം, വേണം ആള് കേരളത്തിന് ഏറ്റവും വേണ്ടപ്പെട്ട ആളാണ്. ആള്‍ക്ക് വല്ലതും സംഭവിച്ചു പോയാല്‍ അമേരിക്കയടക്കം ലോകരാഷ്ട്രങ്ങള്‍ പ്രശ്നത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ട്….

ഇവിടെ ഉയരുന്ന ഒരു സംശയം ഈ കുറ്റവാളി നിയമത്തിന്‍റെ കസ്റ്റഡിയിലിരിക്കെ ഇങ്ങനെയൊരു ജയില്‍ചാട്ടം നടത്തി കവര്‍ച്ചയോ കൊലപാതകമോ നടത്തിയാല്‍ ആരായിരിക്കും അതിനുത്തരവാദി എന്നാണ്. ഒരു കുറ്റവാളിക്ക് ശിക്ഷ വിധിക്കുന്പോള്‍ ആത്യന്തികമായി മൂന്നു കാര്യങ്ങളാണ് നടക്കുന്നത്: ~ഒന്ന്, കുറ്റകൃത്യത്തിനുള്ള ശിക്ഷയും മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും. രണ്ട്. കുറ്റകൃത്യത്തിന് ഇരകളാകേണ്ടിവന്നവര്‍ക്ക് നല്‍കപ്പെടുന്ന നീതി. മൂന്ന്, കുറ്റം ചെയ്താല്‍ ഇങ്ങനെ ശിക്ഷിക്കപ്പെടുമെന്ന പൊതു സമൂഹത്തിനുള്ള താക്കീതും കുറ്റകൃത്യങ്ങള്‍ പാടില്ല എന്ന മുന്നറിയിപ്പും. ഇവിടെയാണ് സംശയം ഉദിക്കുന്നത്. ഈ റിപ്പറുടെ കാര്യത്തില്‍ ഇതില്‍ ഏതെങ്കിലും കാര്യത്തിന് കൃത്യമായി അര്‍ഹിക്കുന്ന രീതിയില്‍ നീതി നടപ്പാക്കിയോ? കുറഞ്ഞ പക്ഷം ഇരകള്‍ക്കെങ്കിലും നീതി ലഭിച്ചോ?

തുളസി

You must be logged in to post a comment Login