ബാബാ ഫരീദ് ഗഞ്ചശകര്‍; നടപ്പുവഴികളില്‍ നിന്നു മാറി…

ബാബാ ഫരീദ് ഗഞ്ചശകര്‍; നടപ്പുവഴികളില്‍ നിന്നു മാറി…

പൊതുജീവിതത്തിലലിഞ്ഞ അഴുക്കുകളില്‍ നിന്നു മാറി മറ്റൊരു ജീവിതം സാധ്യമാക്കിയവരാണ് സൂഫികള്‍. ഇക്കൂട്ടത്തില്‍ ചരിത്രം ഏറെ ഇന്പത്തോടെ നോക്കിനിന്നിട്ടുള്ള യോഗിയാണ് ബാബാ ഫരീദ് ഗഞ്ചശകര്‍.
ജമാലുദ്ദീന്‍ ഖസ്റംബീബി ദന്പതികളുടെ ദ്വിതീയ പുത്രനായി എഡി 1175ലാണ് ബാബയുടെ പിറവി. രണ്ടാം ഖലീഫ ഉമര്‍ ഫാറൂഖിലേക്കു എത്തിച്ചേരുന്ന കുടുംബമാണ് ബാബയുടേത്. ചെറുപ്പത്തില്‍ തന്നെ ഭക്തിയുടെ പ്രതീകമായിരുന്നു ബാബാ ഫരീദ്. മാതാവില്‍ നിന്നാണ് ഉത്തമ ഗുണ വിശേഷങ്ങളൊക്കെ ബാബാക്ക് പകര്‍ന്നു കിട്ടിയത്.

പതിനെട്ടാം വയസ്സില്‍ അറിവുതേടി മുള്‍ട്ടാനിലെത്തി. മൗലാനാ മിന്‍ഹാജുദ്ദീന്‍ തിര്‍മിസിയുടെ പള്ളിയോട് ചേര്‍ന്നായിരുന്നു മദ്രസ. ഇവിടെ വച്ചാണ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത്. ദിവസം ഒരു തവണ അദ്ദേഹം ഖുര്‍ആന്‍ ഓതി പൂര്‍ത്തിയാക്കും. മുല്‍ട്ടാനില്‍ വച്ചു തന്നെ ഖാജാ ബക്തിയാര്‍ കാക്കിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഇന്ത്യയുടെ സൂഫീചക്രവര്‍ത്തി ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പ്രതിനിധിയായിരുന്നു ബക്തിയാര്‍ കാക്കി.

ബാബാ ഫരീദിന്‍റെ കുടുംബജീവിതം തീര്‍ത്തും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. അനാര്‍ഭാടമായിരുന്നു ജീവിതത്തിന്‍റെ മുദ്ര. അജോധന്‍റെ പാര്‍ശ്വത്തിലുള്ള ചെറിയ പള്ളിയുടെ തൊട്ടടുത്തുള്ള പുല്ലുമേഞ്ഞ കൊച്ചു മണ്‍കുടിലിലായിരുന്നു താമസം. ഇതു കണ്ടിട്ട് പലരും ഒരു വീട് നിര്‍മിച്ചു നല്‍കാന്‍ താല്‍പര്യപ്പെട്ടെങ്കിലും ബാബ അതനുവദിച്ചില്ല.

ആഗ്രഹങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നില്ല. സ്ഥാനമാനങ്ങളും പദവികളും ബാബയെ പേടിച്ചു.

വീടുതന്നെയായിരുന്നു ബാബാ ഫരീദിന്‍റെ പര്‍ണ്ണശാലയും. ദിനേന ധാരാളം ജനങ്ങള്‍ അവിടെ വന്നു. മൂന്നു വിവാഹം കഴിച്ചതിനാല്‍ ബാബക്ക് ഒരുപാട് മക്കളുണ്ടായിരുന്നു. ഭക്ഷണം അത്യാവശ്യത്തിനു മാത്രം. ഏറെ ദിവസങ്ങളിലും വ്രതം അനുഷ്ഠിച്ചു. പര്‍ണ്ണശാലയിലേക്കു വരുന്ന ഭക്ഷ്യ വസ്തുക്കള്‍ മിക്കപ്പോഴും സന്ദര്‍ശകരുടെ വിശപ്പടക്കി.

നോന്പ് തുറക്കുന്പോള്‍ കുറച്ചു സര്‍ബത്തും ഉണങ്ങിയ മുന്തിരിയും കഴിക്കും. വെണ്ണ പുരട്ടിയ റൊട്ടിയും ചിലപ്പോഴുണ്ടാകും. അതു തന്നെ പകുതി സേവകര്‍ക്കായിരിക്കും.

നിസാമുദ്ദീന്‍ ഔലിയയാണ് പ്രധാന ശിഷ്യനും സേവകനും. തന്നെ വന്നു കാണുന്നവര്‍ക്ക് ആനന്ദവും സ്നേഹവും കാരുണ്യവും സാന്ത്വനവും ബാബയില്‍ നിന്ന് കിട്ടി.

സ്വകാര്യ ജീവിതം, പരസ്യജീവിതം ഇങ്ങനെ രണ്ടെണ്ണമില്ല ബാബക്ക്. ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ഒന്നു തന്നെ. ഉള്ളവനും ഇല്ലാത്തവനും ബാബയുടെ മുന്പില്‍ തുല്യ സന്തോഷം അനുഭവിച്ചു.

സൂഫികളുടെ ഒരു പ്രധാന തപസ്യയാണ് യാത്ര. ബഗ്ദാദ്, ബുഖാറ, സിജസ്ഥാന്‍, ബാദക്ഷാന്‍, കിര്‍മാന്‍, കാന്ദഹാര്‍ തുടങ്ങിയ ദേശങ്ങളിലൂടെയായിരുന്നു ബാബയുടെ കറക്കം. കീറി പഴകിയ വസ്ത്രമാണ് ബാബ ധരിച്ചിരുന്നത്. നല്ല വസ്ത്രം വല്ലവരും കൊടുത്താല്‍ അത് അഗതികള്‍ക്ക് കൊടുക്കും. ഒരു ചെറിയ വിരിപ്പ് മാത്രമാണുണ്ടായിരുന്നത്. പകല്‍ സമയങ്ങളില്‍ അതിലിരിക്കും. രാത്രി അതിലുറങ്ങും.

പത്തുവര്‍ഷം ഘോര വനാന്തരത്തില്‍ പാര്‍ത്തു തിരിച്ചുവന്ന ഫരീദിനോട് മാതാവ് ചോദിച്ചു: ഫരീദ്! പത്തുവര്‍ഷത്തെ വനവാസം കൊണ്ട് എന്തു നേടി? ഇലകള്‍ കഴിച്ചു ജീവിക്കാന്‍ പഠിച്ചു എന്നായിരുന്നു ബാബയുടെ പ്രത്യുത്തരം. ശിഷ്യനും പരിചാരകനുമായി കൂടെയുണ്ടായിരുന്ന നിസാമുദ്ദീന്‍ ഔലിയ ഡല്‍ഹിയിലേക്കു തിരിച്ചുപോകുന്പോള്‍ ഗുരു ഒരു സ്വര്‍ണ്ണ നാണയം കൊടുത്തു. ഗുരുവിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ നന്നായറിയുന്ന നിസാമുദ്ദീന്‍ ഔലിയ അത് ഗുരുവിന് തന്നെ കൊടുക്കുകയായിരുന്നു.

സയ്യിദ് മുഹമ്മദ് കിര്‍മാനി, മൗലാനാ ബദ്റുദ്ദീന്‍ ഇസ്ഹാഖ്, ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ, മൗലാനാ ജമാല്‍ ഹാന്‍സ്വി, ശൈഖ് ജമാലുദ്ദീന്‍ ഹാന്‍സി, ശൈഖ് നജ്മുദ്ദീന്‍ മുത്തവക്കില്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്. ബാബാ ഫരീദിന്‍റെ പ്രതിനിധിയായി ഡല്‍ഹി വാണത് നിസാമുദ്ദീന്‍ ഔലിയ ആയിരുന്നു.

ഗുരുതരമായ കുടല്‍രോഗമുണ്ടായിരുന്നു ബാബക്ക്. പക്ഷേ, ആ പരിഭവം ആരോടെങ്കിലുമൊന്ന് പറയാന്‍ പോലും നാവെടുത്തില്ല. എഡി 1265 ഒക്ടോബര്‍ 15നായിരുന്നു അന്ത്യം.

അലി മാക്കൂല്‍പീടിക

You must be logged in to post a comment Login