മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

മീഡിയ പടച്ചുവിടുന്ന മോഡിമാനിയ

ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്ന് ദല്‍ഹി സല്‍ത്തനത്തിലേക്കുള്ള ദൂരം എത്രയാണ്? ശത്രുസൈന്യം പടിവാതില്‍ക്കല്‍ എത്തിയിട്ടും അവസാനത്തെ മുഗിള രാജാവ് ബഹദൂര്‍ഷാ സഫര്‍ ആവര്‍ത്തിച്ച ഒരു വാചകമുണ്ട്: ദില്ലി ദൂര്‍ ഹസ്ത് ദല്‍ഹി വളരെ അകലെയല്ലേ? അല്ല എന്നാണ് നരേന്ദ്രമോഡി, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി തന്നെ തിരഞ്ഞെടുത്തതിന്‍റെ പിറ്റേന്ന് കുരുക്ഷേത്ര ഭൂമിക്കടുത്ത്, ഹരിയാനയിലെ റേവാരിയില്‍ പ്രസംഗിക്കവെ രാജ്യത്തെ ഓര്‍മിപ്പിച്ചത്. ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ മണ്ണ് ഹൈന്ദവ അന്തസ്ഥലികളെ ത്രസിപ്പിക്കുമെന്നറിയാവുന്നതു കൊണ്ടാവണം കുരുക്ഷേത്രയുടെ പ്രതീകാത്മകത ഉയര്‍ത്തിക്കാട്ടി മുസ്ലിം രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഡല്‍ഹിയിലേക്കുള്ള തന്‍റെ പ്രയാണത്തെക്കുറിച്ച് മോഡി ആലങ്കാരികമായി സംസാരിച്ചത്: യഥാര്‍ത്ഥ ഹിന്ദു, മുസ്ലിംഭരണാസ്ഥാനം കീഴടക്കാന്‍ പോകുന്നു എന്ന മുന്നറിയിപ്പോടെ.

ദല്‍ഹി പിടിച്ചടക്കാനുള്ള തന്‍റെ പുറപ്പാടിന് ആവേശം പകരാനുള്ള ശ്രമത്തില്‍ മോഡിയില്‍ നിന്ന് വരുംനാളുകളില്‍ കുറെ ആലങ്കാരിക അത്യുക്തി പ്രയോഗങ്ങളും വായ്ത്താരികളും കേള്‍ക്കേണ്ടി വന്നേക്കാം. രാജ്യത്തുടനീളം മോഡിഭ്രാന്ത് പരത്താനുതകുന്ന ഒരുതരം മാനിയ സൃഷ്ടിച്ചുവിടാനുള്ള ആസൂത്രിത നീക്കത്തിന്‍റെ ഭാഗമാണിത്. മാനിയ ഇന്ധനമാക്കി വിജയം കൊയ്യാമെന്ന കണക്കുകൂട്ടലാണ് മോഡിയെയും ആര്‍എസ്എസിനെയും പ്രചണ്ഡമായ പ്രചാരണത്തിന് ഉത്സുകരാക്കുന്നത്. സപ്തംബര്‍ പതിമൂന്നിന് വെള്ളിയാഴ്ച സായാഹ്നത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയഭൂമിക ആകെ മാറിയിരിക്കയാണെന്നും പുതിയൊരു ഇന്ത്യയുടെ പെരുന്പറയാണ് മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയതെന്നും മാലോകരെക്കൊണ്ട് വിശ്വസിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. മോഡി മാജിക്കിനെക്കുറിച്ചും മോഡി മോഡല്‍ ഡവലപ്മെന്‍റിനെക്കുറിച്ചുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത് മുഴുവനും. മീഡിയയുടെ ഹര്‍ഷാരവം കണ്ടാല്‍ തോന്നുക മോഡി വന്‍ഭൂരിപക്ഷത്തോടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു എന്നാണ്. സ്വയം നിര്‍മിച്ച പ്രതിച്ഛായയുടെ പ്രഭാവത്തിന് മാറ്റുകൂട്ടാന്‍ എന്തൊക്കെയാണ് ആവശ്യമെന്ന് നന്നായറിയുന്ന ഈ പഴയ ആര്‍എസ്എസ് പ്രചാരകന്‍ പ്രചാരണത്തിന്‍റെ വിഷയത്തില്‍ പുതിയ ചരിത്രം തന്നെ സൃഷ്ടിക്കാന്‍ പോവുകയാണത്രെ. മോഡി ഇതിനകം ജയിച്ചുകഴിഞ്ഞുവെന്ന് വരുത്തിത്തീര്‍ത്ത്, എതിരാളി ആരായാലും (രാഹുല്‍ഗാന്ധിയാണോ, മന്‍മോഹന്‍സിംഗാണോ എന്ന് ഇപ്പോഴും വ്യക്തമല്ല) തിരഞ്ഞെടുപ്പിന് മുന്പേ പരാജയം സമ്മതിച്ചുകഴിഞ്ഞുവെന്ന് വിശ്വസിപ്പിക്കാനുള്ള അഭ്യാസങ്ങളാണ് അരങ്ങിലും അണിയറയിലും ആടിത്തിമര്‍ക്കുന്നത്. മോഡിയുടെ ഡല്‍ഹിയിലേക്കുള്ള ആഗമത്തെ നടുക്കത്തോടെ നോക്കിക്കാണുന്നവര്‍ പോലും മീഡിയമാനിപുലേഷന്‍റെ കെണിയില്‍ വീണ്, മോഡികീര്‍ത്തനം ചൊല്ലുന്ന ദയാര്‍ഹമായ കാഴ്ചയാണ് നമ്മുടെ മുന്നില്‍ കെട്ടഴിഞ്ഞു വീഴുന്നത്.

മോഡിയെ ആര്‍പ്പും നടവെടിയുമായി വരവേല്‍ക്കുന്ന മാധ്യമങ്ങള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചതില്‍ അടങ്ങിയ ജനാധിപത്യ വിരുദ്ധതയെക്കുറിച്ചോ അതുള്‍വഹിക്കുന്ന ഹിന്ദു അജണ്ടയുടെ ആപദ്സൂചനകളെക്കുറിച്ചോ മിണ്ടാന്‍ പോലും തയ്യാറാവാതെ, മോഡിയുടെ ഇതഃപര്യന്ത ജീവിതപ്രയാണത്തിലെ നാഴികക്കല്ലുകളെ മസാലചേര്‍ത്ത് അവതരിപ്പിച്ച് മിശിഹ പ്രതിഛായ സൃഷ്ടിക്കാനും ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ വിതറാനുമാണ് ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇതുവരെ മോഡിയെ ലോകം വെറുപ്പോടെ കണ്ടുവെന്ന സത്യത്തിനു നേരെ ദീക്ഷിക്കുന്ന മൗനം വാചാലമാണ്. സംഘ്പരിവാറിനും മോഡിക്കും പ്രയാസം സൃഷ്ടിക്കുന്ന അത്തരം വിഷയങ്ങളൊന്നും ചിക്കിച്ചികഞ്ഞു പുറത്തിടേണ്ട സമയമല്ല ഇത് എന്ന് ഏകകണ്ഠമായി തീരുമാനിച്ചുറപ്പിച്ചതുപോലെ. ഈ വിഷയത്തില്‍ മതനിരപേക്ഷ സമൂഹത്തിന്‍റെ പ്രബുദ്ധമാതൃകയായ കേരളത്തിലെ പത്രങ്ങളും ചാനലുകളും പുലര്‍ത്തുന്ന നിലപാട് പോലും പ്രത്യേക പഠനം ആവശ്യപ്പെടുന്നുണ്ട്. മോഡിയെ എല്‍കെ അദ്വാനിയുടെ കടുത്ത എതിര്‍പ്പിനിടയിലും ആര്‍എസ്എസ്എസിന്‍റെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴേക്കും മുഖപ്രസംഗങ്ങളും ലേഖനങ്ങളും നിരത്തി സംഭവത്തെ ആഘോഷിക്കുന്ന കാര്യത്തില്‍ കാണിക്കുന്ന മത്സരം നിഷ്പക്ഷമതികളെ സ്തബ്ധരാക്കുന്നുണ്ട്. ഗുജറാത്തിന്‍റെ ഗൗരവിനെക്കുറിച്ച് വാചാലമാകുന്ന മാതൃഭൂമി ലേഖകന്‍ ജെ എസ് മനോജ്, 2002ലെ ന്യൂനപക്ഷ വിരുദ്ധ വംശഹത്യയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ, താഴേതട്ടില്‍നിന്ന്, കഠിനാധ്വാനം വഴി ഔന്നത്യത്തിന്‍റെ ഏണിപ്പടികള്‍ ചാടിക്കയറിയ ക്രാന്തദര്‍ശിത്വത്തെക്കുറിച്ചാണ് അഭിമാനപുളകിതനാകുന്നത്. ഒരു ദശാബ്ദം കൊണ്ട് ഗുജറാത്തികള്‍ക്ക് അവരുടെ ഗര്‍വ് (ആത്മാഭിമാനം) എന്താണെന്ന് കാട്ടിക്കൊടുത്തതാണ് നരേന്ദ്രമോഡി ചെയ്ത ഏറ്റവും വലിയ സംഭാവനയെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. തന്‍റെ ഓരോ പ്രസംഗത്തിലും ഗുജറാത്തിയില്‍ പറഞ്ഞാല്‍, അസ്മിതയെക്കുറിച്ച് മോഡി ജനങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. ഓരോരുത്തരും അവരവരുടെ നാടിനെക്കുറിച്ച് ആത്മാഭിമാനത്തോടെ ചിന്തിച്ചാല്‍ മാത്രമേ നാട് പുരോഗമിക്കുവെന്നാണ് മോഡിയുടെ തിയറി. ഇതുകേട്ടാല്‍ തോന്നും, മോഡിക്കു മാത്രമേ സ്വന്തം നാട്ടിനെക്കുറിച്ച് ആത്മാഭിമാനമുള്ളൂവെന്ന്. മോഡി നാട്ടാരെ അഭിമാന പുളകിതരാക്കിയത് ന്യൂനപക്ഷങ്ങളെ അന്യരായി മുദ്രകുത്തി, ഗെറ്റോകളിലേക്ക് വലിച്ചെറിഞ്ഞും ഹിറ്റ്ലര്‍ ജൂതരോട് പെരുമാറിയ അതേ ക്രൂരത പുറത്തെടുത്തുമാണെന്ന സത്യം ലേഖകന്‍ മനഃപൂര്‍വം വിസ്മരിക്കുന്നു.
ഭരണകൂട ബാഹ്യശക്തിയായ നാഗ്പൂര്‍ നേതൃത്വം നാളെ രാജ്യം ഭരിക്കാന്‍ പോകുന്ന ഒരു ദേശീയ പാര്‍ട്ടിയുടെ ഉന്നത നയരൂപവത്കരണ സമിതിയായ പാര്‍ലമെന്‍ററി പാര്‍ട്ടിയെ നോക്കുകുത്തിയാക്കി നിര്‍ത്തി, തീവ്ര വര്‍ഗീയ അജണ്ട പ്രയോഗവത്ക്കരിക്കാന്‍ ഏറ്റവും യോഗ്യനെന്ന് കരുതുന്ന ഒരാളെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അടിച്ചേല്‍പിച്ചതിലെ ജനായത്ത ഭീകരതയെ ചൂണ്ടിക്കാണിക്കുന്നതിനു പകരം ആ നീക്കത്തില്‍ പിന്നാക്കക്കാരന്‍റെ ഉയര്‍ച്ച കാണാനാണ് ചില ഇംഗ്ലീഷ് പത്രങ്ങള്‍ കണ്ണുതുറന്നത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ മുഖപ്രസംഗത്തില്‍ (സപ്തംബര്‍ 16) ഈ വശം ഊന്നിപ്പറയുന്നത് കാണുക: സ്വന്തം കഴിവുകൊണ്ട് ഉയര്‍ന്നുവന്ന, ദുര്‍ബല വിഭാഗത്തില്‍ പെട്ട, ഒബിസി സമുദായത്തില്‍പെട്ട നേതാവിനെ രാഷ്ട്രീയത്തിന്‍റെ അത്യുന്നത പദവിയിലേക്ക് കൊണ്ടുവെക്കുക വഴി, രാജ്യത്തെ രണ്ടുദേശീയ പാര്‍ട്ടികളും ഉന്നതജാതിക്കാരുടെ കോട്ടകളാണെന്ന കാഴ്ച്ചപ്പാട് നിരാകരിക്കപ്പെടുകയാണ്. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് പിന്നാക്കക്കാരന്‍റെ പ്രതിനിധിയായല്ലെന്നും മറിച്ച് ഭൂരിപക്ഷ വര്‍ഗീയതയുടെ മൂര്‍ത്തീമദ്ഭാവമാണെന്ന് കര്‍മം കൊണ്ടും വചസ്സുകൊണ്ടും തെളിയിച്ചതിനാലാണെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? മാറിയ ദേശീയ സാഹചര്യത്തില്‍ ബിജെപി അല്‍പം കൂടി സഹിഷ്ണുതാപരമായ സമീപനം സ്വീകരിക്കുമെന്ന് കണക്കുകൂട്ടിയവരെയാണ് ആര്‍എസ്എസിന്‍റെ ഈ അട്ടിമറി നിരാശരാക്കുന്നത്. ദി എക്ണോമിക് ടൈംസ് സെപ്തംബര്‍ 16ലെ എഡിറ്റോറിയലിലൂടെ സത്യസന്ധമായ അവലോകനം നടത്താന്‍ ശ്രമിക്കുന്നത് ഇങ്ങനെ: ബിജെപിയുടെ പ്രസിഡന്‍റിനെ നിയമിക്കുക മാത്രമല്ല, പാര്‍ട്ടിയെ തന്നെ ആര്‍എസ്എസാണ് നിയന്ത്രിക്കുന്നത്. ഹിന്ദുത്വയുടെ ഭാരമൊഴിഞ്ഞ് മധ്യ വലതു പാര്‍ട്ടിയായി ബിജെപിയെ പരിവര്‍ത്തിതമാക്കാനുള്ള ശ്രമങ്ങളാണ് വൃഥാവിലായത്.

പക്ഷേ, ആ ദുരന്തത്തിന്‍റെ ഭവിഷ്യത്തിനെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന മാധ്യമ ധര്‍മത്തെ മറന്നുകൊണ്ടുള്ള മെയ്യഭ്യാസങ്ങളാണ് മാധ്യമങ്ങള്‍ എറ്റെടുത്തു നടത്തുന്നത്. തിരുവോണ നാളില്‍ ഏഷ്യാനെറ്റ് ചാനലില്‍ നരേന്ദ്രമോഡി മലയാളത്തില്‍ ആശംസകള്‍ നേര്‍ന്നത് കേരളത്തെ കാവിവത്കരിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് ശരാശരി ദൃഷ്ടാവിന് മനസ്സിലായിക്കൊള്ളണമെന്നില്ല. സപ്തംബര്‍ 26ന് മാതാ അമൃതാനന്ദമയിയെ കാണാന്‍ ഞാന്‍ വരുന്നുണ്ടെന്നും അപ്പോള്‍ നിങ്ങളെ നേരില്‍ കാണാമെന്നും അറിയിച്ചുകൊണ്ടുള്ള സന്ദേശം ഇപ്പോള്‍ യൂട്യൂബിലൂടെ വിതറുന്നതില്‍ വലിയ ആപദ് സൂചനകളുണ്ട്. രാമജന്മഭൂമി പ്രക്ഷോഭം തിരികൊളുത്തിയ ഹിന്ദുത്വവികാരം, എല്‍കെ അദ്വാനിയുടെ രഥയാത്രയിലൂടെ ആളിപ്പടരുകയും ബാബ്രിധ്വംസനത്തിലൂടെ കാട്ടുതീയായി ഒരു രാജ്യത്തിന്‍റെ സ്വാസ്ഥ്യത്തെ വിഴുങ്ങുകയും ചെയ്തപ്പോള്‍ പേരിനെങ്കിലും ബിജെപിയില്‍ തീവ്ര, മിത പക്ഷങ്ങളുണ്ടായിരുന്നു. പ്രായോഗികരാഷ്ട്രീയവും അധികാരമോഹവും ആര്‍എസ്എസ് എന്നും കൊണ്ടു നടന്ന വിവാദ വിഷയങ്ങളെ മൂലക്കിടാനും എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യമായ ഒരു പൊതുഅജണ്ട മെനഞ്ഞെടുക്കാനും വാജ്പേയി അദ്വാനിമാരുടെ മേല്‍ സാഹചര്യം സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് രാമക്ഷേത്ര നിര്‍മാണവും കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന മുപ്പത്തിയേഴാം വകുപ്പ് എടുത്തു കളയലും ഏകീകൃത സിവില്‍ കോഡുമടക്കുമുള്ള അജണ്ടകള്‍ ഫ്രീസറില്‍ വെക്കുന്നത്. ആര്‍എസ്എസ് മോഡി കൂട്ടുകെട്ട് ആ സാധ്യതപോലും ഇല്ലാതാക്കുന്നു. മാത്രമല്ല, വിദ്വേഷ പ്രചാരണത്തിന്‍റെയും സാമുദായിക ധ്രുവീകരണത്തിന്‍റെയും മാര്‍ഗങ്ങളിലൂടെ അന്തരീക്ഷം കൂടുതല്‍ പ്രക്ഷുബ്ധമാക്കാന്‍ ഏതറ്റംവരെ പോകാനും തയാറാവുമെന്ന് മുന്നറിയിപ്പു നല്‍കുകയാണ്. മോഡിയുടെ യുഎസ്പി (ൗിശൂൗല ലെഹഹശിഴ ുീശിേ വില്‍പന മൂല്യം) അദ്ദേഹത്തിന്‍റെ മാകോ പേഴ്സണാലിറ്റി ആണ്. കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ അമൂല്യ ഗാംഗുലി അടിവരയിടുന്ന ഒരു യാഥാര്‍ത്ഥ്യത്തെ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ സ്പര്‍ശിച്ചു കാണുന്നേയില്ല. മൂന്നര പതിറ്റാണ്ടിനു മുന്പ്, പാര്‍ട്ടി രൂപീകൃതമായതിനു ശേഷം ഇതാദ്യമായി ഒരു മുന്‍ ആര്‍എസ്എസ് പ്രചാരകനും ഹിന്ദുത്വക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്നവനുമായ ഒരാളെ ദേശീയ രാഷ്ട്രീയ പന്ഥാവില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നാണ് ഗാംഗുലി പറയുന്നത്. ഈ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ 1925ല്‍ ഡോ. കേശവറാം ഹെഡ്ഗേവാര്‍ ബീജാവാപം നല്‍കിയ ഒരു സംഘടന തൊണ്ണൂറാം വയസ്സില്‍ അതിന്‍റെ ആത്യന്തിക ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഹിന്ദു രാഷ്ട്രമാണ് ആര്‍എസ്എസിന്‍റെ ലക്ഷ്യം. ആ രാഷ്ട്രത്തിന്‍റെ മാതൃക നാസി ജര്‍മനിയുടേതാണ്. അത്തരമൊരു രാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടാവില്ല. ജ്ഞാനപീഠ ജേതാവ് യു ആര്‍ അനന്തമൂര്‍ത്തി അതുകൊണ്ടാണ് മുന്‍കൂട്ടി പറഞ്ഞത്; നരേന്ദ്രമോഡി പ്രധാനമന്ത്രിയാവുന്ന ഒരു കാലം വരികയാണെങ്കില്‍ ഞാന്‍ ഇന്ത്യ വിടുമെന്ന്. മോഡിയുടെ ഒരു മുഖം മാത്രം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ മറ്റൊരു മുഖം മാധ്യമങ്ങള്‍ മറച്ചുവെക്കുകതന്നെയാണെന്ന അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് ഹൃദ്രക്തം കൊണ്ട് അടിവരയിടണം.

കാലവിശാലതയില്‍ കൈയൊപ്പ് ചാര്‍ത്തിയ കുറെ മഹാരഥന്മാര്‍ ഇരുന്ന അധികാരക്കസേര സ്വന്തമാക്കാന്‍ നരേന്ദ്രമോഡിയെ പോലുള്ള അധമന്മാര്‍ സര്‍വായുധ വിഭൂഷിതരായി ജനായത്ത പടക്കളത്തിലിറങ്ങുന്പോള്‍ പേടിച്ചോടുകയോ നിസ്സംഗമായി നോക്കിനില്‍ക്കുകയോ അല്ല വേണ്ടത്; ആരാണീ അധികാരമോഹി എന്ന്് തുറന്നു കാട്ടുകയാണ്. ദി ഹിന്ദു പത്രത്തിന്‍റെ റീഡര്‍ എഡിറ്റര്‍ എ എസ് പനീര്‍ശെല്‍വന്‍ മോഡിയുടെ കാര്യത്തില്‍ തന്‍റെ പത്രം സ്വീകരിക്കുന്ന ശക്തമായ എഡിറ്റോറിയല്‍ നയം അവലോകനം ചെയ്യവെ ചൂണ്ടിക്കാട്ടുന്ന ഒരു തത്വമുണ്ട്; വിഭാഗീയ രാഷ്ട്രീയത്തിന്‍റെ ഭവിഷ്യത്തിനെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്നത് ഉയര്‍ന്ന മാധ്യമ പ്രവര്‍ത്തനമാണ്. മോഡി എന്ന വ്യക്തിയെ അല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിപല്‍ക്കരമായ രാഷ്ട്രീയത്തെയാണ് നാം വെറുക്കുന്നതും ഭയപ്പെടുന്നതും. നാളെ മോഡി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടേക്കാം എന്ന സാധ്യത ഒരിക്കലും തന്നെ അദ്ദേഹത്തെ പാപമുക്തനാക്കുന്നില്ല. എന്നല്ല, പാപപങ്കിലമായ ആ ജീവിതം നമ്മുടെ രാജ്യത്തെ തന്നെ വേട്ടയാടുന്ന ഒരു സാഹചര്യത്തെ തട്ടിത്തെറിപ്പിക്കാനുള്ള പോംവഴികളെ ക്കുറിച്ചാണ് നാം കൂലങ്കശമായി പരിചിന്തനം നടത്തേണ്ടത്.

ശാഹിദ്

8 Responses to "മീഡിയ പടച്ചുവിടുന്ന മോഡിമാനിയ"

  1. Noushad Vm  September 29, 2013 at 12:43 pm

    മലയാളതിലെ മുന്നിര മധ്യമങ്ങലുടെ ഹിഡൻ അജൻഡകളണു മൊഡി വാഴ്തലുകളിലൂടെ പുറത്തകുന്നതു.ഇതു തിരിചറിയാനൂം അറിഞ്ഞു പ്രതികരികാനുമുള്ള വിവെകവും രാഷ്ട്രീയ അവ്ബൊധവുമാനു വൊട്ടർമ്മർക്കുണ്ടാകെണ്ടതു.

  2. salimhamza  October 13, 2013 at 12:16 pm

    http://www.youtube.com/watch?v=J_onrTv-Vqk

  3. Shajeer Mangalassery Abdulla  October 13, 2013 at 12:26 pm

    സമയം കിട്ടുമ്പോൾ ഉസ്താദിനോട് ഈ ലേഘനം വായിക്കാൻ പറയണേ. മോഡിയുടെ വംശീയ ഉന്മൂലനത്തെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ, റോഡിനെ കുറിച്ചും കൃഷിയെ കുറിച്ചും പറഞ്ഞ ഉസ്താദിനും ഇതെല്ലാം ബാധകം ആണ്

  4. Driksakshi  October 14, 2013 at 5:23 am

    ഇതെന്തിന് വേണ്ടിയുള്ളതാണ് . നമ്മെ സമാധാനപ്പെടതനാണോ

    മോഡിയെ അന്ഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ
    മോഡിയെ അംഗീകരിക്കുന്നില്ല എന്നൊരു വാക്ക് പറയാൻ നേതാവിന് കഴിഞ്ഞില്ലല്ലോ …
    കൂടാതെ റോഡ്‌ ഉണ്ടാക്കുന്ന ആളാണ് മോടിയെങ്കിൽ അംഗീകരിക്കുന്നുവെന്നു .

    സഹതാപം , പ്രസ്ഥാനമേ സഹതാപം , എന്ത് പറ്റീ നമ്മുടെ നേതാവിന് .

    • umarullanam  October 15, 2013 at 7:46 am

      സഹോദരാ അബൂബക്കര്‍ മുസ്ലിയാര്‍ സുശക്തമായ സമസ്തയെന്ന സംഘടനയെ പിളര്‍ത്തി ഒരു കഷ്ണവും കൊണ്ട് പുറത്തു പോയതെന്തിനെന്നു നമ്മള്‍ ആദ്യം പഠിക്കണം അപ്പോഴേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ നേതൃത്വം കയ്യില്‍ ഒതുക്കാനും ധന സമ്പാ ദനതിനും വേണ്ടിയാണു അങ്ങേരു ഈ പെടാ പാടുപെട്ടത് അത് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് സംഘടനയുടെ ഒരുകഷ്ണ തിന്റെ ചോദ്യം ചെയ്യപ്പെടാത്ത രാജാവായി വാഴാനും അത് വഴി സമ്പത്തിന്റെ വന്‍ കൂമ്പാരത്തിന്റെ ഉടമയാകാനും സാധിച്ചു അങ്ങേര്‍ക്കു ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കും എന്നതാണ് അങ്ങേരുടെയും നയം മോഡിയല്ല അതിനെക്കാള്‍ വലിയ നരാധമന്‍ ആയാലും അങ്ങേരു സഹായങ്ങള്‍ സ്വീകരിക്കും പിന്തുണക്കും ന്യായീകരിക്കും അതി നദ്ധെ
      ഹത്തിനു പറ്റിയ കുറച്ചു തക്ബീര്‍ തൊഴിലാളികള്‍ കൂടെയുല്ലെടത്തോളം കാലം ഒരു ബുദ്ധിമുട്ടും വരില്ല

      • sainul abid  October 15, 2013 at 5:32 pm

        oru kashnamalla suhrthea muzuvanum appuarth ini jama muja thablee mukoottu mnnani pedukal maathram

  5. Driksakshi  October 14, 2013 at 5:24 am

    സഹതാപം , പ്രസ്ഥാനമേ സഹതാപം , എന്ത് പറ്റീ നമ്മുടെ നേതാവിന് .

  6. kutty  October 15, 2013 at 5:07 am

    മോഡിയെ പോലെ യുള്ള ഒരു ഫാസിസ്റ്റ് അനാധികാരിയെ ഞങ്ങൾ അന്ഗീകരിക്കുന്നില്ല എന്ന് വെക്ത മായി മരുബടി ഉള്ളപ്പോൾ എന്തിനാണ് അയാൾ വളച്ചു കെട്ടി para യുന്നത്‌ …. നേരെ പറയാൻ എന്താണ് അയാള്ക് തടസ്സം

You must be logged in to post a comment Login