നല്ല പാതിയാണോ?

നല്ല പാതിയാണോ?

ജീവിതത്തില്‍ വിജയം വരിച്ച ഏതൊരു പുരുഷന്‍റെ പിന്നിലും ഒരു പെണ്ണുണ്ടെന്നു പറയാറുണ്ടല്ലോ. അതില്‍ ശരിയുണ്ട്. പക്ഷേ, വിജയത്തില്‍ മാത്രമല്ല, പരാജയത്തിനു പിന്നിലുമുണ്ടാവും ഒരു പെണ്ണ്.

ശ്രീമതി മനസ്സു വെളുപ്പുള്ളവളെങ്കില്‍ ഭര്‍ത്താവ് വിജയിക്കും. തൊലിപ്പുറമെ മാത്രമേ നിറമുള്ളൂവെങ്കില്‍ ഭര്‍ത്താവിനു പരാജയം പ്രതീക്ഷിക്കാം; അതുവഴി അവള്‍ക്കും.

അരങ്ങില്‍ തിളങ്ങുന്നത് ഭര്‍ത്താവെങ്കിലും അണിയറയില്‍ ഭാര്യക്കുമുണ്ട് ശക്തമായ റോള്‍. ഭാര്യയും ഇന്ന് അരങ്ങത്താണെന്ന് അറിയാതെയല്ല ഈ പറച്ചില്‍. ശരി സൂചിപ്പിച്ചെന്നു മാത്രം.

ബലഹീനരായ ഭര്‍ത്താക്കളെ പിന്തുണയിലൂടെ കരുത്തരാക്കിയ ഭാര്യമാരുണ്ട്. പത്നിയുടെ സാമര്‍ത്ഥ്യം കൊണ്ടുമാത്രം കഴിവുകേട് തരണം ചെയ്തവരുമുണ്ട്. വഴിവിട്ട ജീവിതത്തില്‍ നിന്നു കെട്ടിയോള്‍ നിമിത്തം നേര്‍വഴി പ്രാപിച്ചവരുമുണ്ട്. അവള്‍ തന്നെ നല്ല പാതി.

അത്യാവശ്യം സാമര്‍ഥ്യമൊക്കെ ഉണ്ടായിരുന്നവനെ ദുര്‍ബുദ്ധി ഓതിക്കൊടുത്ത് ഒരരുക്കാക്കിയവരും യഥേഷ്ടം. ഭാര്യയുടെ ആര്‍ഭാടം കൊണ്ടു കുത്തുപാളയെടുത്തവരും കുറച്ചൊന്നുമല്ല.

പെണ്ണ് ചിന്തിക്കണം, ഞാനെങ്ങനെയാവണം?
ആസിയ(റ).

നാടുവാഴുന്ന ഫിര്‍ഔന്‍റെ പത്നി. എങ്കിലും കൊട്ടാരത്തിലെ സൗഖ്യങ്ങളില്‍ അവര്‍ മതി മറന്നില്ല. ഭര്‍ത്താവിന്‍റെ തിന്മകളോട് പൊരുത്തപ്പെട്ടില്ല. തിന്മയെ തിരുത്താതിരുന്നതുമില്ല.

പെട്ടിയില്‍ നിന്നു കിട്ടിയ മൂസാ(അ) എന്ന കുട്ടി വധത്തില്‍ നിന്നു രക്ഷപ്പെട്ടത് ആസിയ വഴിയാണല്ലോ. അവസാനം നന്മയുടെ വഴിയില്‍ രക്തസാക്ഷിയാവാനും അവര്‍ക്കു മടിയുണ്ടായില്ല.

സത്യവിശ്വാസികള്‍ക്കു മാതൃകയായാണ് അല്ലാഹു അവരെ പറഞ്ഞത്.

ആസിയയോളമാവുക അസാധ്യമെങ്കിലും ഇന്നുമുണ്ട് ഭര്‍ത്താക്കന്മാരെ തിരുത്തുന്ന വനിതകള്‍. നന്മയില്‍ മാത്രം സഹകാരികളാവുന്നവര്‍. പക്ഷേ, അവരുടെ എണ്ണക്കുറവ് ആശങ്കാജനകം. അവിവേകികകളായ പുരുഷന്മാര്‍ക്ക് ഒത്ത ഇണകളാണ് ഒട്ടേറെ. ചക്കിയും ചങ്കരനും! അബൂലഹബും ഉമ്മുജമീലും പോലെ.

ഭാര്യ ഭര്‍ത്താവിനു വഴിപ്പെടേണ്ടവര്‍ തന്നെ. അവളുടെ കര്‍ത്തവ്യവും അതു തന്നെ. അതിനവള്‍ക്കു പ്രതിഫലം നേടാന്‍ കഴിയും. പക്ഷേ, ഭര്‍തൃ കല്പന അനിസ്്ലാമിക കാര്യത്തിന്നെങ്കില്‍ അംഗീകരിക്കേണ്ട. ഭര്‍ത്താവിന്‍റെ അരുതായ്മക്ക് കൂട്ടുനില്‍ക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവള്‍ ഉത്തമയുമല്ല.

കൈക്കൂലിവാങ്ങാന്‍ ഭര്‍ത്താവിനു പ്രേരണയാകുന്ന ഉദ്യോഗസ്ഥപത്നിയും കുറ്റവാളിയാണ്. ഭാര്യമാരെ തൃപ്തിപ്പെടുത്താനായി കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ട്. അവര്‍ക്ക് കിട്ടുന്നത് തികയാത്തത് കെട്ടിയവളുടെ ഗുണം കൊണ്ട്. മോഷ്ടിക്കാന്‍ ധൈര്യക്കുറവുള്ളതിനാല്‍ അവര്‍ മാന്യമായി പിടിച്ചു പറിക്കുന്നു.

ഉമര്‍(റ) ന്‍റെ ഭരണകാലം.

മുആദുബ്നു ജബല്‍ (റ)നെ കിലാബ് ഗോത്രത്തിലേക്കു നിയമിച്ചു. ഉദ്യോഗം, സകാത്ത് പിരിച്ചു വിതരണവും മറ്റും.

ഡ്യൂട്ടികാലം കഴിഞ്ഞ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്ക് തിരിച്ചുപോന്നു. പോയതെങ്ങനെയോ അങ്ങനെതന്നെ. കൈയ്യിലൊന്നുമില്ല. ഭാര്യ ചോദിച്ചു: ഉദ്യോഗസ്ഥര്‍ ഭാര്യമാര്‍ക്ക് പാരിതോഷികങ്ങളും മറ്റും കൊണ്ടു വരാറുണ്ടല്ലോ. നിങ്ങളൊന്നും കൊണ്ടുവന്നില്ലേ? മുആദ് (റ) വാങ്ങുമോ ആരുടെയെങ്കിലും പാരിതോഷികം? പരലോക നേട്ടം ഇഹലോകത്തേക്കാളും അതിലുള്ള സകലതിനേക്കാളും ഉത്തമമെന്നു നബി(സ്വ) പഠിപ്പിച്ച ശിഷ്യനാണ്.

അദ്ദേഹം പറഞ്ഞു : എന്‍റെ കൂടെ ജാഗ്രതയുള്ളൊരു നിരീക്ഷകനുണ്ടായിരുന്നു.
കള്ളം പറഞ്ഞതല്ല, അല്ലാഹുവിനെ ഉദ്ദേശിച്ചാണ്. കാര്യം തിരിയാതെ ഭാര്യ ചോദിച്ചു: റസൂലിനും അബൂബക്കറിനും താങ്കളെ വിശ്വാസമായിരുന്നല്ലോ. എന്നിട്ടിപ്പോള്‍ ഉമര്‍ താങ്കളെ നിരീക്ഷിക്കാന്‍ ആളെ അയച്ചോ?

ഭാര്യ ഉമര്‍(റ)ന്‍റെ ഭാര്യയോടു പരിഭവം പറഞ്ഞു; അവര്‍ ഉമര്‍(റ)വിനോടും.

വിസ്മയിച്ചു പോയ ഖലീഫ, മുആദ് (റ)നെ വിളിച്ചു ചോദിച്ചു:

ഞാന്‍ താങ്കളുടെ കൂടെ നിരീക്ഷകനെ അയച്ചെന്നോ?

മുആദിന്‍റെ മറുപടി : ഇല്ല, അമീറുല്‍മുഅ്മിനീന്‍. അതല്ലാതെ അവളോട് മറ്റൊന്നും എനിക്കു പറയാനുണ്ടായിരുന്നില്ല.

ഉമര്‍(റ) ചിരിച്ചു. ഒരു തുക കൊടുത്തിട്ടു പറഞ്ഞു: അവരെ തൃപ്തിപ്പെടുത്തിക്കോളൂ.

ഓര്‍ക്കണേ, എല്ലാ ഭര്‍ത്താക്കന്മാരും മുആദുമാരല്ല. നിരീക്ഷകനെയും വെട്ടിക്കുന്നവരാണ് ഒട്ടേറെ.
അവര്‍ക്കു പറ്റിയ ഭാര്യമാരുമായാല്‍…!

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login