കല്ല്യാണപ്രായമാവാത്ത നേതൃത്വത്തിന്‍റെ കളിതമാശകള്‍

കല്ല്യാണപ്രായമാവാത്ത  നേതൃത്വത്തിന്‍റെ  കളിതമാശകള്‍

ആരാണ് നേതാവ് എന്ന് ബാബാസാഹെബ് അംബേദ്ക്കറോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ ഒരു മറുപടിയുണ്ട്: സ്വന്തം ജനതയുടെ അഭിലാഷങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുള്ള, ദീര്‍ഘവീക്ഷണവും സ്വന്തം കര്‍മപദ്ധതികളുമുള്ള, ബുദ്ധി ആയുധമാക്കിയ നിസ്വാര്‍ഥനല്ലാതെ നേതാവാകാന്‍ അര്‍ഹതയില്ല. ഈ യോഗ്യതകളിലൊന്നെങ്കിലുമുള്ള നേതാക്കള്‍ സമുദായത്തില്‍ ഇല്ലാതെ പോയതിൻറെ കെടുതികള്‍ അനുഭവിക്കുന്ന ഹതഭാഗ്യരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. എന്നാല്‍, കേരളത്തിലെ ഇസ്ലാമിക സമൂഹം മറ്റുള്ളവരില്‍നിന്നു വ്യത്യസ്തരാകുന്നത് വ്യവസ്ഥാപിത നേതൃത്വത്തിന് കീഴില്‍, താരതമ്യേന ഭദ്രമായ സാമൂഹികസാംസ്കാരിക പരിസരത്തു ജീവിക്കാന്‍ അവര്‍ക്ക് അവസരമുണ്ട് എന്നതുകൊണ്ടാണെന്ന് നാം വിശ്വസിച്ചുപോന്നിരുന്നു. ആ വിശ്വാസത്തെ തകര്‍ക്കുന്ന ചില നിലവാരം കുറഞ്ഞ അഭ്യാസമാണ് പെണ്‍കുട്ടികളുടെ കെട്ടുപ്രായത്തിന്‍റെ കാര്യത്തില്‍ സമുദായ നേതാക്കളില്‍ ചിലര്‍ അനവസരത്തില്‍ നടത്തിയ ഇടപെടല്‍.

എവിടെയോ കിടക്കുന്ന തുരുന്പുപിടിച്ച കോടാലി കാലിലിട്ടതിനു തുല്യമായി മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ചുകിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന വീരസ്യം മുഴക്കാന്‍ ഒരു കൂട്ടം നേതാക്കള്‍ കാണിച്ച ധാര്‍ഷ്ട്യം. സമസ്തയെന്നപേരില്‍ മുഴുവന്‍ സമസ്ത വിരുദ്ധരെയും മുസ്ലിംലീഗ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് കോഴിക്കോട്ട് യോഗം ചേര്‍ന്നപ്പോള്‍ തന്നെ ഈ വിഷയത്തില്‍ ദീക്ഷിക്കേണ്ട സംയമനത്തെക്കുറിച്ച് ചിലരെങ്കിലും താക്കീത് നല്‍കിയിരുന്നുവത്രെ. 2006ല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒരു നിയമത്തിലെ (Prohibition of Child Marriage Act, 2006) വ്യവസ്ഥകളെക്കുറിച്ച് ആറേഴ് വര്‍ഷത്തിനു ശേഷം ഉത്കണ്ഠപ്പെടുന്നതായിരുന്നു ആ യോഗത്തില്‍ പ്രധാന അജണ്ടകളിലൊന്ന്. ഈ പോഴത്തം ആ യോഗത്തില്‍ പങ്കെടുത്ത ഏതാനും വക്കീലന്മാര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാമായിരുന്നു. 

എന്നാല്‍, തലേദിവസം തങ്ങളുടെ പാര്‍ട്ടിയുമായി അഭിനവ ഹുദൈബിയ സന്ധി ഒപ്പുവെച്ചവരുടെ ആഗ്രഹാഭിലാഷം നടക്കട്ടെയെന്നും കര്‍മപരിപാടികളൊന്നുമില്ലാതെ ചില കുശുന്പുകളുമായി പിന്നാലെ നടക്കുന്നതിനു പകരം സ്വന്തമായൊരു കെണിയില്‍ വീണു പഠിക്കട്ടെ എന്നും ആലോചിച്ചുറപ്പിച്ച ശേഷമായിരിക്കണം ചലോ സുപ്രീം കോടതി എന്ന് പറഞ്ഞു ശട്ടംകെട്ടിച്ചത്. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിൻറെ മനോഘടനയെ കുറിച്ചോ മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന സൂക്ഷ്മമായ ചലനങ്ങളെ പോലും മറ്റൊരു രീതിയില്‍ വായിക്കുന്ന മീഡിയയുടെ വിപദ്കരമായ സ്വഭാവത്തെ കുറിച്ചോ അശേഷം ബോധമില്ലാത്ത സമുദായ നേതൃത്വം, സമുദായത്തിനകത്ത് ചര്‍ച്ച ചെയ്താല്‍ മതി എന്ന് പക്വമതികള്‍ നിര്‍ദേശിച്ച വിഷയങ്ങള്‍ പോലും പുറത്തിട്ട് ഏടാകൂടത്തില്‍ ചാടുകയായിരുന്നു. വിവേകശൂന്യമായ ആ നീക്കം എന്തുമാത്രം പേരുദോഷമാണ് മുസ്ലിം സമുദായത്തിന് വരുത്തിവെച്ചതെന്ന് രണ്ടുദിവസം കൊണ്ട് തെളിഞ്ഞപ്പോള്‍ വിവാഹപ്രായം തികഞ്ഞവരുടെ കാര്യം പറയാന്‍ തങ്ങള്‍ക്ക് ബുലൂഗ് ആയിട്ടില്ലെന്ന് ഇവര്‍ സ്വയം സമര്‍ഥിക്കുകയായിരുന്നു. അതോടെ മുസ്ലിം ലീഗ് നേതാക്കള്‍ സ്വന്തം സമസ്തയെ കൈവെടിഞ്ഞു. യുവാക്കളെ കൊണ്ടും യുവതികളെകൊണ്ടും സമസ്തയുടെ നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിച്ചു. ഇവരോടൊപ്പമല്ല കേരളത്തിലെ മുസ്ലിംകള്‍ എന്ന് തറപ്പിച്ചു പറയാന്‍ യുവനേതാക്കള്‍ക്ക് പാര്‍ട്ടി ധൈര്യം പകര്‍ന്നുനല്‍കി. പൊതുസമൂഹത്തില്‍നിന്ന് കേരളത്തിലെ പണ്ഡിതന്മാര്‍ക്ക് ഇതുവരെ കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു. കേരളീയ സംവാദ വേദികളിലെ സ്ഥിരം അവതാരമായ കേരള ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞത് മാത്രം സാന്പിളായി ഇതാ  മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത് വിവരംകെട്ട ചില മൊല്ലാക്കമാരാണ്. പക്വതയില്ലാത്ത ചില മുസ്ലിം സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനോരോഗികളാണ്. ഇത്തരക്കാരെ തുറുങ്കിലടക്കണം. 

മുസ്ലിം ലീഗിന്‍െറ സഹയാത്രികരായ കേരള കോണ്‍ഗ്രസ് നേതാവിൻറെവായില്‍നിന്ന് ഉതിര്‍ന്നുവീണ തിരുവചനങ്ങള്‍ക്ക് എതിരെ ഉരിയാടാന്‍ ആരും മുന്നോട്ടുവരാതിരുന്നത് അസമയത്ത് സുപ്രീംകോടതിയിലേക്ക് യാത്ര തിരിച്ചവരുടെ മേല്‍വിലാസം പോലും എവിടെയും കാണാതെപോയപ്പോഴാണ്. കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്തവര്‍ പോലും രംഗം പന്തിയല്ല എന്നു കണ്ടപ്പോള്‍ തിരിഞ്ഞോടി. അങ്ങനെയാണ് ജമാഅത്തെ ഇസ്ലാമിയും എം.എസ്.എസും ലീഗുമൊക്കെ ഈ പണ്ഡിതശിരോമണികളുടെ നീക്കത്തോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാന്‍ മുന്നോട്ടുവന്നത്. ഇത്തരമൊരു യോഗത്തിലേക്ക് പാര്‍ട്ടി ആരേയും അയച്ചിട്ടുപോലുമില്ലെന്ന് സാക്ഷാല്‍ ലീഗ് കാര്യദര്‍ശി ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയതോടെ മാധ്യമങ്ങളില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റാനുള്ള ചിലരുടെ അജണ്ട തിരിച്ചറിയാനായി. വീണിടത്തുകിടന്നു ഉരുളാനായി പിന്നീടുള്ള ശ്രമങ്ങള്‍. അതോടെ, ഭാഷ മൃദുവും തീരുമാനം അനുനയത്തിന്‍േറതുമായി. ലീഗ് ജിഹ്വയില്‍ വ്യക്തിനിയമസംരക്ഷണ സമിതിക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു: സമുദായത്തിലെ ഒന്പത് സംഘടനകളുടെ പ്രതിനിധികളാണ് കോഴിക്കോട്ട് ഒത്തുകൂടിയത്. വിവാഹപ്രായമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്ലിം സമുദായത്തിന് ഭരണഘടന അനുവദിച്ച പരിരക്ഷ ഉറപ്പുവരുത്തണമെന്നും അനിവാര്യമായ സാഹചര്യങ്ങളില്‍ 18വയസ്സിനു മുന്പ് വിവാഹിതരാവേണ്ടിവരുന്ന പെണ്‍കുട്ടികളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരം ഉണ്ടാക്കണം എന്നുമായിരുന്നു യോഗത്തിന്‍െറ പ്രധാന ആവശ്യം. മുസ്ലിം വ്യക്തിനിയമത്തില്‍ വിവാഹപ്രായം നിര്‍ണയിച്ചിട്ടില്ലെന്നിരിക്കെ അതിനു വിരുദ്ധമായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങള്‍ മുസ്ലിം സമുദായത്തിന്‍റെ മതപരമായ മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് യോഗം വിലയിരുത്തുകയുണ്ടായി. ഈ തീരുമാനങ്ങളത്രയും ഏകകണ്ഠമായിരുന്നു (ചന്ദ്രിക, സെപ്റ്റംബര്‍ 24, 2013 ). തീരുമാനം എത്രമാത്രം ഏകകണ്ഠമായിരുന്നുവെന്ന് പിറ്റേന്ന് നാം കണ്ടു തുടങ്ങി. ഓരോരുത്തരായി കൈവിട്ടപ്പോള്‍ കൂടെ കരയാന്‍ പോലും ആരുമില്ലാതെ സമുദായ കേസരികള്‍ മാളത്തിലൊളിച്ചു. സുപ്രീംകോടതിയിലേക്ക് ഏത് വഴിക്കാണ് പോകേണ്ടത് എന്നു പഠിക്കാന്‍ നിയോഗിക്കപ്പെട്ട വക്കീലിൻറെ ന്യായീകരണ കുറിപ്പ് കൊടുക്കാന്‍ കേരളത്തിലെ ഒരു പത്രവും തയാറാവാതെ വന്നപ്പോള്‍ അതുസ്വയം ചവറ്റുകൊട്ടയില്‍ ആപതിച്ചു. വിഷയത്തില്‍ ആവേശമേ കാട്ടേണ്ട എന്ന് പാര്‍ട്ടി ആസ്ഥാനത്തുനിന്ന് ലഭിച്ച വിവരത്തിന് പാര്‍ട്ടി ജിഹ്വ പകരം വീട്ടി. മേലാല്‍, തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്തല്ലാതെ പേന ചലിപ്പിക്കില്ലെന്ന് ഉടന്പടി ഒപ്പുവെച്ചതിന്‍റെ കെറു അവസരം ഒത്തുവന്നപ്പോള്‍ എഡിറ്റര്‍മാര്‍ ആഘോഷിച്ചു തീര്‍ത്തു.

സ്വയംകൃതാനര്‍ഥങ്ങള്‍ക്കാണ് വിമതസമസ്ത ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത്. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശൈശവ വിവാഹം ഏറ്റവും കൂടുതല്‍ നടക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. 2006ല്‍ ശൈശവവിവാഹ നിരോധന നിയമം കര്‍ക്കശ രൂപത്തില്‍ പുനരവതരിപ്പിക്കുന്നതിന് പറഞ്ഞ കാരണങ്ങളിലൊന്ന് ഇന്നും രാജ്യത്ത് നടക്കുന്ന വിവാഹങ്ങളില്‍ പകുതിയും പതിനഞ്ച് വയസ്സ് തികയാത്ത പെണ്‍കുട്ടികളുമായാണ് എന്നാണ്. അതിനര്‍ഥം ശൈശവ വിവാഹം ഒരു മുസ്ലിം പ്രശ്നമല്ല എന്നതാണ്. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാല, കൗമാര വിവാഹങ്ങള്‍ ഹിന്ദുസമൂഹങ്ങളില്‍ നിര്‍ബാധം തുടരുന്നുണ്ട്. 1929ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പാസ്സാക്കിയ ശാര്‍ദ ആക്ടില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാലായാണ് നിജപ്പെടുത്തിയിരുന്നത്്. പിന്നീട് നടന്ന മൂന്നു ഭേദഗതികളിലൂടെയാണ് പ്രായം പതിനെട്ടായി ഉയര്‍ത്തുന്നത്. 1978ല്‍ നിയമം കര്‍ക്കശമാക്കാനുള്ള തീരുമാനം ഉണ്ടായപ്പോള്‍ കേരളത്തിലെ പണ്ഡിതന്മാര്‍ ഉച്ചത്തില്‍ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിന്നു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 2004ല്‍ ഷാബാനു കേസില്‍ മുസ്ലിം വിവാഹമോചിതയുടെ ജീവനാംശ പ്രശ്നം വന്നപ്പോഴും സമുദായം ഒറ്റക്കെട്ടായി വാദിച്ചത് ഇത്തരം വിഷയങ്ങളില്‍ മുസ്ലിം ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നുവെന്നും സുപ്രീം കോടതി പരിധി ലംഘിച്ചിരിക്കയാണെന്നുമാണ്. രാജ്യമൊട്ടുക്കും ആഞ്ഞടിച്ച ശരീഅത്ത് വിവാദം പാര്‍ലമെന്‍റില്‍ മുസ്ലിം വനിതാ നിയമം പാസ്സാക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ പ്രേരിപ്പിച്ചുവെങ്കിലും ആ നടപടി സൃഷ്ടിച്ച കോലാഹലങ്ങളും ദൂരവ്യാപക പ്രത്യാഘാതങ്ങളും ഇപ്പോള്‍ സമുദായ നേതൃത്വം ഏറ്റെടുക്കാനും ശരീഅത്ത് സംരക്ഷിക്കാനും ഇറങ്ങിപ്പുറപ്പെട്ടവര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഹിന്ദുത്വ ശക്തിപ്രാപിക്കുന്നതും രാമജന്മഭൂമി പ്രക്ഷോഭം കൊടുന്പിരിക്കൊള്ളുന്നതും മുസ്ലിംകള്‍ രാജ്യം ഇസ്ലാമികവത്കരിക്കാന്‍ പോകുന്നു എന്ന പ്രചണ്ഡമായ പ്രചാരണം നടത്തിയാണ്. എല്ലാറ്റിനുമൊടുവിലത് ബാബരി മസ്ജിദിന്‍െറ തകര്‍ച്ചക്കും ബി.ജെ.പിയുടെ അധികാരാരോഹണത്തിനും വഴിതെളിയിച്ചത് നാം കണ്ടു. ഇപ്പറഞ്ഞതിനര്‍ഥം ശരീഅത്ത് വിരുദ്ധമായ നീക്കങ്ങള്‍ കാണുന്പോള്‍ മൗനം ദീക്ഷിക്കണം എന്നല്ല. മറിച്ച്, ബൂദ്ധിപൂര്‍വകമായ നീക്കങ്ങളിലൂടെ പൊതുസമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാവണം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും മുന്നോട്ടുപോവുന്നതും. അഭിപ്രായസമന്വയം എന്നത് ജനാധിപത്യത്തിന്‍റെ മാത്രമല്ല, സാമുദായിക പാരസ്പര്യത്തിന്‍െറ കൂടി നല്ലൊരു രീതിയാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ സമസ്ത മുശാവറ പുതിയ വിവാദത്തെ വിലയിരുത്തിയ രീതി നിരീക്ഷിച്ചാല്‍ ഇക്കാര്യം മനസ്സിലാവും: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ചില മുസ്ലിം സംഘടനകള്‍ പൂറപ്പെടുവിച്ച അഭിപ്രായങ്ങളില്‍ പലതും മതിയായ കൂടിയാലോചനകളോ സമകാലിക ജീവിതത്തെ കുറിച്ചുള്ള മതപരവും സാമൂഹ്യ ശാസ്ത്രപരവുമായ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതോ അല്ല. സമുദായത്തെ പ്രതിക്കുട്ടിലാക്കി മുസ്ലിംകളുൂടെ ക്രിയാത്മക ഊര്‍ജം പാഴാക്കാന്‍ അവസരമൊരുക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് സംശയാസ്പദമാണ് . ഈ തിരിച്ചറിവ് ആ യോഗത്തില്‍ പങ്കെടുത്ത ഏതെങ്കിലുമൊരു വിഭാഗത്തിനെങ്കിലും ഉണ്ടാവണമായിരുന്നു.

മുസ്ലിംകള്‍ക്ക് സ്വീകാര്യമല്ലാത്ത നിയമനിര്‍മാണങ്ങള്‍ വരുന്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് സഭകളിലും അധികാരകേന്ദ്രങ്ങളിലുമാണ്. 2006ല്‍ ശൈശവവിവാഹ നിരോധന നിയമം പാര്‍ലമെന്‍റില്‍ കൊണ്ടുവന്നപ്പോള്‍ അതിലെ കര്‍ക്കശ വ്യവസ്ഥകളെ കുറിച്ച് ശാഹിദ് ഓര്‍മപ്പെടുത്തിയിരുന്നു. ഇത്തരം വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന ഖാളിമാര്‍ മാത്രമല്ല, പന്തലൊരുക്കുന്നവരും ആ വഴി പോകുന്നവരും അയല്‍പക്കക്കാരു പോലും അഴികള്‍ക്കുള്ളിലാവുന്ന വ്യവസ്ഥകള്‍ അതിലുണ്ടെന്നും മുസ്ലിംകളായിരിക്കും ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടാന്‍ പോവുന്നതെന്നും എടുത്തുപറഞ്ഞതാണ്. അന്നൊന്നും ഇപ്പോള്‍ വാളുമായി ഇറങ്ങിപ്പുറപ്പെട്ട നേതാക്കള്‍ ഒരക്ഷരം മിണ്ടിയില്ല. മുസ്ലിം ലീഗിന്‍െറ മൂന്നു എം.പിമാര്‍ പാര്‍ലമെന്‍റിലുണ്ടായിരുന്നിട്ടും അന്നതില്‍ ശരീഅത്തിന്നെതിരായി ഒന്നും കണ്ടിട്ടില്ല. അവര്‍ വോട്ടിട്ടു പാസ്സാക്കിയ ഒരു നിയമത്തിന് എതിരെ ആറു വര്‍ഷം കഴിഞ്ഞ് നാക്കിട്ടടിച്ചിട്ടു എന്തുകാര്യം? എല്ലാറ്റിനുമൊടുവില്‍ 2008ല്‍ വിവാഹറജിസ്ട്രേഷന്‍ സുപ്രീം കോടതി നിര്‍ബ്നധമാക്കിയപ്പോള്‍ അതിൻറെ നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കിയത് സംസ്ഥാന സര്‍ക്കാരായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ബാലകൗമാര വിവാഹങ്ങള്‍ പല കാരണങ്ങളാല്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും പാസ്പോര്‍ട്ട് എടുക്കുന്നതിനും വിദേശത്തു പോകുന്നതിനും മാര്യേജ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ പലരും കുടുങ്ങുമെന്നും പലവട്ടം ഉണര്‍ത്തിയതാണ്. അത്തരമൊരു പ്രതിസന്ധി ഉടലെടുത്തപ്പോള്‍ ഡോ എം കെ മുനീര്‍ നേതൃത്വം കൊടുക്കുന്ന സാമൂഹിക ക്ഷേമ മന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ സൃഷ്ടിച്ച കോലാഹലം നാം കണ്ടു. എന്നിട്ടും പാഠം പഠിക്കാതെ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാകുന്നില്ല. കോഴിക്കോട്ടെ സിയസ്കോ അനാഥാലയത്തില്‍ നടന്ന വിവാദ വിവാഹവുമായി ബന്ധപ്പെട്ട കോലാഹലമാണ് പുതിയ നീക്കത്തിന് പിന്നിലെങ്കില്‍ അതിന്‍െറ നടത്തിപ്പുകാരായ മുജാഹിദ് മടവൂര്‍ വിഭാഗമാണല്ലോ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ടത്. ഇരുമുജാഹിദുകളെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ ടേബിളിനു മുന്നിലേക്ക് സമസ്ത വിളിച്ചുകൂട്ടിക്കൊണ്ടുവന്നു എന്ന് കരുതാന്‍ പ്രയാസമുണ്ട്. പലരും ആരോപിക്കുന്നത് പോലെ ഇതിൻറെ പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. സമുദായവോട്ട് ഏകോപിപ്പിക്കാനുള്ള മുസ്ലിം ലീഗിന്‍െറ വളഞ്ഞ വഴി. മറ്റൊരു ശരീഅത്ത് വിവാദത്തിന്‍െറ പുകമറ സൃഷ്ടിച്ച് സമുദായത്തെ ഒറ്റക്കെട്ടായി നിര്‍ത്താനും മുസ്ലിം വോട്ട് പാര്‍ട്ടിപെട്ടിയില്‍ വീഴ്ത്താനുമുള്ള വില കുറഞ്ഞ ഒരടവ്. അതിനു കരുവാക്കപ്പെട്ടത് സമസ്തയുടെ പേരാണ് എന്നതാണ് ഈ എപ്പിസോഡിനെ ട്രാജഡിയാക്കുന്നത്. രാഷ്ട്രീയക്കാരെ ഇക്കുട്ടര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. കാറ്റ് തങ്ങള്‍ക്ക് എതിരെയാണ് വീശുന്നതെന്ന് കണ്ട നിമിഷം അവര്‍ കളം മാറ്റിച്ചവുട്ടി. ഒരാഴ്ച മുന്പ് ഒപ്പുവച്ച ഉടന്പടിയുടെ മഷി ഉണങ്ങും മുന്പ് പാര്‍ട്ടി പത്രം പോലും മൊല്ലമാരെ കൈവിട്ടു. വിനാശകാലേ വിപരീത ബുദ്ധി എന്ന ആത്മഗതത്തോടെ ഇരൊപത്തൊന്നാം നുറ്റാണ്ടിന്‍റെ ആദ്യദശകം കഴിഞ്ഞിട്ടും പ്രായം തികയാത്ത പണ്ഡിത നേതൃത്വത്തിന് കോടമുങ്ങിയ മലകളിലേക്ക് നിരാശരായി ഉള്‍വലിയേണ്ടി വന്നു. സ്വയംകൃതാനാര്‍ഥങ്ങളുടെ ശന്പളം അപമാനം സഹിച്ചുവീടുകയല്ലാതെ മറ്റെന്തു പോംവഴി?

ശാഹിദ്

4 Responses to "കല്ല്യാണപ്രായമാവാത്ത നേതൃത്വത്തിന്‍റെ കളിതമാശകള്‍"

  1. PCA RAHMAN THENNALA  October 18, 2013 at 4:02 pm

    നിലവാരമുള്ളതും പഠനാര്‍ഹവുമായ വിലയിരുത്തല്‍…
    സമുദായമേധാവിത്തം സ്വയം എടുത്തണിഞ്ഞവര്‍, നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തിയ നാടകം തീരെ വിലകുറഞ്ഞതായിപ്പോയി!

  2. Noufal Mannarkkad  October 21, 2013 at 7:34 am

    ഇത്തരം ലേഖനങ്ങളിലൂടെ യെങ്കിലും സമുദായത്തിന്‍റെ കണ്ണ് തുറപ്പിക്കാന്‍ കഴിയട്ടെ…

  3. ashraf cheruppa  October 21, 2013 at 8:12 am

    വളരെ പ്രസക്തമായ ലേഖനം …വാലാല്‍ നയിക്കപ്പെടുന്ന പണ്ഡിത സഭക്കു വന്ന ഒരു ഗതികേട് ..

  4. zainul  October 23, 2013 at 10:14 am

    സമസ്ത എന്ന പേര് വിഘടിതര്ക്ക് ചാരത്തി കൊടുക്കരുത്. ‘ചേളാരി’ എന്നോ “വിഘടിത സമസ്ത” എന്നോ ഉപയോഗിക്കുക. യഥാര്ത സമസ്ത കാന്തപുരം ഉസ്താദ് നയിക്കുന്നതാണ്. അതിനു ഇത് പോലെ വീഴ്ചകൾ പറ്റാറില്ല.

You must be logged in to post a comment Login