ചാള്‍സ്കുമാരാ അങ്ങയുടെ രാജ്യം വരണമേ…

ചാള്‍സ്കുമാരാ  അങ്ങയുടെ രാജ്യം വരണമേ…

പ്രധാനവാര്‍ത്തകള്‍ ബ്രിട്ടീഷ് രാജകുമാരനും ഭാര്യയും കേരളത്തില്‍ എത്തിയിരിക്കുന്നു. അലവി എന്താണ് വിവരങ്ങള്‍…
മാളൂ, അവരിപ്പോള്‍ എത്തിയതേയുള്ളൂ. കുമാരന്‍ മൂത്രമൊഴിക്കാന്‍ ബാത്റൂമില്‍ കയറിയിരിക്കുകയാണ്. ഞാനിപ്പോള്‍ നില്‍ക്കുന്നത് ബാത്റൂമിന്‍റെ വാതില്‍ക്കലാണ്. അകത്തുനിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ബാത്റൂം അകത്തു നിന്നും ലോക്കാണ്. ഇനി തുറന്നാലേ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ കഴിയൂ മാളൂ…
നന്ദി അലവി… അവരിപ്പോള്‍ ബാത്റൂമിലാണ്. ഉടനെ അടുത്ത വിവരങ്ങള്‍ പ്രതീക്ഷിക്കാം. അതുവരെ ചെറിയ ഒരിടവേള…

അങ്ങനെ കുറേക്കാലങ്ങള്‍ക്ക് ശേഷം നമ്മുടെ പഴയ ജന്മിത്തന്പുരാന്‍ അടിയന്മാരുടെ കുടിലു സന്ദര്‍ശിക്കാന്‍ ആഗതനാവുകയാണ്. നാട് മുഴുവന്‍ ആനന്ദത്തിലാണ്. അബാലവൃന്ദം ജനങ്ങളും കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കുകയാണ്. പണ്ട്, കൃത്യമായി പറഞ്ഞാല്‍ അറുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുന്പ് കുടികിടപ്പാവകാശത്തിനു വേണ്ടി സമരം നടത്തിയ കിടാത്തന്മാര്‍ക്ക് ഭൂമി പതിച്ചു നല്‍കി കപ്പല്‍ കയറിയതാണ്. നന്നായോ മുടിഞ്ഞോ എന്നൊന്നും ഇതുവരെ അന്വേഷിച്ചില്ല. അതിന്‍റെ ആവശ്യവുമില്ല. കറുത്ത തൊലിയന്മാര്‍ മുടിഞ്ഞു പോകട്ടെയെന്നാണ് ആപ്തവാക്യം. അതിതുവരെ മാറിയിട്ടില്ല. അതിനിടെ ലെവന്‍മാര്‍ ചൊവ്വയിലേക്ക് റോക്കറ്റ് വിട്ടുവെന്ന വാര്‍ത്തയും പുറത്തുവരുന്നു. സംഭവത്തിന്‍റെ നിജസ്ഥി ഒന്നറിയാമല്ലോയെന്നു കരുതി ഇറങ്ങിയതാണ്. കൂട്ടത്തില്‍ കുറച്ചു കരിമീന്‍ പൊള്ളിച്ചതും.. ആകോലി വറുത്തതും കഴിക്കണം. കറുത്ത ആനകളെയൊന്നു കാണണം. പറ്റിയാല്‍ പുറത്തുകയറണം. എണ്ണത്തോണിയില്‍ കിടക്കണം. ഒന്നുരണ്ട് അന്പലങ്ങളില്‍ കയറണം. വെള്ളച്ചാട്ടത്തില്‍ മുങ്ങിക്കുളിക്കണം. ഒക്കെ വാര്‍ത്തായാക്കിക്കോളും പാപ്പരാസിക്കൂട്ടങ്ങള്‍. ലണ്ടനില്‍ പപ്പരാസികള്‍ എന്നൊരു വിഭാഗം തന്നെയുണ്ട്. ഇന്ത്യയില്‍പിന്നെ പപ്പരാസികളല്ലാതെ വേറൊരു വിഭാഗമേയില്ല. അതുകൊണ്ട് വെളിക്കിറങ്ങുന്നതുവരെ സൂക്ഷിച്ചു വേണം. ഇതാ രാജകുമാരന്‍ മൂത്രമൊഴിക്കുന്നു എന്ന തലക്കെട്ടോടെ മുന്‍പേജില്‍ പടവും പത്തുകോളം വാര്‍ത്തയും വരും.

പഴയ അടിമകളായതുകൊണ്ട് യജമാനഭക്തിക്ക് ഒരു കുറവുമില്ല. അന്നു നല്ലവണ്ണം ചവിട്ടും തൊഴിയും കൊടുത്തതിന്‍റെ ഗുണം ഇപ്പോഴും കാണാം. ആലുവാകൊട്ടാര സന്ദര്‍ശനം. കുമരകം ബോട്ടുയാത്ര, മീന്‍പിടുത്തം, ഞണ്ടുപിടുത്തം, കക്കവാരല്‍, ഫോക്ലോര്‍ അക്കാഡമി സന്ദര്‍ശനം, കഥകളി കാണല്‍ തുടങ്ങിയ ചരിത്രപ്രധാനമായ സംഭവങ്ങള്‍ രാജകുമാരനും കുമാരിയും നടത്താന്‍ സാധ്യതയുണ്ടെന്നാണ് പപ്പരാസികള്‍ പറയുന്നത്. ഉറപ്പില്ല. കൂടാതെ അറുപത്തിയഞ്ചാം ജന്മദിനവും കേക്ക് മുറിച്ചുകൊണ്ട് രാജകുമാരന്‍ ആഘോഷിക്കുമെന്നും കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ജനങ്ങളോട് പറയുന്നു. വാര്‍ത്ത അറിയാന്‍ ജനങ്ങള്‍ പത്രങ്ങള്‍ വാങ്ങിയതുകൊണ്ട് പതിനായിരം കോപ്പി കൂടുതല്‍ അടിക്കേണ്ടിവന്നുവെന്ന് എബിസി കണക്കുകള്‍ പറയുന്നു.

മഹാപ്രഭുവിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് പ്രജാനേതാക്കള്‍ ചെയ്തിരിക്കുന്നത്. ആലുവായിലും പരിസരങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം അടച്ചു ആംബുലന്‍സുകള്‍ നഗരത്തിനു പുറത്തുകൂടി മാത്രമേ സഞ്ചരിക്കാവൂവെന്നു നിര്‍ദേശം കൊടുത്തിട്ടുണ്ട്. രാജകുമാരന്‍ ഉറങ്ങുന്ന സമയത്ത് ഒരു വാഹനവും ഹോണടിക്കാനോ, ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍ എന്നിവ സൈറന്‍ മുഴക്കാനോ പാടില്ലായെന്നു പ്രത്യേക ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. പിച്ചക്കാരെയെല്ലാം ആട്ടിയോടിക്കും. റോഡുവക്കില്‍ കേബിള്‍ കുഴിക്കുന്ന തമിഴന്മാരെ ഒരാഴ്ചത്തേയ്ക്ക് നാട്ടിലേക്ക് പറഞ്ഞുവിടാന്‍ തീരുമാനമായി. കുമാരന്‍ പോകുന്ന വഴിക്ക് ഇവറ്റകള്‍ വെറും നിക്കറിട്ട് ചാലുകീറുന്നത് കണ്ടാല്‍ നാടിനു മോശമാണ്. ഇരുചക്രവാഹനങ്ങള്‍, ഓട്ടോക്കാര്‍, കാല്‍നടയാത്രക്കാര്‍ തുടങ്ങിയ ബിലോ ആവറേജുകളെയെല്ലാം ഇന്ന് വഴിമാറ്റി വിടുന്നതായിരിക്കും. വഴി വക്കുകള്‍ ഇടനീളെ ചെടികളും പൂക്കളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. താലപ്പൊലിയും വെഞ്ചാമരവുമായി വരാന്‍ ആയിരം മലയാളി മങ്കമാരെ റെഡിയാക്കി കഴിഞ്ഞിരിക്കുന്നു. ആലുവാകൊട്ടാരവും അനുബന്ധ സ്ഥലങ്ങളും പെയിന്‍റടിച്ചു തീര്‍ത്തു. ബംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന പൂന്തോട്ടം അതേപടി നട്ടുകഴിഞ്ഞു. പള്ളിയുറക്കത്തിനു വേണ്ട കട്ടില്‍ നിലന്പൂര്‍ തേക്കുകൊണ്ടു തന്നെ ഉണ്ടാക്കിയതാണ്. അണ്ടിപ്പരിപ്പും, മുന്തിരിയും കൊഞ്ചും, ഞണ്ടും, ഞവണിങ്ങായും എല്ലാം റെഡി. ഫ്രഷ് കരിമീനെ പിടിക്കാന്‍ അഞ്ഞൂറ് ചൂണ്ടക്കാര്‍ രാവിലെതന്നെ വേന്പനാട്ടുകായലില്‍ അരിച്ചുപൊറുക്കുന്നു… പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കാന്‍ ലണ്ടനില്‍ നിന്നാണ് ഷെഫ് വന്നിരിക്കുന്നത്. അദ്ദേഹം തിന്നു ബാക്കിയുള്ളതാണ് കുമാരന്‍ തിന്നുന്നത്. വേന്പനാട്ടുകായലില്‍ ജാഗ്രതാനിര്‍ദേശം കൊടുത്തു കഴിഞ്ഞു. ഒരാഴ്ചത്തേക്ക് ഒറ്റമീന്‍പിടുത്തതോണിയും അനുവദിക്കില്ല. കടത്തുബോട്ടുകളും ജങ്കരുകളും ഷെഡില്‍ തന്നെ. കായല്‍ നേവിയുടെ അണ്ടറിലാണിപ്പോള്‍. ഒള്ളി ഹൗസ് ബോട്ടുകള്‍ മാത്രം സഞ്ചരിക്കും. അങ്ങനെ പോകുന്നു വിവരങ്ങള്‍.

പൗരാണിക നിര്‍മാണ രീതിയിലും ശില്‍പങ്ങളും കുമാരനു താല്‍പര്യമുണ്ടെന്നു ആരോ പറഞ്ഞതു കൊണ്ട് ഫോക്ലോര്‍ അക്കാദമിയുടെ തട്ടിന്‍പുറത്ത് മാറാല പിടിച്ചുകിടക്കുന്ന ശില്‍പങ്ങളെല്ലാം തുടച്ചു വൃത്തിയാക്കിവെച്ചിട്ടുണ്ട്. മലപ്പുറത്തുനിന്നു പഴയൊരു നാലുകെട്ട് പൊളിച്ചുകൊണ്ടുവന്ന് അക്കാദമിയുടെ മുറ്റത്ത് സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ അങ്ങേര്‍ക്ക് കഥകളിയുടെ അസുഖം അസാരം ഉള്ളതിനാല്‍, കളിയൊന്നുമില്ലാതെ വീട്ടിലിരുന്നിരുന്ന അഞ്ഞൂറോളം കലാകാരന്മാരെ അലര്‍ട്ടാക്കിയിട്ടുണ്ട്. ഫുള്‍ വേഷത്തില്‍ ഇരുപത്തിനാലു മണിക്കൂറും വിളിപ്പുറത്തു വേണമെന്നാണ് ഓര്‍ഡര്‍. കത്തി, പച്ച, കരി എല്ലാം റെഡിയാണ്. അങ്ങനെ മൊത്തത്തില്‍ ഗംഭീര തയ്യാറെടുപ്പുകളാണ്.

കാര്യം ചൊവ്വയിലേക്ക് റോക്കറ്റൊക്കെ വിട്ടെങ്കിലും പഴയ ജന്മിയെ കണ്ടാല്‍ ഇപ്പോഴും മുട്ടുവിറച്ച് തുടയിലൂടെ മൂത്രം പോകും. അതാണ് അവസ്ഥ. അതുകൊണ്ട് മറുകണ്ഠം ചാടാതെ വയ്യ. കുമാരനോട് ചില ആവലാതികള്‍ പറഞ്ഞു നോക്കാം. ചില പരിഹാരമുണ്ടായാലോ?

പ്രിയ കുമാരാ… അങ്ങേയ്ക്ക് സ്തോത്രം. അങ്ങയുടെ രാജ്യം വരേണമേ അങ്ങാണ് ഇപ്പോഴും ഞങ്ങളുടെ രാശാവ്. അങ്ങയുടെ കുടുംബക്കാര്‍ ഞങ്ങളെ ഭരിച്ചപ്പോള്‍ സ്ഥിതി ഇത്ര മോശമല്ലായിരുന്നു. ഇന്ന് ഞങ്ങളുടെ അവസ്ഥ മഹാമോശമാണ്. വെള്ളക്കാര്‍ പോയി കൊള്ളക്കാര്‍ വന്നു എന്നാണ് ഞങ്ങള്‍ മനസ്സില്‍ പറയുന്നത്. അന്ന് അങ്ങയുടെ ആള്‍ക്കാര്‍ ഒഴിവാക്കിയ സതി, ശൈശവവിവാഹം, അയിത്തം, വിദ്യാഭ്യാസ നിഷേധം തുടങ്ങിയവ എല്ലാം വീണ്ടും തിരിച്ചുവരവ് തുടങ്ങിയിരിക്കുന്നു. എല്ലാം പഴയ കാലത്തേക്ക് പോകുന്നു. നമ്മുടെ പഴയ മെക്കാളയോ ഡെല്‍ഹൗസിയോ, വാറന്‍ ഹേസ്റ്റിങ്ങോ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നിങ്ങോട്ട് അയക്കണം. അവരൊക്കെ ഉണ്ടാക്കിയ പാലവും റോഡുകളും റെയില്‍വെ ലൈനുമൊക്കെയാണ് ഇപ്പോഴും ഞങ്ങളുടെ ആശ്രയം. നുമ്മ ഉണ്ടാക്കുന്നതൊക്കെ ഏറിയാല്‍ ആറുമാസം. അതിനകം പൊളിഞ്ഞു വീഴുന്നു. നിങ്ങള്‍ ഉണ്ടാക്കിയിട്ടു പോയ പാലങ്ങളുടെ നട്ട് മുറുക്കാന്‍ പോലും നമുക്കാവുന്നില്ല. നിങ്ങളുടെ ആ പഴയ ടെക്നിക്ക് ഒന്നു പറഞ്ഞു തരണം. അതുപോലെ കുമാരനും കുമാരിയും ആറുമാസം കൂടുന്പോഴെങ്കിലും കേരളത്തില്‍ വരണം. വരുന്പോള്‍ ഏതെങ്കിലും റിസോട്ടില്‍ താമസിക്കാതെ ഞങ്ങളുടെ നാട്ടിലൂടെ തെക്കുവടക്ക് സഞ്ചരിക്കണം. അതും റോഡിലൂടെ തന്നെ വേണം സഞ്ചരിക്കാന്‍. കാരണം മറ്റൊന്നുമല്ല കുമാരനും കുമാരിയും കടന്നുപോവുന്ന വഴികളും ഇറങ്ങുന്ന സ്ഥലത്തെ വാട്ടര്‍ പൈപ്പും വ്യൈുതി വിളക്കുമെല്ലാം നമ്മുടെ ഏമാന്‍മാര്‍ നിങ്ങളെ കാണിക്കാനെങ്കിലും നന്നാക്കും. കാര്യം നിങ്ങളുടെ മുന്നില്‍ നല്ല പിള്ള ചമയാന്‍ നടത്തുന്ന ഗിമ്മിക്കുകളാണെങ്കിലും അങ്ങനെയെങ്കിലും ഈ റോഡൊക്കെയൊന്നും നന്നാകട്ടേയെന്നു വിചാരിച്ചു പറഞ്ഞതാണ്.

അന്നു ഞങ്ങള്‍ക്കു തന്നിട്ടുപോയ സ്വാതിന്ത്ര്യവും അധികാരവുമൊക്കെ ഞങ്ങളുടെ കൈയില്‍ നിന്നും വിട്ടുപോയി. അടിമകളെക്കാള്‍ കഷ്ടമാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. ഞങ്ങളുടെ നേതാക്കള്‍ക്ക് തട്ടിപ്പും വെട്ടിപ്പും മുഞ്ചിപ്പും പിന്നെ പെണ്ണുപിടുത്തവും തരംപോലെ വിദേശയാത്രയും കഴിഞ്ഞ് ഒന്നിനും സമയമില്ല. ഞങ്ങടെ മുഖ്യമന്ത്രിയാണെങ്കില്‍ ഒരു പാവമാണ്. അദ്ദേഹം നേരം വെളുക്കുന്പോള്‍ തന്നെ ജനസന്പര്‍ക്കം എന്നൊക്കെ പറഞ്ഞു ഇറങ്ങും. വരുന്നവര്‍ക്കെല്ലാം ഖജനാവില്‍ നിന്നും കുറേശ്ശെ കാശെടുത്തുകൊടുക്കും. എന്നിട്ടു സ്വന്തം കുടുംബസ്വത്തുവിറ്റിട്ടാണ് കൊടുക്കുന്നതെന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. അങ്ങേരെക്കൊണ്ട് വേറെ ശല്യമൊന്നുമില്ലെങ്കിലും കൂട്ടത്തിലുള്ളതെല്ലാം പോക്കാണ്. കൂട്ടത്തിലുള്ള ഒരെണ്ണവും ഒരു ജോലിയും ചെയ്യാത്തതുകൊണ്ട് എല്ലാ ജോലിയും അങ്ങേര് ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഓഫീസില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് സമയം കിട്ടാത്തതിനാല്‍ ഓഫീസില്‍ സരിത, ബിജു, ജോപ്പന്‍, ജിക്കു, സലീം തുടങ്ങിയവരൊക്കെ കേറിനിരങ്ങി ഒരു പരുവാക്കി. നിങ്ങള്‍ പോകുന്പോള്‍ പറ്റുമെങ്കില്‍ ഞങ്ങളുടെ മുഖ്യനേയും കൊണ്ടു പോകണം. അവിടെ ഏതെങ്കിലും പള്ളിക്കമ്മിറ്റിയുടെ പ്രസിഡന്‍റാക്കിയാല്‍ മതി. നാട്ടില്‍ ചെല്ലുന്പോള്‍ അമ്മച്ചിയോട് പറയണം. പഴയ പ്രജകളൊക്കെ കന്പനി ഭരണം ആഗ്രഹിച്ചു തുടങ്ങിയെന്ന്. പഴയ വൈസ്രോയിമാരെയാണ് ഇവിടെയിപ്പോള്‍ ആവശ്യം.

എനിക്ക് അങ്ങയെ നേരില്‍ കാണണമെന്നു അതിയായ ആഗ്രഹമുണ്ട്. പക്ഷേ, എന്നെപ്പോലുള്ള സാധാരണക്കാരെ അങ്ങു പോകുന്ന വഴിയുടെ ഏഴയലത്തുപോലും അടുപ്പിക്കില്ല. അങ്ങയുടെ താമസത്തിന് പ്രദേശമാകെ നന്നാക്കിയ വകയിലും, കറന്‍റ് ഉപയോഗിച്ചതിനും, വെള്ളം കുടിച്ചതിനുമൊക്കെ അങ്ങ് പോകേണ്ട താമസം പുതിയ നികുതിയുണ്ടാക്കി പിരിവ് തുടങ്ങും. ചുരുക്കത്തില്‍ ഞങ്ങളുടെ കാര്യം പരമ ദയനീയമാണ്. അങ്ങ് പോകുന്ന വഴിവക്കിലുള്ള ആല്‍മരത്തില്‍ ആരും കാണാതെ ഞാന്‍ ഇരിപ്പുണ്ട്. അടയാളമായി എന്‍റെ ഒരേയൊരു വെള്ളമുണ്ട് പലതായി കീറി ആലിന്‍റെ കൊന്പുകളില്‍ തൂക്കിയിട്ടിട്ടുണ്ട്. പോകുന്ന അങ്ങതു കണ്ടാല്‍ അവിടെയിറങ്ങണം. ആലിന്‍റെ മുകളിലേക്കു നോക്കി ഇങ്ങനെ പറയണം വിദ്യാധരാ.. ഇറങ്ങിവരുക. ഇന്നെനിക്ക് നിന്‍റെ വീട്ടിലായിരിക്കും ഭക്ഷണം. ഇത് കേട്ടാല്‍ ഞാന്‍ ഇറങ്ങിവരും. നമുക്ക് എന്‍റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാം. അവിടെ ഞാന്‍ നട്ടുവളര്‍ത്തിയ നല്ല ചെണ്ടന്‍കപ്പ പുഴുങ്ങിയതും വെളിച്ചെണ്ണയൊഴിച്ച കാന്താരി മുളക് ചമ്മന്തിയും ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്നെക്കൊണ്ട് ഇതിനുള്ള പങ്ങേയുള്ളൂ. കുമാരാ ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കുന്പിളിലല്ലേ കഞ്ഞി… മറക്കരുത് ആല്‍മരം, വെള്ളത്തുണി…
(അപൂര്‍ണം)
തുളസി

One Response to "ചാള്‍സ്കുമാരാ അങ്ങയുടെ രാജ്യം വരണമേ…"

  1. NISHTHAR KK SHARJAH  November 26, 2013 at 3:50 pm

    കിടിലൻ ആക്ഷേപ ഹാസ്യം

You must be logged in to post a comment Login