പരിസ്ഥിതി പാഠങ്ങള്‍

പരിസ്ഥിതി പാഠങ്ങള്‍

കുപ്പിയിലാക്കുന്നതിനു മുന്പ്

കടല്‍വെള്ളത്തിന്‍റെ
ഉപ്പു കളയാനുള്ള വിദ്യയാണ് മഴ

കരയിലെ മണ്ണ്
അരിച്ചെടുത്ത്
മണലുണ്ടാക്കുന്ന ഫാക്ടറിയാണ് പുഴ

കോളക്കന്പനിക്കാരന്‍
പണിതുവച്ച
വലിയ ഗോഡൗണാണ് കായല്‍

അകത്തെ മാലിന്യങ്ങളെറിയാന്‍
ചരിത്രാതീതകാല മനുഷ്യന്‍
തീര്‍ത്തുവച്ച അഴുക്കു ചാലാണ് തോട്.

കുന്നിടിച്ചു കൂട്ടുന്ന മണ്ണ്
ഇറക്കിയിടാന്‍
ഒഴിച്ചു നിര്‍ത്തിയ നിലമാണ് വയല്‍

വാതിലും ജനലും
മേശയുമലമാരയുമൊക്കെ
പ്യൂപ്പയായി നില്‍ക്കുന്നതാണ് മരം

മാനിനെയും മയിലിനെയും
വെടിവച്ചു പഠിക്കാന്‍
വേലികെട്ടി നിര്‍ത്തിയതാണ് കാട്.
റഹീം പൊന്നാട്

You must be logged in to post a comment Login