നമുക്ക് നാടകം തുടരാം

നമുക്ക് നാടകം തുടരാം

വീട്ടില്‍ അടങ്ങിയൊതുങ്ങി നില്‍ക്കേണ്ടവളായതു കൊണ്ടും കുടുംബ ജീവിതത്തിന്‍റെ മാന്യത നിറവേറ്റേണ്ടവളായതുകൊണ്ടും പുറമെയുള്ള ഉത്തരവാദിത്വങ്ങളില്‍നിന്ന് സ്ത്രീകളെ ഒഴുവാക്കിയിരിക്കുന്നു. അത്യാവശ്യഘട്ടങ്ങളില്‍ പുറത്തു പോവാനും നിങ്ങള്‍ക്കനുമതിയുണ്ട്. പക്ഷേ, പൂര്‍ണ സൂക്ഷ്മതയോടെ ആയിരിക്കണം. നോക്കുന്നവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒന്നും വസ്ത്രങ്ങളിലുണ്ടാവാന്‍ പാടില്ല. സൗന്ദര്യ പ്രദര്‍ശന ചിന്തയുണ്ടാകാനും പാടില്ല. ചെറിയ തോതില്‍ പോലും ആ ചിന്തയുണ്ടെങ്കില്‍ നടന്നു നടന്നു ചിലപ്പോള്‍ മുഖവും മറ്റു ഭാഗങ്ങളും വെളിവാകും. കാണുന്നവരെയാകര്‍ഷിക്കുന്ന യാതൊരു ചേഷ്ടകളും നടത്തത്തിലുണ്ടാകരുത്. കിലുക്കമുള്ള ആഭരണങ്ങളണിഞ്ഞു പുറത്തിറങ്ങരുത്. ജനങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി ശബ്ദിക്കാനും പാടില്ല. സംസാരിക്കേണ്ട അത്യാവശ്യഘട്ടം വരുന്പോള്‍ മൃദുവായ ശബ്ദത്തില്‍ സംസാരിക്കരുത്. (പര്‍ദ്ദ, അബുല്‍അഅ്ലാ മൗദൂദി)

പാശ്ചാത്യരുടെ സ്ത്രീ സങ്കല്‍പത്തെക്കുറിച്ചുള്ള മൗദൂദിയുടെ മനോഗതങ്ങളാണിനി സാമൂഹ്യ ജീവിതത്തിലെ സ്ത്രീയുടെ സ്ഥാനം അവളുടെ സൗന്ദര്യവും അവളുടെ തീരുമാനങ്ങളും കൊണ്ട് കൂട്ടുജീവിതത്തില്‍ സുഖമുണ്ടാക്കുകയെന്നതും കിളിക്കൊഞ്ചല്‍ മുഖേന മസ്സില്‍ ചൂടുണ്ടാക്കുകയെന്നതുമാണ്. ശ്രവണ സുന്ദര ഗാനങ്ങള്‍ കൊണ്ട് കാതിനെ രസിപ്പിക്കുകയും നൃത്തം വച്ചു കൊണ്ട് ശരീര സൗന്ദര്യത്തെ ജനങ്ങള്‍ക്കാസ്വദിക്കാന്‍ വേണ്ടി പ്രദര്‍ശിപ്പിക്കുകയും കാണികളെ രസിപ്പിക്കുകയും തണുത്തു കിടക്കുന്ന രക്തത്തെ ചൂടുപിടിപ്പിക്കുകയുമാണ്. മുസ്ലിം സ്ത്രീകള്‍ ഇമ്മട്ടില്‍ ആയിപ്പോകരുതെന്നാണ് മൗദൂദി വിശദീകരിക്കുന്നതിന്‍റെ ആകെത്തുക. ഉള്ളടക്കത്തിലെ യാഥാസ്ഥിതികത കൂടിപ്പോയതുകൊണ്ടാവണം കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പ്രസാധകര്‍ ഈ കൃതി മലയാളികള്‍ക്ക് കാണിച്ചിട്ടില്ല. മൗദൂദി പറയും പ്രകാരം സ്ത്രീകളെ വീട്ടിലടക്കിയാല്‍ സ്ത്രീകളെ ഇളക്കിവിട്ടു കൊണ്ടുള്ള പാര്‍ട്ടി പ്രചാരണങ്ങളോ അവരെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തിയുള്ള സമരങ്ങളോ നടക്കില്ല. അതെന്തുമാകട്ടെ; എന്നാല്‍ ഒന്നുറപ്പ് മൗദൂദി എത്ര ക്രാന്തദര്‍ശിയായിരുന്നുവെന്ന് തിരുവനന്തപുരം പാച്ചല്ലൂരില്‍ കാത്തുകെട്ടിക്കിടന്ന മണിക്കൂറുകളില്‍ കേരള ജമാഅത്തിന്‍റെ അസി. അമീറിനെങ്കിലും ബോധ്യം വന്നിട്ടുണ്ടാവണം.

മുസ്ലിം പെണ്ണിനെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു കൊണ്ടു വന്നതില്‍ പ്രധാന പങ്കാളിത്തം ജമാഅത്തെ ഇസ്ലാമിക്കു തന്നെ. മൗലവി ചേകന്നൂരിനു പോലും അക്കാര്യത്തില്‍ ജമാഅത്തിനെ മറികടക്കാനായില്ല. നിസ്കാരത്തിന്‍റെ വഖ്ത് വെട്ടിച്ചുരുക്കി മുസ്ലിംകള്‍ക്കിടയിലെ തിരക്കു ജീവികളുടെ പക്ഷത്തു നില്‍ക്കുകയും ബഹുഭാര്യത്വത്തിനെതിരെ ധീരമായി ചുവടുറപ്പിച്ചു കൊണ്ടു തന്നെ രണ്ടാം വിവാഹം നടത്തുകയും ചെയ്ത ചേകന്നൂര്‍ മൗലവിയുടെ ആദ്യ വിഹാരകേന്ദ്രങ്ങള്‍ മുജാഹിദ്, ജമാഅത്ത് പ്രസ്ഥാനങ്ങളായിരുന്നു. അവിടങ്ങളില്‍ നിന്നാര്‍ജിച്ച ആത്മധൈര്യത്തിന്‍റെ ആവേശപ്പെരുക്കത്തിലാണ് ചേകന്നൂര്‍ മൗലവി സ്വതന്ത്ര ഗവേഷണത്തിന്‍റെ (മൗലവിയുടെ ഭാഷയില്‍ ഇജ്തിഹാദ്) അടഞ്ഞുകിടന്ന വാതില്‍ ചവിട്ടിത്തുറന്നത്. ഖുര്‍ആനിലും പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളിലും വശപ്പിശകുകള്‍ കണ്ടെത്തിയതും ഈ തറവാട്ടു മഹിമയുടെ തണ്ടുറപ്പില്‍ തന്നെ. കൂടെക്കിടന്നവരുടെ രാപ്പനി പകര്‍ന്നതാകാനേ തരമുള്ളൂ; കണ്ടുകൂടാത്ത ഏതു ഹദീസിനെയും ധാതുക്ഷയം ആരോപിച്ച് പുറന്തള്ളാനുള്ള പുരോഹിത ധാര്‍ഷ്ട്യങ്ങള്‍ കുറെക്കൂടി വെടിപ്പായി നടത്തുകയാണ് ചേകന്നൂര്‍ മൗലവി ചെയ്തത്. ഈ ത്രാണിയാണ് കേരള ജമാഅത്തിനും ഇപ്പോഴുള്ളത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയും ഹദീസ് പണ്ഡിതരെയും നിര്‍ദാക്ഷിണ്യം തള്ളിപ്പറഞ്ഞ പ്രസ്ഥാനം പില്‍ക്കാലത്ത് സ്വന്തം ആചാര്യന്‍ മൗദൂദിയെത്തന്നെ ആപത്തുകാലത്ത് കൈവിട്ടു. നന്ദികേട് വെള്ളിമാടുകുന്നില്‍ പണ്ടേ പറഞ്ഞതാണെന്ന് ഒ അബ്ദുല്ലയും വെട്ടിത്തുറന്നു പറഞ്ഞിട്ടുണ്ട്.

മൗദൂദിക്ക് മതബോധനം നല്‍കാന്‍ മാത്രം അറിവും അവഗാഹവുമുണ്ടെന്ന് ആത്മവിശ്വാസം കൈമുതലായി കൊണ്ടു നടക്കാന്‍ കാര്‍ക്കുനുകള്‍ക്ക് അവകാശമുണ്ട്. മന്‍ത്വിഖ് ഓതാതെ തന്നെ താര്‍ക്കികരാകാമെന്ന് കൂട്ടത്തിലെ ഇളം തലമുറ ചിന്തിക്കുന്നതിലും തെറ്റില്ല. അതു പക്ഷേ, സ്വന്തം നേതാവിന്‍റെ എല്ലാമെല്ലാം നിഷേധിച്ചു കൊണ്ടായിപ്പോകുന്നതിലെ പൊരുത്തക്കേട് നേതാക്കള്‍ക്ക് അനുയായികളെ ബോധ്യപ്പെടുത്താനാവുന്നില്ല.

ഇസ്ലാമിന്‍റെ വിമോചനപരമായ ഉള്ളടക്കവും നൈതിക ധാര്‍മിക രാഷ്ട്രീയവും കൂട്ടിച്ചേര്‍ത്ത് പിണറായി വിജയന് സ്റ്റഡി ക്ലാസെടുക്കാനിറങ്ങിയവര്‍ക്ക്, കൂരന്പുകളോരോന്നും ചെന്നു തറയ്ക്കുന്നത് മൗദൂദിയുടെ നെഞ്ചിലാണെന്ന് കാണാനുള്ള കനിവുണ്ടായില്ല. ജമാഅത്ത് കേന്ദ്രങ്ങള്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കെതിരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിമര്‍ശങ്ങള്‍ രാഷ്ട്രീയ നൈരാശ്യത്തിന്‍റെ ആത്മസങ്കടങ്ങളാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. വെല്‍ഫയര്‍ പാര്‍ട്ടി എന്ന കടിഞ്ഞൂല്‍ കനിയെ പിണറായി മൗദൂദിയുടെ മതരാഷ്ട്രവുമായി ചേര്‍ത്തു പറയുന്പോള്‍ ഏത് മാതൃത്വത്തിനാണ് ഉള്ള് പിടയാതിരിക്കുക? മതരാഷ്ട്രവാദവും രാഷ്ട്രീയ ഇസ്ലാമും തള്ളണോ കൊള്ളണോ എന്ന ആശയക്കുഴപ്പത്തിലാണ് ജമാഅത്ത്. ഈ തെറിവാക്കുകള്‍ ആദ്യവസാനം ഉദ്ധരണി ചിഹ്നങ്ങളുടെ അകന്പടിയോടെയാണ് ജമാഅത്ത് സൈദ്ധാന്തികര്‍ ഉപയോഗിക്കുന്നത്. ഈ വാക്കുകള്‍ തള്ളുകയാണെങ്കില്‍ മൗദൂദിയെ മാത്രമല്ല, മന്പുറം തങ്ങളെക്കൂടി തള്ളേണ്ടി വരുമെന്നു പറഞ്ഞ് ലാഭത്തിലും നഷ്ടത്തിലും മറ്റുള്ളവര്‍ക്ക് പങ്കാളിത്തമുള്ള ഹലാല്‍ബിസിനസ്സ് നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി. ഏതായാലും ഹാജി സാഹിബിനും മൗദൂദിക്കും മുന്നേ കേരളത്തില്‍ ഇസ്ലാമിന്‍റെ കാന്പും കാതലും ഉണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടി വന്നതിന്ന് കേരളത്തിലെ മുസ്ലിം യാഥാസ്ഥിതികതയോട്, അവരിലെ പാതിരാ വഅ്ളുകളോട്, മദ്രസാധ്യാപകരോട്, പിന്നെ മുഖ്യധാര മാസികയോടും ജമാഅത്ത് നന്ദി കാട്ടുമായിരിക്കും.

ആപത്തു കാലത്ത് മൗദൂദിയെ കൈവിട്ട ജമാഅത്ത് മന്പുറത്തെ തങ്ങളെയും ഉമര്‍ ഖാളിയെയും ഖാളി മുഹമ്മദിനെയുമൊക്കെയാണ് കൂട്ടുപിടിച്ചിട്ടുള്ളത്. മന്പുറം മഖാമിലേക്കൊരു നവോത്ഥാന തീര്‍ത്ഥയാത്രയെപ്പറ്റിയും ഇനി ആലോചിക്കാവുന്നതാണ്. കര്‍മമണ്ഡലം മാറിയതിനാല്‍ സോളിഡാരിറ്റിക്ക് നിലവില്‍ തങ്ങളുമായി സംബന്ധമുള്ള കര്‍സേവ സമസ്തയുടെ കൈയ്യടിയും കിട്ടും; തിരുകേശ വിവാദത്തില്‍ ഇടപെട്ടു കൊണ്ട് ജമാഅത്ത് സ്വന്തം വയസ്സറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മതയാഥാസ്ഥിതിക വിഭാഗം വഴിയിലിട്ട് മുങ്ങാന്‍ കഴിയാതെ നില്‍ക്കുന്ന ഒരു പ്രശ്നം സോളിഡാരിറ്റി ഏറ്റെടുത്തതോടെ അവര്‍ക്ക് തോളൊഴിയാം. ചെങ്ങറയും മൂലന്പള്ളിയും ഖകഗ 07/6/2013 നന്പറിലിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം സോളിഡാരിറ്റിക്ക് കൈവിടേണ്ടിവന്നതിനാല്‍ ഇനി ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താം. ഇനി മുസ്ലിം വ്യക്തിനിയമസംരക്ഷണ സമിതിയിലും ആഗോള പണ്ഡിത സഭയിലും വളപുരം മുത്തലാഖിലും വരെ സോളിഡാരിറ്റിക്ക് ഇടപെടാന്‍ അരങ്ങൊരുങ്ങുകയാണ്. സോളിഡാരിറ്റിയുടെ കര്‍മമണ്ഡലം മാറ്റിക്കൊണ്ട് ജമാഅത്ത് നല്‍കിയ സര്‍ക്കുലര്‍ ഇങ്ങനെ വായിക്കാം

ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ഇസ്ലാമിനെയും പ്രസ്ഥാനത്തെയും പ്രതിനിധീകരിച്ച് മുസ്ലിംയുവാക്കളെ സവിശേഷമായി ടാര്‍ഗറ്റ് ചെയ്യുന്ന യുവജനപ്രസ്ഥാനമായി മാറും. സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളില്‍ ഇസ്ലാമിന്‍റെയും പ്രസ്ഥാനത്തിന്‍റെയും പ്രതിനിധാനം നിര്‍വഹിക്കുക എന്നതായിരിക്കും സംഘടനയുടെ മുഖ്യദൗത്യം. മുസ്ലിം യുവാക്കളെ സംഘടിപ്പിക്കുക, അവരുടെ തര്‍ബിയത്തിനും തസ്കിയത്തിനും സംവിധാനമുണ്ടാക്കുക, സാമുദായിക പ്രശ്നങ്ങളെ പൊതുമുഖത്തോടെ അഭിമുഖീകരിക്കുക തുടങ്ങിയവയായിരിക്കും സോളിഡാരിറ്റിയുടെ മുഖ്യമായ കര്‍മ മേഖല. ജനകീയ സമരമേഖകലളില്‍ രാഷ്ട്രീയപാര്‍ട്ടി കടന്നുവരുന്നതോടെ സോളിഡാരിറ്റി പിന്മാറുകയും പുതിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

അതേ, സോളിഡാരിറ്റി ഇനി മുസ്ലിംകളെ ലാക്കാക്കി പ്രവര്‍ത്തിക്കാന്‍ പോവുന്നു! അപ്പോള്‍ ഇതുവരെ ആരെ ലക്ഷ്യം വച്ചാണ് സോളിഡാരിറ്റി പ്രവര്‍ത്തിച്ചത്? പൊതുസമൂഹം ജാഗ്രതൈ. ഇതാണ് ജമാഅത്തെ ഇസ്ലാമി! ഇനി പൊതുസമൂഹത്തെ വലയിലാക്കാന്‍ ശ്രീജ നെയ്യാറ്റിന്‍കരയെ മുന്നില്‍ നിര്‍ത്തി വെല്‍ഫയര്‍പാര്‍ട്ടി വരും. ഇസ്ലാമിന്‍റെ ഇസ്സത്തിനായി നീക്കിവെക്കേണ്ട പതിറ്റാണ്ടുകാലം പാഴാക്കിയതിന്‍റെ സങ്കടം കോഴിക്കോട്ടെ കടപ്പുറത്ത് വന്ന് പാട്ടും കവിതയും ചൊല്ലിയാല്‍ തീരുമോ?

ഉപര്യുക്ത സര്‍ക്കുലറില്‍ തീരെ പരാമര്‍ശിക്കാതെ വിട്ടുകളഞ്ഞ സംഘടന ജിഐഒ ആണ്. ജമാഅത്തിന്‍റെ ഉന്നതാധികാര സമിതികളില്‍ പോലും വനിതകളുണ്ടെന്ന് തങ്ങളുടെ സ്ത്രീപക്ഷ, പുരോഗമന നിലപാടുകള്‍ക്ക് പ്രമാണമായി ഉയര്‍ത്തിക്കാട്ടുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എസ്ഐഒ എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന അവര്‍ക്കുണ്ടായിരിക്കെ, അതേ പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി എന്തിന് വേറിട്ടൊരു സംഘടന? ശൂറയിലെ പുരുഷകേസരികള്‍ക്കൊപ്പമിരുന്ന് ഉന്നതാധികാരം കൈകാര്യം ചെയ്യാന്‍ തലമുതിര്‍ന്ന സ്ത്രീരത്നങ്ങള്‍ക്ക് തടസ്സമില്ലെന്നിരിക്കെ കൈത്തരിപ്പും ചോരത്തിളപ്പുമുള്ള ആയുസ്സിന്‍റെ നല്ലകാലത്ത് ഈ പെണ്‍കുട്ടികളെ ജിഐഒ മതില്‍ കെട്ടി അതിനകത്താക്കിയതിനെതിരെ ജന്ദര്‍ മന്ദറില്‍ അരദിന ഉപവാസമെങ്കിലും എസ്ഐഒ സംഘടിപ്പിക്കുമായിരിക്കും. ഇക്കാര്യം ചിന്തയില്‍ വരാതിരിക്കാനായിരിക്കുമോ ഈ കുട്ടികള്‍ക്ക് കടുകട്ടി പ്രബന്ധങ്ങള്‍ ഉരുക്കഴിക്കുന്ന പണികൊടുത്ത് ധിഷണ വറ്റിക്കുന്നത്?

ജിഐഒ മതില്‍ വെറുതെയല്ലെന്ന് ഒ അബ്ദുറഹ്മാന്‍ രേഖപ്പെടുത്തിയത് ഈ കുട്ടികള്‍ വായിച്ചിട്ടുണ്ടാവില്ല ബലാത്സംഗകേസുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അഭൂതപൂര്‍വമായി വര്‍ധിക്കുന്നു. അധ്യാപകന്മാര്‍ വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തുന്ന സംഭവങ്ങള്‍ വരെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാക്കളും യുവതികളും ഒരുമിച്ചിരുന്ന് ജോലി ചെയ്യുന്ന ഓഫീസുകളില്‍ ഔദ്യോഗിക ജോലിയൊഴിച്ചു ബാക്കിയെല്ലാം നടക്കുന്നു. വനിതാ സെക്രട്ടറിയുമായി ബന്ധപ്പെട്ട ലൈംഗികാപവാദങ്ങള്‍ മൂലം മേലേക്കിട രാഷ്ട്രീയ നേതാക്കള്‍ക്കു പോലും രാജിവച്ചൊഴിയേണ്ടി വരുന്നു… (യുക്തിവാദികളും ഇസ്ലാമും). ജിഐഒ മതില്‍ പൊളിച്ചുമാറ്റി എസ്ഐഒയിലെത്താന്‍ ഈ കുട്ടികള്‍ക്ക് ഇനിയുമൊരുപാടുകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് അദ്ദേത്തിന്‍റെ തുടര്‍ന്നുള്ള വരികള്‍ പറയുന്നത്. അതിങ്ങനെ വായിക്കാം

സ്ത്രീകള്‍ അന്യരായ ആണുങ്ങളെ മോഹിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യുന്ന വിധത്തില്‍ അവരെ നോക്കുകയോ അവരുടെ മുന്പാകെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് തെറ്റാണ്. ഖുര്‍ആന്‍റെ ഭാഷയില്‍ മനോരോഗികളില്‍ മോഹം ജനിപ്പിക്കാന്‍ അത് കാരണമാകും. മുഖവും മുന്‍കയ്യും മാത്രം പുറത്തുകാണാവുന്ന രീതിയിലായിരിക്കണം പുറത്തിറങ്ങി സഞ്ചരിക്കുന്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണം.

ഇസ്ലാമിക സ്ത്രീവാദമെന്ന ഓമനപ്പേരിട്ട് മുസ്ലിം പെണ്ണിനെ വീടകത്തുനിന്ന് തെരുവിലേക്കാനയിക്കുന്നതിനു പിന്നിലെ സാമ്രാജ്യത്വ അജണ്ടകളും ചതിക്കുഴികളും വിശദീകരിക്കാന്‍ എസ്ഐഒ അതിരടയാളങ്ങള്‍ എന്ന പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാഥാസ്ഥിതികതയുടെ കുപ്പായം സമുദായത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിന് സംവരണം ചെയ്തതല്ലെന്ന് തെളിയിക്കുന്ന ഉദ്ധരണികള്‍ കുറച്ചൊന്നുമല്ല ജമാഅത്ത് സാഹിത്യത്തില്‍ നിന്ന് കണ്ടെടുക്കാനാവുന്നത്.

പുരോഗമന ഇസ്ലാമിനു വേണ്ടി ജമാഅത്ത് നേതൃത്വം ഉറക്കമിളച്ചതും ഉണ്ണാവ്രതമിരുന്നതും ശുദ്ധ തട്ടിപ്പായിരുന്നുവെന്ന് പുറംലോകമറിഞ്ഞതിന്‍റെ ജാള്യത ലേഖനമായും പ്രസ്താവനയായും പുറത്തു വന്നുകൊണ്ടിരിക്കുന്ന അതേ കാലത്താണ് പെരുന്പിലാവില്‍ നിന്നൊരു വൃത്താന്തം മാധ്യമം ദിനപത്രം പടംസഹിതം വായനക്കാരെ അറിയിച്ചത് അരങ്ങിലെ മുസ്ലിം പെണ്ണിന്‍റെ ആവിഷ്കാരവുമായി ജിഐഒ നാടകമത്സരം എന്ന് വാര്‍ത്തയുടെ തലക്കെട്ട്. നേര്‍ക്കാഴ്ചകള്‍ 2013 എന്ന പേരില്‍ ജിഐഒ നടത്തിയ സംസ്ഥാന നാടകമത്സരത്തെക്കുറിച്ചാണ് റിപ്പോര്‍ട്ട്. ഏറിയാട് വിമന്‍സ് കോളജ് അവതരിപ്പിച്ച മിസ്റിന്‍റെ ദത്തുപുത്രി ഒന്നാം സ്ഥാനവും ഇലാഹിയ കോളജ് തിരൂര്‍ക്കാടിന്‍റെ മൂന്നു പെണ്ണുങ്ങള്‍ രണ്ടാം സ്ഥാനവും ഫറോക്ക് ഇര്‍ശാദിയ്യ കോളജിന്‍റെ കറിവേപ്പില മൂന്നാം സ്ഥാനവും നേടിയത്രെ. മികച്ച നടിയായി ഏറിയാട്ട് നിന്നുള്ള തന്‍വീറ ഖലീലിനെ തിരഞ്ഞെടുത്തതും വാര്‍ത്തയിലുണ്ട്. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തതും സമ്മാനദാനം നിര്‍വ്വഹിച്ചതും അമീര്‍ ടി ആരിഫലി. വെറുമൊരു പിള്ളേരു കളിയല്ല ഈ നാടകമത്സരമെന്ന് വ്യക്തമാക്കുന്നതാണ് അമീറിന്‍റെ സാന്നിധ്യം.

അങ്ങനെ സ്ത്രീ ശാക്തീകരണ രംഗത്ത് ജമാഅത്ത് വിപ്ലവകരമായ ഒരു ചുവടുകൂടി വച്ചിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തില്‍ നടിമാര്‍ക്കുണ്ടായിരുന്ന പഞ്ഞവും ഇതോടെ പരിഹൃതമായി. ജമാഅത്തില്‍ നാട്യപ്രതിഭകള്‍ അനേകമുണ്ടെന്ന് ഒ അബ്ദുല്ല ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്. അവരോട് മത്സരിക്കാന്‍ കഴിയുന്ന നടിമാരെ പ്രസ്ഥാനത്തിന് സംഭാവന ചെയ്ത ജിഐഒയുടെ പരിശ്രമം അഭിനന്ദനമര്‍ഹിക്കുന്നു. ഇനി നമുക്കൊരു ചന്ദനത്തിരി കത്തിച്ചുവെക്കാം; ലാഹോറിലെ വീട്ടുമുറ്റത്തെ ഖബര്‍സ്ഥാനില്‍ അന്ത്യനിദ്രകൊള്ളുന്ന നേതാവിന്‍റെ സ്മരണയ്ക്കു വേണ്ടി. ശേഷം, അടുത്ത ബെല്ലോടെ നമുക്ക് നാടകത്തിലേക്കു പ്രവേശിക്കാം.
എം ടി മുഹമ്മദലി

You must be logged in to post a comment Login