അറഫാത്തിന്‍റെ അരുകൊല ലോകകാപട്യത്തിനുമേല്‍ രണ്ടിറ്റു കണ്ണീര്‍

അറഫാത്തിന്‍റെ അരുകൊല  ലോകകാപട്യത്തിനുമേല്‍  രണ്ടിറ്റു കണ്ണീര്‍

2003 മാര്‍ച്ചിലാണ് യാസിര്‍ അറഫാത്തിനെ ഇസ്രായേല്‍ ശത്രുവായി ഔപചാരികമായി പ്രഖ്യാപിക്കുന്നത്. ആ പ്രഖ്യാപനത്തിനു ശേഷം പടിഞ്ഞാറെ കരയിലെ റാമല്ലയിലുള്ള അറഫാത്തിന്‍റെ വസതിയും പി.എല്‍.ഒ ആസ്ഥാനവുമായ കെട്ടിടത്തിനു നേരെ ബുള്‍ഡോസറുകളും ടാങ്കുകളും ഇരച്ചുകയറി. ടാങ്കുകള്‍ തീ തുപ്പിയപ്പോള്‍ അറഫാത്തിന്‍റെ വസതിക്കു തീപിടിച്ചു. ബുള്‍ഡോസറുകള്‍ ചീറിപ്പാഞ്ഞുകയറിയതോടെ പുറംഭിത്തിയും കവാടവും തകര്‍ന്നു. വെടിവെപ്പില്‍ പി.എല്‍.ഒ തലവന്‍റെ അംഗരക്ഷകരിലൊരാള്‍ കവാടത്തില്‍ പിടഞ്ഞുമരിച്ചു. ഒരു നേതാവിനു ചെയ്യാന്‍ സാധിക്കുന്ന പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടും ജൂത കുടിലതകള്‍ നിഷ്ഠൂരത പുറത്തെടുത്തപ്പോള്‍ അറഫാത്ത് നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു ഈ വിശുദ്ധമണ്ണില്‍ രക്തസാക്ഷിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം ഞങ്ങള്‍ക്ക് ഈ പാതയാണ് നിശ്ചയിച്ചത്. പതിനായിരക്കണക്കിന് രക്തസാക്ഷികളുമായി ഞങ്ങള്‍ ജറൂസലമിലേക്ക് പോകും. ഞങ്ങളുടെ ജഡം കൊണ്ട് ഈ വിശുദ്ധമണ്ണ് സംരക്ഷിക്കും. എന്നെ വധിക്കുകയോ പിടികൂടുകയോ ആണ് ഇസ്രയേലിന്‍റെ ലക്ഷ്യം. പക്ഷേ എന്നെ കൊല്ലാനാവില്ല. ഞാന്‍ രക്തസാക്ഷിയാകും. ഞങ്ങളെ ആര്‍ക്കും ഭയപ്പെടുത്താനാവില്ല. രക്തസാക്ഷിയാവാന്‍ എല്ലാവരും ഒരുക്കമാണ്. എന്നാല്‍, ഒരിക്കല്‍ ഒരു ഫലസ്തീന്‍ കുഞ്ഞ് അല്‍ അഖ്സ പള്ളിക്കു മുകളില്‍ ഫലസ്തീന്‍ പതാക പറപ്പിക്കുക തന്നെ ചെയ്യും.

ഇസ്രായേലി ടാങ്കറുകള്‍ തകര്‍ത്തുകഴിഞ്ഞ ആസ്ഥാനത്തിരുന്നു ഖത്തറിലെ അല്‍ജസീറ ചാനലുമായി ഇതുപറയുന്പോള്‍ യാസിര്‍ അറഫാത്ത് അറിഞ്ഞിരുന്നില്ല, അദ്ദേഹത്തെ കൊല്ലാന്‍ ഏരിയല്‍ ഷാറോണും കൂട്ടരും ഗൂഢപദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെന്ന്. വേണ്ടിവന്നാല്‍ അറഫാത്തിനെ വധിക്കാനും മടിക്കില്ലെന്ന് ഉപപ്രധാനമന്ത്രി യഹൂദ് ഒല്‍മേര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ അത് കേവലം ആക്രോശമായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എല്ലാ തീവ്രവാദി നേതാക്കളെയും വധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഏറ്റവും വലിയ തീവ്രവാദിയാണ് അറഫാത്തെന്നും തീവ്രജൂതമൗലികവാദിയായ ഒല്‍മേര്‍ട്ട് പറഞ്ഞപ്പോള്‍ അറഫാത്തിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശഹീദാകാനും തങ്ങള്‍ സന്നദ്ധരാണെന്ന് പറഞ്ഞു നൂറുകണക്കിനു ഫലസ്തീന്‍ യുവാക്കള്‍ തെരുവിലിറങ്ങിയതും നാം കണ്ടു. പക്ഷേ, ഒന്നു തീരുമാനിച്ചാല്‍ അത് നടപ്പാക്കുകയാണ് സയണിസത്തിന്‍റെ രീതിശാസ്ത്രം എന്നതിനാല്‍ അറഫാത്ത് ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടവരുണ്ടായിരുന്നു. അത് സംഭവിച്ചത് ഏറ്റവും നീചമായ മാര്‍ഗത്തിലൂടെയായി എന്നതാണ്, എത്ര വഞ്ചകരാണ് വിശ്വവിഖ്യാത ചരിത്രകാരന്‍ ആര്‍ണോള്‍ഡ് ടോയിന്പി അസ്തിപജ്ഞര സമൂഹം (ഫോസില്‍ കമ്യൂണിറ്റി ) എന്ന് വിശേഷിപ്പിച്ച ഈ ജൂതരെന്ന് തെളിഞ്ഞത്. അറഫാത്തിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയവര്‍ ആ കൃത്യം നിര്‍വഹിക്കുക തന്നെ ചെയ്തു അതും ഏറ്റവും നിന്ദ്യമായ രീതിയില്‍. എഴുപത്തഞ്ചു വയസ്സ് പ്രായമായ ആ വൃദ്ധന് വിഷം നല്‍കിയാണ് ഇഞ്ചിഞ്ചായി കൊന്നത്. ആധുനിക ചരിത്രത്തില്‍ ഈവിധം ഒരു ജനനായകനെ അതിക്രൂരമായും രഹസ്യമായും ഗൂഢമായും കൊന്ന ചരിത്രം വിരളമാണ്. റാമല്ലയിലെ തകര്‍ന്ന വസതിയില്‍ വര്‍ദ്ധിതവീര്യത്തോടെ, മെഴുകുതിരിയുടെ വെളിച്ചത്തില്‍ കഴിഞ്ഞിരുന്ന ആ മനുഷ്യന്‍ പെട്ടെന്നാണ് രോഗശയ്യയിലേക്ക് വീഴുന്നതും ആരോഗ്യം വഷളാവുന്നതും. അറഫാത്തിന് രക്താര്‍ബുദം പിടിപെട്ടിരിക്കയാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. പി.എല്‍.ഒ നേതാവ് എയ്ഡ്സ് ബാധിതനാണെന്നു വരെ സയണിസ്റ്റ് പ്രചാരവേല കൊടുന്പിരിക്കൊണ്ടു. അറഫാത്തിന്‍റെ ജീവന്‍ അപകടത്തിലാണെന്നും ഉടന്‍ വിദഗ്ധ ചികില്‍സ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ സാധ്യമല്ലെന്ന് മനുഷ്യത്വമുള്ളവര്‍ കേണുപറഞ്ഞിട്ടും നല്ലൊരു ആശുപത്രിയിലെത്തിക്കാന്‍ തെല്‍അവീവ് ഭരണകൂടം വിശാലമനസ്കത കാട്ടിയില്ല. ഫലസ്തീന്‍ നേതാക്കള്‍ നിര്‍ദേശിക്കുന്ന രാജ്യത്തെത്തിച്ചു ചികില്‍സ നല്‍കാം പക്ഷേ ഇനി ഒരിക്കലും തിരിച്ചുവരാന്‍ പാടില്ല എന്നായിരുന്നു ജൂതരാഷ്ട്രം ശഠിച്ചത്. എല്ലാറ്റിനുമൊടുവില്‍, 2004 ഒക്ടോബറില്‍ പാരീസിലെ പേഴ്സി സൈനികാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. റാമല്ലയിലെ വീട്ടുതടങ്കലില്‍നിന്നുള്ള ആ യാത്ര അവസാന യാത്രയായിരിക്കുമെന്ന് പലരും ഭയപ്പെട്ടതു പോലെ തന്നെ സംഭവിച്ചപ്പോള്‍ മനഃസാക്ഷി നഷ്ടപ്പെടാത്തവരുടെ മനസ്സ് മന്ത്രിച്ചിരുന്നു ഇതൊരു സ്വാഭാവിക മരണമല്ലെന്ന്.

അറഫാത്ത് നിഗൂഢമായ അറുകൊലക്ക് ഇരയാവുകയായിരുന്നുവെന്ന സത്യം പുറത്തുവരാന്‍ എട്ടുവര്‍ഷം വേണ്ടിവന്നപ്പോള്‍ ആരാണ് കൊലയാളികള്‍ എന്നറിയാനുള്ള ലോകത്തിന്‍റെ ആകാംക്ഷ പോലും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. പിറന്നമണ്ണില്‍ അഭയാര്‍ഥികളായും അശരണരായും ജീവിക്കേണ്ടിവന്ന ഒരു ജനതയുടെ വിമോചനപ്രതീകമായ ഈ മനുഷ്യനെ പൊളോണിയം എന്ന മാരകവിഷം നല്‍കി കൊല്ലുകയായിരുന്നുവെന്ന സ്വിസ് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് കഴിഞ്ഞമാസം കിട്ടിയപ്പോള്‍ വിധവ സുഹാ അറഫാത്ത് അല്‍ ജസീറ ടെലിവിഷന്‍ ചാനലിനോട് പ്രതികരിച്ചതിങ്ങനെ This is the crime of the Century ഈ നുറ്റാണ്ടിന്‍റെ കുറ്റകൃത്യമാണിത്. ആ കുറ്റകൃത്യത്തിന് ആരാണ് ഉത്തരവാദിയെന്നറിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. ആധുനിക ലോകത്തെ ഏറ്റവും പ്രശസ്തനായ ഒരു ദേശീയപോരാളിയെ വിഷം നല്‍കിക്കൊന്ന കൈരാതത്തിനു പിന്നിലെ ക്രൂരകരങ്ങള്‍ ആരുടേതാണെന്ന് അറിയാന്‍ ലോകത്തിന് അശേഷം താല്‍പര്യമില്ല. അറഫാത്തിനു പകരം ഏതെങ്കിലും ആഫ്രിക്കന്‍ നേതാവോ യൂറോപ്യന്‍ ഭരണാധികാരിയോ അല്ലെങ്കില്‍ അമേരിക്കക്ക് മറ്റേതെങ്കിലും തരത്തില്‍ വേണ്ടപ്പെട്ടയാളോആണ് കൊല്ലപ്പെടതെങ്കില്‍ അങ്കിള്‍സാം സംശയത്തിന്‍റെ മറ പിടിച്ച് യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടാവില്ലേ? ഫോറന്‍സിക് റിപ്പോര്‍ട്ട് പഠിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഡാവിഡ് ബാര്‍ക്ലെ അല്‍ ജസീറയോട് അര്‍ഥശങ്കക്കിടമില്ലാതെ പറഞ്ഞു 18ഇരട്ടി പൊളോണിയം അദ്ദേഹത്തിന്‍റെ ശരീരത്തിലുണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. അതാണ് അറഫാത്തിനെ കൊന്നത്. ആരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇനി അറിയുകയേ വേണ്ടൂ.

ആരായിരിക്കും ഈ അറുകൊലക്ക് പിന്നിലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ദാരുണവും വേദനാജനകവുമായ മരണമാണ് ആ വയോധികന് സയണിസ്റ്റ്കുടിലത സമ്മാനിച്ചത്. ഗാര്‍ഡിയന്‍ പത്രവുമായി സംസാരിച്ചപ്പോള്‍ സുഹാ അറഫാത്ത് സങ്കടത്തോടെ പറഞ്ഞു ഞെട്ടിക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആശുപത്രിയില്‍ അറഫാത്ത് എങ്ങനെയാണ് വിറച്ചുകൊണ്ടിരുന്നതെന്ന് ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ കണ്ണില്‍ തന്നെ നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. മരണം എല്ലാവര്‍ക്കും വിധിക്കപ്പെട്ടതാണ്. പക്ഷേ, വിഷം നല്‍കിയുള്ള മരണം അതി ഭയാനകമാണ്. അങ്ങനെ പരിഷ്കൃത ലോകത്തിന് ഇതുവരെ തോന്നിയിട്ടില്ല എന്നതാണ് ഈ ദുരന്തത്തെ ഏറ്റവും ദുഃഖപര്യവസായിയായ കഥയാക്കുന്നത്. അറഫാത്ത് വിഷം അകത്തുചെന്നാണ് കൊല്ലപ്പെട്ടതെങ്കില്‍ ഭൂമുഖത്ത് ജനിച്ചുവീഴാന്‍ പോകുന്ന കുഞ്ഞിനു പോലുമറിയാം അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേല്‍ ഭരണകൂടത്തിന്‍റെ കുടിലമനസ്സായിരിക്കുമെന്ന്. യഥാര്‍ഥ ഘാതകന്‍ ആരാണ് എന്ന ചോദ്യത്തിന് ജൂത കോളമിസ്റ്റും മുന്‍ ഇസ്രായേല്‍ പാര്‍ലമെന്‍റംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യുറി അവ്നെറി നല്‍കുന്ന ഉത്തരമിതാണ് സംശയത്തിന് യാതൊരു വകയുമില്ല, അറഫാത്തിനെ കൊല്ലണമെന്ന് പലര്‍ക്കും ഉദ്ദേശ്യമുണ്ടെങ്കിലും അതിനുള്ള വഴികളും ഒടുങ്ങാത്ത പകയുമുള്ളത് ഒരാള്‍ക്കാണ് ഏരിയല്‍ ഷറോണിന്. മുന്പ് ബെയ്റൂത്തില്‍ വെച്ച് അറഫാത്തിനെ കൊല്ലാന്‍ പദ്ധതിയിട്ടയായിരുന്നു. അത് പരാജയപ്പെട്ടത് ഷാറോണിനെ കൂടുതല്‍ കോപിഷ്ടനാക്കി. അതിനു ശേഷം എങ്ങനെയെങ്കിലും അറഫാത്തിന്‍റെ കഥ കഴിക്കാന്‍ ആ ജൂതനേതാവ് തീരുമാനിച്ചതായിരുന്നു. ഷറോണ്‍ ഒന്നു തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നീട് അതില്‍നിന്ന് പിന്മാറുന്ന പ്രശ്നമേ ഉദിക്കുന്നില്ല. എത്ര നിസ്സാരമായ കാര്യമാണെങ്കിലും ശരി. പല തവണ അറഫാത്തിനെ ബോംബിട്ടുകൊല്ലാന്‍ ഷാറോണ്‍ ആജ്ഞ നല്‍കിയതായിരുന്നു. ഒരു പദ്ധതി അന്തിമ ഘട്ടത്തിലാണെന്നറിഞ്ഞപ്പോള്‍ താനും സുഹൃത്തുക്കളും അറഫാത്തിന്‍റെ ആസ്ഥാനത്ത് ചെന്നതായി യുറി അവ്നോവ് എഴുതുന്നു. എന്തുകൊണ്ട് ആസുത്രണം ചെയ്ത പ്രകാരം കൊല നടന്നില്ല എന്ന് ഷാറോണിനോട് ചോദിച്ചപ്പോള്‍ മറുപടി ഇതായിരുന്നു ആ സമയത്ത് ഏതാനും ഇസ്രായേലികള്‍ അറഫാത്തിനൊപ്പം ഉണ്ടായിപ്പോയി.

അഡോള്‍ഫ് ഹിറ്റ്ലറും അഡോള്‍ഫ് ഐഖ്മാനും  ജര്‍മന്‍ ചാര സംഘടനയായ എസ്.എസിന്‍റെ മേധാവിയായിരുന്ന ഇയാളണത്രെ ഹോളോകാസ്റ്റിന് നേതൃത്വം നല്‍കിയത്)കഴിഞ്ഞാല്‍ ജൂതന്മാര്‍ ഏറ്റവും കൂടുതല്‍ വെറുത്ത വ്യക്തിയായിരുന്നു അറഫാത്ത്. ഫലസ്തീന്‍റെ പ്രതീകമായാണ് അവര്‍ അദ്ദേഹത്തെ കണ്ടത്. ഫലസ്തീന്‍ എന്ന ആശയത്തെ തന്നെ ഇത്രയും കാലം ജീവിപ്പിച്ചത് അറഫാത്തിന്‍റെ പോരാട്ടമാണെന്ന് ഇവര്‍ വിധി എഴുതുന്നു. പിന്നെന്തുകൊണ്ട്, അറഫാത്തിന്‍റെ കൊലയെ ഇതുവരെ നീട്ടിക്കൊണ്ടുപോയി എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ള. ലക്ഷോപലക്ഷം അറബികളുടെ ബഹുമാനാദരം പിടിച്ചുപറ്റുന്ന ഒരു നേതാവിനെ ഇസ്രായേല്‍ വകവരുത്തിയാല്‍ സ്വാഭാവികമായും അതിന്‍റെ രോഷം തിളച്ചുമറിയുക അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് മേലായിരിക്കും. അതുകൊണ്ട് തന്നെയാണ് , പരസ്യമായ കൊലക്കു പകരം നീചമായ രീതി തെരഞ്ഞെടുത്തത്.

അറഫാത്തിന്‍റെ ജീവചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ ഡാനി റുബിന്‍സ്റ്റൈനും സംശയലേശമെന്യേ പറയുന്നു, റാമല്ലയിലെ വീട്ടുതടങ്കലില്‍ അറഫാത്ത് കഴിഞ്ഞ അവസാന ഘട്ടത്തില്‍, അദ്ദേഹത്തെ വകവരുത്താന്‍ ഷാറോണിന്‍റെ അകസംഘത്തില്‍ സജീവ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. ഡാനിയുടെ വാക്കുകള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്കായി ഇവിടെ കുറിച്ചിടട്ടെ തുടക്കം മുതല്‍ എനിക്ക് എല്ലാം വ്യക്തമായിരുന്നു. എല്ലാ ദിവസവും ചര്‍ച്ച ചെയ്തത് ഒരേ വിഷയമായിരുന്നു. നമ്മള്‍ അദ്ദേഹത്തെ പുറത്താക്കണോ, കൊല്ലണോ അതോ ആസ്ഥാനത്ത് ബോംബിടണോ ? അവര്‍ ഒരു മാര്‍ഗം കണ്ടെത്തുമെന്ന് എനിക്കറിയാമായിരുന്നു.

എത്രയോ ഫലസ്തീന്‍ നേതാക്കളെ നിഷ്ഠൂരമായി കൊന്ന ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് അറഫാത്തിന്‍റെ ജീവനെടുക്കാന്‍ വലിയ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. അറഫാത്താവട്ടെ, ലോകത്ത് ഏറ്റവും കൂടുതല്‍ ഭീഷണിയുള്ള നേതാവായിരുന്നിട്ടും അക്കാര്യമോര്‍ത്ത് തല പുണ്ണാക്കാതെ ജനങ്ങളുമായി ഇടപഴകി ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇസ്രായേലി മാധ്യമ പ്രവര്‍ത്തകരടക്കം ഫലസ്തീനില്‍നിന്നുള്ള നിരവധി പേര്‍ക്ക് അദ്ദേഹം സന്ദര്‍ശനാനുമതി നല്‍കാറുണ്ട്. അവരോടൊപ്പം ഭക്ഷണം കഴിക്കാറുണ്ട്. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട, ഏറ്റവും കൂടതല്‍ ഭീഷണി നിലനില്‍ക്കുന്ന,അര ഡസനിലേറെ രഹസ്യ ഏജന്‍സികള്‍ വധശ്രമവുമായി നടക്കുന്ന താങ്കള്‍ എന്തുകൊണ്ട് ഭയലേശമന്യെ നടക്കുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി ഇതായിരുന്നു ഞാന്‍ ദൈവികമായ പരിരക്ഷയിലാണ് വിശ്വസിക്കുന്നത്. ഒരുനാള്‍ സ്വകാര്യ വിമാനത്തില്‍ ഛാഡില്‍നിന്ന് ലിബിയയിലേക്ക് പറന്നപ്പോള്‍ ഇന്ധനം തീര്‍ന്നുപോയി. മരുഭൂമിയുടെ മധ്യത്തില്‍ വിമാനം ഇറക്കാന്‍ പോവുകയാണെന്ന് പൈലറ്റ് മുന്നറിയിപ്പു നല്‍കി. സുരക്ഷാ സേന കുഷ്യന്‍ കൊണ്ട് അറഫാത്തിന്‍റെ ശരീരം പൊതിഞ്ഞു. അംഗരക്ഷകരെല്ലാം അപകടത്തില്‍ കൊല്ലപ്പെട്ടു. ചെറിയ പോറല്‍ പോലുമേല്‍ക്കാതെ അറഫാത്ത് രക്ഷപ്പെട്ടു. പക്ഷേ, അറഫാത്തിന്‍റെ ജീവനെടുത്താലേ ഫലസ്തീന്‍റെ ആത്മാവിനെ കൊന്നൊടുക്കാന്‍ കഴിയുകയുള്ളൂവെന്ന് സയണിസ്റ്റുകള്‍ അന്നേ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടാണ്, മുന്പ് അലക്സാണ്ടര്‍ ലിത്വിന്‍കോ ( അഹലഃമിറലൃ ഘശ്േശിലിസീ ) എന്ന റഷ്യന്‍ ചാരനെ ലണ്ടനിലെ ഒരു ഹോട്ടലില്‍ വെച്ച് കൊല്ലാന്‍ കെ.ജി.ബി സംഘം ഉപയോഗിച്ച പൊളോണിയം 20 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പ് അറഫാത്തിനെ കൊല്ലാനും ഉപയോഗിച്ചത്. നിറമോ മണമോ ഇല്ലാത്ത ഈ വസ്തു ചായയില്‍ കലക്കി നല്‍കിയാണ് റഷ്യന്‍ ചാരസംഘടന കൃത്യം നിര്‍വഹിച്ചതെങ്കില്‍ , അറഫാത്തിന്‍റെ വസ്ത്രത്തിലും ടൂത്ത് ബ്രഷിലും തലപ്പാവിലുമൊക്കെയാണ് അണുപ്രസരണ ശേഷിയുള്ള പൊളോണിയം ആദ്യം കണ്ടെത്തിയത്. ഒരു ഭക്ഷണത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന് കലശലായ രോഗം പിടിപെട്ടതെന്ന് സുഹ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊളോണിയം ശരീരത്തില്‍ കടന്നാല്‍ പെട്ടെന്നുള്ള മരണം സുനിശ്ചിതമായിരുന്നു. നല്ല ആരോഗ്യസ്ഥിതിയായിരുന്നു അറഫാത്തിന് കുറച്ചുനാളത്തേക്ക് കൂടി ആയുസ്സ് നീട്ടിക്കൊടുത്തത്.

അറഫാത്തിന്‍റെ ദാരുണ കൊലയെക്കാള്‍ വലിയ കുറ്റമാണ് ലോകസമൂഹം കുറ്റവാളികളോടുള്ള മൃദുസമീപനത്തിലൂടെ കാണിക്കുന്നത്. ഭീകരമായൊരു മനുഷ്യാവകാശ ലംഘനത്തിനപ്പുറം, ഒരു ജനതയുടെ സ്വപ്നത്തിന്‍റെയും പ്രതീക്ഷയുടെയും പ്രതിനിധാനമായ ഒരു നേതാവിനെ അതിക്രൂരമായി കൊന്നിട്ടും അതിനുത്തരവാദികളായവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയാറാവുന്നില്ല എന്നതിലപ്പുറം എന്ത് നാണക്കേടാണുള്ളത്! ഓസ്ലോയില്‍വെച്ച് ജിമ്മികാര്‍ട്ടര്‍ വിരല്‍ വെച്ചിടത്ത് ഒപ്പിട്ടുകൊണ്ട് സമാധാനത്തിന്‍റെ സന്ധിസംഭാഷണത്തിന് ആധുനിക ലോകത്തും പ്രസക്തിയുണ്ടെന്ന് കാണിച്ചുകൊടുത്ത ഒരു വിശാലഹൃദത്തിന്‍റെ ഉടമക്കാണ് ഇവ്വിധം നിന്ദ്യമായ അന്ത്യമുണ്ടായത് അതും സമാധാനത്തിനുള്ള നൊബേല്‍ നേടിയ മഹാന്. എന്നിട്ടും ആര്‍ക്കും പ്രതിഷേധമോ പരിഭവമോ ഇല്ല. ഈ കാപട്യത്തിനു മുന്നില്‍ നമുക്ക് രണ്ടിറ്റ് അശ്രു പൊഴിക്കാം.
ശാഹിദ്

You must be logged in to post a comment Login