ചൈന ഗര്‍ഭപാത്രങ്ങള്‍ തുറക്കുന്നു

ചൈന  ഗര്‍ഭപാത്രങ്ങള്‍ തുറക്കുന്നു

കമ്യൂണിസ്റ്റ് ചൈന മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്പ്, 1979ല്‍, നടപ്പാക്കിയതാണ് അമ്മമാര്‍ ഒരു കുഞ്ഞില്‍ കൂടുതല്‍ പ്രസവിക്കാന്‍ പാടില്ല എന്ന നിയമം. ഇതനുസരിച്ച് പ്രായപൂര്‍ത്തിയായ സ്ത്രീ ഗര്‍ഭിണിയല്ലെന്ന് ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ നാലുതവണ വൈദ്യപരിശോധന നടത്തുന്നുണ്ട് ഇന്നും. അഞ്ചുലക്ഷം ജീവനക്കാര്‍ ഈ നിയമം നടപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ടു. ഗര്‍ഭപാത്രങ്ങളെ ചങ്ങലക്കിടുന്ന ആ പരിഷ്കാരത്തിലൂടെ അന്നാട്ടില്‍ പിറക്കേണ്ടിയിരുന്ന 40കോടി കുഞ്ഞുങ്ങളെ ഇല്ലാതാക്കിയത്രെ! 40കോടിയല്ല, 100കോടി ജന്മങ്ങളെയാണ് ഉന്മൂലനം ചെയ്തതെന്ന അഭിപ്രായക്കാരുമുണ്ട്. ഉദ്യോഗസ്ഥമേധാവിത്വം ക്രൂരമാര്‍ഗങ്ങളിലൂടെയാണ് ഈ ലക്ഷ്യം കൈവരിച്ചത്. 335ദശലക്ഷം ഗര്‍ഭഛിദ്രങ്ങളും 200ദശലക്ഷം വന്ധ്യകരണവും വ്യാപകമായ ഭ്രൂണഹത്യകളുമാണ് കമ്യുണിസ്റ്റ് ഭരണകൂടത്തിന്‍െറ തുണക്കെത്തിയതെന്ന് ടൈം വാരികയുടെ ഏറ്റവുമൊടുവിലത്തെ ലക്കം മുഖലേഖനത്തിലൂടെ (ഇവശിമ െഛിലഇവശഹറ ഇൃശശെ)െ വിശദീകരിക്കുന്നു. ചൈനയുടെ ഇപ്പോഴത്തെ ജനസംഖ്യ 135കോടിയാണ്. ഭരണകൂടം അന്നാട്ടിലെ സ്ത്രീകളെ അവരുടെ ഇച്ഛാനുസരണം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ആ സംഖ്യ 185കോടിയായേനെ. കമ്യൂണിസ്റ്റ് നേതൃത്വം ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഏകസന്തതീ നയം നടപ്പാക്കിയപ്പോള്‍ ലോകം അദ്ഭുതസ്തബ്ധരായാണ് അതു നോക്കിനിന്നത്. ഇന്നത്തെ പോക്കുപോയാല്‍ ചൈനയുടെ ജനസംഖ്യ 2030ലേ 140കോടിയിലെത്തൂ. അതിനുശേഷം ക്രമേണ ജനസംഖ്യ കുറഞ്ഞുകുറഞ്ഞു വരുമെന്ന് വിദഗ്ധര്‍ കണക്കുകള്‍ നിരത്തുന്നു.

അപൂര്‍വമായൊരു മാനുഷിക ദുരന്തത്തിലേക്കാണ് കമ്യൂണിസ്റ്റ് നയം ആ രാജ്യത്തെ നയിക്കുന്നതെന്ന് തെളിഞ്ഞുകൊണ്ടിരിക്കയാണ്. പ്രമുഖരായ മൂന്നു ചൈനീസ് ജനസംഖ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ 196677 കാലത്തെ സംസ്കാരിക വിപ്ലവത്തിനും 195961ലെ മനുഷ്യനിര്‍മിത ഭക്ഷ്യക്ഷാമത്തിനും ശേഷമുള്ള മഹാദുരന്തത്തിലേക്കാണ് ആ രാജ്യം മുതലക്കൂപ്പ് നടത്തുന്നത്. പ്രകൃതിനിയമങ്ങള്‍ അട്ടിമറിക്കാനുള്ള ഒരു പ്രത്യയശാസ്ത്രത്തിന്‍െറ ക്രൂര നയനിലപാടുകളുടെ ഭവിഷ്യത്ത് ഗൗരവമേറിയ സാമൂഹിക വിപത്തുകളിലേക്കാണ് ചൈനയെ കൊണ്ടെത്തിച്ചത്. ഉല്‍പാദനമേഖലയില്‍ ഊര്‍ജം പകരേണ്ട യുവാക്കള്‍ക്ക് പഞ്ഞം നേരിടുന്പോള്‍ വൃദ്ധന്മാര്‍ നിറയുന്ന ഭൂവിഭാഗമായി മാറുന്നു ആ നാട്. സ്ത്രീകളുടെ എണ്ണം പുരുഷന്‍േറതില്‍നിന്ന് ഗണ്യമായി കുറഞ്ഞത് സ്ത്രീപുരുഷ അനുപാതത്തിന്‍െറ താളം തെറ്റിച്ചു. ഗര്‍ഭപാത്രങ്ങളുടെ വായ മൂടിക്കെട്ടിയപ്പോള്‍ ആളോഹരി വരുമാനം കൂടിയിട്ടുണ്ടെന്നത് ശരി. 1980ല്‍ 200 യു.എസ് ഡോളറാണെങ്കില്‍ ഇന്നത് 6000ഡോളറാണ്. പക്ഷേ, ഒരു രാഷ്ട്രത്തിന്‍റെ ഭാവിയെ തന്നെ അത് ഇരുട്ടിലാഴ്ത്താന്‍ പോവുകയാണ്. ശരാശരി ആറു കുഞ്ഞുങ്ങളെ പ്രസവിക്കേണ്ട സ്ഥാനത്താണ് ഒരു കുഞ്ഞു മതി എന്ന് സര്‍ക്കാര്‍ കല്‍പന നടപ്പാക്കിയത്. സന്താനം ഒന്നില്‍ കൂടുതലായാല്‍ കുടുംബത്തിനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയും ശിക്ഷാനടപടികള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്നതുഭയന്ന് ജനം കമ്യൂണിസ്റ്റ് തിട്ടൂരം അനുസരിച്ചു. ആലംബഹീനരായ വൃദ്ധജനങ്ങളെ കൊണ്ട് രാജ്യം നിറയുന്പോള്‍ ഇന്നല്ലെങ്കില്‍ നാളെ ഈ മാനുഷിക പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് ആര്‍ക്കും പ്രതീക്ഷ ഇല്ല. എന്നല്ല, വരുംകാലങ്ങളില്‍ പ്രശ്നം കൂടുതല്‍ വഷളാവുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ബീജിങ് യൂനിവേഴ്സിറ്റിയിലെ ജനസംഖ്യാശാസ്ത്ര വിദഗ്ധന്‍ തന്‍െറ രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധി തൊട്ടുകാണിക്കുന്നത് ഇങ്ങനെ ഞങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഈ പ്രശ്നങ്ങളൊന്നും നയം രൂപീകരിച്ചവര്‍ കണ്ടില്ല. ജനസംഖ്യാ ശാസ്ത്രത്തെക്കുറിച്ച് അവര്‍ക്ക് വിവരമുണ്ടായിരുന്നില്ല. അവരുടെ വിവരക്കേടിന് ഇന്ന് സമൂഹം വലിയ വില നല്‍കേണ്ടിവരുകയാണ്.

കടുത്ത ദൈവനിഷേധവും ഈശ്വരവിശ്വാസമില്ലായ്മയുമാണ് കമ്യൂണിസ്റ്റുകളെ പ്രകൃതിക്ക് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ജനസംഖ്യ ക്രമാതീതമായി പെരുകുന്നതോടെ, രാജ്യത്തിന് അവരെ തീറ്റിപ്പോറ്റാനുള്ള വിഭവങ്ങള്‍ ഇല്ലാതാവുമെന്ന പേടിയിലാണ് സന്താനോല്‍പാദനത്തിന്‍െറ കടയ്ക്കു കത്തിവെക്കാന്‍ ഭരണകൂടം തുനിഞ്ഞത്. പേടിക്കാലത്ത് കൂടെ നില്‍ക്കാന്‍ അവര്‍ക്കൊരു സ്രഷ്ടാവും പരിപാലകനുമില്ല. ഒന്നില്‍ കൂടുതല്‍ പ്രസവിക്കാനൊരുങ്ങുന്ന സ്ത്രീകള്‍ നിഷ്ഠൂരമായ പീഡനങ്ങള്‍ക്ക് വിധേയമാവുന്ന അവസ്ഥ പോലും അന്നാട്ടിലുണ്ടായി. നഗരങ്ങളില്‍ അധികൃതര്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറായില്ല. ഗ്രാമങ്ങളില്‍ , മാതാപിതാക്കള്‍ ഏക സന്തതികളാണെങ്കില്‍ മാത്രം രണ്ടാമത്തെ കുഞ്ഞിന് അനുമതി നല്‍കി. വംശീയ ന്യൂനപക്ഷത്തോട് മാത്രമാണ് അല്‍പം ദയ കാണിച്ചത്. പിറവികളോടുള്ള എതിര്‍പ്പ് തലമുറകളുടെ വംശനാശത്തിലാണ് കലാശിച്ചുകൊണ്ടിരിക്കുന്നത്. 2050 ആകുന്പോഴേക്കും ചൈനയിലെ ജനങ്ങളില്‍ മുന്നിലൊന്ന് അറുപത് വയസ്സിന് മുകളിലുള്ളവരായിരിക്കും. അമേരിക്കയിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലായിരിക്കും അന്നു ചൈനയിലെ പടുകിളവന്മാര്‍. ഇവരില്‍ 89ശതമാനത്തിനും പരസഹായം ഉണ്ടെങ്കിലേ ജീവിക്കാനാവൂ. മറ്റു രാജ്യങ്ങളില്‍നിന്ന് അതിന് ആളെ റിക്രൂട്ട് ചെയ്യേണ്ടിവരും.
അല്ലെങ്കില്‍ ഓരോ കുഞ്ഞും ആറു പേരുടെ ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരും. അതായത് സ്വന്തം അച്ഛനമ്മമാര്‍ക്ക് പുറമെ അവരുടെ നാല് മാതാപിതാക്കളെയും. 421 എന്ന സൂത്രവാക്യം മനുഷ്യന്‍ സ്വയം രൂപപ്പെടുത്തിയ ഒരു വിപത്തിന്‍െറ ആഴമാണ് അളന്നുകാണിച്ചുതരുന്നത്. ഇതുവരെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തിരുന്ന തലമുറ പ്രായാധിക്യം മൂലം വിശ്രമത്തിലേക്ക് നീങ്ങുന്പോള്‍ പേരക്കിടാവ് ജീവിക്കുന്ന നഗരത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാവുന്നു. അതോടെ, നഗരത്തിന്മേലുള്ള സമ്മര്‍ദം കൂടുന്നു എന്നു മാത്രമല്ല, ഗ്രാമീണജീവിതത്തിന്‍െറ താളവും മേളവും പെട്ടെന്ന് തെറ്റുകയും ചെയ്യുന്നു. അധ്വാനത്തെയും ഉല്‍പാദനത്തെയും അവയുടെ മൂല്യത്തെയും കുറിച്ചു മാത്രം ചിന്തിച്ച ഒരു പ്രത്യയശാസ്ത്രം മനുഷ്യന്‍െറ വില മനസ്സിലാക്കാന്‍ പോവുകയാണ്. പ്രകൃതിയുടെ സ്വപ്നഭരിതമായ ആÇേഷങ്ങളില്‍ ജീവിതസാരം ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിയുന്പോള്‍ നാലു പതിറ്റാണ്ടുകൊണ്ട് തങ്ങള്‍ക്കു പിഴച്ചുവെന്ന് സ്വയം വിധി എഴുതാന്‍ കമ്യുണിസ്റ്റ് ചൈന നിര്‍ബന്ധിതരാവുന്നു. പിഴച്ചുപോയ ഈ കണക്കിന്‍റെ തിരിച്ചടിയില്‍ മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രത്തിന്‍െറ കൊടും പരാജയമുണ്ട്.

കുഞ്ഞുങ്ങള്‍ വിരളമായ ഒരു ലോകത്ത് അവരുടെ കിന്നാരങ്ങള്‍ പൊഴിയുന്ന സ്ഥാപനങ്ങളും മാഞ്ഞുപോകുന്നു. കുട്ടികള്‍ ഇല്ലാത്തതുകൊണ്ട് മാത്രം കഴിഞ്ഞവര്‍ഷം 13,600 പ്രൈമറി വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി. അവിടെ ജോലി ചെയ്യുന്ന അധ്യാപകര്‍ പച്ചപ്പ് തേടിപ്പോയി. ക്ലാസ്മുറികളില്‍ ആണ്‍പെണ്‍ അനുപാതം അപകടകരമാംവിധം താളം തെറ്റി. പിറക്കുന്ന ഏക സന്തതി ആണാവട്ടെ എന്ന വിചാരഗതി പെണ്ണാണെങ്കില്‍ ഭ്രൂണഹത്യക്ക് ഭൂരിഭാഗത്തെയും പ്രേരിപ്പിച്ചു. ഗ്രാമങ്ങളില്‍ ആദ്യ സന്തതി പെണ്ണാണെങ്കിലോ അംഗവൈകല്യമുണ്ടെങ്കിലോ മാത്രമാണ് രണ്ടാമത്തേതിന് അനുമതി നല്‍കിയത്. തൊഴിലാളികള്‍ക്ക് വലിയ ക്ഷാമമാണ് ഇപ്പോള്‍ നേരിടുന്നത്. വേതനം അഞ്ചുവര്‍ഷം കൊണ്ട് 35ശതമാനം വര്‍ധിച്ചു. സാന്പത്തിക കുതിച്ചുചാട്ടം ഉല്‍പാദനരംഗത്ത് കൂടുതല്‍ മാനവ വിഭവ ശേഷി അനിവാര്യമാക്കിയപ്പോള്‍ അന്തംവിട്ടു നില്‍ക്കുകയാണ് ഭരണകര്‍ത്താക്കള്‍. ഏകസന്തതി കുടുംബം ഒരു തലമുറയുടെ ശീലമായി മാറിയപ്പോള്‍ കമ്യൂണിസ്റ്റ് കാര്‍ക്കശ്യം പിന്‍വലിച്ചത് കൊണ്ട് ഇനി കാര്യമില്ലെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പുനല്‍കുന്നു. പ്രകൃതിയുടെ നൈസര്‍ഗിക ചോദനകളെ ചോര്‍ത്തിക്കളയുന്ന വിപദ്കരമായ സോഷ്യല്‍ എഞ്ചിനിയറിങ് ആണ് കമ്യുണിസ്റ്റ് ചൈന ആ ജനതയുടെ മേല്‍ അടിച്ചേല്‍പിച്ചത്. ഒരു തിരിച്ചുപോക്കിന് ഇനി സമൂഹം സന്നദ്ധമാവുമെന്ന് ആര്‍ക്കും ഉറപ്പുനല്‍കാന്‍ പറ്റാത്ത അവസ്ഥ. ഒന്നില്‍കൂടുതല്‍ കുട്ടികളുണ്ടായാല്‍ അവരെ പരിപാലിക്കാന്‍ സാധിക്കണമെന്നില്ലെന്നും കൂടുതല്‍ സാന്പത്തിക ഭാരം താങ്ങേണ്ടിവരുമെന്നും ജനം കരുതുന്നു. അതുകൊണ്ട് സ്റ്റാറ്റസ്കോ നിലനിര്‍ത്താനാണ് സമൂഹം ആഗ്രഹിക്കുന്നത്.

സന്താനനിയന്ത്രണ വിഷയത്തില്‍ ചൈനയെ മാതൃകയാക്കാന്‍ വെന്പിയ രാജ്യങ്ങളില്‍ ഒരു വേള ഇന്ത്യയും ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്പോള്‍ ലജ്ജ തോന്നേണ്ട സന്ദര്‍ഭമാണിത്. ചൈനയില്‍ നാം രണ്ട് , നമുക്ക് ഒന്ന് എന്നാണ് മുദ്രാവാക്യമെങ്കില്‍, നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യം ഇന്ത്യയുടെ സാമൂഹികാന്തരീക്ഷത്തിലും പതിറ്റാണ്ടുകളോളം തങ്ങിനിന്നിരുന്നു. കുടുംബാസൂത്രണത്തെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചത്! നിര്‍ബന്ധ വന്ധ്യംകരണം ഭരണകൂട നയമായി സ്വീകരിച്ചത് തന്നെ പെറ്റുപെരുകുന്ന ജനവിഭാഗങ്ങളെ ഉന്നം വെച്ചായിരുന്നു. അടിയന്തരാവസ്ഥയില്‍ സഞ്ജയ് ഗാന്ധി നിര്‍ബന്ധ വന്ധ്യംകരണത്തിന് തുനിഞ്ഞപ്പോള്‍ ലക്ഷ്യമിട്ടത് നാം അഞ്ച്, നമുക്ക് ഇരുപ്പത്തഞ്ച് എന്ന് ഹിന്ദുത്വ ശക്തികള്‍ അപഹസിക്കുന്ന മുസ്ലിം ജനസാമാന്യത്തെയായിരുന്നു. രാജ്യത്തെ ജനസംഖ്യ 120കോടിയായി ഉയര്‍ന്നിട്ടും മുസ്ലിംന്യൂനപക്ഷം പഴയ 12ശതമാനത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഹിന്ദുഗര്‍ഭപാത്രത്തിന്‍െറ കേവലധര്‍മം തന്നെയാണ് മുസ്ലിം സ്ത്രീയുടേതുമെന്നു തന്നെ.

പ്രജനനം പ്രകൃതിയുടെ വരദാനമാണ്. ജീവജാലങ്ങളുടെ സ്ഥായിയായ നിലനില്‍പിന്‍റെ ആധാരമാണ് സന്താനോല്‍പാദനം. പ്രകൃതിയുടെ താളമേളങ്ങള്‍ തെറ്റിക്കാത്ത പ്രത്യുല്‍പാദനപ്രക്രിയ പ്രകൃതിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. അതില്‍ മനുഷ്യന്‍െറ കൈകടത്തല്‍ വിനാശത്തിലേ പര്യവസാനിക്കൂ. ചൈനയില്‍ സംഭവിച്ചത് അതാണ്. മനുഷ്യനെ തീറ്റിപ്പോറ്റുന്നത് തങ്ങളാണെന്ന മിഥ്യാധാരണയില്‍ കമ്യുണിസ്റ്റ് നേതൃത്വം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ മാതൃത്വത്തിന്‍െറ കടയ്ക്കല്‍ വെച്ച കത്തി ഒരു നാട്ടിന്‍െറ തന്നെ സ്വാസ്ഥ്യം കെടുത്തുന്ന അവസ്ഥയിലെത്തിച്ചു; ഒരു തിരിച്ചുപോക്ക് അസാധ്യമാം വിധം. ഇന്ത്യയില്‍ ഹരിയാനയില്‍ ഭ്രൂണഹത്യ പെരുകിയപ്പോള്‍ ആണ്‍പെണ്‍ അനുപാതം അട്ടിമറിക്കപ്പെട്ടതും ഇണയെ തേടി അവിടുത്തെ യുവാക്കള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പരക്കം പായേണ്ട ദുരന്തം വന്നുപെട്ടതും നാം കണ്ടതാണ്. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഇത്തരം വിപത്തുകളില്‍.
ശാഹിദ്

2 Responses to "ചൈന ഗര്‍ഭപാത്രങ്ങള്‍ തുറക്കുന്നു"

  1. ധാർമിക വിപ്ലവം/MoralRevolution  December 5, 2013 at 9:10 am

    >>കടുത്ത ദൈവനിഷേധവും ഈശ്വരവിശ്വാസമില്ലായ്മയുമാണ് കമ്യൂണിസ്റ്റുകളെ പ്രകൃതിക്ക് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ജനസംഖ്യ ക്രമാതീതമായി പെരുകുന്നതോടെ, രാജ്യത്തിന് അവരെ തീറ്റിപ്പോറ്റാനുള്ള വിഭവങ്ങള്‍ ഇല്ലാതാവുമെന്ന പേടിയിലാണ് സന്താനോല്‍പാദനത്തിന്‍െറ കടയ്ക്കു കത്തിവെക്കാന്‍ ഭരണകൂടം തുനിഞ്ഞത്. പേടിക്കാലത്ത് കൂടെ നില്‍ക്കാന്‍ അവര്‍ക്കൊരു സ്രഷ്ടാവും പരിപാലകനുമില്ല<<

  2. NISHTHAR KK SHARJAH  December 11, 2013 at 5:03 pm

    a strong one..nice

You must be logged in to post a comment Login