അവസാന ബസിന് വരുന്നവര്‍ എവിടെ ഇറങ്ങും?

അവസാന ബസിന് വരുന്നവര്‍ എവിടെ ഇറങ്ങും?

ഇത് ലാസ്റ്റ് ബസ് ആണ്. ഇതിലെങ്കിലും കയറിയില്ലെങ്കില്‍ രക്ഷയില്ല. സഊദി ഭരണകൂടം നിഷ്കര്‍ഷിച്ച രേഖകള്‍ ശരിപ്പെടുത്താന്‍ ഇനിയും കഴിയാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങുകയേ നിര്‍വ്വാഹമുള്ളൂ. നിതാഖാത് നിയമം അന്തിമമായി പ്രാബല്യത്തില്‍ വരുന്നതിന് രണ്ടു ദിവസം മുന്പ് പ്രവാസികാര്യമന്ത്രി കെ സി ജോസഫ് നടത്തിയ പ്രതികരണമാണിത്. ലാസ്റ്റ് ബസ് കയറി വരുന്നവര്‍ക്കെന്തുണ്ടെന്ന ചോദ്യത്തിന് മന്ത്രിയുടെ ഉത്തരം ലളിതം ഏതായാലും അവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ലല്ലോ. മന്ത്രി പറഞ്ഞത് നേരാണ്, എല്ലാവര്‍ക്കും സര്‍ക്കാര്‍ജോലി സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ള പരിമിതിയും മനസ്സിലാക്കാം. എന്നാല്‍, ചെയ്യാവുന്നത് ചെയ്തതിന് ശേഷമാണോ ഇങ്ങനെയൊരു പ്രസ്താവനയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.

കേരളത്തിന്‍റെ സന്പദ്സ്രോതസ്സെന്ന് പ്രവാസിസമൂഹത്തെ വിശേഷിപ്പിക്കുകയല്ലാതെ പ്രവാസിസമൂഹത്തിന് തിരികെ നമ്മുടെ ഭരണകൂടം എന്ത് നല്‍കിയെന്ന ചോദ്യത്തിന് നീതിയുക്തമായ ഒരു ഉത്തരം ആര്‍ക്കും നല്‍കാനാകില്ല. പരാതിയും പരിഭവവുമില്ലാതെ കഷ്ട നഷ്ടങ്ങള്‍ സഹിച്ച് എരിഞ്ഞ് തീരുന്നതായിരുന്നു ഇന്നലെവരെയുള്ള പ്രവാസി. എങ്കിലും നെയ്ത് കൂട്ടിയ സ്വപ്നങ്ങളും അവയുടെ സാക്ഷാത്കാരവും പുതിയൊരു കേരളം സൃഷ്ടിച്ചു. ഇന്ന് അതും സാധ്യമല്ലാതായിരിക്കുന്നു. സന്പദ്ഘടനയുടെ നട്ടെല്ലിന് ക്ഷതമേറ്റിരിക്കുന്നു. സഊദിയില്‍ വീശിയ കാറ്റ് കുവൈത്തിനെ ലക്ഷ്യമിട്ട് നീങ്ങുകയാണ്. ഈ സാഹചര്യങ്ങള്‍ നമ്മുടെ ഭരണകൂടം ഉള്‍ക്കൊണ്ടിട്ടുണ്ടോ? മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാകുന്പോള്‍ പരിഭ്രാന്തി പടര്‍ത്തരുതെന്ന് ഉപദേശിച്ചാല്‍ പ്രശ്നം തീരുമോ? മടങ്ങി വരുന്നവര്‍ക്ക് സൗജന്യവിമാനടിക്കറ്റ് നല്‍കി ആഘോഷ പൂര്‍വ്വം നാട്ടിലെത്തിച്ച് മന്ത്രിമാരും ജനപ്രതിനിധികളും വിമാനത്താവളത്തിലെത്തി സ്വീകരണം ഒരുക്കിയാല്‍ തണുക്കുന്നതല്ല എരിയുന്ന പ്രവാസിയുടെ നെഞ്ച്. ജീവിക്കാനുള്ള മാര്‍ഗം അവര്‍ക്ക് കണ്ടെത്തി നല്‍കുകയാണ് വേണ്ടത്. കേള്‍ക്കാന്‍ രസമുള്ള പുനരധിവാസ പാക്കേജ് കൊണ്ടായില്ല. പ്രഖ്യാപനം മാത്രമാകുന്ന പാക്കേജുകളില്‍ വോട്ട് ലക്ഷ്യമാണ് ഒളിഞ്ഞിരിക്കുന്നത്.

നിതാഖാതിന്‍റെ പശ്ചാത്തലത്തില്‍ സഊദി അറേബ്യയില്‍ നിന്ന് മടങ്ങി വരുന്നവര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ എത്രമാത്രം അപര്യാപ്തമാണതെന്ന് ബോധ്യപ്പെടും. നവംബര്‍ ആറിനാണ് നോര്‍ക്ക വകുപ്പ് തയ്യാറാക്കിയ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചത്. മടങ്ങിവരുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക വകുപ്പ് നേരത്തെ തന്നെ ഒരു പുനരധിവാസ പദ്ധതി തയ്യാറാക്കിയതാണ്. ഇതിലേക്ക് അപേക്ഷ ക്ഷണിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയും അന്തിമഘട്ടത്തിലാണ്. ഇരുപതിനായിരം പേര്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഈ പദ്ധതി വഴി ഇതിന്‍റെ ഇരുപതിലൊന്ന് പേര്‍ക്ക് പോലും സഹായം കിട്ടില്ലെന്നാണ് നോര്‍ക്ക അധികൃതര്‍ തന്നെ നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഈ പദ്ധതി തന്നെയാണ് നിതാഖാത് പാക്കേജ് ആയി സംസ്ഥാന പ്രവാസിവകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്. 2013 മാര്‍ച്ച് 11 നാണ്(ജി ഒ (ആര്‍ ടി)നം.75/13) പ്രവാസി പുനരധിവാസ പദ്ധതി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍, നിക്ഷേപക സൗകര്യങ്ങള്‍ക്കു സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമായി വിശദീകരിക്കുന്നത്. ഡയറി വകുപ്പിന്‍റെയും മൃഗസംരക്ഷണവകുപ്പിന്‍റെയും ചെറുകിട ഡയറി യൂനിറ്റുകള്‍, വ്യവസായ വകുപ്പിന്‍റെ ചെറുകിട വ്യവസായ പദ്ധതികള്‍, കൃഷിവകുപ്പിന്‍റെ ഹൈടെക് ഫാമിംഗ്, ഗ്രീന്‍ ഹൗസ് പദ്ധതി, ഫ്ളെറികള്‍ച്ചര്‍, കെ എഫ് സി, കെ എസ് എഫ് ഇ എന്നിവയുടെ തൊഴില്‍ സംരംഭങ്ങള്‍, ഫിഷറീസ് വകുപ്പിന്‍റെ അലങ്കാര മല്‍സ്യകൃഷി പദ്ധതി എന്നിവ മുഖേന തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക. തിരികെ വന്ന പ്രവാസികളുടെ ചെറിയ ഗ്രൂപ്പുകള്‍ക്ക് റെന്‍റ് എ കാര്‍ പദ്ധതി, പ്ലന്പിംഗ്, ഇലക്ട്രീഷ്യന്‍ തുടങ്ങിയ സേവനം നല്‍കുന്ന ചെറുകിട സംരംഭങ്ങള്‍, പ്രവാസി സഹകരണസംഘങ്ങള്‍ മുഖേന നടത്തുന്ന ചെറുകിട സംരംഭങ്ങള്‍, ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ എന്നിവക്ക് ബേങ്കുകള്‍ മുഖേന പലിശനിരക്ക് കുറച്ച് വായ്പാ സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് നേരത്തെ രൂപം നല്‍കിയ പ്രവാസി പുനരധിവാസ പദ്ധതിയിലും ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജിലും മുന്നോട്ട് വെക്കുന്നത്. പ്രവാസി സഹകരണസംഘങ്ങള്‍ രൂപവത്കരിച്ച് ഗ്രാമങ്ങളില്‍ ചെറുകിട ഷോപ്പിംഗ് മാളുകള്‍, ഭക്ഷണശാലകള്‍, കാറ്ററിംഗ് യൂനിറ്റുകള്‍, ഡ്രൈവാഷ് യൂനിറ്റുകള്‍ തുടങ്ങിയവ ആരംഭിക്കാന്‍ സഹകരണവകുപ്പുമായി ആലോചിച്ച് പദ്ധതികള്‍ തയ്യാറാക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുത്ത് പ്രത്യേക മേഖലകളില്‍ വൈദഗ്ധ്യം നേടിയവര്‍ക്ക് അത്തരം തൊഴിലുകള്‍ നാട്ടില്‍ ചെയ്യാന്‍ ആവശ്യമായ സഹായങ്ങളും പാക്കേജിലുണ്ട്.

20 ലക്ഷം രൂപ വരെയാണ് പദ്ധതിയുടെ മുടക്കുമുതലായി സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതില്‍ പരമാവധി രണ്ടുലക്ഷം രൂപ മൂലധന സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും. 20 ലക്ഷം രൂപ വരെ പദ്ധതിച്ചെലവുള്ള സംരംഭകര്‍ക്ക് 10 ശതമാനം മൂലധന സബ്സിഡി എന്ന നിരക്കില്‍ 1000 സംരംഭകര്‍ക്ക് സബ്സിഡി നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

പരമാവധി ആയിരം പേര്‍ക്കായി പദ്ധതി നിജപ്പെടുത്തുന്നതില്‍ തുടങ്ങുന്നു പാക്കേജിന്‍റെ പരിമിതി. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ചു തന്നെ ഇരുപതിനായിരത്തോളം പേര്‍ നിതാഖാത് മൂലം നാട്ടിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവരെ കൂടി പരിഗണിച്ചാല്‍ ഇതിന്‍റെ ഇരട്ടിയോളം വരും. മറ്റു രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയവര്‍ വേറെയും. നേരത്തെ തയ്യാറാക്കിയ പുനരധിവാസ പദ്ധതിയിലും ആയിരം പേര്‍ക്ക് സഹായം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്. അതായത് ഒരു സ്വയംതൊഴില്‍ സംരംഭത്തിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്നവന് സര്‍ക്കാര്‍ നല്‍കുന്ന രണ്ടുലക്ഷം രൂപ സബ്സിഡി ലഭിക്കുമെന്ന് ചുരുക്കം. ഇതിനായി സര്‍ക്കാര്‍ നോര്‍ക്ക വകുപ്പിന് അനുവദിച്ച തുകയെത്രയെന്ന് നോക്കിയാല്‍ ഇതിലെ കണ്‍കെട്ട് ബോധ്യമാകും. വെറും ഒരു കോടി രൂപ. നിശ്ചയിച്ച സബ്സിഡി 50 പേര്‍ക്ക് നല്‍കിയാല്‍ ഈ പണം തീരും. അപേക്ഷിച്ച ഇരുപതിനായിരം പേര്‍ മറ്റുവഴി നോക്കേണ്ടി വരുമെന്ന് ചുരുക്കം.
സബ്സിഡി നല്‍കുന്നതിനും മാര്‍ഗരേഖകളുണ്ട്. കനറാ ബാങ്കുമായാണ് വായ്പ നല്‍കാന്‍ സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ടാക്സി വാഹന പദ്ധതിയാണ് അംഗീകരിച്ചത്.

വാഹനം വാങ്ങാന്‍ കനറാ ബാങ്ക് 10.5% പലിശ നിരക്കില്‍ വായ്പ നല്‍കും. 18 ലക്ഷം രൂപ വായ്പയെടുത്താലേ രണ്ടു ലക്ഷം സബ്സിഡി ലഭിക്കൂ. പത്ത് ശതമാനം സബ്സിഡിയാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് തുക കുറയുന്നതിനൊപ്പം സബ്സിഡിയും കുറയുമെന്ന് ചുരുക്കം. മാത്രമല്ല, എടുക്കുന്ന വായ്പ അഞ്ചു വര്‍ഷം കൃത്യമായി തിരിച്ചടച്ചാല്‍ മാത്രമേ സബ്സിഡി അനുവദിക്കൂവെന്ന നിബന്ധനയുമുണ്ട്.

ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 10 കോടി രൂപ അധികബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 1000 സംരംഭകര്‍ക്ക് 20 ലക്ഷം രൂപ വരെ പദ്ധതി ച്ചെലവുള്ള സംരംഭങ്ങള്‍ക്ക് മൊത്തം പലിശയുടെ അഞ്ചുശതമാനം പലിശ സബ്സിഡി നല്‍കുന്നതിന് 1015 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10 കോടി രൂപ ആവശ്യമായിവരും. ഇതിനായി കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രസഹായം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഇങ്ങനെയൊരു ആനുകൂല്യം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചുരുക്കം. പ്രവാസി പുനരധിവാസത്തിനായി മുന്പ് കേന്ദ്രത്തെ സമീപിച്ചപ്പോഴെല്ലാം കേരളത്തിന് മാത്രമായി ഒരു സഹായം നല്‍കില്ലെന്ന നിലപാട് സ്വീകരിച്ചവരാണ് ഡല്‍ഹി ദര്‍ബാറിലുള്ളത്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്പോള്‍ സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ക്കപ്പുറം ആത്മാര്‍ഥമായ ഒരു ഇടപെടല്‍ ഈ രംഗത്ത് ഇനിയും ഉണ്ടായിട്ടില്ല. ഏഴുമാസം മുന്പ് തന്നെ ഇതുണ്ടാക്കുന്ന പ്രതിസന്ധി ആഴത്തില്‍ കേരളം ചര്‍ച്ച ചെയ്തതാണ്. സഊദി ഭരണാധികാരി അബ്ദുല്ല രാജാവ് ആദ്യം മൂന്നുമാസവും അത് അപര്യാപ്തമെന്നു വന്നപ്പോള്‍ പിന്നെയൊരു നാലു മാസവും കൂടി ഇളവ് അനുവദിച്ചു. ഈ സമയത്തിനകം നിരവധി പേര്‍ രേഖകള്‍ ശരിപ്പെടുത്തി. ഇതോടെ പ്രശ്നമെല്ലാം കെട്ടടങ്ങി എന്ന മട്ടിലാണ് നമ്മുടെ ഭരണകൂടം. അത് കൊണ്ടാണ് ലാസ്റ്റ് ബസ് പ്രസ്താവന ഇടക്കിടെ ഉയര്‍ന്നു കേള്‍ക്കുന്നത്. വീണുകിട്ടിയ നീണ്ട ഇടവേള ഫലപ്രദമായ പ്രവാസി പുനരധിവാസ പദ്ധതിക്കു രൂപം കൊടുക്കാന്‍ മതിയായിരുന്നെങ്കിലും പ്രവാസി ചുമതല വഹിക്കുന്ന മന്ത്രിമാരടക്കം പ്രസ്താവനകള്‍ കൊണ്ടു കളിച്ചു തീര്‍ത്തു. പ്രവാസിപ്രശ്നങ്ങള്‍ക്കു നേരെയുള്ള സ്ഥിരം സര്‍ക്കാര്‍ സമീപനത്തിന്‍െറ പ്രതീകമായി നിതാഖാത്തും മാറുകയാണ്.

പ്രവാസികള്‍ക്കൊരു വകുപ്പുണ്ടെങ്കിലും ഇനിയും ഒരു ബജറ്റ് ഹെഡ് ഈ വകുപ്പിനില്ല. അതിനാല്‍ തന്നെ നിയമസഭയിലെ ബജറ്റ് ചര്‍ച്ചകളില്‍ ഈ വകുപ്പ് ചര്‍ച്ചാവിഷയമാകുന്നുമില്ല. പ്രശ്നം എവിടെ തുടങ്ങുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തം. പ്രവാസിയോടുള്ള മനോഭാവം മാറ്റാനെങ്കിലും നിതാഖാത് പ്രതിസന്ധി സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
കെ എം ബഷീര്‍

You must be logged in to post a comment Login