ചില ചരിത്രാന്വേഷണ പരീക്ഷണങ്ങള്‍

ചില ചരിത്രാന്വേഷണ  പരീക്ഷണങ്ങള്‍

പതിനാലാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി നില്‍ക്കെ, എങ്ങനെയും ഡല്‍ഹി കീഴടക്കിയേപറ്റൂ എന്ന പിടിവാശിയിലാണ് ബിജെപി. നരേന്ദ്രമോഡിയെന്ന വലതുപക്ഷ ഹൈന്ദവ വര്‍ഗീയതയുടെ ഏറ്റവും വിപണന മൂല്യമുള്ള താരത്തെ തന്നെ രംഗത്തിറക്കിയിട്ടുള്ള അങ്കത്തട്ടില്‍ തോറ്റുപോവുകയെന്നത് ബിജെപിക്ക് അചിന്തനീയമാണ്. അതുകൊണ്ടു തന്നെ ആവനാഴിയിലെ എല്ലാ അന്പുകളും എടുത്തുകൊണ്ടാണ് സംഘപരിവാര്‍ ഗോദയിലിറങ്ങിയിരിക്കുന്നത്. തങ്ങളുടെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് മികച്ച ഒരു ചരിത്രം ചികഞ്ഞെടുക്കാനാവുമോ എന്ന ബിജെപിയുടെയും മോഡിയുടെയും അന്വേഷണം ഈ രാഷ്ട്രീയ യുദ്ധത്തിന്‍റെ മര്‍മ്മപ്രധാന ഭാഗമാണ്. അങ്ങനെയാണ് വല്ലഭായ് പട്ടേലില്‍ തന്‍റെ രാഷ്ട്രീയ പിതാമഹനെ കണ്ടെത്താന്‍ മോഡി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ചരിത്രത്തിലെ സംഭവവികാസങ്ങള്‍ പോലെ തന്നെ കലാപകലുഷിതമായിരുന്നു പലപ്പോഴും ചരിത്രമെഴുത്തും. ചരിത്രം ഭൂതകാലത്ത് നടന്ന സംഭവങ്ങളുടെ വിവരണം മാത്രമല്ല, മറിച്ച് ഇനി നടക്കാനിരിക്കുന്ന സംഭവങ്ങളിലേക്കുള്ള സൂചന കൂടിയാണ്. അതിനാല്‍ പലപ്പോഴും ചരിത്രമെഴുത്തുകാരനും ഒരു യോദ്ധാവാണ്. തനിക്ക് വേണ്ടാത്തവരെ, ഇഷ്ടപ്പെടാത്തവയെ, തന്‍റെ ആശയ പോരാട്ടങ്ങള്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന ചരിത്രത്തിലെ വ്യക്തികളെയും സ്വഭാവങ്ങളെയും വെട്ടിയൊതുക്കുകയും പകരം തനിക്ക് വേണ്ടവയെ പുനഃപ്രതിഷ്ഠിക്കുകയും ചെയ്യുന്ന യോദ്ധാവ്. യഥാര്‍ത്ഥ യുദ്ധത്തിലെ ജേതാവിനു കിട്ടുന്നതിനേക്കാള്‍ വിലപിടിച്ച യുദ്ധാര്‍ജിത സ്വത്തുകളാണ് ചരിത്രമെഴുതുന്ന യോദ്ധാക്കള്‍ക്കു ലഭിക്കുക. ആ അര്‍ത്ഥത്തില്‍ യഥാര്‍ത്ഥ യുദ്ധമെന്നത് ചരിത്രമെന്നത്, ഭൂതകാലത്ത് സംഭവിച്ച കാര്യങ്ങളല്ല. മറിച്ച് ആ സംഭവങ്ങളെക്കുറിച്ചുള്ള ചരിത്രമെഴുത്താണ് എന്ന് പറയാവുന്നതാണ്. താന്താങ്ങളുടെ രാഷ്ട്രീയ കര്‍മ്മകാണ്ഡം വികസിപ്പിക്കാനുള്ള മറ്റൊരു പോരാട്ടമാണ് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ചരിത്രവും ചരിത്രത്തിലെ വിപുലവും സങ്കീര്‍ണവുമായ സംഭവവികാസങ്ങളും.

ഇങ്ങനെ ചരിത്രത്തെ സ്വന്തം രാഷ്ട്രീയ ഭാവിക്കു വേണ്ടി ഉപയോഗപ്പെടുത്താനാവുമോ എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തിവിട്ട ചില ചരിത്രപരമായ കുസൃതി ചോദ്യങ്ങളിലൂടെ നരേന്ദ്രമോഡി അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ്ട് ഇതിനു സമാനമായ കുസൃതി ചോദ്യങ്ങളാണ് കേരള മുസ്ലിം ചരിത്രത്തെ മുന്‍നിര്‍ത്തി വടക്കന്‍ കേരളത്തിലിരുന്ന് ജമാഅത്തെ ഇസ്ലാമിയും ചോദിച്ചു കൊണ്ടിരിക്കുന്നത്. ചരിത്രത്തില്‍ മുന്‍കടന്നുപോയ ഏതെല്ലാം ഹിന്ദുക്കളെ 1921ല്‍ രൂപീകൃതമായ ആര്‍എസ്എസില്‍ അംഗങ്ങളാക്കി മാറ്റാം എന്നാണ് മോഡിയുടെ അന്വേഷണമെങ്കില്‍, മുസ്ലിം ചരിത്രത്തില്‍ കടന്നുപോയ ഏതെല്ലാം നേതാക്കളെ 1940ല്‍ രൂപീകൃതമായ ജമാഅത്തെ ഇസ്ലാമിയിലേക്ക് മാര്‍ഗം കൂട്ടാമെന്നാണ് മൗദൂദിസ്റ്റുകള്‍ ഉത്സാഹിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദു, മുസ്ലിം വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ രണ്ട് അന്വേഷണങ്ങളെയും ആശയപരമായും രീതി ശാസ്ത്രപരമായും നയിക്കുന്ന താല്‍പര്യങ്ങള്‍ ഒന്നുതന്നെയാണ് എന്നു സാരം.

അല്ലെങ്കിലും ചരിത്രത്തിന്‍റെ ഒരു പ്രത്യേകത ആര്‍ക്കും എളുപ്പം വഴങ്ങിക്കൊടുക്കാനുള്ള അതിന്‍റെ മെയ്വഴക്കം തന്നെയാണ്. ആ മെയ്വഴക്കത്തിന്‍റെ തിണ്ണബലത്തിലാണ് ഇന്ത്യയുടെ ചരിത്രത്തെ മോഡിമാര്‍ സവര്‍ണ്ണ ഹൈന്ദവ ചരിത്രമാക്കി മാറ്റിയെഴുതുന്നത്. അതേ മെയ്വഴക്കം തന്നെയാണ് മന്പുറം തങ്ങന്മാരെയും വെളിയങ്കോട് ഉമര്‍ഖാളിയെയും വാരിയന്‍കുന്നത്തിനെയും ചാലിലകത്തിനെയും ജമാഅത്തെ ഇസ്ലാമിയിലേക്ക് ശഹാദത്ത് കലിമ ചൊല്ലി സ്വീകരിച്ചിരുത്തുക വഴി മൗദൂദികളും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ചരിത്രത്തെ സമീപിക്കുന്ന ഈ രണ്ടു വിഭാഗങ്ങളുടെയും സമീപനത്തില്‍ വേറെയും ഒരുപാട് സാമ്യതകള്‍ കാണാം. ഈ സാമ്യത രാഷ്ട്രീയമായി മോഡിയും മൗദൂദിയും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ മൗലിക തലത്തില്‍ പങ്ക് വെക്കുന്ന സാമ്യതയുടെ കൂടി തുടര്‍ച്ചയാണ്. ഇതിന്‍റെ മികച്ച ഉദാഹരണമാണ് ഹിന്ദു സമുദായത്തില്‍ നിന്നും മുസ്ലിം സമുദായത്തില്‍ നിന്നും പോരാളികളെ’ കണ്ടെത്താനുള്ള ഇരുകൂട്ടരുടെയും ശ്രമങ്ങള്‍.

മാപ്പിളയെന്നാല്‍ മുഴുസമയ കലാപകാരിയാണെന്നു ധ്വനിപ്പിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയുടെ ഇഷ്ടം. എപ്പോഴും ശത്രുവിനെ പരതിക്കൊണ്ടു നടക്കുന്ന ഒരു മാപ്പിളയെയാണ് അവര്‍ക്കാവശ്യം. രണാസക്തമായ ഒരു മാപ്പിള മുസ്ലിം ചരിത്രം ഉണ്ടാക്കിയെടുക്കുകയും അതില്‍ ദൈവീകഭരണത്തിന്‍റെ വേരുകള്‍ കണ്ടെത്തുകയും ചെയ്യലാണ് അവരുടെ ലക്ഷ്യവും മാര്‍ഗവും.

പ്രമാണത്തിലെന്നപോലെ ചരിത്രത്തിലും ജമാഅത്തെ ഇസ്ലാമിയുടെ കൈ ശുദ്ധമല്ല എന്നര്‍ത്ഥം. ക്രിമിനല്‍’ സ്വഭാവമുള്ളവരെഴുതുന്ന ചരിത്രവും ക്രിമിനല്‍ സ്വഭാവത്തിലുള്ളതായിരിക്കുമല്ലോ? ചരിത്രപൈതൃകം തേടിയുള്ള യാത്രകളും ദൗത്യങ്ങളും പ്രശംസനീയമാണ്. പക്ഷേ, ഏറ്റെടുത്തവരുടെ ദുഃസ്വഭാവവും പരിമിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കൊണ്ടത് ഒന്നാംതരം കെടുതിയായിത്തീരാന്‍ പോവുകയാണ് എന്നതാണ് ദുരന്തം.

ഇസ്ലാമിക പ്രമാണസങ്കേതങ്ങളെ മൗദൂദിക്കൊപ്പം നിന്ന് മുറിച്ചൊപ്പിക്കാനുള്ള ശ്രമത്തില്‍ പറ്റിയ അബദ്ധങ്ങളാണ് ജമാഅത്തെ ഇസ്ലാമിയെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ പ്രമാണങ്ങള്‍ മാത്രം മതിയാകില്ലെന്ന അന്തഃസംഘര്‍ഷങ്ങളാണ് ചരിത്രത്തില്‍ മൗദൂദിക്കുമുന്പെ വന്ന പ്രതിഭകളെയൊക്കെ മൗദൂദിസ്റ്റുകളാക്കാനുള്ള പരിഭ്രമം പിടിച്ച പണികളുടെ പ്രചോദനം. രാഷ്ട്രീയ തട്ടകം വികസിപ്പിച്ചെടുക്കാനുള്ള ധൃതിയില്‍ ചരിത്രത്തെ സ്വന്തമാക്കാനുള്ള നെട്ടോട്ടം മോഡിയെയും ജമാഅത്തെ ഇസ്ലാമിയെയും കൂടുതല്‍ ചരിത്രപരമായ’ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കാനേ സഹായിക്കൂ എന്നത് ഇരുവിഭാഗവും കൊണ്ടറിയാന്‍ പോകുന്നതേയുള്ളൂ.

സ്വാലിഹ് പുതുപൊന്നാനി

You must be logged in to post a comment Login