നമ്മുടെ നൂറു…''

നമ്മുടെ നൂറു…''

2013 നവംബര്‍ 20 അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ട്. അന്നേരമാണ് തൊട്ടടുത്ത് വച്ച മൊബൈല്‍ നിര്‍ത്താതെ ബെല്ലടിക്കുന്നത്. രാവിലത്തെ അലാമാണെന്നു കരുതിയാണ് എടുത്തത്. നോക്കുന്പോള്‍ ആനക്കയം’. ചിരകാല സുഹൃത്ത് സലാം ആനക്കയമാണ് അങ്ങേതലക്കല്‍. “

എന്താടാ, രാത്രി ഇനിയും ഉറങ്ങിയില്ലേ?’
ഉറക്കം മുറിഞ്ഞതിന്‍റെ ഇഛാ ഭംഗത്തോടെ ചോദിച്ചു. മറുതലക്കല്‍ പതിവു തമാശകളില്ല. “
നീ വിവരങ്ങളറിഞ്ഞോ? നിന്നെയാരെങ്കിലും വിളിച്ചിരുന്നോ?’
സലാമിന്‍റെ ശബ്ദത്തിന് പതിവില്ലാത്ത ശോകഛവി.
ഇല്ല, ഞാനൊന്നുമറിഞ്ഞിട്ടില്ല, എന്താ, എന്ത് പറ്റി?’ ആദ്യത്തെ നീരസം മാറ്റിയെടുത്ത് ഞാനാരാഞ്ഞു.
നമ്മുടെ നൂറു…’
നൂറു!!!’
അവന്‍ പോയി…!’
എന്താണ് സലാം ഫോണിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്ന് ഞാനൂഹിച്ചു. പക്ഷേ ഈ അസമയത്ത് എന്തുണ്ടായി?
നൂറുദ്ദീന്‍ മണ്ണാര്‍ക്കാട് എന്ന മര്‍കസ് ആര്‍ട്സ് കോളേജിലെ 1986 ബാച്ചിലെ ഞങ്ങളുടെ നൂറുവിനെന്തു പറ്റിയെന്ന് സലാമിന്‍റെ തുടര്‍ന്നുള്ള വിശദീകരണത്തില്‍ നിന്നാണറിഞ്ഞത്, രാത്രി 10 നും 11 നുമിടയില്‍ ആദര്‍ശ വൈരികള്‍ നൂറുവിന്‍റെയും ജ്യേഷ്ഠ സഹോദരന്‍റെയും ജീവന്‍ അപഹരിച്ചിരിക്കുന്നു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍…!!!
ആപാദചൂഢം ഒരു വിറയല്‍. എനിക്ക് നിയന്ത്രിക്കാനാകുന്നില്ല. ഫ്ളാസ്കിലിരുന്ന വെള്ളം കുടിച്ചു. ഫോണെടുത്ത് ഈ അസമയത്ത് വിളിക്കുന്നത് പ്രശ്നമില്ലെന്ന് എനിക്കുറപ്പുള്ള നന്പറുകളിലേക്കെല്ലാം വിളിച്ചു. 1986 മുതല്‍ 2013 വരെ നൂറുവിനെയും ഞങ്ങളെയും കൂട്ടിയിണക്കിയ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നേതാക്കള്‍, സുഹൃത്തുക്കള്‍… എല്ലാവരും ഉള്‍ക്കിടിലത്തോടെ ആ വാര്‍ത്ത കേട്ടു.
അന്നു പകല്‍ രണ്ടു മണിക്ക് വന്ന മറ്റൊരു ഫോണ്‍ കോളിന്‍റെ ഓര്‍മ്മ പെട്ടെന്ന് എന്നെ വീണ്ടും തളര്‍ത്തി. ഉച്ച ഭക്ഷണം കഴിഞ്ഞ വേളയിലായിരുന്നു മണ്ണാര്‍ക്കാടു നിന്നു നൂറുവിന്‍റെ വിളി വന്നത്. പതിവുള്ള സ്നേഹാന്വേഷണങ്ങള്‍ക്ക് ശേഷം നാട്ടിലെ ചില ചെറുപ്പക്കാരുടെ ജോലിക്കാര്യം പറഞ്ഞു. എന്നെക്കൊണ്ടാവുന്നത് ചെയ്യാമെന്നു പറഞ്ഞു ഞാന്‍. കൃത്യം 12 മണിക്കൂര്‍ കഴിഞ്ഞിതാ നൂറു കൊല്ലപ്പെട്ട വാര്‍ത്തയാണെന്നെ തേടിയെത്തിയിരിക്കുന്നത്. എന്‍റെ ഞെട്ടല്‍ ഒരു ആധിയായി. ഉറക്കം കിട്ടാതെ ഞാന്‍ പുറത്തിറങ്ങി.

1986 ജൂണ്‍ മാസത്തിലാണ് മര്‍കസ് ആര്‍ട്സ് കോളേജിന്‍റെ ഇടനാഴികളില്‍ ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. വെളിമുക്കിലെ ബോര്‍ഡിംഗില്‍ നിന്നു പത്താം ക്ലാസ് കഴിഞ്ഞ് അവനെത്തിയതേ ഉണ്ടായിരുന്നുള്ളൂ. മലപ്പുറം ജില്ലയിലെ ദര്‍സ് ജീവിതത്തിലെ ഒരു ഇടവേളയില്‍ നിന്നെത്തിയതായിരുന്നു ഞാന്‍. മര്‍കസ് ആര്‍ട്സ് കോളേജിലെ രണ്ടാം ബാച്ചില്‍ എന്നെ കൂടാതെ ഉണ്ടായിരുന്ന ഏക പാലക്കാട്ടുകാരനായിരുന്നു അവന്‍. ഞങ്ങള്‍ക്കിടയില്‍ ഇതൊരു അടുപ്പത്തിന് കാരണമായി. പക്ഷേ എന്‍റെ താമസവും വരവും പോക്കുമൊക്കെ മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചായതിനാല്‍ എപ്പോഴെങ്കിലും അവധി ദിവസങ്ങളില്‍ പാലക്കാട്ടേക്കുള്ള യാത്രയില്‍ അവനെ കൂട്ടിന് കിട്ടിയാലായി. നൂറു വളരെ മര്യാദക്കാരനും മൃദുഭാഷിയും കുറേശ്ശെ അന്തര്‍മുഖനുമായിരുന്നു.

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും സ്വീകാര്യനും ധനാഢ്യനും ധര്‍മ്മിഷ്ഠനുമായിരുന്നു നൂറുവിന്‍റെ വാപ്പ പള്ളത്ത് മുഹമ്മദ് ഹാജി. അദ്ദേഹത്തിന്‍റെ നേതൃത്വവും തീരുമാനങ്ങളും മഹല്ലുകാര്‍ വളരെ ഗൗനിക്കുകയും മുഖവിലക്കെടുക്കുകയും ചെയ്തിരുന്നു. സമസ്തയുടെ പുനസ്സംഘാടനം മറ്റേതു പ്രദേശത്തെയുംപോലെ പാലക്കാടിനെയും പിടികൂടി. അലനല്ലൂര്‍ അബ്ദുല്ല മുസ്ലിയാരെയും എ വി മാനുപ്പ മുസ്ലിയാരെയും പോലെയുള്ള അഗ്രേസരരായ പണ്ഡിത കേസരികള്‍ക്കൊപ്പമാണ് നൂറുവും കുടുംബവും നിലയുറപ്പിച്ചത്. സ്ഥലത്തെ പ്രമാണിമാരായിരുന്നിട്ടും ഏറെ കഷ്ടനഷ്ടങ്ങളും വിലകളും ഒടുക്കേണ്ടി വന്നു സത്യത്തോടൊപ്പം ആര്‍ജ്ജവത്തോടെ നിന്നതിന്. ഇവിടെ തുടങ്ങുന്നു വിദ്വേഷത്തിന്‍റെയും പകയുടെയും ഇരുണ്ട നാളുകള്‍. ആദര്‍ശവും അഭിമാനവും കാത്തു പോരുന്പോള്‍ ഒത്തിരി ശത്രുക്കള്‍ അവര്‍ക്കുമുണ്ടായി.

മര്‍കസ് ആര്‍ട്സ് കോളേജില്‍ നിന്നു പ്രീ ഡിഗ്രി കഴിഞ്ഞ ഞങ്ങള്‍ അലീഗഡിലേക്കു പോയി. നൂറുവാകട്ടെ, ചുറ്റുപാടുകള്‍ക്കു വഴങ്ങി മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിലാണ് ബി.എക്ക് ചേര്‍ന്നത്. ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദ പഠനം നടത്തുന്പോള്‍ തന്നെ സജീവ എസ്.എസ്.എഫ് പ്രവര്‍ത്തകനും കൂടിയായിരുന്നു നൂറു. ഞങ്ങളുടെ രണ്ടു പേരുടെയും സുഹൃത്തായ ഡോ. സക്കീര്‍ ഹുസൈന്‍ വേങ്ങൂര്‍ (ഇപ്പോള്‍ മലപ്പുറം ഗവ. കോളേജില്‍ പ്രഫസര്‍), എം സി ഉമര്‍ എന്നിവരോടൊപ്പം ആദര്‍ശ പ്രസ്ഥാനത്തിന് ആളും അഡ്രസും നല്‍കി. കോളേജിലെ അധ്യാപകനായിരുന്ന ഡോ. ഹുസൈന്‍ രണ്ടത്താണി അവര്‍ക്ക് ഒരു താങ്ങും തണലുമായി നിന്നു. ഡിഗ്രിക്കു ശേഷം ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം ചെയ്തുവെങ്കിലും ബിസിനസ്സും കാര്‍ഷിക വൃത്തിയുമായിരുന്നു നൂറുവിന്‍റെ അഭിലാഷങ്ങള്‍. ഇതോടൊപ്പം തന്നെ കച്ചവടവും ഭംഗിയായി നടത്തിയിരുന്നു. മര്‍കസ് ആര്‍ട്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലും പ്രാസ്ഥാനിക സമ്മേളന പരിപാടികളിലും ഞങ്ങള്‍ സ്ഥിരമായി കണ്ടുമുട്ടി. സ്നേഹവും പഠന കാല അനുഭവങ്ങളും കൈമാറി. കല്ലടിക്കോട് ദാറുല്‍അമാന്‍റെ സുവര്‍ണ്ണജൂബിലി കാലത്തും ഞങ്ങള്‍ പരസ്പരം കണ്ടു. ലിയാഖത് അലി ഖാന്‍റെ വീട്ടില്‍ വെച്ച് ഞങ്ങളൊന്നിച്ച് ശൈഖുനാ കാന്തപുരം ഉസ്താദിനെ കണ്ടതോര്‍ക്കുകയാണ്. അന്നേരം അവനോടൊപ്പം അക്രമികള്‍ വെട്ടിക്കൊന്ന പ്രിയ സഹോദരന്‍ കുഞ്ഞി ഹംസയുമുണ്ടായിരുന്നു.

സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്‍റെ മദ്രസകള്‍ സ്ഥാപിച്ചും പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി സ്ഥലങ്ങള്‍ വാങ്ങിച്ചും സഹകരിച്ചതിനു പുറമെ ധനികരെയും യുവാക്കളെയും പണ്ഡിതരുമായും പ്രസ്ഥാന ബന്ധുക്കളുമായും ബന്ധപ്പെടുത്തുന്നതില്‍ അവന്‍ സുപ്രധാന പങ്കു വഹിച്ചു. ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളിലായി ഏറെ സുഹൃത്തുക്കളുണ്ടായിരുന്നു നൂറുവിന്. വ്യത്യസ്തങ്ങളായ പൊതു പരിപാടികള്‍ക്ക് സാധാരണക്കാരായ സുഹൃത്തുക്കളെ തന്‍റെ കാറിലോ ജീപ്പിലോ കയറ്റി പ്പോകുന്നത് പതിവായിരുന്നു. ഒരു മര്‍കസ് സമ്മേളനാനന്തരം അവന്‍റെ വീട്ടില്‍ പോയി താമസിച്ച ഞാനത്ഭുതപ്പെട്ടുപോയി സന്പന്നതയുടെ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ കഴിയുമായിരുന്നിട്ടും വളരെ ലാളിത്യപൂര്‍ണ്ണമായ ഒരു ജീവിതമാണ് എനിക്കവിടെ കാണാനായത്. എസ്.എസ്.എഫിന്‍റെ 40ാം വാര്‍ഷികത്തില്‍ അവനോടൊപ്പം യാത്ര ചെയ്യാനാണ് ഞാനിഷ്ടപ്പെട്ടത്.

വളാഞ്ചേരിയിലെ ധനാഢ്യരും പ്രമുഖരുമായ കുടുംബത്തില്‍ നിന്നാണ് നൂറു കല്യാണം കഴിച്ചത്. ഏകദേശം ഒരു വര്‍ഷം മുന്പ് ഞങ്ങള്‍ നാലു കുടുംബങ്ങള്‍ ഒരുമിച്ച് അവന്‍റെ വീട്ടില്‍ വിരുന്നു കൂടുകയുണ്ടായി. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഞങ്ങളെ അന്പംകുന്ന് മഖാമിലേക്കും കാഞ്ഞിരപ്പുഴ ഡാമിലേക്കും കൊണ്ടു പോയി കാണിച്ചുതന്നു.

തങ്ങളെ സമീപിക്കുന്ന എല്ലാവരെയും എപ്പോഴും ആ കുടുംബം സഹായിച്ചു എല്ലാ നിലയിലും. ദുര്‍ബലരിലെ ദുര്‍ബലര്‍ക്കും പാവപ്പെട്ടവരിലെ പാവപ്പെട്ടവര്‍ക്കും അവര്‍ ആശ്വാസത്തിന്‍റെ വലിയൊരത്താണിയായിരുന്നു. ഈ ക്രൂരകൃത്യം ചെയ്തവര്‍ പോലും ഇതംഗീകരിക്കും. മതപരമോ വര്‍ഗ്ഗീയമോ ആയ ഒരു വിവേചനവും അവര്‍ ആരോടും കാണിച്ചിരുന്നില്ല. ജനാസക്കരികില്‍ തടിച്ചു കൂടിയ നൂറുകണക്കിന് ദളിതരും ഹരിജനങ്ങളും ഇതിനു സാക്ഷിയാണ്. ധനികരാവുക സാധാരണമാണ്. എന്നാല്‍ പരോപകാരികളും ജീവകാരുണ്യമുള്ളവരുമാവുക അപൂര്‍വ്വമാണ്.

ജീവിതത്തിന്‍റെ നാനാതുറകളിലുമുള്ളവര്‍ നൂറുവിന് സുഹൃത്തുക്കളായുണ്ടായിരുന്നു. പണ്ഡിതരും അധ്യാപകരും വക്കീലന്‍മാരും ബിസിനസ്സുകാരും സര്‍വ്വോപരി സാധാരണക്കാരായ ജനങ്ങളും. ജനാസയെ അനുഗമിച്ച ആയിരക്കണക്കിന് ജനങ്ങളത് ശരിവച്ചു. എ.പി.ഉസ്താദിന്‍റെ കേരളയാത്രയുടെ സ്വീകരണച്ചടങ്ങില്‍ നൂറുവിന്‍റെ അത്തരത്തിലുള്ള ഒരു നീണ്ട സുഹൃദ് നിരയെ തന്നെ എനിക്ക് കാണാന്‍ കഴിഞ്ഞു. തന്‍റെ കുട്ടികളോട് എന്നെ ‘ഡോക്ടര്‍’ എന്ന് വിളിക്കണമെന്ന് നൂറു നിര്‍ദ്ദേശിച്ചതനുസരിച്ച് ആ കുരുന്നുകള്‍ എന്നെ അങ്ങനെ വിളിച്ചു പോന്നു. മയ്യിത്ത് ഖബറടക്കുന്ന ദിവസം അവന്‍റെ ഏക മകന്‍ എന്നെ കാണുകയും അടക്കാനാവാത്ത ദുഖം അണപൊട്ടുകയും ചെയ്തപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ ഞാനവിടം വിട്ടു പോന്നു. ഏറെ വേദനിച്ച നിമിഷങ്ങള്‍! പിന്നീട് മൃതദേഹങ്ങളുമായി ആംബുലന്‍സ് വന്നതിന് ശേഷമാണ് ഞാന്‍ തിരിച്ചെത്തിയത്. ഒരു വിധത്തില്‍ ധൈര്യം വീണ്ടെടുത്ത് ഞങ്ങളുടെ പ്രിയ സുഹൃത്തിനെയും അവന്‍റെ ഇക്കാനെയും അവസാന നോക്കു കാണാന്‍ ഞങ്ങള്‍ ആ വീടിന്‍റെ ഉമ്മറത്തു കൂടെ കയറി അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി. ഹൃദയ ഭേദകമായിരുന്നു ആ കാഴ്ച !! പൈശാചികത വേഷമണിഞ്ഞ് ചുടല നൃത്തമാടിയതിനും, മനുഷ്യന്‍ മൃഗത്തെക്കാള്‍ എത്രയോ തരം താഴുന്നുവെന്നതിനും ഞങ്ങള്‍ നേര്‍സാക്ഷികളായി. ഹൃദയത്തില്‍ ഒരേ വിശ്വാസം സൂക്ഷിക്കുന്ന, സിരകളില്‍ ഒരേ രക്തമോടുന്ന, ഒരേ വായു ശ്വസിക്കുന്ന, ഒരേ വെള്ളം കുടിക്കുന്ന മനുഷ്യര്‍ തന്നെയാണോ ഇത് ചെയ്തതെന്ന് ഒരു നിമിഷം സ്തബ്ധരായിപ്പോയി.

വിട, സഹോദരങ്ങളേ വിട! അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരട്ടെ. രക്തസാക്ഷ്യം നല്‍കി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പൊന്നുമ്മാക്കും പ്രിയ പത്നിമാര്‍ക്കും സ്നേഹം നിറഞ്ഞ കുരുന്നു കിടാങ്ങള്‍ക്കും ക്ഷമയോടെയും മനസ്സാന്നിധ്യത്തോടെയും ഈ പരീക്ഷണപര്‍വ്വം താങ്ങാന്‍ കെല്‍പ്പുണ്ടാകട്ടേ.

ഡാ. അബൂബക്കര്‍ പത്തംകുളം

You must be logged in to post a comment Login