ഹെറാക്ലിയസ് നക്ഷത്രങ്ങളില്‍ നോക്കി വായിച്ചെടുത്തത്

ഹെറാക്ലിയസ് നക്ഷത്രങ്ങളില്‍ നോക്കി വായിച്ചെടുത്തത്

ഹെറാക്ലിയസിന്‍റെ കൊട്ടരത്തില്‍ മക്കന്‍ കച്ചവടസംഘത്തിന്‍റെ വരവറിയിച്ച് അബൂസുഫ്യാന്‍ എന്ന ഖുറൈശീപ്രമാണി എത്തിപ്പെട്ടു. രാജാവ് ആളെയയച്ച് വരുത്തിയതാണ് അബൂസുഫ്യാനെ. കാരണമുണ്ടായിരുന്നു. ഹെറാക്ലിയസ് (ഹിര്‍ഖല്‍ എന്ന് അറബിമൊഴി) നക്ഷത്രങ്ങളിലേക്ക് നോക്കിയപ്പോള്‍ ഒരു യുഗപ്പകര്‍ച്ചയുടെ ലക്ഷണം കണ്ടു.

പ്രത്യുല്‍പാദനത്തിന്‍റെ ഉപാധിയായ ശരീരസ്ഥാനം ശിശ്നാഗ്രം ഛേദിക്കുന്നതിന് ബൈബിള്‍ അറിയാമായിരുന്ന ഹെറാക്ലിയസിനെ സംബന്ധിച്ചിടത്തോളം അര്‍ത്ഥവത്തായ പ്രാധാന്യമുണ്ടായിരുന്നു. ഒരു വിശുദ്ധമായ വിവേചിച്ചറിയലിന് ചക്രവര്‍ത്തി നക്ഷത്രങ്ങളിലേക്ക് നോക്കിയപ്പോള്‍ അത് നിമിത്തവുമായി. ശിശ്നാഗ്ര ചര്‍മ്മത്തിന്‍റെ പരിഛേദം ഒരു ഉടന്പടിയുടെ ചിഹ്നമാണ്. സ്രഷ്ടാവ് കുലപതിയായ നബി ഇബ്റാഹീമിന് നല്‍കിയ കല്‍പനയാണത്. ആ നബിയും അവിടുത്തെ സന്തതികളില്‍ നിന്ന് ജന്യരാകുന്ന ജനതയും (ജാതികളും) സര്‍വ്വലോകങ്ങളുടെയും കര്‍ത്താവായ തനിക്ക് മാത്രം അടിമപ്പെട്ട് വണങ്ങി ജീവിച്ചുകൊള്ളും എന്ന് സ്രഷ്ടാവുമായുണ്ടാക്കിയ ഉടന്പടിയുടെ ചിഹ്നമായാണത് പരിഗണിക്കപ്പെടുന്നത്. പഴയനിയമം ആ കഥ പറഞ്ഞു തരുന്നുണ്ട്.

പരിഛേദം നടത്തിയവരെ കാര്യമായി അന്വേഷിച്ചു നടന്ന രാജാവിന് അത്തരത്തില്‍ ആയിരങ്ങളെ യഹൂദര്‍ എന്ന പേരില്‍ അപ്പോള്‍ നാട്ടില്‍കിട്ടുമായിരുന്നല്ലോ. അവരല്ലാത്ത വല്ലവരും? അതാണ് ഹെറാക്ലിയസ് അന്വേഷിക്കുന്നത്. തന്‍റെ ജ്യോതിഷം തന്നെ അത്തരം ഒരന്വേഷണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു എന്നു പറയാം. താന്‍ ചവിട്ടി നില്‍ക്കുന്നിടത്ത് വന്നു നിന്ന് റോമിന്‍റെ മേല്‍ ആജ്ഞാ നിര്‍ദ്ദേശം നല്‍കുന്ന, അഗ്രചര്‍മ്മം ഛേദിക്കപ്പെട്ടോരുടെ ആ രാജാവ് ആര് എന്നാണ് ഹെറാക്ലിയസിന് അറിയേണ്ടത്. ക്രിസ്തു നിഷേധമില്ലാത്ത പരിഛേദമാണ് ചക്രവര്‍ത്തി തേടുന്നത്. ആകസ്മികമായി മറ്റൊന്നുകൂടി സംഭവിച്ചു മുഹമ്മദ് നബി(സ)യില്‍ നിന്ന് എഴുത്തുമായി വന്നെത്തിയ ഒരു ദൂതന്‍റെ സാന്നിധ്യം. ദൗത്യം വളരെ വ്യക്തമായിരുന്നു. ഹെറാക്ലിയസ് ഏകദൈവ വിശ്വാസത്തിലേക്കും അതു പഠിപ്പിക്കാനായി വന്ന ഇബ്റാഹീം നബിയുടെ പിന്‍മുറക്കാരനായ സമാപ്തികനായ നബിയുടെ ദൗത്യത്തിലേക്കും ക്ഷണിക്കപ്പെടുകയായിരുന്നു അതിലൂടെ.

ശിശ്നാഗ്രചര്‍മത്തിന്‍റെ പരിഛേദം എന്നത് ചിഹ്നമായി നിശ്ചയിക്കപ്പെട്ട ഉടന്പടിയിലേക്കുള്ളക്ഷണം തന്നെ. അതോടെ ഹെറാക്ലിയസ് മസീഹിന്‍റെ പിന്‍ഗാമിയുടെ വരവും നക്ഷത്രശോഭയില്‍ ജ്യോതിഷനിഗമന പ്രകാരം വായിച്ചെടുത്തു. ആ വ്യക്തിത്വമാകാം താന്‍ കാലു കുത്തുന്നിടത്ത് നിന്ന് റോമിനെയാകെയും മസീഹിന്‍റെയും ഇബ്റാഹീം നബിയുടെയും നേര്‍വഴിയിലേക്ക് തിരിച്ചുവിടാന്‍ നിയുക്തനാവുന്നത്. കത്ത് കൊണ്ടുവന്നയാളെ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. അറിയാനുള്ളത് ഒരു കാര്യം മാത്രം അയാള്‍ പരിഛേദിതനാണോ എന്ന്. ഉടന്‍ പരിശോധനാ ഫലം വന്നു പരിഛേദിതന്‍ തന്നെ. എന്നാല്‍ ബനൂ ഇസ്രാഈല്യനായ യൂദനല്ല. ബനൂ ഇസ്മാഈലിയ്യായ അറബിയാണ്. ശിശ്നാഗ്രത്തില്‍ മുദ്രയുള്ളവന്‍.

ഹെറാക്ലിയസ് തന്‍റെ ജ്യോതിഷത്തില്‍ ഊന്നി നിന്നു നക്ഷത്രങ്ങളെ നോക്കി ഭാവി പ്രവചിക്കുകയല്ല, മറിച്ച് ചില പ്രത്യേക താരോദയങ്ങളില്‍ മനുഷ്യ സംബന്ധിയായ ആശയം വായിച്ചെടുക്കുകയായിരുന്നു.

ദൗത്യവാഹകന്‍ പരിഛേദം നടത്തിയ അറബ് വംശജനാണെന്നറിഞ്ഞപ്പോള്‍ ഹിറാക്ലിയസ് പറഞ്ഞു അപ്പോള്‍ ഈ ജനതയുടെ അധികാരം വെളിപ്പെട്ടിരിക്കുന്നു. തുടര്‍ന്നു ഹിംസില്‍ എത്തിച്ചേര്‍ന്ന ഹെറാക്ലിയസ് റോമന്‍ പ്രമുഖരെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. വാതിലുകള്‍ അടിച്ചുപൂട്ടി തികച്ചും ഗൗരവാര്‍ഹവും സ്വകാര്യത പാലിക്കേണ്ടതുമായ വിവരം അവരെ അറിയിക്കുകയായിരുന്നു ഹൈറാക്ലിയസിന്‍റെ ഉദ്ദേശ്യം. റോമക്കാരേ, വിജയവും നേര്‍വഴിയുമാണ് നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍, നിങ്ങളുടെ അധികാരം തുടര്‍ന്നും നിലനില്‍ക്കണമെന്നുമുണ്ടെങ്കില്‍ ഈ (വെളിപ്പെട്ടതായ) നബിയെ പിന്‍തുടര്‍ന്ന് കൊള്ളുക.
എന്നാല്‍ അത് കേട്ട് അവര്‍ അസ്വസ്ഥരാവുകയായിരുന്നു. കാട്ടുകഴുതകളെപ്പോലെ വിരണ്ടു. അവര്‍ ഇനിയൊന്നും കേള്‍ക്കേണ്ട എന്ന മട്ടില്‍ പൂട്ടിയിട്ട വാതില്‍ക്കലേക്ക് പായുകയായിരുന്നു.

ഹെറാക്ലിയസ് വിഷമസന്ധിയിലായി. എന്നാലും ഇനിയെന്ത് ചെയ്യണമെന്ന് അധികം ആലോചിക്കേണ്ടി വന്നില്ല ആ ബുദ്ധിമാന്. വിരണ്ട് പാഞ്ഞ റോമന്‍ സഭാംഗങ്ങളെ അദ്ദേഹം തിരിച്ചു വിളിച്ചു. അദ്ദേഹം പറഞ്ഞു ഞാന്‍ നിങ്ങളുടെ വിശ്വാസത്തെ ഒന്ന് പരീക്ഷിക്കുകയായിരുന്നില്ലേ? നിങ്ങളുടെ മതത്തില്‍ നിങ്ങള്‍ക്ക് എത്രമാത്രം ദൃഢതയുണ്ടെന്ന് ഇപ്പോള്‍ എനിക്ക് ബോധ്യമായല്ലോ! അതോടെ പ്രശ്നം തീര്‍ന്നു. എല്ലാവരും ചക്രവര്‍ത്തിക്ക് പ്രമാണങ്ങള്‍ അര്‍പ്പിച്ചു വിശ്വസ്തരായ പ്രജകളായി സ്വയം തെളിയിച്ചു. റോമാസാമ്രാജ്യം തുടര്‍ന്നു പോയി.

സമ്രാട്ട് തന്നെ സാമ്രാജ്യത്വത്തിന്‍റെ തടവറയിലായിപ്പോകുന്നതിന്ന് ഒന്നാംതരം ഉദാഹരണമാണ് അബൂസുഫ്യാന്‍ പറഞ്ഞു തരുന്നത്. ഒരു പക്ഷേ, തന്‍റേതില്‍നിന്നു വലിയ വ്യത്യസ്തത പുലര്‍ത്താത്ത വിഷമവൃത്തം തന്നെ ഈ റോമന്‍ ചക്രവര്‍ത്തിയുടേത് എന്ന് പോലും മക്കയിലെ ആ വര്‍ത്തകമുഖ്യന് തോന്നിയിട്ടുണ്ടാകാം. കാരണം സത്യം അതാണെന്ന് ബോധ്യപ്പെട്ടിട്ടും അന്നേരം അതുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമായ ചില ആഭ്യന്തര സാമ്രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിലായിരുന്നു അബൂസുഫ്യാനും എന്നത് ഒരു വാസ്തവമല്ലേ?

ഹെറാക്ലിയസിന്‍റെ ഈ നക്ഷത്രശോഭയില്‍ കണ്ടിറിഞ്ഞ പരിഛേദനാ സുവിശേഷം അബൂസുഫ്യാന്‍ അവതരിപ്പിക്കുന്നത് സ്വന്തം കഥയുടെ അനുബന്ധമായാണ്. അതാകട്ടെ, ഹെറാക്ലിയസിന് മുന്പില്‍ തനിക്ക് വസ്തുതകള്‍ ഉള്ളതുപോലെ, ഒന്നും ഏറ്റുകയും കുറക്കുകയും ചെയ്യാതെ പറയേണ്ടി വന്ന പശ്ചാത്തലത്തിലുമാണ്. പുതിയ നബിയാണെന്ന് പറയുന്ന ആളെക്കുറിച്ച് കൂടുതലറിയാന്‍ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു അബൂസുഫ്യാന്‍. രാജാവിനും അദ്ദേഹത്തിനുമിടക്ക് ദ്വിഭാഷിയുണ്ട്. കച്ചവട സംഘത്തിലെ മറ്റു അറബികള്‍ സാക്ഷികളും. അബൂസുഫ്യാന്‍ വല്ല കളവും പറയുന്നതായാല്‍ ഈ സാക്ഷികള്‍, അത് വിളിച്ചുപറയണം. റോമന്‍ ചക്രവര്‍ത്തിയുടെ സദസ്സാണ്. ഏതു നിലക്കായാലും നമുക്ക് ലാഭം കിട്ടണം എന്ന കച്ചവട മനസ്ഥിതിയെ തോല്‍പിക്കാന്‍ വെല്ലുന്ന സംവിധാനങ്ങളുളളയിടം. ഇനിയും കച്ചവടത്തിന് അങ്ങോട്ട് ചെല്ലേണ്ടവനാണല്ലോ ഈ മക്കാ മുഖ്യന്‍! കളവുപറയാന്‍ ഒരു നിര്‍വ്വാഹവുമില്ലാത്തത് കൊണ്ടാണ് അപ്പോള്‍ തനിക്ക് സത്യമായത് മാത്രം പറയേണ്ടിവന്നത് എന്ന് അദ്ദേഹം തന്നെ എടുത്തു പറയുന്നുമുണ്ട്. അവിടെ കളവുപറയാന്‍ ലജ്ജിച്ചുപോയത്രെ ആ കച്ചവടക്കാരന്‍.

ആ സംഭാഷണം ഇങ്ങനെ കുറിക്കാം

ഹെറാക്ലിയസ് നബിയാണെന്നവകാശപ്പെടുന്ന ആളുടെ കുടുംബം എങ്ങനെ?
അബൂസുഫ്യാന്‍ കുലീനകുടുംബം തന്നെയാണ്.
മറ്റാരെങ്കിലും ആ കുടുംബത്തില്‍ നബിയെന്ന് അവകാശപ്പെട്ടിരുന്നോ മുന്പ്?
ഇല്ല.
കുടുംബത്തില്‍ ആരെങ്കിലും രാജാവായി ഉണ്ടായിരുന്നോ?
ഇല്ല.
പ്രമാണിമാരോ പാവങ്ങളോ, ആരാണ് അദ്ദേഹത്തിന്‍റെ കൂടെ?
പാവങ്ങളാണ്.
അവരുടെ എണ്ണം കൂടുകയോ കുറയുകയോ?
കൂടുകയാണ്.
അദ്ദേഹം കള്ളം പറഞ്ഞതായി വല്ലപ്പോഴും തോന്നിയോ?
ഇല്ല.
കരാറോ വാഗ്ദാനമോ ലംഘിച്ച അനുഭവങ്ങളുണ്ടോ?
ഇതുവരെയില്ല. ഇപ്പോള്‍ ഒരു സമാധാനക്കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതെന്താവുമെന്ന് ഇനിയും കാണാനിരിക്കുന്നേയുള്ളൂ.
നിങ്ങള്‍ അദ്ദേഹത്തിനോട് യുദ്ധം ചെയ്തോ?
അതെ.
ആര്‍ക്കാണ് ജയം?
ചിലപ്പോള്‍ ഞങ്ങള്‍ക്ക് ചിലപ്പോള്‍ അയാള്‍ക്കും.
എന്താണ് അദ്ദേഹത്തിന് പറയാനുള്ളത്?
ഏകനായ അല്ലാഹുവിന് മാത്രം മനുഷ്യന്‍ അടിമപ്പെട്ടുവണങ്ങുക. ഒരു പങ്കാളിത്തവും അതില്‍ മാറ്റാര്‍ക്കും നല്‍കാതിരിക്കുക. നിസ്കരിക്കുക. സത്യം പറയുക. ബന്ധുത്വത്തിലുള്ളവരോട് നന്മയില്‍ വര്‍ത്തിക്കുക.
സംഭാഷണം കഴിഞ്ഞപ്പോള്‍ ഹെറാക്ലിയസ് എന്ന രാജാവിലെ ക്രിസ്തു വിശ്വാസി ഉണര്‍ന്നു. അദ്ദേഹത്തിന് തന്‍റെ ചോദ്യങ്ങളിലടങ്ങിയ ആശയം വിവരിക്കാന്‍ കൗതുകം തോന്നി. കാരണം താന്‍ മനസ്സില്‍ വരിച്ച വിമോചകനായ വചനവാഹകന്‍റെ പിന്‍ഗാമിയുടെ ശരിയായ തിരിച്ചറിയല്‍ ഇതിലൂടെ നേടിക്കഴിഞ്ഞിരുന്നു ഹെറാക്ലിയസ്. മനഃസാക്ഷിയെ സാമ്രാജ്യ ചിഹ്നമായ കുരിശിന് അടിയറവെക്കാതെ അദ്ദേഹം ചിലത് തുറന്നടിച്ചു. അദ്ദേഹം പറഞ്ഞു

ഞാനദ്ദേഹത്തിന്‍റെ കുലീനതയെക്കുറിച്ചു ചോദിച്ചു. എന്തെന്നാല്‍ നബിമാര്‍ കുലീന വംശത്തില്‍ പിറന്നവരായിരിക്കും. മുന്പൊരിക്കല്‍ ഇവ്വിധം നബിത്വം അവര്‍ക്കിടയില്‍ അവകാശപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് താങ്കള്‍ നിഷേധാത്ഥത്തില്‍ തന്നെയാണ് മറുപടി നല്‍കിയത്. അങ്ങനെയായിരിക്കണമല്ലോ. അതായത് മുന്പാരെങ്കിലുമുന്നയിച്ച ഒരു അവകാശവാദത്തെ പിന്‍തുടരുന്നയാളൊന്നുമല്ല അതെന്ന് ഇതോടെ വ്യക്തമായി. പിതാക്കളില്‍ രാജാധികാരമുള്ളവര്‍ ആരുമില്ലാത്തതും അതുപോലെ തന്നെ. രാജാക്കന്മാര്‍ ഉണ്ടായിരുന്നെങ്കില്‍ അധികാരം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമമായി ചിലപ്പോള്‍ ഈ വാദം വ്യാഖ്യാനിക്കപ്പെടാം. അദ്ദേഹം കള്ളം പറയാറില്ല എന്ന് താങ്കള്‍ തന്നെ പറയുന്നു. ജനങ്ങളെക്കുറിച്ച് കളവു പറയാത്തവന്‍ ദൈവത്തെക്കുറിച്ചാണോ പിന്നെ കള്ളം പറയുക? പ്രമാണികളോ പാവങ്ങളോ അദ്ദേഹത്തോടൊപ്പമുള്ളത് എന്ന ചോദ്യത്തിനുള്ള ഉത്തരവും കൃത്യമായിട്ട് തന്നെ പറഞ്ഞു. പാവങ്ങളാണ് നബിമാര്‍ക്ക് പിന്നില്‍ എന്നുമുണ്ടായിരുന്നത്. അവരുടെ എണ്ണം കൂടുകയാണ്, കുറയുകയല്ല എന്നതും പ്രധാനമാണ്. വിശ്വാസത്തിന്‍റെ കാര്യമങ്ങനെയാണ്. പൂര്‍ണമാകും വരേക്കും അത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഈമാന്‍റെ ആനന്ദം ഹൃദയത്തില്‍ നിറഞ്ഞാല്‍ ആരും പിന്തിരിഞ്ഞ് മറ്റ് വഴി തേടിപ്പോകയുമില്ല. അത് കൊണ്ടാണ് അദ്ദേഹത്തെ പിന്‍പറ്റിയ ആരും പിന്നെ പിന്തിരിഞ്ഞ് പോകാതെ ഉറച്ചു നില്‍ക്കുന്നത്. നബിമാര്‍ വഞ്ചിക്കുകയില്ല. കരാര്‍ ലംഘനം നടത്തുകയില്ല എന്നൊക്കെയുള്ള കൃത്യമായ ഉത്തരങ്ങള്‍ അറിയിച്ചുതരുന്നതും അത് തന്നെ. ഏറെ പ്രധാനം അദ്ദേഹം പഠിപ്പിച്ചുതരുന്ന പാഠങ്ങളാണ്. ഏതു നബിയുടെയും പാഠം അതുതന്നെ. മനുഷ്യന്‍ ദൈവത്തിന് മാത്രം അടിമപ്പെട്ടു വണങ്ങുകയും അതില്‍ ഒരാള്‍ക്കും ഒന്നിനും പങ്കാളിത്തം കല്‍പിക്കാതിരിക്കുകയും ചെയ്യുക എന്ന ആശയം.
അതുകഴിഞ്ഞ് നിസ്കാരം. സത്യം മാത്രം പറയാനുള്ള ഉപദേശവും അടുത്തുള്ളവരോട് എപ്പോഴും നന്മയില്‍ വര്‍ത്തിക്കുക എന്നതുമെല്ലാം നബിമാര്‍ നല്‍കുന്ന പാഠങ്ങള്‍ തന്നെ.

അനന്തരം ഹെറാക്ലിയസ് പറഞ്ഞത് ഇങ്ങനെയായിരുന്നു എന്‍റെ പാദസ്പര്‍ശമേറ്റ മണ്ണ്പോലും അദ്ദേഹത്തിന്‍റെ വരുതിയില്‍ വരും. ഒരു ദൂതന്‍ വരാനിരിക്കുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. അത് നിങ്ങളില്‍ നിന്നാകുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്നടുത്തെത്താനാവുമെന്ന്, എനിക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഏത് ക്ലേശം സഹിച്ചും ഞാന്‍ എത്തുമായിരുന്നു. അടുത്തായിരുന്നെങ്കില്‍ അവിടുത്തെ തൃപ്പാദങ്ങള്‍ ഞാന്‍ കഴുകിക്കൊടുക്കുമായിരുന്നു!
അതാണ് മക്കന്‍ പ്രമാണിയും കച്ചവടക്കാരനുമായിരുന്ന അബൂസുഫ്യാന്‍ സ്വാനുഭവത്തിന്‍റെ ഭാഗമായി എടുത്തുകാട്ടുന്ന സംഭവം. അതിന്‍റെ അനുബന്ധമായാണ് നക്ഷത്രശോഭയില്‍ പരിഛേദനം എന്ന ഉടന്പടിയുടെ ആശയം ഗ്രഹിച്ചെടുത്ത് അത് തന്‍റെ സാമ്രാജ്യത്തിലെ പ്രജകള്‍ക്കും ബാധകമാകുംവിധം പ്രയോഗവത്കരിക്കാന്‍ വേണ്ടി വരുന്ന പ്രവാചകത്വസമാപ്തികനെ കാണുന്ന ഹെറാക്ലിയസിന്‍റെ വൃത്താന്തം അദ്ദേഹം പറയുന്നത്. ക്രിസ്തുവെ ഹൃത്തിലറിഞ്ഞ അദ്ദേഹം അവിടുന്ന് പറഞ്ഞ അഭിഭാഷകന്‍റെ വരവ് കാത്തു കഴിയുന്ന സത്യവിശ്വാസിയായിരുന്നു.
എങ്കിലും അദ്ദേഹം സാമ്രാജ്യത്വത്തിന്‍റെ തടവറയില്‍ കഴിയുന്ന സമ്രാട്ടിന്‍റെ നിസ്സഹായാവസ്ഥ പ്രകാശിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്ന ചിത്രമാണ് അബൂസുഫ്യാന്‍ നല്‍കുന്നത്. ക്രിസ്തുവിന്‍റെ പേരില്‍, അടിമകളെ സൃഷ്ടിക്കുന്ന കുരിശിന്‍റെ സാമ്രാജ്യം മര്‍ദ്ദകന്‍റെ വഴിയിലൂടെ സഞ്ചരിച്ച് എത്തിപ്പെട്ട വികാസത്തിന്‍റെ ഒടുക്കം കുറിക്കുന്ന സന്ദേശം താരോദയത്തില്‍ വായിച്ചെങ്കിലും ക്രിസ്തുവെ മറച്ചുവെച്ച റോമിനെ അതിന്‍റെ വിശ്വാസത്തെ ആദരിക്കേണ്ടി വന്നു ഹെറാക്ലിയസ് എന്ന സ്വിദ്ഖ് ഉള്‍കൊണ്ട തന്ത്രജ്ഞനായ ചക്രവര്‍ത്തിക്ക്.

ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെ സ്വയം കാണേണ്ടിവന്ന ഒരാളായിരുന്നില്ലേ, പിന്നീട് നബിയുടെ സഖാക്കളുടെ കൂട്ടായ്മയില്‍ അംഗത്വം ലഭിക്കാനുള്ള ഭാഗ്യമുണ്ടായിത്തീര്‍ന്ന അബൂസുഫ്യാനും എന്ന് ചിലരെങ്കിലും ചിന്തിച്ചുപോകും. അദ്ദേഹം തന്നെ പറയും പോലെ, ഞാന്‍ എന്‍റെ കൂട്ടുകാരോട് പറഞ്ഞു. അബൂകബ്ശയുടെ പുത്രന്‍റെ കാര്യം ഗംഭീരം തന്നെ. മഞ്ഞക്കാരുടെ (റോം) രാജാവും അദ്ദേഹത്തെ ഭയക്കുന്നു! നബി(സ) സുവ്യക്ത വിജയിയാകുമെന്ന് അന്നേ ഞാനുറപ്പിച്ചിരുന്നു. അങ്ങനെ അല്ലാഹു എന്നിലും ഇസ്ലാമിനെ പ്രവേശിപ്പിച്ചു.

എത്ര വലിയ വൈരിയെയും ഉള്‍കൊണ്ട് പിടിച്ചരികിലുത്തി ശിരസ്സില്‍ കിരീടമണിയിച്ച് കൊടുക്കാനുള്ള വിശാലതയാണ് ഇസ്ലാമിന്‍റേത്. എത്ര വിശാലമായ സാഗര വ്യാപ്തിയും ആഴവുമുള്ളതാണ് തിരുനബിയുടെ വിശുദ്ധമാനം! (കരഞ്ഞു തീര്‍ക്കാന്‍ കണ്ണീര്‍ ബാക്കിയാവാതെ കേഴുന്നോര്‍ ഞങ്ങള്‍!)

അഹ്മദ്കുട്ടി ശിവപുരം

You must be logged in to post a comment Login