ദുഃഖത്തിന്‍റെ സഹയാത്രികന്‍

ദുഃഖത്തിന്‍റെ സഹയാത്രികന്‍

അല്ലാഹുവോടടുക്കുന്പോഴും മനസ്സ് ഇടക്കിടെ കഴിഞ്ഞ കാലത്തിലേക്കിറങ്ങിയോടി. പഴയ ഫുളൈലിന്‍റെ ചിത്രങ്ങള്‍ മിന്നിമറിഞ്ഞു. പലപ്പോഴും പഴയ തെറ്റുകുറ്റങ്ങളോര്‍ത്ത് വേദനിച്ചു. അല്ലാഹു എങ്ങനെ മാപ്പ് തരാനാണ് തനിക്ക്. അല്ലാഹുവെക്കുറിച്ച് കേള്‍ക്കുന്പോള്‍, ഓര്‍ക്കുന്പോള്‍, ഖുര്‍ആന്‍ ശ്രവിക്കുന്പോള്‍ ഭയത്തിനൊപ്പം ദുഃഖവും മനസ്സിനെ തളര്‍ത്തി.

ഇബ്റാഹീമുബ്നു അശ്അശിനെ ഉദ്ധരിച്ച് ഇബ്നു അസാകിര്‍ എഴുതി ; ഫുളൈലുബ്നു ഇയാളിനെപ്പോലെ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത നിറഞ്ഞു തൂവിയ മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. കണ്ണുകള്‍ സദാനിറഞ്ഞൊഴുകുമായിരുന്നു. അടുത്തുള്ളവര്‍ കനിവ് കാട്ടുവോളം കരയുമായിരുന്നു.

ഫുളൈല്‍ മാത്രമല്ല, സുഹൃത്തുക്കളും കരഞ്ഞു. ഫുളൈലിനെക്കാള്‍ എത്രയോ താഴെയാണല്ലോ തങ്ങള്‍ എന്നായിരുന്നു അവരെ മഥിച്ചത്. സൂക്ഷ്മതയിലും അറിവിലുമെല്ലാം ഫുളൈല്‍ തന്നെയാണ് മുന്നിലെന്ന് അവര്‍ക്കെല്ലാമറിയാം. എന്നിട്ടും ഫുളൈലിന്‍റെ ദുഃഖം അടങ്ങുന്നില്ലല്ലോ. ഫുളൈലിനെ സദാ പിന്തുടര്‍ന്ന അബ്ദുല്ലാഹിബ്നു മുബാറക് പറയുന്നു: ഫുളൈലുബ്നു ഇയാളിനെ നോക്കുന്പോഴെന്‍റെയുള്ളം ദുഃഖസാന്ദ്രമായിരുന്നു. ഞാനെന്നോട് വെറുപ്പ് വച്ച് തുടങ്ങുന്ന അവസരമായിരുന്നുവത്.

ഫുളൈലിന്‍റെ ഉപദേശം കേട്ടാല്‍ ശ്രോതാക്കളുടെ ഉള്ളിലും ദുഃഖം അലതല്ലുമായിരുന്നു. അവരും ഫുളൈലിന്‍റെ അവസ്ഥ അനുഭവിക്കും.
ഒരവസരത്തില്‍ ഖലീഫ ഹാറൂന്‍ റശീദിനോട് ഫുളൈല്‍ പറഞ്ഞു: ഓ അമീറുല്‍മുഅ്മിനീന്‍, കുറച്ചു സമയം കരയാനും അല്ലാഹുവിനെ ഭയന്നു ജീവിക്കാനും നീക്കിവെക്കണം. ഇവരണ്ടും മനഃശാന്തി പ്രദാനം ചെയ്യും. പാപമുക്തി വരുത്തും; നരകത്തില്‍ നിന്ന് താങ്കളെ മാറ്റിനിര്‍ത്തും.

സുഫ്യാനുബ്നു ഉയൈനെയുടെ അനുഭവം: ഖലീഫ ഹാറൂന്‍ റശീദ് വിളിച്ചിട്ട് കൊട്ടാരത്തില്‍ ഒരുകൂട്ടം പണ്ഡിതന്മാര്‍വന്നു. അക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. പിന്നെ ഫുളൈലും. പക്ഷേ, അദ്ദേഹം അവസാനത്തെ അതിഥിയായാണ് വന്നത്. തട്ടം കൊണ്ട് മുഖം മറച്ചെത്തിയ ഫുളൈല്‍ ഇവരിലാരാണ് ഖലീഫയെന്ന് തിരക്കി. ഞാന്‍ ഖലീഫയെ കാണിച്ചു കൊടുത്തു. ഖലീഫയെ നോക്കി ഫുളൈല്‍ പറഞ്ഞു: മുഖം പ്രസന്നമായവരേ, ഈ സമൂഹത്തിന്‍റെ ഉത്തരവാദിത്തം നിങ്ങളുടെ കയ്യിലാണ്. പ്രജകള്‍ നിങ്ങള്‍ക്കു മുന്പിലും പിരടിയിലുമുണ്ട്. വല്ലാത്തൊരു ഉത്തരവാദിത്ത ഭാരമാണത്! ഇതുകേട്ട് ഖലീഫ കരഞ്ഞു; അതിഥികളായെത്തിയ ഓരോ പണ്ഡിതന്നും പതിനായിരം ദീനാര്‍ ഖലീഫ പാരിതോഷികം നല്‍കി. ഫുളൈല്‍ അത് വാങ്ങിയില്ല. നിങ്ങള്‍ക്കു വേണ്ടെങ്കില്‍ കടം കൊണ്ട് ബുദ്ധിമുട്ടുന്നയാള്‍ക്ക്/ വിശക്കുന്നവന്/ വിവസ്ത്രന് കൊടുക്കാമെന്നു പറഞ്ഞ് ഖലീഫ നീട്ടിയപ്പോഴും മാപ്പ് പറഞ്ഞ് ഫുളൈല്‍ പിന്തിരിഞ്ഞു. ഖലീഫക്ക് അത്ഭുതം. അദ്ദേഹം ചോദിച്ചു: അബൂഅലീ, ഇത്രമാത്രം ഐഹിക വിരക്തി നേടിയതെങ്ങനെയാണ്?
ഫുളൈല്‍: അങ്ങാണ് ഏറ്റം വിരക്തന്‍!
ഖലീഫ: അതെങ്ങനെ?
ഫുളൈല്‍: ഞാന്‍ ദുന്‍യാവിലേ വിരക്തനായിട്ടുള്ളൂ; അങ്ങ് ആഖിറത്തെ അനശ്വരമാക്കിയിരിക്കുന്നു.

ദുഃഖം സഹയാത്രികനെപ്പോലെ ഫുളൈലിനെ പിന്തുടര്‍ന്നു. മരണം വരെ അത് പടിപ്പുര വിട്ടില്ല. കതകടച്ചിരുന്ന് ഖുര്‍ആന്‍ മുന്നില്‍ വെച്ചു കരഞ്ഞ ഫുളൈല്‍ അകത്ത് ആരെയും കടത്തിയില്ല. അതേ സമയം മറ്റാരെങ്കിലും ഖുര്‍ആന്‍ ഓതുന്നത് കേട്ടാല്‍ കതകു തുറന്ന് അടുത്തു വരും. ഒരിക്കല്‍ ശബ്ദ സൗകുമാര്യനായ ഒരാള്‍ ഭക്ത്യാദരപൂര്‍വം അല്‍ഹാകുമുത്തകാസുര്‍ ഓതുന്നതു കേട്ട് കണ്ണീര്‍ പൊഴിച്ച ഫുളൈല്‍ നനഞ്ഞ താടിയും മുഖവും കൈലേസു കൊണ്ട് തുടച്ചുകൊണ്ടേയിരുന്നു. ശേഷം ജീവിതാര്‍ത്ഥം പറയുന്ന കവിത ചൊല്ലി:
ഞാന്‍ എണ്‍പതിലെത്തി.
ഇനിയും ഞാനെന്താണ് പ്രതീക്ഷിക്കുന്നത്?
ഞാന്‍ ജനിച്ചിട്ട് എണ്‍പതുവര്‍ഷം കടന്നു.
എണ്‍പതിനുശേഷം എന്തു പ്രതീക്ഷിക്കണം?
കാലമെന്നെ നുരുന്പിപ്പിഴിഞ്ഞു…
ഇത്രയുമായപ്പോള്‍ കണ്ഠമിടറി; സമീപസ്ഥനായ അലിയ്യുബ്നു ഖര്‍ശം അര വരികൂടി ചേര്‍ത്തു;
എന്‍റെ എല്ലുകള്‍ തരളിതമായി;
കാഴ്ച മങ്ങി….
വിശുദ്ധഖുര്‍ആന്‍റെ വചനപ്പൊരുള്‍ വഹിക്കാനാവാതെ ബോധംരഹിതനാവുന്ന അവസ്ഥയും ഫുളൈലിനുണ്ടായിരുന്നു.!

മക്കയിലേക്കുള്ള വഴിയില്‍
സമര്‍ഖന്ദില്‍ നിന്ന് മക്കയിലേക്കുള്ള വഴിയില്‍ ഇറാഖിലും കൂഫയിലുമെത്തി. പഠനാവശ്യാര്‍ത്ഥം കൂഫയില്‍ കുറച്ചുകാലം ചെലവിട്ടു. ഹദീസ് വിജ്ഞാനീയത്തില്‍ ശ്രദ്ധിച്ചു. അഅ്മശ്, അത്വാഅ്ബ്നു സാഇബ്, മന്‍സൂറുബ്നു മുഅ്തമര്‍, ഹുസൈന്‍ബ്നു അബ്ദുറഹ്മാന്‍, മുസ്ലിമുല്‍അഅ്വര്‍, അബാനുബ്നു അബീ ഇയാശ് തുടങ്ങി നിരവധി ഹദീസ് പണ്ഡിതരില്‍ നിന്ന് കിട്ടാവുന്നത്ര ഹദീസുകള്‍ ശേഖരിച്ചു. കൂഫയിലൊന്നാകെ അറിവുകള്‍ തേടിയലഞ്ഞു. അവസാനം ഫുളൈലിന്‍റെ പേര് വിശ്വസ്ത ശ്രേണികളില്‍ കയറി. അബ്ദുല്ലാഹിബ്നു മുബാറക് പറഞ്ഞു: ഫുളൈലുബ്നു ഇയാളിനെക്കാള്‍ ശ്രേഷ്ഠനായി ഭൂമുഖത്ത് എന്‍റെ കാലത്ത് മറ്റൊരാള്‍ ശേഷിച്ചിട്ടില്ല.

ഹദീസിന്‍റെ ഭാരം വലുതാണെന്ന് ഫുളൈല്‍ തന്നോട് പറഞ്ഞെന്ന് ജീവചരിത്രകാരന്‍ ഇസ്ഹാഖ്ബ്നു ഇബ്റാഹീം കുറിച്ചു. ഒരിക്കല്‍ ഫുളൈല്‍ പറഞ്ഞു : എന്‍റെയടുത്തു നിന്ന് ദിര്‍ഹമുകള്‍ വാങ്ങുന്നതായിരിക്കും ഹദീസ് വാങ്ങുന്നതിനെക്കാള്‍ എനിക്കേറെയിഷ്ടം. അപ്പോള്‍ ഞാന്‍ പറഞ്ഞു: എനിക്ക് അറിവിലില്ലാത്ത ഹദീസുകള്‍ എനിക്കു പറഞ്ഞു തരുന്നതാണ് അതിന്‍റെ എണ്ണത്തിനനുസരിച്ച് ദീനാര്‍ തരുന്നതിനെക്കാള്‍ എനിക്ക് നന്നായി തോന്നുന്നത്. നീ പരീക്ഷിക്കപ്പെടുന്നവനാണ്. കേട്ട ഹദീസുകള്‍ കൊണ്ട് കര്‍മ്മനിരതനാവുകയായിരുന്നെങ്കില്‍, കേള്‍ക്കാത്തതിനെക്കുറിച്ചിങ്ങനെ ചോദിക്കുകയേ ഇല്ലായിരുന്നു! ഫുളൈല്‍ തുടര്‍ന്നു: സുലൈമാനുബ്നു മഹ്റാന്‍ എന്നോട് പറഞ്ഞു: മുന്പിലുള്ള ഭക്ഷണത്തില്‍ നിന്നെടുക്കുന്ന ഓരോ പിടിയും പുറമേക്കെറിഞ്ഞു കൊണ്ടിരുന്നാല്‍ എങ്ങനെയാണു വിശപ്പകലുക?
കൂഫയിലെ താമസക്കാലത്ത് മതത്തിനകത്തെ നൂതന വാദികളെ അങ്ങേയറ്റം വെറുത്ത്, അവരോട് ജുഗുപ്സ നിറച്ച് ഫുളൈല്‍ സംവദിച്ചിരുന്നു. ഇവരുടെ കെണിവലകളില്‍ നിന്ന് രക്ഷനേടാന്‍ ആളുകളെ സദാ ഉണര്‍ത്തിയിരുന്നു. അല്ലാഹുവിന്‍റെ കലാമിലും ഹദീസിലും ഫുളൈലിനുണ്ടായിരുന്ന അഗാധ ജ്ഞാനത്തിന്‍റെ പ്രതിഫലനമായിരുന്നു അത്. കാരണം എത്രമേല്‍ ജ്ഞാനം ഈദൃശ ശാഖകളിലുണ്ടായിരുന്നുവോ അത്രമേല്‍ കോപം മതയുക്തിവാദികളോടും മതനവീകരണ വാദികളോടുമുണ്ടാകുമെന്നത് സ്വാഭാവികം.

ബിശ്റുല്‍ഹാഫീ ഫുളൈലിനെ കേട്ടതിങ്ങനെ: നവീനവാദിയുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കില്ല. തിരുനബി സഹചരോട് അങ്ങേയറ്റം കോപമുള്ളവരാണിവര്‍. തിരുനബി സഖാക്കളോടുള്ള സ്നേഹമായിരിക്കട്ടെ അല്ലാഹുവിങ്കല്‍ നിന്‍റെ ഭാരമേറിയ കര്‍മ്മം; ഇതുണ്ടെങ്കില്‍ മണ്ണളവോളമുള്ള നിന്‍റെ പാപങ്ങള്‍ അല്ലാഹു നിനക്ക് മാപ്പാക്കിത്തരും. അണുതൂക്കം കോപം തിരുസ്വഹാബികളോട് നിന്‍റെ മനസ്സിലെവിടെയെങ്കിലുമുണ്ടെങ്കില്‍ അതുകാരണം നിന്‍റെ ഒരു കര്‍മവും അല്ലാഹു സ്വീകരിക്കയില്ല തന്നെ. നവീനവാദിയോട് കോപമുള്ളയാളെ അല്ലാഹു പാപമുക്തനാക്കും. അദ്ദേഹത്തിന്‍റെ കര്‍മം വളരെ കുറവാണെങ്കിലും. അല്ലാഹുവിനെ ഓര്‍ക്കുന്നവര്‍ ഒത്തുകൂടുന്നിടത്ത് മലക്കുകള്‍ വരും. ഈ ഘട്ടത്തില്‍ കൂടെയുള്ളതാരാണെന്ന് തിരിച്ചറിയണം. പുത്തന്‍വാദിയാണ് അടുത്തെങ്കില്‍ അല്ലാഹു അവനെ പരിഗണിക്കില്ല. ബിദ്അത്തുകാരനോടൊപ്പം സഹവസിക്കുന്നവന്‍ കപടവിശ്വാസിയാണ്. അല്ലാഹുവിന്‍റെ ശാപത്തിന് അവന്‍ വിധേയനാകും. ബിദ്അത്തുകാരനാണ് സഹവാസത്തിനെങ്കില്‍ അതോടെ നാശംപിടിച്ചു തുടങ്ങി.

ഫുളൈലിനെക്കുറിച്ചറിഞ്ഞ ഖലീഫ ഹാറൂന്‍ റശീദ് സല്‍ഗുണ സന്പന്നനായ ഫുളൈലിനെ നേരില്‍ കാണാന്‍ തിടുക്കം കൂട്ടി. പണ്ഡിതരെയും ആത്മീയാചാര്യരെയും ആദരിച്ച ഹാറൂന്‍ റശീദ് അവരുടെ സാരോപദേശങ്ങള്‍ക്ക് സദാ ചെവികൊടുത്തു. ഒരിക്കലദ്ദേഹം സുഫ്യാനുബ്നു ഉയൈയ്നയോട് ഫുളൈലിനെ കാണാനുള്ള ആഗ്രഹം പങ്കുവച്ചു. നിങ്ങള്‍ അമീറുല്‍ മുഅ്മിനീനാണെന്ന് ഫുളൈലറിഞ്ഞാല്‍ നിങ്ങളെ മുഖം കാണിക്കില്ല. സുഫ്യാന്‍ പറഞ്ഞു. പിന്നെ എന്തുണ്ട് വഴി?

നമുക്കൊന്നിച്ചു പോകാം. ഖലീഫയുടെ വേഷം നിങ്ങളണിയരുതെന്ന് മാത്രം. ഒരു സംഘമാളുകള്‍ക്കിടയില്‍ ഖലീഫ വേഷം മാറി ഫുളൈലിനരികെയെത്തി. ഫുളൈലിന്‍റെ സുദീര്‍ഘമായ സാരോപദേശം കേട്ട് കരഞ്ഞു കലങ്ങിയാണ് ഖലീഫ മടങ്ങിയത്. വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മില്‍ പിന്നീടുണ്ടായത്. ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥന എന്‍റെ പക്കലുണ്ടെങ്കില്‍ ഞാനത് ഖലീഫക്ക് നീക്കിവെക്കുമായിരുന്നു. ഒരിക്കല്‍ ഫുളൈല്‍ പറഞ്ഞു: അതെങ്ങനെയാണ്?

ഈ പ്രാര്‍ത്ഥന ഞാന്‍ എന്‍റെ കാര്യത്തിനുപയോഗിക്കുന്പോള്‍ അതെന്നെയും കടന്നുപോവുന്നില്ല. ഖലീഫക്കു വേണ്ടിയാണെങ്കിലോ? ഒരു ദേശത്തിനും അതിലെ ജനങ്ങള്‍ക്കുമത് ഉപകാരപ്രദമായി ഭവിക്കും. ഇതായിരുന്നു ഫുളൈലിന്‍റെ മറുപടി. ഇതുകേട്ട് സദസ്സിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു മുബാറക് ഫുളൈലിന്‍റെ നെറ്റിത്തടം ചുംബിച്ചുകൊണ്ട് പറഞ്ഞു: നന്മ പകരുന്ന ഗുരോ, നിങ്ങളല്ലാതെ ഇത്ര നന്നായി വേറെയാരിത് പഠിപ്പിക്കും?

മറ്റൊരിക്കല്‍ ഫുളൈല്‍ പറഞ്ഞത്: ഹാറൂന്‍ റശീദ് മരിക്കുന്നത് എന്നെ ഏറെ ദുഃഖത്തിലാക്കുന്നു. എന്‍റെ ആയുഷ്കാലത്തില്‍ നിന്ന് അല്ലാഹു അദ്ദേഹത്തിന്‍റേതില്‍ വര്‍ദ്ധനവ് നല്‍കട്ടെ. ഹാറൂന്‍ മരണപ്പെട്ടതോടെ നാട്ടില്‍ കലാപമായി. മഅ്മൂന്‍റെ നേതൃത്വത്തില്‍ നടന്ന ഖുര്‍ആന്‍ സൃഷ്ടിവാദവും കോലാഹലങ്ങളും അതിന്‍റെ പ്രകടമായ കാഴ്ചയായിരുന്നു. ഫുളൈലിന്‍റെ ദീര്‍ഘ ദൃഷ്ടിയെ ജ്ഞാനികള്‍ ശ്ലാഘിച്ചു .

കൂഫയിലെ താമസക്കാലത്ത് ഫുളൈലിന്‍റെ പേരും പെരുമയും അതിരുകള്‍ കടന്നു. അഗാധ പാണ്ഡിത്യവും, ഹദീസ് നിവേദനവും പരിവ്രാജകത്വവും സൂക്ഷ്മ ജീവിതവുമെല്ലാം ജ്ഞാനാന്വേഷികളെ അദ്ദേഹത്തിലേക്കടുപ്പിച്ചു. ഇബ്നു ഇമാദിന്‍റെ ശദറാതുദ്ദഹബില്‍ ഇബ്നു നാസ്വിറുദ്ദീനെ ഉദ്ധരിച്ച് ഇങ്ങനെ പറയുന്നു: ഫുളൈലുബ്നു ഇയാള് ശൈഖുല്‍ഇസ്ലാമാണ്. പണ്ഡിതര്‍ക്ക് നിദര്‍ശനവും ഹറമൈനിയിലെ ഇമാമുമാണ്. ഇമാം ശാഫിഈ(റ)വും യഹ്യല്‍ഖത്വാനും മറ്റും അവരില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങേയറ്റത്തെ പരിവ്രാജകനും പണ്ഡിതനുമായിരുന്നു അദ്ദേഹം. ഇതിനു സമാനമായ പ്രസ്താവം ദഹബിയുടെ സിയറു അഅ്ലാമിന്നുബലാഇലുമുണ്ട്. മുപ്പത്തി അഞ്ചോളം പണ്ഡിതന്മാര്‍ ഫുളൈലില്‍ നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കൂടി ദഹബി എഴുതിയിരിക്കുന്നു.

ഹദീസ് പറഞ്ഞു കൊടുക്കുന്നതില്‍ അങ്ങേയറ്റത്തെ സൂക്ഷ്മത പുലര്‍ത്തിയ ഫുളൈല്‍ യോഗ്യരിലേക്കു മാത്രമേ ഹദീസുകള്‍ സംക്രമിപ്പിച്ചുള്ളൂ. ഒരിക്കല്‍ അബൂറൗഹ ഫാതിമിബ്നു യൂസുഫ് ഫുളൈലിനോടു പറഞ്ഞു: എന്‍റെയടുക്കല്‍ അഞ്ചുഹദീസുകളുണ്ട്. നിങ്ങള്‍ സമ്മതിക്കുകയാണെങ്കില്‍ ഞാനതു ചൊല്ലിത്തരാം. ചൊല്ലിക്കഴിഞ്ഞപ്പോള്‍ ഹദീസുകളുടെ എണ്ണം ആറായി. പറഞ്ഞ എണ്ണത്തെക്കാള്‍ കൂടിയതു കേട്ട ഫുളൈല്‍ പറഞ്ഞു : ഛെ! എന്‍റെ പൊന്നുമോനേ, ഏറ്റമാദ്യം സത്യമെന്തെന്ന് പഠിക്കൂ. അതിനു ശേഷമാവാം ഹദീസ് പറയല്‍.

സംഗ്രഹ. ടി ടി ഇര്‍ഫാനി വാക്കാലൂര്‍
ഡോ. സഈദ് റമളാന്‍ ബൂത്വി

You must be logged in to post a comment Login