വഴിപാടുകാലത്തെ നിലപാടു തീര്‍ച്ചകള്‍

വഴിപാടുകാലത്തെ  നിലപാടു തീര്‍ച്ചകള്‍

വിട ;ടി പി വെള്ളലശേരി

ഇരുപത്തിമൂന്ന് വര്‍ഷത്തെ മാധ്യമ, എഴുത്തു ജീവിതത്തിനൊടുവില്‍ ടി പി വെള്ളലശ്ശേരി എന്ന അബ്ദുല്‍അസീസ് സഖാഫി ഇക്കഴിഞ്ഞ ജനുവരി പതിനൊന്നിന് ഭൗതികബന്ധങ്ങളോട് വിട പറഞ്ഞു. മാസങ്ങള്‍ക്കു മുന്പുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നെങ്കിലും അസുഖം ഭേദമായി ഓഫീസില്‍ തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള അന്ത്യം.

വ്യതിരിക്തനായ ഒരു മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ടി പി. പക്ഷേ, അങ്ങനെ സാമാന്യമായി പറഞ്ഞുനിര്‍ത്താവുന്ന ഒരാളുമായിരുന്നില്ല അദ്ദേഹം. കാഴ്ചപ്പാടുണ്ടായിരുന്നു സഖാഫിക്ക്. “അല്‍ഫിയയിലെ ബൈത്തുകള്‍ ചൊല്ലി അറബി വ്യാകരണത്തിലെ നിയമങ്ങള്‍ പറയാന്‍ കഴിയുന്പോലെത്തന്നെ മലയാള ഭാഷയിലെ വ്യാകരണ നിയമങ്ങളും Çോക സഹിതം പറയാനുള്ള ധിഷണാപരമായ ആന്തരികോര്‍ജമുണ്ടായിരുന്നു അദ്ദേഹത്തിന്. ഖുര്‍ആനോത്ത് നിയമം തജ്വീദിന്‍റെ നിയമങ്ങളെക്കുറിച്ച് എഴുതാന്‍ കഴിയുന്ന പോലെ തന്നെ അഴീക്കോടിന്‍റെ ആത്മീയാന്വേഷണങ്ങളെ നിരൂപിക്കാനും അതിലെ ഇടര്‍ച്ചകളെ തുറന്നെഴുതാനും അദ്ദേഹത്തിന് കഴിഞ്ഞു. പെരുന്പടവം ശ്രീധരന്‍റെ “ഒരു സങ്കീര്‍ത്തനം പോലെ പി ജിയുടെ രചനാ ലോകവും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ഇതേ വ്യുല്‍പ്പത്തി അറബിയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വിശകലനം ചെയ്യുന്പോഴും അദ്ദേഹത്തില്‍ കാണാമായിരുന്നു. മലയാളശൈലി, മലയാളവ്യാകരണം എന്നിവയെക്കുറിച്ച് സിറാജില്‍ ഒരു വേള പംക്തി കൈകാര്യം ചെയ്തിരുന്നു. ഒപ്പം കൊണ്ടുനടക്കുന്ന ആ സഞ്ചിയില്‍ പലപ്പോഴും ഹിന്ദിയുടെയും തമിഴിന്‍റെയും വ്യാകരണ പുസ്തകങ്ങളും കാണുമായിരുന്നു.

തുടക്കത്തില്‍ സുന്നി മാധ്യമപ്രവര്‍ത്തകരിലെ പഴയ തലമുറക്കൊപ്പമായിരുന്നു ജോലി. അവസാനം ഏറ്റവും പുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള വഴക്കവും അദ്ദേഹത്തിനുണ്ടായിരുന്നു. വായനയിലൂടെയും പഠനത്തിലൂടെയും എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു സഖാഫി.

സിറാജിന്‍റെ മുഖപ്രസംഗം എഴുതിയിരുന്നത് ടി പിയായിരുന്നു. പക്വമായ ഭാഷയും സംയമനത്തോടെയുള്ള സമീപനവും മൂര്‍ച്ചയുള്ള നിലപാടും കൊണ്ട് ആ മുഖപ്രസംഗങ്ങള്‍ വേറിട്ടുനിന്നു. മാധ്യമ നിരൂപണങ്ങളില്‍ നല്ല അംഗീകാരം ലഭിക്കുകയും ചെയ്തു. പുതുലോകത്തെ അധീശ നൃശംസതകളോടും അസംബന്ധങ്ങളോടും അസാന്മാര്‍ഗികതയോടും ഒരു മാധ്യമത്തിനുണ്ടാവേണ്ട തീര്‍ച്ച അതിലുള്‍ച്ചേര്‍ന്നിരുന്നു. ഡ്യൂട്ടി സമയത്തിനും വളരെ നേരത്തെ എത്തുന്ന അദ്ദേഹം വൈകുന്നേരം മൂന്നു മണി വരെയെങ്കിലും വായനയിലായിരിക്കും. പിന്നെയാണ് എഴുത്ത്. അങ്ങനെ നാളത്തെ എഡിറ്റോറിയല്‍ രൂപപ്പെട്ടുവരും. അതിനിടയില്‍ അദ്ദേഹം അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദം പുറത്തു പ്രകടിപ്പിക്കില്ലെങ്കിലും അടുത്തിരുന്നാല്‍ മനസ്സിലാകുമായിരുന്നു. ഇതിനിടയില്‍ ബാങ്ക് വിളിച്ചാല്‍ ഉടന്‍ പള്ളിയിലേക്ക് പായും.

ഹിമാലയത്തിലെ മഞ്ഞുരുക്കത്തെപ്പറ്റിയും ബഹിരാകാശത്തിലെ സാധ്യതകളെക്കുറിച്ചും എഴുതി കൃത്യമായൊരു നിലപാടെടുക്കാന്‍ തുനിയാതെ തെന്നിമാറുന്ന എഡിറ്റോറിയലുകളുടെ വഴിപാടുകാലത്ത് തെളിമയുള്ള നിലപാടുകളുടെ പ്രസക്തിയാണ് സഖാഫി എഴുതിക്കാട്ടിയത്. വിഷയം ഏതാവട്ടെ, ആ മുഖപ്രസംഗങ്ങളുടെ അന്തര്‍ധാര ആത്യന്തികമായി ഇസ്ലാമിക മൂല്യബോധമായിരിക്കും. ഒരു നിലപാട് സ്വീകരിക്കുന്പോള്‍ അതിന്‍റെ പരോക്ഷ ഗുണഭോക്താക്കളാകുന്നവരെക്കുറിച്ചും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. അതുകൂടി മുന്നില്‍ കണ്ടുകൊണ്ടായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.

വാക്കുകളും വാക്യങ്ങളും ഉപമകളുമൊന്നും വെറും “ഒച്ചപ്പാടുകള്‍ അല്ലെന്നും അത് രൂപപ്പെട്ടുവന്ന ഒരു പശ്ചാത്തലമുണ്ടെന്നും ആ പ്രഭവസ്ഥാനത്തെ അവഗണിച്ചുകൊണ്ട് നടത്തുന്ന പ്രയോഗങ്ങള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ജനാധിപത്യത്തിന്‍റെ “ശ്രീകോവില്‍ തന്നെയാകണം പാര്‍ലമെന്‍റെന്ന് വാശി പിടിക്കുന്ന ദേശീയ പത്രങ്ങളും പൊതുബോധവും ശക്തമായി നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഇത്തരം കുതറലുകള്‍ക്ക് പ്രാധാന്യമുണ്ട്. “ആസേതു ഹിമാചലം എന്ന് പറഞ്ഞാലേ ചിലര്‍ക്ക് തൃപ്തിവരികയുള്ളൂ എന്നതാണല്ലോ മലയാള ഭാഷ ഇപ്പോഴും അനുഭവിക്കുന്ന ദുരന്തം.

നല്ലതു പറയുന്നത് ഫാഷനല്ലാത്ത കാലത്തും സര്‍ക്കാര്‍ നല്ലത് പ്രവര്‍ത്തിച്ചാല്‍ അഭിനന്ദിച്ച് എഡിറ്റോറിയല്‍ എഴുതാന്‍ അദ്ദേഹം തയാറായി. അത്തരമൊന്നിനാണ് മുന്‍ മന്ത്രി ജി സുധാകരന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയച്ചത്. ഓഫീസില്‍ വാര്‍ത്താ ചാനലുകള്‍ തുറന്നുവെച്ചാലും അദ്ദേഹത്തിന് ആശ്രയം ആകാശവാണി വാര്‍ത്തയായിരുന്നു. സമയത്തിന്‍റെ വില നല്ലപോലെ മനസ്സിലാക്കിയ ഒരാളെന്ന നിലയില്‍ ഇതില്‍ അതിശയിക്കാനില്ല.

സിറാജ് ഫ്രൈഡേ ഫീച്ചറിന്‍റെ ചുമതലക്കാരനായിരുന്നു ദീര്‍ഘകാലം. ലേഖനങ്ങള്‍ എഴുതിക്കിട്ടാന്‍ പ്രയാസം നേരിട്ടിരുന്ന പഴയ കാലത്ത് അദ്ദേഹം തന്നെ നിര്‍ലോഭമായി എഴുതി. മറ്റു പ്രസിദ്ധീകരണങ്ങളിലും ഒരു കാലത്ത് ടി പി നിറസാന്നിധ്യമായിരുന്നു.

ചര്‍ച്ചകളില്‍ പങ്കുചേര്‍ക്കാനും ആശയ രൂപവത്കരണത്തിനുമൊക്കെ അദ്ദേഹത്തെ ആശയപരമായി പ്രകോപിപ്പിക്കാന്‍ (വ്യക്തിപരമായി ആര്‍ക്കും അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ കഴിയുമായിരുന്നില്ല) ചുറ്റും കൂടുന്ന സഹപ്രവര്‍ത്തകരെ ഓര്‍ത്തുപോകുന്നു. മൗലികമായ നിരീക്ഷണങ്ങളും യുക്തിസഹമായ വ്യാഖ്യാനങ്ങളും അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകും. പ്രൂഫിലും ഡസ്കിലും നിരന്തരം ഉയരുന്ന ഏതു സംശയങ്ങള്‍ക്കും… ഉത്തരം തത്സമയം തന്നെ കിട്ടും.

തീര്‍പ്പുകള്‍ ആയിരുന്നു അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്ന വലിയ സഹായങ്ങളിലൊന്ന്. ഒരു പത്രത്തിന്‍റെ എഡിറ്റോറിയല്‍ ഡസ്കില്‍ തീര്‍പ്പുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രസിദ്ധീകരിക്കണോ വേണ്ടേ, “ഇങ്ങനെ കൊടുക്കണോ അതോ, “ഇങ്ങനെ കൊടുത്താല്‍ മതിയോ എന്നു തുടങ്ങി ഒരുപാട് കാര്യങ്ങള്‍. രണ്ടു ഭാഗത്തും ന്യായങ്ങളുണ്ടാകും. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരും. മിക്കപ്പോഴും അവസാനമായി അദ്ദേഹത്തിന്‍റെ വാക്കിനെ ആശ്രയിക്കും. ആ തീര്‍പ്പുകള്‍ വലിയൊരു ആശ്വാസമായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക്.

“മനസ്സാക്ഷിയെ വഞ്ചിക്കാതെ പ്രവര്‍ത്തിച്ചാല്‍ മതി പ്രവര്‍ത്തനം ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല എന്ന ആശയക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ സഹജമായ സ്വഭാവത്തെക്കുറിച്ച് ചോദിച്ചാല്‍ ഇതാണുത്തരം.

സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന ഈ കാലത്ത്, അതും മാധ്യമ രംഗത്തെപ്പോലുള്ള ഒരു പശ്ചാത്തലത്തില്‍ ഇത്രയും സാത്വികനായി ഒരാള്‍ കഴിഞ്ഞുപോയി എന്നു പറഞ്ഞാല്‍ അത് വിസ്മയം തന്നെയാണ്. വ്യക്തി ജീവിതത്തില്‍ അദ്ദേഹം തികഞ്ഞ സൂഫിയായിരുന്നു. അത് അദ്ദേഹം ആഘോഷമാക്കിയില്ലെന്നു മാത്രം. വളരെ കുറച്ചു മാത്രം സംസാരിച്ചു. എന്തെങ്കിലും ചിന്ത ബാക്കിവെക്കുന്ന തമാശകള്‍ മാത്രം പറഞ്ഞു. സഹപ്രവര്‍ത്തകരോട് നല്ല നിലയില്‍ പെരുമാറി. അദ്ദേഹത്തെക്കുറിച്ച് തമാശ പറയുകയോ നിരൂപിക്കുകയോ ചെയ്താല്‍ പ്രതികരണമായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എപ്പോഴെങ്കിലും തര്‍ക്കിച്ചിട്ടുണ്ടെങ്കില്‍ അത് ആശയപരമായി മാത്രവും. വിവരം മനുഷ്യനെ വിനയാന്വിതനാക്കുമെന്നത് അന്വര്‍ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

അപൂര്‍വമായി മാത്രം സംസാരിക്കാറുള്ള കുടുംബ വിശേഷങ്ങളില്‍ അദ്ദേഹം വീട്ടുകാരെക്കുറിച്ചും കുട്ടികളെക്കുറിച്ചും അഭിമാനപൂര്‍വം പറഞ്ഞതോര്‍ക്കുന്നു. ആ കുടുംബത്തിനിന്ന് അദ്ദേഹത്തിന്‍റെ തണലാണ് നഷ്ടമായത്. വിദ്യാര്‍ഥികളായ മൂന്ന് പേരുള്‍പ്പെടെ നാലു കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബമാണദ്ദേഹത്തിന്‍റേത്. ഗുരുവും വഴികാട്ടിയും സഹപ്രവര്‍ത്തകനും സുഹൃത്തുമൊക്കെയായി ജീവിച്ച ആ “വലിയ സഖാഫിയുടെ പാരത്രികം അല്ലാഹു വെളിച്ചമാക്കട്ടെ.

പി കെ എം അബ്ദുറഹ്മാൻ 

One Response to "വഴിപാടുകാലത്തെ നിലപാടു തീര്‍ച്ചകള്‍"

  1. NISHTHAR KK SHARJAH  February 4, 2014 at 9:46 am

    poor..

You must be logged in to post a comment Login