ഫുളൈല്‍; വീട്ടിലും മാറ്റങ്ങളുടെ സൗരഭ്യം

ഫുളൈല്‍;  വീട്ടിലും മാറ്റങ്ങളുടെ സൗരഭ്യം

ഹറമില്‍ ചെന്ന് ഫുളൈല്‍ കരയാന്‍ തുടങ്ങി. കഴിഞ്ഞകാല ദുഷ്ചെയ്തികള്‍ ഓര്‍മകളില്‍ കണ്ണീര്‍ക്കണങ്ങളായി വീണുടഞ്ഞു. ഇബ്നു ജൗസി മഹ്റാനുബ്നു അംറിനെ ഉദ്ധരിക്കുന്നു: അറഫയില്‍ രാത്രി നേരത്ത് ഞാന്‍ ഫുളൈലിനെ കണ്ടു. എന്‍റെ നാശം… എന്‍റെ പരാജയം… നീ എനിക്ക് മാപ്പ് തരൂ… ഇങ്ങനെയായിരുന്നു കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന.

പള്ളിയിലെ ചെരുവില്‍ കുറേനേരം നിസ്കാരത്തിലാവും. ഉറക്കം നിയന്ത്രിക്കാന്‍ സ്വല്‍പം കണ്ണടക്കും. പിന്നെയും പഴയ ഓര്‍മകള്‍ ഉറക്കുണര്‍ത്തും. പിന്നെപ്പിന്നെ അറിവുതേടിയുള്ള അലച്ചില്‍, ഹദീസു പഠനങ്ങളിലേക്കുകൂടി ശ്രദ്ധയെത്തി. ഫുളൈല്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. ഫുളൈല്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ കുടുംബത്തിലും മാറ്റങ്ങളായി ഇലാഹീകാരുണ്യം!

മകന്‍ അലി കരയുന്നത് കണ്ട് ഫുളൈല്‍ ചോദിച്ചു: എന്തിനാ കരയുന്നത്?
ഖിയാമത്നാളില്‍ നിങ്ങള്‍ക്കും ഞങ്ങളോടൊപ്പം കൂടാനാവില്ലേ എന്നോര്‍ത്ത്.

ബാപ്പാ, ദുനിയാവില്‍ നിങ്ങള്‍ക്കു എന്നെ തന്ന നാഥനോട് ആഖിറത്തിലും എന്നെ കിട്ടണമെന്ന് പറഞ്ഞാലും. ഒരിക്കല്‍ മകന്‍റെ അപേക്ഷ ഇതായിരുന്നു. എന്‍റെ കരളിന്‍റെ കഷ്ണമേ നിനക്കല്ലാഹുവിന്‍റെ സുകൃതമുണ്ടാകട്ടെ. ഫുളൈല്‍ മകനെ സന്തോഷിപ്പിച്ചു. നരകത്തിന്‍റെ ഭീതിയെ പരാമര്‍ശിക്കുന്ന അന്‍ആം അധ്യായം ഇരുപത്തിയേഴാം വചനം കേട്ടാണത്രെ ആ കുട്ടി മരിക്കുന്നത്. നരകത്തിനരികില്‍ നിര്‍ത്തപ്പെടും നേരം, ഞങ്ങളെയൊന്നു മടക്കി അയച്ചെങ്കില്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെ ഞങ്ങള്‍ തള്ളിപ്പറയില്ല, എന്തായാലും വിശ്വാസികളുടെ കൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കുക തന്നെ ചെയ്യും എന്ന ആശയമുള്ള വചനമാണ് അത്.
ഹാറൂന്‍ റശീദും സുഫ്യാനുബ്നു ഉയൈനയും ഫുളൈലിന്‍റെ വാക്കുകള്‍ കേട്ട് പൊട്ടിക്കരഞ്ഞവരാണ്. അത്ര ജീവനുണ്ടായിരുന്നു ഫുളൈലിന്‍റെ വാക്കുകള്‍ക്ക്. ആ ഫുളൈല്‍ മറ്റുള്ളവരില്‍ നിന്ന് നസ്വീഹത്ത് കൊതിച്ചു. ഭക്തയായ മകളുടെ ഉപദേശം കേട്ടിരിക്കുമായിരുന്നു ബാപ്പ.

മകളുടെ സുഖവിവരം തിരക്കാനൊരിക്കല്‍ ഫുളൈല്‍ വന്നപ്പോള്‍ അവള്‍ക്കസഹ്യമായ കൈവേദനയുണ്ടായിരുന്നു. കാര്യം കേട്ടപ്പോള്‍ ഫുളൈലിനു വിഷമം. അപ്പോള്‍ മകള്‍ അല്ലാഹു എനിക്കതിന്‍റെ പ്രതിഫലം നല്‍കിയിരിക്കുന്നു ഉപ്പാ… അവനോടുള്ള നന്ദി കൃത്യമായി വീട്ടാന്‍ എനിക്കാകില്ലല്ലോ. ഫുളൈലിന്നാശ്വാസമായി. ഒരിക്കല്‍ ഫുളൈല്‍ മകളുടെ കൂടെയിരിക്കുന്പോള്‍ മൂന്നു വയസ്സുള്ള മകനും കൂട്ടിരിക്കാന്‍ വന്നു. ഫുളൈല്‍ മകനെ വാരിയെടുത്ത് ചുംബിച്ചു. ഇതു കണ്ട് മകളുടെ ചോദ്യം: ഉപ്പാ ശരിക്കും ഇവനെ സ്നേഹിക്കുന്നുണ്ടോ?
എന്താ സംശയം, ഞാന്‍ അവനെ വളരെയധികം സ്നേഹിക്കുന്നു.

എന്താണുപ്പാ നിങ്ങളിപ്പറയുന്നത്? ഞാന്‍ കരുതിയത് നിങ്ങള്‍ അല്ലാഹുവിനെയാണ് സ്നേഹിക്കുന്നതെന്നാണ്. നിങ്ങളിവനെയും സ്നേഹിക്കുകയാണോ? ഫുളൈലിനു കാര്യം മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു: മക്കളെ സ്നേഹിക്കണ്ടേ?

പറ്റില്ല, സ്രഷ്ടാവിനെയാണ് സ്നേഹിക്കേണ്ടത്, മക്കളോട് കാരുണ്യം കാണിക്കുക. ഇലാഹീ സ്നേഹത്തില്‍ ദീര്‍ഘദൂരം സഞ്ചരിച്ച മകളുടെ കാര്യമോര്‍ത്ത് ഫുളൈല്‍ തന്‍റെ നിസ്സാരത പ്രകടിപ്പിച്ചു. മറ്റുള്ളവരുടെ സാരോപദേശങ്ങള്‍ കൊതിച്ച ഫുളൈലിന്ന് സ്വന്തം മകനും മകളും തന്നെ അക്കാര്യത്തില്‍ അത്യഗാധമായ വഴികള്‍ തുറന്നുകൊടുത്തു.

ഉപദേശം തേടി വരുന്നവര്‍ക്കാദ്യം പകരുന്നത്, ഇലാഹീ തീര്‍പ്പുകള്‍ തൃപ്തിപ്പെട്ട് വഴങ്ങുന്നതിന്‍റെ പ്രാധാന്യമായിരുന്നു. ബിശ്റുല്‍ഹാഫി വന്നിരുന്നപ്പോള്‍ പറഞ്ഞതും മറ്റൊന്നല്ല! ബിശ്റ്! അല്ലാഹുവിന്‍റെ തൃപ്തിനേടലാണ് ഐഹിക പരിത്യാഗത്തേക്കാള്‍ നല്ലത്. അതെങ്ങനെ?. ബിശ്ര്‍ ചോദിച്ചു. ചോദിച്ചത് സ്വീകരിച്ചാലും നിരസിച്ചാലും ഒരേപോലെ അല്ലാഹുവിന്‍റെ വിധി, നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതാണ് പരിത്യാഗം. അല്ലാഹുവിന്‍റെ തീര്‍പ്പില്‍ സംതൃപ്തനാവുന്നതില്‍ ഇതൊക്കെയും അടങ്ങിയിട്ടുണ്ട്.

ഇബ്റാഹീമുബ്നു അശ്അസ് പറയുന്നു: ഒരിക്കല്‍ ഫുളൈല്‍ തന്നോട് തന്നെ പറയുന്നു: ഛെ സ്വര്‍ഗത്തില്‍ പാര്‍ക്കാനാണ് വിചാരം. അന്പിയാക്കളോടും സതീര്‍ത്ഥ്യരോടുമൊപ്പം ചേര്‍ന്ന് അല്ലാഹുവിനെ കണ്‍പാര്‍ക്കാനും! തിരുനബിക്കൊപ്പം അണിചേരാനും പൂതിയുണ്ട്. പരമ വിഡ്ഢീ എങ്ങനെ നിനക്കിത് സാധിക്കും! അല്ലാഹുവിനെ കോപിച്ചവനാണ് നീ… അല്ലാഹുവിന്‍റെ തൃപ്തിക്കുവേണ്ടി ഏത് ബന്ധമാണ് നീ വെടിഞ്ഞത്? ഏത് അകന്നവനെയാണ് അടുപ്പിച്ചത്? നീ ഇഷ്ടപ്പെടുന്ന ഏതൊരാള്‍ അതൃപ്തികരമായ കാര്യം ചെയ്തപ്പോഴാണ് അല്ലാഹുവിനു വേണ്ടി നീ കോപിച്ചത്? ഇതൊന്നുമില്ല. അവന്‍റെ മാപ്പ്, അവന്‍റെ അനുഗ്രഹം.. ഇതുകൊണ്ട് മാത്രം നാം നന്മ ചെയ്തിട്ടില്ല. തിന്മകള്‍ ധാരാളം ചെയ്തു. പക്ഷേ, അവന്‍റെ റഹ്മത് അതൊന്നില്‍ മാത്രമാണ് പ്രതീക്ഷ.

ഫുളൈലില്‍ നിന്നു ഹദീസുകള്‍ കേട്ട് പഠിക്കാനെത്തുന്നവര്‍ ധാരാളമായിരുന്നു. അവര്‍ ഫുളൈലിന് ചുറ്റുമിരുന്നു കേട്ടതു പകര്‍ത്തി. പഠിതാക്കള്‍ സദസ്സ് പിരിഞ്ഞാല്‍ സ്വന്തത്തോട് ഫുളൈല്‍ പറഞ്ഞുകൊണ്ടിരുന്നു: മതി, മതി നീയാണല്ലോ ഹദീസ് പഠിപ്പിക്കുന്നത്? നീ അതിന് അര്‍ഹനാണോ? പരമവിഡ്ഢീ, നിനക്കു ലജ്ജയില്ലേ? സ്വന്തം ഏതവസ്ഥയിലായിരുന്നുവെന്ന് നിനക്കറിയുമോ? അവര്‍ അതറിഞ്ഞിരുന്നുവെങ്കില്‍ നിന്‍റെയടുക്കല്‍ ഒരിക്കലുമവര്‍ ഇരിക്കുകയില്ലായിരുന്നു. ഹദീസ് കേള്‍ക്കുകയോ പകര്‍ത്തുകയോ ഇല്ലായിരുന്നു!.

നിനക്ക് മരണത്തെ ഓര്‍മയില്ലേ? മരണത്തിന് നിന്‍റെ ഹൃദയത്തില്‍ ഒരു സ്ഥാനവുമില്ലേ? നിന്നെ എപ്പോള്‍ പിടിച്ചു വലിച്ച് പരലോകത്തേക്കെറിയുമെന്ന് നിനക്കറിയാമോ? ഖബ്റില്‍ ഒറ്റക്ക് ഇടുങ്ങി ഞെരുങ്ങിയങ്ങനെ? അതല്ല, നീ ഖബ്ര്‍ കണ്ടിട്ടുണ്ടോ? അവര്‍ എങ്ങനെ മറമാടുന്നുവെന്ന്? മണ്ണറയിലേക്ക് ഏതു വിധം താഴ്ത്തിവെക്കുന്നുവെന്ന്? ശേഷം അവര്‍ അതിനുമേല്‍ മണ്ണും കല്ലും എറിഞ്ഞ് പിടിപ്പിക്കുന്നുവെന്ന്?

സംഗ്ര. വിവ. ടി ടി ഇര്‍ഫാനി
ഡോ. സഈദ് റമളാന്‍ ബൂത്വി

You must be logged in to post a comment Login