വിരുന്നു വരുന്നോ?

വിരുന്നു വരുന്നോ?

അടുപ്പില്‍ തീ ആളിക്കത്തിയാല്‍ വിരുന്നുകാര്‍ വരുമെന്നു പറഞ്ഞ് അരിയുടെ അളവ് കൂട്ടിയിരുന്ന ഉമ്മമാര്‍ ഉണ്ടായിരുന്നു. കാക്ക വാഴക്കൈയിലിരുന്നാലും വിരുന്നുവരവു പ്രതീക്ഷിച്ചിരുന്നു.

സംഗതി വെറുമൊരു വിശ്വാസമാണെന്നതു ശരി. പക്ഷേ, അംഗീകരിക്കേണ്ട ഒന്ന് അതിലുണ്ട്; വിരുന്നുകാരുടെ വരവില്‍ സന്തോഷിക്കുന്ന മനസ്സ്.

അതിഥികള്‍ക്കും ധ്യൈമായിട്ട് വരാമായിരുന്നു. സദ്യയും വിഭവങ്ങളുമൊക്കെ കുറവായിരിക്കാം. പക്ഷേ, മനസ്സു നിറയും ആതിഥേയരുടെ പെരുമാറ്റം കൊണ്ട്.

അതൊരു കാലം.
ഇക്കാലം അതിഥികളില്ലാത്ത കാലം.

ഗ്യാസടുപ്പും ഇന്‍ഡക്ഷന്‍ കുക്കറും, മൈക്രോ വേവ് ഓവനും മറ്റുമായതിനാല്‍ തീ ആളാറില്ല. വിരുന്നുകാര്‍ വരാറുമില്ല. വരുന്നത് ഇഷ്ടവുമല്ല.

ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കലും വിരുന്നും സന്ദര്‍ശനവുമൊക്കെ പുണ്യമാണെന്നറിയുന്നവര്‍ക്കും ഇന്നതിനു താല്‍പര്യമില്ലാതായി. കാരണമുണ്ട്.

ആരും വേണ്ട, ഞാന്‍, എന്‍റെ കുടുംബം, എന്‍റെ ലോകം എന്നു ചിന്തിക്കുന്ന ഭര്‍ത്താവ്. സിനിമയിലും സീരിയലിലും മുഴുകുന്ന ഭാര്യ. അപ്പോള്‍ ഒരു കാളിംഗ്ബെല്‍ ആര്‍ക്കാണിഷ്ടം? ചിരിച്ചു വരവേല്‍ക്കാന്‍ അഭിനയിച്ചാലും മുഖത്തു കാണാം ഒരു കട്ടുറുന്പ് കടന്നതിന്‍റെ അലോസരം. സീരിയല്‍ മുറിഞ്ഞതിന്‍റെ സങ്കടം. പിന്നെങ്ങനെ അതിഥി വരും? അതിഥിയെ ആദരിക്കാത്ത സമൂഹങ്ങളും സംസ്കാരങ്ങളുമുണ്ടായിരുന്നില്ല. പക്ഷേ, ആദരവ് പോയിട്ട് അവഹേളനമാണിന്ന് അതിഥിക്ക്. അതാണിന്ന് വിരുന്നുകാരില്ലാത്തത്.

ബന്ധുക്കളല്ലാത്തവര്‍ ഏതായാലുമില്ല. കുടുംബക്കാരെങ്കിലും ഇടക്കൊന്നു വിരുന്നുകാരാകണ്ടേ? ഇടക്ക് അവരുടെ ആതിഥേയരാവണ്ടേ? കുടുംബങ്ങള്‍ കുഞ്ഞുകുട്ടി സഹിതം ഒരൊത്തുകൂടല്‍. വിശേഷങ്ങള്‍ പങ്കുവച്ച് ഒരു സംഗമം എത്ര ആഹ്ലാദകരം! ഓര്‍ത്തു നോക്കൂ, വിരുന്നുവരാറുണ്ടായിരുന്നവരും വരാതായത് എന്തുകൊണ്ട്? നിങ്ങളുടെ വാക്കില്‍, പെരുമാറ്റത്തില്‍ ഒരനിഷ്ടം ഒരിക്കല്‍ അനുഭവപ്പെട്ടതുകൊണ്ടല്ലേ? നിങ്ങള്‍ വിരുന്ന പോകാതായതും അതുകൊണ്ടാണോ?

അതോ ആധുനിക കാലത്ത് ആര്‍ക്കാണതിന് സമയം എന്നു ചിന്തിച്ചോ? അതൊരു വിലകുറഞ്ഞ ഏര്‍പ്പാടാണെന്നു കരുതിയോ?

എന്നാല്‍ അറിയുക, ഇസ്ലാമില്‍ വിലയുള്ളതാണ് വിരുന്ന്. അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ അതിഥിയെ ആദരിക്കട്ടെ എന്നാണ് നബി(സ) പറഞ്ഞത്. സല്‍ക്കരിക്കാന്‍ ശേഷിയുള്ള വിഭവസമൃദ്ധ സദ്യതന്നെ നല്‍കാന്‍ ശേഷിയുള്ള കാലത്താണ് നമുക്ക് സല്‍ക്കാര വൈമുഖ്യം. എന്നാല്‍ തിരുനബി(സ)യുടെ അനുചരന്മാരെ നോക്കൂ. ഇല്ലായ്മയുടെ കാലത്ത് ഉള്ളത് അതിഥിക്കു കൊടുത്തവരാണവര്‍; അതും ബന്ധുക്കളല്ലാത്തവര്‍ക്ക്.

വിശന്നു വലഞ്ഞ ഒരാള്‍ നബി(സ)യുടെ അടുത്തു വന്നു സങ്കടം പറഞ്ഞു. നബി(സ) ഒരു ഭാര്യയുടെ അടുത്തേക്ക് ആളയച്ചു; വീട്ടില്‍ വല്ലതും ഉണ്ടോ എന്നു നോക്കാന്‍.

അവര്‍ പറഞ്ഞയച്ചു : അങ്ങയെ സത്യവുമായി അയച്ചവനാണ, എന്‍റെടുത്ത് വെള്ളമല്ലാതെ ഒന്നുമില്ല.

പിന്നെ മറ്റൊരു ഭാര്യയുടെ അടുത്തേക്ക്. അവരും പറഞ്ഞയച്ചത് ഇതു തന്നെ. എല്ലാ ഭാര്യമാരില്‍ നിന്നും ഇതേ മറുപടി കിട്ടിയപ്പോള്‍ നബി(സ) സ്വഹാബികളോടു ചോദിച്ചു:
ഈ രാത്രി ഇദ്ദേഹത്തെ ആര് സല്‍കരിക്കും? അല്ലാഹു അയാള്‍ക്ക് കാരുണ്യം ചൊരിയട്ടെ.

അന്‍സ്വാരികളിലൊരാള്‍ എഴുന്നേറ്റു പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, ഞാന്‍.

അതിഥിയെ അദ്ദേഹം വീട്ടിലേക്കു കൊണ്ടുപോയി.
ഭാര്യയോടു ചോദിച്ചു: ഇവിടെ വല്ലതുമുണ്ടോ?
ഭാര്യ പറഞ്ഞു: ഇല്ല, കുട്ടികള്‍ക്കുള്ള ഭക്ഷണമല്ലാതൊന്നുമില്ല.
നീ എന്തെങ്കിലും പറഞ്ഞ് സമയം നീട്ടി ഭക്ഷണ നേരമാകുന്പോഴേക്ക് അവരെ ഉറക്ക്. വിരുന്നുകാരന്‍ ഭക്ഷണത്തിന് വരുന്പോള്‍ വിളക്ക് അണക്ക്. നമുക്ക് തിന്നുംപോലെ അഭിനയിക്കാം.
വീട്ടുകാര്‍ക്ക് ഭക്ഷണമില്ലെന്നറിയുന്നത് അതിഥിക്ക് വിഷമമാകുമല്ലോ. അതറിയാതിരിക്കാനുള്ള സൂത്രം.
ഭാര്യ അങ്ങനെ ചെയ്തു. ഉള്ളത് അതിഥി തിന്നു. അവര്‍ പട്ടിണി കിടന്നു.

രാവിലെ നബി(സ) പറഞ്ഞതിങ്ങനെ: നിങ്ങള്‍ വിരുന്നുകാരനെ സല്‍ക്കരിച്ച രീതിയില്‍ അല്ലാഹു ആശ്ചര്യപ്പെട്ടിരിക്കുന്നു.
നല്ല കാര്യത്തിന്നു മടിച്ചു നില്‍ക്കാത്ത ഉദാരമതിയായ ഭര്‍ത്താവും പരിഭവമേതുമില്ലാത്ത സഹകാരിയായ ഭാര്യയും.
ഈ വീട്ടുകാരനും വീട്ടുകാരിയുമാകാന്‍ നമുക്കു കഴിയുമോ?

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login