മുസഫര്‍നഗറിലെ പെണ്‍മുറിവുകള്‍

മുസഫര്‍നഗറിലെ പെണ്‍മുറിവുകള്‍

മുസഫര്‍നഗര്‍ ടൗണില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയാണ് ലാക്ബൗഡി ഗ്രാമം. ഉത്തര്‍ പ്രദേശിലെ ശാംലി ജില്ലയിലെ ഈ ഗ്രാമം പാകമായിരിക്കുന്ന കരിന്പിന്‍ തോട്ടങ്ങള്‍ക്ക് നടുവിലാണ്. തട്ടിക്കൊണ്ടുപോയ ഒരാളെ ഒളിപ്പിക്കാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലം കരിന്പിന്‍ തോട്ടമാണ് എന്നത് ഉത്തരേന്ത്യയിലെ ഒരു നാട്ടു തമാശയാണ്.

എന്നാല്‍ ഈ കൊയ്ത്തു കാലത്ത് ലാക്ബൗഡിലെ കരിന്പിന്‍ പാടങ്ങള്‍ക്ക് ഒട്ടും തമാശകലരാത്ത, തീര്‍ത്തും ഗൗരവമുള്ള കഥകളാണ് പറയാനുള്ളത്. അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയുടെ മൃതദേഹം അടുത്തിടെ ഈ ഗ്രാമത്തില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണം ഞങ്ങളെ കൊണ്ടെത്തിച്ചത് മുസഫര്‍നഗര്‍ കലാപത്തെ തുടര്‍ന്ന് വിവിധ അഭയാര്‍ത്ഥി ക്യാന്പുകളില്‍ നരകതുല്യമായി ജീവിക്കുന്ന ആയിരക്കണക്കിന് മുസ്ലിം സ്ത്രീകള്‍ക്കിടയിലേക്കാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗ്രാമമുഖ്യന്‍റെ അറിവോടെ ഒരു സമൂഹത്തിന്‍റെ ജീവനും സ്വത്തിനും മാനാഭിമാനങ്ങള്‍ക്കുമെതിരെ നടന്ന അതിനിഷ്ഠൂരമായ വംശവെറിയുടെ കഥകളിലേക്ക്.

ഇനി ലാക്ബൗഡിയിലെ മധ്യവയസ്കനായ ആബിദ് പറയട്ടെ അന്നു രാവിലെ 7.30 ആയപ്പോഴാണ് ഒരു സംഘം ആളുകള്‍ ഞങ്ങളുടെ വീടിനു മുന്നിലെത്തിയത്. ജീവന്‍ വേണമെങ്കില്‍ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടാനാണ് അവര്‍ ആദ്യം തന്നെ ആക്രോശിച്ചത്. ഞങ്ങള്‍ ബില്ലു പ്രധാന്‍റെ വീട്ടിലേക്ക് സഹായം തേടി ഓടിപ്പോയി. ഗ്രാമത്തലവനായി തിരഞ്ഞെടുക്കപ്പെട്ട സുധീര്‍ കുമാറാണ് ഗ്രാമീണരുടെ ബില്ലുപ്രധാന്‍.
ഞങ്ങള്‍ ബില്ലുപ്രധാനോട് സഹായം ചോദിച്ച് ചെന്നപ്പോള്‍ ഒന്നും സംഭവിക്കില്ല എന്നായിരുന്നു അയാള്‍ ഞങ്ങളോട് പറഞ്ഞത്. ആബിദ് അല്‍പം അമര്‍ഷത്തോടെ പറഞ്ഞു അങ്ങനെ ഞങ്ങള്‍ എല്ലാവരും ബില്ലുപ്രധാന്‍റെ മുറ്റത്ത് തടിച്ചുകൂടി. കുറച്ചുപേര്‍ മറ്റു സ്ഥലങ്ങളിലേക്കും ഓടിപ്പോയി.

ബില്ലുപ്രധാന്‍റെ വീട്ടില്‍ വലിയൊരു പൂന്തോട്ടമുണ്ട്. കവാടത്തില്‍ തന്നെ വൃത്തിയായി വെട്ടിയൊതുക്കിയ റോസ് ചെടികള്‍. മൂന്ന് ട്രാക്ടര്‍ ട്രോളികള്‍ മുറ്റത്തിന്‍റെ ഇടതു വശത്തുണ്ട്. അഞ്ച് കാളകള്‍ വലതു വശത്തും. ജാട്ടുകളുടെ സംസ്കാരം വിളിച്ചോതുന്ന രീതിയില്‍ സന്ദര്‍ശകര്‍ക്കുള്ള ചെറിയൊരു കെട്ടിടം വീടിനോട് ചേര്‍ന്നുണ്ട്. അവിടെ പായയും ഹുക്കയുമൊക്കെയുണ്ട്. വലിയ ഒരു നടുമുറ്റവുമുണ്ട്. ആബിദ് ഒന്നും വിടാതെ ഓര്‍ക്കുകയാണ്. ആബിദിന്‍റെ ഉമ്മയും മറ്റു സ്ത്രീകളുമടക്കം മുപ്പത് പേരാണ് രാവിലെ ബില്ലുപ്രധാന്‍റെ വീട്ടുമുറ്റത്ത് സഹായം ചോദിച്ചെത്തിയത്.

ബംഗ്ലാവിന്‍റെ കോംപൗണ്ടിനുള്ളില്‍ പ്രധാന്‍ ഞങ്ങള്‍ക്കൊരു സുരക്ഷിത സ്ഥലം കാണിച്ചു തന്നു. ഞങ്ങള്‍, ജീവനില്‍ കൊതിയുള്ളവര്‍ അങ്ങോട്ടു ചെന്നു നോക്കുന്പോള്‍ അതു തന്നെയാണ് അക്രമികളുടെ താവളം. എന്‍റെ വല്യുപ്പയുടെ അമ്മാവന്‍ എന്‍റെ കണ്‍മുന്നിലാണ് വെട്ടേറ്റ് പിടഞ്ഞു മരിച്ചത്. ഉടന്‍ ഞാനും കുടുംബത്തിലെ മറ്റുള്ളവരും അടുത്തുള്ള കരിന്പിന്‍തോട്ടത്തിലൊളിച്ചു. ആബിദ് പോലീസിനെ മൊബൈലില്‍ വിളിച്ചു. അവര്‍ വന്നു. പക്ഷേ, എല്ലാം കഴിഞ്ഞ് നാല് മണിക്കൂറിനു ശേഷം ഉച്ചക്ക് 12.30ന് മാത്രം. എന്‍റെ ഗ്രാമത്തില്‍ നിന്നുള്ള എണ്‍പത് ആളുകള്‍ക്ക് അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഡിസംബര്‍ എട്ടിന് തന്നെ ആബിദിന്‍റെ വല്യുപ്പയുടെ ജഡം കണ്ടെത്തിയിരുന്നു. പിറ്റേന്നാണ് നഗ്നമാക്കപ്പെട്ട നിലയില്‍ ഉമ്മയുടെ ശരീരം കണ്ടെത്തിയത്. അന്ന് അവശേഷിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഗാസിയാബാദ് ജില്ലയിലെ ലോണിയിലെ അഭയാര്‍ത്ഥി ക്യാന്പിലേക്ക് ആബിദ് കുടിയേറി.

ശാംലി, മുസഫര്‍നഗര്‍ ജില്ലകളില്‍ നിന്നുള്ള കലാപബാധിതര്‍ കഴിയുന്ന പതിനാല് ക്യാന്പുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. ശാംലി ജില്ലയിലെ കാന്ത്ലയിലെ ക്യാന്പില്‍ ഞങ്ങളെത്തുന്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. തദ്ദേശീയരുടെ സാന്പത്തിക സഹായം കൊണ്ട് മുന്നോട്ടു പോവുന്ന ഈ അഭയാര്‍ത്ഥി ക്യാന്പില്‍ 12,000ത്തിലധികം കലാപബാധിതര്‍ കഴിയുന്നു. മഴ പെയ്യുന്ന സമയത്ത് വെള്ളം ഒലിച്ചിറങ്ങുന്ന തന്പുകളിലുള്ളവര്‍ പ്രദേശത്തെ മദ്രസകളിലാണ് അന്തിയുറങ്ങാനെത്തുന്നത്. മദ്രസയുടെ താഴെ നിലയിലും ഒന്നാമത്തെ നിലയിലും മുഴുവന്‍ സ്ത്രീകളാണ്. അവിടെ ഒരു കൂട്ടം സ്ത്രീകള്‍ക്കിടയില്‍ ഇരിക്കുന്ന ശബാന ഞങ്ങളോട് സംസാരിച്ചു തുടങ്ങി. മുപ്പത് വയസ്സുള്ള ശബാന ലക്ബൗഡി ഗ്രാമത്തില്‍ നിന്നാണ് അഭയാര്‍ത്ഥി ക്യാന്പിലെത്തിയത്. മുഖം കരിവാളിച്ച് നീര്‍ക്കെട്ടിയിരിക്കുന്നു. ഡോക്ടര്‍മാര്‍ കൊടുത്ത മരുന്ന് അവരുടെ കയ്യിലുണ്ട്. എന്തു പറ്റി?

എന്‍റെ വീട് അവര്‍ കത്തിച്ചു. എന്‍റെ രണ്ട് കുട്ടികളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന രണ്ട് കാളകളെയും അവര്‍ ചുട്ടുകൊന്നു. തീര്‍ത്തും നിര്‍വ്വികാരമായാണ് ശബാനയുടെ സംസാരം. മക്കളുടേ പേര്?, എങ്ങനെ കലാപ സമയത്ത് രക്ഷപ്പെട്ടു?

ഞങ്ങള്‍ ചോദിച്ചു.
എന്‍റെ കാളകളെ അവര്‍ കത്തിച്ചു. അതേ നിര്‍വ്വികാരത. ശരിയായ ഉത്തരങ്ങള്‍ക്ക് കാതോര്‍ത്ത് ഒരു മണിക്കൂറോളം ഞങ്ങള്‍ കാത്തിരുന്നു. അവസാനം സപ്തംബര്‍ 8ന് സംഭവിച്ചത് ശബാന ഓര്‍ത്തെടുക്കാന്‍ തുടങ്ങി. അവര്‍ രാവിലെ എട്ട് മണിക്കാണ് വന്നത് ഇരുപത് പുരുഷന്മാര്‍. ഞാന്‍ പാചകത്തിലായിരുന്നു. അലക്കുകാരനായ ഭര്‍ത്താവ് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലും. അവര്‍ അക്രമണം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കുട്ടികളോടൊപ്പം ജീവനും കൊണ്ടോടി. ഗ്രാമമുഖ്യനായ ബില്ലു പ്രധാന്‍റെ വീട്ടിലേക്ക് ഓടുന്പോള്‍ ഞങ്ങളുടെ വീട് പൂര്‍ണമായും കത്തിച്ചാന്പലാവുന്നത് കണ്ടു. ഈ തിരക്കിനിടയിലാണ് എന്‍റെ കുട്ടികളെ കാണാതായത്.

ശബാനയും ഭര്‍ത്താവും ബില്ലുപ്രധാന്‍റെ കേംപൗണ്ടിനുള്ളില്‍ രക്ഷതേടിയെത്തി. അരമണിക്കൂറിനുള്ളില്‍ ഗ്രാമത്തിലെ ഒരു കൂട്ടം ആളുകള്‍ ഗേറ്റ് തുറന്ന് ഉള്ളില്‍ കയറി ഞങ്ങളെ അക്രമിച്ചു. എന്‍റെ മുന്നില്‍ വെച്ച് ഭര്‍ത്താവിനെ അവര്‍ കൊന്നു.
ശബാനയെ അവര്‍ അക്രമിച്ചോ?

മൗനം. ഞാനൊരുത്തരത്തിനായി വീണ്ടും ശ്രമിച്ചു. അപ്പോള്‍ ശബാന പിറുപിറുത്തു. അവര്‍ ഞങ്ങളെ നഗ്നരാക്കി. ഞങ്ങളില്‍പെട്ട പലരുടെയും ചാരിത്ര്യം അവര്‍ കവര്‍ന്നു. ശബാനയുടെ ശബ്ദമിടറിയിരുന്നു. പുരുഷന്മാരെ അവര്‍ വെട്ടി നുറുക്കി. ശേഷം സ്ത്രീകളെ നഗ്നരാക്കി പീഡിപ്പിച്ചു. ഞാനും രണ്ട് സ്ത്രീകളും വീടിനു പിന്നില്‍ ഒളിച്ചു. പിന്നെ എനിക്കൊന്നും ഓര്‍മയില്ല. ആരോ ഒരാള്‍ ശരീരം മറയ്ക്കാന്‍ എനിക്കൊരു കുര്‍ത്ത തന്നു.

കാന്ത്ല ബ്ലോക്കിലെ മുനിസിപ്പല്‍ ചെയര്‍മാന്‍ ഹാജി വാജിദ് ഹസന്‍റെ ട്രോളിയിലാണ് ശബാനയും മറ്റു സ്ത്രീകളും പിന്നീട് രക്ഷപ്പെട്ടത്. അവര്‍ക്ക് ആര്‍ക്കും തന്നെ വസ്ത്രങ്ങളുണ്ടായിരുന്നില്ല. കാന്ത്ലയിലെ ഖുര്‍ഷിദ പറഞ്ഞു അന്ന് വൈകുന്നേരം ഞങ്ങള്‍ വസ്ത്രം സംഘടിപ്പിച്ചാണ് ഇവര്‍ക്ക് ഉടുക്കാന്‍ കൊടുത്തത്. കലാപം കഴിഞ്ഞ് മൂന്നു മാസമായിട്ടും ശബാനയുടെ രണ്ടാം ക്ലാസുകാരന്‍ ശാഹിദും അഞ്ചില്‍ പഠിക്കുന്ന ത്വാഹിറും എവിടെയാണെന്നറിയില്ല.

ശബാനയുടേത് ഒറ്റപ്പെട്ട സംഭവമല്ല. അഭയാര്‍ത്ഥി ക്യാന്പിലെ സബ്റയും തീവ്ര ദുഃഖത്തോടെയാണ് സംസാരിച്ചു തുടങ്ങിയത്. പന്ത്രണ്ട് വയസ്സുള്ള മകള്‍ സാജു തൊട്ടടുത്തുണ്ട് ഞാനും ഭര്‍ത്താവും ഞങ്ങളുടെ മൂന്നു പെണ്‍മക്കളുമായാണ് അന്ന് രാവിലെ ബില്ലുപ്രധാന്‍റെ വീട്ടിലേക്ക് ഓടിച്ചെന്നത്. എന്‍റെ മൂത്ത മകന്‍ ഒരു വാഹനം തരപ്പെടുത്താന്‍ പുറത്തേക്ക് പോയിരുന്നു. എന്‍റെ ഭര്‍ത്താവ് ട്യൂബര്‍കുലോസിസ് രോഗിയാണ്. ഗ്രാമമുഖ്യനായ ബില്ലുപ്രധാന്‍ ഞങ്ങളെ സഹായിക്കും എന്നു കരുതിയാണ് അവിടെയെത്തിയത്. എന്നാല്‍ പതിനഞ്ച് മിനുട്ടിനകം അക്രമികള്‍ വന്ന് ഭര്‍ത്താവിന്‍റെ കഴുത്തിന് വെട്ടി കൊലപ്പെടുത്തി. അപ്പോഴേക്കും സബ്റ കരഞ്ഞു തുടങ്ങിയിരുന്നു.

നിങ്ങളുടെ പെണ്‍മക്കള്‍?
അപ്പോള്‍ അവര്‍ കൈകൊണ്ട് ചുണ്ട് അമര്‍ത്തിപ്പിടിച്ച് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ഒന്നും പറഞ്ഞില്ല. ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ വീണ്ടും കരഞ്ഞു.
ഞാന്‍ എങ്ങനെ അത് പറയും? മകള്‍ സജുവിനെ നോക്കി അവര്‍ പറഞ്ഞു അത് ഞാന്‍ ആരോടെങ്കിലും പറഞ്ഞാല്‍ ഈ സജുവിനെ ആര് വിവാഹം കഴിക്കും?

അല്‍പം കഴിഞ്ഞപ്പോള്‍ സബ്റ വീണ്ടും സംസാരിച്ചു അവര്‍ ആദ്യം എന്‍റെ മൂത്തമകളെ തള്ളിയിട്ട് വസ്ത്രമുരിയാന്‍ തുടങ്ങി. രണ്ട് യുവാക്കള്‍ അവളെ നിലത്ത് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തു. ശേഷം അവര്‍ എന്‍റെ രണ്ടാമത്തെ മകളെ അക്രമിച്ചു. വലിയ വടികൊണ്ട് അവളുടെ സ്വകാര്യസ്ഥലത്ത് മര്‍ദ്ദിച്ചു. പിന്നീട് മറ്റു പെണ്‍കുട്ടികളെയും അവര്‍ അക്രമിച്ചു. ഒരു മണിക്കൂറിന് ശേഷം പ്രധാന്‍റെ ഗേറ്റ് തുറന്നപ്പോള്‍ സജുവിനെയും കൂട്ടി സബ്റ അടുത്തുള്ള കാട്ടിലൊളിച്ചു. അന്ന് രാത്രിയും പിറ്റേന്ന് പകലും നടന്ന് അവര്‍ കാന്ത്ലയിലെ അഭയാര്‍ത്ഥി ക്യാന്പിലെത്തി. വാഹനം വിളിക്കാന്‍ പോയ മകന്‍ റാശിദിനെ ക്യാന്പില്‍ വെച്ച് സബ്റ കണ്ടുമുട്ടി. അവന്‍ ഇപ്പോള്‍ നഷ്ടപ്പെട്ട സഹോദരിമാരെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ലൈംഗികാതിക്രമങ്ങളെപ്പറ്റി സംസാരിക്കാന്‍ ക്യാന്പിലെ ആരും തയ്യാറാവുന്നില്ല എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. മുസഫര്‍നഗറിലെ ഗംഗേരു എന്ന ചെറിയ ടൗണിലെ മദ്രസയില്‍ കലാപം ബാധിച്ച ഇരുപത്തൊന്ന് ഗ്രാമങ്ങളില്‍ നിന്നുള്ള 400 പേര്‍ താമസിക്കുന്നുണ്ട്. ഈ ക്യാന്പിലെ സ്ത്രീകള്‍ ആരെങ്കിലും കലാപസമയത്തെ ബലാത്സംഗത്തെപ്പറ്റി പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ മദ്രസയുടെ കാര്യദര്‍ശി മുഹമ്മദ് സനാഉല്ല പറഞ്ഞതിങ്ങനെയാണ് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രൂരമായി അക്രമിക്കപ്പെട്ടിട്ടുണ്ട്. എന്‍റെ ആത്മാര്‍ത്ഥമായ ഉപദേശം അതൊക്കെ മറന്നു കളയണമെന്നാണ്. ഇതിനെക്കുറിച്ച് പീഡനത്തിനിരയായ സ്ത്രീകള്‍ ആരോടെങ്കിലും സംസാരിച്ചാല്‍ സ്വന്തം കുടുംബം അവരെ കയ്യൊഴിയും. ഭീതി അവരെ ഇതുവരെയും വിട്ടുപോയിട്ടില്ല.

ഗംഗേരു ക്യാന്പിലെത്തുന്പോള്‍ ഒരു കൂട്ടം സ്ത്രീകള്‍ സാബിഹക്ക് ചുറ്റുമിരിക്കുന്നുണ്ടായിരുന്നു. അഭയാര്‍ത്ഥി ക്യാന്പിലെത്തി മൂന്നാം നാള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തവളാണ് സാബിഹ. അവിടെയുണ്ടായിരുന്ന സ്ത്രീകളോട് ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരേ സ്വരത്തില്‍ അവര്‍ പറഞ്ഞത് അത് സംഭവിക്കുന്നതിന് മുന്പ് ഞങ്ങള്‍ ഓടിപ്പോന്നു എന്നാണ്. യഥാര്‍ത്ഥത്തില്‍ ലൈംഗികാപവാദം ഭയന്നാണ് ഈ സ്ത്രീകള്‍ പീഡനത്തെക്കുറിച്ച് മിണ്ടാതിരുന്നത്. ഇനിയും അക്രമിക്കപ്പെട്ടേക്കുമോ എന്ന ഭയം ഇപ്പോഴും ക്യാന്പില്‍ കഴിയുന്ന സ്ത്രീകള്‍ക്കുണ്ട്.

ക്യാന്പ് വിടാനൊരുങ്ങുന്പോള്‍ ഇരുപതോളം സ്ത്രീകള്‍ ഞങ്ങളുടെ പിന്നാലെ വന്നു. സ്ത്രീകള്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട് എന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാം? അവരിലൊരാളായ ശാമ ചോദിച്ചു മറ്റു ക്യാന്പുകളിലെ സ്ത്രീകള്‍ പറഞ്ഞു. ഞാന്‍ ശാമയോട് പറഞ്ഞു. അത് ശരിയാണ്. അവള്‍ തുറന്ന് പറഞ്ഞു. വല്ലാത്ത വേദനയുണ്ട്. ക്യാന്പിലെ ഡോക്ടറോട് പോലും എനിക്ക് ഇത് പറയാനാവില്ല. ഇവിടുത്തെ സ്ത്രീകളാണ് എനിക്ക് നാടന്‍ മരുന്ന് തന്നത്.

ശാമയുടെ ഭര്‍ത്താവ് ഇഖ്ബാലും സഹോദരന്‍ തഹ്രീറും സപ്തംബര്‍ എട്ടിന് ലക്ബൗഡിയില്‍ കൊല്ലപ്പെട്ടു. ഞാന്‍ എന്‍റെ ആറ് കുട്ടികളെയും കൂട്ടി ബില്ലുപ്രധാന്‍റെ വീട്ടില്‍ അഭയം തേടിയെത്തി. എന്‍റെ മൂന്നു വയസ്സുള്ള മകളുടെ രണ്ട് കൈകളും അവര്‍ വെട്ടിക്കളഞ്ഞു. അത് ചെയ്തത് എനിക്ക് നന്നായി അറിയാവുന്ന ആണ്‍കുട്ടികളാണ്. അവര്‍ക്ക് നിരവധി തവണ എന്‍റെ വീട്ടില്‍ വെച്ച് ഭക്ഷണം കൊടുത്തിട്ടുണ്ട് ഞാന്‍.

ശാമ ഒരു നിമിഷം നിര്‍ത്തി നെടുവീര്‍പ്പിട്ടു. എന്‍റെ മകളെ രക്ഷിക്കാന്‍ ചെന്നപ്പോള്‍ ഒരു വടികൊണ്ട് അവര്‍ എന്നെ അടിച്ചു വീഴ്ത്തി. ശേഷം എന്നെ ബലാത്സംഗം ചെയ്തു. മറ്റു നാല് സ്ത്രീകളെയും അവര്‍ ക്രൂരമായി പീഡിപ്പിച്ചു.
അല്‍പം അകലെ നിന്നിരുന്ന ശാമയുടെ സഹോദരി ഷാസിയ അടുത്തു വന്നു പറഞ്ഞു ആരോടും ഇത് പറയരുത്. പ്രധാന്‍റെ വീട്ടില്‍ നിന്ന് ഷാസിയയെയും കുട്ടികളെയും അക്രമികള്‍ പുറത്തേക്കെറിഞ്ഞിരുന്നു. ഗ്രാമത്തിലെ പുരുഷന്മാരും സ്ത്രീകളും നോക്കി നില്‍ക്കെയാണ് ഷാസിയയെ നഗ്നയാക്കിയതും പീഡിപ്പിച്ചതും. സഹായത്തിനായി ഞാന്‍ നിലവിളിച്ചു. പ്രസവ സമയത്ത് ഞങ്ങളുടെ ശുശ്രൂഷ കിട്ടിയ സ്ത്രീകള്‍ പോലും ഞങ്ങളെ പീഡിപ്പിക്കുന്നത് നോക്കി നിന്നു.

മുസല്‍മാനോം കി ലൗഡിയാഒ കോ രഖ്ലോ (മുസ്ലിം പെണ്‍കുട്ടികളെ അവിടെ വെക്കൂ) എന്നാണ് അവര്‍ ആക്രോശിച്ചത്. ബില്ലുപ്രധാന്‍റെ വീട്ടില്‍ വച്ച് പീഡിപ്പിക്കപ്പെട്ട മെഹ്റാസ് പറഞ്ഞു ഞങ്ങളുടെ ചോദ്യത്തിന് അതെ എന്ന് തുറന്നു പറഞ്ഞ ഒരേ ഒരു സ്ത്രീ. അവര്‍ പത്തോളം യുവാക്കള്‍ ഉണ്ടായിരുന്നു. അവര്‍ ഒന്നിച്ച് ഒരു സ്ത്രീയെ നഗ്നയാക്കും, അക്രമിക്കും, ബലാത്സംഗം ചെയ്യും. മിനിട്ടുകള്‍ക്കുള്ളില്‍ മറ്റൊരു സ്ത്രീയെ അവര്‍ കയറിപ്പിടിക്കും. ബില്ലുപ്രധാന്‍റെ ഗേറ്റ് തുറന്നപ്പോള്‍ എന്‍റെ ശരീരത്തില്‍ വസ്ത്രമുണ്ടായിരുന്നില്ല. എന്‍റെ ബന്ധുക്കള്‍ ഒരു ചാക്ക് പുതപ്പിച്ചാണ് എന്നെ മറച്ചുപിടിച്ചത്. ഞങ്ങള്‍ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഹിന്ദു യുവാക്കള്‍ ഞങ്ങളുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. പോലീസ് വരുന്നു എന്ന് കേട്ടപ്പോള്‍ അവര്‍ പിന്മാറി. മെഹ്റാസിന്‍റെ ഭര്‍ത്താവിനെ കലാപദിവസം സ്വന്തം വീട്ടിലിട്ടാണ് ചുട്ടുകൊന്നത്.

മറ്റൊരു ക്യാന്പിലെ ഭീതി നിറഞ്ഞ അനുഭവം മലക്പുര ക്യാന്പിലെ ഇരുപത് വയസ്സുള്ള റുബീനയാണ് സംസാരിച്ചത്. അവര്‍ ഞങ്ങളെ പീഡിപ്പിക്കുന്പോള്‍ ലൗഡ്സ്പീക്കറില്‍ ഉയര്‍ന്ന ശബ്ദത്തില്‍ ബോളിവുഡ് ഗാനങ്ങള്‍ വച്ചിരുന്നു. കുറച്ച് ആണ്‍കുട്ടികള്‍ ഗേറ്റിന് പുറത്ത് ചെറിയ ചെണ്ടകൊട്ടിയിരുന്നു. അന്ന് രാവിലെ പ്രധാന്‍റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ റുബീനയുടെ ഉമ്മയാണ് നിര്‍ദേശിച്ചത്. രണ്ട് ആളുകള്‍ എന്‍റെ കൈകള്‍ ബലമായി പിടിച്ചു വച്ചു. ശരീരത്തിന്‍റെ എല്ലാ ഭാഗത്തും അടിച്ചു. ശേഷം മൂന്നുപേര്‍ എന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. റുബീനയുടെ മാതാപിതാക്കളെയും മറ്റു കുടുംബാംഗങ്ങളെയും മൂന്നു മാസമായി കാണാനില്ല. പരാതി കൊടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റുബീനയുടെ മറുപടി ഇതായിരുന്നു. പ്ലീസ്, ആരോടും പറയരുത്. പരാതിപ്പെട്ടാല്‍ പിന്നെ ഈ ക്യാന്പില്‍ ഞാന്‍ എങ്ങനെ ജീവിക്കും?

മുസഫര്‍ നഗര്‍ കലാപത്തില്‍ പീഡനത്തിനിരയായ സ്ത്രീകള്‍ നിരവധിയാണ്. പരാതികള്‍ അവര്‍ പരസ്പരം പറഞ്ഞു തീര്‍ക്കുന്നു. ബില്ലു പ്രധാന്‍ ഇപ്പോള്‍ സ്ഥലത്തില്ല. അയാളുടെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോള്‍ സംസാരിക്കാന്‍ തയ്യാറായില്ല. കലാപം കഴിഞ്ഞ് ഇന്നു വരെയും അഞ്ച് ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഞങ്ങള്‍ സംസാരിച്ച ആരും ഇതില്‍ പെടില്ല. കലാപദിവസം രാവിലെ ബില്ലു പ്രധാന്‍റെ വീട്ടുമുറ്റത്ത് മാത്രം പത്തൊന്പത് സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ലക്ബൗഡി ഗ്രാമത്തിലെ കരിന്പിന്‍തോട്ടത്തില്‍ കണ്ടെത്തിയ സ്ത്രീയുടെ ശരീരം പീഡനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല എന്ന് തെളിയിക്കുന്നു. ഇരകള്‍ ഇപ്പോഴും ഭീഷണിയുടെ നിഴലിലാണ്.

ഒരു നുണ പെരുപ്പിച്ചായിരുന്നു ഈ വംശവിഛേദന പ്രക്രിയയുടെ തുടക്കം. കവാലില്‍ നിന്ന് തിരിച്ചുവരുന്ന ഒരു കൂട്ടം ജാട്ടുകളെ മുസ്ലിംകള്‍ അക്രമിച്ച് കൊലപ്പെടുത്തി. ഹിന്ദുക്കളുടെ ശവശരീരങ്ങള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ ജൗലി കനാലില്‍ ഒഴുക്കി. വാര്‍ത്ത ലാക്ബൗഡിയിലുമെത്തി. കുറച്ചുദിവസങ്ങളായി ഇത്തരം കഥകള്‍ ഗ്രാമത്തില്‍ സംസാരമായിത്തുടങ്ങിയിട്ട്. അഭ്യൂഹങ്ങള്‍ പെരുകുന്നത് ഗ്രാമത്തിലറിഞ്ഞിരുന്നു. അതിങ്ങനെയാവുമെന്ന് അവര്‍ കണക്കുകൂട്ടിയില്ല. 9500 വോട്ടര്‍മാരാണ് ലാക്ബൗഡിയിലുള്ളത്. ഗ്രാമത്തിലെ 1200ലധികം മുസ്ലിംകള്‍ കരിന്പിന്‍ പാടങ്ങള്‍ക്ക് പിന്നിലെ പല്ലിപാര്‍ എന്ന സ്ഥലത്താണ് ജീവിക്കുന്നത്. കൃഷിപ്പണിക്കാരും ആശാരിമാരും അലക്കുകാരും ടൈലര്‍മാരുമാണ് ഇവിടുത്തെ മുസ്ലിം തൊഴിലാളികള്‍. ഹിന്ദു ജാട്ടുകളുടെ ഭൂമിയിലുള്ള കരിന്പ് കൃഷിയാണ് ഗ്രാമത്തിലെ പ്രധാന തൊഴില്‍.

വിവ. യാസിര്‍ അറഫാത്,

കടപ്പാട് ഔട്ട്ലുക്ക്
നേഹ ദീക്ഷിത്

You must be logged in to post a comment Login