മായാത്ത നിലാവ്

മായാത്ത നിലാവ്

ആ വാര്‍ത്തയറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് വടക്കു നിന്ന് തലപ്പാടി അതിര്‍ത്തി കടന്നുള്ള വാഹനങ്ങളുടെ കുത്തൊഴുക്ക്. പ്രിയ നേതാവിന്‍റെ ജനാസ ഒരു നോക്കെങ്കിലും കാണണം. അന്ത്യകര്‍മങ്ങളില്‍ പങ്കുകൊണ്ട് പുണ്യം നേടണം. കാരണം, താജുല്‍ഉലമയെന്ന അധ്യാത്മിക പ്രപഞ്ചത്തെ കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്നവരാണവര്‍. ആ പ്രാര്‍ത്ഥനകളില്‍ പങ്കു ചേരാന്‍ കന്നഡ ദേശത്തിന്‍റെ മുക്കുമൂലകളില്‍ നിന്ന് കാതങ്ങള്‍ താണ്ടി വന്നവര്‍. പൊന്‍തിളക്കമുള്ള ആ സുന്ദരമുഖം വെറുതെ ഏറെനേരം നോക്കിയിരുന്നവര്‍. സബ്ഖുകളില്‍ വിശകലനം ചെയ്യുന്നതെന്താണെന്ന് മനസ്സിലായില്ലെങ്കിലും ആ മുഖദര്‍ശനം പകരുന്ന ആത്മീയ സുഖം ഒന്നു വേറെ. ആറുപതിറ്റാണ്ടുകാലത്തിലേറെ ഉള്ളാളത്തുദിച്ചു നിന്ന ആ നിലാവാണല്ലോ മങ്ങിയത്. പിന്നെ എല്ലാ പ്രയാസങ്ങളും താണ്ടി അവര്‍ എട്ടിക്കുളത്തെത്താതിരിക്കുന്നതെങ്ങനെ. ഇരുളുണ്ടോ പൂര്‍ണചന്ദ്രനെ മായ്ക്കുന്നു!!!

1950. സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാളത്തെത്തിയത് യാദൃഛികമായിരുന്നില്ല. വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത് അറബിക് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബാഖവി ബിരുദം വാങ്ങി അവിടെ അല്‍പകാല സേവനം. അതിനിടയിലാണ് തന്‍റെ ഗുരുവും ഉള്ളാള്‍ ഖാളിയുമായ വെളിമുക്ക് അവറാന്‍ മുസ്ലിയാരുടെ ക്ഷണം ഉള്ളാളത്തേക്ക് വരണം, സയ്യിദ് മദനി കോളേജില്‍ മുദരിസാകണം.കോഴിക്കോട് കരുവന്‍തിരുത്തിയില്‍ ജനിച്ച സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാളത്തുകാരുടെ സ്വന്തം തങ്ങളായി മാറുന്നത് അങ്ങനെയാണ്. ദക്ഷിണ കന്നഡയില്‍ തലമുറകള്‍ നീളുന്ന ആത്മീയ സമൃദ്ധിയുള്ള ഒരു സവിശേഷ ബന്ധത്തിന്‍റെ പ്രാരംഭമാണിതെന്ന് ആരും നിനച്ചിരുന്നില്ല. പിഞ്ചുബാലന്മാര്‍ക്കു പോലും പറയാനൊത്തിരി വിശേഷങ്ങള്‍ സമ്മാനിച്ച സേവനത്തിന്‍റെ പകലിരവുകളായിരുന്നല്ലോ പിന്നീടങ്ങോട്ട്. ഉള്ളാളത്തെ മുദരിസ് എന്ന് റഈസുല്‍മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദ് തന്‍റെ പ്രിയ ശിഷ്യനെ ബഹുമാന പൂര്‍വ്വം സംബോധന ചെയ്തു പോന്നു. 1971ല്‍ സയ്യിദ് മദനീ കോളേജിന്‍റെ പ്രിന്‍സിപ്പാള്‍. 1978 നവംബര്‍ 7, അവറാന്‍ കോയ മുസ്ലിയാര്‍ വഫാതാവുന്നു.അനന്തരം ഖാളി ആരാവണമെന്ന കാര്യത്തില്‍ ഉള്ളാളത്തുകാര്‍ക്കു സംശയിക്കേണ്ടി വന്നില്ല. കണ്ണിയത്ത് ഉസ്താദുമായുള്ള കൂടിയാലോചനക്കു ശേഷം ആ പേര് ഐകകണ്ഠേന തെരഞ്ഞെടുത്തു. അതോടെ ആ സദ്കീര്‍ത്തിക്കു പത്തരമാറ്റു വര്‍ദ്ധിച്ചു. 

കുഞ്ഞുന്നാളിലേ തങ്ങളവര്‍കളെ കാണാന്‍ തുടങ്ങിയതാണ് ഞാന്‍.’’ഉള്ളാളത്തുകാരന്‍ അശ്റഫ് പറഞ്ഞുതുടങ്ങി. പരന്പരാഗതമായി തുണിക്കച്ചവടമായിരുന്നതു മൂലം നാട്ടുകാര്‍ക്കിടയില്‍ ഫാന്‍സി മുഹമ്മദ് ഹാജി എന്ന പേരില്‍ സുപരിചിതനായ പിതാവ് താജുല്‍ഉലമായുടെ ഇഷ്ടക്കാരനായിരുന്നു. (ദക്ഷിണ കന്നഡക്കാര്‍ സയ്യിദ് അവര്‍കളെ ബഹുമാനപൂര്‍വ്വം വിളിക്കുന്നത് താജുല്‍ഉലമാ എന്നാണ്. അതിനാല്‍ ഈ കുറിപ്പിലുടനീളം അവരുടെ ഇഷ്ടനാമം ആവര്‍ത്തിക്കുന്നു. ഉള്ളാളത്തു നിന്ന് ഉദ്ദേശം തൊണ്ണൂറ് കിലോമീറ്റര്‍ അകലെയുള്ള സുള്ള്യയിലാണ് ഞങ്ങളുടെ തറവാട്. അതുവഴിയുള്ള സഞ്ചാരത്തിനിടയില്‍ തങ്ങാറുണ്ടായിരുന്നത് ഞങ്ങളുടെ വീട്ടിലാണ്. കുഞ്ഞിപ്പ ഹാജി എന്നായിരുന്നു താജുല്‍ഉലമ എന്‍റെ പിതാവിനെ വിളിച്ചിരുന്നത്. തങ്ങളോടുള്ള അതിയായ ആദരവ് മൂലം ഒരു ഗസ്റ്റ് റൂം തന്നെ ഇവിടെ പ്രത്യേകം പണികഴിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്കൊക്കെ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ്. ഇഷ്ടവിഭവങ്ങള്‍ തങ്ങള്‍ക്കെത്തച്ചു കൊടുക്കാന്‍ ഞങ്ങള്‍ മത്സരിക്കാറുണ്ട്. അതിലേറെ എനിക്കിഷ്ടം ആ മുഖത്തു നോക്കിയിരിക്കാനായിരുന്നു. വാതില്‍പ്പൊളികള്‍ക്കിടയിലൂടെയും ഉപ്പയെ ചാരി നിന്നും വിടര്‍ന്ന കണ്ണുകളോടെ ആ മുഖത്തു നോക്കി ആനന്ദം കൊണ്ടിട്ടുണ്ട് ഏറെ നേരം.

എന്തെടോ, താനിതുവരെ ഒന്നും പറയാതിരുന്നത്?’ സ്കൂള്‍ പഠനം കഴിഞ്ഞ് ജോലിയൊന്നും തരപ്പെടാതെ വന്നപ്പോള്‍ തങ്ങളോട് കാര്യം പറഞ്ഞു. അപ്പോള്‍ ഇതായിരുന്നു പ്രതികരണം. കുഞ്ഞിപ്പഹാജിയുടെ കുടുംബത്തോടുള്ള മമത ആ വാക്കുകളില്‍ മുറ്റി നിന്നു. നാല്‍പത്തിയൊന്ന് യാസീനോതാനായിരുന്നു തങ്ങളുടെ നിര്‍ദേശം. ഓതിത്തീര്‍ത്ത അന്നു തന്നെ കോള്‍ വന്നു. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കന്പനിയിലേക്ക് ഇന്‍റര്‍വ്യൂവിന് ചെല്ലാന്‍. പ്രതീക്ഷിച്ചതിലേറെ വിജയകരമായിരുന്നു അത്. തുടക്കം മുതലേ നല്ല ജോലി. ആറുമാസത്തിനു ശേഷം പ്രമോഷന്‍ ലഭിച്ചു. പക്ഷേ എന്നുമിങ്ങനെ വിദേശത്തു കഴിഞ്ഞാല്‍ ആദരണീയരായ സയ്യിദവര്‍കളുടെ ആത്മീയ സാമീപ്യം നഷ്ടമാകുമോ എന്ന ആധി അശ്റഫിന്‍റെ മനസ്സിനെ അലട്ടിയിരിക്കണം. സാന്പത്തികമായി സാമാന്യം മെച്ചപ്പെട്ടപ്പോള്‍ ഉടനെ നാട്ടിലേക്ക് തിരിച്ചു.

ഇനി തങ്ങളെ എന്നും കണ്ടിരിക്കാമല്ലോ?’

സുള്ളിയില്‍ നിന്ന് അശ്റഫ് ഉള്ളാളത്തേക്ക് കുടിയേറാനുള്ള കാരണമിതായിരുന്നു? കാരണം ഇവിടെ ആത്മീയത തുളുന്പിനില്‍ക്കുന്ന ഒരന്തരീക്ഷമുണ്ട്. സയ്യിദ് മദനി തങ്ങള്‍ മദീനയില്‍ നിന്നു വന്നതു മുതല്‍ സിദ്ധിച്ചതാണ് ഈ അപൂര്‍വ സൗഭാഗ്യം. അതിനാല്‍ അധ്യാത്മികതയോട് ആഭിമുഖ്യമുള്ള ഏതൊരു ഹൃദയവും കൊതിച്ചു പോകും ഉള്ളാളത്തൊരിടം കിട്ടാന്‍. ആ ധന്യഭൂമിയില്‍ വസിക്കാന്‍. മദനി തങ്ങളുടെ ആ സൂഫിപാരന്പര്യത്തെ ഇപ്പോള്‍, അതിന്‍റെ സകലമാന പ്രൗഢിയോടും കൂടി പ്രോജ്ജ്വലിപ്പിച്ചു നിര്‍ത്തുന്നത് താജുല്‍ഉലമയാണ്. മദനി തങ്ങളുടെ അദൃശ്യമായ സാന്നിധ്യത്തിനൊപ്പം ഉള്ളാളത്തുള്ളത്, താജുല്‍ഉലമയുടെ ആത്മീയ നേതൃത്വമാണ്. ഉസ്താദിന്‍റെ വിയോഗം ഇത്ര പെട്ടെന്നുണ്ടാകുമെന്ന് കരുതിയതല്ല. ഉസ്താദില്ലാത്ത ഉള്ളാള്‍. അതേക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടില്ലായിരുന്നു. ഇവിടെ മൂന്നു നാല് തലമുറകള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത് ആ തണലിലായിരുന്നല്ലോ?

താജുല്‍ഉലമയെക്കുറിച്ച് ചോദിക്കുന്പോള്‍ ഉള്ളാളം നിവാസികള്‍ക്ക് പറഞ്ഞതിലേറെ പറയാന്‍ ബാക്കി. ആ സംശുദ്ധ ജീവിതത്തിന്‍റെ ഭിന്നമാര്‍ന്ന അടരുകള്‍ അവരുടെ അകക്കണ്ണില്‍ എന്പാടുമുണ്ട്. ആ ദര്‍സിന്‍റെ ശൈലിയും ഭാവവും ഇശാഇനു ശേഷമുള്ള സിയാറതും നിത്യേനയുള്ള പതിനൊന്ന് റക്അത്ത് വിത്റും രാഷ്ട്രീയ, സാമൂഹിക നേതാക്കളുമായുള്ള ബന്ധവും എല്ലാം അവര്‍ക്കു കാണാപാഠം. ഗ്രാമവാസികളില്‍ തങ്ങളോട് അടുപ്പമുണ്ടായിരുന്ന അനേകം പേര്‍ മുന്പേ പരലോകത്തേക്ക് യാത്രയായിരിക്കുന്നു. സേവനത്തിന്‍റെ ആദിമ ദശകങ്ങളിലെ താജുല്‍ഉലമയെപ്പറ്റി അവര്‍ക്കായിരുന്നല്ലോ കൂടുതല്‍ അറിയുക.

കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. താജുല്‍ഉലമയുടെ വിയോഗം തന്നെ യതീമാക്കിയെന്നാണ് ഇബ്റാഹീംബാവ ഹാജി പറയുന്നത്. ഭാര്യ മരിച്ചതില്‍ പിന്നെ അദ്ദേഹത്തിന് തങ്ങളായിരുന്നു തണല്‍. കന്നടയിലെ എസ്എസ്എഫ് മുഖപത്രമായ ഇശാറില്‍ പ്രസിദ്ധീകരിക്കാന്‍ ഇദ്ദേഹം പത്രാധിപര്‍ ജൗഹറിന് ചെറിയൊരു കുറിപ്പു നല്‍കി. അതിന്‍റെ തലവാചകമിങ്ങനെ നനക്കിന്നു നിത്യ അമവാസെ’ (എനിക്കിനി നിത്യം ഇരുണ്ടനാള്‍).

തിരൂരില്‍ നിന്ന് ട്രെയിനില്‍ കയറുന്പോള്‍ പ്രതീക്ഷ മുഴുവന്‍ ബാവഹാജിയായിരുന്നു. രിസാലയില്‍ നിന്ന് ഷറഫുക്ക ബാവഹാജിയുടെ നന്പര്‍ അയച്ചുതന്നെങ്കിലും ധ്യൈം പോരാത്തതിനാല്‍ സുഹൃത്ത് ജൗഹറിനോട് വിളിക്കാന്‍ പറഞ്ഞു. അദ്ദേഹത്തോട് ബാവഹാജി തീര്‍ത്തു പറഞ്ഞു എന്നെ നിര്‍ബന്ധിക്കരുത്.”

ബാവഹാജിയെപ്പോലുള്ള പൗരപ്രമുഖരും സന്പന്നരുമായ പലരും ആ ആത്മീയ ച്ചിറകിനുള്ളില്‍ സുരക്ഷിതരായിരുന്നു. യേനപ്പോയ യൂണിവേഴ്സിറ്റിയുടെ ചാന്‍സ്ലറും അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖ്യകാര്യദര്‍ശിയുമായ വൈ അബ്ദുല്ലക്കുഞ്ഞി ഹാജി, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്റാഹീം, കര്‍ണാടക ആരോഗ്യ സാമൂഹ്യ കുടുംബക്ഷേമ മന്ത്രി യു ടി ഖാദര്‍, ജനാര്‍ദ്ദന്‍ പൂജാരി… ആ പട്ടിക ചെറുതല്ല. തങ്ങളുടെ സാന്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്കു പിന്നില്‍ താജുല്‍ഉലമയോടുള്ള ബന്ധവും അവിടുത്തെ പ്രാര്‍ത്ഥനയുമാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുന്നു.

താന്‍ വെറുമൊരു ബിഎ ബിരുദക്കാരനാണ്. താജുല്‍ഉലമയോടുള്ള ആത്മീയ ബന്ധത്തിന്‍റെ ബറകത്താണ് തന്‍റെ പ്രേരകമെന്ന് യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി. ദര്‍ഗാ സന്ദര്‍ശനത്തിനെത്തിയ ഒരുനാള്‍ അബ്ദുല്ലകുഞ്ഞി ഹാജി താജുല്‍ഉലമയോട് ചോദിച്ചു ഞാന്‍ എന്താണ് ചെയ്യേണ്ടത് ഉസ്താദിനു വേണ്ടി?’

എടാ, നീ എ പിയെ സഹായിക്കെടാ. എപിയല്ലേ ദീനിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. എനിക്കൊന്നും വേണ്ട.’ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച സന്തോഷത്താല്‍ ഉള്ളാള്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ യുടി ഖാദര്‍ വരുന്പോള്‍ ആരോ പറഞ്ഞു അതാ, എംഎല്‍എ ഖാദര്‍ വരുന്നുണ്ട്.’

അവന്‍ മിനിസ്റ്റര്‍ ഖാദറാണെടാ’ എന്നായിരുന്നു താജുല്‍ഉലമയുടെ മറുപടി. കര്‍ണാടകയിലെ പൊളിറ്റിക്കല്‍ ലീഡേഴ്സിനിടയില്‍ ജൂനിയറായിരുന്നിട്ടുപോലും താന്‍ മന്ത്രിയായതിനു പിന്നില്‍ ആ വാക്കുകളാണെന്ന് യു ടി ഖാദര്‍. തന്നോടുള്ള സ്നേഹബന്ധത്തിലൂടെ താജുല്‍ഉലമ അവരെ ദീനിന്‍റെ ഖാദിമീങ്ങളാക്കി.

സന്പദ് സമൃദ്ധിയുടെയും അധികാര ശീതളിമയുടെയും കൂടപ്പിറപ്പായ വര്യേ ആഢ്യമനോഭാവത്തെ സമൂലമായി പിഴുതെറിയുക എന്ന ശ്രമകരമായ ദൗത്യമായിരുന്നു അവരുമായുള്ള ഹൃദയ ബന്ധത്തിലൂടെ താജുല്‍ഉലമ നിര്‍വഹിച്ചു പോന്നത്. പറയാതെ പറയുന്ന മൗനങ്ങളിലൂടെ, ഉത്തരം കിട്ടാത്ത ഭാവപ്രകടനങ്ങളിലൂടെ, അക്കാദമിക ജാടകളില്ലാത്ത സംവേദനങ്ങളിലൂടെ, അവര്‍ വായിച്ചെടുത്തത് അനന്തമായ ആശയങ്ങളായിരുന്നു. സന്പത്തും അധികാരവും പ്രശസ്തിയുമെല്ലാം അല്ലാഹുവിന്‍റെ ഔദാര്യമാണെന്നും അവനുദ്ദേശിച്ചാല്‍ അതെല്ലാം തകിടം മറിയുമെന്നുമുള്ള സ്വയം ബോധ്യങ്ങള്‍ ആ സ്നേഹ ജനങ്ങളില്‍ രൂഢമൂലമായി നിന്നു. അതിനാല്‍, മനുഷ്യരായ മനുഷ്യന്മാരൊക്കെയും ഏക പ്രപഞ്ചനാഥനു മുന്പില്‍ തുല്യരാണെന്നും, അവരുടെ നന്മക്കുവേണ്ടി വിനിമയം ചെയ്യപ്പെടേണ്ട അമാനത്താണ് സന്പത്തെന്നും അവരറിഞ്ഞു. സര്‍വപാഠശാല’യായിരുന്നു അവര്‍ക്ക് താജുല്‍ഉലമ.

മദീനയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ആ ജ്ഞാനസദസ്സ്. ശുഭ്രവസ്ത്രധാരികളായ അനേകം മുതഅല്ലിമുകളുടെ മുന്പില്‍ ഉസ്താദ് ദര്‍സെടുക്കുന്നു. ഇരുന്നും എഴുന്നേറ്റുനിന്നും ചുറ്റും നടന്നുമൊക്കെ മുന്നേറുന്നു. സ്വര്‍ഗീയ സൗരഭ്യം പരത്തുന്ന ആ സദസ്സിലൊരംഗമാകാന്‍, തദ്ദേശീയരും പുറംനാട്ടുകാരുമായ ഒട്ടനവധി പേരെത്തും. സബ്ഖ്’ കഴിഞ്ഞാല്‍ ദര്‍ഗയുടെ വശത്തുള്ള മുറിയിലേക്ക് പോവും. അന്നേരം, മുറ്റത്തേക്ക് നോക്കിയാല്‍ കാണാനെത്തിയവരുടെ നില്‍പുകാണാം. അവരെല്ലാം എത്ര വലിയ വിഐപികളാണെങ്കില്‍ പോലും ആദ്യം പരതുക ഖാദിമിനെയാണ്. ഇപ്പോള്‍ കാണാന്‍ പറ്റ്വോ?’ പറ്റുമെന്നറിഞ്ഞാല്‍ ക്ഷമയോടെ കാത്തു നില്‍ക്കും. വൈവിധ്യങ്ങളായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്, മന്ത്രിപ്പിക്കാന്‍, അനുഗ്രഹം തേടാന്‍… നാനാ ജാതിക്കാരും ദേശക്കാരും ഭാഷക്കാരുമൊക്കെയായ അവരുടെ ആവശ്യങ്ങളനവധി. അവരുടെയെല്ലാം/ അവയുടെയെല്ലാം തീര്‍പ്പുകാരനായി താജുല്‍ഉലമ!

സന്പന്ന, പ്രമാണി വര്‍ഗത്തിന്‍റെ പിറകെ നടക്കുന്ന സ്വഭാവം ഉസ്താദിനില്ലെന്ന് പ്രിയ ശിഷ്യന്‍ ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍. ഇല്‍മിന്‍റെ മഹത്വവും ഗരിമയും തിരിച്ചറിഞ്ഞ് അവരിങ്ങോട്ട് വരും. ഉള്ളാള്‍ ദര്‍ഗയിലേക്ക്/ താജുല്‍ഉലമയുള്ള ഇടത്തേക്ക്. വരുന്നവരെല്ലാം ഹദ്യയായി വലിയ തുക തന്നെ കരുതിക്കാണും. നേരെ കയ്യില്‍ കൊടുക്കാന്‍ ഉള്‍ഭയമുള്ളതിനാല്‍ അവിടെ മേശപ്പുറത്തു വച്ചോ ശിഷ്യന്മാരെ ഏല്‍പിച്ചോ അവര്‍ പിന്‍വാങ്ങും. ഖാദിമുകള്‍ ആ പണമെടുത്ത് തലയിണയുടെ അടിയിലോ മേശവിരിയുടെ ചുവട്ടിലോ വെക്കും. വരുന്നവര്‍ക്കെല്ലാം അവിടുന്ന് പണമെടുത്ത് വച്ചുനീട്ടും. ന്നാ പിടിച്ചോ’. ഉള്ളാള്‍ ദേശത്തെ സാധുജനങ്ങളും കുട്ടികളും പ്രമാണിമാരായ സന്പന്നര്‍ വരെ ബറകത്തുദ്ദേശിച്ച് ആ ദാനം വാങ്ങിയിട്ടുണ്ട്.

പെരുന്നാള്‍ അവധിക്ക് മദനി കോളജിലെ മുതഅല്ലിമുകള്‍ നാട്ടില്‍ പോകാനൊരുങ്ങുന്നു.

എല്ലാവരും തങ്ങളുപ്പാപ്പയുടെ റൂമിന് സമീപം പോയി നിന്നു.
ന്‍റെ മക്കളെങ്ങോട്ടാ പോണേ…?’

പെരുന്നാള്‍…’
ആ.. പെരുന്നാളാണല്ലേ… ഞാനും പോകുവാ.. ന്നാ മക്കള്‍ ഇബടെ വരീ…’

അവര്‍ വരിവരിയായി റൂമില്‍ കയറി. ഉസ്താദ് താജുല്‍ഉലമ പതിയെ തലയിണ പൊക്കി. ഓരോരുത്തര്‍ക്കും നൂറ് രൂപ വീതം. നാട്ടില്‍ പോകുന്ന മക്കള്‍ക്ക് വത്സലനായ പിതാവിന്‍റെ സമ്മാനം! അവരെല്ലാം സലാം പറഞ്ഞ് സന്തോഷത്തോടെ പിരിഞ്ഞു.

നിഷ്കളങ്കമായിരുന്നു ആ മനസ്സ്. ആരോടും ലവലേശം വെറുപ്പോ വിദ്വേഷമോ വൈരാഗ്യമോ ഇല്ല സുന്നത്ത് ജമാഅത്തിന്‍റെ വിരുദ്ധ കക്ഷികളോടൊഴികെ. അത് അല്ലാഹു പഠിപ്പിച്ച കോപമാണല്ലോ അല്‍ഹുബ്ബു ഫില്ലാഹ് വല്‍ ബുഗ്ളു ഫില്ലാഹ് അല്ലാഹുവിന് വേണ്ടി സ്നേഹിക്കുന്നതു പോലെ അല്ലാഹുവിനു വേണ്ടി തിന്മയുടെ/ അനീതിയുടെ ഉപാസകരെ വെറുക്കുന്നതും ദീനിന്‍റെ ഭാഗമാണ്. അപ്പോള്‍ തങ്ങള്‍ ചൂടാകുന്നതോ, ഹാലു മാറുന്നതോ? അനുവാചകര്‍ക്കും അല്ലാത്തവര്‍ക്കും ചോദിക്കാനുണ്ടാകും.

ഉസ്താദെന്തിനാ ഇങ്ങനെ അവരോട് ചൂടാകുന്നെ?” അവസരം നോക്കി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ ഒരിക്കല്‍ ചോദിച്ചു.

എടാ.. എനിക്കാരോടും ഒരു ദ്യേവുമില്ലെടാ.. എനിക്ക് ഇരുപത്തിയേഴാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ഇങ്ങനെയൊരു പ്രത്യേക ചൂട്. അത് പിന്നെ പ്രായമേറും തോറും കൂടി വന്നു. എല്ലാം അല്ലാഹുവിന്‍റെ പരീക്ഷണം. അതു വരുന്പോള്‍ ഞാനെന്‍റെ ശരീരത്തെ നിയന്ത്രിക്കാന്‍ ആവതു ശ്രമിക്കാറുണ്ട്, പക്ഷേ സാധിക്കുന്നില്ല. അതല്ലാതെ എന്‍റെ ഖല്‍ബില്‍ ആരോടും ഒന്നുമില്ലെടാ..”

ആ മറുപടി കേട്ട് ഇബ്രാഹീം മുസ്ലിയാരുടെ കണ്ണില്‍ വെള്ളം നിറഞ്ഞു കാണും. എത്രയാളുകളാ ഉസ്താദിനെ തെറ്റിദ്ധരിച്ചു പോയത്.
മറ്റൊരിക്കല്‍ ഒരാള്‍ റൂമില്‍ വന്നു പറഞ്ഞു
തങ്ങളുപ്പാപ്പാ, പൊരുത്തപ്പെടണം. തെറ്റ് എന്‍റടുത്താ..”
കുറച്ചു മുന്പ് റൂമില്‍ നിന്ന് ആട്ടിയതായിരുന്നു അദ്ദേഹത്തെ. ക്ഷമാപണം കേട്ടയുടനെ തങ്ങള്‍
ഞാനെന്താടാ സിംഹാ…? എനിക്കാരോടും ഒരു ദ്യേവുമില്ലെടാ.. അല്ലാഹുവിന്‍റെ അടിമകളോടെന്തിന് വെറുതെ ദ്യേം?”

താജുല്‍ ഉലമയോടടുത്തവര്‍ക്കേ അറിയൂ ആ വലിയ മനസ്സിനെ. എത്ര ചീത്ത കേട്ടാലും ആട്ടിയാലും അവര്‍ വീണ്ടും മുന്നില്‍ വന്ന് നില്‍ക്കുന്നത് അതു കൊണ്ട് മാത്രം.
തങ്ങളുടെ നര്‍മങ്ങളെക്കുറിച്ചറിയുന്നവര്‍ നന്നേ വിരളമായിരിക്കും. അന്തരിച്ച മുന്‍ ദര്‍ഗാ പ്രസിഡണ്ട് യു കെ ഇബ്രാഹീം ഹാജിയും തങ്ങളും ഒന്നിച്ചിരുന്നാല്‍ അവിടെ നര്‍മങ്ങളുടെ പെരുമഴ തന്നെ പെയ്യും. താജുല്‍ഉലമായുടെ ഏത് വിക്ഷുബ്ധതയും ഉരുക്കാന്‍ ഇബ്രാഹീം ഹാജിക്ക് കഴിയും. ഒരിക്കല്‍ കരുവന്‍തിരുത്തിയിലായിരിക്കുന്പോഴാണ് ഇബ്രാഹീം ഹാജി വിളിക്കുന്നത്.

ഒരു റാഹത്ത് തോന്നുന്നില്ലെടോ..” തങ്ങള്‍ പറഞ്ഞു
അവിടെയിരുന്നാല്‍ റാഹത്തുണ്ടാവുമോ? ഇങ്ങോട്ട് പോരീ..”

ഹാജിയുടെ വാക്കുകള്‍ കേട്ടയുടനെ തങ്ങള്‍ ഉള്ളാളത്തേക്ക് തിരിച്ചു. സബ്ഖുകള്‍ക്കിടയിലും ചിലപ്പോള്‍ താജുല്‍ഉലമ രസം പറയാറുണ്ട്. മുതഅല്ലിമുകളുടെ രോഗങ്ങളും പ്രയാസങ്ങളും കുടുംബത്തിലെയും നാട്ടിലെയും ബുദ്ധിമുട്ടുകളുമെല്ലാം അപ്പോഴാണ് ശ്രദ്ധയില്‍ പെടുത്തുക. പുറമെക്കാര്‍ക്കുമന്നേരം ഏറെ ആശ്വാസമാണ്. മന്ത്രിക്കാനുള്ള വെള്ളവും മറ്റും അപ്പോളവിടെ ഹാജറാക്കിയിരിക്കും. സര്‍വദാ സേവനസജ്ജരായി മദനീ കോളേജിലെ വിദ്യാര്‍ത്ഥികളും. എല്ലാ മുതഅല്ലിമുകളോടും പെരുത്ത ഇഷ്ടമായിരുന്നു തങ്ങള്‍ക്ക്. അവരുടെ ആവശ്യങ്ങള്‍ പ്രത്യേകം കേട്ടിരിക്കും.

അനക്കൊന്നൂല്ലെടാ…”
ആ വാക്ക് കേട്ടാല്‍ മതി. രോഗവ്യാധികളുണര്‍ത്തുന്നവര്‍ സന്തോഷത്തോടെ പിന്‍വലിയും. ഇനിയെന്തു പേടിക്കാന്‍. നെഞ്ചു വേദനയും കിഡ്നിയുടെ അസുഖവും ക്യാന്‍സറുമെല്ലാം അങ്ങനെ ഒന്നുമല്ലാതായ കഥകള്‍ കുറെയുണ്ട്. ശിഷ്യന്മാരുടെ ജോലിക്കാര്യങ്ങളിലും വിവാഹാനുബന്ധ വിഷയങ്ങളിലും അത്യധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. നിയന്ത്രണാതീതമായ തിരക്കുകള്‍ക്കിടയിലും അവരോടെല്ലാം അന്വേഷിക്കും.

ഉള്ളാളത്തു നിന്നു വെറും പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമേ ബേക്കല്‍ ഉസ്താദിന്‍റെ വീട്ടിലേക്കുള്ളൂ. അതിനാല്‍ താജുല്‍ഉലമയെ ഒട്ടുമിക്കപ്പോഴും സന്ദര്‍ശിക്കാറുണ്ട്, അദ്ദേഹവും മക്കളും. മക്കളോട് താജുല്‍ഉലമ പറയുമായിരുന്നു
നിങ്ങളെന്‍റെ പേരക്കുട്ടികളാണ് ട്ടോ..”

ബേക്കല്‍ ഉസ്താദിനെ ഉഡുപ്പി ഖാളിയാക്കി നിശ്ചയിച്ചതും താജുല്‍ഉലമ തന്നെ. കാണുന്ന വിശേഷദിനങ്ങളില്‍ ഉഡുപ്പിയിലേക്ക് തിരിക്കുന്പോള്‍ ബേക്കല്‍ ഉസ്താദ് ഉള്ളാളത്തെത്തും താജുല്‍ഉലമയുടെ അനുഗ്രഹം വാങ്ങാന്‍.

തന്‍റെ ശിഷ്യനെ ഉള്ളാളത്തെത്തിയ ഒരാള്‍ ബൂട്ടിട്ട് ചവിട്ടിയ വാര്‍ത്ത താജുല്‍ ഉലമയെ വല്ലാതെ വേദനിപ്പിച്ചു. മുഖത്ത് കോപം പ്രകടമായി. ഉള്ളാളംദേശം വിട്ടു പോവുകയാണെന്നു തന്നെ പറഞ്ഞു. കുന്പോല്‍ തങ്ങള്‍ക്കും പൂച്ചക്കാട് അബൂബക്കര്‍ ഹാജിക്കും ഏറെ പണിപ്പെടേണ്ടി വന്നു താജുല്‍ഉലമയെ അനുനയിപ്പിക്കാന്‍. ഒടുവിലെല്ലാം ശാന്തമായ ശേഷം തന്‍റെ ശിഷ്യന്മാരോടായി ഉണര്‍ത്തി മാപ്പ് സ്വീകരിക്കുക, നന്മ കൊണ്ട് കല്‍പിക്കുക. അറിവില്ലാത്തവരെ അവഗണിച്ചേക്കുക.” മക്കാ മുശ്രികുകളില്‍ നിന്ന് അതിക്രമം നേരിട്ട പുണ്യറസൂലിനെ ആശ്വസിപ്പിക്കാന്‍ അല്ലാഹു പറഞ്ഞ വാക്ക് ഓതിയായിരുന്നു താജുല്‍ഉലമ ശിഷ്യന്മാരെ സമാശ്വസിപ്പിച്ചത്.

സദാ ഖുര്‍ആനോതുന്ന താജുല്‍ഉലമയെ നോക്കി ഉള്ളാളത്തുകാര്‍ ഏറെ നേരം അത്ഭുതം കൂറി ഇരുന്നിട്ടുണ്ട്. അല്ലാഹുവിന്‍റെ കലാമിനോട് അത്രമേല്‍ മഹബ്ബത്തായിരുന്നു. സാധാരണക്കാരോട് ഖുര്‍ആനോത്ത് പതിവാക്കാന്‍ ഉപദേശിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ ഒരു മുസ്ലിം രാഷ്ട്രീയ നേതാവ് താജുല്‍ഉലമയെ കാണാനെത്തി. മുസ്ലിമാണദ്ദേഹം. ഞാന്‍ പാര്‍ട്ടിയില്‍ (പാര്‍ട്ടിയുടെ പേര് പറയുന്നില്ല) പ്രവര്‍ത്തിക്കുന്നു. പുരോഗതിയുണ്ടാവാന്‍ തങ്ങള്‍ ദുആ ചെയ്യണം.” അദ്ദേഹം തങ്ങളോട് പറഞ്ഞു.

പോയി ഖുര്‍ആനോതെടാ…
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു പോലും..” മതം മറന്ന് രാഷ്ട്രീയം കളിക്കുന്ന ദുര്‍നടപ്പിനെയാണ് താജുല്‍ഉലമ ശക്തമായെതിര്‍ത്തത്. ഈ പ്രസ്താവന അദ്ദേഹത്തിന് തങ്ങളോടുള്ള ആദരവ് ഒട്ടും കുറച്ചില്ല. തന്‍റെ നന്മക്കാണ് തങ്ങളവര്‍കള്‍ അതു പറഞ്ഞതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. രാഷ്ട്രീയക്കാരെല്ലാം മതധാര്‍മിക ബോധമുള്ളവരായിരിക്കണമെന്നും ദീനിന്നുപകാരമുള്ള രീതിയില്‍ പ്രവര്‍ത്തിക്കണമെന്നുമുള്ള കണിശത താജുല്‍ഉലമക്കുണ്ടായിരുന്നു.

അഞ്ചു വര്‍ഷത്തിനിടക്ക് നടക്കുന്ന ഉള്ളാള്‍ ഉറൂസിനെത്തുന്ന പ്രമുഖരെല്ലാം തങ്ങളുടെ ആശീര്‍വാദം വാങ്ങിയിട്ടേ മടങ്ങാറുള്ളൂ. അവരെയെല്ലാം ആതിഥേയന്‍റെ മര്യാദകളോടെ സല്‍ക്കരിച്ചേ തങ്ങള്‍ തിരിച്ചയക്കൂ. ഇന്ദിരാഗാന്ധി ഉള്ളാള്‍ദര്‍ഗ സന്ദര്‍ശിച്ചത് 1982ല്‍. ദര്‍ഗക്ക് സമീപം നിന്ന് വണങ്ങി അവരുടേതായ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ശേഷം ഖാളിയെക്കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഉള്ളാളത്തെ സാമൂഹിക സ്ഥിതിഗതികളും സംസ്കാരങ്ങളും ചോദിച്ചറിഞ്ഞ സംഭാഷണം അല്‍പനേരം നീണ്ടു. പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച ശേഷം പിരിഞ്ഞു. ആ സൗഹൃദ സംഭാഷണം ബുഖാരീ കുടുംബത്തിന് ഗുണം ചെയ്യുന്നതായാണ് പിന്നീട് കണ്ടത്. ഏഴിമല നാവിക അക്കാദമിയുടെ പേരിലുള്ള നിര്‍ദ്ദിഷ്ട ഭൂമിയുടെ അതിര്‍ത്തി തിരിക്കുന്പോള്‍ എട്ടിക്കുളത്തെ തറവാട് ഭൂമിയും അതില്‍ ഉള്‍പ്പെട്ടിരുന്നു. പക്ഷേ, ഏറെക്കഴിഞ്ഞില്ല. ഇന്ദിരയുടെ നേരിട്ടുള്ള ഓര്‍ഡര്‍ വന്നു ഉള്ളാള്‍ ഖാളിയുടെ ഭൂമിയും വീടും ഒഴിച്ച് അതിര്‍ത്തി തിരിക്കുക.

വ്യത്യസ്ത മതജാതി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഉള്ളാളത്തെ ബഹുസ്വരസമൂഹത്തിനിടയില്‍ എ്യെവും സഹിഷ്ണുതയും നിലനിര്‍ത്തുന്നതില്‍ താജുല്‍ഉലമക്ക് സവിശേഷവും നിര്‍ണായകവുമായ പങ്കുണ്ടായിരുന്നുഎന്ന കാര്യം തീര്‍ച്ച. ഭിന്നാഭിരുചിക്കാരായ ജനതക്കിടയില്‍ സ്നേഹവും സൗഹൃദവും നട്ടുവളര്‍ത്തിയ ചരിത്രമാണല്ലോ സൂഫികള്‍ക്കുള്ളത്. അതില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല തങ്ങളും. ദിനം തോറും മത ജാതി ഭേദമന്യേ പൊതുജനങ്ങള്‍ പള്ളിക്കു പിറകിലെ വിസ്തൃതിയുള്ള ആ മുറിക്കു സമീപം കാത്തിരുന്നു സയ്യിദവര്‍കളെ ഒരു നോക്ക് കാണാന്‍. ഉള്ളാളത്തെ മത സാമൂഹിക സാംസ്കാരിക മണ്ഡലത്തിന്‍റെ കടിഞ്ഞാണ്‍ താജുല്‍ഉലമയുടെ വരുതിയിലായിരുന്നു. ഇക്കാര്യം ബോധ്യമുള്ളതുകൊണ്ടാവണം സൗത്ത് കനറയിലെ പോലീസ് ഉദ്യോഗസ്ഥര്‍ താജുല്‍ഉലമക്കു മുന്പില്‍ അത്യാദരങ്ങളോടെ സല്യൂട്ട് ചെയ്ത് വണങ്ങിയത്. വഫാതു വാര്‍ത്തയറിഞ്ഞയുടനെ പൗരപ്രമുഖര്‍ രാഷ്ട്രീയ സംസ്കാരത്തിന്‍റെ ഭാഗമെന്നോണം കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചു.

മംഗലാപുരത്തെ ബാംപുവെലില്‍ നിര്‍മിച്ച മസ്ജിദിന്‍റെ ഉദ്ഘാടനം ആസന്നമായ സന്ദര്‍ഭം. പള്ളി നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ഏനപ്പോയ ഹാജി അടക്കമുള്ളവര്‍ താജുല്‍ഉലമായോട് ആരാഞ്ഞു ആരെയെല്ലാം ക്ഷണിക്കണം? സുന്നികളായ എല്ലാ പ്രമുഖരെയും ക്ഷണിക്കണം. പ്രത്യേകിച്ച് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും. സുന്നീ എ്യെം യാഥാര്‍ത്ഥ്യമാക്കാനുള്ള സുപ്രധാനമായൊരു ചുവടുവെപ്പാണത്.

സുദീര്‍ഘമായി പ്രഭാഷണം നടത്തുന്ന രീതി താജുല്‍ഉലമക്കില്ല. ഉള്ളാള്‍ ഉറൂസിനായാലും അല്ലാത്തപ്പോഴും മുസ്ലിംസമൂഹം അനിവാര്യമായും ശ്രദ്ധയൂന്നേണ്ട കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയും, അത്ര തന്നെ. ഇസ്ലാമിന്‍റെ പേരില്‍ പുത്തന്‍ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നതിനു വളരെ മുന്പു തന്നെ ബിദ്അത്തിന്‍റെ വിപത്തുകളെയും സമൂഹം നേരിടാന്‍ പോകുന്ന വെല്ലുവിളികളെയും പറ്റി തങ്ങള്‍ അന്നാട്ടുകാരെ പ്രബുദ്ധരാക്കിയിരുന്നു. കൊച്ചു കൊച്ചു ഭാഷണങ്ങളിലൂടെ, ഹദീസ് ക്ലാസ്സുകളിലൂടെ, സര്‍വ്വോപരി അവിടുത്തെ ജീവിതത്തിലൂടെയാണ് സുന്ദര ഇസ്ലാമിന്‍റെ വ്യാപ്തിയും അദ്ധ്യാത്മിക ദീപ്തിയും അവര്‍ പഠിച്ചെടുത്തത്.

താജുല്‍ഉലമാക്ക് സമൂഹത്തില്‍ ലഭിച്ച തുല്യതയില്ലാത്ത സ്വീകാര്യത ശിഷ്യന്മാരിലേക്ക് പൊതുവിലും അവരില്‍ സാദാത്തുക്കളിലേക്ക് വിശേഷിച്ചും പടര്‍ന്നു പന്തലിച്ചു. കന്നട നാടിന്‍റെയും മറുനാടുകളിലെയും അഷ്ടദിക്കുകളിലും ദീനീ വ്യവഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള പക്വതയും കരുത്തും അവര്‍ ആര്‍ജിച്ചത് താജുല്‍ഉലമയില്‍ നിന്നു തന്നെ.

2010 ഒക്ടോബര്‍ 01. അറുപതാണ്ടുകള്‍ നീണ്ട വിശിഷ്ട സേവനം പരിഗണിച്ച് സൗത്ത് കനറാ ദേശമൊന്നടങ്കം താജുല്‍ഉലമയെ ആദരിച്ചു. വേദിയില്‍ മുഖ്യാതിഥിയായിരുന്ന സി.എം ഇബ്രാഹീം പറഞ്ഞതിപ്രകാരമായിരുന്നു ഉള്ളാളമെന്ന കൊച്ചു ദേശത്തേക്ക് മാത്രം പരിമിതപ്പെടുന്നതാകരുത് ഈ ആദരം. താജുല്‍ഉലമയുടെ പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിന്‍റെ മഹത്വം വിളിച്ചോതാന്‍ രാജ്യവ്യാപകമായി നാം പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. സമാനതകളില്ലാത്ത സേവനത്തിലൂടെ ഉള്ളാളമെന്ന കൊച്ചുഗ്രാമത്തെ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നത് താജുല്‍ഉലമയുടെ പാണ്ഡിത്യവും ക്രിയാത്മകതയുമാണ്. ഒട്ടും സ്വാര്‍ത്ഥമനോഭാവമില്ലാതെ ലളിതമായ ജീവിതത്തിലൂടെ എല്ലാവര്‍ക്കും പ്രയോജനകരമായ സുകൃതങ്ങളിലൂടെയാണ് താജുല്‍ഉലമ തന്‍റെ പ്രയത്നങ്ങളെയെല്ലാം സാര്‍ത്ഥകമാക്കിയത്.”

2013. അനാരോഗ്യം കാരണം ഉള്ളാളത്തെ ഉസ്താദിന്‍റെ സാന്നിദ്ധ്യം കുറഞ്ഞുകൊണ്ടിരുന്നു. ആത്മസതീര്‍ത്ഥ്യരും അഭ്യുദയകാംക്ഷികളുമെല്ലാം കരുവന്‍തിരുത്തിയിലേക്കും എട്ടിക്കുളത്തേക്കും പോവുക പതിവായി.

2014 ജനുവരി ഒടുവിലായപ്പോഴേക്കും സന്ദര്‍ശനങ്ങളുടെയും സന്ദര്‍ശകരുടെയും എണ്ണം വര്‍ദ്ധിച്ചു. ആ സ്നേഹ ഹൃദയങ്ങളുടെ അത്യഗാധമായ അടുപ്പമാകാം താജുല്‍ഉലമയുടെ ഉറ്റവരെല്ലാം വീണ്ടും വീണ്ടും എട്ടിക്കുളത്തേക്ക് തിരിച്ചു. എന്നെപ്പോലെ പലരും താജുല്‍ഉലമയെ സ്വപ്നത്തില്‍ ദര്‍ശിച്ചിരുന്നതായി അശ്റഫ് ഭായി കൂട്ടിച്ചേര്‍ത്തു.

എട്ടിക്കുളത്തു പോവണം, താജുല്‍ഉലമയെ കാണണം. മനസ്സു പിന്നെയും മന്ത്രിച്ചു. ഫെബ്രുവരി 1 ശനി. പത്തുമണിക്ക് ആ വസതിയിലെത്തുന്പോള്‍ ധാരാളം പേരുണ്ടായിരുന്നു. ചെന്ന പാടെ മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ താജുല്‍ഉലമ കിടക്കുന്ന റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി. ദിക്റ് ചൊല്ലുകയായിരുന്നു. ഒന്നു പുഞ്ചിരിച്ചു, മനോഹരമായ പുഞ്ചിരി. തിരിച്ച് കാഞ്ഞങ്ങാട്ടെത്തുന്പോഴേക്കും ആ വാര്‍ത്ത ഞങ്ങള്‍ക്കു പിറകെയെത്തി. അശ്റഫ് ഭായി ഇടര്‍ച്ചയോടെ സംസാരമവസാനിപ്പിച്ചു.

അദ്ധ്യാത്മികാനുഭൂതിയുടെ ആര്‍ദ്ര സാന്നിദ്ധ്യമായി ഹൃത്തടങ്ങളില്‍ ഇനിയും താജുല്‍ഉലമ പുഞ്ചിരി തൂകി നില്‍ക്കും. അസ്തമിക്കാനാകില്ലല്ലോ,ആ പാല്‍നിലാവിന്?

മുഹ്സിന്‍ എളാട്

You must be logged in to post a comment Login