ലഹരിക്കു പറയുവാനുള്ളത്

ലഹരിക്കു പറയുവാനുള്ളത്

അറിയില്ലവര്‍ക്കെന്നെ അറിയില്ലിവര്‍ക്കെന്നെ
അറിഞ്ഞവര്‍ പലരുമറിയില്ലെന്നു നടിപ്പവര്‍
അറിയുന്നതൊന്നും പറയാന്‍ കഴിയാത്തവര്‍
ചലിക്കേണ്ട നാക്കില്‍ വിലക്കേറിപ്പോയവര്‍

എങ്കില്‍ ഞാനാരെന്നു ഞാന്‍ തന്നെ പറയാം
എന്നപദാനങ്ങള്‍ ഞാന്‍ തന്നെ വാഴ്ത്താം.
ഞാനാണു ലഹരി പ്രജ്ഞയില്‍ വിഷധൂളി
കേറ്റിച്ചു മര്‍ത്ത്യന്‍റെ
ചിത്തം മുഴുവന്‍ വിഴുങ്ങുന്ന ലഹരി

വര്‍ണ്ണാഭമായൊരു കരളില്‍ ഗരം കേറ്റി
സപ്ത വര്‍ണ്ണങ്ങളും മായ്ക്കുന്നവന്‍.

വരമഞ്ഞള്‍ മെഴുകാതെ സുമുഖന്‍റെ വദനത്തില്‍
കടുമഞ്ഞവര്‍ണ്ണം പരത്തുന്നവന്‍

അര്‍ബുദ കരിനാഗ ദംശത്താല്‍ നിങ്ങളെ
നോവിച്ചു നരകിച്ചു കൊല്ലുന്നവന്‍.
സ്വച്ഛന്ദമൊഴുകുന്ന ഹൃദയത്തില്‍ വരന്പിട്ട്
കാലേ മരണം കൊടുക്കുന്നവന്‍.

ഞാനാണ് ലഹരി പല പല വേഷത്തില്‍ ഇറങ്ങുന്ന ലഹരി
പലപല കോലത്തില്‍ കറക്കുന്ന ലഹരി!

തഴുകിത്തലോടിയുറക്കേണ്ട പുത്രിയെ
തലതൂക്കി കിണറ്റിലേക്കെറിയിച്ചവന്‍

പൊന്നുപോല്‍ വളര്‍ത്തിയൊരച്ചന്‍റെ മൂര്‍ദ്ധാവ്
പുത്രനാല്‍ തല്ലിപ്പിളര്‍പ്പിച്ചവന്‍.
പുത്രന്‍റെ കര്‍ണ്ണത്തില്‍ താതന്‍തന്നതിപാതം
ബധിരവിലാപിയായലയിച്ചവന്‍

പതിവായിയന്നം വിളന്പുന്ന കാന്തയുടെ
കണ്ണില്‍ കഠാര കയറ്റിച്ചവന്‍

ഞാനാണ് ലഹരി പല വേഷത്തില്‍ ഇറങ്ങുന്ന ലഹരി
പലപല കോലത്തില്‍ കറക്കുന്ന ലഹരി

പാല്‍പല്ലു പറിയാത്ത ഒരു പിഞ്ചു പെണ്ണിനെ
പൂപോലെ പിച്ചിത്തെറിപ്പിച്ചതും ഞാന്‍
സീതക്കു തുല്യയായിരുന്നൊരു പത്നിയെ
തെരുവിന്‍റെ ചോപ്പില്‍ വില്‍പ്പിച്ചതും ഞാന്‍.

സ്വപ്നങ്ങളേറെ കണ്ടൊരാകുമാരിയെ
സ്വഃതാതന്‍തന്‍ ഗര്‍ഭം ചുമപ്പിച്ചതും…
കുടുംബ ചക്രം കറക്കേണ്ട നാഥനെ
നടുറോഡില്‍ ചക്രത്തിലമര്‍ത്തിച്ചതും…
പാഴ്പാട്ടു പാടി നടന്നൊരാ ഭ്രാന്തിക്ക്
ഉദരത്തിലൊരനാഥനെ കൊടുപ്പിച്ചതും…

നായ്ക്കളാല്‍ മുഴുവദനം ഭുജിപ്പിച്ചൊരുത്തനെ
എന്‍ മുഖമെവിടെന്നു തിരയിച്ചതും…
ഞാനാണ് ഞാനാണ് ഞാനാണു ലഹരി.

എഴുപതില്‍ നിരങ്ങുന്ന മുത്തശ്ശിയെപ്പോലും
ഭ്രാന്തിന്നിരയാക്കി കൊലചെയ്യിച്ചു.

മരുന്നിന്നു മണ്ടുന്ന മകനു ഞാന്‍ കെണിയിട്ടു.
അതുകിട്ടാതെയമ്മയും വിടപറഞ്ഞു.

താലിക്കു കരുതിയ പണമച്ഛന്‍ വരിയിട്ടു.
മുഹൂര്‍ത്തത്തില്‍ മകള്‍ക്ക് വായ്ക്കരിയുമിട്ടു.

ആലംബ പ്രതീക്ഷയായിരുന്നൊരുപാടു യൗവ്വനം
എന്‍ കൂട്ടിനാല്‍ ഭ്രാന്തന്‍റെ പിന്‍ഗാമരായ്.

ജ്ഞാനമേറേപ്പകര്‍ന്നൊരാത്തിരുമേനിയെ
ഇന്നു കണ്ടെങ്കില്‍ ഞാന്‍ തിരുത്തിയേനെ…
മന്നന്‍റെ തോളില്‍ മാറാപ്പു കേറ്റിയോന്‍
ഈശ്വരനല്ലതു ഞാന്‍ ചെയ്ത ദുഷ്കൃതം…
കണ്ടു കണ്ടങ്ങിരുന്നൊരു മര്‍ത്യനെ
കണ്ടില്ലെന്നു വരുത്തിച്ചതുമിവന്‍

ഞാനാണു ലഹരി നിങ്ങളെന്നെ വേള്‍ക്കുക
ചിന്തയില്‍ വിഷപ്പുക കുത്തി നിറക്കുക.
തലച്ചോറില്‍ ഭ്രാന്തിന്നു ഹരിശ്രീ കുറിക്കുക.
ഹൃദയത്തെ പൊട്ടിച്ചു പുറത്തേക്കൊഴുക്കുക.

കരളിനെത്തൂക്കാനൊരു ത്രാസും വാങ്ങിക്കുക.
മക്കള്‍ക്കൊരുകുന്പിള്‍ വെള്ളം കരുതുക
പാളത്തിലേക്കുള്ള വഴിയും കാണിക്കുക.

ഒരു തുള്ളി ശ്വാസത്തിനായി കൈ നീട്ടുക
ഒരൊറ്റ ശ്വാസത്തിനായി നീ കെഞ്ചുക.
കിട്ടാതെയൊന്നു പിടഞ്ഞു കൊള്‍ക
പിടഞ്ഞു പിടഞ്ഞു മരിച്ചുകൊള്‍ക.

ലഹരിക്കു നല്‍കുവാന്‍ ഇത്രമാത്രം
കാലേ കൊടുക്കുവാന്‍ മരണം മാത്രം.
കവിത/ കെ ഗണേശന്‍

You must be logged in to post a comment Login