പെരുച്ചാഴികള്‍

പെരുച്ചാഴികള്‍

സങ്കടത്തോടെ ഒരു മാപ്പപേക്ഷ ഉസ്താദിനു മുന്പില്‍ എത്തിയിരിക്കുകയാണ്:
ഉസ്താദുമാര്‍ക്ക് നല്ല ഭക്ഷണം കൊടുത്തയക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. പക്ഷേ, ഞാനെന്താ ചെയ്യുക! ഇറച്ചിയും മീനും പോയിട്ട് ഉപ്പും മുളകുമെങ്കിലും ആവശ്യത്തിന് കിട്ടണ്ടേ?
കൊടുത്തയച്ച ഭക്ഷണം നിലവാരം കുറഞ്ഞതെന്നു സ്വയം കുറ്റപ്പെടുത്തി ആ ഉമ്മ സങ്കടപ്പെടുകയാണ്. അയല്‍പ്പക്കക്കാരിയോടു പറഞ്ഞ്, അയല്‍ക്കാരന്‍ വഴി പള്ളിയില്‍ മാപ്പപേക്ഷ എത്തിച്ചിരിക്കുന്നു.
മുന്തിയ ഭക്ഷണമൊന്നും ഉസ്താദ് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, വീട്ടുകാരുടെ ശീലം അങ്ങനെയാണല്ലോ. ഇനി ഉസ്താദിനല്ലെങ്കിലും വേറൊരാള്‍ക്കു ഭക്ഷണം നല്‍കുന്പോള്‍ നല്ലതു നല്‍കണ്ടേ? അതിനു നിവൃത്തിയില്ല ഈ വീട്ടുകാരിക്ക്. ഖേദകരം വീട്ടുകാരിയുടെ നിവൃത്തികേടല്ല, വീട്ടുകാരന്‍റെ നിവൃത്തിയാണ്.
ഭൂസ്വത്ത് കുറച്ചൊന്നുമല്ല അദ്ദേഹത്തിന്. വരുമാനവഴികള്‍ പലതുണ്ട്. പക്ഷേ, വീട്ടിലെ കാര്യം ഇങ്ങനെയൊക്കെയാണ്. വേണ്ടതൊന്നും ആ വീട്ടില്‍ ഉണ്ടാവാറില്ല. ഗതിയില്ലാത്തവന്‍റെ വീട്ടിലെ പട്ടിണിയേക്കാള്‍ ദുസ്സഹമാണ് ഈ ഉള്ളവന്‍റെ വീട്ടിലെ ഇല്ലായ്മ.
നടുക്കടലില്‍ പെട്ടതുപോലെയാണ് ഭാര്യയും മക്കളും. വെള്ളം വെള്ളം സര്‍വത്ര. പക്ഷേ, തുള്ളി കുടിപ്പാന്‍…
ഗൃഹനാഥന്മാര്‍ കുറെയുണ്ട് ഇങ്ങനെ. അവര്‍ തിന്നില്ല; തീറ്റുകയുമില്ല. പിശുക്കിന്‍റെ പര്യായങ്ങള്‍. ഇവര്‍ സന്പാദിക്കുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല; ഇവര്‍ക്കും. അവസാനം അതൊക്കെ ബാക്കിവെച്ച് ഇഹലോകം വിടും. ഇത്തരക്കാരെ പെരുച്ചാഴിയോട് ഉപമിച്ചിട്ടുണ്ട് റസ്സാനത്തില്‍. പെരുച്ചാഴി ശേഖരിച്ചു വച്ച നെല്ലു മുഴുവന്‍ വരന്പു കിളക്കുന്പോള്‍ കര്‍ഷകര്‍ കണ്ടെടുക്കും. പെരുച്ചാഴി അന്ന് കറിയുമാകും എന്ന്.
ഇത്തരം പെരുച്ചാഴികളുടെ ഭാര്യമാര്‍ കുഴഞ്ഞതു തന്നെ. കുട്ടികളുടെ കാര്യം പറയാനുമില്ല. ഭക്ഷണവും വസ്ത്രവുമില്ലാത്ത ആ ദരിദ്ര ജീവിതങ്ങള്‍ക്ക് മറ്റു അഗതികള്‍ക്കു കിട്ടുന്ന പരിഗണനയും ആരില്‍നിന്നും കിട്ടില്ല. കുബേരന്‍റെ മക്കളല്ലേ?
ഇനി മറ്റൊരു കൂട്ടരുണ്ട്. അവര്‍ക്കു മറ്റുള്ളവരുടെ കാര്യത്തിലേ പിശുക്കുള്ളൂ. സ്വന്തം കാര്യം കുശാല്‍. ഹോട്ടലില്‍ നിന്നു നന്നായി കഴിച്ച്, മുന്തിയ വസ്ത്രം ധരിച്ച് അവരങ്ങനെ വിലസും. വീട്ടില്‍ അരപ്പട്ടിണിയും മുഴുപ്പട്ടിണിയും. അല്ലാഹുവിന്‍റെ മുന്പില്‍ കുറ്റവാളികളാണ് ഇവരെല്ലാം. കര്‍ത്തവ്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയവര്‍. നബിശിഷ്യന്‍ മുആവിയതുല്‍ഖുശയ്രീ(റ) തിരുമേനിയോട് ചോദിച്ചു: ഞങ്ങളില്‍ ഒരാള്‍ക്കു തന്‍റെ ഭാര്യയോടുള്ള കടമയെന്താണ്?
അവിടുന്ന് മറുപടി പറഞ്ഞതില്‍ ഇങ്ങനെ കാണാം: നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കണം. നീ വസ്ത്രം ധരിച്ചാല്‍ അവളെയും ധരിപ്പിക്കണം. മുഖത്തടിക്കരുത്. വീട്ടിലല്ലാതെ പിണക്കമരുത്. വേണ്ടതൊക്കെ നല്‍കണമെന്നു മാത്രമല്ല അലോസരങ്ങളൊന്നും ആളറിയരുത് എന്നും.
മോഷണം കഠിന കുറ്റമാണ്. കൈമുറിക്കലാണ് അതിന് ഇസ്ലാമിക ശിക്ഷ. പിന്നെയും കട്ടാല്‍ കാലും പോകും. അല്ലാഹു സത്യം, എന്‍റെ മകള്‍ ഫാത്വിമ കട്ടാലും കൈ മുറിക്കുമെന്നു നബി(സ) പറഞ്ഞതില്‍ നിന്നും മനസ്സിലാക്കാം കളവിന്‍റെ ഗൗരവം. എന്നാല്‍ ഗതിയുണ്ടായിട്ടും ഭാര്യയെയും മക്കളെയും വേണ്ട വിധം പോറ്റാത്തവന്‍റെ ഭാര്യയില്‍ നിയമം വേറെയാണ്.
അബൂസുഫ്യാന്‍റെ ഭാര്യ ഒരു പരാതിയുമായി നബി(സ)യുടെ സന്നിധിയിലെത്തി. അബൂസുഫ്യാന്‍ പിശുക്കനാണ്. എനിക്കും കുഞ്ഞിനും ആവശ്യമായത്ര അദ്ദേഹം ചെലവിനു നല്‍കുന്നില്ല. അദ്ദേഹം അറിയാതെ ഞാന്‍ ചിലതൊക്കെ എടുക്കുകയാണ്.
നിനക്കും കുഞ്ഞിനും ആവശ്യമായത് നീ എടുത്തു കൊള്ളൂ എന്നായിരുന്നു നബി(സ)യുടെ മറുപടി.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനു ചെലവഴിക്കുന്ന ഒരു ദീനാര്‍, അടിമ മോചനത്തിനു ചെലവഴിക്കുന്ന ഒരു ദീനാര്‍, സാധുവിന് ധര്‍മം ചെയ്യുന്ന ഒരു ദീനാര്‍, നിന്‍റെ കുടുംബത്തിനു ചെലവഴിക്കുന്ന ഒരു ദീനാര്‍ ഇതില്‍ ഏറ്റവും പ്രതിഫലാര്‍ഹം നിന്‍റെ കുടുംബത്തിനു ചെലവഴിക്കുന്ന ദീനാറാണ്. എന്നു നബി(സ) പറഞ്ഞു. (മുസ്ലിം)
ഇല്ലായ്മയില്‍ കഴിഞ്ഞൊരു ഭര്‍ത്താവ് കിട്ടുന്നത് ഭാര്യമാര്‍ക്കു നല്‍കി മാതൃക കാട്ടിയതു കൂടി കാണുക. തിരുനബി(സ) തന്നെ. നബി പത്നി ആഇശ(റ), സഹോദരി അസ്മാഇന്‍റെ മകന്‍ ഉര്‍വ(റ)യോടു പറയുകയാണ്: എന്‍റെ സഹോദരീപുത്രാ! ഞങ്ങള്‍ ഒരു ചന്ദ്രപ്പിറവി കണ്ട് അടുത്ത പിറവിയും കണ്ടു. രണ്ടു മാസങ്ങളിലായി മൂന്നു ചന്ദ്രപ്പിറവികള്‍. (മാസത്തിന്‍റെ തുടക്കത്തില്‍ പിറവി കണ്ട് അറുപതി ദിവസം കൊണ്ട് മൂന്നു പിറവി കാണും) ഈ കാലയളവില്‍ അല്ലാഹുവിന്‍റെ റസൂലിന്‍റെ വീട്ടില്‍ തീ കത്തിച്ചിരുന്നില്ല. ഉര്‍വ ചോദിച്ചു: മാതൃസഹോദരീ! അപ്പോള്‍ നിങ്ങളുടെ ജീവന്‍ നിലര്‍ത്തിയതെന്ത്? അവര്‍ പറഞ്ഞു: കറുത്ത രണ്ടെണ്ണം. കാരക്കയും വെള്ളവും. പിന്നെ റസൂല്‍ (സ)ക്ക് അന്‍സ്വാരികളില്‍ പെട്ട അയല്‍ക്കാരുണ്ടായിരുന്നു. അവര്‍ക്ക് കറവയുണ്ടായിരുന്നു. അവര്‍ അവയുടെ പാല്‍ റസൂല്‍ (സ)ക്ക് നല്‍കിയിരുന്നു. അവിടുന്ന് അത് ഞങ്ങളെ കുടിപ്പിക്കും.
ഭൂഗോളത്തിലെ മുഴുവന്‍ ഭര്‍ത്താക്കളോടും ഈ ഹദീസ് പറയുന്നതെന്താണ്?
സ്വാദിഖ് അന്‍വരി

You must be logged in to post a comment Login