പുറകിലേക്കൊരു കണ്ണ്

പുറകിലേക്കൊരു  കണ്ണ്

അലിയ്യുബ്നു ഹസന്‍ബ്നു ശഫീഖ്, അബ്ദുല്ലാഹിബ്നു മുബാറക്(റ)നെക്കുറിച്ച് പറയുന്നു തണുത്തു വിറകൊള്ളുന്ന രാത്രിയിലൊരിക്കല്‍ അബ്ദുല്ലാഹിബ്നു മുബാറകിനൊപ്പം പള്ളിയില്‍ നിന്ന് പോകാനൊരുങ്ങുകയായിരുന്നു. ഒരു ഹദീസിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അതിനെ ചുറ്റിപ്പറ്റിയായി പിന്നെ ചിന്ത മുഴുവന്‍. സുബ്ഹിക്ക് ബാങ്ക് വിളിക്കുന്നതുവരെ ഞങ്ങള്‍ ആ ചിന്തയില്‍ കുടുങ്ങിക്കിടന്നു.
അറിവുതേടി അലഞ്ഞു കൊണ്ടേയിരിക്കുകയും ഊഹങ്ങളുടെയും മതയുക്തിവാദങ്ങളുടെയും കലര്‍പ്പില്‍ നിന്നത് മുക്തമാവുകയും ചെയ്താല്‍ പിന്നെയത് ഇലാഹീചിന്തയിലുറക്കും. അറിവിനോടുള്ള ആദരവും പ്രണയരസവുമൊക്കെ അപ്പോള്‍ ആസ്വദിക്കാനാവും. ഒരിക്കല്‍ ഇമാം പറഞ്ഞു.
ഇതാണ് ഇസ്ലാമിലെ ഉലമാഅ്. ചിന്തയെ ഇലാഹീഇച്ഛകളിലുറപ്പിച്ച് ദീനിന്‍റെ പൊരുള്‍ തേടിയുള്ള അലച്ചില്‍. അവര്‍ക്ക് മലക്കുകള്‍ ചിറകുവിരിച്ചു. കാര്യങ്ങള്‍ അവര്‍ക്കുമുന്നില്‍ മുഴിപ്പായി നിന്നില്ല. അവര്‍ സ്വയം കത്തുകയും അങ്ങനെ അണയാത്ത ജ്വാലകളായി മറ്റുള്ളവര്‍ക്ക് വഴികാട്ടുകയും ചെയ്തു.
സദ്വൃത്തരെ ഞാന്‍ സ്നേഹിക്കുന്നു. ഞാനവരില്‍പെടില്ല. ദുര്‍വൃത്തരെ ഞാന്‍ അകറ്റി നിര്‍ത്തുന്നു. എന്നാലോ, ഞാനവര്‍ക്കിടയിലെ അധമനാണ്.
സ്വന്തത്തെ നേരെ നടത്താനായി ഇമാം ഈ വരികള്‍ ഇടക്കിടെ ചൊല്ലും. ഇത്രക്ക് എളിമയോടെ ജീവിച്ചത് കൊണ്ടു തന്നെയാണ് അക്കാലത്തെ വലിയ മഹാന്മാരില്‍ അദ്ദേഹത്തിന് ഇടം കിട്ടിയതും. ഇലാഹീ സാമീപ്യത്തിന്‍റെ മധുരം ആസ്വദിക്കുന്പോഴും പുറകോട്ടൊരു കണ്ണുണ്ടായിരുന്നു അബ്ദുല്ലാഹിബ്നു മുബാറകിന്ന്. പഴയ ജീവിതമോര്‍ത്ത് കണ്ണുകള്‍ നിറയും. സ്വയം വലുതായിക്കാണുന്നതൊരുതരം കാഴ്ചക്കുറവാണ്. അയാള്‍ക്ക് സ്വന്തം ത്രാസില്‍ ഒരു നായയുടെ അത്രപോലും മൂല്യമുണ്ടാവില്ല.
ഖുര്‍ആന്‍ ആസ്വാദനം പ്രധാനശീലമായിരുന്നു. അപ്പോള്‍ എല്ലാം മറക്കും. പൂര്‍ത്തിയാവുന്പോള്‍ ഉള്ളു നുറുങ്ങുന്ന പ്രാര്‍ത്ഥനയുണ്ടാവും. സുജൂദിലെ സുദീര്‍ഘപ്രാര്‍ത്ഥനകളും രാത്രിയിലെ ഖുര്‍ആനോതി നീളുന്ന നിസ്കാരങ്ങളും വലിയൊരു സമാധാനമായിരുന്നു.
ഓത്തിനിടയില്‍ ചിന്തയുടെ നിശ്ശബ്ദത. ഓര്‍മയില്‍ കൊത്തിയിടാനായിട്ടുള്ള ആവര്‍ത്തനങ്ങളുമുണ്ടാകും. വിയര്‍ത്ത് കിതച്ചു കണ്ണീര്‍ വാര്‍ത്തുകൊണ്ട് പുലരിയോളം നിസ്കാരത്തില്‍.
ഇതൊക്കെ കണ്ടിട്ട് ഒരാള്‍ ചോദിച്ചു ഒരു റക്അത്തില്‍ തന്നെ ഇന്നലെ രാത്രി ഖുര്‍ആന്‍ ഖത്മ് ചെയ്തുവല്ലേ?
അങ്ങനെയല്ല, ഇന്നലെ രാത്രി അല്‍ഹാകുമുത്തകാസുര്‍ മാത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് സുബ്ഹ് വരെ ഓതിയ ഒരാളെ ഞാനറിയും. ഇമാം തന്നെക്കുറിച്ച് പറഞ്ഞതാണിത്.
അറിവിനോടുള്ള ഇന്പം എടുത്തു പറയണം. ഉസ്താദുമാരുടെ വാക്കുകള്‍ ഓലയില്‍ എഴുതും. ഓല നിറഞ്ഞാല്‍ അതു മര്യാദയോടെ വെയിലത്തുവെക്കും. അതുണങ്ങുന്നതു വരെ സുജൂദില്‍ കിടക്കും.
അല്ലാഹുവിന്‍റെ വഴിക്ക് രക്തസാക്ഷിയായ ഒരാള്‍ അങ്ങേയറ്റം അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ സൂക്ഷിച്ച് ജീവിച്ചു മരിച്ച മറ്റൊരാള്‍. ഇവരില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന്, ഏറ്റം സൂക്ഷ്മതയോടെ ജീവിച്ച ആളെയാണ് പ്രിയമെന്ന് അബ്ദുല്ലാഹിബ്നു മുബാറക് (റ) മറുപടി കൊടുത്തു.
ഹദീസുകളിലെ ഇലാഹീദാസന്മാരെപ്പറ്റിയുള്ള ഭാഗങ്ങള്‍ കാണുന്പോള്‍ കരച്ചില്‍ തന്നെയായിരുന്നുവെന്ന് നുഐമുബ്നു ഹദ്ദാദിനെ ഉദ്ധരിച്ച് ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥയാത്രയിലും പ്രത്യേകിച്ച് ഹജ്ജിനോ ഉംറക്കോ പോകുന്പോഴും ആവര്‍ത്തിച്ചു ചൊല്ലിയിരുന്ന കവിതാ ശകലമിതാണ്
ദുന്‍യാജീവിതത്തോടുള്ള കടുത്ത അമര്‍ഷവും
അല്ലാഹുവെക്കുറിച്ചുള്ള ഭയവുമാണ്
എന്നെ തീര്‍ത്ഥാടകനാക്കിയത്. പിന്നെ,
എന്‍റെ ഇഛകള്‍ മൂല്യമിടിഞ്ഞ ചരക്കുകള്‍ വാങ്ങിക്കൂട്ടുന്പോഴും.
ഞാനൊരു തീര്‍ത്ഥാടകനാവുന്നു.
ഒരിക്കല്‍ സംസമിന്‍റെയടുത്ത് ചെന്ന് അല്പം വെള്ളം ഭവ്യതയോടെ കോരിയെടുത്തിട്ടു പറഞ്ഞു
മാഉ സംസം ലിമാ ശുരിബ ലഹൂ/ എന്തുദ്ദ്യേം വച്ച് കുടിക്കുന്നുവോ അതിനുള്ളതാണ് സംസമെന്ന് മുത്തുനബി പറഞ്ഞല്ലോ. റഹ്മാനേ, അന്ത്യനാളിലെ കൊടുംദാഹത്തില്‍ നിന്ന് വിടുതി കിട്ടാനാണ് ഞാനിതു കുടിക്കുന്നത്.
ഒരടിമ യജമാനനോട് എങ്ങനെയാകണമെന്ന് ഖുര്‍ആനില്‍ പറഞ്ഞ രീതി കാണുന്പോള്‍ അത്തരക്കാര്‍ തന്നെയല്ലേ ഇവര്‍ എന്നു മനസ്സ് ചോദിക്കും. അപ്പോള്‍ ഈ നമ്മള്‍ ഖുര്‍ആനിലെവിടെയാണ് രാത്രിയില്‍ വളരെക്കുറച്ചു സമയത്തേക്കേ അവരുറങ്ങുകയുള്ളൂ. അതിന്‍റെ അന്ത്യപാതിയിലോ പാപമോചന തേട്ടത്തിലുമാണവര്‍. (51/ 1718)
ഞങ്ങളുടെ നാഥന്‍റെ വേദനാജനകമായ ദിനത്തെ ഞങ്ങള്‍ ഭയക്കുന്നു. (76/10)
അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി അവന്‍ നല്‍കിയതില്‍ നിന്നവര്‍ ചെലവിടുന്നു. അല്ലാഹുവിലേക്ക് മടങ്ങിച്ചെല്ലുമെന്നോര്‍ത്ത് അവരുടെ ഹൃദയങ്ങള്‍ വിറകൊള്ളുന്നു. (23/60) ഈയൊരു പേടി എന്തുകൊണ്ടാണ് നമുക്കില്ലാത്തത്? അത്രക്ക് ഭൗതികലോകം നമ്മെ മൂടിക്കളഞ്ഞിരിക്കുന്നു. ശാരീരികമായ ആഗ്രഹങ്ങള്‍ നമ്മെ മൂക്കുകയറിട്ട് പിടിച്ചിരിക്കുന്നു.
ഈ മൂക്കുകയറിനെ ആസ്വദിക്കുകയാണ് നമ്മള്‍. ദീന്‍ ആചരിക്കാതിരിക്കാനുള്ള പഴുതുകളാണ് നാം തിരയുന്നത്.
ശാമില്‍ നിന്ന് പരിചയപ്പെട്ട ഒരാളില്‍ നിന്ന് ഇമാം ഒരു പേന വായ്പ വാങ്ങി. കുറെ ദൂരം ചെന്ന് മര്‍വിലെത്തിയപ്പോഴാണ് പേന തിരിച്ചുകൊടുത്തില്ലെന്ന ഓര്‍മ വന്നത്. വന്ന വഴിയേ തിരിച്ചു നടന്നു. ദൂരങ്ങള്‍ താണ്ടിച്ചെന്ന് പേനയുടെ ഉടമയെ തിരഞ്ഞു പിടിച്ച് അതു തിരിച്ചേല്‍പിച്ചു.
അബ്ദുല്ലാഹിബ്നു മുബാറകിനും നമുക്കുമിടയിലെ ദൂരമെത്രയാണ്? താന്‍ കുഴപ്പമില്ലെന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് നമ്മള്‍. ഉള്‍നാട്യമുള്ള നിസ്കാരക്കാരെക്കാള്‍ തിന്മ പടര്‍ന്നു കയറിയ മനുഷ്യരില്ല എന്നായിരുന്നു ഉള്‍നാട്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇമാമിന്‍റെ മറുപടി. മറ്റുള്ളവര്‍ക്കില്ലാത്ത സിദ്ധികള്‍ തനിക്കു സ്വന്തമായുണ്ടെന്ന് വിചാരിക്കുന്നതാണ് ഉള്‍നാട്യമെന്നാണ് മഹാന്‍റെ വിശദീകരണം. ഒരു നായയുടെ മൂല്യം പോലുമില്ലാത്ത ഒരാളാണ് താനെന്ന് ഇടക്കിടെ സ്വയം ഉണര്‍ത്തിക്കൊണ്ടേയിരുന്നു അബ്ദുല്ലാഹിബ്നു മുബാറക്(റ).=
ഡോ. സഈദ് റമളാന്‍ അല്‍ബൂത്വി
വിവ. ടി ടി ഇര്‍ഫാനി

You must be logged in to post a comment Login