ഒരു നബിദിനത്തിന്‍റെ ഓര്‍മ

ഒരു നബിദിനത്തിന്‍റെ ഓര്‍മ

മദ്റസയിലെ എന്‍റെ പ്രധാന ഉസ്താദ് അബ്ദുറശീദ് സഅദിയാണ്. ഗാംഭീര്യവും പുഞ്ചിരിയും മാറിമാറി വരുന്ന മുഖഭാവം.
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. ആണ്‍കുട്ടികളൊക്കെയും റബീഉല്‍അവ്വലിനോടനുബന്ധിച്ച് മദ്റസയില്‍ നടക്കുന്ന ദഫ്മുട്ട്, പ്രസംഗം, ഗാനം തുടങ്ങിയവ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ്.
റബീ.അവ്വല്‍ തിരക്കാണെങ്കിലും ഉസ്താദിന്ന് പഠനം പ്രധാനമാണ്. അതിന്‍റെ ഗൗരവം ചോരുന്നത് ഉസ്താദിന്ന് പിടിക്കില്ല. അന്നൊരു ശനിയാഴ്ച ഏഴാം ക്ലാസുകാരായ ഞങ്ങള്‍ക്ക് പാഠഭാഗങ്ങളിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായില്ല. അതിനെത്തുടര്‍ന്ന് ഉസ്താദില്‍ നിന്നു അടികിട്ടി. അതു ഞങ്ങളെ ഖിന്നരാക്കി. നബിദിന പരിപാടി വേണ്ടെന്നു വച്ചാലോ എന്നായി. വിവരം ഉസ്താദ് അറിഞ്ഞു.
നിങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിലും പരിപാടി നടക്കും. ഓതിപ്പഠിക്കലാണ് പ്രധാനം. അതു നടക്കട്ടെ.
ഉസ്താദ് ഗൗരവത്തിലാണ്. പിറ്റേന്ന് ഉസ്താദ് എന്നെ നിറപുഞ്ചിരിയോടെ അടുത്തു വിളിച്ചു മോനേ, നീ പ്രസംഗിക്കുക. കഴിഞ്ഞത് മറക്കുക എന്നുപദേശിച്ചു. എനിക്ക് അതിയായ സന്തോഷം തോന്നി.
ഞങ്ങളുടെ മദ്റസയുടെ രണ്ടുകിലോമീറ്റര്‍ പരിധിക്കുള്ളില്‍ മറ്റൊരു മദ്റസയുണ്ട്. രണ്ടു സ്ഥാപനങ്ങളും ഒരുമിച്ചാണ് നബിദിനറാലി നടത്താറ്. ശേഷം ഏതെങ്കിലും ഒരു മദ്രസയുടെ നബിദിന പരിപാടി രാത്രി നടക്കും. ആ വര്‍ഷം ആ മദ്റസയിലായിരുന്നു ആദ്യ പരിപാടി. എന്നാല്‍ ഉപ്പ പറഞ്ഞു നീ പരിപാടിക്ക് പോവണ്ട.
എന്തു ചെയ്യും? എന്ത് വന്നാലും എനിക്കവിടെ പങ്കെടുത്തേ മതിയാവൂ. ഉപ്പാനോട് ഞാന്‍ വീണ്ടും സമ്മതം ചോദിച്ചു. തന്നില്ല.
ഉഷ്ണകാലങ്ങളില്‍ ഉപ്പ കോലായിലാണ് കിടക്കാറ്. അന്നവിടെ കിടക്കാന്‍ ഉപ്പയോട് ഞാന്‍ സമ്മതം വാങ്ങി. കോലായില്‍ കിടന്നു.
എന്‍റെ ചിന്ത എനിക്ക് മീലാദ് പരിപാടിയില്‍ എത്തണമെന്നാണ്. വീട്ടുകാര്‍ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പുവരുത്തി ഞാന്‍ മെല്ലെ എണീറ്റു. അപ്പോള്‍ എനിക്കൊരു ശങ്ക. വീട്ടുകാരാരെങ്കിലും മൂത്രിക്കാനോ മറ്റോ പുറത്തിറങ്ങിയാല്‍, എന്നെ കണ്ടില്ലെങ്കില്‍… അന്നേരം ഞാനൊരു സൂത്രമൊപ്പിച്ചു. പുറത്ത് അയലില്‍ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ എടുത്ത് ഞാന്‍ കിടക്കുന്നിടത്ത് ഒരു ബോഡി ഷെയ്പ് തയ്യാറാക്കി. നാളികേരം തലയുടെ സ്ഥാനത്ത് വച്ച് ആ രൂപത്തെ പുതപ്പിച്ചു. ശരിക്കും ഞാന്‍ കിടന്നുറങ്ങുന്ന രൂപം തയ്യാറായി. രാത്രി പത്തുമണി. നേരത്തെ കരുതിവച്ച മെഴുകുതിരിയും തീപ്പെട്ടിയും കയ്യിലെടുത്തു. മങ്ങിയ നിലാവെളിച്ചത്തില്‍ പുറത്തിറങ്ങി. ഭയം കാരണം നടത്തത്തിന് വേഗത കൂടി. ഒരു നിലക്ക് സദസ്സിലെത്തി. കിട്ടിയ സ്റ്റൂളില്‍ ഇടം പിടിച്ചു. നബി(സ) തങ്ങളെ പാടിയും പറഞ്ഞും പ്രസംഗിച്ചും ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍. പക്ഷേ, എന്‍റെ ശ്രദ്ധ അതിലേക്ക് തിരിയുന്നില്ല. മനസ്സിന് വിഭ്രാന്തി. എന്‍റെ ഭയം കൂടിവന്നു. എനിക്ക് വീട്ടില്‍ തന്നെ തിരിച്ചെത്തണമെന്നായി. ഞാന്‍ പോന്നത് വീട്ടുകാരുടെ സമ്മതമില്ലാതെയാണെന്ന് റശീദ് ഉസ്താദ് അറിഞ്ഞാല്‍… ഞാന്‍ വീട്ടിലേക്ക് തന്നെ തിരിക്കാനുറച്ചു. കൂടെ പോരാന്‍ ഒരു അയല്‍വാസിയെയും കിട്ടി.
വീടിന്‍റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ ചുറ്റുപാടും നോക്കി. എല്ലാവരും സുഖനിദ്രയിലാണ്. സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. ഞാന്‍ തയ്യാറാക്കിയ രൂപത്തിന് മാറ്റം വന്നതുപോലെ തോന്നി. തോന്നിയതാവും എന്ന് ഉള്ളില്‍ സമാധാനിച്ചു. പുതപ്പ് ഉയര്‍ത്താന്‍ കൈ നീട്ടി. സുബഹാനല്ലാഹ്! ആ പുതപ്പിന്‍റെ ഉള്ളില്‍ നിന്ന് ഉപ്പ എഴുന്നേല്‍ക്കുന്നു. ഒരു വടിയും ഉയര്‍ത്തി ഉപ്പ എന്‍റെ നേരെ കുതിച്ച് എവിടെ ആയിരുന്നെടാ നീ… എന്നു ചോദിച്ചു ഞാന്‍ ആലിലപോലെ വിറക്കാന്‍ തുടങ്ങി. മിണ്ടിയില്ല. വീണ്ടും ചോദ്യം ഇനിയും പറഞ്ഞില്ലെങ്കില്‍ വടിയുടെ ചൊടി അറിയേണ്ടി വരും.
ഞാന്‍… നബിദിന പരിപാടിക്ക് പോയതാണ്.
ഉം, കിടന്നോ. നേരം വെളുക്കട്ടെ.
ഉപ്പ അകത്തുകയറി. ഞാനവിടെ കിടന്നു. ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.
പതിവിനു വിപരീതമായി നേരത്തെ സുബ്ഹി നിസ്കരിച്ചു മദ്റസയിലേക്കോടി. എന്‍റെ മനസ്സില്‍ ഇന്നലെ സംഭവിച്ചു പോയവ മിന്നിമറഞ്ഞു കൊണ്ടേയിരുന്നു. മദ്റസ വിടാന്‍ അല്പ സമയമുള്ളപ്പോള്‍ റശീദ് ഉസ്താദ് റൂമിലേക്ക് വിളിച്ചു.
നിന്‍റെ ഉപ്പ ഇവിടെ വന്നിരുന്നു. കാര്യങ്ങള്‍ സംസാരിച്ചു തിരിച്ചുപോയി. റശീദുസ്താദ് എന്നെ മോനേ എന്ന് വിളിച്ചു ധാരാളം ഉപദേശിച്ചു. മാതാപിതാക്കളെയും ഉസ്താദുമാരെയും അനുസരിക്കുന്നതിന്‍റെ വിലയും ഗുണവും പറഞ്ഞു തന്നു. അതോടെ എന്‍റെ ദുഃഖങ്ങള്‍ അകന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഉമ്മയും ഉപ്പയും ആ രൂപത്തെ പറ്റിയും അതു കണ്ട സന്ദര്‍ഭവും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ അവരുടെ ചിരിയില്‍ പങ്കുചേര്‍ന്നു.

ഇസ്മാഈല്‍
ഹിദായ കോളജ്, മുത്തേടം

You must be logged in to post a comment Login