സമത്വ കാലത്തെ സഹധര്‍മിണികള്‍

സമത്വ കാലത്തെ  സഹധര്‍മിണികള്‍

ഭര്‍ത്താവ് നിമിത്തം ഭാവി പോയവര്‍, ജീവന്‍ പോയവര്‍. അതൊക്കെ ഒരുപാട് കേട്ടതല്ലേ? എന്നാല്‍ മാറിയ കാലത്ത് മറിച്ചുമുണ്ട് ഒട്ടേറെ.
പാവം ചില ഭര്‍ത്താക്കന്മാര്‍. ഭാര്യമാരുടെ പീഡനത്താല്‍ സഹികെട്ടവര്‍. അപൂര്‍വം, ഒറ്റപ്പെട്ടത് എന്നൊന്നും പറയേണ്ട. അവര്‍ക്കൊരു സംഘടന തന്നെയുണ്ടിപ്പോള്‍. പീഡിത ഭര്‍ത്താക്കളുടെ സംഘടന! അതിനു മാത്രമൊക്കെയുണ്ട് അവര്‍. അതാണ് പുതുയുഗത്തിലെ സ്ഥിതി.
പ്രായം ചെന്നൊരു പാവം മനുഷ്യന്‍റെ ആവലാതി പലപ്പോഴും കേട്ടുകൊണ്ടിരുന്നു. ഭാര്യയുടെ നാവില്‍ നിന്നു രക്ഷപ്പെടാന്‍ വേഗം വീട്ടില്‍ നിന്നിറങ്ങിപ്പോരുന്ന ഭര്‍ത്താവ്. മറുത്തെന്തെങ്കിലും പറയാന്‍ നിന്നാല്‍ ഭാര്യക്കു നിയന്ത്രണം വിടും. പക്വത നിറഞ്ഞു തുളുന്പേണ്ട പ്രായമുള്ളവരാണ് താനും ഭര്‍ത്താവും എന്നൊന്നും ആലോചിക്കാതെ തെറിതന്നെ തുറന്നുവിടും.
സങ്കടം പറഞ്ഞ ആ വൃദ്ധനോട്, ഞാനവരെ ഒന്നുപദേശിക്കാമെന്നു പറഞ്ഞപ്പോള്‍ മറുപടി വേണ്ട, നിങ്ങളെയും അവള്‍ മാനം കെടുത്തും.
ഇനി യുവ ദന്പതികളുടെ മറ്റൊരു ചിത്രം വിവരം പറഞ്ഞതു ഭര്‍തൃപിതാവു തന്നെ. മരുമകളുടെ സ്വൈരക്കേടു കൊണ്ട് മകന്‍ കരയുന്നതും അയല്‍ക്കാര്‍ക്കിടയില്‍ തന്‍റെ മകന്‍ പരിഹാസ പാത്രമാകുന്നതും കണ്ടു ക്രുദ്ധനായി അദ്ദേഹം ചോദിക്കുകയാണ് അവളെ നന്നായൊന്നു പെരുമാറാന്‍ അവനു തന്‍റേടം വേണ്ടേ?
അവനു തന്‍റേടക്കുറവാണോ അതോ മറ്റുവല്ലതുമാണോ? അറിയില്ല. പക്ഷേ, ഒന്നുറപ്പ്. ആ ബന്ധവും തകര്‍ച്ചയുടെ വക്കത്താണ്.
കുടുംബ ശൈഥില്യത്തില്‍ ഭാര്യമാരുടെ പങ്കാളിത്തവും വര്‍ധിക്കുകയാണെന്നു തെളിയിക്കുകയാണിതെല്ലാം.
ഭര്‍ത്താവ് എങ്ങനെയോ അങ്ങനെത്തന്നെ ഞാനും എന്നു ചിന്തിക്കുന്നവരാണ് ഏറെ പേരും. സമത്വകാലത്തെ സഹധര്‍മിണികള്‍. ഭര്‍ത്താവിന്‍റെ മേല്‍ക്കോയ്മ അംഗീകരിക്കാനൊന്നും അവരെ കിട്ടില്ല. എനിക്കെന്താണൊരു കുറവ്? ഞാനാരാ മോള്‍ എന്നാണു ഭാവം.
പക്ഷേ, മുസ്ലിംഭാര്യമാര്‍ അറിയണം. നബി(സ) പരിചയപ്പെടുത്തുന്ന ഉത്തമ കുടുംബിനി ഇങ്ങനെയൊന്നുമല്ല. അവള്‍ ആത്മാവില്ലാത്തവളല്ല, അവകാശമില്ലാത്തവളല്ല, ആദരവര്‍ഹിക്കാത്തവളുമല്ല. പക്ഷേ, അവള്‍ ഭര്‍ത്താവിന്‍റെ കീഴില്‍ തന്നെയാവണം. അവന്‍റെ ആജ്ഞ തിന്മയല്ലാത്തപ്പോള്‍ അവള്‍ അനുസരിക്കുക തന്നെ വേണം.
ഭര്‍ത്താവ് ശയ്യയിലേക്കു ക്ഷണിക്കുന്പോള്‍ അവള്‍ അടുപ്പിന്നടുത്തായാല്‍ പോലും ചെല്ലണമെന്നാണ് തിരുനബി(സ) പറഞ്ഞത്. ആരോടെങ്കിലും മറ്റൊരാള്‍ക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കുകയാണെങ്കില്‍ ഭാര്യ ഭര്‍ത്താവിനു സുജൂദ് ചെയ്യാന്‍ ഞാന്‍ കല്പിക്കുമായിരുന്നു എന്ന തിരുമൊഴി മതി ഭാര്യ എങ്ങനെയാവണമെന്നറിയാന്‍.
മഹത്പ്രതിഫലത്തിന് തനിക്കുള്ള അവസരമാണിതെല്ലാം എന്നു ചിന്തിക്കാന്‍ കഴിയുന്നവള്‍ക്കിതെല്ലാം സാധ്യം. അവള്‍ കളങ്കമില്ലാതെ ഭര്‍ത്താവിനെ സ്നേഹിക്കും. തൃപ്തിയോടെ അനുസരിക്കും. വാക്കിലും പ്രവൃത്തിയിലും വിഷമിപ്പിക്കാതിരിക്കും. ശരിക്കും ദിശാബോധമുള്ളതിനാല്‍ ആ കുടുംബം സന്തുഷ്ടം.
അവള്‍ ധിക്കാരിയും ഭര്‍ത്താവിനെ വകവെക്കാത്തവളുമെങ്കിലോ? കലഹം തന്നെ ഫലം. അല്ലെങ്കില്‍ ഭര്‍ത്താവ് അത്രക്കും പെണ്ണാ വണം.
ഭര്‍ത്താവിനെ സ്നേഹിക്കാത്ത ഭാര്യമാര്‍ ഈ പെണ്ണിന്‍റെ കഥയറിയണം ഉമ്മുല്‍മുഅ്മിനീന്‍ ഖദീജ. അവരെ വിവാഹം ചെയ്തു മുഹമ്മദ്(സ). പണമില്ലാത്തൊരു യുവാവ്. ഖദീജ സന്പന്ന.
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം, മണിക്കൂറുകള്‍ നടന്നെത്തേണ്ട മലമുകളില്‍ കയറി ഏകനായി ഭര്‍ത്താവിരുന്നപ്പോള്‍ നീരസം പ്രകടിപ്പിക്കുകയല്ല, ഭക്ഷണം ഒരുക്കി എത്തിക്കുകയായിരുന്നു ഖദീജ(റ). ഭര്‍ത്താവിനെ മനസ്സിലാക്കിയ ഭാര്യയായിരുന്നു അവര്‍.
പിന്നീട്, പേടിച്ചു വിറച്ചു പനിച്ചു മൂടിക്കിടന്നപ്പോള്‍ കുറ്റപ്പെടുത്തിയില്ല. അവിടെയുമിവിടെയും പോയിരുന്നു പേടിച്ചുവന്നിരിക്കുന്നുവെന്നു പറഞ്ഞു ആക്ഷേപിച്ചില്ല.
ഇല്ല, അങ്ങയെ അല്ലാഹു വിഷമിപ്പിക്കില്ല എന്ന ആശ്വാസം തുളുന്പുന്ന വാക്കുകള്‍ കൊണ്ട് സാന്ത്വനലേപനം പുരട്ടി. പിന്നെ തിരുവരുളിന്‍റെ പൊരുള്‍തേടി വിദഗ്ധനായ വറഖത്തിന്‍റെ അടുത്തേക്കു കൊണ്ടുപോയി.
ഭര്‍ത്താവ് സത്യമാര്‍ഗത്തിന്‍റെ ദൂതനാണെന്നറിഞ്ഞ നിമിഷം ശങ്കിച്ചു നില്‍ക്കാതെ ഒന്നാം വിശ്വാസിനിയായി. പിന്നെ ആ മാര്‍ഗത്തിനായി തന്‍റെ സന്പത്തെല്ലാം ചെലവഴിച്ച് മക്കയിലെ കോടീശ്വരി, കീറിത്തുന്നാത്ത ഒരു വസ്ത്രം പോലുമില്ലാത്ത ദരിദ്രയായി.
ആ ഭാര്യ പരലോകം പ്രാപിച്ചപ്പോള്‍ ഭര്‍ത്താവ് ആ വര്‍ഷത്തിനു പേരിട്ടത് ദുഃഖ വര്‍ഷമെന്ന്. പുനര്‍ വിവാഹം പലതുണ്ടായിട്ടും ആ ഭാര്യ മനസ്സില്‍ നിന്നു മാഞ്ഞില്ല. അവരുടെ അപദാനങ്ങള്‍ അവിടുന്ന് ഒഴിവാക്കിയില്ല.
ഇനി ഒന്നോര്‍ത്തു നോക്കിക്കേ. ഭര്‍ത്താവിനു മുന്പ് നിങ്ങള്‍ക്കാണ് പരലോകയാത്ര വിധിച്ചതെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവ് സന്തോഷിക്കുമോ സങ്കടപ്പെടുമോ?

സ്വാദിഖ് അന്‍വരി

Leave a Reply

Your email address will not be published.