ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

ഒന്നാം ലോകയുദ്ധം വാഴ്ത്തപ്പെട്ട തീരാകെടുതിക്ക് നൂറുകൊല്ലം

കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ, നാലുവര്‍ഷം നീണ്ടുനിന്ന യുദ്ധ പരന്പരയെ ഒന്നാം ലോകമഹായുദ്ധം എന്ന് വിളിച്ചത് ജര്‍മന്‍ തത്വചിന്തകന്‍ ഏണസ്റ്റ് ഹെയ്ക്കല്‍ ആണത്രെ. 1914 ജൂലൈ ഇരുപത്തിയെട്ടിന് പൊട്ടിപ്പുറപ്പെട്ട യുദ്ധം 1918നവംബര്‍ പതിനൊന്നുവരെ നീണ്ടുനിന്നു. അതിനിടയില്‍ തൊണ്ണൂറു ലക്ഷം പട്ടാളക്കാര്‍ യുദ്ധമുഖത്ത് പിടഞ്ഞുവീണുമരിച്ചു.അറുപത് ലക്ഷം സിവിലിയന്മാര്‍ യുദ്ധം വിതച്ച രോഗവും പട്ടിണിയും മൂലം കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇരുപത്തിയൊന്ന് ദശലക്ഷം മനുഷ്യര്‍ക്കാണത്രെ ഭാഗികമായോ പൂര്‍ണമായോ പരുക്ക് പറ്റിയത്. യുദ്ധകാലത്ത് ജീവിച്ച ജനത ശാരീരകമായോ മാനസികമായോ ഒരിക്കലും പഴയത് പോലെയായിരുന്നില്ല. നാല് സാമ്രാജ്യങ്ങളെ പോരാട്ടപരന്പര തകര്‍ത്തു. ജര്‍മനി, ആസ്ട്രിയഹങ്കറി, റഷ്യ, പിന്നെ ഉസ്മാനിയ ഖിലാഫത്തും യുദ്ധാനന്തരം ചരിത്രത്തില്‍ വിലയം ചെയ്തു. വന്‍കരകളും ദേശാതിരുകളും ഭേദിച്ച് മനുഷ്യമാംസവും രക്തവും മോഹിച്ച് പടര്‍ന്നുകയറിയ യുദ്ധക്കലിയുടെ പ്രത്യാഘാതം കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രഫസര്‍ ക്രിസ്റ്റോഫര്‍ ക്ലാര്‍ക്ക് ചുരുക്കിപ്പറയുന്നതിങ്ങനെ ഇരുപതാം നൂറ്റാണ്ടിനെ വികൃതമാക്കിയ ക്രൂരതയുടെയും തീവ്രവാദത്തിന്‍െറയും രാഷ്ട്രീയ അനിശ്ചിതത്വത്തിന്‍െറയും പ്രേതങ്ങളെ ഈ യുദ്ധം അഴിച്ചുവിട്ടു. നാല് ബഹുവംശീയ സാമ്രാജ്യങ്ങളെ (റഷ്യന്‍, ജര്‍മന്‍, ആസ്ട്രോഹങ്കേറിയന്‍, ഓട്ടോമന്‍) ഇന്നും പ്രത്യാഘാതങ്ങള്‍ അവസാനിച്ചിട്ടില്ലാത്ത വിധം നശിപ്പിച്ചു. ഏറ്റവും ചുരുങ്ങിയത് ഒരുകോടി മനുഷ്യരുടെ ജീവനെടുക്കുകയും രണ്ടുകോടി മനുഷ്യര്‍ക്ക് അത് പരിക്കേല്‍പിക്കുകയും ചെയ്തു. നശീകരണമാര്‍ഗത്തില്‍ രാഷ്ട്രാന്തരീയ വ്യവസ്ഥിതിയെ അത് പുനഃക്രമീകരിച്ചു. ഈ യുദ്ധങ്ങള്‍ ഇല്ലാതിരുന്നുവെങ്കില്‍ 1917ലെ ഒക്ടോബര്‍ വിപ്ലവവും സ്റ്റാലിനിസത്തിന്‍െറ അവരോധവും ഇറ്റാലിയന്‍ ഫാഷിസത്തിന്‍െറ കടന്നുവരവും നാസികളുടെ അധികാരാരോഹണവും, എന്തിന് ഹോളോകാസ്റ്റ് പോലും സംഭവിക്കുമായിരുന്നില്ല. പടിഞ്ഞാറന്‍ സഖ്യശക്തികളുടെ വിജയം ഇന്നും പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കുംവിധം പശ്ചിമേഷ്യ ആംഗ്ലോഫ്രഞ്ച് സാമ്രാജ്യത്വ വിപുലീകരണത്തിന് വഴി തുറന്നുകൊടുത്തു.

ഒന്നാം ലോകയുദ്ധം പടിഞ്ഞാറന്‍ നാഗരികസമൂഹത്തിന്‍െറ കാട്ടാളത്തം ആധുനിക മനുഷ്യരാശിക്കുമുന്നില്‍ തുറന്നുകാണിച്ച പൈശാചിക സംഭവങ്ങളുടെ ആകത്തുകയാണ്. വ്യവസായിക വിപ്ലവത്തിലൂടെ അവര്‍ നേടിയെടുത്ത ശാസ്ത്രീയവും സാങ്കേതികവുമായ നേട്ടങ്ങള്‍ അവസരം കൈവന്നപ്പോള്‍ പരസ്പരം കൊന്നൊടുക്കാനും രാജ്യങ്ങള്‍ കടന്നാക്രമിച്ചുകൈവശപ്പെടുത്താനും വിനിയോഗിച്ചു. അതോടെ ലോകത്തിന്‍െറ ഭൂപടം തന്നെ മാറ്റിവരക്കേണ്ടിവന്നു. ഇന്നും ആഗോളതലത്തില്‍ ചോര കിനിയുന്ന, കാലുഷ്യം കുമിഞ്ഞുകത്തുന്ന സംഘര്‍ഷങ്ങളുടെയും തര്‍ക്കങ്ങളുടെയും പിറവി യൂറോപ്യന്‍ രാജ്യങ്ങള്‍ ചേരിതിരിഞ്ഞു പോരാടിയ ഈ യുദ്ധശൃംഖലയുടേതായിരുന്നു. ഐക്യരാഷ്ട്രസഭയുടെ മുന്‍ അവതാരമായ ലീഗ് ഓഫ് നാഷന്‍െറ ജനനവും ലോകശാക്തിക ബലാബലത്തില്‍ അമേരിക്കയുടെ കടന്നുവരവുമെല്ലാം ഒന്നാം ലോകയുദ്ധത്തിന്‍െറ പരിണതിയായിരുന്നു. മുസ്ലിംലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അഭിമുഖീകരിക്കുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ ദുരന്തങ്ങള്‍ പൊട്ടിമുളക്കുന്നത് ഒന്നാംലോക യുദ്ധത്തിന്‍റെ മാരക വിത്തുകളില്‍നിന്നാണ്. ഫലസ്തീന്‍ പ്രശ്നവും മിഡില്‍ഈസ്റ്റ് ദുരന്തവുമൊക്കെ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും റഷ്യയുമെല്ലാം കാട്ടിക്കൂട്ടിയ കൈരാതങ്ങളുടെ അനന്തരഫലമായിരുന്നു. ഉസ്മാനിയ ഖിലാഫത്തിന്‍െറ വിപാടനത്തിനും മുസ്ലിം ലോകത്തിനുമേല്‍ അധീശത്വം ഉറപ്പിക്കാനും ദീര്‍ഘപദ്ധതികളുമായി ക്രൈസ്തവ വംശീയമനസ്സ് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണോ ഈ ലോകയുദ്ധമെന്ന് സംശയിച്ചുപോകും വിധമാണ് 1918നു ശേഷമുള്ള സംഭവഗതികള്‍ മുന്നോട്ടുപോയത്.

എന്തായിരുന്നു യുദ്ധത്തിനു പ്രധാനകാരണം എന്നന്വേഷിക്കുന്പോഴാണ് എത്ര ഭ്രാന്തമായിരുന്നു ആ കാലഘട്ടത്തിന്‍െറ രാഷ്ട്രീയമനസ്സെന്നും ഇന്ന് ഭീകരവാദത്തിനും കൂട്ട നശീകരണത്തിനും എതിരെ പടിഞ്ഞാറ് ഉതിര്‍ക്കുന്ന കണ്ണീര്‍ എന്തുമാത്രം കപടമാണെന്നും തിരിച്ചറിയാന്‍ സാധിക്കുന്നത്. ചരിത്രത്തിന്‍െറ സുഗമമായ ഗമനത്തിന് രാഷ്ട്രീയഹിംസ അനിവാര്യമാണെന്നാണ് ആധുനിക കാഴ്ചപ്പാട് . ആധുനികതയും ഹിംസയും തമ്മിലുള്ള അവിഭാജ്യബന്ധത്തെക്കുറിച്ച് എഴുത്തുകാരനായ മഹ്മൂദ് മംദാനി ഏീീറ ങൗഹെശാ ആമറ ങൗഹെശാ എന്ന തന്‍െറ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവം തൊട്ട് ഹിംസ ചരിത്രത്തിന്‍െറ വയറ്റാട്ടിയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. തന്‍െറ ജീവനെക്കാള്‍ വിലപ്പെട്ട ഒന്നിനു വേണ്ടി മനുഷ്യന്‍ മരിക്കാന്‍ തയാറാണ് എന്നാണത്രെ ഹെഗല്‍ പറഞ്ഞത്. എന്നാല്‍ മരിക്കാനല്ല, കൊല്ലാന്‍ തയാറാണെന്നാണ് തിരുത്തിപ്പറയേണ്ടത്. അതാണ് ക്രൈസ്തവ വംശീയത ഭൗതികനേട്ടങ്ങളുടെ ഉത്തുംഗതിയിലെത്തി എന്ന് സ്വയം അഭിമാനിച്ച ഒരു ഘട്ടത്തില്‍ ചെയ്തത്. നൂറുവര്‍ഷത്തിനു ശേഷം ഒന്നാം ലോകയുദ്ധത്തെ ഖൗെേ ംമൃ എന്നാണ് വിശേഷിപ്പിക്കുന്നത്. നീതി നടപ്പാക്കാനും ലോകത്തിന് ക്ഷേമൈശ്വര്യങ്ങള്‍ പ്രദാനം ചെയ്യാനുമാണത്രെ ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയതും ഒരു കാലഘട്ടത്തെയൊന്നാകെ ഭീകരതയുടെ കരിന്പുകയില്‍ വീര്‍പ്പുമുട്ടിച്ചതും. യുദ്ധത്തിന്‍െറ നൂറാം വാര്‍ഷികം കൊണ്ടാടാന്‍ ബ്രിട്ടീഷ്സര്‍ക്കാര്‍ നാലുവര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യുദ്ധം പരമാബദ്ധമായിരുന്നുവെന്ന് അഭിപ്രായമുള്ള ഇടതുചരിത്രകാരന്മാരെ തള്ളിപ്പറഞ്ഞുകൊണ്ട് വിദ്യാഭ്യാസമന്ത്രി മൈക്കല്‍ ഗോവ് അടിവരയിടുന്നത്, എത്ര ഘോരമായിരുന്നുവെങ്കിലും അത് നീതിയുക്തമായ യുദ്ധമായിരുന്നെന്നാണ്. അദ്ദേഹത്തിന്‍െറ വാക്കുകള്‍ അപ്പടി പകര്‍ത്തട്ടെ “the first world war may have been a uniquely horrific war, but it was also plainly a just war’. എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധമായിരുന്നു അത് എന്ന വ്യാഖ്യാനത്തിന് പോലും പ്രസക്തിയില്ല. കാരണം, ഒന്നര പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. സാമ്രാജ്യത്വശക്തികളുടെ യുദ്ധമായിരുന്നു 1914ല്‍ തുടക്കമിട്ടത് എന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന നിരവധി ചരിത്രകാരന്മാര്‍ യൂറോപ്പില്‍ തന്നെയുണ്ട്. The Real History of World War 1 എഴുതിയ ഡോ. ഫോല്‍ക്നര്‍ ആ യുദ്ധത്തില്‍ മഹത്തരമായതൊന്നും അവകാശപ്പെടാനില്ല എന്ന് സമര്‍ഥിക്കാനാണ് ശ്രമിക്കുന്നത്.

മുസ്ലിം ലോകത്തിന് ഈ യുദ്ധത്തിന്‍െറ പ്രത്യാഘാതങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ സാധിച്ചിട്ടില്ല എന്നതിലുപരി യുദ്ധം പൊട്ടിപ്പുറപ്പെട്ടത് തന്നെ ഇസ്ലാമിക പൈതൃകം നിലനില്‍ക്കുന്ന ചില പ്രദേശങ്ങളിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഉസ്മാനിയ്യ ഖിലാഫത്തില്‍നിന്ന് കൈക്കലാക്കിയ ബാള്‍ക്കന്‍ രാജ്യങ്ങളാണ് സെര്‍ബിയ, മൊണ്ടേനെഗ്രൂ, റൊമാനിയ എന്നിവ. റഷ്യയും ആസ്ട്രിയയുമാണ് ഈ മേഖല പങ്കുവെച്ചത്. യുദ്ധത്തിന് തീപ്പൊരിയാവുന്നത് സെര്‍ബിയയുടെ തലസ്ഥാനമായ സരയോവയില്‍ 1914 ജൂണ്‍ 18ന് പുലര്‍ച്ചെ ആസ്ട്രിയഹങ്കറി ഭരണകൂടത്തിന്‍െറ കിരീടാവകാശി ആര്‍ച്ചഡ്യൂക് ഫെര്‍ഡിനാന്‍ഡും പത്നി സോഫിയയും കൊല്ലപ്പെടുന്നതോടെയാണ്. ബെല്‍ഗ്രേഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രദേശീയവാദിയായ ഗാവ്റിലോ പ്രിന്‍സിപ ് എന്ന വിദ്യാര്‍ഥിയായിരുന്നു ഘാതകന്‍. വിയന്ന ആസ്ഥാനമായ ആസ്ട്രിയന്‍ സര്‍ക്കാര്‍ അയല്‍രാജ്യമായ സെര്‍ബിയക്ക് അന്ത്യശാസനം നല്‍കി. ജര്‍മനി ഉടന്‍ ആസ്ട്രിയക്ക് പിന്തുണ നല്‍കി. റഷ്യയാവട്ടെ സെര്‍ബിയയുടെ പക്ഷത്ത്ചേര്‍ന്നു. ജര്‍മനി ഫ്രാന്‍സിനും റഷ്യക്കുമെതിരെ തിരിഞ്ഞു. താമസിയാതെ ബ്രിട്ടനും നിഷ്പക്ഷത വെടിഞ്ഞു യുദ്ധത്തിലേക്കിറങ്ങി. ജൂലൈ ഇരുപത്തെട്ടിനു സെര്‍ബിയക്കെതിരെ ആസ്ട്രിയഹങ്കറി ആദ്യവെടിയുതിര്‍ത്തു. റഷ്യ സൈനികനീക്കത്തിന് ഒരുങ്ങവെ , ജര്‍മനി ബെല്‍ജിയവും ലക്സംബെര്‍ഗും ആക്രമിച്ചു. ഫ്രാന്‍സ് ലക്ഷ്യമിട്ട് നീങ്ങവെ, ബ്രിട്ടന്‍ ജര്‍മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1914 നവംബറിലാണ് ഒട്ടോമന്‍ സാമ്രാജ്യം യുദ്ധത്തില്‍ ഭാഗഭാക്കാവുന്നത്. കോക്കസസിലും മെസപ്പെട്ടോമിയയിലും സിനായിലും അങ്ങനെ യുദ്ധമുഖം തുറന്നു. ഇറ്റലിയും ബള്‍ഗേറിയയും 1915ല്‍ യുദ്ധത്തില്‍ ചേര്‍ന്നു. റൊമാനിയ പതിനാറിലും അമേരിക്ക പതിനേഴിലുമാണ് കടന്നുവരുന്നത്. അങ്ങനെ ലോകമൊന്നാകെ സംഘര്‍ഷം വ്യാപിച്ചു.

1917ല്‍ റഷ്യന്‍ സാമ്രാജ്യത്തിന്‍െറ തകര്‍ച്ചയാണ് യുദ്ധത്തിന്‍െറ ഗതി തിരിച്ചുവിടുന്നത്. ബോള്‍ഷവിക് വിപ്ലവം സഖ്യകക്ഷികളുമായി സന്ധി ചേരാന്‍ പ്രേരിപ്പിച്ചു. 1918 നവംബര്‍ 4ന് ആസ്ട്രിയന്‍ഹങ്കറി ഭരണകൂടം വെടിനിര്‍ത്തല്‍ കരാറിനു മുന്നോട്ടുവന്നു. നവംബര്‍ 18നു ജര്‍മനി കീഴടങ്ങാന്‍ സന്നദ്ധമായതോടെ യുദ്ധവിരാമം ചക്രവാളത്തില്‍ തെളിയുകയായിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്നു എന്ന് ഓര്‍മിക്കുന്പോഴാണ് നമ്മുടെ രാജ്യം അന്ന് എന്തായിരുന്നുവെന്ന് ഓര്‍ക്കേണ്ടിവരുന്നത്. അഹിംസയുടെ ദൂതനായ മഹാത്മാഗാന്ധി ഇന്ത്യന്‍ സൈന്യം ബ്രിട്ടീഷ്പക്ഷത്തു ചേര്‍ന്നു പോരാടുന്നതിന് അനുകൂലമായി നിന്നത് ചരിത്രത്തിലെ വൈരുധ്യമാവാം. കൂടുതല്‍ രാഷ്ട്രീയസ്വാതന്ത്ര്യം കോളനിയജമാനന്മാര്‍ വകവച്ചുതരുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ യുവാക്കളുടെ ജീവന്‍ പണയപ്പെടുത്തുന്നതിനോട് മഹാത്മജി യോജിക്കാന്‍ കാരണം. 1.1ദശലക്ഷം ഭടന്മാര്‍ അടക്കം 17ലക്ഷം ഇന്ത്യക്കാര്‍ ഒന്നാംലോക യുദ്ധത്തിന്‍െറ വിവിധ മുഖങ്ങളില്‍ പോരാടി. മെസപ്പൊട്ടേമിയയിലും ഈജിപ്തിലും ഫലസ്തീനിലും കിഴക്കന്‍ ആഫ്രിക്കയിലുമൊക്കെ നമ്മുടെ ജവാന്മാരെ വിന്യസിച്ചുവെന്ന് മാത്രമല്ല, ബ്രിട്ടീഷ് സേനയോടൊപ്പം അവസാനനിമിഷം വരെ അവര്‍ ധീരമായി പോരാടുകയും ചെയ്തു.

യുദ്ധത്തില്‍ നേരിട്ട കനത്ത പരാജയമാണ് ഇറ്റലിയിലും ജര്‍മനിയിലും ഫാഷിസവും നാസിസവും നാന്പെടുക്കാന്‍ കാരണമായത്. ഹിറ്റ്ലര്‍ അതിനാശകാരിയായ ചിന്താപദ്ധതി നടപ്പാക്കുന്നതും ജനത്തെ ആ വഴിക്കു നടത്തിക്കുന്നതും യുദ്ധപരാജയവും സാന്പത്തികത്തകര്‍ച്ചയും സൃഷ്ടിച്ച ജീവിതനൈരാശ്യം മുതലെടുത്താണ്. ദേശീയഭ്രാന്ത് ഊതിക്കാച്ചാനും ദേശദ്രോഹികളെ അടയാളപ്പെടുത്താനും അവസരമൊരുക്കിക്കൊടുത്ത സാഹചര്യവും മറ്റൊന്നല്ല. എന്നാല്‍, ഒന്നാം ലോകയുദ്ധത്തിന്‍െറ ഏറ്റവും വലിയ കെടുതികള്‍ ഇന്നും അനുഭവിച്ചുതീര്‍ക്കുന്നത് അറബ് ഇസ്ലാമിക ലോകമാണ്. പശ്ചിമേഷ്യയില്‍ എണ്ണനിക്ഷേപം കണ്ടെത്തുന്നതിനുള്ള പര്യവേക്ഷണം ആരംഭിക്കുന്നതും പുതിയ പുതിയ കൊച്ചുരാജ്യങ്ങള്‍ ഉദയം ചെയ്യുന്നതും ഈ കാലഘട്ടത്തിലാണ്. യുദ്ധാനന്തരം പുറത്തുവന്ന ബാള്‍ഫര്‍ ഡിക്ലറേഷനാണ് ഫലസ്തീന്‍ മണ്ണ് ഇസ്രായേലികള്‍ക്കു കൂടി ഓഹരിവച്ചുകൊടുക്കുന്നതിലേക്ക് നയിക്കുന്നത്. ജൂതരാഷ്ട്രം സംസ്ഥാപിതമാകുന്നത് രണ്ടാംലോകയുദ്ധത്തിനു ശേഷമാണെങ്കിലും സയണിസം വിതച്ചത് കൊയ്യാന്‍ തുടങ്ങിയത് 1920കള്‍ക്ക് ശേഷമാണ്. തുര്‍ക്കിയില്‍നിന്ന് ഖിലാഫത്ത് എടുത്തുമാറ്റുന്നതും അള്‍ട്രാസെക്കുലറിസ്റ്റായ മുസ്തഫാകമാല്‍ പാഷയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ക്രിസ്ത്യന്‍ ഭരണകൂടങ്ങള്‍ തമ്മില്‍ തുടങ്ങിയ പോരാട്ടം അവസാനം മുസ്ലിംകള്‍ക്കും യഹൂദര്‍ക്കും എതിരായ യുദ്ധമായി പര്യവസാനിക്കുകയായിരുന്നു. രണ്ടാം ലോകയുദ്ധത്തിനു വഴിയൊരുക്കിവെച്ചതാണ് ഒന്നാം യുദ്ധത്തിന്‍െറ കരുത്ത്. രണ്ടാം ലോകയുദ്ധത്തോടെ മറ്റൊരു ലോകം സൃഷ്ടിക്കപ്പെടുകയായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം കോളനികള്‍ നഷ്ടപ്പെട്ടു വലിയൊരു ദ്വീപില്‍ ഒതുങ്ങുന്ന സാമ്രാജ്യമായി മാറിയപ്പോള്‍ റോമാസാമ്രാജ്യത്തിന്‍െറ വിധിയാണ് ഓര്‍മയിലെത്തുക. ഒരു വേള ലോകത്തിലെ ഏറ്റവും നാഗരികവും ധൈഷണികവുമായ ശക്തി റോമാസാമ്രാജ്യമായിരുന്നുവെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യവും ദുര്‍ബലമായ ഭരണകൂടവും റോമിലാണെന്ന് തിരിച്ചറിയുന്പോഴാണ് കാലത്തിന്‍െറ അപ്രതിഹത പ്രവാഹങ്ങളില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യത്തോട് രാജിയാവേണ്ടിവരുക.

ശാഹിദ്

You must be logged in to post a comment Login