വികസനം; മുടിഞ്ഞ മുഖംമൂടി

വികസനം; മുടിഞ്ഞ മുഖംമൂടി

സാധാരണക്കാര്‍ക്ക് തങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നവരാണെന്ന് തോന്നിത്തുടങ്ങുന്ന അപൂര്‍വ്വം ഇടവേളകളിലൊന്നാണ് തിരഞ്ഞെടുപ്പുകാലം. വാഗ്ദത്ത രാഷ്ട്രത്തെക്കുറിച്ച് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സാധാരണ കേള്‍ക്കുന്നവരായതിനാലും നിത്യജീവിതം അനുദിനം ക്ലേശകരമായി അനുഭവപ്പെടുന്നതിനാലും പലരും മനസ്സില്ലാ മനസ്സോടെയാണ് നാമറിയുന്ന, നമ്മെ അറിയുന്ന, നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുത്തുന്നത്.

വികസനത്തുടര്‍ച്ച, സുസ്ഥിര വികസനം തുടങ്ങിയ വികസന ബന്ധിതവാക്കുകളാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രചാരണായുധം. ദേശീയതലത്തിലെ മുഖ്യമുന്നണികളായ യു പി എ വികസനത്തുടര്‍ച്ചയും, എന്‍ ഡി എ ഗുജറാത്ത് മോഡല്‍ വികസനവുമാണ് അവതരിപ്പിക്കുന്നത്. എന്തായിരുന്നു യുപിഎയുടെ കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങള്‍, എത്ര മികച്ചതാണ് ഗുജറാത്തിന്‍റെ വികസന മാതൃക തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴാണ് ചോദിക്കേണ്ടത്.

രാജ്യത്തെ ബഹുമുഖ പദ്ധതികളുടെ അളവുതൂക്കങ്ങള്‍ പരിഗണിച്ചാണ് പലപ്പോഴും നമ്മുടെ രാഷ്ട്രീയനേതൃത്വം വികസനത്തെ നിര്‍വചിക്കാറുള്ളത്. വൈദേശിക, സ്വകാര്യകുത്തകകളുടെ അമിത പങ്കാളിത്തവും വന്‍കിട നിര്‍മാണ പ്ലാന്‍റുകളുടെ സ്ഥാപനവും വികസന പട്ടികയില്‍ ഇടം നേടുന്നത് ഈ മാര്‍ഗത്തിലൂടെയാണ്. യഥാര്‍ത്ഥത്തില്‍ ഇവയാണോ വികസനത്തിന്‍റെ മാനദണ്ഡം? അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവും അധഃസ്ഥിത വിഭാഗത്തിന്‍റെ ഉന്നമനവും ഇനിയും സാധ്യമാവാത്ത ഒരു രാഷ്ട്രത്തെ ഇമ്മാതിരി ഒരു വികസന മാതൃകയുമായാണോ സമീപിക്കേണ്ടത്?

രാജ്യത്തെ മൂന്നില്‍ രണ്ട് ഭാഗം ജനങ്ങളും താഴ്ന്ന ജീവിത നിലവാരത്തിലായിരിക്കെ വന്‍കിട വ്യവസായങ്ങളുടെയും പദ്ധതികളുടെയും കടന്നുവരവ് ഇവരുടെ ജീവിതനിലവാരത്തില്‍ ഒരു മാറ്റവുമുണ്ടാക്കുന്നില്ല. വന്‍കിട പദ്ധതികളുടെ പ്രഖ്യാപന വേളയില്‍ അവ ഗ്രാമീണര്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികാസം സാധ്യമാവുമെന്നുമെല്ലാം കോര്‍പറേറ്റ് അനുകൂല മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പറയാറുണ്ട്. പദ്ധതിക്കുവേണ്ടി സ്ഥലം വിട്ടുനല്‍കാനോ സമ്മതപത്രം തഞ്ചത്തില്‍ അനുവദിച്ചുകിട്ടാനോ വേണ്ടി രാഷ്ട്രീയ നേതൃത്വം അവതരിപ്പിക്കുന്ന അടവുനയമായി വേണം ഇത്തരം വാഗ്ദാനങ്ങളെ കണക്കാക്കാന്‍. എന്തെന്നാല്‍ വിദ്യാസന്പന്നരെ മാത്രം ആവശ്യമായ കന്പനികള്‍ക്ക് ഒരിക്കലും ഗ്രാമീണരെ മുഖവിലക്കെടുക്കേണ്ടതില്ല. അടിസ്ഥാന സൗകര്യങ്ങളില്‍ കുത്തകകള്‍ക്കായി നിര്‍മിക്കുന്ന റോഡ് മാത്രമേ പലപ്പോഴും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാറുള്ളൂ. ശുദ്ധജലം, വ്യൈുതി തുടങ്ങിയ ഇതര സൗകര്യങ്ങളെല്ലാം കന്പനിയുടെ മതില്‍ക്കെട്ടുകള്‍ക്കകത്ത് ഒതുങ്ങിപ്പോവുന്നു. അത്തരം വലിയൊരു പദ്ധതി വരുന്പോള്‍ അവിടെ നിന്നു തള്ളുന്ന മാലിന്യങ്ങളും മറ്റു പ്രശ്നങ്ങളും കാരണം പ്രദേശത്ത് സ്വൈരജീവിതം നഷ്ടപ്പെടുകയാണ് ചെയ്യുക.

നാട്ടുകാര്‍ക്ക് നേട്ടമുണ്ടോ എന്നതിലുപരി മുട്ടിലും മടക്കിലും തങ്ങള്‍ക്ക് പണം വാരാന്‍ സാധ്യതയുണ്ടോ എന്നു നോക്കിയാണ് രാഷ്ട്രീയ നേതാക്കള്‍ വികസനത്തിനു മുന്‍ഗണന കൊടുക്കുക. നാട്ടിലെ സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങളില്‍ നേരിട്ട് പണം മുടക്കാനോ മെച്ചപ്പെടുത്താനോ പലപ്പോഴും അവരാരും മുതിരാറുമില്ല. ഇതിനാല്‍ തന്നെ സാധാരണക്കാരുടെ നിത്യജീവിതം നാള്‍ക്കുനാള്‍ ക്ലേശകരമാവുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നു. വ്യൈുതിനിരക്കും പാചകവാതക വിലയും മുകളിലോട്ടുമാത്രം സഞ്ചരിക്കുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിത്തരാന്‍ സാധിക്കാത്ത മുഖ്യധാരാ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ട ഇത്തരമൊരു സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി വന്നിറങ്ങിയത്. അധികാരത്തിലേറി കുറഞ്ഞ സമയം കൊണ്ടുതന്നെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ നടത്തിക്കാണിക്കാനും അവര്‍ക്ക് സാധിച്ചു. സബ്സിഡികളും സൗജന്യങ്ങളും എടുത്തുകളഞ്ഞ്, പൊതുസേവനമെന്ന ഉത്തരവാദിത്വം കയ്യൊഴിഞ്ഞ് അവയൊക്കെ സ്വകാര്യമേഖലക്ക് കൊള്ളലാഭമുണ്ടാക്കാനായി ഭരണകൂടങ്ങള്‍ പുത്തന്‍രീതികളിലേക്ക് മാറിയ കാലത്താണ് കെജ്രിവാള്‍ ഡല്‍ഹിയില്‍ ബദലുകള്‍ക്ക് മുതിര്‍ന്നത്. പ്രതിമാസം 200 രൂപ നല്‍കേണ്ടിയിരുന്ന 20,000 ലിറ്റര്‍ വെള്ളവും 400 യൂണിറ്റ് വ്യൈുതിചാര്‍ജും തികച്ചും സൗജന്യമാക്കുകയും 15000 ഓട്ടോറിക്ഷകള്‍ക്ക് പുതുതായി പെര്‍മിറ്റ് നല്‍കുകയും റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍റ് തുടങ്ങിയ തിരക്കേറിയ ഇടങ്ങള്‍ക്കരികെ 100 രാത്രികാല സത്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുകയുമുണ്ടായി ആംആദ്മി സര്‍ക്കാര്‍.

ഡല്‍ഹിയിലെ വ്യൈുതി വിതരണച്ചുമതല റിലയന്‍സ്, ടാറ്റ തുടങ്ങിയ കന്പനികള്‍ക്കാണ്. നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ അപാകതയൊന്നുമില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ്സും മുഖ്യമന്ത്രി ഷീലാദീക്ഷിതും സ്വീകരിച്ചു പോന്നിരുന്നതും. പ്രതിപക്ഷമായിരുന്ന ബിജെപിയും ഇക്കാര്യത്തിലൊക്കെ ഷീലാ സര്‍ക്കാറിനെ നോവിക്കാതെ കഴിഞ്ഞു. സ്വകാര്യലോബികളുമായുള്ള പ്രധാനപാര്‍ട്ടികളുടെ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്ന് തലയൂരാന്‍ കഴിയാത്തതു കൊണ്ടാണിത്. സൗജന്യങ്ങള്‍ വാരിക്കോരി ജനപ്രിയത നേടാനാണ് കെജ്രിവാള്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്താന്‍ കാരണംവും ഇതുതന്നെ.

ഇത്തരമൊരു ദയനീയ രാഷ്ട്രീയകോര്‍പറേറ്റ് പശ്ചാത്തലം ഇന്ത്യയില്‍ നിലനില്‍ക്കെയാണ് ഭാവി ഇന്ത്യയുടെ വികസന നായകനായി നരേന്ദ്രമോഡി സ്വയം വ്യാഖ്യാനിക്കുന്നത്. അംബാനിയും ഗൗതം അദാനിയും അടക്കമുള്ള ഉപരിവര്‍ഗത്തിന്‍റെ കാര്യം നോക്കാനാണ് വികസനം എന്ന വാക്കുപയോഗിക്കുന്നതെങ്കില്‍ മോഡി പറയുന്നതില്‍ കഴന്പുണ്ട്. അംബാനിക്കും അദാനിക്കും മോഡിയുടെ വികസനം വരുന്നതാണ് എന്തുകൊണ്ടും നല്ലത്. വര്യേ വികസനത്തിന്‍റെ ഇരന്പിപ്പാച്ചിലില്‍ ഒരു മെച്ചവും കിട്ടാതെപോയ ഇന്നാട്ടിലെ സാധാരണക്കാരന്‍റെ പക്ഷം ചേര്‍ന്നാണ് വികസനത്തെ വിലയിരുത്തുന്നതെങ്കില്‍ തീര്‍ത്തും അസംബന്ധങ്ങളാണ് മോഡിയും അയാള്‍ക്ക് അരുനില്‍ക്കുന്ന മാധ്യമങ്ങളും വിളിച്ചു പറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷം ദേശീയ തലത്തില്‍ മന്‍മോഹന്‍സിംഗ് നടപ്പാക്കിയ വികസനത്തിന്‍റെ ദൃക്സാക്ഷികളാണല്ലോ നാമെല്ലാം. മന്‍മോഹന്‍ ഭരണകാലം എത്രമേല്‍ പുഷ്കലമായിരുന്നുവെന്ന് നമുക്കെല്ലാം അറിയാവുന്നതുമാണ്. പാവപ്പെട്ടവരെ എല്ലാ നിലക്കും പാവപ്പെട്ടവരും പണക്കാരെ കൂടുതല്‍ പണക്കാരുമാക്കുന്ന യുപിഎയുടെ അതേ വികസനം തന്നെയായിരുന്നു ഗുജറാത്തില്‍ അതിലേറെ കാലമെടുത്ത് മോഡിയും നടപ്പിലാക്കിയത്.

കര്‍ഷകരെയും പാവപ്പെട്ടവരെയും അവരുടെ വാസ, കൃഷി സ്ഥലങ്ങള്‍ വിട്ടു പോകാന്‍ നിര്‍ബന്ധിതരാക്കുകയും അതുവഴി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് പതിച്ചു നല്‍കാന്‍ ഇടയാക്കുകയും ചെയ്യുന്ന ഭരണവര്‍ഗ സമീപനങ്ങള്‍ രാഷ്ട്ര ഖജനാവിന് വലിയ നഷ്ടം വരുത്തുകയും ജനങ്ങളെ അസ്ഥിരപ്പെടുത്തുകയുംചെയ്യുന്നു. മാത്രമോ, നിയമം കൈയിലെടുക്കുന്ന, വികാരപരമായി പ്രതികരിക്കുന്ന ജനസേനകളുടെ രൂപീകരണമെന്ന ആപത്ക്കരമായ അവസ്ഥയിലേക്കാണ് പലപ്പോഴും ഇത്തരം കുടിയിറക്കലുകള്‍ ചെന്നെത്താറുള്ളത്. ഗോത്രവര്‍ഗ, ആദിവാസി സമൂഹത്തിനെതിരായ ഭൂമിയുടെ രാഷ്ട്രീയം പ്രതികാരവാഞ്ഛയുള്ള ഒരു വിഭാഗത്തെ രൂപാന്തരപ്പെടുത്തിക്കഴിഞ്ഞു. മാവോയിസ്റ്റുകളെന്ന മുദ്രകുത്തലിലേക്ക് അവരുടെ സങ്കടങ്ങള്‍ നാം ചുരുക്കിയെഴുതിക്കഴിഞ്ഞു. അവരെ തിരഞ്ഞു പിടിച്ചു കൊണ്ടുവരാന്‍ നാം പട്ടാളത്തെ വെക്കേണ്ടിവരികയും ചെയ്തു. അസന്തുലിതമായ വികസനത്തിന്‍റെ ഇരകളാണവര്‍. അവരുടെ വേദനകള്‍ പിന്നീട് പല ജാതി രാഷ്ട്രീയ വിരുദ്ധ ശക്തികള്‍ മുതലെടുക്കുന്നു. കോര്‍പ്പറേറ്റുകള്‍ തന്നെയും അവരെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ രാഷ്ട്രം അവരെ വെടിവെച്ചു കൊന്നുകൊള്ളുമല്ലോ. അപ്പോഴും കോര്‍പ്പറേറ്റുകളുടെ സുഖം തന്നെയാണ് ഉറപ്പാക്കപ്പെടുന്നത്.

കോര്‍പ്പറേറ്റുകള്‍ പിടിച്ചടക്കിയിടത്തു നിന്ന് പലായനം ചെയ്യുന്നവര്‍ നഗരങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലിക്കു ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. ഇത് തദ്ദേശീയ തൊഴിലാളികള്‍ക്കും നഷ്ടമുണ്ടാക്കുന്നു. ഈയര്‍ത്ഥത്തില്‍ പരിഗണിക്കുന്പോള്‍ വികസനം നമ്മുടെ നാടിനെ തിന്നു മുടിക്കുന്ന ദുര്‍ഭൂതംപോലെയാണ് അനുഭവപ്പെടുന്നത്. വലിയ പാര്‍ട്ടികളുടെ വികസന ഒച്ചപ്പാടുകള്‍ കേട്ട് പകച്ചുപോയ ചെറുകക്ഷികള്‍ കൂടി ഇപ്പോള്‍ ഇത്തരം കോര്‍പ്പറേറ്റ് അനുകൂല വികസനത്തെപ്പറ്റിയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയത്തെയും ജീവിതത്തെയും കുറിച്ചുള്ള സര്‍വ്വ ഓര്‍മകളെയും മുക്കിക്കളയാന്‍, നാടനുഭവിക്കാനിരിക്കുന്ന വര്‍ഗീയതയുടെ കെടുതികളെക്കുറിച്ചുള്ള നമ്മുടെ ജാഗ്രതകളെ പരാജയപ്പെടുത്താന്‍ വികസനം എന്ന വാക്കാണ് ഇന്നേറെയും ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. നേരെ വഴിക്ക് നീങ്ങിയിരുന്നെങ്കില്‍ രാജ്യത്തിന് വലിയൊരു വിജയഘട്ടം സമ്മാനിക്കാവുന്ന ഒരു വാക്ക് ഫാഷിസത്തിന് അതിന്‍റെ മുഖം മൂടി വെക്കാനുള്ള വെറും കീറക്കണ്ടമായി മാറുകയാണ്. അപ്പോള്‍ ഫാഷിസം നമ്മുടെ ഭാഷയെക്കൂടിയാണ് വികസനം എന്നവാക്കിനെ റേപ്പ് ചെയ്തു കൊണ്ട് അപമാനിതയാക്കുന്നത്. വര്‍ഗീയതയുടെ തേരോട്ടത്തിന്നിടെ കയ്യില്‍പറ്റുന്ന ചോരക്കറ തുടക്കാന്‍ ഇനിയും ഈ കീറക്കണ്ടം ഉപകാരപ്പെട്ടുകൂടായ്കയില്ല രാഷ്ട്രീയ കുബുദ്ധികള്‍ക്ക്.

മുബശ്ശിര്‍ പി എം

You must be logged in to post a comment Login