നിസ്കാരം ശരീരം അനുസരണക്കേട് കാട്ടുന്നതെന്തുകൊണ്ട്?

നിസ്കാരം  ശരീരം അനുസരണക്കേട്  കാട്ടുന്നതെന്തുകൊണ്ട്?

സത്യവിശ്വാസികള്‍ തമ്മില്‍ നല്ല ഇണക്കത്തിലായിരിക്കും. എന്നാല്‍ പലപ്പോഴും കണ്ടുവരുന്നതോ? വഴക്കും വക്കാണവും. തീരാത്ത പോരും വിദ്വേഷവും

കാരണം തെരഞ്ഞ് എങ്ങോട്ടും പോകേണ്ട ഏറ്റവും അടുത്ത മസ്ജിദില്‍ ചെന്നു ജമാഅത്തു നിസ്കാരം കണ്ടാല്‍ മതി. ആളുകള്‍ വളഞ്ഞും പുളഞ്ഞും നില്‍ക്കുന്ന സഫ്ഫുകള്‍ (വരികള്‍). ജമാഅത്ത് നിസ്കാരത്തില്‍ വരി വളഞ്ഞാല്‍ സമുദായത്തില്‍ വഴക്കൊഴിയില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
കാരണങ്ങള്‍ വേറെയും ഉണ്ടാകാം. സദാകണ്ടു കൊണ്ടിരിക്കുന്ന ഒരു കാരണം പറഞ്ഞുവെന്നേയുള്ളൂ.
നുഅ്മാനുബ്നു ബശീര്‍(റ) പറഞ്ഞതായി ബുഖാരി നിവേദനം. നബി(സ) പറഞ്ഞു
തീര്‍ച്ചയായും നിങ്ങള്‍ സഫ്ഫുകള്‍ സമമാക്കുക. അല്ലെങ്കില്‍ നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ അല്ലാഹു വ്യത്യാസപ്പെടുത്തും. (പരസ്പരം ഇഷ്ടപ്പെടാത്ത വിധം നിങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാകും.)
സ്വഫ്ഫിന്‍റെ വിടവില്‍ പിശാച് സ്ഥാനം പിടിക്കുമെന്നും ഹദീസിലുണ്ട്. ഇടയില്‍ ഇബ്ലീസുകയറിയാല്‍ എന്തുണ്ടാകുമെന്നു പറയേണ്ടതില്ലല്ലോ.
അപ്പോള്‍ അതാണു കാര്യം.
നിസ്കാരത്തില്‍ അണിയൊപ്പിച്ചു നില്‍ക്കുകയില്ല. എത്ര ശ്രമിച്ചാലും, ഇമാമ് എല്ലാ നേരവും ഓര്‍മിപ്പിച്ചാലും രക്ഷയില്ല.
ഒരാള്‍ രണ്ടിഞ്ച് മുന്നില്‍ കയറി നില്‍ക്കും. അടുത്തയാള്‍ ഒരിഞ്ച് ഇറങ്ങി നില്‍ക്കും.
മസ്ജിദിലെ മനോഹരമായ പരവതാനിയില്‍, മാര്‍ബിളില്‍ കൃത്യമായി വരയിട്ടിട്ടുമുണ്ടാകും. അതൊന്നും ശ്രദ്ധിക്കുകയേയില്ല തെറ്റിക്കും.
കാലുകള്‍ക്കിടയില്‍ ഒരുചാണ്‍ അകലം വേണമെന്നു നിയമമുണ്ട്. ഒരാള്‍ കാല് കവച്ചുവച്ച് രണ്ടരച്ചാണ്‍ കവര്‍ന്നിട്ടുണ്ടാകും. മറ്റൊരാള്‍ കാലുകള്‍ അടുപ്പിച്ചു വച്ചിട്ടുമുണ്ടാകും.
സ്വഫ്ഫുകള്‍ക്കിടയില്‍ വിടവുണ്ടാകരുതെന്നു ഹബീബ്(സ) പറഞ്ഞിട്ടുണ്ട്. അനസ്ബ്നു മാലിക്(റ)വില്‍ നിന്ന് ബുഖാരി നിവേദനം. അവിടുന്നു പറഞ്ഞു അണിയൊപ്പിച്ചു നില്‍ക്കുകയും പരസ്പരം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുക എന്‍റെ പിന്‍വശത്തുകൂടി ഞാന്‍ നിങ്ങളെ കാണുന്നുണ്ട്.
ഇമാമ് ഇത് നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാലും അടുത്തു നില്‍ക്കാന്‍ ചിലര്‍ക്കു മടി. ഒരുതരം അസ്പൃശ്യത!
തോളോടു തോളുരുമ്മി നില്‍ക്കണം. വിശ്വാസികളുടെ ഒരുമ പ്രഖ്യാപനം ചെയ്യുകയാണത്.
മുന്നിലെ സ്വഫ്ഫില്‍ വിടവുണ്ടായിരിക്കെ മറ്റൊരു സ്വഫ്ഫുണ്ടാക്കിയാല്‍ രണ്ടുകാര്യം സംഭവിക്കും
1, അതു കറാഹത്താണ്.
2, ജമാഅത്തിന്‍റെ പ്രതിഫലം നഷ്ടപ്പെടും.
മടന്പൊപ്പിച്ച് തോളുരുമ്മി വരി നിന്നാല്‍ അതു കാണാന്‍ എന്തൊരു ചേലായിരിക്കും. അശ്രദ്ധയും അലംഭാവവും കൊണ്ട് നാമാ സൗന്ദര്യം നശിപ്പിച്ചുകളയുന്നു.
വിരല്‍തുന്പുകള്‍ പത്തും ഖിബ്ലക്കു നേരെ വരുംവിധം കാല്‍പാദങ്ങള്‍ നേരെ വയ്ക്കണം. മിക്കപേരും ചെയ്യുന്നതോ?
വിശറിപോലെ പാദങ്ങള്‍ പരത്തിവെക്കും.
ആ സുന്നത്തും പോയിക്കിട്ടി.
കൈപ്പത്തി നിവര്‍ത്തി ഖിബ്ലക്കു നേരെ പിടിച്ചു ചെവിക്കുറ്റിവരെ ഉയര്‍ത്തേണ്ട നാലു സന്ദര്‍ഭങ്ങളുണ്ട്
1. തക്ബീറതുല്‍ഇഹ്റാമില്‍.
2. റുകൂഇലേക്കു കുനിയുന്നതിന് മുന്പ്.
3. റുകൂഇല്‍ നിന്നുയരുന്പോള്‍
4. ആദ്യത്തെ അത്തഹിയ്യാത്തില്‍ നിന്നുയര്‍ന്നു നിറുത്തത്തിലേക്കു വരുന്പോള്‍.
ഈ നാലു സന്ദര്‍ഭങ്ങളിലും എല്ലാവരും ഒന്നിച്ച് ഒരേസമയം, ഒരേ താളത്തില്‍ കൈ ഉയര്‍ത്തിയാല്‍ അതുകാണാന്‍ എന്തൊരു ചേലായിരിക്കും.
കൈപ്പടം നിവര്‍ത്തി ഖിബ്ലക്കുനേരെ പിടിച്ചു ചെവിക്കുറ്റിവരെ ഉയര്‍ത്തണം.
നമ്മുടെ ആളുകള്‍ ഇതുചെയ്യുന്നത് പലവിധത്തിലാണ്.
ചിലര്‍ വിരലുകള്‍ കൂടപോലെയാക്കി നെഞ്ചോളം ഉയര്‍ത്തുന്നു. ചിലര്‍ മുന്‍വശത്തുള്ളതെന്തോ വാരിപ്പിടിക്കുന്നതുപോലെ. മറ്റുചിലര്‍ പേരിന് ഒന്നു ചലിപ്പിക്കുന്നു. ഇത്രയൊക്കെ ചെയ്താല്‍ മതിയെന്ന ഭാവം.
കാലിന്‍റെ വിരലുകളുടെ പള്ളഭാഗം നിലത്തമര്‍ത്തി വച്ചുവേണം സുജൂദ് ചെയ്യാന്‍. എന്നാലേ സുജൂദ് ശരിയാകൂ. സുജൂദ് ശരിയായില്ലെങ്കില്‍ നിസ്കാരവും ശരിയാവുകയില്ല.
വരികള്‍ക്കു പിന്നില്‍ ചെന്നു നിന്നൊന്നു നോക്കുക. ഒരു വരിയില്‍ ഒന്നിലേറെപ്പേര്‍ വിരലുകളുടെ പുറംഭാഗം പരത്തിവച്ചു സുജൂദ് ചെയ്യുന്നു. നിസ്കാരം പോയതു തന്നെ. വിരല്‍ത്തുന്പുകള്‍ കുത്തിനിറുത്തിയാല്‍ അതു ശരിയായി പരിഗണിക്കും എന്നുണ്ട്.
രസകരമായ മറ്റൊരു ദൃശ്യവും കാണാം. സുജൂദിനുവേണ്ടി കാല്‍മുട്ടുകള്‍ നിലത്തമര്‍ത്തിയാല്‍ സ്വാഭാവികമായും മുട്ടിനുതാഴെയുള്ള ഭാഗം സ്വതന്ത്രമാകും. അങ്ങനെ സ്വതന്ത്രമാകുന്ന കാലുകള്‍ വിടര്‍ത്തി ചിലര്‍ ഇളക്കിക്കൊണ്ടിരിക്കും. ഇങ്ങനെ ചെയ്താല്‍ നിസ്കാരം അസാധുവാകും. കാരണം തുടര്‍ച്ചയായ അനക്കം. വിരലുകളുടെ പള്ള നിലത്തുവയ്ക്കുന്നുമില്ല. നിറുത്തത്തില്‍ അകലം പാലിച്ചു ഉറപ്പിച്ചുവച്ച പോലെ സുജൂദിലും കാലുകള്‍ക്കിടയില്‍ ഒരു ചാണ്‍ അകലം ഉണ്ടാകണം.
രണ്ടുതരം ഇരുത്തമാണു നിസ്കാരത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്
1. ഇഫ്തിറാശിന്‍റെ ഇരുത്തം.
2. തവര്‍റുകിന്‍റെ ഇരുത്തം.
ഇടതുകാല്‍പാദം പരത്തിവച്ച് അതിന്മേല്‍ ഇരിക്കുക. വലതുപാദം വിരലുകളുടെ പള്ള നിലത്തമര്‍ത്തി വയ്ക്കുക. ഇതാണ് ഇഫ്തിറാശിന്‍റെ ഇരുത്തം.
വലതുപാദം മേല്‍പറഞ്ഞതുപോലെ നിറുത്തി ഇടതുപാദം അതിനടിയിലൂടെ പുറത്തേക്കു തള്ളിവച്ച് നിലത്തിരിക്കുന്നതാണ് തവര്‍റുകിന്‍റെ ഇരുത്തം.
ഈ രണ്ടുവിധമല്ലാതെ പലവിധത്തിലും പലരും ഇരിക്കുന്നതു കാണാം. ഇതു സുന്നത്ത് നഷ്ടപ്പെടാനിടയാക്കുന്നു.
കാലുവഴങ്ങില്ല വളയില്ല എന്നൊക്കെ വെറുതെ വിചാരിക്കുകയാണ് നാം. ദിവസം അഞ്ചുനേരം ഏഴാംവയസ്സില്‍ തുടങ്ങിയ ഒരു ശാരീരികാഭ്യാസം വഴങ്ങുന്നില്ല എന്നു പറഞ്ഞാല്‍ അതു ഉഴപ്പാണ്. നൂറ്റൊന്നാം വയസ്സിലും വഴങ്ങും.
വഴങ്ങാത്ത കാലിനെ വഴിക്കു കൊണ്ടുവരാന്‍ ഒരു സൂത്രം പറയാം
മനസ്സ് കൊണ്ട് കാല് വളയ്ക്കുക.
അല്ലാഹുവിന്‍റെ ഹബീബ്(സ) അത്തഹിയ്യാത്തില്‍ ഇരുന്നത് ഇവ്വിധമാണ്. എനിക്കും അങ്ങനെ തന്നെ ഇരിക്കണം.
ഇക്കാര്യം മനസ്സിനെ ബോധ്യപ്പെടുത്തുക. നിരന്തരം മനസ്സില്‍ പറഞ്ഞു കൊണ്ടേയിരിക്കുക. ഇരിക്കേണ്ടവിധം മനസ്സില്‍ രൂപപ്പെടുത്തുക. കാലിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട.
ബാക്കിപ്പണി മനുഷ്യന്‍റെ പ്രജ്ഞ എന്ന മഹാപ്രതിഭാസം നോക്കിക്കൊള്ളും.
കാലുകള്‍ മെഴുകുപോലെ വഴങ്ങും.
ഇരുത്തത്തില്‍ കൈ എവിടെ വെക്കണം? കര്‍മശാസ്ത്രം അതു പറഞ്ഞു തരുന്നുണ്ട്.
കൈപരത്തിപ്പിടിച്ച് വിരലുകള്‍ അല്‍പം അകത്തി തുന്പുകള്‍ ഖിബ്ലക്കു നേരെവരും വിധം മുട്ടിനടുത്തായി തുടയില്‍ വെക്കണം. സ്വഫ്ഫിലുള്ളവരെല്ലാം ഇങ്ങനെ ചെയ്താല്‍ കാണാന്‍ നല്ല ചേലുണ്ടാകും.
മിക്കപേരും കാല്‍മുട്ടുകള്‍ പിടിച്ചിരിക്കുകയാണ് ചെയ്യുന്നത്. വേറെ ചിലര്‍ കൈകള്‍ ചുരുട്ടി ഉപയോഗശൂന്യമായി മടിയില്‍ ഇട്ടിരിക്കുന്നതു കാണാം. ഇതും ശരിയല്ല.
ഒന്നും മൂന്നും റക്അത്തുകള്‍ കഴിഞ്ഞു നിറുത്തത്തിലേക്കു വരുന്പോള്‍ ഇടക്കു ചെറിയ ഒരിരുത്തവും സുന്നത്തുണ്ട്
ഇസ്തിറാഹത്തിന്‍റെ ഇരുത്തം.
എല്ലാവരും ഒന്നിച്ചിരുന്ന് ഒന്നിച്ചെഴുന്നേറ്റാല്‍ അതുകാണാന്‍ എന്തൊരു സൗന്ദര്യമായിരിക്കും!

കഴിഞ്ഞ ലക്കം തുടര്‍ച്ച
ഒ എം തരുവണ

You must be logged in to post a comment Login