പിതാവ് ഒരു എടിഎം ആകുന്നു

പിതാവ് ഒരു  എടിഎം ആകുന്നു

മക്കളില്ലാത്തത്കൊണ്ട് സങ്കടപ്പെടുന്നവരെ കണ്ടിട്ടില്ലേ? ദന്പതികള്‍ കുറേയുണ്ടങ്ങനെ.
ഒരു കുഞ്ഞിക്കാലു കാണാന്‍ ആശയോടെ കാത്തിരിക്കുന്നവര്‍. മരുന്നും മറ്റുമായി പണം അനവധി ചെലവഴിച്ചവര്‍. പ്രാര്‍ത്ഥനയില്‍ മുഴുകിക്കഴിയുന്നവര്‍.
ഈ ആഗ്രഹത്തിനുള്ളിലെ ആഗ്രഹമെന്താണ്?
കുഞ്ഞിക്കാലാണു ശൈലിയെങ്കിലും കൈയും കാലുമൊക്കെ വളര്‍ന്നു വലുതായി തനിക്കൊരു തണിയാകണം തന്‍റെ സന്തതി എന്നു തന്നെയാണാഗ്രഹം. പിന്നെ അവര്‍ നല്ലവരായി കാണുന്പോഴുള്ള മനസ്സുഖം. തന്‍റെ കാലംകഴിഞ്ഞാല്‍ തനിക്കായി പ്രാര്‍ത്ഥിച്ച് മക്കള്‍ തനിക്ക് ഉപകാരപ്പെടുമെന്ന പ്രതീക്ഷയും. എന്നാല്‍ ആശകള്‍ സഫലമാകുന്നവര്‍ കുറവ്.
മക്കള്‍ നല്ലവര്‍ അല്ലാത്തതു കൊണ്ട് ആശകള്‍ പൊലിഞ്ഞ് ആശങ്കയില്‍ ആജീവനാന്തം കഴിയേണ്ടി വരുന്നവര്‍.
അറിയുക, സന്താനങ്ങളില്ലാത്തതില്‍ ദുഃഖിക്കുന്നവരെക്കാള്‍ എത്രയോ ഏറെയുണ്ട് സന്താനങ്ങളുണ്ടായതിന്‍റെ പേരില്‍ സങ്കടപ്പെടുന്നവര്‍.
മക്കളുടെ ദുഷ്ചെയ്തികളുടെ ഫലം.
ബാല്യം വിടുന്പോഴേക്കും പെരുമാറ്റ ദൂഷ്യം കാട്ടുന്ന മക്കള്‍ കൗമാരത്തിലെത്തുന്പോഴേക്കും തികഞ്ഞ ധിക്കാരികളാവുന്നു. ധിക്കാരം വീട്ടിലൊതുങ്ങാതെ നാട്ടിലും പറയിപ്പിച്ച് പിതാവിനു തലയുയര്‍ത്തി പുറത്തിറങ്ങാനാവാത്ത സ്ഥിതി. മാതാവിനു കണ്ണീര് തോരാറുമില്ല.
ഒരു നല്ല വാക്കും പ്രവൃത്തിയും മക്കളില്‍ നിന്നു കാണാന്‍ നേര്‍ച്ച നേര്‍ന്നു കാത്തിരിക്കുന്നവര്‍.
പിതാവ് പല മക്കള്‍ക്കും ഒരു എടിഎം മാത്രമാണ്. എപ്പോഴും പണം കിട്ടാനൊരു സംവിധാനം അത്രമാത്രം. മാതാവ് വെറുമൊരു ഫ്രീഹോട്ടല്‍. വേണ്ടപ്പോള്‍ വേണ്ട ഭക്ഷണം കിട്ടിയിരിക്കണം. അതിനു തടസ്സം നേരിട്ടാല്‍ കലഹം. മാതാപിതാക്കള്‍ ആരെന്നും അവരോട് പെരുമാറേണ്ടത് എങ്ങനെയെന്നും ബോധമില്ലാത്ത മക്കള്‍ പെരുകുകയാണ്. പുറത്തറിയാതെ പുകയുകയാണ് പല വീടുകളും മക്കള്‍ നിമിത്തം.
പിതാവിന്‍റെ കഷ്ടപ്പാടിന്‍റെ ഫലമാണ് തന്‍റെ ആരോഗ്യമെന്ന് സന്തതികള്‍ ചിന്തിക്കുന്നില്ല. തനിക്കൊന്നിനും കഴിയാത്തകാലത്ത് എല്ലാം നല്‍കിയത് പിതാവ് അധ്വാനിച്ചാണ്. മാതാവിന്‍റെ ത്യാഗമാവട്ടെ വിവരിക്കാനാവാത്തതുമാണ്.
മക്കള്‍ സുഖമായുറങ്ങാന്‍ ഉമ്മ ഉറക്കമൊഴിച്ചു. അവര്‍ വൃത്തിയായിരിക്കാന്‍ വേണ്ടി വൃത്തികേടുകള്‍ സഹിച്ചു. അവരുടെ സുഖത്തിനായി ദുഃഖങ്ങള്‍ വരിച്ചു.
എന്നിട്ടും മക്കള്‍ പകരം നല്‍കുന്നത്?
മതശാസന അറിയാത്തവരാണെങ്കില്‍ പോലും സാമാന്യ മര്യാദയുണ്ടായാല്‍ തന്നെ ജീവിതാന്ത്യം വരെ അവരെ അനുസരിക്കും. ആദരിക്കും. വിഷം വമിക്കുന്ന നാവാണ് പല സന്താനങ്ങള്‍ക്കും. മാതാപിതാക്കളോടു കയര്‍ത്ത് അവര്‍ നാവ് നരകത്തിനു സമര്‍പ്പിക്കുന്നു. ഐഹികലോകത്തുതന്നെ ശിക്ഷ ഭയക്കേണ്ടതാണിത്.
മദ്യപിച്ചതിന് മാതാവ് ഗുണദോഷിച്ചപ്പോള്‍, “കഴുതയെപ്പോലെ അമറല്ലെ തള്ളേ എന്നു പറഞ്ഞ ഒരു മകന്‍റെ കഥ ചില ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ഒരു അസ്വറിനു ശേഷം അവന്‍ മരിച്ചു. മറവു ചെയ്തു. പിന്നെ എന്നും അതേനേരം ഖബ്ര്‍ പിളര്‍ന്ന് അവന്‍ കഴുതത്തല പുറത്തേക്കിട്ട് അമറിക്കൊണ്ടിരുന്നു.
ഈ കാഴ്ചകണ്ട അവ്വാമ്ബ്നു ഹൗശബ്(റ) ഇതു വിശദീകരിച്ചത് ഇസ്വ്ബഹാനിയും മറ്റും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
കഴുതത്തലയന്മാരും തലച്ചിയികളുമൊക്കെ ഇന്നുണ്ടാകാത്തത് റബ്ബ് ശിക്ഷ പിന്നേക്കു വെച്ചതു കൊണ്ടു മാത്രം. പക്ഷേ, ശിക്ഷ അവന്‍ തീരെ വേണ്ടെന്നു വെക്കുമെന്നു കരുതേണ്ട. വിഷയം മാതാപിതാക്കളാണ്.
“മാതാപിതാക്കളെ ചീത്ത പറയുന്നത് വന്‍ദോഷമാണ് എന്നു നബി(സ) പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു “അല്ലാഹുവിന്‍റെ റസൂലേ, ആരെങ്കിലും സ്വന്തം മാതാപിതാക്കളെ ചീത്ത പറയുമോ?
അവര്‍ക്കത് ചിന്തിക്കാനേ വയ്യ.
അന്നുണ്ടാകാവുന്നത് നബി(സ) പറഞ്ഞു “ഇവന്‍ മറ്റവന്‍റെ മാതാപിതാക്കളെ ചീത്ത പറയും. അവന്‍ ഇവന്‍റെയും.
അന്ന് അങ്ങനെയേ ഉള്ളൂ. ഇന്ന് ഇവന്‍ ഇവന്‍റെ തന്നെ…!
സന്താന ലബ്ധിക്കായി നബിമാര്‍ പ്രാര്‍ത്ഥിച്ചത് ഖുര്‍ആനിലുണ്ട് ഇബ്റാഹീം നബി(അ)യും സകരിയ്യാ നബി(അ)യുമൊക്കെ. പക്ഷേ, ഒന്നു ശ്രദ്ധിക്കണം. അവരൊക്കെ തേടിയത് ഒരു കുഞ്ഞിനെ തരണേ എന്നല്ല “നല്ല കുട്ടിയെ തരണേ എന്നാണ്. നല്ലതല്ലെങ്കില്‍ ഇല്ലാതിരിക്കലാണു ഭേദം.
സ്വാദിഖ് അന്‍വരി

You must be logged in to post a comment Login