തല്ലും തലോടലും

തല്ലും തലോടലും

കളിയെക്കാള്‍ പഠനത്തിന് മൂല്യമില്ലാതിരുന്ന എന്‍റെ ബാല്യകാലം…! ഏഴാം ക്ലാസ് വാര്‍ഷിക പരീക്ഷയായിരുന്നു അന്ന്. പരീക്ഷക്ക് ഇറങ്ങുന്പോള്‍ വീടാകെ ദുഃഖപൂര്‍ണ്ണമായ നിശ്ശബ്ദത നിറഞ്ഞിരുന്നതായി എനിക്കു തോന്നി. വീട്ടില്‍ നിന്നിറങ്ങുന്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായിരിക്കുന്ന ഉമ്മയെ കണ്ട് ഞാന്‍ വല്ലാതായി. കാരണം ചോദിച്ചപ്പോള്‍ തേങ്ങലിന് ശക്തി കൂടിയതല്ലാതെ മറുപടിയൊന്നും പുറത്തു വന്നില്ല. ഞാന്‍ പകച്ചു നിന്നു. എനിക്കും കണ്ണീര്‍ വന്നു. അപ്പോള്‍ വിതുന്പിക്കൊണ്ട് ഉമ്മ പറഞ്ഞു “ഇന്ന് പരീക്ഷ കഴിഞ്ഞ് ഇങ്ങോട്ടു വരണ്ട മുത്താപ്പയുടെ വീട്ടിലേക്ക് വന്നാല്‍ മതി. പരീക്ഷ നിറയെ ഉമ്മയുടെ കണ്ണീരായിരുന്നു. പരീക്ഷ കഴിഞ്ഞ് മൂത്താപ്പയുടെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരു ചെറിയ പന്തല്‍, കുറച്ചു കസേരകള്‍, അവിടേക്ക് പലരും വന്നു കൊണ്ടിരിക്കുന്നു. ആരും ചിരിക്കുന്നില്ല. ലോഗ്യം പറയുന്നുമില്ല. ചിലര്‍ ഖുര്‍ആന്‍ ഓതുന്നു. ഉമ്മയും പെങ്ങന്മാരും ഓതുകയും ഇടക്ക് കരയുകയും ചെയ്യുന്നു.

ദൂരെ നിന്ന് ഒരാംബുലന്‍സ് വരുന്ന ശബ്ദം. അതു മൂത്താപ്പയുടെ വീടിന് മുന്നില്‍ വന്ന് ബ്രേക്കിട്ടു. അതിനുള്ളില്‍ നിന്ന് ഒരു മൃതദേഹം വീടിനകത്തേക്ക് കൊണ്ടു വരുന്നു. ആരാണ് മരിച്ചതെന്ന് അറിയാനുള്ള ഉത്കണ്ഠയോടെ ഞാന്‍ എത്തിനോക്കി. എന്ത്്? എന്‍റെ ഉപ്പ? കണ്ണുകളില്‍ ഇരുട്ട് കയറി. ഞാന്‍ പിന്നോട്ടാഞ്ഞു.

ഉപ്പയുടെ വേര്‍പാട് എന്നില്‍ ദുഃഖത്തിന്‍റെ കരിനിഴലുകള്‍ പടര്‍ത്തിയെങ്കിലും ഒരു വര്‍ഷം കൂടി നാട്ടില്‍ തന്നെ തുടര്‍ന്നു. എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയുടെ റിസള്‍ട്ട് വന്നു. ഞാന്‍ ഗംഭീരമായി പൊട്ടിയിരിക്കുന്നു!. ആ വാര്‍ത്ത എന്നെ ദുഃഖിപ്പിച്ചെങ്കിലും പഠിക്കാതെ തോറ്റതിനാല്‍ വിഷമം തോന്നിയില്ല. ആ തോല്‍വിയായിരുന്നു എന്‍റെ ഭാവി നിശ്ചയിച്ചതെന്ന് ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു. വീട്ടില്‍ നിന്ന് പറഞ്ഞു മതി, ഇനി വേറെ സ്കൂളില്‍ പഠിക്കാം.

പക്ഷേ ഒരു ഹോസ്റ്റല്‍ ജീവിതമായിരുന്നു എന്‍റെ ലക്ഷ്യം. കുത്തിയിരുന്നു പഠിക്കാനൊന്നുമായിരുന്നില്ല, വീട്ടില്‍ നിന്ന് വിട്ടൊരു ലാവണം. അത്രമാത്രം. എന്‍റെ ഹോസ്റ്റല്‍ ആഗ്രഹം അറിയിച്ചപ്പോള്‍ നാടുവിടാനുള്ള ആഗ്രഹത്തെ ഉമ്മ തള്ളി. പക്ഷേ വാശി എന്നെ തെന്നല സി. എം മര്‍കസിലെത്തിച്ചു. സെലക്ഷനു ശേഷം അടുത്ത മാസം 20ാം തിയ്യതി സി. എമ്മിലെത്താന്‍ നിര്‍ദേശം കിട്ടി. കൊണ്ടു വരേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റും തന്നു. ഞാന്‍ കാത്തിരിക്കുകയായിരുന്നു ആ ഇരുപതാം തിയ്യതിയുടെ അതിഥിയാവാന്‍.

അങ്ങനെ ആ ദിവസം വന്നെത്തി. അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. കൊണ്ടു പോകാനുള്ള സാധനങ്ങളൊരുക്കി ഞാന്‍ ജുമുഅ കഴിഞ്ഞ് പോകാനുള്ള സന്തോഷത്തില്‍ വീട്ടിലേക്കോടുകയായിരുന്നു. ഭക്ഷണം കഴിച്ചു വീട്ടുകാരോട് സലാം പറഞ്ഞ് ഇറങ്ങുന്പോള്‍ ഉമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. എന്‍റെ മനസ്സ് സന്തോഷത്താല്‍ തുടി കൊട്ടുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആ സന്തോഷം അണയാന്‍ തുടങ്ങി. കാരണം, രാവിലെ അഞ്ചു മണിക്കു മുന്പ് എഴുന്നേല്‍ക്കണം. ഏഴേക്കാല്‍ ആകുന്പോഴേക്കും കുളിക്കണം. പതിനൊന്നു മണിക്കേ ഉറങ്ങാവൂ. ഒരു പട്ടാളച്ചിട്ട തന്നെ. വരേണ്ടിയിരുന്നില്ല എന്നു തോന്നി.

ആദ്യ ആഴ്ച്ച ലീവ് ലഭിച്ച് വീട്ടിലെത്തിയപ്പോള്‍ ഉമ്മ സുഖവിവരങ്ങളന്വേഷിച്ചു. ഉമ്മയോട് സുഖമാണെന്ന് പറയേണ്ടി വന്നു. കാരണം ഇതു ഞാന്‍ തന്നെ വരുത്തി വച്ചതാണല്ലോ…. രണ്ടു ദിവസത്തിനു ശേഷം വീണ്ടും സി. എമ്മിലെത്തിയപ്പോള്‍ ഉസ്താദ് എല്ലാവരെയും വിളിച്ചു വരുത്തി ഒരു പാട് ഉപദേശങ്ങള്‍ നല്‍കി. എന്തു കൊണ്ടോ, അന്നുതന്നെ ഞാന്‍ ഉസ്താദിന്‍റെ ചില വാക്കുകള്‍ തെറ്റിച്ചു. അത് കണ്ടു വന്ന ഉസ്താദ് എനിക്ക് വേണ്ടുവോളം ചൂരല്‍കഷായം നല്‍കി. ശാരീരികമായും മാനസികമായും വേദനിച്ചപ്പോള്‍ കണ്ണീരിറ്റി മടിത്തട്ടിലെ കിതാബ് നനഞ്ഞു. മനസില്‍ ഉസ്താദിനോട് കൊടിയ ശത്രുത രൂപം കൊള്ളുകയായിരുന്നു. അതിന്‍റെ പ്രതിഫലനമെന്നോണം ഉസ്താദ് കല്‍പിച്ചതിന് എതിര് മാത്രമേ എന്നില്‍ നിന്ന് പിന്നീട് ഉണ്ടായുള്ളൂ. ഇത് അനിയന്ത്രിതമായി തുടര്‍ന്നപ്പോള്‍ റൂമില്‍ വിളിച്ച് ഉസ്താദ് പറയാന്‍ തുടങ്ങി“അടിച്ചത് നീ നന്നാവാനാണ്. നിന്നോടുള്ള ദേഷ്യം കൊണ്ടല്ല” അങ്ങനെ തുടങ്ങിയ ഒരുപാട് ഉപദേശങ്ങള്‍… പക്ഷേ ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. വീണ്ടും ഞാന്‍ ലംഘനം തുടര്‍ന്നപ്പോള്‍ പറഞ്ഞതൊന്നും എന്നില്‍ ഏശിയിട്ടില്ലായെന്ന് മനസിലാക്കിയ ഉസ്താദ് എന്നെ വീണ്ടും റൂമിലേക്ക് വിളിച്ചു. തലോടിക്കൊണ്ട് പറഞ്ഞു തുടങ്ങി “ഞാന്‍ പറഞ്ഞതൊക്കെ വെറുതെയായി അല്ലേ? കുട്ടീ നിനക്ക് പഠിക്കാന്‍ നല്ല കഴിവുണ്ട്. നല്ല ബുദ്ധിയും തന്‍റേടവും ഉണ്ട്. പക്ഷേ ചീത്ത കൂട്ടുകെട്ടു കാരണം നീ കേടു വരികയാണ്. ശേഷം ഉസ്താദ് ഗൗരവത്തോടെ പറഞ്ഞു “മോനേ, കുരുത്തം കെട്ടാലും മത്തന്‍ കെട്ടാലും ഒരു പോലെയാണ്. ഒന്നിനും കൊള്ളില്ല. അതു കൊണ്ട് മോന്‍ നന്നാവണം. ഉസ്താദുമാരുടെയും മാതാപിതാക്കളുടെയും കുരുത്തവും പൊരുത്തവും നേടാതെ എവിടെയും വിജയിക്കാന്‍ കഴിയില്ല. ഇതെല്ലാം കേട്ടപ്പോള്‍ എന്‍റെ മനസ്സ് ഉരുകിത്തുടങ്ങിയിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ ഉസ്താദിനോട് പൊരുത്തപ്പെടീച്ചു. അതിന് ശേഷം ഉസ്താദിന് ഇഷ്ടമില്ലാത്തതൊന്നും ഞാന്‍ ചെയ്തില്ല.

തുടര്‍ പഠനത്തിന് ഞാന്‍ നുസ്റത്തിലേക്ക് തിരിച്ചു. ആദ്യദിവസത്തെ അലി ഉസ്താദിന്‍റെ ഉപദേശം. ഒരു ചട്ടക്കൂടില്‍ അടങ്ങി നിന്ന് തഅല്ലുമിന്‍റെ അര്‍ത്ഥമറിഞ്ഞ് പഠിക്കണമെന്ന് കേട്ടപ്പോള്‍ ഉണരാനുള്ള അഞ്ചുമണിയും കിടക്കാനുള്ള പതിനൊന്നരയും കുളിക്കാനുള്ള ഏഴേക്കാലും എനിക്കൊരു കീറാമുട്ടിയായില്ല. ഏറെ സന്തോഷത്തോടെ ഞാനിവിടെ തുടരുന്നു. അല്‍ഹംദുലില്ലാഹ്.

പി അഹ്മദ് റശീദ്
വാദീനുസ്റത്ത്, രണ്ടത്താണി

You must be logged in to post a comment Login