ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഈ പൊക്കിള്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?

ഉമ്മല്ലിയുമ്മ എന്ന കുറിപ്പ് വായിച്ച സുഹൃത്ത് ഖാദര്‍ ഫോണില്‍ എന്നെ വിളിക്കുകയും രോഷാകുലനായി പൊട്ടിത്തെറിക്കുകയും തുടര്‍ന്നെഴുതുന്ന പക്ഷം തടിസൂക്ഷിക്കുന്നത് നല്ലതായിരിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നിട്ടുപോലും വായനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ വേണ്ടി, ദുടര്‍ഭാഗം ധ്യൈപൂര്‍വ്വം എഴുതുകയാണ്.

ഉമ്മയുടെ സംഭാവനകളില്‍ എന്‍റെ ഭാര്യക്ക് ഏറ്റം മനസ്സുരുകിയ സംഭവം മത്തിത്തലയുടേതായിരുന്നു. ഒരു ദിവസമുണ്ട് ഉമ്മ ധൃതിയില്‍ കയറിവന്ന് ഒരു കെട്ട് കൊടുക്കുന്നു. തുറന്നു നോക്കുന്പോള്‍ നിറയെ മത്തിത്തലകള്‍. ഏതോ വീട്ടുകാരി മത്തി വൃത്തിയാക്കി തലമുറിച്ചെറിയുന്പോള്‍ അതെന്‍റെ മോന്‍റെ മക്കള്‍ കഴിച്ചോളും, കളയണ്ടെടീ എന്ന് പറഞ്ഞ് ഇരന്ന് വാങ്ങിയതായിരിക്കും ഉമ്മ. സത്യം പറയാം, എന്‍റെ അളിയന്‍ വരുന്നത് കൊണ്ട് ഒന്നാന്തരം കൂന്തള്‍ ബിരിയാണി തയ്യാറാക്കിയിട്ടുണ്ടായിരുന്നു അന്ന് വീട്ടില്‍.
ഖാദര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്പോള്‍ എന്‍റെ കരള്‍ പിടക്കുകയായിരുന്നു. പറയാനുള്ളതെല്ലാം പറഞ്ഞൊഴിഞ്ഞാല്‍ ഒരാശ്വാസം കിട്ടുമായിരിക്കും എന്നു കരുതി. ഒന്നിലും ഇടപെടാതെ ശ്രദ്ധാപൂര്‍വം ഞാന്‍ കേട്ടിരുന്നു.

ഞാനിതെത്രകാലമായി തടിയുരുക്കി നയിക്കുന്നു. ഒരു തുണ്ട് ഭൂമി സ്വന്തമായി എനിക്കില്ല. വാടകവീട്ടിലാണ് എന്‍റെ കുടുംബം കഴിയുന്നത്. ഞാനിതുവരെ വിയര്‍പ്പൊഴുക്കിയത് മുഴുക്കെ എന്‍റെ കുടുംബത്തിന് വേണ്ടിയിട്ടാണ് കാര്യമായിട്ടു മൂന്ന് പെങ്ങന്മാര്‍ക്ക് വേണ്ടി. ആയിരക്കണക്കിന് ആള്‍ക്കാര്‍ ഭക്ഷണം കഴിച്ചത് ഗ്ലാസും പ്ലെയ്റ്റും കഴുകിയാണ് അവരെ കെട്ടിച്ചുവിട്ടത്. കാര്യമായി ഒന്നുമില്ല എന്നറിഞ്ഞിട്ടും, പണവും പണ്ടവും കിട്ടുംപോലെ അവര്‍ പിടിച്ചു പറിച്ചിട്ടുണ്ട്. അവരൊക്കെ ഇന്ന് നല്ല നിലയിലായി. വീടായി പറന്പായി കാറുകളുമായി. എന്നിട്ടെന്ത്? എളാപ്പ മരിച്ചപ്പം മൂന്നും ചുളചീഞ്ഞ ചക്കയിലെ കുരുപോലെ മിളുന്തിക്കളിച്ചു. വാസ്തവത്തില്‍ എളാപ്പയാണ് മൂന്നിന്‍റെയും കെട്ടിയോന്‍മാരെ, വിലകൊടുത്ത് വിസവാങ്ങി ഗള്‍ഫിലെത്തിച്ചത്. എളാപ്പക്ക് മക്കളില്ല. മിച്ചമായി സന്പാദ്യവും പറയാന്‍ മാത്രമില്ല. പക്ഷേ, ഉള്ളകാലത്ത് ഓരോരോ ആവശ്യം നിരത്തി പരമാവധി തട്ടിയെടുത്തതാണ്, ഈ മൂന്ന് കള്ളത്തികള്‍. പറയുന്നത് അതൊന്നുമല്ല, അങ്ങനെയുള്ള എളാപ്പ ക്ഷീണമേറി ആശുപത്രിയിലായപ്പോള്‍ അവരൊക്കെ ഒന്ന് എത്തിനോക്കി തിരിച്ചുപോയി എന്നതല്ലാതെ, ബില്‍പേയുടെ നേരത്ത് ഒന്നിനേയും ആ വഴിക്ക് കണ്ടില്ല. നാല് പത്തിഎട്ടായിരത്തോട് അടുക്കുന്ന ആ ചൂടുബില്‍ ഒറ്റയടിക്ക് എന്‍റെ തലയിലേക്ക് വന്നു വീണു. മൂത്തവള്‍ ബില്ലിനെ പറ്റി പറയാന്‍ മാപ്ലക്ക് ഫോണ്‍വിളിച്ചതും ഉമ്മ പറഞ്ഞത്രെ അതൊന്നും ങ്ങള് തലേല് വലിച്ചിടണ്ട, ഖാദറില്ലേ, ഓന്‍ മട്ടംപോലെ ചെയ്തോളും. പറഞ്ഞാല്‍ നിനക്കിഷ്ടപ്പെടുമോ എന്നറിയില്ല, ഞാനെന്‍റെ ഭാര്യയുടെ അനുജത്തിയുടെ മൂന്ന് പവന്‍ നക്ലേസ് പണയം വെച്ചാണ് എളാപ്പയെ ആശുപത്രി ചാടിച്ചത്. ആ എളാപ്പ മരിച്ചപ്പം കഫന്‍തുണിയുടെയും ഖബര്‍ കുഴിയുടെയും ചെലവ് നടത്താന്‍ പോലും ആരും മുന്നോട്ട് വന്നില്ല. വാച്ചഴിച്ചു വിറ്റാണ്, എളാപ്പയെ ഞാന്‍ ഖബ്റിലേക്ക് അറകയറ്റിച്ചത്.

പക്ഷേ, എന്‍റെ കരളുകത്തിച്ച സംഭവം അതൊന്നുമല്ല. ഉമ്മല്ലിയുമ്മ മാത്രമല്ല, താഴെയുള്ളതുകളും വളര്‍ന്നു. ഇതെത്രകാലം വാടകവീട്ടില്‍ പൊറുപ്പിക്കും എന്ന ചിന്ത പഴുത്തു മഞ്ഞച്ചപ്പോള്‍ എനിക്കൊരാശയം തോന്നി ഉമ്മാനോട് ഉള്ളസ്ഥലം ഒന്ന് ഭാഗിച്ച് ഓഹരിയാക്കിത്തന്നാല്‍ ഒരു കൊച്ചു കൂര കെട്ടാമെന്ന ഐഡിയ ഒന്ന് പറഞ്ഞു നോക്കാമെന്ന്. നോക്കുന്പോള്‍ തന്‍റെ അഭാവത്തില്‍ പുരയും പറന്പും മൂന്ന് പെങ്ങന്മാര്‍ക്കായി ഓഹരി ചെയ്ത് എഴുതി ഒപ്പിട്ടുകൊടുത്തിരിക്കുന്നു എന്‍റെ ഉമ്മ!

ഇനിയും അവനെ പറയാന്‍ വിടുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ശ്രദ്ധ തിരിക്കാനും വിഷയം മറിച്ചിടാനുമുള്ള കൗശലങ്ങളെടുത്തു തുടങ്ങി.
ഞാന്‍ ഇതിനകം പൂക്കൊളത്തൂരുമായി എസ്സെമ്മസ് വഴി ബന്ധപ്പെട്ട് കഴിഞ്ഞിരുന്നു. ഉമ്മയോടുള്ള കടപ്പാട് അവതരിപ്പിക്കുന്ന ഒന്ന് രണ്ട് വഅ്ള് ക്ലിപ്പുകള്‍ ഉടന്‍ ലഭിച്ചു. ഉസ്താദ് ശാഫി സഖാഫി മുണ്ടന്പ്രയുടെ കരളില്‍ തറക്കുന്ന ഒരു ക്ലിപ്പും ഫാറൂഖ് നഈമിയുടെ മനോഹരമായ മറ്റൊരു ക്ലിപ്പുമാണ് അയച്ചു കിട്ടിയത്. രണ്ടും കിടുകിടിലന്‍. ഒരാമുഖമെന്നോണം അവനെ കേള്‍പിച്ച് അവനെ തണുപ്പിച്ചെടുക്കാനായിരുന്നു എന്‍റെ ശ്രമം.

തുടര്‍ന്ന് ജീവിതയാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച നീണ്ട ഒരു പ്രഭാഷണം തന്നെ ഞാനവനു മുന്നില്‍ കാഴ്ചവച്ചു. അതില്‍ ഞാന്‍ ബഷീറിന്‍റെ ഉമ്മയെപ്പറ്റി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്പ് നാടുവിട്ട മകന്‍ ഏതോ ഒരു പാതിരാ നേരത്ത് കയറിവന്നപ്പോള്‍ ചോറും വിളന്പിവെച്ച് കാത്തിരിക്കുന്ന ഉമ്മയുടെ കഥ. ഖാലിദിന്‍റെ ഉമ്മയെപ്പറ്റിയും ഞാന്‍ പറഞ്ഞു. വെറും പുല്ലു പോലുള്ള കൈകാലുകളും, വറ്റിവിളറിയ എല്ലും ശരീരവുമുള്ള നിത്യരോഗിയാണ് ഖാലിദ്. കിഡ്നി തകരാറാണ്. ഒരു കിഡ്നി വെച്ചുകൊടുത്താല്‍ കുറച്ചു കൂടി ജീവിക്കും എന്ന് ഡോക്ടര്‍ പറഞ്ഞു. സ്വന്തം ഉമ്മ തന്‍റെ കിഡ്നി അറുത്തു കൊടുത്തു. ഖാലിദിന് പുതിയ കിഡ്നി കിട്ടി. പക്ഷേ, മൂന്നാം മാസം ഖാലിദ് മരിച്ചു. അങ്ങനെ മരിച്ചു പോവുമെന്നും, തനിക്കൊരു ചായപ്പൊടിയുടെ ഉപകാരം പോലും അവനെക്കൊണ്ട് കിട്ടില്ലെന്നും ആ ഉമ്മാക്ക് അറിയാമായിരുന്നു. എന്നിട്ടം ആ ഉമ്മ തന്‍റെ കിഡ്നി ദാനം ചെയ്തു. ഒടുക്കം ഞാന്‍ എന്‍റെ ഉമ്മയെ പറ്റിത്തന്നെ പറഞ്ഞു. മക്കളുടെ നന്മക്ക് വേണ്ടി രാപകലില്ലാതെ ഉരുകിത്തീര്‍ന്ന ആ സ്നേഹജന്മത്തെപ്പറ്റി. നേരത്തെ വന്നു ചേര്‍ന്ന വൈധവ്യത്തെ പ്രതിരോധിക്കാന്‍, പശുവിനെ വളര്‍ത്തുക എന്ന പരിചയമില്ലാത്ത പണിയെടുക്കുകയും, പശുവിന്‍റെ പ്രഹരമേറ്റ് ആഴ്ചകളോളം കിടപ്പിലാവുകയുംചെയ്ത ത്യാഗജീവിതത്തെപ്പറ്റി. ഭാര്യയെ മടിയില്‍ പിടിച്ചിരുത്തി പേനെടുത്തു കൊടുക്കുകയും ഈരുപൊട്ടിച്ചു കൊടുക്കുകയും, ഊരവേദന വരുന്പോള്‍ അവളെ കൊണ്ട് ചൂട് പിടിപ്പിക്കുയും കാലുഴിയിക്കുകയും ചെയ്യുന്ന സ്നേഹ പാരസ്പര്യത്തിന്‍റെ മാതൃധാരയെപ്പറ്റി പറഞ്ഞു.

പിന്നെ ഞാനവന്‍റെ മൂക്കുതൊട്ടു. ഇതെന്തിനുള്ളതാ? അവന്‍ മൂക്കിന്‍റെ ഉപകാരം പറഞ്ഞു. കണ്ണുതൊട്ടു. കാതു തൊട്ടു. കൈ തൊട്ടു. കാലു തൊട്ടു. പറ്റാവുന്നതൊക്കെ തൊട്ടു. ഇതൊക്കെ എന്തിനുള്ളതാ? അവന്‍ ഓരോന്നിന്‍റെയും ധര്‍മങ്ങള്‍ വിവരിച്ചു. പിന്നെ ഞാവനോട് ചോദിച്ചു ഈ പൊക്കിള്‍ എന്തിനുള്ളതാ? അവന്‍ ആലോചിക്കുകയാണ്. മിണ്ടുന്നില്ല. എന്തൊക്കെയോ പറയാന്‍ നാക്കിന്‍ തുന്പുവരെ എത്തുന്നു. പക്ഷേ, വ്യക്തമായി ഒന്നും പറയാനാവുന്നില്ല.

ക്ലെയിന്‍റിനെ ശാരീരികമായി സ്പര്‍ശിക്കുക വഴി കൗണ്‍സിലര്‍ സാധിച്ചെടുക്കുന്ന തെറാപ്യൂറ്റിക് ഇഫക്ടിനൊപ്പം ക്ലെയിന്‍റിന്‍റെ ഉത്തരം മുട്ടിയ നിസ്സഹായാവസ്ഥയും ഒരു കൗണ്‍സിലര്‍ എന്ന നിലക്ക് ഞാനിപ്പോള്‍ ആവോളം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. പലതും പറയാന്‍ ശ്രമിച്ച് ഒടുവില്‍ ഞാന്‍ തോറ്റു എന്നൊരു ഗുപ്ത സന്ദേശം അവന്‍റെ കണ്ണും മുഖവും കാണിച്ചപ്പോള്‍ ഞാന്‍ ചോദ്യത്തെ ഒന്നു കോട്ടിവളച്ചിട്ടു. ഈ പൊക്കിള്‍ കൊണ്ട് ഏതെങ്കിലും ഒരു കാലത്ത് നിനക്ക് വല്ല ഉപകാരവും?
ചോദ്യം അത്ര എത്തിയപ്പോഴേക്കും അവന്‍റെ മുഖത്ത് വികാരവിക്ഷോഭങ്ങള്‍ പരക്കം പായുന്നത് കാണാനായി. നിന്‍റെ ഉമ്മ തിന്നതിന്‍റെ സത്ത് നീ വലിച്ചുകുടിച്ച് ആ ഉമ്മക്ക് ക്ഷീണവും തളര്‍ച്ചയും ഞെരിപിരിയും ഉറക്കമില്ലായ്മയും തിരിച്ചു നല്‍കിയ ഒരു നേര്‍ത്ത കുഴലുണ്ടായിരുന്നു. കാലാന്തരേണ പലരും ആ കുഴല്‍ മറക്കും. ആ മറവിക്കെതിരെ ഓര്‍മയുടെ കലാപം എന്ന നിലക്ക് ചുരുട്ടിവെച്ച മാംസമുദ്രയുടെ ചുരുളാണ് മോനേ നിന്‍റെ ഈ പൊക്കിള്‍.

ജീവിതത്തില്‍ പലതും തെരഞ്ഞെടുക്കാം. വാച്ച്, കാറ്, ജീന്‍സ്, ഇണയെപ്പോലും. പക്ഷേ, ചിലത് വന്നു ചേരുന്നതാണ്. അതില്‍ ചോയ്സില്ല. ഉമ്മ ഉപ്പമാര്‍ അങ്ങനെയാണ്. അവരെ ഉള്‍കൊള്ളുകയാണ് വേണ്ടത്. ചില ഉമ്മ ഉപ്പമാര്‍ മക്കള്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കാറുണ്ട്. ലിയര്‍ രാജാവ് തന്‍റെ പെണ്‍മക്കള്‍ക്കിടയില്‍ കാണിച്ച വേര്‍തിരിവാണല്ലോ ഒരു മഹാദുരന്തമായി ഷേക്സ്പിയര്‍ നാടകപ്പെടുത്തിയത്. നാടകമാവാത്ത എത്ര നാടകങ്ങള്‍ ലോകത്ത് നടക്കുന്നുണ്ട്. മക്കള്‍ക്കിടയില്‍ വേര്‍തിരിവു കാണിക്കരുത് എന്ന പറഞ്ഞ, ആദരവായ റസൂലോരുടെ വചനം എത്രമാത്രം പ്രസക്തമാണന്നോര്‍ത്തു നോക്കൂ.

ഖാദറേ! ഉമ്മ അസ്വ്ല്‍. നീ ഫറഅ്. അസ്വ്ലിനാണ് സ്ഥാനം. ഇസ്ലാമിക നിയമപ്രകാരം ഒരാള്‍ മറ്റൊരാളെ കൊന്നാല്‍ പ്രതികാരക്കൊലയാവാം. പക്ഷേ, അസ്വ്ല്‍ ഫറഇനെ കൊന്നാല്‍, തിരിച്ചു കൊലയില്ല. ഇതൊരു വസ്തുതയും യാഥാര്‍ത്ഥ്യവുമാണ്. യാഥാര്‍ത്ഥ്യങ്ങളെ പച്ചക്കങ്ങ് ഉള്‍കൊള്ളുക എന്നതാണ് ബുദ്ധി. നമുക്ക് നമ്മുടെ സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും ഒരു പരിധിക്കപ്പുറം മാറ്റുവാന്‍ കഴിഞ്ഞെന്നുവരില്ല.

എന്‍റെ കൗണ്‍സിലിംഗ് അധികപ്രസംഗമാവുന്നുവെന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി. വിഷമസന്ധിയില്‍, നല്ല കാലത്തിന് എനിക്ക് ഉസ്താദിനെ ഓര്‍മവന്നു. പറഞ്ഞവാക്കിന് തിട്ടഫലമാണ് ഓര്‍ക്ക്. ഞാന്‍ അകത്തു ചെന്ന് ഫോണില്‍ വിളിച്ചു. ഇവന്‍റെ പൊല്ലാപ്പുകഥ പറഞ്ഞു. ഉസ്താദ് ചില ദിക്റുകള്‍ ചൊല്ലാന്‍ പറഞ്ഞു തന്നു. ഞാന്‍, ഉസ്താദു പറഞ്ഞു തന്നത് എന്ന വിശദീകരണം കൊടുക്കാതെ ഖാദറിന്ന് അത് കുറിച്ചുകൊടുത്തു. ഒരു മാസം ചൊല്ലാന്‍ പറഞ്ഞു.
ഇരുപത്തഞ്ച് ദിവസം കഴിഞ്ഞപ്പോഴുണ്ട്, ഖാദര്‍ ഫോണ്‍ വിളിക്കുന്നു. ഉമ്മ ആളാകെ മാറിയിരിക്കുന്നു. അവന്‍റെ വാക്കുകളില്‍ സന്തുഷ്ടിയുടെ ജീവന്‍ തുടിച്ചു നിന്നു.

നിര്‍ത്താതെ പറഞ്ഞതുപോലെ തുടരൂ. ഗൗരവം വിടാതെ ഞാന്‍ മറുപടി കൊടുത്തു.

ഫൈസല്‍ അഹ്സനി ഉളിയില്‍ 

You must be logged in to post a comment Login