രാജഭക്തിയോ അടിമത്ത മനസ്സോ?

രാജഭക്തിയോ അടിമത്ത മനസ്സോ?

ആയിരം വര്‍ഷം മുന്പ് അരങ്ങേറിയ ഗുജറാത്തിലെ സോമനാഥക്ഷേത്ര ധ്വംസനം ഹിന്ദുവിന്‍റെ ഉള്ളകങ്ങളില്‍ നീറിപ്പുകയുന്ന കനലായി ഊതിക്കത്തിക്കാന്‍ ശ്രമമാരംഭിച്ചത്് കഴിഞ്ഞ നൂറ്റാണ്ടിലാണ്. 1026ല്‍ ഗസ്നവിയിലെ ഭരണാധികാരി മഹ്മൂദിന്‍റെ സൈന്യം സോമനാഥ ക്ഷേത്രം ആക്രമിച്ചതും അതിന്‍റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ച നിധികുംഭങ്ങള്‍ കടത്തിക്കൊണ്ടുപോയതും ഒരിക്കലും പൊറുക്കാന്‍ പാടില്ലാത്ത ക്രൂരതയാണെന്നും അതിനു പ്രതികാരം ചെയ്യേണ്ടത് ഹിന്ദുവിന്‍റെ കടമയാണെന്നും ഹൈന്ദവ തീവ്രവലതുപക്ഷം ഇന്നും അനുയായികളെ പഠിപ്പിക്കുന്നു. ആര്‍.എസ്.എസ് ശാഖകളില്‍ പുതിയ തലമുറയില്‍ മുസ്ലിം വിദ്വേഷം കുത്തിവെക്കാന്‍ ഒന്നാം പാഠമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് സോമനാഥക്ഷേത്ര ആക്രമണമാണ്. മുസ്ലിം അക്രമകാരികള്‍ സോമനാഥ ക്ഷേത്രം തകര്‍ത്തു സ്വത്തുക്കള്‍ കൊള്ളയടിച്ചു കൊണ്ടുപോയി എന്ന് പഠിപ്പിച്ചതല്ലാതെ എന്തായിരുന്നു അഫ്ഗാന്‍ സുല്‍ത്താന്‍റെ ആത്യന്തിക ലക്ഷ്യമെന്നോ അതിനുപിന്നിലെ പ്രചോദനമെന്തായിരുന്നുവെന്നോ തുറന്നുപറയാന്‍ സത്യസന്ധത കാട്ടിയില്ല. ഇന്നും ഹിന്ദുത്വ ശക്തികള്‍ ഗുജറാത്തിന്‍റെ ചരിത്രത്തെ മുഖ്യമായും ചേര്‍ത്തുപറയുന്നത് ഈ ക്ഷേത്രധ്വംസന വര്‍ത്തമാനത്തോടാണ് . സ്വാതന്ത്ര്യം കൈവന്ന ഉടന്‍ കോണ്‍ഗ്രസിലെ തന്നെ വലതുപക്ഷ വിചാരഗതിക്കാരായ സര്‍ദാര്‍ പട്ടേലും കെ എം മുന്‍ഷിയുമൊക്കെ ഹിന്ദുജാഗരണത്തിന് ആസൂത്രണം ചെയ്തത് ഈ ക്ഷേത്രത്തിന്‍റെ പുനരുദ്ധാരണമായിരുന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശക്തമായി എതിര്‍ത്തിട്ടും അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, പുനരുദ്ധരിച്ച ക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് അക്കാലത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. 1990ല്‍ രാമക്ഷേത്രപ്രക്ഷോഭം ശക്തമാക്കുന്നതിനും ഹൈന്ദവ വോട്ട് ഏകീകരിക്കുന്നതിനും എല്‍.കെ അദ്വാനി രഥയാത്ര ആസൂത്രണം ചെയ്തപ്പോള്‍ സോമനാഥക്ഷേത്രത്തില്‍നിന്നായിരുന്നു തുടക്കം കുറിച്ചത്. ഒരു ചരിത്രസംഭവത്തെ പൂര്‍ണമായും വക്രീകരിച്ചും വികലമാക്കിയും അവതരിപ്പിച്ചാണ് വലതുപക്ഷ ചരിത്രകാരന്മാരും സംഘ്പരിവാര്‍ നേതൃത്വവും സോമനാഥ ആക്രമണത്തെ ഇക്കാലമത്രയും അവതരിപ്പിച്ചത്.

ഗസ്നിയിലെ മഹ്മൂദ് ക്ഷേത്രം കൊള്ളയടിക്കാന്‍ എന്തായിരുന്നു കാരണമെന്ന് തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിന്‍റെ നിലവറകളില്‍ ഒളിച്ചുവെച്ച ലക്ഷം കോടിയുടെ സ്വത്തുക്കളെക്കുറിച്ചുള്ള അതിശയിപ്പിക്കുന്ന വര്‍ത്തമാനം തെളിച്ചുപറയുന്നുണ്ട്. എല്ലാ കാലത്തും ഇന്ത്യയിലെ രാജാക്കന്മാര്‍ രാജസ്വത്തുക്കള്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചത് ദൈവങ്ങളുടെ സന്നിധിയിലായിരുന്നു. ദേവാലയം ആക്രമിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ഇല്ല എന്ന വിശ്വാസത്തിന്മേല്‍, ക്ഷേത്രത്തിനകത്ത് സൂക്ഷിച്ചുവെക്കുന്ന വിലമതിക്കാനാവാത്ത സ്വത്തുക്കള്‍ പലപ്പോഴും എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു. കിഴക്കന്‍ ഇറാനും ഇന്നത്തെ അഫ്ഗാനും പാക്കിസ്ഥാനും പഞ്ചാബുമൊക്കെ ഉള്‍ക്കൊള്ളുന്ന ഗസ്നവിദ് സാമ്രാജ്യത്തിന്‍റെ സാന്പത്തിക ഉയര്‍ച്ച അക്കാലഘട്ടത്തിലെ മുസ്ലിം, ഹൈന്ദവ രാജവംശങ്ങളെ അക്രമിച്ചും തോല്‍പിച്ചുമായിരുന്നു. മതപ്രചാരണമോ ദൈവിക പ്രീതിയോ ആയിരുന്നില്ല ഇവരുടെ പടയോട്ടങ്ങള്‍ക്ക് നിദാനം. മുസ്ലിം ഭരണകൂടങ്ങളെ ആക്രമിച്ചു കീഴടക്കിയ ശേഷമാണ് മഹ്മൂദിന്‍റെ സൈന്യം ഇന്ത്യയില്‍ ഒട്ടേറെ നാട്ടുരാജാക്കന്മാരെ ആക്രമിച്ചു നിലംപരിശാക്കുന്നത്. താനേശ്വരും കശ്മീരും മഥുരയും കാനൂജും ഗ്വാളിയോറും ഉജ്ജൈനുമൊക്കെ കീഴടക്കിയ ശേഷമാണ് മഹ്മൂദിന്‍റെ പട്ടാളം ഗുജറാത്തിലെത്തിയതെന്ന സത്യം ആരും തുറന്നുപറയാറില്ല. തന്നെയുമല്ല, കശ്മീര്‍ താഴ്വരയിലെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ആക്രമിച്ചുതകര്‍ക്കാന്‍ ഹിന്ദു രാജാക്കന്മാര്‍ ഒരുന്പെട്ടപ്പോള്‍ അതിനെ ചെറുത്തുതോല്‍പിച്ചത് മുസ്ലിം ഭരണാധികാരികളായിരുന്നു. ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ ഒരു കാലത്തും ഹിന്ദുരാജാക്കന്മാര്‍ക്ക് മനഃപ്രയാസം ഉണ്ടായിരുന്നില്ലെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് പത്മനാഭക്ഷേത്രത്തില്‍നിന്ന് ടണ്‍കണക്കിന് സ്വര്‍ണപ്പണ്ടങ്ങള്‍ തിരുവിതാംകൂര്‍ രാജകുടുംബം തഞ്ചാവൂരിലേക്ക് കടത്തിക്കൊണ്ടുപോയി എന്ന അമിക്കസ് ക്യൂറിയുടെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വിഭാതവേളയിലും പൊതുഖജനാവ് കട്ടുമുടിക്കുന്നതില്‍ രാജാക്കന്മാര്‍ക്ക് ഒരു മടിയുമില്ല എന്ന് മാത്രമല്ല, രാജാവിന്‍റെ ദുഷ്ചെയ്തിയെ ന്യായീകരിക്കാനും ഇത് ഹിന്ദുക്കളുടെ ആഭ്യന്തര കാര്യമായി ചുരുട്ടിക്കെട്ടി ക്ഷേത്രത്തിന്‍റെ പേരില്‍ അരങ്ങേറുന്ന സകലമാന കൊള്ളരുതായ്കളെയും മറച്ചുപിടിക്കാനുമുള്ള ജുഗുപ്സാവഹമായ നീക്കങ്ങളാണ് അണിയറയിലും അരങ്ങത്തും നടമാടുന്നതും.

പത്മനാഭക്ഷേത്രത്തിന്‍റെ സ്വത്തുമായി ബന്ധപ്പെട്ട വിവാദത്തിനു ഇന്ന് പല മാനങ്ങളും കൈവന്നിരിക്കുന്നു. ജനായത്തം പുലര്‍ന്നിട്ട് ആറര പതിറ്റാണ്ടുകഴിഞ്ഞിട്ടും നഷ്ടപ്രതാപത്തിന്‍റെ പൂതലിച്ച കരങ്ങള്‍ കൊണ്ട് കാലത്തെ പിറകോട്ട് വലിച്ചുകൊണ്ടുപോകാനുള്ള പഴയ രാജകുലത്തിന്‍റെ ദുഷ്ടലാക്കിനു മുന്നില്‍ നമ്രശിരസ്കരായി നില്‍ക്കുന്ന രാഷ്ട്രീയഭരണകൂടങ്ങളുടെ അടിമത്ത മനസ്സ് കാണുന്പോള്‍ ആരാണ് ലജ്ജിച്ചുപോകാത്തത്? ഭരണഘടനയുടെ 25ാം അനുച്ഛേദം പ്രദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം ആരാധനാലയങ്ങള്‍ കെട്ടിപ്പൊക്കാനും തന്‍റെ വിശ്വാസമനുസരിച്ച് ആരാധന നടത്താനും അത് പ്രബോധനം ചെയ്യാനുമാണ്. അതേസമയം, ദേവാലയവുമായി ബന്ധപ്പെട്ട ഭൗതിക കാര്യങ്ങളില്‍ ഇടപെടാനും ദുര്‍ഭരണവും അഴിമതിയും തടയാനും സെക്കുലര്‍ ഭരണകൂടത്തിനും കോടതിക്കും അധികാരമുണ്ട്. ഒരു ആരാധനാലയത്തിന്‍റെ സ്വത്തുക്കള്‍ ആര്‍ക്കെങ്കിലും അന്യാധീനപ്പെടുത്താനോ മോഷ്ടിക്കാനോ നഷ്ടപ്പെടുത്താനോ അവകാശമില്ല. ഈ ബോധത്തോടെയാണ് മുന്‍ഐ.പി.എസ് ഓഫീസറും സുപ്രീം കോടതി അഭിഭാഷകനുമായ തിരുവനന്തപുരം സ്വദേശി അഡ്വ. സുന്ദരരാജന്‍ ക്ഷേത്രത്തിന്മേലുള്ള രാജകുടുംബത്തിന്‍റെ പരമാധികാരം ചോദ്യം ചെയ്ത് 2009ല്‍ ഹൈകോടതിയെ സമീപിക്കുന്നത്. രാജകുടുംബത്തിന്‍റെ ഭരണം അവസാനിപ്പിച്ച് ഒരു അതോറിറ്റി ഉണ്ടാക്കി ക്ഷേത്രഭരണം ഏറ്റെടുക്കണമെന്ന വിധി ചരിത്ര സംഭവമായി. ആ വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ ജനായത്ത മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ തയാറായില്ല എന്നു മാത്രമല്ല, രാജകുടുംബത്തെ അന്ധമായി പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചു. പരമോന്നത നീതിപീഠമാവട്ടെ, ഈ വിഷയത്തില്‍ കോടതിക്ക് ആവശ്യമായ നിയമ ഉപദേശങ്ങള്‍ നല്‍കാനും ക്ഷേത്രഭരണം ഏത് ദിശയിലാണ് ചലിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യാനും അമിക്കസ് ക്യൂറിയായി മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയോഗിച്ചു. ദൈവഭക്തനായ അദ്ദേഹം ചില്ലിക്കാശ് പ്രതിഫലം വാങ്ങാതെ മുപ്പത്തഞ്ച് ദിവസം അനന്തപുരിയില്‍ താമസിച്ച് ശേഖരിച്ച വിവരങ്ങള്‍ സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോള്‍ എല്ലാവരും ഞെട്ടി. രാജകുടുംബം ഇക്കാലമത്രയും തന്നിഷ്ടപ്രകാരമാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്തതെന്നും നിലവറയില്‍ സൂക്ഷിച്ച സ്വര്‍ണം പുറംവാതിലിലൂടെയും അകംവാതിലിലൂടെയും കടത്തിക്കൊണ്ടുപോയിരിക്കയാണെന്നും ടണ്‍ കണക്കിന് സ്വര്‍ണം തഞ്ചാവൂരിലെ സ്വര്‍ണപ്പണിക്കാരന്‍റെ പക്കലെത്തിയിരിക്കയാണെന്നും ക്ഷേത്ര സന്പത്ത് സൂക്ഷിക്കുന്നതില്‍ സൂക്ഷ്മത ലവലേശം പാലിക്കാറില്ലെന്നും ബോധ്യപ്പെട്ടപ്പോള്‍ ന്യായാസനത്തിന് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ രാജകുടുംബത്തെ മാറ്റി നിര്‍ത്തി ക്ഷേത്രഭരണത്തിനു ബദല്‍ സംവിധാനം ഉണ്ടാക്കുക എന്നതു തന്നെ.

ആ കോടതിതീര്‍പ്പിനെ പ്രബുദ്ധ, സാക്ഷര കേരളം ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുമെന്നാണ് സ്വാഭാവികമായും ആരും കരുതുക. കാരണം, ക്ഷേത്രമായാലും പള്ളിയായാലും ആരാധനാലയങ്ങളുടെ കൈകാര്യകര്‍തൃത്വം ജനായത്ത രീതിയിലാവണമെന്ന് എല്ലാ മതവിശ്വാസികള്‍ക്കും നിര്‍ബന്ധമുള്ളതാണ്. രാജ്യത്തെ നിയമം അത് അനുശാസിക്കുന്നുമുണ്ട്. എന്നാല്‍, ഇവിടെ സംഭവിച്ചത് നേരെ മറിച്ചാണ്. രാജകുടുംബത്തെ മാറ്റിനിര്‍ത്തിയുള്ള ഭരണസംവിധാനത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സര്‍ക്കാറിനു സാധിക്കുന്നില്ല എന്നു മാത്രമല്ല, രാജകുടുംബത്തിന്‍റെ ക്ഷേത്രവുമായുള്ള ബന്ധം അഭേദ്യമാണെന്നും ആരു വിചാരിച്ചാലും അത് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ആക്രോശിക്കുന്പോള്‍ നാം അന്ധാളിച്ചുപോവുകയാണ്. ആര്‍ക്കുവേണ്ടിയാണ് ഇവര്‍ വാദിക്കുന്നത്? ലോകത്തിലെ ഏറ്റവും സന്പന്നമെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു ക്ഷേത്രത്തിന്‍റെ നിയന്ത്രണം രാജകുടുംബത്തിന്‍റെ കൈകളില്‍ ഭദ്രമല്ലെന്ന് സുപ്രീംകോടതി കല്‍പിച്ചിട്ടും നാം രാജാക്കന്മാരുടെ സ്തുതിപാഠകരായും പാദസേവകരായും സ്വയം അധഃപതിക്കുകയാണ്. 1947 ആഗസ്റ്റ് 17നു രാജ്യം ബ്രിട്ടീഷുകാരില്‍നിന്ന് മാത്രമല്ല, കൊടിയ ജനദ്രോഹികളും ചൂഷകരുമായ അറുനൂറിലധികം വരുന്ന നാട്ടുരാജ്യങ്ങളില്‍നിന്നുമാണ് സ്വാതന്ത്ര്യം നേടിയത്. ഹൈദരാബാദിലെ നൈസാം ഇന്ത്യയോട് യോജിക്കുന്നതില്‍ വിമുഖത കാണിച്ചപ്പോള്‍ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍ സൈനിക ഓപ്പറേഷനിലൂടെ അതുകൂടി യോജിപ്പിച്ചു. ഇന്നത്തെ തെലുങ്കാന ഇന്ത്യയോട് കൂട്ടിയോജിപ്പിച്ചതിന്‍റെ ചരിത്രമേ നമുക്കറിയുള്ളൂ. തിരുവിതാംകൂര്‍ രാജകുടുംബവും ഇന്ത്യയോട് ലയിക്കുന്നില്‍ പരമാവധി എതിര്‍പ്പു പ്രകടിപ്പിച്ച നാട്ടുരാജ്യമാണ്. സ്വതന്ത്ര ഇന്ത്യക്കു സന്പത്ത് മുഴുവനും വിട്ടുകൊടുക്കേണ്ടിവരുമെന്ന് കരുതി ശ്രീ അനന്തപത്മനാഭന്‍റെ കാല്‍ക്കല്‍ കൊണ്ടുവച്ചതിന്‍റെ കഥ അനന്തപുരിയിലെ കുഞ്ഞുങ്ങള്‍ക്കുപോലും അറിയുന്ന ചരിത്രമാണ്. ക്ഷേത്രത്തിന്‍റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ച സ്വര്‍ണാഭരണങ്ങളും രത്നവും മറ്റു വിലമതിക്കാനാവാത്ത ജംഗമസ്വത്തുക്കളും ഒരു ആരാധനാലയത്തിന്‍റെ സ്വത്തല്ല. മറിച്ച് തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഖജനാവാണ്. സ്വാതന്ത്ര്യത്തിനു ശേഷം അത് ജനാധിപത്യ സര്‍ക്കാരിലേക്ക് ചേരേണ്ടതായിരുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ പോയകാല ചരിത്രവും അവര്‍ വാരിക്കൂട്ടിയ ധനത്തിന്‍റെ സ്രോതസ്സുമെല്ലാം ചിക്കിച്ചികഞ്ഞു നെല്ലും പതിരും വെളിച്ചത്തു കൊണ്ടുവരാന്‍ സുപ്രീംകോടതിയുടെ ഇടക്കാല വിധി നിമിത്തമായി എന്നതു മാത്രമായിരിക്കാം ഈ വിവാദത്തിന്‍റെ ഗുണവശം. ക്ഷേത്രനിലവറയില്‍ എവിടെനിന്നു വന്നു ഇത്രയും വലിയ നിധികുംഭം? അയല്‍രാജ്യങ്ങളെ വെട്ടിപ്പിടിച്ചും പ്രജകളെ നിര്‍ദാക്ഷിണ്യം പിഴിഞ്ഞും ഖജനാവ് നിറച്ച തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ കടന്നുവന്ന വഴികള്‍ ഒട്ടും കുലീനമോ മനുഷ്യത്വപരമോ ആയിരുന്നില്ല. പത്മനാഭക്ഷേത്രം യഥാര്‍ഥത്തില്‍ ജൈനബുദ്ധമത പൈതൃകത്തിന്‍റെ ശേഷിപ്പാണ്. ശൂദ്രന്മാര്‍ക്കായിരുന്നു അതിന്‍റെ ഊരായ്മ. എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന മാടന്പിമാരുടെ അധീനതയിലായിരുന്ന ഈ ക്ഷേത്രത്തിന്മേല്‍ രാജകുടുംബത്തിന് അര ഓഹരിയേ ഉണ്ടായിരുന്നുള്ളൂ. പിള്ളമാരേയും ഒട്ടനവധി നായര്‍ പടയാളികളെയും തമിഴകത്തുനിന്നു കൊണ്ടുവന്ന ചോറ്റുപട്ടാളത്തെക്കൊണ്ട് കൊന്നൊടുക്കിയാണ് തിരുവിതാംകൂര്‍ രാജവംശം അധീശത്വം ഉറപ്പിക്കുന്നത്. ആര്യബ്രാഹ്മണരുടെ കിരാതവാഴ്ചയില്‍ ഈഴവരും മറ്റു കീഴാളരും സഹിച്ച യാതനകള്‍ക്ക് സമാനതകളില്ല. തലക്കരം, ഏണിക്കരം, ഏഴകോഴ, പിഴ, വണ്ടിക്കരം, പുരുഷാന്തരം, ദത്തുകാഴ്ച, അടിമപ്പണം, മുലക്കരം തുടങ്ങിയ ക്രുരമായ നികുതി ഇനങ്ങള്‍ കൊണ്ട് പ്രജകളെ ശ്വാസം മുട്ടിച്ചപ്പോള്‍ ആ പാവങ്ങളുടെ വിയര്‍പ്പിന്‍റെയും ചോരയുടെയും മണമുള്ള നാണയത്തുട്ടുകളാണ് സ്വര്‍ണമായും രത്നമായും നിലവറകളിലേക്ക് പില്‍ക്കാലത്ത് ഒഴുകിയെത്തിയത്. 15നും 35നും ഇടയില്‍ പ്രായമുള്ള കീഴാള സ്ത്രീകളുടെ സ്തനത്തിന്‍റെ വലുപ്പച്ചെറുപ്പമനുസരിച്ച് മുലക്കരം ഒടുക്കിയ ഒരു വ്യവസ്ഥിതിയെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! മുലക്കരം പിരിക്കാന്‍ ഇറങ്ങിയ രാജകിങ്കരന്മാരെ കണ്ട് സഹികെട്ട ചേര്‍ത്തല താലൂക്കിലെ കാപ്പുന്തല കുടുംബത്തിലെ നങ്ങേലി എന്ന യുവതി കൈയിലുള്ള കറിക്കത്തി കൊണ്ട് സ്തനങ്ങള്‍ രണ്ടും അറുത്തുമാറ്റി വാഴയിലയില്‍ വച്ചുകൊടുത്ത് ഇനി എനിക്കു കരം തരേണ്ടല്ലോ എന്ന് പൊട്ടിക്കരഞ്ഞ കഥ ഒരു കാലഘട്ടത്തിന്‍റെ ആധിയായാണ് നമ്മുടെ ഓര്‍മകളില്‍ അടയാളപ്പെടുന്നത്. ചോര വാര്‍ന്നു സന്ധ്യയോടെ കണ്ണടച്ച നങ്ങേലിയുടെ ചിതയില്‍ ചാടി ഭര്‍ത്താവ് കണ്ടപ്പന്‍ ആത്മാഹൂതി ചെയ്തിട്ടും അന്നത്തെ ഭരണാധികാരി തന്പുരാട്ടി റാണി ലക്ഷ്മി ഭായിയുടെ മനസ്സലിഞ്ഞില്ലത്രെ. ദിവാന്‍ മണ്‍റോ സായിപ്പിന്‍റെ മുന്നില്‍ എത്രയോ നിവേദനങ്ങള്‍ പോയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ , മലയാള മാസം 986ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ കാലത്താണത്രെ മുലക്കരം എടുത്തുകളഞ്ഞത്. സര്‍ സിപി തന്‍റെ ക്രൂരതകള്‍ മുഴുവന്‍ പുറത്തുവിട്ടതും പുന്നപ്രയിലും വയലാറിലും കര്‍ഷരെ വെടിവെച്ചുകൊന്നതും രാജകുടുംബത്തിന്‍റെ കൃപാശിസ്സുകളോടെയാണ്. സത്യം തുറന്നെഴുതിയതിന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സര്‍ സിപിക്കു പിന്നിലെ സ്വേഛാധിപത്യത്തിന്‍റെ ചാലകശക്തി രാജകുലമല്ലാതെ മറ്റാരുമായിരുന്നില്ല.

രാജ്യത്തെ മൂഴുവന്‍ രാജവംശങ്ങളും ജനാധിപത്യത്തിന്‍റെ പൊതു പന്ഥാവിലൂടെ പുതിയൊരു ഇന്ത്യക്കു വേണ്ടി പ്രതിജ്ഞ പുതുക്കുന്പോഴും അവിഹിത മാര്‍ഗത്തിലൂടെ ജനങ്ങളുടെ മനസ്സില്‍ വീണ്ടും കയറിക്കൂടാനും പ്രജാഭരണത്തിന്‍റെ മഹിമയെ തല്ലിക്കെടുത്താനും ഒരു കൂട്ടര്‍ ശ്രമിക്കുന്പോള്‍ അവര്‍ക്കു വേണ്ടി കയ്യടിച്ചു പാടുന്ന രാഷ്ട്രീയനേതൃത്വത്തെ വരിയുടയ്ക്കപ്പെട്ട അന്തപുരവാസികളോടല്ലാതെ മറ്റാരോടാണ് ഉപമിക്കേണ്ടത്? കാലഹരണപ്പെട്ട രാജവംശത്തിനു വേണ്ടി വാദിക്കാന്‍ ആരൊക്കെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് ശ്രദ്ധിച്ചുവോ? ആര്‍.എസ്.എസിന്‍റെ കീഴിലുള്ള സകലമാന വര്‍ഗീയ കൂട്ടായ്മകളും ഇപ്പോള്‍ രാജകുടുംബത്തിന്‍റെ പക്ഷത്താണ് അണിനിരന്നിരിക്കുന്നത്്. ഞങ്ങളുടെ ക്ഷേത്രത്തിന്‍റെ സ്വത്ത് ഞങ്ങള്‍ കട്ടുമുടിച്ചാല്‍ നിങ്ങളാരാണ് ചോദിക്കാന്‍ എന്നാണ് പരസ്യമായി ഇക്കൂട്ടര്‍ ചോദിക്കുന്നത്. ഇത് ഹിന്ദുക്കളുടെ ആഭ്യന്തര കാര്യമാണെന്നും മറ്റു മതസ്ഥര്‍ ഇടപെടരുതെന്നും ഉച്ചത്തില്‍ വിളിച്ചുകൂവാന്‍ ഇവര്‍ കാട്ടുന്ന ആവേശം പ്രബുദ്ധ കേരളത്തിന്‍റെ ബൗദ്ധിക പതനമാണ് തൊട്ടുകാണിക്കുന്നത്. അടിമത്ത മനസ്സില്‍നിന്ന് മോചനം സിദ്ധിക്കാത്ത കാലത്തോളം നമ്മുടെ നാട് നന്നാവില്ലെന്ന് ഉറപ്പിച്ചു പറയാന്‍ ആര്‍ക്കാണ് നാക്കുപൊങ്ങാത്തത്?

ശാഹിദ്

You must be logged in to post a comment Login