എങ്ങനെയാണ് തലയെടുപ്പുള്ള നേതാവുണ്ടാകുന്നത്?

എങ്ങനെയാണ് തലയെടുപ്പുള്ള  നേതാവുണ്ടാകുന്നത്?

അനേകം നേതാക്കളെയും നേതാവാകാന്‍ ത്രസിച്ചു നില്‍ക്കുന്നവരെയും കൊണ്ട് സന്പന്നമാണ് നമ്മുടെ രാജ്യം. ഇവരില്‍ നേതൃഗുണം കൊണ്ടനുഗൃഹീതരായവരുണ്ട്. കാലങ്ങളായി ഒരു ഗുണവും പിടിക്കാത്ത നേതാക്കളുമുണ്ട്.

ഏത് വിധേനയും നേതൃത്വത്തിലേക്ക് അള്ളിപ്പിടിച്ചു കയറുക, എത്തിക്കഴിഞ്ഞാല്‍ മറ്റെല്ലാം മറന്ന്, സ്തുതിപാഠകരും റാന്‍മൂളികളും ഒരുക്കുന്ന സുഖശീതളിമയില്‍ ലയിച്ചു കാലം വാഴുക എന്നതാണ് ഏറെ നേതാക്കളുടെയും മുഖ്യവ്യായാമം.

സത്യത്തില്‍ ആരാണ് ഒരു യഥാര്‍ത്ഥ നേതാവ്? പാണ്ഡിത്യം ഒരാളെ നേതാവാക്കുമോ? സാമൂഹിക പദവിയും സ്ഥാപനങ്ങളുടെ ആധിക്യവും നേതാവാകാനുള്ള യോഗ്യതയാണോ? രാഷ്ട്രീയ കുശലതയോ ജനസമ്മതിയോ നേതാവിനു രൂപം കൊടുക്കുമോ? നേതൃത്വത്തെ നിര്‍വ്വചിക്കുന്പോള്‍ പണവും പ്രതാപവും ഇടപെടാമോ? മേല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇല്ല എന്നാണെങ്കില്‍, പിന്നെ ഒരു യഥാര്‍ത്ഥ നേതാവ് ആരാണ്? അയാളുടെ വ്യക്തിത്വം എന്തായിരിക്കണം?

നിസ്വാര്‍ത്ഥമായ സ്നേഹം ഒരാളില്‍ നിന്നുറവെടുക്കുന്നുണ്ടോ? ആത്മാര്‍ത്ഥതയും ത്യാഗമനോഭാവവും അയാളില്‍ പ്രതിഫലിക്കുന്നുവോ? അന്യര്‍ക്കുവേണ്ടി പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കാനും ഫലപ്രാപ്തി പ്രതീക്ഷിക്കാതെ നല്ല കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും ഒരാള്‍ തയ്യാറാകുന്നുണ്ടോ? വിപല്‍ സന്ധികളിലും സന്ദിഗ്ദ്ധഘട്ടങ്ങളിലും ഉറച്ച കാല്‍വെപ്പുമായി മുന്നിട്ടിറങ്ങാന്‍ അയാള്‍ സന്നദ്ധത കാണിക്കുന്നുണ്ടോ? നമുക്കദ്ദേഹത്തെ നേതാവായി അംഗീകരിക്കാം.

സഞ്ചാരപഥം അറിയുന്നവനും അതിലൂടെ ചലിക്കുന്നവനും മറ്റുള്ളവര്‍ക്ക് വഴികാണിക്കുന്നവനുമാകുന്നു നേതാവ്. അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളിലും പ്രസ്താവിക്കുന്ന വാക്കുകളിലും അദ്ദേഹത്തിന് വിശ്വാസവും ആര്‍ജ്ജവവുമുണ്ടായിരിക്കണം. സ്വയംബോധിതനാകാനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കഴിയേണ്ടതുണ്ട്. ഒരു നേതാവിനെ ബോസ്സില്‍ നിന്നും വ്യതിരക്തനാക്കുന്നത് എങ്ങനെയാണെന്ന് പ്രശസ്ത ചിന്തകന്‍ ക്രൂസ്വെല്‍റ്റിന്‍റെ വാക്കില്‍ നിന്ന് മനസ്സിലാക്കാം നേതാവ് നയിക്കുന്പോള്‍, ബോസ് തെളിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.

ജനസഞ്ചയത്തെ നിശ്ചലമാക്കി (സ്തബ്ധരാക്കി) കടന്നുവരുന്നവനാണ് നേതാവ് എന്നൊരു വീക്ഷണമുണ്ട്. തന്‍റെ സാന്നിദ്ധ്യം എത്രവലിയ ആള്‍ക്കൂട്ടത്തെയും നിശ്ശബ്ദരാക്കിപ്പോകുമാറ് ജനമനസ്സുകളില്‍ ഇടം പിടിച്ചവരെ ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. നബി(സ)യുടെ സദസ്സിനെ ചരിത്രം വിശേഷിപ്പിച്ചതപ്രകാരമാണ്. നബിതങ്ങളുടെ സാന്നിദ്ധ്യമുള്ള സദസ്സ് ഏവര്‍ക്കും തിരിച്ചറിയാനാവുമായിരുന്നു. എത്ര വലിയ സഭയാണെങ്കിലും സൂചിവീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. ആകാംക്ഷാഭരിതരായാണ് ജനത്തിന്‍റെ കാത്തിരിപ്പ്. മേല്‍ സിദ്ധിയുള്ളവര്‍ക്കേ അനുയായികളെ സംസ്കരിച്ചെടുക്കാനാവൂ.

നേതൃപദം വന്നുചേരുന്നതായിരിക്കും അഭികാമ്യം. ഒരാളുടെ സ്വഭാവ ശുദ്ധിയും ജീവിതവീക്ഷണവും ജീവിത സാഹചര്യങ്ങളുമായുള്ള യുക്തമായ ഇടപെടലുകളുമെല്ലാം അനുഭവിച്ചറിഞ്ഞ ജനം അയാളെ നേതാവായി അംഗീകരിക്കുന്നുവെങ്കില്‍ അതിനു വലിയ ഔന്നത്യമുണ്ട്. ഖുലഫാഉര്‍റാശിദയുടെയും ഉമറുബ്നു അബ്ദുല്‍അസീസിന്‍റെയുമൊക്കെ ചരിത്രമതാണ് പറയുന്നത്.

മുഴുവന്‍ മനുഷ്യര്‍ക്കും ഉപാധികളില്ലാതെ സ്നേഹം പകരാന്‍ ഒരു നേതാവിന്‍റെ ആത്മീയത അദ്ദേഹത്തെ അനുവദിക്കേണ്ടതുണ്ട്. ഇത് അയാളുടെ പൊറുക്കാനുള്ള മനഃസ്ഥിതിയിലും ദയാവായ്പിലും പ്രകടമാകുന്നു. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അവഗണിക്കാനും അവരിലെ നന്മയെയും സല്‍ഗുണങ്ങളെയും പ്രകീര്‍ത്തിക്കാനും വലുതായിക്കാണാനും ഇത്തരം നേതാക്കള്‍ക്കു സാധിക്കുന്നു. അവര്‍ മറ്റുള്ളവരില്‍ പൂര്‍ണ്ണത പ്രതീക്ഷിക്കുന്നില്ല. മറിച്ച്, അനേകം അനഭിലഷണീയതകള്‍ ഉള്ളവരെക്കൂടി ആലിംഗനം ചെയ്യാനും അംഗീകരിക്കാനും സൗമനസ്യം കാണിക്കുന്നു. ഈ ഗുണഗണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ നേതാവെന്ന് വിളിക്കാമെങ്കില്‍, മഹോന്നതനായ സ്രഷ്ടാവിനെക്കാള്‍ ഇതിന്നര്‍ഹനായി ആരാണുള്ളത്? അവനെക്കാള്‍ ഔന്നത്യമുള്ള ഒരു നേതാവിനെ കാണുക സാധ്യമല്ല. അപ്പോള്‍ നേതാവ് ഇലാഹീഗുണങ്ങളോട് ഏറെ അടുപ്പമുള്ളവനാണ്. നേതാവിനെക്കുറിച്ച് ഇസ്ലാം ഉദ്ഘോഷിക്കുന്നതാകട്ടെ, ജനങ്ങളുടെ നേതാവ് അവരുടെ സേവകനാണെന്നാണ്.

മഹദ്വാക്യങ്ങളില്‍ നേതാവിനെ പൗര്‍ണമി, ചന്ദനം, ജലം എന്നിവയോടുപമിച്ചതായി കാണാം. ചന്ദ്രന്‍ തന്‍റെ കുളിര്‍കിരണങ്ങളാല്‍ ഭൂമിയെ തണുപ്പിക്കുന്പോഴേക്കും നിലാവ് ചുരുങ്ങി വന്നേക്കാം. അങ്ങനെ സ്വയം ചുരുങ്ങുന്പോള്‍ പോലും തന്‍റെ കിരണങ്ങളാല്‍ അത് ഭൂമിയെ തലോടി കുളിരും ആശ്വാസവും പകരുന്നു. ഇപ്രകാരം, സ്വയം ഇല്ലാതാകുന്പോഴും അനുയായികളെ സഹായിക്കാനും സമാശ്വസിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ഒരു നേതാവിനുണ്ടെന്നര്‍ത്ഥം.

പ്രകൃതിസുഗന്ധമായ ചന്ദനലേപനം ലഭിക്കാനായി നാം ചന്ദനമരത്തെ ഒരു ഉരകല്ലിലുരസുന്നു. ഈ പ്രക്രിയക്കിടയില്‍ ചന്ദനം മറ്റുള്ളവര്‍ക്ക് ഹൃദയഹാരിയായ സുഗന്ധം പ്രദാനം ചെയ്യുന്നു. സ്വന്തത്തെക്കുറിച്ചും സ്വസൗഖ്യങ്ങളെക്കുറിച്ചും ലവലേശവും ചിന്തയില്ലാതെ ഒരു യഥാര്‍ത്ഥ നേതാവ് അക്ഷീണം മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവനായിരിക്കണം. എടുക്കുന്നതിനെക്കാള്‍ ആത്മസായൂജ്യം ലഭിക്കുക കൊടുക്കുന്നതിലാണ്. ഈ തത്വം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന എത്ര നേതാക്കളുണ്ട് നമുക്കിടയില്‍? തന്‍റെ സൗകര്യങ്ങളവഗണിച്ച് അന്യന്‍റെ ഗുണം ആഗ്രഹിക്കുന്നവരായിരിക്കണം നേതാക്കള്‍.

ജലത്തിന്‍റെ ഉപമയും നിസ്വാര്‍ത്ഥതക്ക് സമാനമായതത്രെ. നമ്മുടെ ശരീരത്തെ മാലിന്യങ്ങളില്‍ നിന്നും ശുചീകരിക്കാനാണ് വെള്ളം ഉപയോഗിക്കാറുള്ളത്. എന്നാല്‍ ആ കര്‍മ്മം ഏറ്റെടുക്കുന്ന വെള്ളം സ്വയം മലിനപ്പെട്ടുപോകുകയും ചെയ്യുന്നു! ഒരു നേതാവിന് ഇതിനെക്കാള്‍ നന്നായി ചേരുന്ന ഉപമയുണ്ടോ? മറ്റുള്ളവരെ സഹായിക്കുന്പോള്‍ തീര്‍ച്ചയായും നേതാവ് സ്വയം ഏറെ സഹിക്കേണ്ടിവരുന്നു. എങ്കില്‍ പോലും, തനിക്ക് അസ്വസ്ഥതകള്‍ ഉണ്ടാകുമെന്നതിനാല്‍ അദ്ദേഹം ഒരിക്കലും ആ സഹായ കര്‍മ്മം ഉപേക്ഷിക്കുന്നവനാകരുത്. നമ്മള്‍ പുറത്തേക്ക് തള്ളുന്ന ഉഛ്വാസവായുവിനെ മന്ദമാരുതന്‍ എത്ര സുന്ദരമായാണ് സ്വാംശീകരിക്കുന്നത്! ഇപ്രകാരം ഒരു യഥാര്‍ത്ഥ നേതാവ് അനുയായികളുടെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിയ ശേഷവും അവരെ സ്വീകരിക്കുന്നവനായിരിക്കും.

ചുരുക്കത്തില്‍ നേതാവിന്‍റെ ഉത്കണ്ഠ തന്നെക്കാള്‍ മറ്റുള്ളവരെക്കുറിച്ചായിരിക്കണം. ഒരിക്കലും സ്വന്തത്തിന് മുന്‍ഗണന കൊടുക്കരുത്. സ്വന്തത്തിന് വേണ്ടി തങ്ങള്‍ തീരുമാനിക്കുന്ന മാനദണ്ഡങ്ങളിലാണ് നേതാക്കളുടെ ധാര്‍മ്മിക നിലവാരം പ്രകടമാകുന്നതെന്ന് ചിന്തകനായ റേക്രോക് അഭിപ്രായപ്പെടുന്നു. ഈ പ്രതിമാനങ്ങള്‍ക്കനുസൃതമായി നേതാക്കളെന്ന് ധരിക്കുന്നവര്‍ പ്രത്യേകമായും, അവരുടെ അനുയായികള്‍ പൊതുവായും ഒരു വിലയിരുത്തലിന് തയ്യാറാകുമോ, സമയം കണ്ടെത്തുമോ?

ഉനൈസ് കല്‍പ്പകഞ്ചേരി

You must be logged in to post a comment Login