കാമ്പസിന്‍റെ മതവും കാമ്പസിലെ മതവും

കാമ്പസിന്‍റെ മതവും  കാമ്പസിലെ മതവും

രണ്ടു വര്‍ഷം മുന്പാണ് സംഭവം. ഡല്‍ഹി യൂണിവേഴ്സിറ്റി കാന്പസില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉത്പതിഷ്ണുവിഭാഗം വിളിച്ചു ചേര്‍ത്ത ഹല്‍ഖയാണ് വേദി. കേരളത്തില്‍ നിന്നെത്തിയ, പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാവാണ് മുഖ്യാതിഥി. ഇസ്റാഈലും ഫലസ്തീനുമൊക്കെ കടന്നുവന്ന്, രാഷ്ട്രീയ ഇസ്ലാമിലൂടെ, കാന്പസ് ജീവിതത്തിലെ മതജീവിതത്തെക്കുറിച്ച് പറഞ്ഞു തീര്‍ത്ത്, നേതാവ് വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കി. സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥി എഴുന്നേറ്റു നിന്ന് ചോദിച്ചു ഇവിടെയൊക്കെ കാന്പസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഹസ്തദാനം ചെയ്താണ് അഭിസംബോധന ചെയ്യാറുള്ളത്. സലാം പറയുന്പോള്‍ പോലും അങ്ങനെയാണ്. ഇതിന്‍റെ ഇസ്ലാമിക വീക്ഷണം വിശദീകരിക്കാമോ?

ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുള്ള സദസ്സില്‍ അദ്ദേഹം ഫത്വ പറഞ്ഞു ഇസ്ലാമില്‍ ഏതൊരു നിയമവും സാര്‍വ്വകാലികമാണ്. സാഹചര്യത്തിനനുസരിച്ചാണ് ഇസ്ലാമിക വിധികള്‍ ഉണ്ടാവുക. ഈ വിഷയവും അങ്ങനെ തന്നെയാണ് കാണേണ്ടത്. അതുകൊണ്ട് ഷേയ്ക്ക് ഹാന്‍റ് കാന്പസില്‍ അനുവദനീയമാണ്. സംഗതി പിന്നീട് വന്‍ വിവാദമായി.

ഈ സംഭവം രണ്ട് പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് മുന്നോട്ടു വെക്കുന്നത് ഒന്ന്, വിദ്യാര്‍ത്ഥികളുടെ പഠനപരിശീലന വേദിയായ കാന്പസില്‍ മതത്തെ എങ്ങനെയാണ് പ്രായോഗിക തലത്തില്‍ കൈകാര്യം ചെയ്യേണ്ടത്? രണ്ട്, മതത്തിന് പരിക്കേല്‍ക്കാതെ, കാന്പസ് ജീവിതവും മതവിശ്വാസവും എങ്ങനെ വിജയകരമായി മുന്നോട്ടു കൊണ്ടു പോവാനാവും?

മതവും വിദ്യാര്‍ത്ഥിജീവിതവും തമ്മിലുള്ള ആത്മസംഘര്‍ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്. ഒരു മുസ്ലിമായി ജീവിക്കുക എന്നത് കാന്പസിലെ ഒരു സാഹസികതയോ വെല്ലുവിളിയോ ആവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ബഹുസ്വര സങ്കല്പങ്ങളുടെയും മതേതരത്വ മൂല്യങ്ങളുടെയും വികലമായ വ്യാഖ്യാനങ്ങള്‍ മുന്നോട്ടുവെച്ച ചിന്താഗതി ഇതാണ് മതം തീര്‍ത്തും വ്യക്തിപരമാണ്. അതിനാല്‍ കാന്പസിലായാലും പുറത്തായാലും സാമൂഹ്യ ഇടങ്ങളിലേക്ക് മതവിശ്വാസം വലിച്ചിഴച്ചു കൊണ്ടുവരരുത്!

ഒരു ബഹുസ്വര സ്വഭാവമുള്ള കാന്പസില്‍ ജീവിക്കുന്പോള്‍ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും മതത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കണം എന്നതാണ് പ്രധാന പ്രശ്നം. ഒരുതരം സ്വത്വപ്രതിസന്ധി എന്ന് വിളിക്കാവുന്ന ഈ സാംസ്കാരിക വെല്ലുവിളിയെ വ്യക്തമായി അഭിമുഖീകരിക്കാനുള്ള വഴികളെക്കുറിച്ച് കാന്പസിലെ ആക്ടിവിസ്റ്റുകള്‍ക്ക് പോലും വലിയ ധാരണയില്ല. പൊതുജീവിതത്തിലെ അക്കാദമികവും ബൗദ്ധികവുമായ ഇടപെടലുകളും സ്വകാര്യജീവിതത്തിലെ മതാനുഷ്ഠാനങ്ങളും തമ്മില്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും മതത്തെ മാറ്റി നിര്‍ത്തേണ്ടി വരുന്നു. മതവിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്കാണെങ്കില്‍ മതത്തെ കയ്യൊഴിക്കുന്നതില്‍ പരിഭവവുമുണ്ട്. അവസരങ്ങള്‍ക്കനുസരിച്ച് മതവിശ്വാസത്തിനും അനുഷ്ഠാനങ്ങള്‍ക്കും രണ്ടാംകിട പ്രാധാന്യമാണ് ലഭിക്കാറുള്ളത് എന്നത് ഇവരെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

മതവിശ്വാസവും അതനുസരിച്ചുള്ള ജീവിതക്രമത്തെക്കുറിച്ചുള്ള ശരിയായ അവബോധവും ഇല്ലാത്തത് കൊണ്ടാണ് പലപ്പോഴും ഇത്തരം മനഃസംഘര്‍ഷങ്ങളുണ്ടാകുന്നത്. ശരിയായ വിശ്വാസം എന്താണ്? അതിന്‍റെ യുക്തി എന്താണ്? തദനുസൃതമായി ജീവിതത്തില്‍ പാലിക്കേണ്ട നിഷ്ഠകള്‍ മനുഷ്യനെ സംബന്ധിച്ചിടത്തോളം പുരോഗമനപരവും ശാസ്ത്രീയവുമാണ് എന്ന അവബോധമില്ലായ്മയാണ് ഈ അന്തഃസംഘര്‍ഷങ്ങളുടെ മുഖ്യകാരണം. അത് വേണ്ടവിധം മനസ്സിലാക്കുകയും തന്‍റെ ജീവിതത്തിലൂടെ സഹപാഠികളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താനുള്ള കഴിവും പരിശീലനവും നേടുകയും ചെയ്താല്‍ ഇത്തരം സംഘര്‍ഷങ്ങളെ മറികടക്കാവുന്നതേയുള്ളൂ.
കുട്ടിക്കാലം മുതല്‍ മതനിഷ്ഠയിലും ആചാരാനുഷ്ഠാനങ്ങളിലും ശ്രദ്ധിച്ച് ജീവിച്ചുവരുന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ് കാന്പസില്‍ പഠിക്കാനെത്തുന്ന ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും. ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമുള്ള കലാലയങ്ങളില്‍ ഇത് ശരിയാണ്. അതേ സമയം, ദിനേന, കാന്പസ് ജീവിതത്തിലുണ്ടാവുന്ന അനുഭവങ്ങളില്‍ മതപരമായ ചിട്ടകളെ അറിഞ്ഞോ അറിയാതെയോ ഒഴിവാക്കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുന്നു. ഇവിടെയാണ് കാന്പസില്‍ ഒരു വിശ്വാസിയായി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്.

സംഗതിയുടെ ഗൗരവമറിയണമെങ്കില്‍ വിവിധ ദേശീയ പ്രാദേശിക കാന്പസുകളിലേക്ക് കടന്നു ചെന്നാല്‍ മതി. എറണാകുളം മഹാരാജാസ് കോളജില്‍ ബിഎസ്സി ഫിസിക്സിന് പഠിക്കുന്ന മശ്ഹൂദുല്‍ അനസ് പറയുന്നതിങ്ങനെയാണ് മാനസികമായി വലിയൊരു വെല്ലുവിളിയാണിത്. നമ്മള്‍ കൃത്യമായി നിസ്കാരം നിര്‍വ്വഹിക്കുകയാണെങ്കില്‍ പോലും ഒരു തരം ഇന്‍ഫീരിയോരിറ്റി കോംപ്ലക്സില്‍ കഴിയേണ്ടി വരുന്ന അവസ്ഥയാണ് കാന്പസിലുള്ളത്. അപ്പോള്‍ പിന്നെ കുറെ അഡ്ജസ്റ്റ് ചെയ്തിട്ടുള്ള ഒരു മതവിശ്വാസിയാവാനേ കഴിയൂ. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസില്‍ പഠിക്കുന്ന ഷമീര്‍ അടിവരയിടുന്നത് മറ്റൊരു കാര്യമാണ് മതവിശ്വാസിയായിരിക്കുക എന്നത് കേവലം ഒരു മനഃശാസ്ത്ര വെല്ലുവിളി മാത്രമല്ല. പൊതുവേ ആക്ടിവിസ്റ്റുകള്‍ കറകളഞ്ഞ സ്യെുലറിസ്റ്റുകള്‍ ആയിരിക്കണം എന്നൊരു അലിഖിത നിയമമുണ്ട്. മതവിശ്വാസിയോ ആചാരാനുഷ്ഠാനങ്ങളിലൊക്കെ ശ്രദ്ധിക്കുന്ന ആളോ ആണെങ്കില്‍, നിങ്ങള്‍ക്ക് ഒരു നല്ല ആക്ടിവിസ്റ്റാവാന്‍ കഴിയില്ല എന്നൊരു രീതി നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും മതം കയ്യൊഴിയേണ്ടതായി വരും. ശരിയായ മതേതരത്വ സങ്കല്‍പമല്ല അത്. സുല്‍ത്താന്‍ ബത്തേരിയിലെ സെന്‍റ് മേരീസ് കോളജില്‍ ബിഎസ്സി ബോട്ടണി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി സജീന വിശ്വസിക്കുന്നത് ഇങ്ങനെ കാന്പസില്‍ ഒരു ജനറല്‍ പരിപാടി വരുന്പോള്‍ പലപ്പോഴും ജനറല്‍ ആയി മാറണം. അത്തരം സന്ദര്‍ഭങ്ങളില്‍ ഉള്ളില്‍ മതവിശ്വാസിയും പുറമെ അല്ലാത്ത ആളായും നില്‍ക്കേണ്ടി വരുന്പോള്‍ വലിയൊരു വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. പര്‍ദ്ദയിട്ട് വരുന്ന മുസ്ലിം പെണ്‍കുട്ടി ഇന്നും ഒരു ചര്‍ച്ചാ വിഷയം തന്നെയാണ്. ഒരു ഇസ്ലാമിക സ്ഥാപനത്തില്‍ വര്‍ഷങ്ങളോളം പഠിച്ച ശേഷം ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റിയില്‍ എംഎക്ക്ചേര്‍ന്ന ജഅ്ഫറിന്‍റെ പരിഭവം കാണുക ഞാന്‍ പഠിച്ച മൂല്യങ്ങള്‍ക്കനുസരിച്ചുള്ള ഒരു ജീവിതം കെട്ടിപ്പടുക്കുക എന്നത് ഇവിടെ ഒരു വെല്ലുവിളിയായിട്ടാണ് അനുഭവപ്പെടുന്നത്. കുറെയൊക്കെ വിശ്വാസിയാവാം. പക്ഷേ, ഒരു പരിധിക്കപ്പുറം പോയാല്‍ നിങ്ങള്‍ ഒറ്റപ്പെടും. ഫാറൂഖ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥി അംജദ് വഫ പറയുന്നതും സമാനമായ കാര്യം കാന്പസിന്‍റെ സാംസ്കാരിക ഭാഷ ഒരു തരം ജനറല്‍ വിദ്യാര്‍ത്ഥികളെയാണ് ആവശ്യപ്പെടുന്നത്. എത്ര കഴിവുണ്ടായാലും മതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ജീവിത രീതിയാണ് എങ്കില്‍ നിങ്ങള്‍ക്ക് എന്തോ ചിലതിന്‍റെ കുറവുണ്ട് എന്ന പൊതുധാരണ ഒരു വെല്ലുവിളി തന്നെയാണ്.

മതവിശ്വാസിയായ വിദ്യാര്‍ത്ഥിയാവുക എന്നത് ഒരു വെല്ലുവിളി അല്ലാത്ത കാന്പസുകളും ഉണ്ട്. ഓരോ കാന്പസിന്‍റെയും സാമൂഹ്യ പശ്ചാത്തലമനുസരിച്ച് മതവിശ്വാസിയാവാനും അല്ലാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യത്യസ്തമാണ്. അതേ സമയം, മതവിശ്വാസം വെച്ചുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന അക്കാദമിക മനഃശാസ്ത്ര വെല്ലുവിളികളെക്കുറിച്ച് നിരവധി അക്കാദമിക പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അമേരിക്കയിലെ ഹയര്‍ എഡ്യുക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എ ഡബ്ല്യു ഓസ്റ്റിന്‍റെ The Spiritual Life of College Students. A National Study of College Students’ Search for Meaning and Purpose എന്ന വിശദമായ പഠനം ഏറെ ശ്രദ്ധേയമാണ്. അമേരിക്കന്‍ കാന്പസുകളില്‍ മാനസിക സംഘര്‍ഷത്തില്‍ കഴിയുന്ന വിശ്വാസികളായ വിദ്യാര്‍ത്ഥികളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓസ്റ്റിന്‍ പുറത്തു കൊണ്ടു വരുന്നത്. വംശീയ വിദ്വഷവും ഭീകരവാദ ആരോപണങ്ങളും കാരണം മാനസിക സംഘര്‍ഷങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക തലത്തില്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്ന് ഈ പഠനം വെളിപ്പെടുത്തുന്നു. വിശ്വാസിയായതിന്‍റെ പേരില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ അക്കാദമിക വെല്ലുവിളികളെക്കാള്‍ വളരെ വലുതാണെന്നും ഈ പഠനത്തില്‍ പരാമര്‍ശമുണ്ട്. മറ്റൊരു ശ്രദ്ധേയമായ പഠനം A.N Bryant  എഴുതി Journal of College And Character പ്രസിദ്ധീകരിച്ച The Effect Of Involvement In Campus Religious Communities On Students’ Adjustment And Development  എന്ന അന്വേഷണ ലേഖനമാണ്. മതവിശ്വാസം പഠനമികവിനെ സഹായിക്കുന്നതോടൊപ്പം കാന്പസ് ജീവിതത്തില്‍ വിവിധ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്ന് ഈ പഠനം അടിവരയിടുന്നു. ഫിയസ്റ്റ് സ്ട്രേന്‍ജ് എഴുതിയ The Ins and Outs of Spirituality During the College Years എന്ന പുസ്തകം ഇസ്ലാമോഫോബിയയുടെ ഇരകളായ വിദ്യാര്‍ത്ഥികളുടെ കാന്പസ് ജീവിതത്തില്‍ നിന്നുള്ള നേര്‍സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തുന്നു.

വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെങ്കില്‍ മാത്രം മതവിശ്വാസത്തെ കാന്പസിനുള്ളിലേക്ക് കൊണ്ടുവന്നാല്‍ മതി എന്നാണ് അന്താരാഷ്ട്ര കാന്പസുകളിലെ നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ അവലോകനം ചെയ്യുന്ന ഈ അക്കാദമിക പഠനങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇന്ത്യന്‍ കാന്പസുകളിലെ മതസ്വാതന്ത്ര്യം പ്രത്യേക പഠനമര്‍ഹിക്കുന്നുണ്ട്. കേരളത്തിലുള്ള മതേതര കാന്പസുകളിലെ മതസ്വാതന്ത്ര്യം ഇതര സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റി/ കോളജുകളുടേതില്‍ നിന്ന് വിഭിന്നമാണ്. ഇവിടെ ഉയര്‍ന്ന സാക്ഷരത, സാമൂഹ്യാവബോധം, ബഹുസ്വരത, മാധ്യമ ചര്‍ച്ചകള്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയം തുടങ്ങിയവയുടെ ഫലമായി വളര്‍ന്നു വന്ന പക്വതയുള്ള സാമൂഹ്യ സംസ്കാരമാണ് പൊതുവെ കാന്പസുകളിലുള്ളത്. യുഎസിലെയും യുകെയിലെയുമൊക്കെ അന്തര്‍ദേശീയ കാന്പസുകളെ അപേക്ഷിച്ച് നമ്മുടെ പ്രാദേശിക കാന്പസുകളില്‍ മതവിശ്വാസം വച്ചുപുലര്‍ത്തുന്നതിനോ അനുഷ്ഠാനങ്ങള്‍ പിന്തുടരുന്നതിനോ വിലക്കില്ല. വിവിധ മതസ്ഥരുടെ ആഘോഷങ്ങള്‍ കാന്പസിന്‍റെ തന്നെ ആഘോഷമായി കൊണ്ടാടുന്ന പ്രവണത അതിന്‍റെ ഭാഗമാണ്. എന്നിരുന്നാലും കാന്പസിലെ സാമൂഹ്യാന്തരീക്ഷത്തില്‍ മതവിശ്വാസം വെട്ടിത്തുറന്ന് പറയാനോ വിശ്വാസിയായ വിദ്യാര്‍ത്ഥി പിന്തുടരുന്ന ജീവിത രീതി സംതൃപ്തമായി ചര്‍ച്ച ചെയ്യാനോ മാത്രം വിശാലമല്ല കേരളത്തിലെ കാന്പസുകള്‍. വിശ്വാസവും അനുഷ്ഠാനങ്ങളും ജനറലൈസ് ചെയ്യേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. അരാഷ്ട്രീയ കാന്പസുകളുടെ സ്ഥിതി ഇതിലും ദയനീയമാണ്. ദേശീയ കാന്പസുകളിലാണെങ്കില്‍ ആക്ടിവിസത്തിന്‍റെ ഭാഗമായി, മതേതര സങ്കല്‍പങ്ങളുടെയും ബഹുസ്വരതയുടെയും വിശാലതയുണ്ടെങ്കിലും മതവിശ്വാസം ഇപ്പോഴും പേഴ്സണല്‍ ആണ്. മതവിശ്വാസം പിന്തുടരുന്ന വിദ്യാര്‍ത്ഥികളുടെ ജീവിതം ഒരു സ്വാഭാവികതയായി അവിടങ്ങളില്‍ ഇനിയും പരഗണിച്ചിട്ടില്ല. ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വകലാശാലയില്‍ കുര്‍ത്തയും തൊപ്പിയുമണിഞ്ഞ് ഇസ്ലാമിക് സ്റ്റഡീസിലോ അറബിക് ഡിപ്പാര്‍ട്ട്മെന്‍റിലോ വിവിധ കോഴ്സുകള്‍ ചെയ്യുന്നവര്‍ പോലും ഇതിനപവാദമല്ല.

ചുരുക്കത്തില്‍ കലാലയ ജീവിതം കഴിയുന്പോഴേക്കും ഒരു ജനറല്‍ വിശ്വാസിയായി മാറുന്ന പ്രവണതയെക്കുറിച്ചുള്ള അവബോധം വിശ്വാസികളായ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയിലുണ്ടാവണം. തനിക്ക് ശരിയെന്ന് ബോധ്യമുള്ള മതവിശ്വാസം അനുസരിച്ച് കാന്പസില്‍ ജീവിക്കാന്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഭാരതത്തിന്‍റെ സന്പന്നമായ മതേതരമൂല്യങ്ങളും ഭരണഘടനയും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. കോഴ്സ് കാലാവധി കഴിയുന്നതിനിടയില്‍ മതേതര കാന്പസിന്‍റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടും ബഹുസ്വരതയുടെ പ്രവിശാലമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും മതവിശ്വാസിയായ വിദ്യാര്‍ത്ഥിയാവാന്‍ നമ്മള്‍ മറന്നു പോവരുത്. വിശാലമായ ലോകവീക്ഷണമുള്ള ഇസ്ലാമിനെ സ്വജീവിതത്തിലേക്ക് കൊണ്ടുവരികയും തനിക്ക് ഒരു മുസ്ലിം സുഹൃത്തുണ്ടായതിന്‍റെ നന്മ തന്‍റെ അമുസ്ലിം സുഹൃത്തിന് എപ്പോഴും അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഒരു ജീവിതലോകത്തിലേക്ക് നമ്മുടെ മതവിശ്വാസത്തെ വികസിപ്പിച്ചാല്‍ സംസാരിച്ചു തീര്‍ക്കാവുന്ന വേലിക്കെട്ടുകള്‍ മാത്രമാണ് ഓരോ മുസ്ലിം വിദ്യാര്‍ത്ഥിക്കും കാന്പസില്‍ നേരിടാനുള്ളത്.

യാസര്‍ അറഫാത്ത്

You must be logged in to post a comment Login