ഒരെഴുത്ത് വളര്‍ന്നു മൂപ്പെത്തുന്നവിധം

ഒരെഴുത്ത് വളര്‍ന്നു മൂപ്പെത്തുന്നവിധം

ആശയാഗിരണത്തിന്‍റെ ഏറ്റവും ജനകീയമായ പൊതുവഴിയാണ് വായന. എന്നുവെച്ചാല്‍, ഇതല്ലാതെ വഴികള്‍ വേറെയുമുണ്ട്. അതിലൊന്നാണ് യാത്രകള്‍. ഉള്ളില്‍ എഴുത്തു കന്പമുള്ള ഒരാള്‍ യാത്ര ചെയ്യുന്നത് മറ്റുള്ളവരുടെ യാത്ര പോലെയല്ല. മറ്റുള്ളവര്‍ കാണാത്ത പലതും ഇയാള്‍ കാണുന്നു. അല്ലെങ്കില്‍, മറ്റുള്ളവര്‍ കാണുന്നത് തന്നെ വേറൊരു രീതിയില്‍ കാണുന്നു. യാത്രകളിലൂടെ ആശയങ്ങളുടെ അനുഭവപ്രപഞ്ചങ്ങള്‍ കണ്ടെത്തിയ എഴുത്തുകാരാണ് പൊറ്റെക്കാട്, രവീന്ദ്രന്‍, ബഷീര്‍, സക്കറിയ മുതല്‍ പേര്‍.
ചുട്ടുപൊള്ളുന്ന മണല്‍ക്കാടുകളിലൂടെ അറേബ്യന്‍ നാഗരികതയുടെ ആത്മാവ് തേടിയലഞ്ഞ സാഹസികനാണ് മുഹമ്മദ് അസദായി മാറിയ ലിയോപോള്‍ഡ് വെയിസ്. റോഡ് ടു മക്ക എന്ന പേരില്‍, ലോകപ്രശസ്തമായ ആ യാത്രാപുസ്തകം എം എന്‍ കാരശ്ശേരി മനോഹരമായി മലയാളപ്പെടുത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ നാഗരികതയെപറ്റി, യാത്ര നടത്തി മലയാളത്തില്‍ എഴുതിയിട്ടുണ്ട് പി എം കെ ഫൈസി. ഇറാഖിലെ പുണ്യ നഗരങ്ങളെപറ്റി ആറളം അബ്ദുല്‍ഖാദര്‍ ഫൈസിയും എഴുതിയിട്ടുണ്ട്. ഉംറ കഴിഞ്ഞു വന്ന ഒരാള്‍ക്ക്ഏറിയാല്‍ ഒന്നര മണിക്കൂറു കൊണ്ട് പറഞ്ഞു തീര്‍ക്കാവുന്ന കഥകള്‍, ഒന്നര വര്‍ഷക്കാലം വായിച്ചാസ്വദിക്കാവുന്ന അനുഭവമായും ആദര്‍ശമായും അനുരാഗമായും അന്ധാളിപ്പായും ഒരു പരന്പരയായി എഴുതാന്‍ രണ്ടത്താണിക്കാവുന്നത് മറ്റുള്ളവര്‍ കാണാത്തതു കാണാനും കണ്ടവതന്നെ മറ്റൊരു രീതിയില്‍ കാണാനുമുള്ള സിദ്ധി കൊണ്ടാണ്. അതിനു പുറമെ, ഹൃദയാവര്‍ജകമായ ഭാഷയില്‍ അവതരിപ്പിക്കാനറിയാവുന്നതുകൊണ്ടു കൂടിയാണ്.
യാത്രയെ പ്രോത്സാഹിപ്പിക്കുന്ന അനവധി ആയതുകള്‍ വിശുദ്ധഖുര്‍ആനില്‍ കാണാം.ഏതെങ്കിലും കൊട്ടാരത്തിലേക്കോ കോട്ടയിലേക്കോ വിനോദയാത്ര നടത്താനുള്ള ആഹ്വാനമായല്ല, അത് മനസ്സിലാവുന്നത്. മറിച്ച് ഭൂമിയിലാകെ അലയൂ എന്ന മട്ടിലുള്ള യാത്രയ്ക്ക് വേണ്ടിയാണ് ഖുര്‍ആന്‍ നമ്മെ പറഞ്ഞു വിടുന്നത്. അങ്ങനെ പോവുന്ന യാത്രക്കാരന് നിസ്ക്കാരത്തിലും, നോന്പിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. സകാതില്‍ നിന്ന് പ്രൊവിഷന്‍ പുറമെയും.
യാത്രയെ പ്രകീര്‍ത്തിക്കുന്ന ശാഫിഈകവിത പ്രസിദ്ധമാണ്. മടിയനായ പുലിയെ, അലസമായ അന്പിനെ, കെട്ടിക്കിടക്കുന്ന വെള്ളത്തെ ഇമാം പരിഹസിക്കുന്നുണ്ട്. കുതിച്ചൊഴുകുന്പോള്‍ വെള്ളത്തിന് ചിലതൊക്കെ ചെയ്യാനാവും. കുതറിയോടുന്ന ഇരയെ അതിവേഗം ഓടിപ്പിടിച്ച്് കടിച്ചു കീറുന്പോഴേ പുലി പുലിയാവൂ. മര്‍മ്മത്തിന്‍റെ മര്‍മ്മത്തില്‍ ചീറി വന്ന് തറച്ചു കേറുന്പോഴേ അന്പിന് വിലയുള്ളു. അതുകൊണ്ട് നാടുവിടൂ, കണ്ടെത്തൂ എന്ന് സാരം.
ആവിഷ്കാരത്തിന്‍റെ രണ്ടു സങ്കേതങ്ങളാണ് എഴുത്തും പ്രസംഗവും. എങ്കിലും രണ്ടിന്‍റെയും ഭാഷ വ്യത്യസ്തമാണ്. പ്രസംഗത്തില്‍ വാഗ്പ്രകടനങ്ങള്‍ക്ക് കുറച്ചുകൂടി സ്ഥാനമുണ്ട്. ഒരാള്‍ ഉത്പാദിപ്പിക്കുന്ന ഇടിശബ്ദത്തിന്‍റെ ചെകിടടപ്പിക്കല്‍ ശേഷി അളന്നല്ല പ്രസംഗത്തിന്‍റെ ഗുണനിലവാരം തിട്ടപ്പെടുത്തുക. മറിച്ച്, അയാള്‍ അവതരിപ്പിക്കുന്ന ആശയത്തിന്‍റെ ആകര്‍ഷണീയതയും അതിനയാള്‍ ഹാജരാക്കുന്ന പ്രമാണങ്ങളുടെ യുക്തിപരതയും ഒപ്പം അവതരണത്തിന്‍റെ താളഭംഗിയും ഒക്കെ ആസ്പദിച്ചാണ്. എന്നുവരുന്പോള്‍ സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍, കെ ഇ എന്‍, അലി അബ്ദുല്ല തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ ഉള്ളുണര്‍ത്തുന്ന ആശയ പ്രകാശനങ്ങളാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്ന കീരാങ്കീരിക്കരച്ചിലുകള്‍ കാതുകലക്കുന്ന ശബ്ദമലിനീകരണം മാത്രമാണെന്നും നമ്മള്‍ സമ്മതിക്കേണ്ടിവരും. അപ്പോള്‍, ചില പ്രസംഗങ്ങളെ വാഴ്ത്താതെ വയ്യ. പ്രസംഗങ്ങള്‍ക്കനുവദിക്കപ്പെട്ട യാതൊരു ആനുകൂല്യങ്ങളും അവ ഉപയോഗപ്പെടുത്തിക്കാണില്ല. പ്രസംഗമാവുന്പോള്‍ അല്ലറചില്ലറ കയറ്റിറക്കങ്ങളും, ആവര്‍ത്തനങ്ങളും, പര്യായങ്ങളെക്കൊണ്ടുള്ള സര്‍ക്കസ്സുകളിയും, സ്വര്‍ണ്ണത്തൂക്കത്തില്‍ വ്യാകരണപ്പിശകും ഒക്കെ ആവാമല്ലോ. പക്ഷേ, ആനുകൂല്യങ്ങളും ഔദാര്യങ്ങളും വേണ്ടേ വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ഇവര്‍ നല്ല അച്ചടിഭാഷയില്‍ പ്രസംഗിക്കുന്നു. കഴിവുതന്നെയാണത്, സമ്മതിച്ചേ ഒക്കൂ.
എഴുത്തില്‍ ഏറ്റവും പ്രധാനം ജീവിതാനുഭവങ്ങള്‍തന്നെയാണ്. ചുട്ടുനീറുന്ന ജീവിതാനുഭവങ്ങള്‍. വന്യമായ ഏകാന്തത, ഉറ്റവരുടെ വേര്‍പാട്, പട്ടിണി, അനാഥത്വം, ദേശാടനം, ആദിയായവയെല്ലാം എഴുതാന്‍ വെന്പുന്ന മനസ്സിനെ ആവിഷ്കാരദാഹത്താല്‍, അലറിക്കരയാന്‍, ദീനമായി ഞരങ്ങാനെങ്കിലും പ്രേരിപ്പിക്കുന്നു. നമുക്കുണ്ടല്ലോ, ദുഃഖം സഹിച്ചു സഹിച്ചു നിലതെറ്റുന്പോള്‍ അറിയാതെ കണ്ണുകളിലൊരു കണ്ണീരുപൊട്ടല്‍ മേഘം ഘനീഭവിച്ച് ഇരുണ്ടുകയറിയ ആകാശം ശക്തിയായ് കരഞ്ഞു പെയ്യുന്പോലെ. ഇങ്ങനെയുള്ള ഭാവബന്ധുരമായ ആന്തരിക വികാരങ്ങളുടെ അക്ഷരപ്പെയ്ത്തുകളാണ് മുന്തിയ എഴുത്തുകളായി മാറുന്നത്.
എഴുത്തിനെ ഊട്ടുന്ന ധാന്യപ്പത്തായമാണ് അനുഭവം എന്ന് പറയുന്പോള്‍, നമ്മള്‍ വകതിരിച്ച് മനസ്സിലാക്കി വേക്കേണ്ടുന്ന ഒരു കാര്യമുണ്ട് നമുക്ക് തോന്നിയതുപോലെ വാരി നിറച്ച് സന്പന്നമാക്കാവുന്നതല്ല, ആ അനുഭവ അറ.
അതായത്, അനുഭവങ്ങള്‍ എന്നു പറയുന്നത് നമ്മള്‍ മാന്തി, ചുരണ്ടി ഉണ്ടാക്കുന്നതല്ല. അത് നമ്മിലേക്ക് വന്നു പതിക്കുന്നതാണ്. ഒരര്‍ത്ഥത്തില്‍, അത് നമുക്ക് നിയന്ത്രിക്കാവുന്നതോ വലവീശിപ്പിടിക്കാവുന്നതോ അല്ല. എന്നുപറഞ്ഞാല്‍ ലേശം വിശദീകരണം വേണമിവിടെ.
നിങ്ങള്‍ മോശമല്ലാത്ത രീതിയില്‍ ഒരു സാദാമട്ട് ജീവിതം അങ്ങനെ ജീവിച്ചുപോരുകയാണെന്ന് കരുതുക. സൂര്യനുദിക്കുന്നു. പ്രാദേശികവാര്‍ത്തകള്‍ കേള്‍ക്കുന്നു, ഇല കൊഴിയുന്നു, വെള്ളരിക്ക മൂക്കുന്നു, ബൈക്കുകള്‍ കൂട്ടിയിടിക്കുന്നു, ട്രെയിനുകള്‍ വൈകിയോടുന്നു…… ഇതിനപ്പുറം തീക്ഷ്ണമായ അനുഭവം എന്ന നിലക്ക് കാര്യമായിട്ടൊന്നും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. ഇതുപോരാ, സാഹിത്യ പ്രാധാന്യമായ ചില അനുഭവങ്ങള്‍ ഉണ്ടായേ ഒക്കൂ എന്ന് വാശി കയറിയ നിങ്ങള്‍ ഒരുത്തിയെ പ്രണയിക്കാന്‍ തയ്യാറെടുത്തു. കറുത്തമ്മ പരീക്കുട്ടി, മജീദ് സുഹ്റ, ഉമ്മാച്ചു മായന്‍ എന്നിങ്ങനെയുള്ള കാലാതിവര്‍ത്തികളായ കഥാപാത്ര ജന്‍മങ്ങളിലേക്ക് നിങ്ങളുടെ അനുഭവതലം കത്തിപ്പടരണമെന്നായിരുന്നു മോഹം. തീവ്രമായ പ്രണയ നൈരാശ്യത്തിനൊടുവില്‍ വായനക്കാരന്‍ ബോധമറ്റു വീഴണമെന്നായിരുന്നു നിങ്ങളുടെ പൂതി.
പ്രണയവിവരം മണത്തറിഞ്ഞ് ഇരുകുടുംബങ്ങളും വൈകാതെ ധാരണയിലെത്തുകയും അവളെ നിങ്ങള്‍ക്ക് പിടിച്ച് കെട്ടിച്ചു തരുകയും, വൈകാതെ നിങ്ങള്‍ അച്ഛനാകുകയും ചെയ്തു. എല്ലാം ടക്, ടക് എന്നങ്ങു നടന്നു. പിന്നെയും ഇലകള്‍ കൊഴിഞ്ഞു. ട്രെയിനുകള്‍ മാത്രമല്ല, പ്ലെയ്നുകള്‍ പോലും വൈകി. മുള്ളന്‍ പന്നികള്‍ പെറ്റു പെരുകി. ഇതു പറ്റില്ല എന്ന് തീരുമാനിച്ച നിങ്ങള്‍ അതോടെ ആരോടും ചോദിക്കാതെ നാടുവിട്ടു, തീഷ്ണമായ അനുഭവങ്ങളുണ്ടാകുവാനായ്.
മൂന്നു സാധ്യതകളുണ്ടിവിടെ. നിങ്ങള്‍ കോഴിക്കോട്ടു നിന്ന് പഠാന്‍കോട്ടേക്ക് വണ്ടി കയറിയതും കെട്ടിയവളുടെ വിളി വന്നു താമരക്കുഞ്ഞിന് വയറിളക്കം ഉടന്‍ ആശുപത്രിയില്‍ പോവണം, വെക്കം വാ! കുഞ്ഞുമോളെ ഓര്‍ക്കുന്പോഴേക്ക് മനസ്സ് ഐസായ നിങ്ങള്‍ കല്ലായിയില്‍ തന്നെ ചാടിയിറങ്ങി, ഒരു ടാക്സി പിടിച്ച് അനുഭവോം വേണ്ട, കുനുഭവോം വേണ്ട എന്നലറി നാട്ടിലേക്ക് വെച്ചു പിടിക്കുന്നു, കൂൂൂൂയ്!
(മക്കളാണല്ലോ നമ്മെ തിരിച്ചു വിളിക്കുന്നത്. കുടുബ സമേതം, ട്രെയിനിന് തലവെച്ച് മരിക്കാന്‍ കിടന്ന തീക്കുനിക്കുടുംബത്തെ, ദാഹിച്ചു വെള്ളം ചോദിച്ച മകളായിരുന്നല്ലോ ജീവിതത്തിലേക്ക് കൊണ്ടുവന്നത്.)
രണ്ടാമത്തേത്, നിങ്ങളെ കാണാതായതിന്‍റെ പിറകെ, ലോക്കല്‍ പോലീസ്സ്റ്റേഷനില്‍ പരാതിയെത്തുന്നു. വൈകാതെ പട്ടണങ്ങളിലെ പൊതു ചുമരുകളിലെല്ലാം ലുക്കൗട്ട് നോട്ടീസ് ഫോട്ടോസഹിതം പറ്റിച്ചു വെക്കുന്നു. നിങ്ങളെ തിരിച്ചറിഞ്ഞ സേലം പോലീസ് (ഹുബ്ലി പോലീസായാലും തരക്കേടില്ല) നിങ്ങളെ മീന്‍ കട്ട പൂച്ചയെപ്പോലെ കുന്നിക്ക് പിടിച്ച് നാട്ടില്‍ കൊണ്ടുപോയി വിടുന്നു. അനുഭവമല്ല കടലപ്പിണ്ണാക്ക്!!!
മൂന്നാമത്തേതൊരു മെച്ചപ്പെട്ട സാധ്യതയാണ് നിങ്ങളെ ആരും മടക്കി വിളിച്ചില്ല. “അമ്മേ പിന്‍വിളി വിളിക്കാതെ, മിഴിനാര് കൊണ്ടെന്‍റെ കഴലു കെട്ടാതെ”ചുള്ളിക്കാടന്‍ പാട്ട് പഠിച്ചുവെച്ചതിനാലാവാം, നിങ്ങളെയാരും പരതി നടന്നില്ല. ഒരു പോലീസും അന്വേഷിച്ചുമില്ല. നിങ്ങള്‍ അലഞ്ഞു. കാണാത്ത ഇടങ്ങള്‍ കണ്ടു. വ്യത്യസ്ത മനുഷ്യര്‍. വേറിട്ട ഭാഷകള്‍, വിഭിന്ന സംസ്ക്കാരങ്ങള്‍, യാചകന്‍മാര്‍, കൊള്ളക്കാര്‍, കൈനോട്ടക്കാര്‍, മാമുനികള്‍, സന്യാസിമാര്‍, സൂഫികള്‍,
പള്ളികള്‍, അന്പലങ്ങള്‍, ബുദ്ധവിഹാരങ്ങള്‍, ക്രിസ്തീയ ദേവാലയങ്ങള്‍. നിങ്ങള്‍ വെയ്ലു കൊണ്ടുണങ്ങി. വിശന്നു ചാവാറായി. കാലങ്ങള്‍ക്ക് ശേഷം നിങ്ങള്‍ പത്തു മുറങ്ങളില്‍ കോരാന്‍ മാത്രം അനുഭവങ്ങളുമായി തിരിച്ചു വന്നു.
ഇങ്ങനെ നിങ്ങള്‍ക്ക് അലയാം. അനുഭവങ്ങളിലാറാടാം. പക്ഷേ ഈ അനുഭവവേട്ടയിലൊക്കെ ഒരു തരം കൃത്രിമത്വമുണ്ട്. നാം കരുതിക്കൂട്ടി വിളിച്ചു വരുത്തുന്ന അനുഭവങ്ങളുടെ ഒരു തരം വെറുങ്ങലിപ്പ്. നിങ്ങളുടെ സുഹൃത്തിന്‍റെ അനുഭവം നിങ്ങള്‍ക്ക് നിങ്ങളുടേതാക്കാന്‍ കഴിയില്ല.
പുതിയതായി ഒന്നും സംഭവിക്കായ്മ എന്നത് അനുഭവവൈവിധ്യത്തിന്‍റെ നിഷേധമാണെന്നും, ആ നിഷേധാവസ്ഥ ആഖ്യാനത്തിന്‍റെ അടുക്കള ദാരിദ്ര്യത്തെ അര്‍ത്ഥമാക്കുന്നു എന്നുമൊക്കെയുള്ള നമ്മുടെ വിചാരങ്ങളെ ഉടച്ചുകളയുന്ന ചില സംഗതികള്‍ സാഹിത്യ ലോകത്തുണ്ടായിട്ടുണ്ട്. ആടുജീവിതത്തിലെ നജീബിന്‍റെ മസറ ജീവിതം നോക്കൂ. മടുത്ത ജീവിതത്തിന്‍റെ മുടിഞ്ഞ ആവര്‍ത്തനമായിട്ടു പോലും അത് നമ്മെ ഞെട്ടിപ്പിച്ചു കളഞ്ഞു. പാത്തുമ്മയുടെ ആട് ഒരു സാദാ മുസ്ലിം കുടുംബത്തിന്‍റെ ദൈനംദിന ജീവിതമാണ്. അതേ പോലുള്ള, അല്ലെങ്കില്‍ അതിനെക്കാള്‍ സംഭവബഹുലമായ എത്രയോ മാപ്പിള, തിയ്യ, ക്രിസ്തീയ കുടുംബ ജീവിതങ്ങള്‍ കേരളത്തില്‍ കഴിഞ്ഞുപോയി. പക്ഷേ, അവയെയൊന്നും പ്രശ്നവല്‍ക്കരിച്ച് ആരും കഥകളെഴുതിയില്ല. അല്ലെങ്കില്‍, അവയിലൊന്നും പറയപ്പെടാവുന്ന കഥകളുള്ളതായി ആര്‍ക്കും തോന്നിയില്ല പക്ഷേ ബഷീറിന് കഴിഞ്ഞു !
അനുഭവങ്ങളുടെ ഇല്ലായ്മ മാത്രമല്ല അവയുടെ ഉണങ്ങിയ നൈരന്തര്യം മാത്രമല്ല, അന്യരില്‍ നിന്ന് കേട്ടറിഞ്ഞ അനുഭവകഥകള്‍ പോലും കഥാക്കണ്ണുള്ള ഒരെഴുത്തുകാരന് മുന്തിയ വിഭവങ്ങളാണ്. ഈ കഥാ കണ്ണില്ലെങ്കില്‍ ആയിരക്കണക്കിന് അനുഭവക്കെട്ടുകള്‍ അടിയാധാരങ്ങള്‍ സഹിതം മുന്നില്‍ കൊണ്ടിട്ടു കൊടുത്താലും, കണ്ണ് മിഴിച്ചിരിക്കുകയേ വഴിയുള്ളൂ.
അപ്പോള്‍ വായന, പ്രഭാഷണം, ദേശാടനം, അനുഭവം, മനനം തുടങ്ങിയ കാര്യങ്ങളുടെ സൃഷ്ടിപരമായ ഇഴുകിച്ചേരലില്‍ നിന്നാണ് നല്ല എഴുത്തിനുള്ള വക കിട്ടുന്നത്. ഓര്‍ക്കേണ്ടത്, ഓരോ ആശയവും അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ മനസ്സില്‍ ചിത്രപ്പെട്ട് വരികയല്ല എന്നതാണ്. ആദ്യം ഒരു മിന്നായം, ഒരു തീപ്പൊരി അത്രയേ ഉണ്ടാവൂ. ഇത് നിങ്ങളുടെ മനസ്സാകുന്ന ഗര്‍ഭപാത്രത്തിലേക്ക് എത്തിയ ബീജ അതിഥിയാകുന്നു. ഉടന്‍ നിങ്ങള്‍ അദ്ദേഹത്തിനെ സര്‍ബത്ത് കൊടുത്ത് കസേര വലിച്ചിട്ട് സ്വീകരിക്കുന്നു. അങ്ങനെ അതിഥിയും ആതിഥേയനും പരസ്പരം പുണര്‍ന്ന് തകര്‍പ്പന്‍ ആശയത്തിന്‍റെ ഒരു പുതിയ സിക്താണ്ഡം രൂപപ്പെടുന്നു.
അത് രക്തക്കട്ടയായി, മാംസക്കട്ടയായി, ഭ്രൂണമായി, ശിശുവായി കാലാന്തരേണ വളര്‍ന്നു വരുന്നു. എഴുത്തിലും സംഭവിക്കുന്നത് ഇതു തന്നെ. പത്തുമാസം മനസ്സില്‍ പൊതിര്‍ത്ത് വെച്ച് പാകമായ സാധനം പുറത്തുവരുന്പോള്‍ അതിന് നല്ല ഉശിരുണ്ടാകും. തുടിപ്പും ചുറുചുറുക്കുമുണ്ടാവും. ഇങ്ങനെ, സര്‍ഗാത്മക സൃഷ്ടികളെ പൊതിര്‍ത്തുവെച്ച് ക്ഷമയോടെ കാത്തിരിക്കുന്നതില്‍ ഏറ്റവും പേരുകേട്ട ആളാണ് വൈക്കം മുഹമ്മദ് ബഷീര്‍. പെട്ടെന്നൊന്നും എഴുതില്ല. എഴുതിയതൊന്നും പെട്ടെന്ന് വെളിച്ചത്ത് വെക്കില്ല. ആറ്റിക്കുറുക്കി വെറും സത്ത്, സത്ത് മാത്രം. സേതു, കല്പറ്റ നാരായണന്‍ തുടങ്ങിയവരും ആറ്റിക്കുറുക്കിയെഴുത്തിന്‍റെ ആശാന്‍മാരാണ്. ഫ്രാന്‍സിസ് ബേക്കണ്‍ ആംഗലത്തിലെ കുറുക്കല്‍കലയിലെ എഴുത്തുവിദ്വാനാണ്. ആയതിനാല്‍, ധൃതിപ്പെടാതെ മൂക്കും വരെ കാത്തിരിക്കുക. അസ്വസ്ഥതകള്‍ സഹിച്ചുകൊണ്ടുള്ള ഒരമ്മയുടെ കാത്തിരിപ്പുപോലെ ആസ്വാദ്യകരമാണ്, ആശയങ്ങളുടെ പൂര്‍ണവളര്‍ച്ചക്ക് വേണ്ടിയുള്ള എഴുത്തുകാരന്‍റെ കാത്തിരിപ്പ്. അമ്മ വയര്‍ തടവുന്നു. എഴുത്തുകാരന്‍ തല ചൊറിയുന്നു. ഇത്രയേ ഉള്ളൂ വ്യത്യാസം.

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login