മറവിയോടൊപ്പം ഒരു യാത്ര

മറവിയോടൊപ്പം ഒരു യാത്ര

ഒന്‍പതാംതരം പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ജില്ലയിലെ പുളിക്കലിനടത്തുള്ള അന്തിയൂര്‍കുന്നിലെ ദര്‍സിലെത്തി. സയ്യിദ് ഹബീബ് തുറാബ് തങ്ങളാണ് ഉസ്താദ്.

ദര്‍സില്‍ ചേര്‍ന്നുകൊണ്ടുതന്നെ എസ്എസ്എല്‍സി ജയിച്ചു. എന്‍റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. പഠിക്കാനുള്ള എല്ലാ അവസരങ്ങളും ഉസ്താദ് ഒരുക്കിതന്നിരുന്നു. അതിലുപരി ഉസ്താദിന്‍റെ പ്രോത്സാഹനവും. ഇതെല്ലാം ചേര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതിലേറെ മാര്‍ക്ക് നേടാനായി. എന്‍റെ കൂടെ എസ്എസ്എല്‍സിക്ക് ദര്‍സില്‍ നിന്ന് വേറെ നാല്പേര്‍ കൂടി ഉണ്ടായിരുന്നു. സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉടനെ ഞങ്ങള്‍ ഉസ്താദിനെ കാണിച്ചു. ഉസ്താദ് ഞങ്ങളെ അഭിനന്ദിച്ചു. ഉപരിപഠനത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. സര്‍ട്ടിഫിക്കറ്റ് വീട്ടുകാരെ കാണിക്കാന്‍ പറഞ്ഞു. അപ്രതീക്ഷിതമായി ലീവ് ലഭിച്ചതിനാല്‍ വളരെ സന്തോഷത്തോടെ ഞങ്ങള്‍ വീട്ടിലേക്കു പുറപ്പെട്ടു. കോഴിക്കോട്ടെത്തിയ ഞാന്‍ മര്‍കസ് കോംപ്ലക്സിലെ ഒരു ഷോപ്പില്‍ കയറി നല്ല ഒരു പ്രഭാഷണ സിഡി വാങ്ങി. പേഴ്സില്‍ നിന്നു പണമെടുത്തു കൊടുത്ത് ബാഗില്‍ സിഡിയും കയ്യില്‍ എസ്എസ്എല്‍സി ബുക്കുമായി മാനന്തവാടി ബസില്‍ കയറി സീറ്റുറപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പേഴ്സ് കാണുന്നില്ല. ഞാന്‍ അന്പരന്നു. സീറ്റും ബാഗും അരിച്ചു പെറുക്കി. ആകെ വെപ്രാളമായി. ബസില്‍ നിന്നിറങ്ങി. ഞാന്‍ കയറിയ മുഴുവന്‍ ഷോപ്പുകളിലും അന്വേഷിച്ചു കണ്ടെത്തിയില്ല. പണം നഷ്ടപ്പെട്ട സ്ഥിതിക്കു എങ്ങനെയെങ്കിലും പള്ളിയില്‍ കയറി വഅ്ള് പറഞ്ഞാലോ എന്ന് ആലോചിച്ചു. കൈവശമുള്ള ചില്ലറകള്‍ ഒരുമിച്ചു കൂട്ടിയപ്പോള്‍ ആകെ ഏഴ് രൂപ. അതു കൊണ്ട് ഒരു പള്ളിയിലെത്താന്‍ കഴിയുകയില്ല. വീട്ടിലേക്ക് ഫോണ്‍ വിളിച്ചാലോ എന്ന് തോന്നി. കോയിന്‍ബോക്സിനടുത്തെത്തി വീട്ടിലെ നന്പര്‍ അമര്‍ത്തി. ഫോണ്‍ റിംഗ് ചെയ്തപ്പോള്‍ എന്നില്‍ ദീര്‍ഘ നിശ്വാസമുയര്‍ന്നു. അപ്പോള്‍ പിറകില്‍ നിന്നൊരാള്‍ അസ്സലാമു അലൈക്കും. ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് സലാം മടക്കി. അദ്ദേഹത്തിന്‍റെ കയ്യില്‍ ഒരു പേഴ്സുണ്ടായിരുന്നു. ഇത് താങ്കളുടേതല്ലേ? അയാള്‍ ചോദിച്ചു.

കടയടക്കുന്പോള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടതാണ്. അയാള്‍ പറഞ്ഞു. അതുവാങ്ങി പണം ഉണ്ടെന്ന് ഉറപ്പുവരുത്തി. അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്ത്

ധൃതിയില്‍ വീണ്ടും ബസ്റ്റാന്‍റിലെത്തി. സമയം വൈകിയതിനാല്‍ മൈസൂര്‍ ബസില്‍ കയറി. അത് കോഴിക്കോട് വിട്ടാല്‍ കല്‍പ്പറ്റയിലാണ് നിര്‍ത്തുക. ബസ് പുറപ്പെട്ടു. മനസില്‍ എന്തെന്നില്ലാത്ത ആശ്വാസം. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് കാണാനില്ല.

എന്‍റെ ശരീരം ആകെ വിയര്‍ത്തൊലിച്ചു. ഞാന്‍ കണ്ടക്ടറെ സമീപിച്ച് വെപ്രാളത്തോടെ വിഷയം സൂചിപ്പിച്ചു. അയാള്‍ പറഞ്ഞു ബസ് ഇനി കല്‍പറ്റയിലേ നിര്‍ത്തൂ. അതിനുമുന്പ് ഇറങ്ങണമെങ്കില്‍ ഡ്രൈവറുമായി സംസാരിക്കണം. ഞാന്‍ ഡ്രൈവറുടെ ക്യാബിനിലെത്തി. കാര്യം പറഞ്ഞു. അദ്ദേഹം ബസ് സ്റ്റോപ്
പ് ചെയ്തു. ഞാന്‍ അവിടെ ഇറങ്ങി.

എന്‍റെ ശരീരം തളരുന്നത് പോലെ തോന്നി. ഇടിവെട്ടിയവനെ പാന്പു കടിച്ചു എന്ന് കേട്ടിട്ടുണ്ട്. ഞാന്‍ തിരിച്ച് കോഴിക്കോട്ടേക്ക് ബസ് കയറി. ഫോണ്‍ ബൂത്തിലെത്തി. അവിടെയതാ എസ് എസ് എല്‍ സി സര്‍ട്ടിഫക്കറ്റ് എന്നെ കാത്തിരിക്കുന്നു. ഓടിച്ചെന്ന് അതെടുത്തു. സന്തോഷാതിരേകത്താല്‍ സര്‍വ്വ ചരാചരങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിന് ആയിരമായിരം സ്തുതികള്‍ അര്‍പിച്ചു. വീണ്ടും അടുത്ത ബസില്‍ നാട്ടിലേക്ക് തിരിച്ചു.

സൈഫുദ്ദീന്‍ വാളാട്

You must be logged in to post a comment Login