അയല്‍ക്കാരിയുടെ കോഴി വരുന്നുണ്ടോ?

അയല്‍ക്കാരിയുടെ  കോഴി വരുന്നുണ്ടോ?

ഒരു കോഴിയാണ് പ്രശ്നത്തിനു കാരണം. അയല്‍പക്കത്തെ കോഴിക്ക് സ്വന്തം വീട് അത്ര പ്രിയമല്ല. നേരം പുലര്‍ന്നു കൂടുതുറന്നാല്‍ ഉടന്‍ തൊട്ടടുത്ത വീട്ടിലെത്തും. പിന്നെ മിക്ക സമയവും അവിടെ തന്നെയാവും. രാത്രി ഉറങ്ങാന്‍ മാത്രം സ്വന്തം യജമാനഭവനം.

അയല്‍ക്കാരി മുറ്റം അടിച്ചു വൃത്തിയാക്കി തെങ്ങിന്‍ ചുവട്ടില്‍ നിക്ഷേപിക്കുന്ന ചപ്പുചവറെല്ലാം കോഴി മുറ്റത്തു തിരികെയെത്തിക്കും. നിലത്ത് ഒന്നും ഉണക്കാനിടാന്‍ നോക്കേണ്ട. കാവലില്ലെങ്കില്‍ അത് കോഴി അകത്താക്കും. കണ്ണുതെറ്റിയാല്‍ അകത്തു കയറും. വിസര്‍ജ്ജം ചിലപ്പോള്‍ അകത്തുമാവും.

സഹികെട്ട വീട്ടുകാരി ഒരു ദിവസം കോഴിയെ കല്ലെറിഞ്ഞോടിച്ചു. അത് ഉടമവീട്ടുകാരി കണ്ടു. പിന്നെ പറയണോ? മുന്പെന്നോ ഒരു കോഴി ചത്തത് ഇവളുടെ വിഷപ്രയോഗം നിമിത്തമാണെന്നു വരെ ആരോപണമുണ്ടായി.

ആ അയല്‍ക്കാരുടെ പിണക്കം അന്നു തുടങ്ങിയതാണ്. വര്‍ഷങ്ങളായി കോഴി പല വയറുകളിലൂടെ കയറിയിറങ്ങി മണ്ണായി. പക്ഷേ വീട്ടുകാരുടെ പോര് ഇപ്പോഴും തുടരുന്നു.

വീടിന്നടുത്ത വീട്ടുകാര്‍. അവര്‍ക്കാണല്ലോ അയല്‍ക്കാര്‍ എന്നു പേര്. നാം അവര്‍ക്കും അവര്‍ നമുക്കും. നാലു ഭാഗത്തുമായി നാലുവീട്ടുകാര്‍ മാത്രമല്ല അയല്‍ക്കാര്‍. ഓരോ ഭാഗത്തേക്കും നാല്‍പതു വീടുകള്‍ എന്നൊക്കെ മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്.

ഓര്‍ക്കുക. അയല്‍ക്കാരോടുള്ള കടമകള്‍ നിറവേറ്റി സൗഹാര്‍ദത്തില്‍ കഴിയാനായാല്‍ അയല്‍ക്കാര്‍ എന്നാല്‍ ഇത്രയും വീട്ടുകാരും നാടുനന്നാവാന്‍ വേറെന്തു വേണം. പക്ഷേ ഇത് രക്തബന്ധത്തിനു പോലും വിലയില്ലാത്ത കാലം. പിന്നെ അയല്‍പക്കബന്ധം ആര് മാനിക്കും? ഇതെഴുതുന്പോള്‍ കൃത്യമായി മുന്പിലെത്തിയ പത്രത്തില്‍ കയ്പമംഗലത്തു നിന്നൊരു വാര്‍ത്തയുണ്ട് നാല്പതുകാരി ജാസ്മിന്‍ കുത്തേറ്റു മരിച്ചിരിക്കുന്നു. കൊന്നത് അയല്‍ക്കാരനും ഭര്‍തൃസഹോദരനുമായ ഇസ്മാഈല്‍. വേലി കെട്ടുന്നതിലെ തര്‍ക്കമാണ് കാരണം.

ബന്ധുവായ അയല്‍ക്കാരോട് മൂന്നു കടമകളുണ്ടെന്നാണ് ഇസ്ലാമിക പാഠം. ബന്ധുവെന്നതിനാല്‍ മുസ്ലിമെന്നതിനാല്‍ അയല്‍വാസി എന്നതിനാലും. എന്നിട്ടാണ്..! പരലോക രക്ഷക്ക് പടച്ചവനോടുള്ള കടമ നിര്‍വഹിച്ചാല്‍ മാത്രം പോരാ പടപ്പുകളോടുള്ളതിലും വീഴ്ച വരാതെ നോക്കണം. അതില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ് അയല്‍ക്കാര്‍.

അകന്ന ബന്ധുക്കളെക്കാള്‍ പ്രാധാന്യമുണ്ട് അയല്‍ക്കാരായ അന്യര്‍ക്ക്. സുഖ ദുഃഖങ്ങളില്‍ താല്‍പര്യത്തോടെ പങ്കുകൊള്ളണം. ഇല്ലായ്മകളും വല്ലായ്മകളും അറിഞ്ഞു പരിഹാരത്തിനു ശ്രമിക്കണം. തന്‍റേതൊന്നും അയല്‍വാസിക്ക് ദ്രോഹമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

അതൊക്കെ അയല്‍പക്ക ധര്‍മം. ഇതുപക്ഷേ കാലം വേറെ. ശരിയായ അയല്‍ക്കാര്‍ അധികമാര്‍ക്കും ഇല്ലാതായിരിക്കുന്നു. അടുത്തു വീടുകളുണ്ട്. താമസക്കാരുണ്ട്. പക്ഷേ മനസ്സുകള്‍ അതിവിദൂരം.

പട്ടണങ്ങളില്‍ ഒരു വീട്ടില്‍ തന്നെ ഒരുപാട് വീടെന്ന മഹാ അയല്‍പക്കമുണ്ട്. ഫ്ളാറ്റ്. പക്ഷേ പലയിടത്തു നിന്നും കുടിയേറിയ അവരുടെ മനസ്സുകള്‍ എന്നും പലയിടത്താണ്. സൗഹൃദങ്ങള്‍ കുറവ്. ഹൗസിംഗ് കോളനികളിലും സ്ഥിതി ഏറെ വ്യത്യസ്ഥമല്ല. അപവാദങ്ങള്‍ ഇല്ലെന്നില്ല. അയല്‍ ബന്ധങ്ങളുടെ ഊഷ്മളത കാത്തു സൂക്ഷിക്കുന്നവര്‍ കുറവ്. ഗ്രാമങ്ങളില്‍ തലമുറകള്‍ ഒരിടത്തുതന്നെ താമസിച്ചു പോരുന്ന ചിരപരിചിതര്‍. അവരുടെ ബന്ധങ്ങള്‍ ദൃഢവും വേരുകളാഴ്ന്നതുമായിരുന്നു കുറച്ചുകാലം മുന്പുവരെ. ഇന്നു പക്ഷേ സ്ഥിതി മാറി. കൈവെള്ളയിലെ അത്ഭുതയന്ത്രങ്ങളിലൂടെ അകലങ്ങളിലേക്കു ബന്ധം വളര്‍ന്നു ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങള്‍. ഒപ്പം അടുപ്പവും അയല്‍പ്പക്കവും അപ്രസക്തമാവുകയും ചെയ്തു.

സ്വാര്‍ത്ഥതയില്‍ മുങ്ങിയ മനുഷ്യര്‍ക്ക് അന്യരുടെ സുഖ ദുഃഖങ്ങളില്‍ ഒരു താല്‍പര്യവുമുണ്ടാവില്ല. തന്‍റെ നേട്ടത്തിനായി ആരെയും എന്തിനെയും അവഗണിക്കാനും മടിയുണ്ടാവില്ല. അയല്‍വീട്ടില്‍ അത്തരമൊരു കക്ഷിയാണോ? കലഹപ്രിയനാണോ? ലഹരിക്കടിമയാണോ? എങ്കില്‍ കുഴഞ്ഞതുതന്നെ. മോനേ കല്ലും ഇരുന്പും ഞാന്‍ ചുമന്നിട്ടുണ്ട്. എന്നാല്‍ ചീത്ത അയല്‍വാസിയോളം വലിയൊരു ഭാരം ഞാന്‍ ചുമന്നിട്ടില്ല എന്നു ലുഖ്മാനുല്‍ഹക്കീം (റ).

അയല്‍ക്കാരെക്കുറിച്ച് ജിബ്രീല്‍ എന്നോടു പറഞ്ഞു കൊണ്ടേയിരുന്നു. അവര്‍ അനന്തരമെടുക്കുമോ എന്നു എനിക്കു തോന്നിപ്പോയി എന്നു നബി(സ). അത്രയേറെയുണ്ട് കടപ്പാട്.

കറി കുറച്ചേ ഉള്ളൂവെങ്കില്‍ വെള്ളം ചേര്‍ത്തു വര്‍ദ്ധിപ്പിച്ചെങ്കിലും അയല്‍വാസിക്കു പങ്കുനല്‍കാന്‍ നിര്‍ദേശിക്കുന്ന തിരുവചനം അറിയാത്തവര്‍ അപൂര്‍വമായിരിക്കും. പക്ഷേ വെള്ളം ചേര്‍ക്കാതെ തന്നെ നല്‍കാന്‍ ശേഷിയുള്ള ഇക്കാലത്ത് അങ്ങനെ പങ്കുവെക്കുന്നവരും അപൂര്‍വം.

അയല്‍ക്കാരെക്കൊണ്ട് നല്ലതു പറയിക്കാന്‍ കുറച്ചു പ്രയാസമുണ്ടാകാം. അതിനു കഴിഞ്ഞാല്‍ നേട്ടം വലുതാണ്. നബി(സ) പറഞ്ഞു മുസ്ലിമായ ഒരാള്‍ മരിച്ചപ്പോള്‍ അടുത്ത അയല്‍ക്കാരായ മൂന്നു വീട്ടുകാര്‍ അവന് നന്മ കൊണ്ടു സാക്ഷ്യം വഹിച്ചാല്‍ അല്ലാഹു ഇങ്ങനെ പറയും എന്‍റെ അടിമകള്‍ക്ക് അറിയാവുന്നതില്‍ അവരുടെ സാക്ഷ്യം ഞാന്‍ സ്വീകരിച്ചു. ഞാനറിയുന്നത് അവനു ഞാന്‍ പൊറുത്തു കൊടുക്കുകയും ചെയ്തു.

അല്ലാഹു അറിയാത്തതായി ഒന്നുമുണ്ടാവില്ലല്ലോ. അതിനാല്‍ എല്ലാം പൊറുത്തുകിട്ടി. ആടും കോഴിയും താറാവുമൊക്കെ മതി അയല്‍സൗഹൃദം തകര്‍ക്കാന്‍. വിവേകമില്ലാത്ത ആ ജീവികളെപ്പോലെ അവയുടെ ഉടമകളും വിവേക ശൂന്യരാകുന്പോഴാണത്. താന്‍ മാത്രമല്ല തന്‍റെ വളര്‍ത്തു ജീവികളും അയല്‍ക്കാര്‍ക്ക് ശല്യമാകുന്നുണ്ടോ എന്നു സദാ ശ്രദ്ധിക്കണം. ഉണ്ടെങ്കില്‍ അതില്ലാതാക്കുക തന്നെ വേണം എന്തു വില നല്‍കിയും. അയല്‍വാസിയുടെ സൗഹൃദത്തെക്കാള്‍ വലുതല്ല ആട്ടിന്‍ പാലും കോഴിമുട്ടയും.

സ്വാദിഖ് അന്‍വരി

You must be logged in to post a comment Login