മനുഷ്യനാന മെരുങ്ങുന്ന മാസം

മനുഷ്യനാന മെരുങ്ങുന്ന മാസം

റമളാന്‍, ഖുര്‍ആന്‍റെ മാസമാണത്. അല്ലാഹു അതിങ്ങനെയാണ് പറയുന്നത് റമളാന്‍ മാസമെന്നാല്‍ അതിലാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.”

റമളാനെക്കുറിച്ച് ഓര്‍ക്കുന്പോള്‍ തന്നെ, നോന്പ്, തറാവീഹ്, അത്താഴം, നോന്പുതുറ എന്നിത്യാദികളൊക്കെയാണല്ലോ ഓര്‍മയില്‍ ഊര്‍ന്നെത്തുക. എന്നാല്‍ റമളാനിനെക്കുറിച്ച് മേല്‍പറഞ്ഞ സൂക്തം ഇവയൊന്നുമല്ല സൂചിപ്പിക്കുന്നത് മറിച്ച് ഖുര്‍ആനെയാണ്. റമളാന്‍ എന്നാല്‍ ഖുര്‍ആന്‍മാസം. അതെന്തുകൊണ്ടായിരിക്കാം?

ഖുര്‍ആന് ഒരു ദൗത്യമുണ്ട്. സൃഷ്ടികളെ സ്രഷ്ടാവിലേക്ക് അടുപ്പിക്കുക എന്നതാണത്. മനുഷ്യനിലെ മൂന്നാലൊരു തലത്തെ സ്വാധീനിച്ചാണത് സാധ്യമാവുക. ഒന്ന് ധിഷണയുടേതാണ്. ബുദ്ധിജീവിയാണല്ലോ മനുഷ്യന്‍. ചിന്തിക്കാനും സ്വീകരിക്കാനും നിരൂപിക്കാനും തിരസ്കരിക്കാനും മനുഷ്യനാവും. ബോധപൂര്‍വ്വമായ തെരഞ്ഞെടുപ്പിന്‍റെയോ തിരസ്കാരത്തിന്‍റേയോ കേന്ദ്രം ബുദ്ധിയാണ്. അത്തരത്തില്‍ സ്വാധീനിക്കാനുള്ള കോപ്പ് ഖുര്‍ആനിലുണ്ടോ? ഉണ്ട്.
അറിവുകളുടെ കലവറയാണ് ഖുര്‍ആന്‍. അറിവുകള്‍ അടങ്ങുന്ന ഒരു ഗ്രന്ഥം എന്നു പറയുന്പോള്‍ സൂക്ഷിക്കണം. എന്ത് കൊണ്ടെന്നാല്‍ അത് മനുഷ്യന്നാണ് വായിക്കാന്‍ കൊടുക്കുന്നത്. മനുഷ്യന്‍ അറിവുള്ളവനാണ്. പോര. അവന്‍ വ്യത്യസ്തനുമാണ്. ഓരോരുത്തരും വ്യത്യസ്ത അറിവുകളോട് ആഭിമുഖ്യമുള്ളവരാണ്. ഒരു ഗ്രന്ഥത്തില്‍ നിന്ന് കിട്ടുന്ന ഡാറ്റകളെ ജ്ഞാനമായി ഉള്‍ക്കൊണ്ട് തൊണ്ട തൊടാതെ വിഴുങ്ങുന്നവനല്ല അവന്‍. ആയതിനാല്‍ ഖുര്‍ആനില്‍ അറിവുകളുണ്ടെന്ന് പറയുന്പോള്‍, എല്ലാ നൂറ്റാണ്ടുകളിലുമുള്ള എല്ലാ മനുഷ്യരുടെയും അംഗീകരിക്കപ്പെട്ട ജ്ഞാന മണ്ഡലവുമായി യോജിച്ചു നില്‍ക്കുന്ന ശുദ്ധ അറിവുകള്‍ തന്നെയായിരിക്കണം അവ. അപ്പോഴേ ജ്ഞാനദാഹികളായ ബുദ്ധിരാക്ഷസന്മാര്‍ക്ക് ആ ഗ്രന്ഥത്തില്‍ നിന്ന് കോരിക്കുടിക്കാനാവുകയുള്ളൂ. അങ്ങനെയൊരു മുഖം ഖുര്‍ആനിനുണ്ടോ? തീര്‍ച്ചയായും. അതെ, ഖുര്‍ആന്‍ മനുഷ്യ മസ്തിഷ്കങ്ങളോട് സംവദിക്കുന്നുണ്ട്. ചിന്തയുടെ വ്യത്യസ്ത മണ്ഡലങ്ങളിലേക്ക് മനുഷ്യ ചിന്തയെ കുടഞ്ഞിടുന്ന നിരവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. അവിശ്വാസികളായിരുന്ന എത്രയോ ബുദ്ധിജീവികള്‍ അത്തരം ചിന്താതന്തുക്കളിലൂടെ ഖുര്‍ആന്‍റെ ആത്മാവിലേക്ക് വന്നിട്ടുണ്ട്. ഇപ്പോഴും ധിഷണാപ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

മനുഷ്യന്‍റെ രണ്ടാമത്തെ തലം വൈകാരികതയുടേതാണ്. വൈകാരിക മണ്ഡലമെന്നത്, ബുദ്ധി മണ്ഡലത്തിനധീനമോ അതീതമോ ആവാം. നമുക്കുണ്ടാവുന്ന വൈകാരിക തിരയിളക്കത്തെ ബുദ്ധിശക്തിയുടെ കടിഞ്ഞാണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാവുകയോ ആകാതിരിക്കുകയോ ചെയ്യാം. വൈകാരികതലം ധിഷണയെ മലര്‍ത്തിയടിച്ചാല്‍ ആ നിയന്ത്രണം സാധ്യമാവില്ല. ഇതിനെയാണ് ശവത്തിന്‍റെ കൂടെ ശ്മശാനത്തില്‍ ഉറങ്ങുന്നതിനെ പണ്ഡിതര്‍ ഉദാഹരിക്കുന്നത്. നമുക്ക് പേടിയാണത്. പക്ഷേ, തെളിഞ്ഞ ബുദ്ധികൊണ്ട് ഒരഞ്ചുമിനുട്ട് നേരം ആലോചിച്ച് നോക്കൂ. ശവത്തെ എന്തിനു പേടിക്കണം? അതു ശവമല്ലേ. തല്ലിയാലും പിച്ചിയാലും ഒന്നും പ്രതികരിക്കാത്ത അളിഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു മാംസക്കുടന്തല്‍. ഉറപ്പ്, നമ്മെ ഒന്നും ചെയ്യില്ല. ചെയ്യാനാവില്ല. എന്നിട്ടും നമ്മളതിനെ ഭയക്കുന്നു. ശരിക്കും നാം ഭയക്കേണ്ടത് ജീവനുള്ളവന്‍റെ കൂടെ കിടക്കുന്നതിനെയാണ്. അപരന്‍റെ അന്തരംഗത്ത് നടക്കുന്ന ചിന്താവിഹ്വലതകളെക്കുറിച്ച് നമുക്കറിയില്ല. ഇനി ഒന്നുമില്ലെങ്കില്‍ പാതിരാവിന്‍റെ ഏതെങ്കിലും ഒരു വിപത്സന്ധിയില്‍ സുഹൃത്തിന്‍റെ മാനസികനില തെറ്റാം. വാളൂരി നമ്മുടെ നെഞ്ചില്‍ താഴ്ത്താം. പക്ഷേ, ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. പേടി ശവത്തെയാണ് ശ്മശാനത്തെയാണ്.

പക്ഷേ, ഇത്തരം വൈകാരിക തിളച്ചുചാട്ടങ്ങള്‍ നിര്‍മാണാത്മകമായും ധാരാളമുണ്ട്. സംഗീത സാന്ദ്രമായ ഒരു ഗാനം കേള്‍ക്കുന്പോള്‍ മനസ്സില്‍ ആനന്ദത്തിന്‍റെ തേന്മഴ പെയ്യുന്ന ഒരനുഭൂതി ഉണ്ടാവാറുണ്ട് നമുക്ക്. എന്ത് ഗാനം? അത് ഒരു പൂര്‍ണവാക്യത്തെ ശബ്ദ വിന്യാസം കൊണ്ട് തച്ചുനീട്ടുന്നതല്ലേ?” എന്ന ധൈഷണിക വിശദീകരണം നടത്തി ആ ഗാന മധുരിമയുടെ കാറ്റൊഴിക്കാറില്ല നമ്മള്‍.

ഇങ്ങനെയൊരു തലവും ഖുര്‍ആനുണ്ടോ? ഉണ്ട്. ശ്രവണപരമായ, പാരായണപരമായ വിതാനങ്ങളില്‍ വൈകാരികാനുഭൂതി ഖുര്‍ആനിലൂടെ ആസ്വദിക്കാന്‍ കഴിയും. ഒരു നിമിഷ നേരത്തെ ഖുര്‍ആന്‍ ശ്രവണം കൊണ്ട് മനംമാറുകയും കുഫ്റിന്‍റെ കറുത്ത ഹൃദയത്തെ വിശ്വാസത്തിന്‍റെ പൂമണം കൊണ്ട് തുടച്ചു വൃത്തിയാക്കിയ ചരിത്രം ധാരാളമുണ്ട്. ഇന്നും അത് തുടരുന്നു.

ശാരീരികമാണ്, മനുഷ്യവിതാനത്തിലെ മൂന്നാം ചീന്ത്. ശരീരത്തെ സര്‍ഗാത്മകമായി ഒതുക്കുന്പോള്‍ പല സംഗതികളും കണ്ടെത്താനാകും. മനുഷ്യ ശരീരം എന്നത് മദം പൊട്ടിയ ആനയാണ്. തീറ്റ, കുടി, ഭോഗം… ഇതാണ് കാര്യ പരിപാടി. തടിച്ചുകൊഴുത്ത് കാടിളക്കിയുള്ള ജീവിതം. അതിനെ നിയന്ത്രിക്കണം. വലിയ കുഴികളില്‍ തള്ളിയിട്ട് തളച്ചാണല്ലോ നാമവയെ മെരുക്കാറ്. വന്പന്‍ വനങ്ങളെപ്പോലും ചവിട്ടിച്ചതച്ചിരുന്ന കൊന്പന്മാര്‍ പന്തിവാസത്തിനു ശേഷം പാപ്പാനെന്ന ഉണക്ക മനുഷ്യന്‍റെ വിരലിനു മുന്നില്‍ നമ്രശിരസ്കരാവാറില്ലേ. അതെ. അതാണ് മെരുക്കം. ഇതുമായൊക്കെ റമളാന് എന്താണ് ബന്ധം? പറയാം.

മനുഷ്യനെന്ന ആനയെ മെരുക്കാനുള്ളതാണ് റമളാന്‍. അതൊരു ഉഗ്രന്‍ പന്തി തന്നെയാണ്. വഴിവിട്ട തീറ്റയില്ല, കുടിയില്ല, ഭോഗമില്ല. കാമം തെറിക്കുന്ന നോട്ടമില്ല. ദൂഷണം ചീറ്റുന്ന സംസാരങ്ങളില്ല. എല്ലാറ്റിനും നിയന്ത്രണം. കയറിട്ടു വരിഞ്ഞ മനുഷ്യനാന.

മനുഷ്യനൊരു തടസ്സമുണ്ട്. ഒരു മതില്‍ ഒരു മറ. ഏതാണതെന്നറിയുമോ? നമ്മുടെ വണ്ണിച്ചു നില്‍ക്കുന്ന ഈ ശരീരം. അതിലെ ചോരക്കൊപ്പം തോളില്‍ കയ്യിട്ട് കൂടെ ഓടുന്ന അസത്തുണ്ട്. പിശാച്, ശ്വൈത്വാന്‍, മനുഷ്യന്‍റെ ശത്രു. അഭിശപ്തന്‍. റജീം. മനുഷ്യന്‍റെ രക്തമോടുന്നിടത്തെല്ലാം പിശാചുമോടുന്നു.”(ഹദീസ്)
മറ പൊളിച്ചാലെ വെളിച്ചം വരൂ. മതില്‍ തകര്‍ത്താലേ സ്വാതന്ത്ര്യം കിട്ടൂ. ഈ മതിലിനപ്പുറത്താണ് മലകൂത്തുള്ളത്. ആകാശ മണ്ഡലങ്ങളുടെ അദൃശ്യലോകമുള്ളത്. അസ്റാറുകളുടെ ഗുപ്ത പ്രപഞ്ചങ്ങളുള്ളത്. ഹദീസിലുണ്ടല്ലോ. മനുഷ്യ മനസ്സുകളിലൂടെ ശ്വൈാന്‍ മേയുന്നില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ആകാശമണ്ഡലങ്ങളിലെ അദൃശ്യങ്ങള്‍ കാണാമായിരുന്നു’ എന്ന്.

പ്രത്യക്ഷ പ്രപഞ്ചം കണ്ണുകള്‍ക്കുള്ള കുറിമാനമാണ്. എന്നാല്‍ ഗുപ്ത പ്രപഞ്ചം വെളിപ്പെട്ട് കാണണമെങ്കില്‍ അകക്കണ്ണ് തുറന്നു കിട്ടണം. അകക്കണ്ണ് മണ്ണ് മൂടിക്കിടക്കുകയാണ്. ശരീരമാണീ മണ്ണ്. ആ മണ്ണു മാറ്റണമെങ്കില്‍ ശരീരത്തെ മെരുക്കണം. ജഡികമായ കെട്ടുപാടുകളെ പറിച്ചു മാറ്റണം. ഇതിനേറ്റവും നല്ല പോംവഴിയെന്താണ്? ഇമാം റാസി(റ) പറയുന്നു അതൊന്നേ ഒന്ന് നോന്പ്.”
അകക്കണ്ണ് തുറപ്പിക്കുകയാണ് ഖുര്‍ആന്‍റെ ദൗത്യം. ശരീരത്തെ വരിഞ്ഞു കിടത്തിയാലേ അതു സാധ്യമാവൂ എന്നു പറഞ്ഞാല്‍ മനുഷ്യന്‍റെ ഒന്നാം തലമായ ധൈഷണിക വിതാനത്തേയും രണ്ടാംതലമായ വൈകാരിക വിതാനത്തെയും അപേക്ഷിച്ച് ഇതിനാവശ്യം ജഡിക പരിശീലനങ്ങളാണ് എന്നു വന്നു. ഇനി പറ! ഈ മൂന്നിനും പറ്റിയ മാസമേത്? വിശുദ്ധഖുര്‍ആന്‍ അവതീര്‍ണമായ പുണ്യറമളാന്‍ തന്നെ.

സൈക്കോളജി ഒരു ഭൗതിക ശാസ്ത്രമാണ്. ആയത് കൊണ്ടു തന്നെ അതിന് അതിന്‍റേതായ പരിമിതികള്‍ ഉണ്ടാകും. മനുഷ്യനെ ധൈഷണികം, വൈകാരികം, ജഡികം എന്നിങ്ങനെ മൂന്ന് തലങ്ങളിലേക്ക് മാത്രമായി വെട്ടിയെടുക്കുന്നത് തേങ്ങയെ പുറന്തോട്, ചകിരിക്കാട്, ചിരട്ടക്കോട്ട എന്നീ മൂന്ന് അടരുകള്‍ മാത്രമായി അവതരിപ്പിക്കുന്നത് പോലെ നോളത്തരമാണ്. സത്യത്തില്‍ തേങ്ങയെന്നാല്‍ അത് മൂന്നും അല്ലേയല്ല മറിച്ച് ആ മൂന്നിനും അകത്തുള്ള വെള്ളക്കാന്പും അതിനകത്തുള്ള തേന്‍നീരുമല്ലേ?

മനുഷ്യന്‍റെ കാര്യവും ഇങ്ങനെ തന്നെയാണ്. കണ്ണടഞ്ഞ സൈക്കോളജി, മനുഷ്യനെ കണ്ടത് ചിരട്ടയായും, ചകിരിയായും പുറംന്തോടുമായാണ്, എന്നിട്ട് അത് മൂന്നും ആദരവോടെ കൈക്കലാക്കി നെഞ്ചത്ത് ചേര്‍ത്തു പിടിച്ച്, കാന്പിനെയും അതിനകത്തെ തേനിനേയും കെട്ട മുട്ടയെ പോലെ അകലേക്കറിഞ്ഞുടക്കുകയാണ് ജാമൂസ് സൈക്കോളജി ചെയ്യുന്നത്. Howard Gardnerനെപ്പോലുള്ളവര്‍ ഇയ്യിടെയായി Spiritual Intelligenceനെ വകവെച്ചുതരുന്നു എന്നുള്ളത് അന്തംവെപ്പിന്‍റെ സൂര്യനുദിപ്പായി നമുക്ക് വിലയിരുത്താം.

യഥാര്‍ത്ഥത്തില്‍ പരിപ്പ് കിടക്കുന്നത് ആത്മീയ തലത്തിലാണ്. അവിടെയാണ് തത്ത ഇരിക്കുന്നത്. ബാക്കിയൊക്കെ കൂടു മാത്രമാണ്. പക്ഷേ, തത്തയെ പിടിക്കണമെങ്കില്‍ കൂട് തുറക്കാതെവയ്യ. കൂടു തുറന്ന് കിട്ടാന്‍ ഈ പറഞ്ഞ മൂന്നഴികളും മനോഹരമായി തകര്‍ക്കണം. അവ അടിച്ച് തകര്‍ക്കാന്‍ പറ്റിയ ഏറ്റവും ഉറപ്പുള്ള ഹാമ്മറാണ്’ നോന്പ്.

ഉള്ളില്‍ തട്ടുമാറ് വിശന്നാല്‍, ഏതു കിങ്കരനും കുഴഞ്ഞു വീഴും. വിശപ്പ് സഹിക്കാന്‍ വയ്യാതെ ശിഷ്യന്‍റെ ചോറ്പൊതി കട്ടെടുത്ത കഥ കാരൂര്‍ എഴുതിയിട്ടുണ്ട്. വിശപ്പിന്‍റെ ഭ്രമാവസ്ഥയില്‍ ഹോട്ടലില്‍ കയറി കാശില്ലാതെ ദോശതിന്നതിന് പട്ടരുടെ കിഴുക്കും മുക്കാചാക്ക് ഉള്ളിത്തോല് പൊളിക്കേണ്ട ശിക്ഷയും കിട്ടിയപ്പോള്‍ വിശപ്പ് മാറ്റാന്‍ ഇനി നല്ലത് ശരീരത്തിലെ ചോരയൂറ്റി വില്‍ക്കുകയാണെന്ന് കണ്ടെത്തിയ അനുഭവം ചുള്ളിക്കാട് എഴുതിയിട്ടുണ്ട്.

അപ്പോള്‍ മനുഷ്യനിലെ ആത്മീയത മുളപ്പിച്ചെടുക്കാന്‍ തന്‍റെ ശരീരമാകുന്ന കണ്ടം ഉഴുതു മറിക്കണം. അക്കാര്യം ഭംഗിയായി നോന്പ് ചെയ്ത് കൊള്ളും. അങ്ങനെ പാകമായ കൃഷിയിടത്തിലേക്ക് ബുദ്ധിയേയും വികാരത്തേയും കോരിത്തരിപ്പിച്ച് കൊണ്ടാണ് ഖുര്‍ആന്‍ പെയ്തിറങ്ങുക.

റമളാന്‍ മാസത്തിലെ ശാരീരിക പീഡകള്‍ തീര്‍ച്ചയായും മനുഷ്യന്‍റെ വൈകാരിക തലത്തെ സ്വാധീനിക്കും. വയറ് നിറച്ച് ഉണ്ട് ക്യാഷ് കൗണ്ടറിലെ ഈസി ചെയറിലിരുന്ന് കറങ്ങുകയും ഏന്പക്കങ്ങളുടെ അകന്പടിയോടെ കറന്‍സി കെട്ടുകള്‍ എണ്ണിമാറ്റുകയും ചെയ്യുന്ന മുതലാളിയുടെ മനോഗതിയില്‍ നിന്നും വ്യത്യസ്തമായിരിക്കും, സന്ധ്യാസമയത്ത് ഒട്ടിയ വയറും, വരണ്ട ചുണ്ടുകളും ചാഞ്ഞ കണ്ണുകളുമായി പള്ളിയില്‍ തളര്‍ന്നിരിക്കുന്ന ആളുടേത്. അയാള്‍ വിശപ്പിന്‍റെ പുളപ്പറിയുന്നു. ദാഹത്തിന്‍റെ ആഴമറിയുന്നു. ഓര്‍ക്കണം, ഇല്ലാഞ്ഞിട്ട് തിന്നാതിരിക്കുകയല്ല, ഉണ്ടായിട്ടും മനഃപൂര്‍വ്വം ത്യജിക്കുകയാണ്. ശരീരത്തിലേയും മനസ്സിലേയും പിശാചുപുള്ളികള്‍ കീഴടങ്ങുകയാണ്. പൊതുവെ ഖുര്‍ആന്‍റെ മാസം പിശാചിന് വറുതിയുടെ നാളുകളാണ്. റമളാനായാല്‍ പിശാചുക്കളെ കെട്ടിയിടുമെന്ന് ഹദീസിലുണ്ട്.

നോന്പെന്നാല്‍ വെറും തീറ്റയും കുടിയും ഒഴിവാക്കലല്ല. അത് കേവലമായ ആന മെരുക്കലില്‍ നിന്ന് വ്യത്യസ്തമാണ്. നോന്പില്‍ നടക്കുന്നത് ബോധപൂര്‍വ്വമായ ത്യാഗങ്ങളും സഹനങ്ങളുമാണ്. ആനയുടേതങ്ങനെയല്ല. നിവൃത്തിയില്ലാതെ സഹിക്കുകയാണ്. അപ്പോള്‍ ഓവറോള്‍ പങ്കാളിത്തമില്ലാതെ, കേവലം ജന്തുതലത്തിലുള്ള ചില സ്വയം പീഡകള്‍ കൊണ്ട് വരിക്കാവുന്നതല്ല ഇസ്ലാമിക നോന്പ്. അത് അങ്ങനെ തന്നെ ഹദീസില്‍ വന്നിട്ടുണ്ട് ഒരാള്‍ക്ക് അനാവശ്യ സംസാരവും ദുര്‍വൃത്തിയും ഒഴിവാക്കാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ അയാള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചു കൊള്ളണമെന്ന യാതൊരു ആവശ്യവും അല്ലാഹുവിനില്ല.’ (ഹദീസ്)

എത്ര രാത്രി നിസ്കാരക്കാര്‍! പക്ഷേ, ആ രാത്രി നിസ്കാരം കൊണ്ട് ഉറക്കം പോയി എന്നല്ലാതെ ഒരു മിച്ചവുമില്ല. എത്ര നോന്പുകാര്‍! ആ നോന്പ് കൊണ്ട് ദാഹം സഹിച്ചു എന്നല്ലാതെ ഒരു ഗുണവുമില്ല.” (ഹദീസ്)
നിങ്ങള്‍ നോന്പെടുത്താല്‍ അസഭ്യം പറയരുത്. അവിവേകം പ്രവര്‍ത്തിക്കരുത്. ഇനി ആരെങ്കിലും ചീത്ത പറഞ്ഞാല്‍ അല്ലെങ്കില്‍ പോരിന് വന്നാല്‍ പറഞ്ഞേക്കുക ഞാന്‍ നോന്പുകാരനാണ്. ഞാന്‍ നോന്പുകാരനാണ്.” (ഹദീസ്)

അപ്പോള്‍ നാവിനും വായ്ക്കും കണ്ണിനും കാതിനുമെല്ലാമുണ്ട് നോന്പ്. ആരെങ്കിലും കൈ മടക്കി തല്ലാന്‍ വന്നാല്‍ പോലും പ്രതികാരമില്ല. അപ്പോള്‍ വേണ്ടത് ആത്മസംയമനം. അപ്പോള്‍ പറയുക! ഞാന്‍ നോന്പുകാരനാണ്. ഞാന്‍ നോന്പുകാരനാണ്. ഇതെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന ചര്‍ച്ചയില്‍ ഇമാം നവവി(റ) ശറഹു മുസ്ലിമില്‍ ഉദ്ധരിക്കുന്ന ഒരഭിപ്രായം, സ്വന്തത്തോടുള്ള നിര്‍ദ്ദേശമാണെന്നാണ്. അഥവാ ഓട്ടോ സജഷന്‍! നാം മനസിന് കൊടുക്കുന്ന വാചാ നിര്‍ദേശങ്ങള്‍ ശരീരത്തെ ശക്തമായി സ്വാധീനിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. Hypnotism എന്ന ഗ്രന്ഥത്തില്‍ Barron Nils Posse പരീക്ഷണ സഹിതം ഇതു വിശദീകരിക്കുന്നുണ്ട്. ഓട്ടോ സജഷന്‍റെ ആധികാരിക വക്താവായ ഇമെയില്‍ കോണ്‍ എഴുതുന്നു ഒരേ വാക്ക് ആവര്‍ത്തിച്ച് ഉരുവിടുന്പോള്‍ നിങ്ങളതേക്കുറിച്ച് ചിന്തിക്കേണ്ടതായി വരും. അങ്ങനെ ചിന്തിക്കുന്പോള്‍ അവ നിങ്ങള്‍ക്ക് ശരിയായി ഭവിക്കുകയും യാഥാര്‍ത്ഥ്യമാക്കി മാറ്റിയെടുക്കാനാവുകയും ചെയ്യും.’

നോന്പുകാര്‍ ചീത്ത വാക്കുകള്‍ പറയരുതെന്ന് പറഞ്ഞു. നല്ലതേ ഉരുവിടാവൂ. ഓരോ വേളയിലും ചൊല്ലേണ്ട സദ്വചനങ്ങളുണ്ട്. തൗഹീദിന്‍റെ സാക്ഷ്യപ്പെടുത്തല്‍, സ്വര്‍ഗയാചന, നരകമുക്തി, കാരുണ്യയാചന തുടങ്ങിയവയാണ് അവയുടെ പ്രമേയം. അവയെല്ലാം മനസിനേയും ശരീരത്തേയും സ്വാധീനിക്കുന്നു എന്നാണല്ലോ ഓട്ടോ സജഷന്‍ പഠനങ്ങള്‍ തെളിയിക്കുന്നത്.

നോന്പുകൊണ്ട് ഒരാള്‍ ആകെ ഇളകണം. ശുദ്ധിയാവണം. സ്ഫുടപ്പെടണം. റമള’ എന്ന വാക്കിന്‍റെ അര്‍ത്ഥം കരിച്ചു’ എന്നാണ്. ദോഷങ്ങളെ കരിക്കുന്നു എന്ന പരികല്പനയില്‍ ആണിത് പറയുന്നത്. പക്ഷേ, അത് ശരീരത്തേയും കരിക്കുന്നുണ്ട്. ശരീരത്തില്‍ പതിനൊന്ന് മാസമായി കെട്ടിക്കിടക്കുന്ന ദുര്‍മേദസ്സുകളുടെ അടരുകളെ റമളാന്‍ നോന്പ് ഉരുക്കി ഇല്ലാതാക്കുന്നു. നോന്പ് നോറ്റാല്‍ ആരോഗ്യം കൂടുകയാണ് ചെയ്യുക. ഹദീസിലതുണ്ട്.

കരിക്കലിന് വേറെയുമുണ്ട് മാനങ്ങള്‍. കൊല്ലപ്പണിക്കാരന്‍റെ ഉല ലോഹങ്ങളെ പഴുപ്പിച്ച് മാലിന്യം നീക്കാറില്ലേ. എന്നപോലെ മനുഷ്യനില്‍ നിന്നും പലതരത്തിലുള്ള മാലിന്യങ്ങളും ഉരുക്കി പുറത്തേക്കൊഴുക്കാന്‍ ഈ വ്രതത്തിനാകും.

റമളാന്‍ എന്ന ശബ്ദം റമളാഅ്’ല്‍ നിന്നാണെന്നുമുണ്ട്. പൊള്ളുന്ന വേനല്‍ചൂടിന് തൊട്ടുപിറകെയായി ആര്‍ത്തുവരുന്ന പുതുമഴയാണ് റമളാഅ്. പുതുമഴ കഴിഞ്ഞാല്‍ ഒരു കുത്തി ഒഴുക്കാണ്. മാലിന്യങ്ങളെല്ലാം മലവെള്ളപ്പാച്ചിലില്‍ നിലകിട്ടാതെ ഒഴുകിയൊടുങ്ങുന്നു. റമളാന്‍ മാസം മനസ്സിലേ മാലിന്യങ്ങളെ തുടച്ച് കോരി ഒഴിവാക്കുന്നു.

പുതുമഴക്ക് പിറകെ, പച്ചപ്പിന്‍റെ പുതുനാന്പുകള്‍ കിളിര്‍ക്കും. ഒരു മഴക്ക് ഭൂമി പച്ചച്ചു നില്‍ക്കും. ചില്ലയറ്റങ്ങളില്‍ തളിരിലകള്‍ കുളിച്ചൊരുങ്ങി വരുന്നു. റമളാന്‍ മഴയോടെ നമ്മുടെ ഉള്ളിലും നന്മയുടെ ചെറുചെടികള്‍ തളിരിടുന്നു. പിശുക്കന്‍ ധര്‍മ്മം തുടങ്ങുന്നു. അഹങ്കാരി വിനീതനാവുന്നു. തെമ്മാടി നല്ലവനാകുന്നു. കള്ളന്‍ സത്യവാനാകുന്നു.

അകകണ്ണിന്‍റെ പോളകള്‍ വിരിഞ്ഞു വരുന്നു. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ മലകൂത്തിലേക്കുള്ള വഴി ഇവിടെ തുറന്ന് കിടപ്പുണ്ട്. അവയിലേക്ക് ദിശ കാണിച്ചു തരുന്ന ഒരു വെളിച്ചം വേണം. അതാണ് ഖുര്‍ആന്‍. വെളിച്ചമുണ്ടായാലും കാണാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. കണ്ണിന്‍റെ പാട പൊഴിയണം. അതിനാണ് റമളാന്‍. മനുഷ്യന്‍ ഒതുങ്ങി ഒതുങ്ങി ഉബൂദിയ്യത്തിന്‍റെ തലങ്ങളിലെത്തുന്പോള്‍ അവന് റബൂബിയ്യത്തിന്‍റെ അത്യുന്നതങ്ങളിലേക്ക് കാഴ്ച ലഭിക്കുന്നു. ഖുര്‍ആന്‍റെയും റമളാന്‍റെയും സംഗമബിന്ദുവില്‍ വച്ച്.

ഫൈസല്‍ അഹ്സനി ഉളിയില്‍

You must be logged in to post a comment Login