പൊറോട്ടക്കു വേണ്ടി ഒരിറ്റു കണ്ണീര്‍

പൊറോട്ടക്കു വേണ്ടി ഒരിറ്റു കണ്ണീര്‍

റമളാനിലെ ഒരു പകല്‍ പിന്‍വാങ്ങിത്തുടങ്ങുകയാണ്. നീലച്ചായം തൂവിയ മേഘക്കീറുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ സൂര്യ രശ്മികള്‍ തെക്കെ വയലിന്‍റെ മാറിടത്തില്‍ മഞ്ഞപ്രകാശം പരത്തി. ഇളം കുളിരുള്ള കാറ്റ് ചുറ്റിയിറങ്ങിയപ്പോള്‍ എള്ളിന്‍ചെടികള്‍ നൃത്തം ചെയ്തു.

ചെടികളുടെ അരികിലൂടെയുള്ള നടവഴിയിലൂടെ ഞാനും ഇക്കാക്കയും നടക്കുകയാണ്. ഇക്കാക്കാന്‍റെ തോള്‍ പിടിച്ചു താഴ്ത്തി ചെവിയില്‍ മെല്ലെ പറഞ്ഞു ഇനിക്ക് നോന്പില്ലാന്ന് ആരോടും പറയര്ത്ട്ടോ”. ഇകാക്ക തലകുലുക്കി സമ്മതിച്ചു. മൊല്ലാക്കാന്‍റെ വീട്ടിലെ നോന്പുതുറയാണ്. വീട്ടില്‍ വന്ന് ക്ഷണിച്ചിരുന്നു. ഉപ്പ നാട്ടിലില്ലാത്തതിനാല്‍ പ്രതിനിധികളായി നിയോഗിക്കപ്പെട്ടവരാണ് ഞങ്ങള്‍.

മൊല്ലാക്കാന്‍റോട്ക്ക് നോന്പൊറക്കാന്‍ ങ്ങള് രണ്ടാളും കൂടി പൊയ്ക്കോളീ” എന്ന് രാവിലെത്തന്നെ എന്നോട്ടും ഇക്കാക്കയോടുമായി ഉമ്മ പറഞ്ഞിരുന്നു. നോന്പില്ലാത്ത ഞാന്‍ നോന്പ് തുറക്കാന്‍ പോവ്വേ…? ഞാനില്ല.”

ഞാന്‍ വിസമ്മതം അറിയിച്ചു. അനക്ക് നോന്പുള്ളതും നോന്പില്ലാത്തതും അവിടുള്ളോര് അറ്യോ? പിന്നെ, നല്ല കോഴിം പൊറോട്ടീം തിന്ന് വരാ, വേണെങ്കി പൊയ്ക്കോ…” പൊറോട്ട എന്ന് കേട്ടപ്പോള്‍ പോയാല്‍ തരക്കേടില്ല എന്നെനിക്കും തോന്നി.
ആപ്പിള്‍, മുന്തിരി, ഓറഞ്ച്, പൈനാപ്പിള്‍, പഴംപൊരി, സമൂസ, കട്ലറ്റ്, പൊറോട്ട, പത്തിരി, കോഴിക്കറി, ബീഫ്രൈ തുടങ്ങി മൊല്ലാക്കാന്‍റെ വീട്ടില്‍ ഉണ്ടാകാവുന്ന സാധനങ്ങള്‍ ഞാനൂഹിച്ചു. പൊറാട്ടയായിരുന്നു മറ്റെല്ലാറ്റിനെക്കാളും ഇഷ്ടം. മറ്റുള്ളവ പലപ്പോഴും ലഭിക്കുന്ന സാധനങ്ങള്‍ തന്നെ. മദ്രസയിലെയും സ്കൂളിലെയും കൂട്ടുകാര്‍ കോഴീം പോറോട്ടീം കഴിച്ചതിന്‍റെ പോരിശ’ പറയുന്നത് കേട്ട് പലപ്പോഴും നാവില്‍ വെള്ളം ഊറിയിരുന്നു.

നോന്പ് പൂര്‍ത്തിയാക്കി നോല്‍ക്കാന്‍ ചില ശ്രമങ്ങളൊക്കെ ഞാന്‍ നടത്തിയിരുന്നു. പത്ത് മണിവരെ, പന്ത്രണ്ട് മണിവരെ, മൂന്ന് മണി വരെ പോലും എന്‍റെ നോന്പ് നീണ്ടു നിന്നിട്ടുണ്ട്. പിന്നെ, വിശന്ന് ശരീരം തളര്‍ന്ന് കഴിയാതെയാകുന്പോള്‍ ഉമ്മ പറയും ഇനി നാളെ നോല്‍ക്കാം, നാളേം ഉച്ചവരെ നോറ്റാല്‍ ഒരു നോന്പാകും…!” അങ്ങനെ രണ്ട് ദിവസം ഹാഫ് നോന്പ് നോറ്റ് ഒരു നോന്പായി ഞാനെണ്ണും.
കൂട്ടുകാരോട് എണ്ണം പറയാനായി മാത്രമായിരുന്നു അന്നത്തെ നോന്പ്. ഞാന്‍ പത്ത് നോന്പ് നോറ്റു. ഇരുപത് നോറ്റു” എന്നൊക്കെ കൂട്ടുകാര്‍ വീന്പ് പറയുന്പോള്‍ മിതമായ ഒരു എണ്ണം ഞാനും പറയുമായിരുന്നു. അവര്‍ അവിശ്വസിക്കാതിരിക്കാനായി അവരെക്കാള്‍ കൂടുതല്‍ പറയാറുണ്ടായിരുന്നില്ല. എന്നാല്‍ വളരെ കുറവുമായിരുന്നില്ല.

ഞങ്ങളുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ മൊല്ലാക്കയുടെ വീട് കാണാം. വയലിലൂടെയുള്ള നടവഴി അവസാനിക്കുന്നിടത്ത് പൊടിമില്ല്. അതിന്‍റെ പിറകിലാണ് മൊല്ലാക്കയുടെ വീട്. ഓടിട്ട വീടിന്‍റെ മുറ്റത്ത് നോന്പുതുറയ്ക്കായി ടാര്‍പായ കൊണ്ട് ചെറിയ പന്തല്‍ കെട്ടിയിരുന്നു. പന്തലിന് താഴെ നിരവധിയാളുകള്‍ ബാങ്ക് വിളിക്കാനായോ എന്ന് ഇടക്കിടെ വാച്ചില്‍ നോക്കുന്നു.

ടാര്‍പായ കെട്ടിയ പന്തലിന്‍റെ താഴെ ഒരറ്റത്ത് കുട്ടികളോടൊപ്പം ഞങ്ങള്‍ ഇരുന്നു. അപരിചിതരായിരുന്നു കുട്ടികളില്‍ മിക്കവരും. മൊല്ലാക്കയുടെ പേരക്കുട്ടികളോ മറ്റു ബന്ധുക്കളായ കുട്ടികളോ ആവും.

കുട്ടികളൊക്കെ ഇങ്ങോട്ട് ഇരുന്നോളീന്‍.”
കോലായില്‍ വിരിച്ച പായയിലേക്ക് ഞങ്ങളെ ആരോ വിളിച്ചു. കൂടുതുറന്നു വിട്ട പക്ഷികളെപ്പോലെ കുട്ടികള്‍ കോലായിലേക്ക് പറന്നു.

മുന്നില്‍ വിരിച്ച സുപ്രയില്‍ വിഭവങ്ങള്‍ നിരന്നു. ഫ്രൂട്ടുകള്‍ക്ക് പുറമെ കരിച്ചതും പൊരിച്ചതും പലവക. പത്തിരി, പൊറോട്ട, ചൂടുള്ള കോഴിക്കറി, പോത്ത് വരട്ടിയത് എല്ലാം കെങ്കേമം. ഉള്ളിവടയിലേക്ക് നീണ്ട എന്‍റെ കൈ അടുത്തിരുന്ന ഇക്കാക്ക തടഞ്ഞു. എന്‍റെ കാതില്‍ മെല്ലെ മന്ത്രിച്ചു അത്ട്ക്കല്ലാ, ബാങ്കൊട്ത്തിട്ടില്ലാ…” ആരും കാണാതെ ഞാന്‍ കൈ പിന്‍വലിച്ചു.

അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍..” അങ്ങാടിപ്പള്ളിയുടെ കോണിക്കൂട്ടില്‍ കെട്ടിയ കാഹളത്തിലൂടെ മുക്രി മൊയ്തീന്‍ മുസ്ലിയാരുടെ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി. കാരക്ക ആദ്യം കഴിച്ചാണ് നോന്പ് തുറക്കേണ്ടത്. നോന്പില്ലാത്ത ഞാനും അങ്ങനെ തന്നെ ചെയ്തു. കരിച്ചതും പൊരിച്ചതും ആക്രാന്തം കാട്ടാതെ മെല്ലെ കഴിച്ച് പൊറോട്ട എടുക്കാന്‍ പാത്രത്തിലേക്ക് നോക്കിയപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി. പൊറോട്ടയുടെ ഏതാനും അവശിഷ്ടങ്ങള്‍ മാത്രമാണതില്‍ ബാക്കിയായുണ്ടായിരുന്നത്.

ഒന്നു രണ്ടു നൈസ് പത്തിരിയിട്ട് കറിയുമൊഴിച്ച്, പൊറോട്ടപ്പാത്രം റീഫില്‍ ചെയ്യപ്പെടുമെന്ന പ്രതീക്ഷയില്‍ പത്തിരിയും കുഴച്ച്, ഞാനിരുന്നു. പക്ഷേ, അതുണ്ടായില്ല. കൂടെയുണ്ടായിരുന്ന കുട്ടികള്‍ രണ്ടും മൂന്നും പൊറോട്ടകള്‍ ആദ്യമേ പ്ലെയ്റ്റിലിട്ട് സ്വന്തം ഭാഗം ക്ലിയറാക്കിയിരുന്നു.

സപ്ലൈ ചെയ്യുന്നവരാരും ഞങ്ങള്‍ കുട്ടികളുടെ ഭാഗം ശ്രദ്ധിച്ചതേയില്ല. പൊറോട്ട ലഭിക്കാത്തതില്‍ വിഷണ്ണനായ എന്‍റെ അന്നനാളം വാശിപിടിച്ച് പത്തിരി ഇറക്കാന്‍ കൂട്ടാക്കിയില്ല. എനിക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു… ഞാന്‍ പെരീക്ക് നടക്കാട്ടോ…” ഇക്കാക്കയോട് പറഞ്ഞ് ഞാനെഴുന്നേറ്റു. കോഴിക്കറിയില്‍ കുതിര്‍ന്ന പത്തിരി എന്‍റെ പ്ലെയിറ്റില്‍ അനാഥമായിക്കിടന്നു.

എള്ളിന്‍ചെടികളുടെ വയല്‍ കഴിഞ്ഞ് ഞങ്ങളുടെ തൊടിയിലേക്ക് കയറുന്പോള്‍ കിണറിനടുത്ത് ഉമ്മ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നോന്പൊര്‍ന്നീലേ…?” സ്നേഹാര്‍ദ്രമായ ആ ചോദ്യത്തിന് മുന്നില്‍ ഒന്നും പറയാനാവാതെ ഞാന്‍ വീര്‍പ്പുമുട്ടി നിന്നു. കണ്ണെന്തിനാണാവോ അപ്പോള്‍ കരഞ്ഞത്?

ഫവാസ് പുതുപ്പറന്പ്

You must be logged in to post a comment Login