ആശ്വാസതീരത്ത് നടക്കാനിറങ്ങാത്തവര്‍

ആശ്വാസതീരത്ത്  നടക്കാനിറങ്ങാത്തവര്‍

മുരീദുകളുടെ അധ്യാത്മിക പുരോഗതിക്ക് ശൈഖുമാര്‍ കൗതുകം ജനിപ്പിക്കുന്ന പരിശീലന മുറകള്‍ കല്‍പിക്കാറുണ്ട്. കര്‍മശാസ്ത്ര പ്രകാരമുള്ള കേവല അനുവാദങ്ങള്‍ (ഹലാല്‍/ മുബാഹ്/ ജാഇസ്) വര്‍ജ്ജിക്കുവാനുള്ള കല്പന അവയിലൊന്നാണ്. പകരം, അല്ലാഹുവിന്‍റെ അഭീഷ്ടത്തിനനുഗുണമായ കല്പനകളും, നിര്‍ദേശങ്ങളും പാലിക്കുന്ന ശീലം വര്‍ധിപ്പിക്കുവാന്‍ ശൈഖുമാര്‍ നിഷ്കര്‍ഷിക്കുന്നു. കേവല അനുവദനീയ കാര്യങ്ങളുമായി ഇടപഴകി ജീവിക്കുന്പോള്‍ യാതൊരുവിധ ആധ്യാത്മിക പുരോഗതിയും പ്രാപിക്കാനാവില്ലെന്നതാണതിന്ന് കാരണമായിപ്പറയുന്നത്. വിധിവിലക്കുകള്‍ക്കിടയിലെ ഇടത്താവളം മാത്രമാണ് കേവല അനുവാദങ്ങള്‍. അടിയാര്‍കള്‍ക്ക്, ശാസനകളുടെ ഭാരമിറക്കിവെച്ച് ഒന്ന് ആശ്വസിക്കാനുള്ള അത്താണിയായിട്ടാണ് അല്ലാഹു കേവല അനുവാദങ്ങളെ വെച്ചിട്ടുള്ളത്. കല്പിച്ച കാര്യങ്ങളില്‍ ഇഷ്ടത്തോടെ മുഴുകിയോ വിലക്കിയ കാര്യങ്ങള്‍ അനിഷ്ഠത്തോടെ വര്‍ജ്ജിച്ചോ സദാനേരം പിടിച്ചുനില്ക്കുക ശ്രമകരമാണല്ലോ. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ശൈഖ് മുരീദിനെ ഈ ആശ്വാസതീരത്ത് അലയാന്‍ വിടാറില്ല. കേവല അനുവാദങ്ങളുടെ സ്വാതന്ത്ര്യം കുറച്ച് പരമാവധി അടിമത്തത്തിന്‍റെ ദുഷ്ക്കരമായ പാതയിലൂടെയായിരിക്കും ആത്മബലമുള്ള മുരീദുമാര്‍ക്ക് സഞ്ചരിക്കേണ്ടി വരിക. സുഖഭോഗങ്ങളുടെ ഇളവുകള്‍ തേടി മുരീദിന്‍റെ ആയുസ്സുകളയുന്ന ദൗര്‍ബല്യത്തില്‍നിന്നും രക്ഷപ്പെടുത്തുകയാണ് ശൈഖ്.

ഇമാം ശഅ്റാനി (റ) പറയുന്നു ഇത്തരം പരിശീലനക്കളരി ശീലിക്കുന്നവര്‍ ഇസ്ലാമിലെ ഐഛിക കര്‍മങ്ങളെ (സുന്നത്ത്) നിര്‍ബന്ധ കര്‍മങ്ങള്‍ (വാജിബ്) പോലെ സഗൗരവം ശ്രദ്ധിച്ചു ചെയ്യും. ചെയ്താല്‍ കുറ്റമില്ലാത്ത അനിഷ്ടങ്ങളെ നിഷിദ്ധ കാര്യങ്ങളെ പോലെ അകറ്റി നിര്‍ത്തും. അനുവാദമുള്ള, ചെയ്യാം എന്നു പറഞ്ഞ സൗകര്യങ്ങളെ വേണ്ടെന്നു വെക്കും. ചെയ്താല്‍ കുറ്റമില്ലെന്ന് കര്‍മശാസ്ത്രം പറഞ്ഞ അനിഷ്ഠങ്ങള്‍ വന്നുപോയാല്‍ ഹറാം ചെയ്തപോലെ മനസ്സ് തപിക്കും. ഖേദക്കണ്ണീര്‍ വാര്‍ക്കും. സുന്നതുകള്‍ വിട്ടുപോയാല്‍ ഒരു വാജിബ് വിട്ടുപോയ പോലെ വിഷമിക്കും. ഔന്നത്യം പ്രാപിക്കാനാഗ്രഹിക്കുന്നവരുടെ വിചാര വ്യത്യാസമാണിത്. അതോടൊപ്പം സദ്വിചാരം കൊണ്ട് ചെയ്യുന്ന കേവല അനുവാദങ്ങളെത്തന്നെ അവര്‍ പ്രതിഫലാര്‍ഹമായ ഇബാദത്തുകളാക്കി മാറ്റുന്നു. അവര്‍ ഭക്ഷണം കഴിക്കുന്നത് ഇബാദത്തുകള്‍ ചെയ്യാനുള്ള ശാരീരികശേഷി നിലനിര്‍ത്താനാണ്. പകലുറങ്ങുന്നുവെങ്കില്‍ അത് രാത്രി നിസ്കാരത്തിന്‍റെ ദൈര്‍ഘ്യമേറ്റാനാണ്. മഹാഗുരു അബുല്‍ഹസന്‍ ശാദുലി(റ) ഉറക്കത്തെ വിര്‍ദായി പരിഗണിച്ചു. അദ്ദേഹം കൂടെയുള്ളവരോട് പറയും ഞാന്‍ സ്വയം എഴുന്നേല്‍ക്കുകയല്ലാതെ ആരും ശയനമന്ത്രത്തില്‍ നിന്നും ഉണര്‍ത്തരുത് (അല്‍ഉഹൂദുല്‍മുഹമ്മദിയ്യ).
ജ്ഞാനികള്‍ വാജിബും അതിനോടടുത്ത സുന്നതും കൊള്ളാവുന്ന (ഔലാ) സംഗതികളും എപ്പോഴും അനുഷ്ഠിക്കുന്നവരാണ്. വിലക്കപ്പെട്ടതും (ഹറാം) അനിഷ്ഠകരമായതും (കറാഹത്) അഭികാമ്യമല്ലാത്തതും (ഖിലാഫുല്‍ഔലാ) വര്‍ജ്ജിക്കുകയാണവരുടെ ശീലം. മുരീദുമാരോട്, ദീനില്‍ അനുവാദമുള്ള കാര്യങ്ങള്‍ തന്നെ വിലക്കുന്ന ശൈഖുമാരെ നിഷേധാത്മകമായി നിരൂപിക്കുന്നത് എടുത്തുചാട്ടമായി ഭവിച്ചേക്കാം. അനുവാദങ്ങളെ വിലക്കാന്‍ ഇയാളാര് എന്ന രോഷം ആലോചിച്ചേ പറ്റൂ. അവര്‍ മറ്റൊരു നിലവാരത്തിലാണുള്ളത്.

തിരുനബിയുടെ ശിക്ഷണ രീതികളില്‍ ഇതിനു മാതൃകയുണ്ട്. അവിടുന്ന് ചില ശിഷ്യരെ കേവല അനുവാദങ്ങളില്‍ നിന്നും വിലക്കിയിട്ടുണ്ട്. പ്രിയപുത്രി ഫാത്വിമ(റ)യെ പട്ടുധരിക്കാനും, സ്വര്‍ണമണിയാനും അനുവദിച്ചില്ല. എന്നാല്‍ മറ്റു സ്ത്രീകള്‍ക്ക് ഇത് അനുവദിക്കുകയും ചെയ്തു. ഫാതിമാ, ദുന്‍യാവില്‍ പട്ടുധരിച്ചവര്‍ക്ക് ആഖിറത്തില്‍ അതു ധരിപ്പിക്കില്ലട്ടോ. ഫാത്വിമയോടുള്ള പ്രത്യേക നിര്‍ദ്ദേശമായിരുന്നുവത്. പ്രിയപത്നി ആഇശ(റ) ദിനേന രണ്ടുതവണ ഭക്ഷണം കഴിക്കുന്നത് വിലക്കി. പകലില്‍ രണ്ടുതവണ ഭക്ഷിക്കുന്നത് ധൂര്‍ത്താണ്. അല്ലാഹു ധൂര്‍ത്തരെ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ വിശക്കുന്നുവെങ്കില്‍ എത്രതവണയും ഭക്ഷിക്കാമെന്നാണ് ഇസ്ലാമിലെ അനുവാദം. ദിവ്യജ്ഞാനികളായ ശൈഖുമാരുടെ രീതി തിരുനബി പാഠങ്ങളുടെ പകര്‍പ്പു മാത്രമാണ്. അവര്‍ ശിഷ്യര്‍ക്ക് അനുവാദമോഹസുഖങ്ങളെ തടയുന്നു. അനിവാര്യമല്ലാതെ ഉറങ്ങാന്‍ തുനിഞ്ഞാല്‍, വിശക്കാതെ ഉണ്ണാനൊരുന്പെട്ടാല്‍, മറവിയുണ്ടായാല്‍, സ്വപ്നസ്ഖലനമുണ്ടായാല്‍ ശൈഖ് മുരീദിനെ പിടികൂടുന്നു. ചിലപ്പോള്‍ രാപകലുകളില്‍ വല്ലപ്പോഴും നീണ്ട ഇരിപ്പു മടുത്തു കാല്‍നീട്ടി നീരോട്ടസുഖത്തിന് ശ്രമിച്ചാല്‍ പോലും ശൈഖ് കണ്ണുരുട്ടിയേക്കും. അവര്‍ക്ക് അതിനെല്ലാം കൃത്യമായ പ്രമാണങ്ങളുണ്ട്. ന്യായമുണ്ട്. നരകത്തില്‍ കടക്കുന്നവരുടെ കുറ്റപത്രം വെളിപ്പെടുത്തുന്ന കൂട്ടത്തില്‍ ഇങ്ങനെ കാണാം നിങ്ങളുടെ ഭൗതിക ജീവിതത്തില്‍ നിങ്ങള്‍ രുചികരമായ ഭക്ഷ്യവസ്തുക്കള്‍ അസ്വദിച്ചില്ലേ? (അഹ്ഖാഫ്/20). ആക്ഷേപം നിറഞ്ഞ ഈ ചോദ്യത്തില്‍ നിന്നും ചില സൂചനകള്‍ സ്വര്‍ഗമാഗ്രഹിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. സുഖഭോഗങ്ങളില്‍ നിമഗ്നരാകുക വഴി പരലോകം വിസ്മരിക്കുകയായിരുന്നു സത്യനിഷേധികള്‍. അര്‍ഹിക്കുന്ന ഭോഗസുഖങ്ങളെല്ലാം അനുഭവിച്ചില്ലേ, ഇനിയിവിടെ അവ പ്രതീക്ഷിക്കേണ്ടതില്ല എന്നാണവരോട് പറയുന്നത്. ഭൗതിക ജീവിതത്തില്‍ ഭോഗ സുഖങ്ങള്‍ ഏറുന്നതിനനുസരിച്ച് പരലോകത്തെ വിഹിതം കുറയും. മസ്ജിദുന്നബവിയുടെ ചെരുവുകളില്‍ പാര്‍ത്തിരുന്ന ശിഷ്യന്മാരോട് തിരുദൂതര്‍ ചോദിച്ചു കാലത്ത് ഒരു പുതുവസ്ത്രവും. വൈകിട്ട് മറ്റൊരു പുതുവസ്ത്രവും അണിയുന്ന നാള്‍, പ്രഭാതത്തിലും സായാഹ്നങ്ങളിലും വൈവിധ്യമാര്‍ന്ന പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്ന നാള്‍, കഅ്ബയുടെ കിസ്വപോലെ സന്പൂര്‍ണമായി മറയ്ക്കുന്ന വീടുകളില്‍ വാഴുന്ന നാള്‍… അന്നാളിലാണോ അതല്ല ഇപ്പോഴത്തെ പരിതാപകരമായ സ്ഥിതിയിലാണോ (ദ്രവിച്ചു കീറിയ വസ്ത്രത്തിന്‍റെ ദ്വാരമടക്കാന്‍ തുണിക്കണ്ടം പോലും ഇല്ലായിരുന്നു തിരുദൂതരുടെ ആ ശിഷ്യന്മാര്‍ക്ക്) നിങ്ങള്‍ക്ക് ക്ഷേമം?. അവര്‍ പ്രതികരിച്ചു സുഖഭോഗങ്ങളുടെ ആ സ്വര്‍ഗീയ ദിനങ്ങളാണ് നല്ലത്. തിരുദൂതര്‍ (സ്വ) തിരുത്തി അല്ല,. ഈ സ്ഥിതിയാണ് നിങ്ങള്‍ക്കു നല്ലത് (റാസി).

വാഹിദിയെ സമഖ്ശരി ഉദ്ധരിക്കുന്നു പരലോകത്തെ പദവി സന്പൂര്‍ണമാകാന്‍ ഭൗതിക ജീവിതത്തോട് വിരക്തിയും വൈരാഗ്യവും പ്രധാനമായിക്കാണുന്നവരാണ് സജ്ജനങ്ങള്‍. സുഖഭോഗങ്ങള്‍ അനുവദിച്ച പരിധിയില്‍ അനുഭവിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതിനു വിലക്കില്ലായെങ്കിലും, ഭോഗസുഖങ്ങള്‍ ത്യജിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. അല്ലാതിരുന്നാല്‍ അവ ക്രമേണ ഭോഗശീലത്തിലേക്കും തുടര്‍ന്ന് ഇലാഹിനെ വിസ്മൃതിയില്‍ തള്ളുന്നതിലേക്കും നയിച്ചേക്കും. ഉമര്‍(റ)ന്‍റെ ജീവിത രീതി പ്രസിദ്ധമാണ്. വിശാലമായ ഇസ്ലാമിക ഭൂമികയുടെ ആധികാരിയായി വാഴുന്പോഴും തനി ഓലപ്പായയിലാണ് ഉമര്‍(റ) ശയിക്കാറുള്ളത്. ഖലീഫ ഉമര്‍(റ) ഉപയോഗിച്ചിരുന്ന കണ്ടംവെച്ച കോട്ട് പ്രസിദ്ധമാണ്. രുചികരമായ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിച്ചു. അവിടുന്ന് പാഠമുള്‍കൊണ്ടത് മേല്‍ ഉദ്ധരിച്ച സൂക്തത്തില്‍ നിന്നു തന്നെയാണ്. അല്ലാഹു ആക്ഷേപിച്ച ആ വിഭാഗത്തില്‍ ഉള്‍പ്പെടുമോ എന്നു ഞാന്‍ ഭയക്കുന്നു (ഇബ്നുകസീര്‍). മറ്റൊരിക്കല്‍ ഉമര്‍(റ) പറഞ്ഞു നാം വിചാരിച്ചാല്‍ പൊരിച്ചതും മാംസം ചേര്‍ത്തുള്ള ഭക്ഷണവും പഴക്കൂട്ടുകളുമൊക്കെ ഉണ്ടാക്കി കഴിക്കാമായിരുന്നു. പക്ഷേ ഇത്തരം മനുഷ്യരെ അല്ലാഹു ആക്ഷേപിക്കുന്നതു ഞാന്‍ കേള്‍ക്കുന്നു. (പ്രോക്ത സൂക്തമുദ്ധരിച്ചു കൊണ്ട് ഖുര്‍ത്വുബി). മാംസം ചേര്‍ത്തുള്ള ഭക്ഷണത്തെ സൂക്ഷിക്കുവീന്‍. മദ്യം പോലെ അതിന്നും ആസക്തിയുണ്ടാക്കാനുള്ള ശേഷിയുണ്ട്. ഖലീഫ മറ്റൊരിക്കല്‍ താക്കീതു ചെയ്തു. ഇവ ഹറാമാണെന്നല്ല പറഞ്ഞത് ജാഗ്രത പുലര്‍ത്തണമെന്നാണ്. ഭോഗവൈവിധ്യങ്ങളെ സൂക്ഷിക്കണം. അറബികളുടെ വസ്ത്രസംസ്കാരത്തെയും. പരുക്കന്‍ ജീവിതം ശീലിക്കുവീന്‍. അദ്ദേഹം ഉപദേശിച്ചു. പാദരക്ഷ ധരിക്കാതെയും നടക്കാന്‍ ശീലിക്കണമെന്നദ്ദേഹം നിര്‍ദ്ദേശിച്ചത് സമരവീര്യം വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനമെന്നോണമായിരുന്നു.

നരകത്തിലെ ഗ്വയ്യ് ഗര്‍ത്തത്തില്‍ നിപതിക്കുന്നവര്‍ സുഖഭോഗങ്ങളില്‍ നിമഗ്നരായവര്‍ തന്നെ. അതിനാല്‍ വിഷസര്‍പ്പത്തെയെന്ന പോലെ, വന്യമൃഗത്തെയെന്നപോലെയാണ് ബുദ്ധിയുള്ളവര്‍ ഭോഗവസ്തുക്കളെ സമീപിക്കാറുള്ളത്. തിരമാല ആസ്വദിക്കുന്ന കുട്ടികള്‍ അപകടമുഖത്താണുള്ളതെന്ന് ആര്‍ക്കാണറിയാത്തത്. ലുഖ്മാനുല്‍ഹകീം(റ)വുമായി ബന്ധപ്പെട്ട ഒരു കഥയോര്‍ക്കാം. അക്കരെ പാര്‍ക്കുന്ന ബന്ധുവീട്ടിലെ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ ആശ പ്രകടിപ്പിച്ച പത്നിയെ ആ സാത്വികന്‍ പറഞ്ഞയച്ചത് കത്തുന്ന ഒരു വിളക്കുമായാണ്. കല്യാണത്തില്‍ കൂടാം, പക്ഷേ, വിളക്കണയുന്നത് കാത്തോളണം. കണ്ണിന്നും കാതിന്നും നാക്കിന്നും മൂക്കിന്നും സുഖം നല്‍കുന്ന എല്ലാറ്റിലും പങ്കെടുത്ത്, വിളക്കണയാതെ തിരിച്ചെത്തിയ പത്നിക്കു പക്ഷേ, കഴിഞ്ഞതെല്ലാം ഓര്‍മയില്‍ നിന്നെടുത്ത് ഭര്‍ത്താവിന്ന് പറഞ്ഞു കൊടുക്കാന്‍ പറ്റിയില്ല. എനിക്കീ വിളക്ക് കെടാതെ നോക്കണ്ടേ എന്നായിരുന്നു ഭാര്യ വിശേഷങ്ങളാരാഞ്ഞ ഭര്‍ത്താവിനോട് മറുപടി പറഞ്ഞത്. വിളക്കണയരുതെന്നാഗ്രഹിക്കുന്ന വിശുദ്ധര്‍ ഭോഗസുഖങ്ങളെ സമീപിക്കുന്നത് നിലനില്പിനനിവാര്യമായ ഭൗതിക നിമിത്തങ്ങള്‍ എന്ന നിലയില്‍ മാത്രമാണ്. കോപമടക്കുന്നപോലെ മോഹമൊതുക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ് വിശുദ്ധര്‍. സഹജമായ ജന്തുവാസനകളെ താലോലിക്കാതെ, അവയെ ആവശ്യത്തിന് ഊട്ടിയശേഷം കുറ്റിയില്‍ കെട്ടിയിടുകയാണവരുടെ രീതി. ഉണക്കറൊട്ടി തനിവെള്ളത്തില്‍ കുതിര്‍ത്തും ഉപ്പുവെള്ളത്തില്‍ മുക്കിയും ഭക്ഷിച്ചിരുന്നവരുണ്ട്. ഇമാം സുയൂത്വിയുടെ ഗുരു മുഹമ്മദ് അല്‍മഗ്രിബി(റ) അവരിലൊരാളാണ്. വെള്ളത്തില്‍ കുതിര്‍ത്ത് റൊട്ടി തിന്നുന്ന ഗുരുശ്രേഷ്ഠരെ കണ്ടപ്പോള്‍ സുല്‍ത്വാന്‍ ഖ്വായ്തബായിക്കു അദ്ദേഹത്തോട് അലിവു തോന്നി ആയിരം ദീനാര്‍ സംഭാവന ചെയ്തു. പക്ഷേ, അദ്ദേഹമത് നിരസിച്ചു. എനിക്കതിന്‍റെയാവശ്യം കാണുന്നില്ല. (ഇമാം ശഅ്റാനി തന്‍ബീഹുല്‍മുഗ്തര്‍രീന്‍).

മനുഷ്യസഹജമായ മറവിക്കു ശിക്ഷ നല്‍കുന്നത് ശരിയാണോ എന്ന ചോദ്യത്തിന്ന് ദിവ്യജ്ഞാനികളുടെ കാര്യത്തില്‍ പ്രസക്തിയില്ല. വിസ്മൃതിക്കു ഇടയാക്കുന്ന അവഗണനയും അവധാനതയും ബോധസുഷുപ്തിയും അവര്‍ക്കിടയില്‍ ആക്ഷേപകരം. മറവി അകാരണമായി സംഭവിക്കുന്നതുണ്ട് അല്ലാത്തതും ഏറെയാണ്. നിറവാര്‍ന്ന ബോധവും ശ്രദ്ധയും മറയുന്പോഴാണ് അധിക മറവിയും സംഭവിക്കുന്നത്. അതായത് പല മറവിയും മറവിയല്ല അശ്രദ്ധ മാത്രമാണ്. ജലശൂന്യമായ ഒരിടത്തേക്കുള്ള യാത്ര. യാത്രയില്‍ ജലം കരുതാന്‍ മറന്നു. അല്ലെങ്കില്‍ കരുതിയ ജലം നഷ്ടപ്പെട്ടു അന്വേഷിച്ച് കണ്ടെത്തിയില്ല. അതിനാല്‍ തയമ്മും ചെയ്തു നിസ്കരിച്ചു. ഈ ഘട്ടത്തില്‍ അവന്‍റെ മറവിയും നഷ്ടപ്പെടുത്തലും ആക്ഷേപകരമായതിനാല്‍ നിസ്കാരം പിന്നീട് ആവര്‍ത്തിക്കണം. നജസ് പുരണ്ട വസ്ത്രമെടുത്തു നിസ്കരിച്ചു. അവനറിയാമായിരുന്നു നജസുള്ള കാര്യം. പക്ഷേ, അതു മറന്നു നിസ്കരിച്ചു. എങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടണമല്ലോ. ഇവിടെ മറവിയെ കുറ്റകരമായ അശ്രദ്ധയായിട്ടാണ് ദീന്‍ പരിഗണിച്ചത്. (അല്‍ഉഹൂദ്)

ശൈഖ് മുരീദിനെ മറവിയുടെ പേരില്‍ ശാസിക്കുന്നതിന് അവരുടേതായ ന്യായങ്ങളുണ്ട്. അവരുടെ പരിശീലനത്തിന്‍റെ ആത്മാവു തന്നെയും ജ്വലിക്കുന്ന ഇലാഹീ സ്മരണയെ പ്രാപിക്കുകയെന്നതാണ്. വിസ്മൃതിയുടെ നൂറ്റിയെന്പത് ഡിഗ്രി അങ്ങേപുറത്താണ് ദിക്റ്. ദിക്റില്‍ നിലയുറപ്പിക്കേണ്ടവര്‍ എങ്ങനെ ഇങ്ങേയറ്റത്തുവന്നു!! അങ്ങനെയൊരു അബദ്ധത്തെ അത്യപൂര്‍വ്വമായേ അവര്‍ സഹിക്കൂ. താല്‍പര്യമുണ്ടെങ്കില്‍ ഒരു സംഗതിയും മറക്കാനിടയില്ലല്ലോ. ശ്വാസോച്ഛ്വാസങ്ങളില്‍ അല്ലാഹുവെ ധ്യാനിക്കേണ്ടവര്‍ക്ക് സ്വയംകൃത വിസ്മൃതി സംഭവിക്കുന്നത് ആക്ഷേപകരം തന്നെയെന്ന് വ്യക്തം.

സ്വപ്നസ്ഖലനം ഇപ്രകാരം ബോധപൂര്‍വ്വമല്ലാതിരിക്കെ ശൈഖ് അത് ഗൗരവത്തോടെ കാണാറുണ്ട്. അനുവദനീയമല്ലാത്തത് കാണുകയും മനസ്സില്‍ അത് വ്യാപരിക്കുകയും ചെയ്യുക നിമിത്തമാണ് മിക്കപ്പോഴും ഇതു സംഭവിക്കുന്നത്. മനസ്സിന്‍റെ പ്രതലത്തിലെവിടെയോ മങ്ങിമയങ്ങുന്ന ആ ചിത്രത്തിനു മിക്കപ്പോഴും ഇബ്ലീസ് ജീവനിടും. ദൃഷ്ടിയിലൂടെ കടന്നുപോകുന്നവ മനസ്സകത്ത് വെക്കാതെ സ്വപ്നസ്ഖലനം സംഭവിക്കുക അത്യപൂര്‍വ്വമാണ്. സാധാരണക്കാരിലും പരിശീലനം തേടുന്ന ശിഷ്യരിലും മാത്രമേ ഇത്തരം അനൗചിത്യങ്ങള്‍ കണ്ടുവരുന്നുള്ളൂ. ശൈഖ് ജീലാനി(റ)യുമായി ബന്ധപ്പെട്ട സംഭവം തന്‍റെ അധ്യാത്മിക പരിശീലനത്തിന്‍റെ തുടക്കക്കാലത്തായിരുന്നു. നബിമാരെയും സുരക്ഷിത പദവിയിലെത്തിയ ഔലിയാക്കളെയും ഈ അനൗചിത്യം പിടികൂടാറില്ല. ഖലീഫ ഉമര്‍(റ)നെ കാണുന്ന മാത്രയില്‍ വഴിമാറി സഞ്ചരിക്കുന്നവനാണ് ഇബ്ലീസ്. അതിനാല്‍ സ്വപ്ന സ്ഖലന ഭയമുള്ളവര്‍ ഉറങ്ങുന്നതിനുമുന്പ് നെഞ്ചിനുമീതെ ഉമര്‍ എന്നു വിരല്‍ കൊണ്ടെഴുതി ഇബ്ലീസിനെ ഭയപ്പെടുത്തണമെന്നു ചില അധ്യാത്മിക ചികിത്സകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. (റൂഹുല്‍ബയാന്‍). വിശുദ്ധിനേടിയവര്‍ക്കുണ്ടാകുന്ന സ്വപ്നസ്ഖലനം അന്യചിത്രങ്ങളുടെ വിളയാട്ടഫലമായല്ല സംഭവിക്കുക. പൊതു മുസ്ലിംകളുടെ ഭൗതിക ആത്മീയ ക്ഷേമകാര്യങ്ങളില്‍ മുഴുകുന്നതിനിടയില്‍ ആത്മനിയന്ത്രണത്തിന്‍റെ നിമിഷങ്ങള്‍ നഷ്ടപ്പെടുക വഴിയാണ് ആക്ഷേപരഹിതമായ ഈ അനൗചിത്യങ്ങള്‍ സംഭവിക്കുക. അതിലവര്‍ പശ്ചാതപിക്കുകയും സ്വബോധം വീണ്ടെടുക്കുകയും ചെയ്യാറുണ്ട്.

ഗുരുശ്രേഷ്ഠര്‍ ഇബ്റാഹീമുബ്നു അദ്ഹം(റ) ഓര്‍ക്കുന്നു ഒരുരാത്രി ഞാന്‍ നിത്യമന്ത്രങ്ങളില്‍ (വിര്‍ദ്) മുഴുകിയിരിക്കവേ, കാല് രണ്ടും നീട്ടി വെച്ചിരിക്കുകയായിരുന്നു. പൊടുന്നനെ ഒരു ശബ്ദം ഇബ്റാഹീം, രാജസദസ്സില്‍ ഇപ്രകാരം കാല്‍നീട്ടിയിരിക്കുന്നത് ഉചിതമാണോ? ഇബ്റാഹീമുബ്നു അദ്ഹം(റ) ഈ സംഭവത്തിനു ശേഷം ഇരുപതു വര്‍ഷം ജീവിച്ചു. ഇക്കാലയളവില്‍ അദ്ദേഹം കാല്‍ നീട്ടിയിരുന്നിട്ടില്ല. അല്ലാഹുവിന്‍റെ സന്നിധിയില്‍ നില്‍ക്കുന്ന, മനസ്സാന്നിധ്യം കാത്തു സൂക്ഷിക്കേണ്ട ശിഷ്യര്‍, കാര്യമില്ലാതെ കാലുനീട്ടി സുഖിക്കുന്നതു പോലും ശൈഖ് ഇഷ്ടപ്പെടാതിരിക്കുന്നതിന്ന് മതിയായ കാരണമുണ്ട്.

അല്‍ഫിര്‍ദൗസി

You must be logged in to post a comment Login