കുഞ്ഞുഗസ്സയുടെ ചോര വെറുതെയായില്ല

കുഞ്ഞുഗസ്സയുടെ  ചോര വെറുതെയായില്ല

ഈ കുറിപ്പ് എഴുതാനിരുന്നപ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ബ്രൈക്കിങ് ന്യൂസ് ആയി റിപ്പോര്‍ട്ട് ചെയ്യുന്നത് ബ്രിട്ടനിലെ ഏക മുസ്ലിം മന്ത്രി സഈദ വാര്‍സിയുടെ രാജിവാര്‍ത്തയാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നല്‍കിയ കത്തില്‍ രാജിയുടെ കാരണം സമര്‍പ്പിക്കുന്നത് ഇങ്ങനെ: മധ്യപൗരസ്ത്യ ദേശത്തെ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട നമ്മുടെ നിലപാട് പൊതുവായും ഗസ്സയിലെ അടുത്ത കാലത്തെ പ്രതിസന്ധിയോടുള്ള നമ്മുടെ സമീപനവും ഭാഷയും സവിശേഷമായും ധാര്‍മികമായി ഒരിക്കലും നീതീകരിക്കാന്‍ പറ്റാത്തതും ബ്രിട്ടന്‍റെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധവും രാഷ്ട്രാന്തരീയഅഭ്യന്തര തലങ്ങളില്‍ നമ്മുടെ യശസ്സ് കളഞ്ഞുകുളിക്കുന്നതുമാണെന്നാണ് എന്‍റെ കാഴ്ചപ്പാട്. ബ്രിട്ടന്‍റെ ചരിത്രത്തില്‍ ആദ്യമായി മന്ത്രി പദവിയിലെത്തുന്ന ഈ മുസ്ലിം വനിത (പ്രഭുസഭയിലെ അംഗമായ അവര്‍ ആമൃീില ൈടമ്യലലറമ ണമൃശെ എന്ന പേരിലാണ് അറിയപ്പെടുന്നത്) ഗസ്സയിലെ ക്രൂരത കണ്ട് വൈകാരികമായി പ്രതികരിച്ചതല്ല. ഒരു മുസ്ലിം വനിതയുടെ ചപലതയല്ല അവരുടേതെന്ന് രാജിക്കത്തിലെ വാചകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, മനുഷ്യാവകാശം തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്ന വിദേശകാര്യകോമണ്‍വെല്‍ത്ത് വകുപ്പിലെ സീനിയര്‍ സഹമന്ത്രി എന്ന നിലയില്‍ ഗസ്സയിലെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നാം കൈകൊണ്ട നിലപാട് നമ്മുടെ ദേശീയമൂല്യങ്ങള്‍ക്ക് അനുയോജ്യമോ രാഷ്ട്രാന്തരീയ നീതിവ്യവസ്ഥക്ക് പിന്തുണ നല്‍കുന്ന നമ്മുടെ ചിരകാല പാരന്പര്യത്തോട് ഒത്തുപോകുന്നതോ അല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖം വികൃതമായത് ഇസ്രയേലിനുവേണ്ടി എന്നും നിലകൊണ്ട ബ്രിട്ടന്‍റെ നയനിലപാടുകളാണ്.

സഈദ വാര്‍സിയുടെ വാക്കുകള്‍ ലോകം കേള്‍ക്കുന്പോഴേക്കും ഹമാസും ഇസ്രയേല്‍ ഭരണകൂടവും ഈജിപ്തിന്‍റെ മാധ്യസ്ഥതയില്‍ എഴുതിച്ചേര്‍ത്ത എഴുപത്തിരണ്ട് മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഗസ്സയില്‍ വെടിയൊച്ചകള്‍ക്ക് അല്‍പം ശമനം വന്നിരുന്നു. അപ്പോഴേക്കും 1900 ഫലസ്തീനികളുടെ ജീവന്‍ അപഹരിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അവരില്‍ മൂന്നില്‍ രണ്ടുഭാഗവും സിവിലിയന്മാരായിരുന്നു. അതില്‍ മൂന്നിലൊന്നെങ്കിലും പതിനെട്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളും. ആ കുഞ്ഞുങ്ങളുടെ ബലിദാനം വൃഥാവിലായില്ല എന്നതിന്‍റെ സാക്ഷ്യപത്രമാണ്് സഈദയുടെ രാജിക്കത്ത്. പടിഞ്ഞാറന്‍ ശക്തികളുടെ ഒത്താശയോടെ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി മനഃസാക്ഷിയുള്ളവര്‍ക്ക് കണ്ടുനില്‍ക്കാന്‍ കഴിയില്ല എന്ന ഉച്ചത്തിലുള്ള താക്കീതായിരുന്നു ഈ പാകിസ്ഥാന്‍ വംശജ ലോകത്തിനു കൈമാറിയത്. സഈദയുടേത് ഒറ്റപ്പെട്ട ശബ്ദമല്ല. വെടിനിര്‍ത്താന്‍ ഇസ്രയേല്‍ സന്നദ്ധമാവണമെന്ന ആഗോളസമൂഹത്തിന്‍റെ മുറവിളി കൂട്ടാക്കാതെ നാലാഴ്ച നരമേധം തുടര്‍ന്നപ്പോള്‍ സാക്ഷാല്‍ വൈറ്റ്ഹൗസിനു പോലും സയണിസ്റ്റ് രാജ്യം എല്ലാ അതിരുകളും ലംഘിച്ച് ക്രൂരത നടപ്പാക്കുകയാണെന്ന് പരോക്ഷമായെങ്കിലും സമ്മതിക്കേണ്ടിവന്നു. എന്നാല്‍, മനുഷ്യത്വത്തിന്‍റെ നിലവിളി കൂട്ടമായി കേട്ടുതുടങ്ങിയത് യൂറോപ്പില്‍നിന്നായിരുന്നു. ഗസ്സയിലെ കൂട്ടക്കുരുതിക്ക് എത്ര മനുഷ്യജീവനുകള്‍ കൂടി ഹോമിക്കേണ്ടിവരുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ലോറന്‍റ് ഫേബിയസ് ചോദിച്ചപ്പോള്‍ ബെന്യാമിന്‍ നെതന്യാഹുവിനു മനസ്സിലായിട്ടുണ്ടാവണം കാലിനടിയില്‍നിന്ന് അതിദ്രുതം മണ്ണ് ഒലിച്ചുപോവുകയാണെന്ന്. ഗസ്സയെ ഇടിച്ചുനിരപ്പാക്കുന്നത് വരെ ആക്രമണവുമായി മുന്നോട്ടുപോവുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തലിനു തയാറായതിന്‍റെ പിന്നില്‍ അഭ്യന്തരവും രാഷ്ട്രാന്തരീയവുമായ സമ്മര്‍ദമായിരുന്നു. ഇസ്രയേലിന്‍റെ സകല കണക്കുകൂട്ടലുകളും ഇത്തവണ തെറ്റി എന്ന് നിഷ്പക്ഷനിരീക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു.

ഗസ്സയുടെ മണ്ണിലിറ്റിയ നിരപരാധികളുടെ ചോരയും ഏറ്റുവാങ്ങിയ രക്തസാക്ഷ്യവും സഫലമാകുന്നത് ഇവിടെയാണ്. ആഗോളതലത്തില്‍ ഇതുപോലെ ഇസ്രയേല്‍ ഒറ്റപ്പെട്ട ഒരു കാലസന്ധി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ജനാധിപത്യത്തെ വെറുക്കുകയും പാശ്ചാത്യരെ ആരാധിക്കുകയും ചെയ്യുന്ന ഏകാധിപതികള്‍ ഒരുഭാഗത്തും ജനം മറുഭാഗത്തും നിലയുറപ്പിച്ചപ്പോള്‍ ഇസ്രയേല്‍, റമളാന്‍റെ പാവന ദിനങ്ങളില്‍ ഏറ്റുവാങ്ങിയത് ശാപവചസ്സുകള്‍ മാത്രം. ആണത്തമുള്ള അഞ്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ബ്രസീല്‍, ചിലി, ഇക്വഡോര്‍, പെറു, എല്‍സ്ലാവോഡര്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ടെല്‍അവീവില്‍നിന്ന് തിരിച്ചുവിളിച്ചത് ആഗോളതലത്തില്‍ സയണിസ്റ്റ് രാഷ്ട്രത്തിനു കനത്ത പ്രഹരമായിരുന്നു. ഇസ്രയേല്‍ തുറന്നുവിട്ട കാപാലികത ജര്‍മനിയില്‍ നാസികള്‍ നടത്തിയ നിഷ്ഠൂരതകള്‍ക്ക് സമാനമാണെന്ന് ദക്ഷിണാഫ്രിക്കയിലെ എ.എന്‍.സി പാര്‍ട്ടി അഭിപ്രായപ്പെട്ടപ്പോള്‍ വന്‍കരയിലെ ഭൂരിഭാഗം രാജ്യങ്ങളും ആ വീക്ഷണത്തോട് യോജിക്കുന്നുണ്ടായിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ ശബ്ദിക്കാറുള്ള സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളായ ഫിന്‍ലാന്‍ഡും നോര്‍വേയും ജൂതസൈന്യത്തിന്‍റെ കാട്ടാളത്തത്തെ പരസ്യമായി തള്ളിപ്പറഞ്ഞു. ചൈനയും റഷ്യയും നെതന്യാഹു ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതും കേട്ടില്ലെന്ന് നടിക്കാനായില്ല. ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശംൃഖലയും തുര്‍ക്കി വാണിജ്യമേഖലയും ഇസ്രായേലി ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത് സയണിസ്റ്റുകള്‍ക്ക് തലവേദന സൃഷ്ടിച്ചു. ബ്രിട്ടനിലെ ഏറ്റവും പ്രബലമായ തൊഴിലാളി സംഘടന ഇസ്രായേലി ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനും നിക്ഷേപം തിരിച്ചെടുക്കാനും ഉപരോധം ഏര്‍പ്പെടുത്താനും ആഹ്വാനം ചെയ്തത് ജൂത അനുകൂല മാധ്യമങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചെങ്കിലും സന്ദേശം സോഷ്യല്‍നെറ്റ്വര്‍ക്ക് വഴി ലോകമാസകലം ൈെകമാറ്റം ചെയ്യപ്പെടുന്നുണ്ടായിരുന്നു. മാലിദ്വീപ് സര്‍ക്കാര്‍ ഔപചാരികമായി തന്നെ ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും പെപ്സിയും കൊക്കകോളയും ബഹിഷ്കരിച്ചുകൊണ്ടാണ് യഹൂദകാപാലികതയോട് ധര്‍മരോഷം രേഖപ്പെടുത്തിയത്. മഞ്ച് മിഠായി വിറ്റുകിട്ടുന്ന കാശിന്‍റെ ഒരംശം ഇസ്രയേലിലേക്കാണ് പോകുന്നതെന്ന പ്രചാരണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പല വിദ്യാലയങ്ങളിലെയും കുട്ടികള്‍ ആ ചോക്ക്ലേറ്റ് ബഹിഷ്കരിച്ചത് വേണ്ടതു പോലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

ഐക്യരാഷ്ട്ര സഭ ആദ്യഘട്ടത്തില്‍ ഇസ്രയേലിന്‍റെ ബോംബിങ്ങും മിസൈല്‍ വര്‍ഷവുമൊക്കെ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ഹമാസും തുല്യകുറ്റവാളികളാണെന്ന നിലയില്‍ പ്രസ്താവനകള്‍ നടത്തുകയും ചെയ്തെങ്കിലും ജനവാസകേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും ആശുപത്രികളിലുമൊക്കെ തീമഴ വര്‍ഷിക്കുന്നത് കണ്ടപ്പോള്‍ നിലപാട് തിരുത്തേണ്ടി വന്നു. ജബലിയ്യയിലെ യു.എന്‍.ഒവിനു കീഴിലുള്ള അഭയാര്‍ഥിക്യാന്പിലെ പെണ്‍കുട്ടികളുടെ മുറികള്‍ക്ക് മുകളില്‍ ബോംബിട്ട് ഇരുപതോളം പേരുടെ ജീവനെടുത്തത് ജൂലൈ എട്ടിനു തുടങ്ങിയ ആക്രമണപരന്പരയിലെ നടുക്കുന്ന സംഭവമായിരുന്നു. പതിനേഴു തവണ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രയേല്‍ പട്ടാളം ബോംബ് വര്‍ഷിച്ചെന്നും സമാനതകളില്ലാത്ത ക്രൂരതകളാണ് അവര്‍ പുറത്തെടുക്കുന്നതെന്നും സാക്ഷ്യപ്പെടുത്തിയതോടെ സാക്ഷാല്‍ അങ്കിള്‍സാമിനു പോലും നില്‍ക്കക്കള്ളിയില്ലാതായി. താന്‍ പലവട്ടം അഭ്യര്‍ഥിച്ചിട്ടും ബെന്യാമിന്‍ നെതന്യാഹു വെടിനിര്‍ത്താന്‍ തയാറാവുന്നില്ല എന്ന് പ്രസിഡന്‍റ് ഒബാമക്ക് ലോകത്തോട് നിസ്സഹായ ഭാവത്തില്‍ പറയേണ്ടിവന്നതോടെ ഇത്രക്കും കൊടിയ തെമ്മാടിരാജ്യമാണോ ഇതെന്ന ചോദ്യം ഉയര്‍ത്താന്‍ ഇതുവരെ സയണിസ്റ്റ് അനുകൂല നിലപാട് കൈകൊണ്ട സമൂഹത്തെ പോലും നിര്‍ബന്ധിപ്പിച്ചു. അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിയുടെ (ഡചണഞഅ) ഡയരക്ടര്‍ ക്രിസ് ഗിന്നസ് അല്‍ജസീറ ചാനലുമായുള്ള അഭിമുഖത്തിനിടയില്‍ ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദുര്‍ഗ്രസ്ഥമായ അവസ്ഥ വിവരിക്കവെ പൊട്ടിക്കരഞ്ഞത് മനഃസാക്ഷി മരവിക്കാത്ത മനുഷ്യരെ മുഴുവന്‍ കരയിച്ചു. യഥാര്‍ഥത്തില്‍ തന്‍റെ കണ്ണീര്‍ ലോകം നേരിട്ടു കാണുമെന്ന് ബി.ബി.സിയുടെ മുന്‍ ലേഖകന്‍ കൂടിയായ ക്രിസ് അറിഞ്ഞിരുന്നില്ല. അല്‍ജസീറയിലുടെ ആ കണ്ണീര്‍ ലോകം കണ്ടപ്പോള്‍ ഐക്യദാര്‍ഢ്യവുമായി എണ്ണമറ്റ ഫോണ്‍വിളികള്‍ പ്രവഹിച്ചത്രെ. വിഷയം ചൂടേറിയ ചര്‍ച്ചക്കു വഴി തുറന്നിട്ടപ്പോള്‍ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: എന്‍റെ കണ്ണുനീര്‍ ഗസ്സയിലെ മൊത്തമായുള്ള മനുഷ്യാന്തസ്സിന്‍റെ നിരാകരണത്തിലേക്ക് ജനശ്രദ്ധ തിരിച്ചുവിടുമെങ്കില്‍ എനിക്കു ഒരു വിഷമവുമില്ല. ഗസ്സയില്‍ അസഹ്യമായ യാതനകള്‍ അനുഭവിക്കുന്ന മനുഷ്യരുടെ ദുരിതങ്ങളുമായി താരതമ്യം ചെയ്യുന്പോള്‍ എന്‍റെ കണ്ണീര്‍ തീര്‍ത്തും അപ്രസക്തമാവുന്നു. വാക്കുകളെക്കാള്‍ കണ്ണീര്‍ വാചാലമാകുന്ന ഒരു ദുരന്തസന്ധിയിലാണ് നാം എത്തിച്ചേര്‍ന്നിരിക്കുന്നത്.

സയണിസ്റ്റ് ബോംബുകള്‍ കരിക്കട്ടയാക്കി മാറ്റിയ ഇളം ഉടലുകള്‍ ഉയര്‍ത്തിവിട്ട ധാര്‍മിക രോഷം ദേശാതിരുകളും വംശഭാഷാമത വൈജാത്യങ്ങളും കടന്ന് മനുഷ്യത്വത്തിന്‍റെ അമരഗീതമായി ഉയര്‍ന്നുകേട്ടപ്പോള്‍ പടിഞ്ഞാറന്‍ നാഗരികതയില്‍ ശേഷിക്കുന്ന മാനവസ്പന്ദനങ്ങള്‍ നമുക്ക് കാണാന്‍ അവസരമുണ്ടായി. ഫലസ്തീന്‍റെ മക്കള്‍ക്ക് നാളെയെ കുറിച്ചുള്ള പ്രതീക്ഷകള്‍ അങ്കുരിപ്പിക്കുന്നതായിരുന്നു അപ്പോളുയര്‍ന്നുകേട്ട രാഷ്ട്രീയവും മാനവികവുമായ ശബ്ദങ്ങള്‍. ഏകപക്ഷീയമായ വംശവിച്ഛേദന അഭ്യാസത്തിനു എന്തിനു അമേരിക്ക അന്ധമായ പിന്തുണ നല്‍കുന്നു എന്ന ചോദ്യശരം തൊടുത്തുവിട്ടുകൊണ്ട് കത്തിക്കയറിയ സ്പാനിഷ് ചലച്ചിത്രനിര്‍മാതാവും സംഗീതജ്ഞനുമായ ബ്രയാന്‍ ഇനൊ (ആൃശമി ഋിീ ) കൊടും വംശീയവാദികളുടെ മതരാഷ്ട്രം എന്നാണ് ഒരു വെബ്സൈറ്റിലൂടെ ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഫലസ്തീനികളെ ചുട്ടുകൊല്ലാന്‍ കൂട്ടുനില്‍ക്കുന്ന ഈ യഹൂദരൊന്നും വംശീയമായി തനിമ അവകാശപ്പെടാനില്ലാത്തവരാണെന്നും റഷ്യയില്‍നിന്നും യുക്രൈനില്‍നിന്നും മറ്റും കുറ്റിയും പറിച്ചുവന്നവരാണെന്നും അദ്ദേഹം പരിഹസിക്കാനും മടിച്ചില്ല.

ഗസ്സയിലെ ജനത കഴിഞ്ഞ ആറേഴുവര്‍ഷമായി അനുഭവിച്ചുതീര്‍ക്കുന്ന ദുരിതങ്ങളിലേക്കു ലോകത്തിന്‍റെ ശ്രദ്ധതിരിച്ചുവിടാന്‍ ഇസ്രയേലി ആക്രമണം പ്രയോജനപ്പെട്ടു എന്നതാണ് മറ്റൊരു വശം. അപ്പാര്‍ത്തീഡ് കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെമേല്‍ ഏര്‍പ്പെടുത്തിയതിനു സമാനമായ സൈനിക ഉപരോധം ആവശ്യമാണെന്നും എന്നാലേ ഇസ്രയേലിന്‍റെമേലുള്ള കടിഞ്ഞാണ്‍ ഉറപ്പിക്കാനാവൂവെന്നും ഡെസ്മെണ്ടു ടുടു, ആലിസ് വാക്കര്‍, നോം ചോംസ്കി, സ്ലാവെജ് സിസെക് തുടങ്ങിയ ബുദ്ധിജീവികള്‍ ലോകത്തോട് ആഹ്വാനം ചെയ്തു. ഇതോടെ ഒറ്റപ്പെട്ടത് ഇസ്രയേല്‍ മാത്രമല്ല, ആ ജാരരാഷ്ട്രത്തിനു സൈനികമായും സാന്പത്തികമായും മാനസികമായും പിന്തുണ പ്രഖ്യാപിച്ച അമേരിക്ക കൂടിയായിരുന്നു. കേട്ടാല്‍ രക്തം മരവിക്കുന്ന കൊടുംക്രൂരതയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയില്‍ യു.എസ് കോണ്‍ഗ്രസ് ഇസ്രയേലിന്‍റെ അയേണ്‍ ഡോം പ്രതിരോധസംവിധാനത്തിനു 225ദശലക്ഷം ഡോളര്‍ അനുവദിച്ചത് മനുഷ്യത്വമുള്ളവരെ കൂടുതല്‍ ഉണര്‍വിലേക്ക് തട്ടിയെഴുന്നേല്‍പിച്ചു.

നാലാഴ്ച നീണ്ടുനിന്ന സൈനികാക്രമണത്തിലൂടെ ഹമാസ് ഭീകരര്‍ അതീവരഹസ്യമായി പണിത മുപ്പത്തിരണ്ട് ഭൂഗര്‍ഭ അറകള്‍ നശിപ്പിച്ചത് വലിയ നേട്ടമായി ഇസ്രയേല്‍ എണ്ണുന്നുണ്ടാകാമെങ്കിലും ഓപ്പറേഷന്‍ ഡിഫെന്‍സ് എഡ്ജിന്‍റെ ബാക്കിപത്രം പരിശോധിച്ചാല്‍ നഷ്ടം സയണിസ്റ്റുകള്‍ക്ക് തന്നെയാണ്. രഹസ്യാന്വേഷണ നിരീക്ഷണത്തിന്‍റെ ആശാന്‍മാരായ മൊസാദിന്‍റെ കണ്ണ്വെട്ടിച്ച് ഗസ്സയില്‍നിന്നും ഇസ്രയേല്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് ടണലുകള്‍ പണിത ഹമാസിന്‍റെ സാഹസികതയും വൈദഗ്ധ്യവും കാലം അവരെ നിര്‍ബന്ധിക്കുന്പോഴുള്ള പ്രതിരോധ പ്രവൃത്തികള്‍ മാത്രമാണ്. ചരിത്രത്തിലാദ്യമായി അതിക്രമകാരികള്‍ക്ക് വന്‍നാശം സമ്മാനിക്കാന്‍ ഫലസ്തീനികള്‍ക്ക് സാധിച്ചു. 67സൈനികരും മൂന്നുസിവിലിയന്മാരും നഷ്ടപ്പെട്ടതായി ഔദ്യോഗിക ഭാഷ്യം. എന്നാല്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസ് പോരാളികള്‍ തൊടുത്തുവിടുന്ന നാടന്‍ മിസൈലുകള്‍ നൂറ്റി ഇരുപത് കി.മീറ്റര്‍ ദൂരപരിധിയുടെ ശേഷി കൈവരിച്ചിട്ടുണ്ട്. അയേണ്‍ ഡോം എന്ന പ്രതിരോധകവചമാണ് ഇസ്രയേലിന്‍റെ നഷ്ടം കുറച്ചത്. എല്ലാറ്റിനുമുപരി തങ്ങള്‍ നിതാന്തഭീഷണിയിലാണെന്ന ഇതുവരെയുള്ള കള്ളപ്രചാരണം യാഥാര്‍ഥ്യമായിരിക്കയാണെന്ന തിരിച്ചറിവ് ഇസ്രയേലിന്‍റെ സ്വാസ്ഥ്യം കെടുത്തിയിരിക്കയാണ്. ഘടികാരം പിന്നോട്ടാണ് ചലിച്ചുകൊണ്ടിരിക്കുന്നത്.

സയണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ തിയോഡര്‍ ഹെര്‍സല്‍ ജൂതന്മാര്‍ക്ക് സ്വന്തമായി ഒരു രാജ്യം എന്ന ആശയം കരുപ്പിടിപ്പിക്കുന്നത് 1896ലാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ബാസിലില്‍ ചേര്‍ന്ന ഒന്നാം സയണിസ്റ്റ് കോണ്‍ഗ്രസിനു ശേഷം യൂറോപ്പില്‍ അക്കാലത്ത് നടമാടിയ വിവേചനവും അസഹിഷ്ണുതയും സഹിക്കവയ്യാതെ വന്നപ്പോഴാണ് യഹൂദര്‍ക്ക് അവരുടെ സ്വത്വവും സംസ്കാരവും കാത്തുസൂക്ഷിക്കാന്‍ പോരുന്ന ഒരു രാജ്യം സ്ഥാപിക്കണമെന്ന ആഗ്രഹം മുളപൊട്ടിയതെന്നാണ് പടിഞ്ഞാറന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിവെച്ചത്. എന്തുകൊണ്ട് ജൂതന്മാര്‍ക്ക് ക്രിസ്ത്യാനികളോടൊപ്പം ജീവിച്ചുകൂടാ എന്ന ചോദ്യത്തിനു അവര്‍ ചരിത്രത്തിലുടനീളം വേട്ടയാടപ്പെട്ട അനുഭവമാണുള്ളതെന്ന ഉത്തരമാണ് ലഭിക്കുക. യഹൂദര്‍ ഏറ്റവും കൂടുതല്‍ ക്രൂശിക്കപ്പെട്ടത് ക്രിസ്ത്യാനികളുടെ കൈകളാലാണെന്ന സത്യം ഇപ്പോള്‍ ആരും ഓര്‍ക്കാറില്ല. ജൂതരാഷ്ട്രം എവിടെയാവണം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ യൂറോപ്പിലോ അമേരിക്കയിലോ ആവാമെന്ന നിര്‍ദേശം ഉയര്‍ന്നതാണ്. അവസാനം ജനവാസമില്ലാത്ത ഒരു ഭൂമിയില്‍ അതും വേദഗ്രന്ഥത്തില്‍ പറയുന്ന വാഗ്ദത്ത ഭൂമിയില്‍ ആവട്ടെ എന്ന് തീരുമാനിക്കുന്നത് പടിഞ്ഞാറന്‍ കുടിലതകളാണ്. ഒന്നാം ലോകയുദ്ധത്തിനു ശേഷം പശ്ചിമേഷ്യ കോളനിശക്തികളള്‍ക്കിടയില്‍ വീതം വെക്കപ്പെട്ടപ്പോഴുള്ള വ്യവസ്ഥകളിലൊന്ന് ഇസ്രയേല്‍ സന്തതികളെ അവരുടെ പൂര്‍വികരുടെ ഭൂമിയില്‍ കുടിയിരുത്തണം എന്നതായിരുന്നു. ബാല്‍ഫെര്‍ ഡിക്ലറേഷന്‍ എന്നു ചരിത്രത്തില്‍ അറിയപ്പെടുന്ന പ്രഖ്യാപനമാണ് ജൂതരാഷ്ട്രത്തിന്‍റെ പിറവി ഔദ്യോഗികമായി കൊണ്ടാടപ്പെടുന്നത്. ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ ഉല്‍ഭവത്തെ കുറിക്കുന്ന ചരിത്രസംഭവങ്ങളെ അടയാളപ്പെടുത്തുകയല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച്, 1948ല്‍ ഇസ്രയേല്‍ സ്ഥാപിതമാവുന്നതിന്‍റെ ചരിത്രപശ്ചാത്തലത്തിലേക്ക് വിരല്‍ ചൂണ്ടുക മാത്രമാണ്. യഹൂദര്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്യുന്ന ഒരു രാഷ്ട്രമായിരുന്നു വിഭാവനയിലുണ്ടായിരുന്നത് . തങ്ങള്‍ക്ക് ലോകത്തൊരിടത്തും സമാധാനം കിട്ടുന്നില്ല, അതുകൊണ്ട് തങ്ങളുടേതായ രാജ്യം സ്ഥാപിക്കുകയേ നിര്‍വാഹമുള്ളൂവെന്നായിരുന്നു സയണിസ്റ്റ് സിദ്ധാന്തം. ആരില്‍നിന്നാണോ ഭൂമിയും സ്വാസ്ഥ്യവും ആയുധങ്ങള്‍ കൊണ്ട് പിടിച്ചടക്കിയത് അവരെ നിതാന്ത ശത്രുക്കളാക്കുകയാണ് യഹൂദര്‍ ചെയ്തത്. അതോടെ, അവരുടെ തന്നെ സ്വസ്ഥത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന യഹൂദര്‍ എല്ലാ രംഗങ്ങളിലും അടിവെച്ചടിവെച്ച് മുന്നേറുന്പോള്‍ ഇസ്രയേലിലെ ജൂതരുടെ ഏക ചിന്ത ഫലസ്തീനികളെ എങ്ങനെ പൂര്‍ണമായും നശിപ്പിക്കാം എന്നു മാത്രമാണ്. പക്ഷേ അവര്‍ക്കു നിര്‍ലോഭ പിന്തുണ നല്‍കുന്ന ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ പോലും ഉറച്ചുവിശ്വസിക്കുന്നത് ഇസ്രയേലി സന്തതികള്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്നും ഭൂമിയില്‍ സദ്ഭരണം കാഴ്ചവെക്കാന്‍ മിശിഹ അവതരിക്കുമെന്നുമാണ്.

ശാഹിദ്

You must be logged in to post a comment Login