ഭാവികേരളം അകത്തോ പുറത്തോ?

ഭാവികേരളം അകത്തോ പുറത്തോ?

കേരളത്തിന്‍റെ ഭാവിയെക്കുറിച്ച്, വികസന സാധ്യതകളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ സ്ഥിരം ഉയരുന്ന ഒരു പ്രസ്താവനയുണ്ട് അയല്‍ സംസ്ഥാനങ്ങളെ നോക്കൂ… കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ അവര്‍ എത്ര മുന്നോട്ടു പോയി? നമ്മളോ? ഏറെ പുറകോട്ടടിച്ചിരിക്കുന്നു. പ്രധാനമായും ഐടിയും മറ്റു ചില വ്യവസായങ്ങളും അയല്‍ സംസ്ഥാനങ്ങളില്‍ വലിയ വളര്‍ച്ച നേടിയതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടാറുള്ളത്. ഇടത്വലത് എന്ന രീതിയില്‍ പിരിഞ്ഞ ഒരു സമൂഹത്തില്‍ (ഇന്നത് കാര്യമായി മാഞ്ഞുപോയ അതിര്‍ത്തി രേഖയാണെങ്കിലും) വലതുപക്ഷക്കാരുടെ ഭാഗത്തു നിന്നാണിതുയരുന്നത്. ലോകമാകെ മുന്നോട്ടു പോകുന്പോള്‍ നാം മാത്രം പിറകിലാകുന്നതില്‍ ആകുലത പൂണ്ടവരുടെ സ്വരമാണത്. വന്‍തോതില്‍ മൂലധനം വന്ന് കേരളമാകെ സ്മാര്‍ട്ട് സിറ്റികള്‍ കൊണ്ട് നിറയുമെന്നും മറ്റും സ്വപ്നം കണ്ടിരുന്നിരിക്കാം ചിലരെങ്കിലും. എന്നാല്‍ ഇടതുപക്ഷത്തിന്‍റെ പഴഞ്ചന്‍ പിടിവാശികളാണ് കേരളത്തെ പിറകോട്ടടിപ്പിച്ചതെന്നും ഇവര്‍ പറയും. സത്യസന്ധമായി പറഞ്ഞാല്‍ ഇന്ന് വലതുപക്ഷത്തില്‍ നിന്ന് കാര്യമായ വ്യത്യാസമുള്ള എന്തെങ്കിലും വികസനനയം ഇടതെന്നവകാശപ്പെടുന്നവര്‍ക്കില്ലെന്നു തീര്‍ച്ച.

കേവല ഇടതുവലതു തര്‍ക്കങ്ങള്‍ക്കു പുറത്ത് കേരളത്തിന്‍റെ ഭാവി എന്തായിരിക്കണമെന്നു വിഭാവനം ചെയ്യാനുള്ള ശേഷി രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കു നഷ്ടമായിരിക്കുന്നു എന്നതല്ലേ സത്യം (അധികാരം കയ്യാളുന്നവര്‍ എന്ന രീതിയിലാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ഇതില്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത്). ഭാവിയെന്നല്ല, കേരളത്തെ ഇപ്പോള്‍ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങള്‍ വിശകലനം ചെയ്തു പരിഹാരം കണ്ടെത്താന്‍ ഇന്നാട്ടിലെ ഭരണക്കാര്‍ക്ക് (ആരു മാറിവന്നാലും) കഴിയുന്നോ എന്നതാണ് ചോദ്യം. തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ ചില വിവാദങ്ങളോ മുദ്രാവാക്യങ്ങളോ മുഴക്കുന്നതിനപ്പുറം സമൂഹം നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ക്ക് ഭരണത്തിലൂടെയോ സമരങ്ങളിലൂടെയോ പരിഹാരം കാണാന്‍ ഇവര്‍ ശ്രമിക്കാറുപോലുമില്ല.

തമിഴ്നാട്, കര്‍ണാടകം മുതലായ സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് കേരളം. സാമൂഹ്യ വികസനങ്ങള്‍ വളരെ ഉയര്‍ന്നിരുന്ന കേരളത്തെ പ്രത്യേക വികസന മാതൃകയായിട്ടാണ് ലോകത്തെ പല സാന്പത്തിക ശാസ്ത്രജ്ഞന്മാരും വിലയിരുത്തിയിരുന്നത്. ഡോ. അമര്‍ത്യസെന്‍ അതിനെ വികസനാനുഭവം എന്നു തിരുത്തിയെങ്കിലും അങ്ങനെയൊന്നുണ്ടെന്നു സമ്മതിച്ചു. അതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് കേരളത്തിലെ പൊതുപ്രവര്‍ത്തനം ആണ്. നവോത്ഥാനം മുതല്‍ നടന്ന നിരവധി ഇടപെടലുകള്‍ ഏറ്റവുമൊടുവില്‍ രാഷ്ട്രീയ ഇടതുപക്ഷമടക്കം നടത്തിയവ ഈയവസ്ഥക്കു കാരണമായിട്ടുണ്ട്. ഇതൊന്നും ഈ നിലയില്‍ നടന്നിട്ടില്ലാത്ത തമിഴ്നാട്, കര്‍ണാടകം, ആന്ധ്രയെയൊക്കെപ്പോലെ കേരളമാകണമെന്നു പറഞ്ഞാല്‍ അത് കേരള ചരിത്രത്തെ നിഷേധിക്കലാണ്. തീര്‍ച്ചയായും കേരളത്തിന് നിരവധി പ്രതിസന്ധികളെ മറികടക്കേണ്ടതുണ്ട്. പക്ഷേ, അതിനുള്ള മാതൃകകള്‍ തേടി നാം അയല്‍ സംസ്ഥാനങ്ങളില്‍ പോകണമോ എന്നതാണ് പ്രശ്നം.

എന്താണ് കേരളത്തിന്‍റെ ശക്തി? എന്താണ് ദൗര്‍ബല്യങ്ങള്‍? ഇതാണാദ്യം പരിശോധിക്കേണ്ടത്. സാമൂഹ്യമുന്നേറ്റത്തിന്‍റെ ഫലമായി സമൂഹത്തില്‍ വലിയൊരു വിഭാഗത്തിനും ഔപചാരിക വിദ്യാഭ്യാസം ലഭ്യമായിട്ടുണ്ട്. സമത്വമെന്നത് യാന്ത്രികമായല്ല, ജനാധിപത്യപരമായി അംഗീകരിക്കുന്ന ഒരു സമൂഹമായി നാം മാറിയിട്ടുണ്ട്. ജന്മിത്വത്തിന്‍റെ അംശങ്ങള്‍ പലതും ബാക്കിനില്‍ക്കുന്നുവെങ്കിലും സാന്പത്തികാംശങ്ങള്‍ ഏതാണ്ടില്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഭൂപരിഷ്ക്കരണം വഴി ഇടത്തരക്കാരുടെ ഒരു വലിയ സമൂഹം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മേല്‍വിവരിച്ച സാമൂഹ്യ മുന്നേറ്റങ്ങളാണ് വിവിധ വിദേശ രാജ്യങ്ങളില്‍ തൊഴില്‍തേടിപ്പോകാന്‍ മലയാളികളെ പ്രാപ്തരാക്കിയത്. അതിന്‍റെ ഗുണദോഷങ്ങളെപ്പറ്റിയുള്ള സംവാദം തല്‍ക്കാലം മറന്നാല്‍ കേരളത്തെ (ബാഹ്യമായെങ്കിലും) സന്പന്നമാക്കി നിര്‍ത്തുന്നതില്‍ വിദേശപണം (പ്രത്യേകിച്ച് ഗള്‍ഫ് മേഖല) ഏറെ സഹായകമായിട്ടുണ്ട്. കേരളത്തിന്‍റെ നാണ്യവിളകള്‍ (പ്രത്യേകിച്ചും റബ്ബര്‍, കാപ്പി, ചായ, ഏലം, കുരുമുളക് മുതലായവ) വലിയൊരു വിഭാഗം ജനങ്ങളെ സന്പന്നരാക്കിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും വ്യാപനം എത്ര വലുതാണ്. തമിഴ്നാട്ടിലേയും മറ്റും റോഡുകള്‍ ഗംഭീരമെന്നും കേരളം മോശമെന്നും പറയുന്നവര്‍ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്. ഒരു ചതുരശ്ര കിലോമീറ്ററില്‍ എത്ര നീളം റോഡ് ശരാശരിയുണ്ടെന്ന സ്ഥിതി വിവരക്കണക്കുമാത്രം നോക്കിയാല്‍ കാര്യം വ്യക്തമാവും. അഖില്യോ ശരാശരിയുടെ ആറിരട്ടിയാണ് (2012ലെ ഇക്കോണമിക് റിവ്യൂ) കേരളത്തിന്‍റെ റോഡ് സാന്ദ്രത(ഭൂമിയില്‍നല്ലൊരു പങ്കും റോഡ്). ജനസാന്ദ്രത വളരെ അധികമാണെന്നതും ഇതിനു കാരണമാണല്ലോ. മാധ്യമങ്ങളുടെ വ്യാപനത്തിലും കേരളം ഏറെ മുന്നിലാണ്. ജനസംഖ്യാ ശരാശരിക്ക് പത്രങ്ങളുടെയും മീഡിയകളുടെയും എണ്ണമെടുത്താല്‍ അഖില്യോ (തമിഴ്നാടും) ശരാശരിയുടെ ആറുമടങ്ങുവരെ വരാം കേരളം. ചെറിയൊരു ഭാഷയായ മലയാളത്തില്‍ പത്തിലേറെ ചാനലുകള്‍ വാര്‍ത്താ പ്രക്ഷേപണം നടത്തുന്നുണ്ട്. ഇങ്ങനെ നോക്കിയാല്‍ കേരളം ഏറെ പിന്നിലെന്നാര്‍ക്കു പറയാനാകും? കേവലം ഐടി സ്ഥാപനങ്ങളുടെയോ അതില്‍ പണിയെടുക്കുന്നവരുടെയോ ഐടി കയറ്റുമതി വരുമാനത്തിന്‍റെയോ കണക്കുവച്ചു കൊണ്ട് താരതമ്യം ചെയ്യുന്നത് അബദ്ധമാകും.

എന്നാല്‍ മേല്‍പറഞ്ഞ ശേഷികള്‍ക്ക് പുറത്ത് കേരളം നേരിടുന്ന പ്രതിസന്ധികളെയും നാം കാണണം. 3000 മിമി ശരാശരി മഴ കിട്ടിയിട്ടും 80 ശതമാനം മനുഷ്യര്‍ക്കും ആവശ്യമായ അളവിലും ഗുണത്തിലും ശുദ്ധജലം ലഭിക്കുന്നില്ലെന്നത് ഒരു പ്രശ്നമല്ലേ? പണം കയ്യിലുണ്ടെങ്കില്‍ തിരുവാതിര ഞാറ്റുവേലയിലും പെരിയാറിന്‍റെയോ ചാലിയാറിന്‍റെയോ തീരത്തു നിന്നുകൊണ്ട് നമുക്ക് ലിറ്ററിന് 1520 രൂപ നല്‍കി കുപ്പിവെള്ളം വാങ്ങിക്കുടിക്കാം. അതുകിട്ടാത്തവര്‍ക്ക് മലിന ജലം കുടിക്കാം. നമ്മുടെ പ്രധാന നാല്‍പത്തിനാല് നദികളും അവയുടെ ഉത്ഭവ മധ്യതീര പ്രദേശങ്ങളും നാം പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ മാധവ്ഗാഡ്ഗില്‍ പശ്ചിമഘട്ടത്തെ വിളിച്ചത് ജലഗോപുരം എന്നാണ്. ജലം കിട്ടാതെ രോഗികളാകുന്നവര്‍ എത്രയെന്നാര്‍ക്കുമറിയില്ല. ഭക്ഷണത്തിന്‍റെ അവസ്ഥ ഇതിലും പരിതാപകരമാണ്. കേരളീയരുടെ ആരോഗ്യനില (മരുന്നാശ്രിത പ്രതിശീര്‍ഷ ആയുസ്സല്ല, മറിച്ച് രോഗാതുരതയുടെ കുറവാണ് യഥാര്‍ത്ഥ ആരോഗ്യ സൂചകമാകേണ്ടത്) വന്‍ തകര്‍ച്ചയിലാണ്. അതിവേഗം വര്‍ദ്ധിക്കുന്ന അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം, കിഡ്നികരള്‍നാശം, അനപത്യത… തുടങ്ങിയവ ഒരു വികസിതസമൂഹത്തിന്‍റെ ലക്ഷണമായി ചിലരെങ്കിലും കണ്ടേക്കാം. എന്നാല്‍ പെട്ടെന്നു തന്നെ നമ്മെ അക്രമിച്ചു കീഴടക്കുന്ന നിരവധി പകര്‍ച്ചവ്യാധികളെ നാം എന്തു പറഞ്ഞു ന്യായീകരിക്കും? ഭക്ഷണത്തിന്‍റെ പല മടങ്ങു പണം മരുന്നിനുപയോഗിക്കുന്നവരായി നാം മാറിയിരിക്കുന്നു. ആയിരുദൈര്‍ഘ്യത്തോടൊപ്പം രോഗാതുരത കൂടുന്നത് (സ്വയം സന്പാദിക്കാന്‍ ശേഷിയില്ലാത്തവരുടെ രോഗം) സമൂഹത്തിന്നാകെ ഭീഷണിയാണ്. സര്‍ക്കാറിന്ന് ഭാരമാണ്.

ആഗോളീകരണ കാലത്ത് ചികിത്സയും മരുന്നും മൂലധന നിക്ഷേപത്തിനും ലാഭത്തിനുമുള്ള സാധ്യതയാണല്ലോ. മുന്പുപറഞ്ഞ ഗള്‍ഫ്നാണ്യവിളമേഖലകളിലെ അധികവരുമാനത്തിന്‍റെ വലിയൊരുപങ്കും ആരോഗ്യ രക്ഷക്കാണു പോകുന്നത്. ഇതിന്‍റെ ശരിയായ കാരണങ്ങള്‍ ഒരു സര്‍ക്കാറും വിലയിരുത്താന്‍ ശ്രമിച്ചിട്ടില്ല. നമ്മുടെ ഭക്ഷ്യശീലങ്ങളും ഭക്ഷണത്തിലെ രാസവിഷങ്ങളുമാണ് ഒന്നാം പ്രതിയെന്നു തീര്‍ച്ച. ഒപ്പം ജീവിത ശൈലി, പിരിമുറുക്കം, കന്പോളാശ്രിതസമീപനം… പലതും കാരണമാകുന്നു. പക്ഷേ, കേരളത്തിന്‍റെ ആരോഗ്യ രക്ഷയുടെ വഴിയായി ഒരു കൂട്ടര്‍ കരുതുന്നത് ഇന്‍ഷുറന്‍സ് കന്പനികളെയാണ്. പിന്നെ കുറെ ജീവകാരുണ്യ സംഘങ്ങളും അവയവദാനക്കാരുമെല്ലാം രംഗത്തുണ്ട്. സര്‍ക്കാര്‍ ഭാഗ്യക്കുറി നടത്തി രക്ഷിക്കാവുന്ന നിലയിലൊന്നുമല്ല കേരളത്തിലെ മഹാരോഗികള്‍. മുന്പ് മനുഷ്യര്‍ ദാരിദ്ര്യം കൊണ്ട് രോഗികളാകുകയായിരുന്നെങ്കില്‍ ഇന്ന് രോഗം കൊണ്ട് പല കുടുംബങ്ങളും ദാരിദ്രരേഖക്കു താഴെ പോവുകയാണ്.

വിദ്യാഭ്യാസം, ചരിത്രപരമായി കേരളത്തിന്‍റെ നേട്ടമേഖലയാണ്. എന്നാല്‍ ഇന്നോ? മൂലധന തള്ളിക്കയറ്റക്കാലത്ത് ഉയര്‍ന്നുവന്ന സ്വാശ്രയ കോളജുകള്‍ (പ്രധാനമായും എഞ്ചിനീയറിംഗ് എംബിബിഎസുമെല്ലാം) ഇന്നു പാതിയിലേറെയും പൂട്ടിയിരിക്കുന്നു. ഒരു കുട്ടിപോലും പൊതുമെറിറ്റ് സീറ്റിന് അപേക്ഷിക്കാത്ത മുപ്പതോളം സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ ഈ വര്‍ഷം കേരളത്തിലുണ്ട്. ഈ കോളജുകളില്‍ വിരലിലെണ്ണാവുന്നവയിലൊഴിച്ച് എല്ലായിടത്തും ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും തോല്‍ക്കുകയാണ്. ഇന്നും മെച്ചപ്പെട്ടവയായിരിക്കുന്നത് സര്‍ക്കാര്‍ എയ്ഡഡ് മേഖലാ സ്ഥാപനങ്ങളാണ് എന്നു കാണാം. ഈ രംഗത്ത് (മെഡിക്കല്‍ കോളജുകളൊഴികെതല്‍ക്കാലം) കേരളത്തിന്‍റെ നടപടികള്‍ പരമാബദ്ധമായിരുന്നു എന്ന സത്യം അംഗീകരിക്കുക. ഈ വര്‍ഷത്തെ പ്ലസ്ടു പ്രശ്നത്തിന്‍റെ അടിസ്ഥാനമെന്താണ്? മുന്‍ വര്‍ഷങ്ങളില്‍ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിച്ചിരുന്നവരില്‍ ഒരു പങ്ക് എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലേക്കു തിരിച്ചുവന്നിരിക്കുന്നു എന്നര്‍ത്ഥം. പണം മുടക്കി (എന്തും കൊടുത്ത്) കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷിതാക്കളുടെ ശേഷി കുറഞ്ഞിരിക്കുന്നുഒപ്പം അതിനോടുള്ള താല്‍പര്യവും. സൗജന്യവും സര്‍വ്വത്രികവുമായ വിദ്യാഭ്യാസമെന്നത് കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ആരോഗ്യതകര്‍ച്ചക്ക് ഇന്‍ഷുറന്‍സെന്ന പോലെ വിദ്യാഭ്യാസ വളര്‍ച്ചക്ക് വായ്പയെന്ന മരമണ്ടന്‍ ആശയവും തകരുകയാണ്. വായ്പയെടുത്തു പഠിച്ചവരില്‍ നല്ലൊരു പങ്കും ഇന്ന് അത് തിരിച്ചടക്കാന്‍ കഴിയാതെ നരകിക്കുന്നു. എന്തുപണിയാണിവര്‍ക്കു (ജയിച്ചുവന്നാല്‍) കിട്ടുന്നത്? ഇതു ഭാവിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് തീര്‍ച്ച.

ഇതുപോലെ ഓരോ മേഖലയെപ്പറ്റിയും നമുക്കു വിലയിരുത്താം. ഗതാഗതമെന്നാല്‍ ഹൈസ്പീഡ് റെയില്‍ കോറിഡോറുകളും വിമാനത്താവളങ്ങളും(എല്ലാം സ്വകാര്യം) സീപ്ലെയിനുകളും ടോള്‍കൊള്ള നടത്തുന്ന റോഡുകളും മെട്രോയും മോണോ റെയിലുമെല്ലാമാണ് നമുക്ക്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സമരം ചെയ്തു നേടിയെടുത്ത പൊതുവഴി (പൊതുവായതെല്ലാം) ഇന്നു നമുക്കു നഷ്ടമായിരിക്കുന്നു. ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യ സുരക്ഷയും പൊതുവഴികളുമെല്ലാം മൂലധനസൗഹൃദ നയങ്ങള്‍ക്കു കീഴ്പ്പെടുന്നു.

എന്നാല്‍ കേരള വികസനമാതൃക പൂര്‍ണമായോ ഭാഗികമായോ എത്താത്ത ഒരു വലിയ സമൂഹം കേരളത്തിലുണ്ട്. പൂര്‍ണമായും എത്താത്തവര്‍ ആദിവാസികളാണ്. കേരള വികസന സൂചകങ്ങള്‍ (ശരാശരി ആയുസ്, ശിശുമരണ നിരക്ക്, പ്രസവത്തില്‍ മരിക്കുന്ന സ്ത്രീകളുടെ എണ്ണം, പോഷകാഹാരക്കുറവ്…) ഒന്നും ഈ വിഭാഗത്തിനു ബാധകമാകാത്തതെന്തുകൊണ്ട്? ഒപ്പം 20000ല്‍പരം കോളനികളിലായി (പത്ത്അഞ്ച് നാല് രണ്ട് മുക്കാല്‍സെന്‍റ്, റോഡ് തോട് പുറന്പോക്ക് കോളനികള്‍) കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നോളം ജീവിക്കുന്നു. ഇവരില്‍ വലിയൊരു പങ്കും പട്ടികജാതിക്കാരാണ്. പിന്നെ പിന്നാക്ക വിഭാഗക്കാരും. എന്നും മണ്ണില്‍ പണിയെടുത്തവര്‍. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്നു പാടി കര്‍ഷക സമരങ്ങളിലും പാര്‍ട്ടി ജാഥകളിലും പങ്കെടുത്തവര്‍. നെല്‍കൃഷി നാശത്തിനു കാരണം കൊയ്യാനാളില്ലാത്തതാണെന്ന് പറയുന്നവര്‍ ആ പറയുന്നതിന്‍റെ വൈരുദ്ധ്യം തിരിച്ചറിയുന്നില്ല (നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതായാല്‍ പിന്നെ കൊയ്യാനാളില്ലാതെ വരുന്നതെങ്ങനെ?)

ഭൂവുടമസ്ഥതയിലെ ഈ വൈരുദ്ധ്യം ഭൂവിനിയോഗത്തിലും കാണുന്നു. എല്ലാ ജീവ സസ്യജാലങ്ങള്‍ക്കും ആവശ്യമായ വായു, വെള്ളം, ഭക്ഷണം തുടങ്ങിയവയെല്ലാം നല്‍കുന്നത് ജൈവ ഭൂമിയാണെന്ന സത്യം മറന്നവരായി നാം മാറിയിരിക്കുന്നു. ഏറെക്കാലമായി മലയാളികളെ കളിയാക്കാന്‍ ഉപയോഗിച്ചിരുന്ന ശൈലിയുണ്ടല്ലോ, ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്തവരും ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരും എന്നത്. അതില്‍ തന്നെ ചോദ്യവും ഉത്തരവുമുണ്ട്. നാം ഉണ്ടാക്കുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും വില നിശ്ചയിക്കുന്നത് നമ്മളല്ല. പുറം കന്പോളമാണ്. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ വളര്‍ത്തിയെടുക്കുന്ന മനുഷ്യശേഷി നാം കയറ്റി അയക്കുകയും പകരം അത്രത്തോളം മനുഷ്യശേഷി ഒറീസയില്‍ നിന്നും ബംഗാളില്‍ നിന്നും ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. സാന്പത്തിക സ്വയംനിര്‍ണയാവകാശമില്ലാത്ത പരാശ്രിത സമൂഹമാണ് കേരളം. പുറത്തെ ഏതു തകര്‍ച്ചയും തളര്‍ച്ചയും കേരളത്തെ തളര്‍ത്തും, തകര്‍ക്കും. ഭൂമിയടക്കമുള്ള വിഭവങ്ങളുടെ പുനര്‍വിഭവവും ശരിയായ ഉപയോഗവും ഉറപ്പുവരുത്താനായില്ലെങ്കില്‍ ഒരു വികസന പദ്ധതിക്കും വിദേശ നിക്ഷേപത്തിനും കേരളത്തെ രക്ഷിക്കാനാവില്ല. വരട്ടുതത്വവാദങ്ങള്‍ (പലപ്പോഴും പ്രത്യയശാസ്ത്രപരമല്ലാതെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ വച്ച് നടത്തുന്നവ) ഒഴിവാക്കണം. ഇത് ഇടതുപക്ഷത്തിന്നു മാത്രമല്ല, വലതുപക്ഷത്തിന്നും ബാധകമാണെന്നര്‍ത്ഥം.

മൂലധനസൗഹൃദം, സ്വകാര്യമേഖല, പിപിപി, ബിഒടി മുതലായവ മാത്രമേ ഇനി വഴിയുള്ളൂ എന്നതാണ് വലതുപക്ഷ വരട്ടുതത്വവാദം. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ തകര്‍ന്നതുകൊണ്ട് സമത്വ സങ്കല്‍പം ഇല്ലാതായിട്ടില്ല. പരന്പരാഗത ഇടതുവലതുകള്‍ക്കപ്പുറം യഥാര്‍ത്ഥ ഇടതുപക്ഷം അഥവാ ജൈവപക്ഷം ഉണ്ടാകണമെന്നതാണ് ഈ ലേഖകന്‍റെ നിലപാട്. ജീവന്‍, സസ്യം, ജന്തു, മനുഷ്യന്‍, പ്രകൃതി, ഭാവി, സ്വാശ്രയത്വം, മത്സരാധിഷ്ഠിതമല്ലാത്ത (യഥാര്‍ത്ഥ) സാമൂഹ്യജീവിതം, ജനാധിപത്യം (കക്ഷിരാഷ്ട്രീയത്തിലും ഭരണത്തിലും മാത്രമല്ല വ്യക്തിസാമൂഹ്യ ബന്ധങ്ങളിലും) എന്നിങ്ങനെയുള്ളവ മുന്‍ഗണന നേടുന്ന ഒന്നാകണം കേരള വികസനത്തിന്‍റെ അടിത്തറ.

വികസനമെന്ന വാക്കിനെ കേവലാര്‍ത്ഥത്തില്‍ കാണാന്‍ (വളര്‍ച്ചാ സൂചകങ്ങളായി) ഇന്നാരും തയാറാകില്ല. ഒപ്പം ഉള്‍ക്കൊള്ളുന്ന സുസ്ഥിരതുടങ്ങിയ വാക്കുകള്‍ ചേര്‍ക്കാതെ വഴിയില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു മിക്കവര്‍ക്കും. പണത്തിന്‍റെ നിയമങ്ങള്‍ക്ക് പ്രകൃതിയും സമൂഹവും കീഴ്പ്പെടണമെന്ന നിക്ഷേപസൗഹൃദക്കാരെ മുതലാളിത്ത പക്ഷക്കാര്‍തന്നെ ക്രോണി മുതലാളിത്തമെന്നാണു വിളിക്കുന്നത്. ഇത് അഴിമതിയുമായി മാത്രം ബന്ധപ്പെട്ടതല്ല. കായലും നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തിയും കണ്ടലും ജൈവ വൈവിധ്യവും നശിപ്പിച്ചും നാടാകെ ഖനനം നടത്തി വന്‍ കുഴികള്‍ സൃഷ്ടിച്ചും വികസനം എത്രമുന്നോട്ടു പോകും? ജനങ്ങളെയാകെ കുടിയൊഴിപ്പിച്ച് നാമെത്ര വികസനം കൊണ്ടുവരും? അതാരുടെ വികസനം?

കൃഷിയൊന്നും ഇനി നടക്കില്ലെന്ന് പറയുന്നവര്‍, എന്തു ഭക്ഷിച്ചാണ് ജീവിക്കുകയെന്നു പറയണം. കേരളംപോലെ ആന്ധ്രയും തമിഴ്നാടും പാടം നികത്തി വികസനം സ്ഥാപിച്ചാലെന്തുണ്ടാകും? എന്നും ഗള്‍ഫില്‍ നിന്നും റബ്ബറില്‍ നിന്നും കിട്ടുന്ന അധിക സന്പത്തുകൊണ്ട് കേരളം നിലനില്‍ക്കില്ല. ഭക്ഷ്യകൃഷി കേരളത്തിന്‍റെ ഭാവിയാകണം. നമ്മുടെ നഗരഗാര്‍ഹിക മാലിന്യപ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ ഭക്ഷ്യകൃഷി പ്രത്യേകിച്ചും നെല്‍കൃഷി അനിവാര്യമാണ്. അതു സംരക്ഷിക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ട്. നെല്‍പാടങ്ങളും നീര്‍ത്തടങ്ങളും നെല്‍കൃഷിയും സംരക്ഷിച്ചാല്‍ ശുദ്ധജലം, ഭക്ഷണം, ആരോഗ്യം, സംസ്കാരം മുതലായ പലതും മെച്ചപ്പെടും. ലോകത്തെങ്ങും ഭക്ഷ്യധാന്യ കൃഷി വന്‍ സബ്സിഡി നല്‍കിയാണ് നിലനിര്‍ത്തുന്നത്.

കൃഷിചെയ്യാന്‍ നമുക്കെവിടെ ഭൂമി? പാവപ്പെട്ടവര്‍ക്ക് വീടുവെക്കാന്‍ തന്നെ ഭൂമിയെവിടെ എന്നീ ചോദ്യങ്ങളുയരാം. എന്നാല്‍ ഇതിനുള്ള മറുപടിയാണ് ചെങ്ങര സമരമുഖത്തു നിന്നും ഉയര്‍ന്നു വരുന്നത്. ഭൂപരിഷ്കരണകാലത്തെ രണ്ടുതെറ്റുകള്‍ (അഥവാ കുറവുകള്‍) തിരുത്തണമെന്നതാണ് ചെങ്ങര സമരത്തിന്‍റെ പ്രധാനാവശ്യങ്ങള്‍. ഭൂപരിധി നിയമത്തില്‍ നിന്നും എസ്റ്റേറ്റുകളെ ഒഴിവാക്കിയതാണ് ഒരു തെറ്റ്. വലിയ അളവില്‍ നിലനിന്നാലേ തോട്ടങ്ങള്‍ ലാഭകരമാകൂ എന്ന സമീപനം തെറ്റാണെന്ന് റബ്ബര്‍ കൃഷി തെളിയിക്കുന്നു. ഒപ്പം എന്‍ഡോസള്‍ഫാന്‍ തുടങ്ങിയ ദുരന്തങ്ങളും. ഈ എസ്റ്റേറ്റുകളില്‍ പലതും പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതും കരാറിനേക്കാള്‍ വളരെ കൂടുതല്‍ ഭൂമി കയ്യടക്കി വെച്ചിരിക്കുന്നതുമെല്ലാമാണ്. ഇവര്‍ നിയമം ലംഘിച്ച് കൈവശം വെച്ചിരിക്കുന്ന ഭൂമികള്‍ പിടിച്ചെടുക്കാന്‍ ഭൂരഹിതര്‍ക്ക് സഹായം നല്‍കിയാല്‍ മാത്രം നിരവധി പ്രതിസന്ധികള്‍ മറികടക്കാനാകും. യഥാര്‍ത്ഥത്തില്‍ മിച്ചഭൂമികളാണിവ. ഇതിനര്‍ഹര്‍ ഭൂരഹിത കര്‍ഷകരാണ് (ഇവരെ കര്‍ഷക തൊഴിലാളികള്‍ എന്നു വിളിച്ച് മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ച് ഉത്പാദനോപാദികളുടെ ഉടമസ്ഥതയില്ലാത്തവരാക്കി നാം. ഇവര്‍ക്കു കൃഷിഭൂമി (കുത്തകള്‍ക്കു നല്‍കിയപോലെ) പാട്ടവ്യവസ്ഥയില്‍ നല്‍കിയാല്‍ കേരളത്തിന്‍റെ മണ്ണും വെള്ളവും ആരോഗ്യവും രക്ഷപ്പെടും. പൂര്‍ണമായും രാസവിമുക്തമായ ഭക്ഷണം നമുക്കു ലഭിക്കും. അവര്‍ക്ക് സ്വാശ്രയത്വമുണ്ടാകും. കോളനിജീവിതം അവസാനിക്കും. ഇതൊന്നും ചര്‍ച്ചചെയ്യാന്‍ ഇടതുവലതു കക്ഷികള്‍ക്കു താല്‍പര്യമില്ല. ഭൂമിയെന്നാല്‍ വ്യാപാരച്ചരക്കാണ് എന്ന് ഇവരെല്ലാം വിശ്വസിക്കുന്നുവെന്നതാണ് കേരളത്തിന്‍റെ യഥാര്‍ത്ഥ പ്രതിസന്ധി. കേരളത്തിനപ്പുറത്തു കുട്ടികള്‍ പഠിക്കാന്‍ പോകുകവഴി വലിയൊരു തുക (ശരാശരി പ്രതിവര്‍ഷം 3050കോടിരൂപ) പുറത്തേക്കൊഴുകുന്നു എന്ന ന്യായം പറഞ്ഞാണ് നാടെങ്ങും കൂണുപോലെ സ്വാശ്രയ കോളജുകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കിയത്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ വേണ്ടി മാത്രം മലയാളി പ്രതിദിനം ഇതിലേറെ തുക പുറത്തേക്ക് നല്‍കുന്നുണ്ട്. അതായത് വര്‍ഷത്തില്‍ ഒരു ദിവസത്തേക്കുള്ള ഭക്ഷണം പുറത്തുപോയി വാങ്ങാതെ കേരളത്തിലുണ്ടാക്കാനായാല്‍ ഈ തുക നമുക്കു മിച്ചം വെക്കാനാവും. ചുരുക്കത്തില്‍ ബാഹ്യകന്പോളത്തിനെയല്ല, സ്വന്തം ശേഷിയും ആവശ്യങ്ങളും പരിഗണിക്കുന്ന സമീപനമാണ് നമുക്കാവശ്യം.

മെട്രോ എന്നത് ഒരു അഭിമാനമായേക്കാം. പക്ഷേ, കൊച്ചിയിലെ ഗതാഗത പ്രശ്നത്തിന് ഒരു പരിഹാരമല്ല. മറിച്ച് വന്‍ സാന്പത്തിക ബാധ്യതയാണ്. ഇതുപോലെ തന്നെ മൂലധനവികസനത്തിന്‍റെ കാര്യസ്ഥനെന്നു കീര്‍ത്തികേട്ട ഒരു പഴയ ബ്യൂറോക്രാറ്റ് ലക്ഷക്കണക്കിനു രൂപ പ്രതിമാസം പൊട്ടിച്ചുകൊണ്ട് കേരളത്തെ അതിവേഗ റെയില്‍ കേറിഡോര്‍ ആക്കാന്‍ ഇറങ്ങിയിരിക്കുന്നു. കേരളത്തിന്‍റെ അടിസ്ഥാന ധാരണകളെ പരിഹസിക്കുന്ന വില്‍പനയും അഴിമതിയും മുഖമുദ്രയാക്കിയ ചിലരാണ് ഏതു ഭരണകാലത്തും വികസനത്തിനെ നിയന്ത്രിക്കുന്നത്. വിമാനത്താവളമായാലും കരിമണല്‍ ഖനനമായാലും കൊക്കകോളയായാലും കണ്ടല്‍കാടുകളായാലും… ഇവരുടെ വികസന സങ്കല്‍പം അപകടകരമാണ്.

ചുരുക്കത്തില്‍ അന്യസംസ്ഥാനങ്ങളുടെ മുന്നേറ്റമല്ല, മറിച്ച് സ്വന്തം ഗാര്‍ഹിക മാലിന്യങ്ങള്‍ പോലും സംസ്കരിക്കാന്‍ കഴിയാത്ത വിവരക്കേടാണ് ഭാവികേരളത്തെ വേട്ടയാടുന്നത്.

സി ആര്‍ നീലകണ്ഠന്‍

You must be logged in to post a comment Login